ഭാരതസ്ത്രീ തൻ ഭാവശുദ്ധി – കനൽ വഴികൾ

— കൃഷ്ണപ്രിയ —

പുരുഷകേന്ദ്രീകൃത ലോകത്ത് അടിച്ചമർത്തപ്പെട്ടവളായി നൂറ്റാണ്ടുകളോളം കഴിയേണ്ടി വന്ന ഹതഭാഗ്യയായി ഭാരതാംബയുടെ പെണ്മക്കളെ ചിത്രീകരിക്കുവാൻ ആധുനിക സംസ്കാരം മത്സരിക്കുന്ന കാഴ്ച്ചയാണ് ഇന്ന്  നാം കാണുന്നത്. ദേവദാസി സമ്പ്രദായത്തിലൂടെ  സ്ത്രീകളിൽ ലൈംഗിക അരാജകത്വം ആരോപിക്കപ്പെട്ടു. അതെ സമയം  പാതിവൃത്യം കാത്തു സൂക്ഷിക്കാൻ ആത്മഹത്യ ചെയ്തവൾ എന്ന പരിഹാസവും ചൊരിഞ്ഞു. വിമർശനങ്ങൾ വിരോധാഭാസമാകുന്നതു വിമർശിക്കാൻ വേണ്ടി വിഷയങ്ങളെ തിരയുമ്പോൾ ആണ്. സംസ്കൃതി നേരിടേണ്ടി വന്ന വിമർശന വഴികളിലൂടെ ഒരു യാത്ര 

സതി:

 ഹൈന്ദവ സമൂഹത്തെ പ്രാകൃതമെന്നു മുദ്ര കുത്താൻ കാരണമായതും ഭാരതീയ സംസ്കൃതിയിൽ കയറിക്കൂടിയ ദുരാചാരങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നതും സതി ആണെന്നുള്ളതിൽ സംശയമൊന്നുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിലും ഭർത്താക്കന്മാരെ അനുഗമിക്കുന്ന ഭാര്യമാരുണ്ടായിരുന്നുവെങ്കിലും ഭാരതത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ ഈ അനാചാരം ക്രമാതീതമായി വളർന്നു. നിർബന്ധമായി സ്ത്രീകളെ ചിതയിലേക്ക് തള്ളി വിടുന്ന സ്ഥിതി വിശേഷമുണ്ടായതിനെ തുടർന്ന് സതി നിരോധിക്കപ്പെട്ടു. എങ്കിലും സതിയെ ഭാരതീയ സംസ്കൃതിക്ക് നേരെയുള്ള ആയുധമായി ഇന്നും യഥേഷ്ടം ഉപയോഗിച്ച് പോരുന്നു.


11536827_723485514446530_2118625412_n

 

 

OLYMPUS DIGITAL CAMERA

 

പൗരാണിക ഗ്രന്ഥങ്ങളിൽ  

ഭാരതത്തിൽ സതിയുടെ ചരിത്രം അങ്ങേയറ്റം ദുരൂഹമാണ്. ഇന്ന് നാമറിയുന്ന രൂപത്തിൽ അനുഷ്ടിക്കപ്പെട്ടിരുന്നതിന് കൃത്യമായൊരു തെളിവ് സതിക്കില്ല എന്നതാണ് സത്യം. മനുസ്മൃതി പ്രകാരം സതി എന്ന വാക്കിന് പരിശുദ്ധ എന്നർത്ഥമേ ഉള്ളൂ . പിന്നീടെപ്പോഴാണ് വാക്കിന്റെ അർഥം മാറി സതി ഒരാചാരത്തിന്റെ രൂപമെടുത്തത് ? 

വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ , ആരണ്യകങ്ങളിലോ , ധർമ്മ ശാസ്ത്രങ്ങളിലോ സതിയെക്കുറിച്ച് സൂചനയില്ല. എന്നാൽ ഭർത്തൃ മരണത്തിൽ ദുഖിതയായി അയാളുടെ ശരീരത്തിന് സമീപം കിടക്കുന്ന ഭാര്യയെ എഴുന്നെല്പ്പിക്കുന്ന വരികൾ ഋഗ്വേദത്തിൽ (10.18.8) കാണാം . ഈ വരികളെ ഉദ്ധരിച്ചാണ് ശ്രീ.സാക്കിര് നായിക്കിനെ പോലുള്ളവർ (അഗ്രേ എന്ന പദത്തെ അഗ്നെ എന്ന് തിരുത്തി) വേദങ്ങളിൽ സതി നിലവിലുണ്ട് എന്ന് വരുത്തി തീർക്കുന്നത്. നിർബന്ധമായിട്ടല്ലെങ്കിലും ഭർത്താവിനോടൊപ്പം മരിക്കുന്ന സ്ത്രീക്ക് സ്വർഗം ലഭിക്കും എന്നൊരു പരാമർശം വിഷ്ണു , പരാശര സ്മൃതികളിൽ കാണാം. ഭാരതീയ ഗ്രന്ഥങ്ങളിൽ സതിക്കുള്ള നിർണ്ണായക തെളിവ് ഇത് മാത്രമാണ്. പരാശരസ്മൃതിയിൽ തൊട്ടു മുന്പിലുള്ള ശ്ലോകങ്ങൾ വിധവാ വിവാഹം സാധൂകരിക്കുന്നതാണ് എന്നത് ഈ ശ്ലോകങ്ങൾ പ്രക്ഷിപ്തമാണോ എന്ന  സംശയം ജനിപ്പിക്കുന്നുമുണ്ട്.

സതിയുടെ ഉത്ഭവമായി രണ്ടു സംഭവങ്ങളാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദക്ഷപുത്രിയായ സതിയുടെ ദേഹത്യാഗവും സീതയുടെ അഗ്നി പ്രവേശവും. എന്നാൽ  ഭർത്താക്കന്മാർ ജീവിച്ചിരിക്കെ ആണ് ഈ രണ്ടു സംഭവങ്ങളിലും ഭാര്യമാർ അഗ്നി പ്രവേശം നടത്തുന്നത്. അതുകൊണ്ട് സതി ഇവിടെ മുതൽ തുടങ്ങുന്നു എന്ന് പറയാൻ സാധ്യമല്ല. സ്ത്രീകള് അഗ്നിയിൽ ദേഹത്യാഗം ചെയ്തു എന്നത് കൊണ്ട് മാത്രം അത് സതിയാകുന്നില്ല. സീതയുടെ പൂർവ ജന്മമെന്നു കരുതുന്ന വേദവതിയും അഗ്നിയിൽ ദേഹത്യാഗം ചെയ്തവരിൽ പെടും. അവിടെയും കൂടി സതിയുടെ വിത്തുകൾ തിരുകാൻ ചരിത്രകാരന്മാർ മറന്നു പോയതാകും എന്ന് തോന്നുന്നു. സതിയുടെ തുടക്കം എവിടെ നിന്ന് എന്നതിന് വ്യക്തമായൊരു സൂചനയും ഭാരതീയ ചരിത്രരേഖകളിൽ ഇല്ല എന്നതാണ് സത്യം .

ഇനി പൌരാണിക കാലത്ത് സതിയനുഷ്ടിച്ചതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത് മഹാഭാരതത്തിൽ മാദ്രിയുടെയും  ( ആദി പർവ്വം) വസുദേവന്റെയും  കൃഷ്ണന്റെയും ഭാര്യമാരുടെയും   (മുസല പർവ്വം)  ചിതാ പ്രവേശമാണ്. പാണ്ഡുവിന്റെ മരണം കൊണ്ടുണ്ടായ കുറ്റബോധമാണ് മാദ്രിയെ അദ്ദേഹത്തിന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പികുന്നത്. ആചാരമല്ല, മറിച്ച് ആഘാതമാണ് 5 ഭാര്യമാരെ കൃഷ്ണന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പിക്കുന്നത്.കൃഷ്ണന്റെ മരണ ശേഷം ദേഹമുപെക്ഷിച്ചവരിൽ വസുദേവനും ബലരാമനും കൂടി ഉൾപ്പെടും. അങ്ങനെയെങ്കിൽ അതും സതിയുടെ കണക്കിൽപ്പെടുത്തേണ്ടി വരും. കൃഷ്ണന്റെ മറ്റു ഭാര്യമാർ വനത്തിലേക്ക് പോയി എന്നും ഭാരതം. ഇതൊരു ആചാരമെങ്കിൽ അവരും സതിയനുഷ്ടിക്കെണ്ടതല്ലേ.?  

