ഓടി ഓടി മലയാളി മനസ്സുകളിലേക്ക് … – ആദിയും പ്രണവും

 
വില്ലനെ ഇടിച്ചു പറപ്പിക്കുന്ന കനത്ത സംഘട്ടന രംഗങ്ങൾ ഇല്ല.
ഷർട്ട് ചുളിയാതെ 15 പേരെ ഒറ്റക്ക് അടിച്ചു നിരപ്പാക്കുന്ന ഹീറോയിസം ഇല്ല.
പക്ഷെ മലയാളം സിനിമ ഇത് വരെ കാണാത്ത നായകന്റെ ഡെഡിക്കേറ്റഡ് സംഘട്ടന രംഗങ്ങൾ തീർച്ചയായും ഉണ്ട്..

തീയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകൾ ഇല്ല.
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന നായകൻ അല്ല.
പക്ഷെ നായകന്റെ ചലനങ്ങൾ, മുഖത്തെ പേടിയുടെ ഭാവങ്ങൾ ആണ് സംവദിക്കുന്നത്, ഡയലോഗ് അല്ല ..
നായികയുടെ പിന്നാലെ പാട്ടുകൾ പാടി നടക്കുന്ന റൊമാന്റിക് നായകൻ അല്ല.
നായികയെ പ്രണയിച്ചു വീഴ്‌ത്തുന്ന സൗന്ദര്യവും ഇല്ല, മേക്കപ്പ് ഇല്ല.
കടഞ്ഞെടുത്ത സൽമാൻ ഖാൻ  ബോഡിയും ഇല്ല..
പക്ഷെ പടം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന നിങ്ങളുടെ അടുത്ത വീട്ടിലെ പയ്യൻ ഉണ്ടാവും. …
പുതിയ ട്രെൻഡ് സൃഷിടിക്കാൻ പോന്ന വേഷവിധാനം ഇല്ല, ന്യൂ ജെൻ ഫ്രീക്കൻ ലൂക്ക് ഒട്ടും ഇല്ല..
പക്ഷെ സിനിമയിലെ രംഗങ്ങൾക്ക് ചേർന്ന വിയർത്തൊട്ടിയ നിറം മങ്ങിയ ടി ഷർട്ടും അതിനൊത്ത രൂപവും ആണ് ഏതാണ്ട് 80% സമയവും.
 
മോഹൻലാലിൻറെ മകന്റെ സിനിമ കാത്തിരുന്ന് കാണാൻ പോയ ചിലർക്ക് നിരാശ ഉണ്ടാവാൻ സാധ്യത ഉണ്ട്. കാരണം മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ മകനെ മെഗാസ്റ്റാറിനെ പോലെ തന്നെ കാണാൻ ആഗ്രഹിക്കുന്ന ഫാൻസിനെ ചിത്രം നിരാശപ്പെടുത്തും, പക്ഷെ സിനിമയെ ഇഷ്ടപ്പെടുന്ന മലയാളിക്ക് , നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്ന മലയാളിക്ക് പ്രണവ് മോഹൻലാലിൻറെ ആദി എന്ന ചിത്രം ഒരു മാറ്റത്തിന്റെ തുടക്കം ആവും.

