ചെങ്ങന്നൂരും മിസോറമും നൽകുന്ന സൂചനകൾ

— ബിനോയ് അശോകൻ —

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ സജി ചെറിയാന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ടുള്ള ഗീവർഗീസ് മാർ കൂറിലോസ് എന്ന യാക്കോബായ സഭ മെത്രപൊലീത്തയുടെ പോസ്റ്റിലെ ഒരു വരി ഇങ്ങനെയാണ്: “വർഗീയതക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാർന്ന വിജയം”

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഒരിക്കൽ വായിച്ച് വിട്ടതായിരുന്നു ഈ പോസ്റ്റ്. സാധാരണ ഒരു പോസ്റ്റ് എന്നതിൽ കവിഞ്ഞൊന്നും തോന്നിയിരുന്നില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ മിസോറാമിൽ അത് ക്രിസ്ത്യൻ സ്റ്റേറ്റ് ആണെന്നും പറഞ്ഞ് ക്രിസ്ത്യൻ സംഘടനകൾ കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന വാർത്തകൾ വായിച്ചപ്പോഴാണ് ഈ പോസ്റ്റ് ഒരു നിഷ്കളങ്കമായ ഒന്നല്ല എന്ന തോന്നൽ ഉണ്ടായത്.

ഇനി കൂറിലോസ് തിരുമേനിയുടെ (തിരുമേനി എന്ന് തന്നെയിനി അഭിസംബോധന ചെയ്യരുതെന്ന് പ്രസ്താവിച്ചിട്ടുള്ള പുരോഗനവാദിയാണ് അദ്ദേഹമെങ്കിലും) മേൽപറഞ്ഞ വാചകം ഒന്ന് പരിശോധിക്കാം.

“ജനാധിപത്യത്തിന്റെ തിളക്കമാർന്ന വിജയം” – ഇതിൽ അസ്വാഭാവികതയൊന്നുമില്ല.
“വർഗ്ഗീയതയാണ് തോറ്റത്” – ഇതിൽ ആണ് വ്യക്തത വേണ്ടത്.

ചെങ്ങന്നൂരിൽ തോറ്റത് യുഡിഎഫിന്റെ ഡി.വിജയകുമാർ ആണ്. ഈ ഇപ്പ്രാവശ്യത്തേതിന് തൊട്ടു മുൻപത്തെ തിരഞ്ഞെടുപ്പിൽ ഒഴിച്ച് അതിന് മുൻപെല്ലാം യുഡിഎഫിന്റെ ഒപ്പം നിന്നിട്ടുള്ള യുഡിഎഫ് ശക്തികേന്ദ്രമായാണ് ചെങ്ങന്നൂർ അറിയപ്പെടുന്നത്. കോൺഗ്രസിന്റെ പിസി വിഷ്ണുനാഥിനെ തോൽപിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് വെള്ളാപ്പിള്ളി നടേശൻ നാണം കേട്ടത് ചെങ്ങന്നൂർ ആണ്.

ഇത്തവണയും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെയായിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാൾ വോട്ട് കുറഞ്ഞ് പതിവ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബിജെപി.

ഈ ഒരു സാഹചര്യത്തിൽ വർഗീയതയാണ് തോറ്റത് എന്ന് ഒരു ക്രിസ്ത്യൻ പുരോഹിതൻ ആഹ്ലാദിക്കുമ്പോൾ അതിനർത്ഥം യുഡിഎഫിന്റെ ഡി.വിജയകുമാർ വർഗീയതയെയായിരിക്കുന്നു പ്രതിനിധാനം ചെയ്തത് എന്നല്ലേ.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കേട്ടിരുന്നത് എൽഡിഎഫ് വിജയകുമാറിനെതിരെ നെഗറ്റീവ് ആയി പ്രചരിപ്പിച്ചുന്ന ഒരു കാര്യം (ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങളിൽ ആയിരിക്കണം) അദ്ദേഹം അയ്യപ്പസേവാ സംഘത്തിൽ ഒക്കെ പ്രവർത്തിച്ചിരുന്ന ആളായിരുന്നു എന്നാണ്! അത് തന്നെയായിരുന്നോ ഈ വരികൾ എഴുതുമ്പോൾ കൂറിലോസ് തിരുമേനിയുടെ മനസിലും? ഈ ഒരു അയ്യപ്പസേവാ സംഘത്തിന്റെ കാര്യമൊഴിച്ച് വിജയകുമാറിനെ വർഗീയ വാദി എന്ന് വിളിക്കാൻ വേറെ എന്തെങ്കിലും കാരണം ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അറിയുന്നവർ പറഞ്ഞു തരണം.