മഹാഭാരതത്തിലെ സതിയെന്നു മുദ്രകുത്തപ്പെടുന്ന രണ്ടു മരണങ്ങളും വികാരപരമായ സമീപനങ്ങളുടെ ബാക്കിപത്രങ്ങളായെ കണക്കാക്കാനാകൂ. എന്നാൽ അത്യന്തം ഹീനമായ ഒരു ദുരാചാരത്തെ സാധൂകരിക്കാൻ പിന്‍ക്കാലത്ത് ഈ സംഭവങ്ങൾ ദൃഷ്ടാന്തമായി എന്നത് ഹൈന്ദവ സംസ്കൃതിയുടെ തീർത്താൽ തീരാത്ത ദൗർഭാഗ്യമാണ്‌.

അധികമാരും പറഞ്ഞു കേൾക്കാത്ത, വളരെ ശ്രദ്ധിക്ക്യേണ്ട മറ്റൊരു ചരിത്ര സത്യമുണ്ട്. സാമൂഹ്യ പരിഷ്കർത്താക്കളായ ഗുരുക്കന്മാരിൽപ്പെടുന്ന ബുദ്ധനോ മഹാവീരനൊ ആദിശങ്കരനോ തുടങ്ങി ആരും തന്നെ സതിയെക്കുറിച്ച് പരാമർശിക്കുകയോ ഈ അനാചാരത്തിനെതിരെ ശബ്ദമുയർത്തുകയോ ചെയ്യുന്നില്ല എന്നതാണത്. മൃഗബലിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ബുദ്ധനും മഹാവീരനും സ്ത്രീകളെ ചുട്ടുകരിക്കുന്നത് കണ്ട് മിണ്ടാതിരുന്നു എന്നത് വിശ്വാസയോഗ്യമാണോ? ഇതിനർത്ഥം ആ കാലഘട്ടങ്ങളിൽ സതിയെന്ന ആചാരം നിലവിലില്ല എന്ന് തന്നെയല്ലേ? അമൂല്യ ഗ്രന്ഥ സമ്പത്തിനുടമകളായ ദ്രാവിഡ പാരമ്പര്യത്തിലെങ്ങും സതിയെക്കുറിച്ച് പരാമർശമില്ല. എന്ത് കൊണ്ട്? സതി തെക്കേ ഇന്ത്യയിൽ ഇല്ലാതിരുന്നത് കൊണ്ട് എന്നൊരു ഉത്തരമേ അതിനുമുള്ളൂ.

വൈകാരിക പ്രകടനങ്ങളുടെ ബാക്കിപത്രം:

 സതി ഒരാചാരമായിരുന്നില്ല മറിച്ച് ഒരു വികാര പ്രകടനമായിരുന്നു എന്നാണു ഗ്രന്ഥങ്ങളിൽ കൂടി വ്യക്തമാകുന്നത്. ഇന്നും തമിഴ്നാട്ടിലും മറ്റും സിനിമാ താരങ്ങളോടുള്ള ആരാധന മൂലം ചിലർ അവരുടെ മരണത്തോടെ ജീവനനൊടുക്കുന്നില്ലേ? അത് ഏതെങ്കിലും ആചാരത്തിന്റെയോ മറ്റോ ഭാഗമാണോ? ആചാരമായിരുന്നെങ്കിൽ സത്യവതിയോ , കുന്തിയോ , ഉത്തരയോ , ഭാനുമതിയൊ, മഹാഭാരത യുദ്ധത്തിൽ മരിച്ച യോദ്ധാക്കന്മാരുടെ ഭാര്യമാരോ ആരും തന്നെ ശേഷിക്കുകയില്ലായിരുന്നു. ആചാരമായിരുന്നെങ്കിൽ  യമധർമ്മനെ അനുഗമിച്ചു  ഭർത്താവിനെ തിരികെ നേടുവാൻ മുതിരാതെ വളരെയെളുപ്പത്തിൽ സാവിത്രി സത്യവാന്റെ ചിതയെ അനുഗമിക്കുമായിരുന്നു.  രാമായണത്തിലാകട്ടെ  താരയും  മണ്ഡൊദരിയും ദശരഥ പത്നിമാരും ചിതയെ അനുഗമിക്കുമായിരുന്നു. ഇവരെല്ലാം തന്നെ ഭർത്താവിന്റെ മരണ ശേഷവും ജീവിച്ചവരാണ്. അത് കൊണ്ട് തന്നെ സതി ഒരാചാരമായിരുന്നില്ല എന്ന് സ്പഷ്ടമാണ്. തികച്ചും വ്യക്തിപരമായ വികാരപ്രകടനമായെ ഭാര്യമാരുടെ (പ്രിയപ്പെട്ടവരുടെയും) ജീവനോടുക്കലിനെ കാണാനാകൂ. എന്നാൽ ഈ വികാര പ്രകടനം ഒരാചാരമായി മാറിയതെപ്പോഴാണ്? അതിലേക്കു നയിച്ച കാരണങ്ങളെന്തെല്ലാമാണ്? സതി അനുഷ്ടിക്കപ്പെട്ടത് വടക്കേ ഇന്ത്യയിലാണ് എന്നും 12–18 നൂറ്റാണ്ടുകളിലായാണ് സതി വ്യാപകമായി വളർന്നത് എന്നതും അനുഷ്ടിച്ചത് ക്ഷത്രിയ സ്ത്രീകളായിരുന്നുവെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കുന്നതോടെ അവയുടെ ഉത്തരങ്ങൾ ഏകദേശം സ്പഷ്ടമാകെണ്ടതാണ്.