ഒട്ടും തന്നെ പ്രതീക്ഷിക്കാതെ ഒരു അപകടത്തിൽ പെടുന്ന ഒരു 20 വയസ്സുകാരൻ കാണിക്കുന്ന വെപ്രാളവും പരാക്രമവും ആണ് സിനിമയിൽ പ്രണവ് ഗംഭീരമായി അഭിനയിച്ചു തീർത്തത്. കനത്ത സ്റ്റണ്ട് രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിലും, അതെല്ലാം സംഭവിക്കുന്നത് നായകനായ പ്രണവ് രക്ഷപെടാൻ വേണ്ടി നടത്തുന്ന ഓട്ടത്തിനിടയിൽ തന്നെ ആണ്. ഒരിക്കലും വില്ലനെ തോൽപ്പിക്കാൻ അല്ല സംഘട്ടനം ഉണ്ടാവുന്നത്, വില്ലന്റെയും വില്ലന്റെ ആളുകളുടെയും കയ്യിൽ നിന്നും ഏതു വിധേനയും രക്ഷപെടാൻ വേണ്ടി ഉടലെടുത്ത സംഘട്ടന രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത് എങ്കിലും മലയാള സിനിമ കാണാത്ത തരത്തിൽ ഉള്ള നായകന്റെ ആക്ഷൻ സീക്വൻസ് ആണ് സിനിമയിൽ ഉള്ളത്. അസാമാന്യ മെയ്വഴക്കത്തിൽ ആണ് പ്രണവ് അതെല്ലാം ചെയ്തിരിക്കുന്നത്. ഒരിക്കൽ പോലും വില്ലന്റെ ആളുകളുടെ അടുത്ത് ഒരു അപ്പർഹാൻഡ്‌ ഉണ്ടാക്കാൻ നായകനും സംവിധായകനും ശ്രമിച്ചിട്ടും ഇല്ല.. സിനിമയുടെ അവസാനം ഉള്ള മേക്കിങ് കണ്ടാൽ അത് മനസിലാവും.. ആക്ഷൻ രംഗങ്ങളിൽ പുതിയ ഒരു നോർമൽസി , അല്ലെങ്കിൽ പുതിയ കാലഘട്ടത്തിന്റെ വളരെ വേണ്ട ഒരു ബെഞ്ച് മാർക്ക് മലയാളം സിനിമയിൽ പ്രണവ് മോഹൻലാൽ സെറ്റ് ചെയ്തു കഴിഞ്ഞു. ഇനി ഡയലോഗിന്റെ അവസാനം ആളുകളെ ഇടിച്ചു പറപ്പിക്കുന്ന നായകനെ വരച്ചു വെക്കുമ്പോൾ സിനിമ എടുക്കുന്നവർ ഒന്നൂടെ ചിന്തിക്കും. മലയാളത്തിലെ യുവാക്കളായ നായകന്മാർക്ക് കുറച്ചു കൂടി അധ്വാനിക്കേണ്ടതുണ്ട് എന്ന് പ്രണവ് ഓർമ്മപ്പെടുത്തുന്നു. . ആ ഡെഡിക്കേഷൻ സിനിമ ജീവിതത്തിൽ ഉടനീളം സൂക്ഷിക്കാൻ സാധിച്ചാൽ പ്രണവ് മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കും..
 
സിനിമക്ക് മുൻപേ പ്രണവിന്റെ വിശേഷങ്ങൾ മലയാളിക്ക് അറിയാം. അധികം ആരോടും സംസാരിക്കാത്ത, ജടയും മുടിയും നീട്ടി ഹിമാലയത്തിൽ യാത്ര ചെയ്തു വരുന്ന , വീട്ടിലെ ജോലിക്കാരിയുടെ മകനെ ജംഗിൾ ബുക്ക് സിനിമ കാണിക്കാൻ ഹീറോ ഹോണ്ട ബൈക്കിൽ എറണാകുളത്തെ തീയേറ്ററിൽ ആരും കാണാതെ വരുന്ന പ്രണവ് മോഹൻലാൽ. ആ ഒരു ഇമേജ് തന്നെ സംവിധായകൻ ജീത്തു ജോസഫ് സിനിമയിലെ ആദി എന്ന കഥാപാത്രത്തിനും നൽകിയിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ഇഷ്ടപ്പെടുന്ന , അച്ഛനോട് നോ പറയാൻ സാധിക്കാത്ത, ബഹളം വെക്കാത്ത ശാന്തനായ ഒരു മകൻ. മലയാളിയുടെ മനസ്സിൽ പതിഞ്ഞ ആ ഇമേജ് ബ്രെക്ക് ചെയ്യാതെ തന്നെ ഒരു സിനിമ എടുത്തപ്പോൾ അതിൽ ഒരു റിയാലിറ്റി ടച്ച് കൊടുക്കാൻ സംവിധായകന് കഴിഞ്ഞു. മലയാളിക്ക് അത് പെരുത്ത് ബോധിച്ചു എന്ന് സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ പറയുന്നു.
 