അപ്പോൾ ഇതിൽ നിന്ന് മനസിലാക്കേണ്ടത് അയ്യപ്പസേവാ സംഘത്തിൽ പ്രവർത്തിച്ചാൽ മാത്രം മതി ഒരാൾ വർഗീയവാദി എന്ന പട്ടത്തിന് അർഹനാവാൻ എന്നാണോ? അയ്യപ്പസ്വാമിയുടെ വ്രതം നോറ്റ് വർഷാവർഷം ശബരിമലക്ക് പോകുന്നവർ എല്ലാം വർഗീയവാദികൾ ആണോ? എങ്കിൽ പിന്നെ വളച്ച് കെട്ടില്ലാതെ തെളിയിച്ച് പറയണം അച്ചോ ഹിന്ദുക്കളെ മൊത്തത്തിൽ ആണ് വർഗീയ വാദികൾ എന്ന് വിളിച്ചതെന്ന്. സജി ചെറിയാൻ എന്ന ക്രിസ്ത്യാനിക്കെതിരെ മത്സരിച്ച രണ്ട് ഹിന്ദുക്കൾ തോറ്റപ്പോൾ വർഗീയതയുടെ പരാജയം എന്ന് പറഞ്ഞതിന്റെ അർത്ഥം അത് തന്നെയല്ലേ അച്ചോ?

ഈ അടുത്ത കാലത്തായി മതേതരത്വം എന്ന വാക്ക് വഴിപിഴച്ചപ്പോൾ ഇന്ത്യൻ കോണ്ടെക്സ്റ്റിൽ അതിന്റെ അർത്ഥം മതേതരത്വം = മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ , വർഗീയത = ഹിന്ദു ഭൂരിപക്ഷം എന്നായി മാറിയിട്ടുണ്ട്. അതിനെ അടിവരയിടുന്നതാണ് കൂറിലോസ് അച്ഛന്റെ ഈ തിരുമൊഴി.

69 ശതമാനം ഹിന്ദുക്കൾ ഉള്ള മണ്ഡലത്തിൽ അവർ മതം നോക്കാതെ പാർട്ടി നോക്കി വോട്ട് ചെയ്തപ്പോൾ 27 ശതമാനം വരുന്ന ക്രിസ്ത്യാനികൾ മതം നോക്കി വോട്ട് ചെയ്തതിനാണോ അച്ചോ ഇത്രയും ഡെക്കറേഷൻ.

നെറ്റിയിൽ കുറി വരച്ച് ഇറങ്ങിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെന്ന് കോൺഗ്രസിനെ തലമുതിർന്ന നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതും ഇതിനോട് കൂട്ടിവായിക്കണം.

ഇവിടെ വർഗീയത തോറ്റു എന്ന് വിളിച്ച് കൂവുന്നത് ഒരു സെകുലർ വ്യക്തിത്വമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മറിച്ച് ക്രിസ്ത്യൻ എന്ന ഒരു മതത്തിനെ മാത്രം പ്രതിനിധാനം ചെയ്യുന്ന ആ മതത്തിലെ ഔദ്യോഗിക ചുമതല വഹിക്കുന്ന ഒരു പുരോഹിതനാണ്.