ചരിത്രരേഖകളിൽ :

ക്രിസ്തുവിനു അര നൂറ്റാണ്ടിനു ശേഷം ഭാരതത്തിൽ ചെറിയ തോതിൽ സതിക്കുള്ള അന്തരീക്ഷം ഒരുങ്ങിത്തുടങ്ങിയതായ് കാണാം. അലക്സാണ്ടറുടെ ആക്രമത്തിൽ മരിച്ച പടയാളിയുടെ ഭാര്യമാരിൽ ഒരാൾ സതി അനുഷ്ടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാസനും കാളിദാസനും ശൂദ്രകനും തങ്ങളുടെ ചില കൃതികളിൽ അവയുടെ മൂല കൃതികളിൽ നിന്നും വ്യതിചലിച്ച് ഭർത്താക്കന്മാർക്കൊപ്പം ജീവനോടുക്കാനോരുങ്ങുന്ന ഭാര്യമാരെ ചിത്രീകരിച്ചു തുടങ്ങിയതും ഇതേ സമയത്താണ്. എങ്കിലും സതി സ്ത്രീകളനുഷ്ടിക്കുന്ന ഒരാചാരമായി ഒതുങ്ങിയത് വീണ്ടും കാലമേറെ കഴിഞ്ഞാണ്. കാരണം ഹർഷ വർദ്ധനന്റെ പിതാവായ പ്രഭാകരവർദ്ധനന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രധാന ജോലിക്കാരെല്ലാം അഗ്നിപ്രവേശം നടത്തി എന്ന് ചരിത്രം. പ്രിയപ്പെട്ടവരേ മരണത്തിലും അനുഗമിക്കുക എന്നതായിരുന്നു ഈ പ്രവർത്തികളുടെ ഉദ്ദേശം. പ്രഭാകരവർദ്ധനന്റെ മരണം ഉറപ്പായതോടെ, (അദ്ദേഹത്തിന്റെ മരണത്തിനു മുൻപേ ) തന്നെ അദ്ദേഹത്തിന്റെ പത്നി യശോമതി ജീവിതം അവസാനിപ്പിച്ചു എന്നതും ജീവനൊടുക്കുന്നത് ഒരാചാരത്തിന്റെ ഭാഗമായായിരുന്നില്ല എന്നതിന് ദൃഷ്ടാന്തമാണ്.

ewgeg

This is a traditional jauhar ritual going on. This potrait refers to the First Jauhar of Chittor conducted when Allaudin Khilji attacked Mewar.