പ്രണവ് മോഹൻലാലിലെ ഗായകന് ഒരു പക്ഷെ സിനിമയേക്കാൾ ദൂരം പോകാനുണ്ട് എന്ന് തോന്നുന്നു. “ജിപ്സി “എന്ന ഗാനം പ്രണവ് ആലപിച്ചിരിക്കുന്നത് അതി മനോഹരമായി തന്നെ ആണ്.. സിനിമയിൽ പാട്ടു വരുന്നത് സ്റ്റേജ് പെർഫോമൻസിൽ ആയതു കൊണ്ടും ആ പാട്ടു പാടിയത് പ്രണവ് ആയതു കൊണ്ടും അസാധ്യ സിങ്ക് ആയിരുന്നു എന്ന് പറയാതെ വയ്യ.. എന്നാൽ അതിലെ വരികളും പ്രണവിന്റെ തന്നെയാണ് എന്നറിഞ്ഞപ്പോൾ ഒന്നു ഞെട്ടി.. ഹെഡ് ബാംഗ് ഒന്നും ചെയ്യാതെ ചാടി തുള്ളി സ്റ്റേജിൽ മലക്കം മറിയാതെ ഇംഗ്ലീഷ് പാട്ടൊക്കെ മലയാള സിനിമയിൽ കേൾക്കുന്നത് ഒരു സുഖം അല്ലെ.. പ്രണവിലെ പാട്ടുകാരനെ മലയാള സിനിമ കൂടുതൽ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു..
 
ഈ സിനിമ ഒരു വ്യത്യസ്ത സിനിമ ഒന്നുമല്ല എന്നും വീണ്ടും പറയട്ടെ… ഒരു ശരാശരി ക്രൈം ത്രില്ലർ, അത്ര മാത്രം. ജീത്തു ജോസഫിന്റെ ദൃശ്യവും മെമ്മറീസും ഒന്നും വച്ച് നോക്കിയാൽ ഏഴയലത്തു എത്തില്ല… പക്ഷെ ഭയത്തോടെ ഓടിക്കൊണ്ടിരിക്കുന്ന നായകന്റെ കൂടെ പ്രേക്ഷകരെയും, ആ ഭയം കൊണ്ട് ഉണ്ടാകുന്ന നായകനോടുള്ള സഹതാപത്തിൽ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചു നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..അത് മാത്രമാണ് സിനിമ വിജയിക്കുകയാണ് എങ്കിൽ അതിന്റെ വിന്നിങ് എലമെന്റ്. ഇത് ഒരു സാധാരണയിൽ സാധാരണ സിനിമ മാത്രമാണ്. ഈ സിനിമയിൽ ആകെ പറയാനായി ഉള്ളത് പ്രണവ് മോഹൻലാൽ മാത്രവും. പക്ഷെ ഈ സാധാരണ സിനിമ വിജയിച്ചാൽ അത് സാധാരണ മലയാളം സിനിമയുടെ എസൻഷ്യൽ ചേരുവകൾ ഇല്ലാതെ വിജയിക്കുന്ന മറ്റൊരു സിനിമ കൂടി ആവും എന്നതിൽ സംശയം ഇല്ല.. മലയാളത്തിന് ഒരു സ്റ്റാറിനെ അല്ലെങ്കിൽ മെഗാസ്റ്റാറിന്റെ പുത്രനെ അല്ല, സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്ന ഒരു റിയലിസ്റ്റിക് നടനെ കിട്ടിക്കഴിഞ്ഞു. ഇനി അടുത്ത പടത്തിൽ സ്‌പൈഡർമാൻ ആയി അഭിനയിക്കാൻ ഓഫർ വന്നാൽ അത് മാറ്റി വച്ച് തനിക്ക് ചെയ്യാൻ കഴിയുന്ന സാധാരണ സിനിമ നല്ല രീതിയിൽ അഭിനയിച്ചാൽ പ്രണവ് മോഹൻലാൽ ഇവിടെ ഒരുപാടു നാൾ നില്ക്കാൻ തന്നെയാണ് വന്നിട്ടുള്ളത് ..