ക്രിസ്ത്യൻ മത പുരോഹിതന്മാർ അല്ലെങ്കിൽ ക്രിസ്ത്യൻ സഭകൾ മറയില്ലാതെ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയതിന്റെ ഉദാഹരണങ്ങൾ നാൾക്കുനാൾ വർദ്ധിച്ച് വരുന്നുണ്ട്. ചെങ്ങന്നൂർ മോഡലിന്റെ ആദ്യ പരീക്ഷണം കണ്ട ആറന്മുളയിൽ, സഭയുടെ മകൾ എന്ന് പോലും വിളിക്കപ്പെട്ട വീണ ജോർജ് ഇടത് പിന്തുണയിൽ മത്സരിച്ച് വിജയിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടുന്ന ഒരു ളോഹയിട്ട കത്തനാരുടെ പ്രകടനം ഇന്നും കേരളത്തിലെ മതേതരവാദികളുടെ മനസിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.

കേരളത്തിലെ തിരഞ്ഞെടുപ്പ് സമയത്തെ ഇടയലേഖനങ്ങൾ മലയാളികൾക്ക് ഒരു പുതുമയല്ല. പക്ഷെ ദേശീയ തലത്തിലും അത് കാണാൻ തുടങ്ങിയിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അവിടുത്തെ ചർച്ച് ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ മാസം ഡൽഹിയിലെ ഒരു ബിഷപ്പ് ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ പറഞ്ഞുള്ള ഇടയലേഖനം ഇറക്കിയതും ചർച്ചയായിരുന്നു.

ഇതിനെയെല്ലാം മതേതരത്വം എന്ന പേരിൽ ആണ് അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ അശ്ലീലം.

ഇതിന്റെ ഏറ്റവും ദുഷിച്ചതും മാരകവുമായ രൂപമാണ് ഇപ്പോൾ മിസോറാമിൽ കാണുന്നത്. ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് അവിടുത്തെ ഗവർണറെ വരെ അവർ തീരുമാനിക്കുമെന്ന മനോഹരമായ മതേതരത്വം. ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് അതിനെയൊരു ക്രിസ്ത്യൻ സ്റ്റേറ്റ് ആയി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു അവർ.

കേരളത്തെ ഇതേപോലുള്ള മറ്റൊരു മിസോറാം ആക്കാനുള്ള പ്രോജെക്ടിലെ ആണിക്കല്ലായിരുന്നു എൺപതുകളുടെ തുടക്കത്തിൽ നിലക്കലിൽ വച്ച് കുമ്മനം രാജേശ്വരന്റെ നേതൃത്വത്തിൽ പറിച്ചെറിയപ്പെട്ടതെന്ന് വേണം ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലൂടെ മനസിലാക്കാൻ. കുമ്മനം കേരളത്തിലെ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ അന്ന് മുതൽ തുടങ്ങിയ ഹേറ്റ് ക്യാമ്പയ്‌ൻ യാദൃശ്ചികമോ താമശയോ ആയിരുന്നില്ല എന്ന് ഇപ്പോൾ മനസ്സിലാവുന്നു. മിസോറാം ഗവർണറായി ചുമതലയേറ്റ അന്ന് മുതൽ കേരളത്തിൽ മനോരമയുടെയും, മിസോറാമിൽ ക്രിസ്ത്യൻ സംഘടനകളുടെയും നേത്രത്വത്തിൽ വർദ്ധിച്ച തീവ്രതയോടെ ആ ഹേറ്റ് ക്യാമ്പയ്‌ൻ മുന്നോട്ട് പോകുന്നതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

മതേതരത്വം അഥവാ സെക്കുലറിസം എന്ന പ്രസ്ഥാനം യൂറോപ്പിൽ ഉദയം ചെയ്‌തത്‌ തന്നെ ഗവർമെന്റിന്റെ മേൽ ഉള്ള ചർച്ചിന്റെ നീരാളിപ്പിടുത്തം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യയിൽ പക്ഷെ ആ വാക്കിനെ ദുരുപയോഗം ചെയ്ത് ദുരുപയോഗം ചെയ്ത് മതേതരത്വം എന്നത് ചർച്ചിന് ഭരണത്തിൽ ഇടപെടാൻ ഉള്ള കുറുക്ക് വഴിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്‍ചയാണ് ഇപ്പോൾ കാണുന്നത്.