തുടർന്ന് പാശ്ചാത്യ അധിനിവേശ യുദ്ധങ്ങളിലൂടെ സ്ത്രീകൾക്ക് വ്യാപകമായി ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. കൂട്ടത്തിൽ അധിനിവേശങ്ങളിൽ പിടിച്ചെടുത്ത രാജ്യങ്ങളിലെ സ്ത്രീകളോട് മുസ്ലിം ഭരണാധികാരികളെടുത്ത നിലപാടുകൾ സതിയെ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു . രജപുത്ര സ്ത്രീകൾ ജൗഹർ അനുഷ്ടികുന്നത് പതിവായി ത്തീർന്നു. ജൗഹർ ഒന്നുകൂടി പരിഷ്കരിക്കപ്പെട്ട് ഇന്ന് നാമറിയുന്ന സതിയായി മാറാൻ അധികം താമസമുണ്ടായില്ല. അപ്പോഴും മാനവും സംസ്കാരവും നഷ്ടപ്പെടാതിരിക്കുവാൻ സ്ത്രീകൾ പൂർണ്ണ മനസ്സോടെയായിരുന്നു ജീവനോടുക്കിയിരുന്നത് . അഭിമാനത്തിന് ജീവനേക്കാൾ വില കല്പ്പിച്ച ഈ സ്ത്രീകളെ വീരാംഗനമാരായി കരുതി അവരുടെ പേരിൽ വീരകല്ലുകൾ സ്ഥാപിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നത് പതിവായി തീർന്നു. മുഗളർക്ക് ശേഷം വന്ന ബ്രിട്ടീഷ്‌ ഭരണത്തിൽ നിലവിൽ വന്ന ഭൂനിയമങ്ങളും തത്ഫലമായി ബംഗാളിലെ സമീന്ദാരുകളായി മാറിയ ബ്രാഹ്മണ സമൂഹത്തിന്റെ എല്ലാ തുറകളിലും ഒരു നിർബന്ധ ആചാരമായി സതി വളർന്നു വരുന്ന തിനു കാരണമായില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദായത്തിലെ ചില സ്വാർത്ഥ താല്പര്യക്കാർ സ്വത്തവകാശങ്ങൾക്ക് വേണ്ടി സ്ത്രീകളെ ജീവനൊടുക്കാൻ നിർബന്ധിച്ച് തുടങ്ങിയതോടെ സതി ഒരു ദുരാചാരമായി പരിണമിച്ചു. മടിച്ചു മാറി നിന്ന സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളി വിടാനാരംഭിച്ചതോടെ ക്രൂരത അതിൻറെ പാരമ്യത്തിലെത്തിച്ചേർന്നു. സതി വ്യാപകമാക്കിയതിൽ ഹൈന്ദവ സമുദായത്തിനുള്ള പങ്കിതാണ്. ഈ സമയത്താണ് ശ്രീ.രാജാറാമും മറ്റും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു സതി നിരോധിക്കുന്നത് .

അതായതു, ഹൈന്ദവ സമുദായം തന്നെ ഈ ദുരാചാരം അതിലെ ക്രൂരതയും മനുഷ്യത്വമില്ലായ്മയും മനസ്സിലാക്കി ബഹിഷ്കരിച്ചു. പക്ഷെ കാലങ്ങൾ പിന്നിട്ടിട്ടും ചുരുങ്ങിയ വർഷങ്ങൾ ഭീകരമായി നിലനിന്ന ഈ ദുരാചാരത്തിന്റെ പേരിൽ ഹൈന്ദവ സംസ്കാരം ഇന്നും അപമാനിക്കപെടുന്നു. 

 

ദേവദാസി:

ഭാരതീയ സംസ്കൃതിയുടെ മറ്റൊരനാചാരമായി കരുതുന്ന ദേവദാസി സമ്പ്രദായവും സതിയെ പോലെ തികച്ചും ദുരൂഹമായ ഒരു ചരിത്ര പശ്ചാത്തലം നില നിർത്തുന്നുണ്ട്. വേദ/ ഇതിഹാസ/ സ്മൃതികളിലെങ്ങും ദേവദാസികളെക്കുറിച്ച് പരാമർശമില്ല. ഈ വിഭാഗത്തിന്റെ 11418245_723484991113249_430579155_nഉത്ഭവത്തെക്കുറിച്ചോ അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ എങ്ങും ലഭ്യമല്ല. ദേവദാസികളെക്കുറിച്ച് ആദ്യ ഗ്രന്ഥ പരാമർശം കാണാനാകുന്നത് കാളിദാസന്റെ കൃതിയിലാണ്. ക്ഷേത്രങ്ങളിൽ ആടുകയും പാടുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളെക്കുറിച്ച്‌ കാളിദാസൻ തന്റെ മേഘദൂതത്തിൽ അവതരിപ്പിക്കുന്നു. തുടർന്ന് ഭവിഷ്യ പുരാണവും അഗ്നി പുരാണവും ക്ഷേതങ്ങളിലെ നൃത്തക്കാരികളെക്കുറിച്ച് പറയുന്നുണ്ട്.

ദേവദാസികളുടെ ഉത്ഭവവും സാമൂഹ്യ സ്ഥിതിയും:

ബുദ്ധ മതത്തിന്റെ അധപതനത്തിന് ശേഷം ചില ബുദ്ധ ഭിക്ഷുണികളാണ് ദേവദാസി സമ്പ്രദായത്തിനു തുടക്കമിട്ടത് എന്നൊരു വാദമുണ്ട്. ഇതെത്രത്തോളം ശരിയാണ് എന്നറിഞ്ഞു കൂടാ. ഭക്തിയുമായി ബന്ധപ്പെട്ടാണ് ദേവദാസി സമ്പ്രദായത്തിന്റെ തുടക്കം എന്നുറപ്പാണ്. ദേവദാസിയെന്നാൽ ദേവന്റെ ദാസി എന്നെ അർത്ഥമുള്ളൂ. ക്ഷേത്ര ദേവന്റെ ഭാര്യ എന്ന സ്ഥാനം പതിച്ചു നല്‍കി ക്ഷേത്ര നടത്തിപ്പുകൾക്കും ക്ഷേത്ര കലകളുടെ പ്രചാരണത്തിനും മറ്റുമായി കലാനിപുണകളായ സ്ത്രീകളെ നിയോഗിച്ചു. അവർ ക്ഷേത്രത്തിലെ പരമാധികാരികളായിരുന്നു. പുരാതന റോമാസാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന വെസ്ടൽ വിർജിനും ഏതാണ്ടിത് പോലെ തന്നെ ആയിരുന്നു എന്ന് അനുമാനിക്കാം.ദേവന്റെ ഭാര്യക്ക് വൈധവ്യം ഇല്ലാതിരുന്നതിനാൽ ഇവർ നിത്യസുമംഗലികൾ എന്നറിയപ്പെട്ടിരുന്നു.11297763_999531960065927_137789752_n

 

സമൂഹത്തിലെ വിശേഷ ദിവസങ്ങളിലും വൈവാഹിക ചടങ്ങുകളിലും ഇവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ഇവരുടെ മാലയിലെ ഒരു മുത്ത്‌ പുതുതായി വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ മാലയിൽ വെച്ച് കോർത്ത്‌ പിടിപ്പിക്കുന്നതും പതിവായിരുന്നു. ഇതിൽ നിന്നെല്ലാം സകല സൌഭാഗ്യങ്ങളുടെയും വിളനിലമായാണ് ദേവദാസികളെ കണക്കാക്കിയതെന്നു വായിച്ചെടുക്കാവുന്നതാണ്. ദേവദാസികളിലാരെങ്കിലും മരിച്ചാൽ ക്ഷേത്രത്തിൽ നിന്ന് പൂവും ചന്ദനവും അന്ത്യ കർമ്മങ്ങൾക്കായ് കൊടുത്തയയ്ക്കുകയും ക്ഷേത്രത്തിന്റെ അടുക്കളയിലെ തീയിൽ നിന്നും ചിത ജ്വലിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ആദരസൂചകമായി നിത്യപൂജ പോലും മുടക്കി, പുലയാചരിച്ചു ഒരു ദിവസം ക്ഷേത്രം അടച്ചിടുകയും ചെയ്തിരുന്നു.

ഹൈന്ദവസമൂഹത്തിൽ ദേവദാസികൾ വളരെയേറെ ആദരിക്കപ്പെട്ടിരുന്നു. ഭാരതീയ ക്ഷേത്ര സംഗീതനൃത്ത കലകളെ പരിപോഷിപ്പിച്ചവർ ബഹുമതി ദേവദാസികൾക്ക് സ്വന്തമാണ്. ഭരതനാട്യം, കുച്ചിപുടി, ഒഡീസി എന്നീ നൃത്തകലകൾ ദക്ഷിണേന്ത്യയിലെ മഹാ സാമ്രാജ്യങ്ങളുടെ കീഴിൽ പരിപോഷിപ്പിക്കപെട്ടത്‌ ദേവദാസികളിലൂടെയാണ്‌. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇസ്ലാമിക അക്രമികളിൽ നിന്നും രക്ഷപെട്ടോടി തിരുവിതാംകൂറിൽ അഭയം നേടിയ ദേവദാസികളാണ് മോഹിനിയട്ടം കേരളത്തിന്‌ സംഭാവന ചെയ്തത്. സംഗീതസാഗരത്തിന്റെ മറുകര കണ്ട ലതാ മങ്കേഷ്കർ , ആശാ ഭോസ്ലെ , എം. എസ് . സുബലക്ഷ്മി തുടങ്ങിയവർ ദേവദാസി കുടുംബങ്ങളിൽ ജനിച്ചവരാണ് എന്ന സത്യം അധികമാര്ക്കും അറിയില്ല.

ദേവദാസികൾ അവരുടെ പ്രതാപ കാലങ്ങളിൽ, ആറു മുതൽ പത്താം ശതകം വരെ, വേശ്യാ വൃത്തിയിൽ11287298_999532130065910_69937321_n ഏർപ്പെട്ടിരുന്നതിന് തെളിവുകൾ ഇല്ല. എന്നാൽ കാലക്രമേണ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിനു വിധേയമായി നാശോന്മുഖമായതോടെ ദേവദാസികൾ വഴിയാധാരമായി. ഇതേ തുടർന്ന് അവരിൽ ചിലർക്ക്  ശരീരം വിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതാകാം. എന്നാൽ ക്ഷേത്രത്തിനുള്ളിൽ അവർ ദേവന്റെ ദാസികൾ മാത്രമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ വെച്ച് അവരെ നോക്കുകയോ സ്പർശിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ക്ഷേത്രപരിസരം അശുദ്ധമാക്കുന്നതിനു തുല്യമായ പ്രവർത്തിയായി കരുതിയിരുന്നു.

ഇന്ന് കർത്താവിന്റെ മണവാട്ടികളായി അറിയപ്പെടുന്നവരുടെ സ്ഥാനമായിരുന്നു അന്ന് ദേവദാസികൾക്ക്. എന്നാൽ കർത്താവിന്റെ മണവാട്ടികൾക്കുള്ളതിലുമധികം സ്വാതന്ത്ര്യം ദേവദാസികൾക്ക് ഉണ്ടായിരുന്നു. കന്യാസ്ത്രീകൾ ജീവിതകാലം മുഴുക്കെ കന്യകളായി കഴിയാൻ വിധിക്കപ്പെട്ടവരാണ്. അവരിൽ ചിലരെങ്കിലും ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നവരുമാണ് . എന്നാൽ ദേവദാസികൾക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനെ സ്വീകരിക്കുവാനും അവരിൽ നിന്നും സന്താനലബ്ധിയും സാധ്യമായിരുന്നു. അവരുടെ പരിപൂർണ്ണ സമ്മതമില്ലാതെ ഒരാൾക്കും അവരെ സമീപിക്കാനും സാധിച്ചിരുന്നില്ല. ഭഗവാനോടുള്ള പ്രേമത്തെ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ആത്മാവിഷ്കാരം ചെയ്ത് അവതരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു. 

ബ്രിട്ടിഷുകാർ ദേവദാസിവൃത്തി നിരോധിച്ചതെന്തിനെന്നു വ്യക്തമല്ല. പുരുഷകേന്ദ്രീകൃതമായ11414446_999529483399508_1384155064_n അബ്രഹമിക് സദാചാരചിന്താഗതിയാവാം ഇതിനു പ്രേരകമായ ഘടകം. എന്തായാലും ദേവദാസികളെ നിരോധിച്ചപ്പോഴും ഭാരതത്തിൽ വേശ്യാവൃത്തി സജീവമായി തന്നെ നിലവിലിരുന്നു എന്നതിന് സംശയമില്ല. ബ്രിട്ടിഷുകാർക്ക് വേശ്യാവൃത്തി നിരോധിക്കുക എന്നോരുദ്ദേശം ഇല്ലായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഉന്നത പദവികൾ വഹിച്ചിരുന്ന നിരവധി ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ വേശ്യാലയ നടത്തിപ്പുകാരായി ഉണ്ടായിരുന്നു എന്നും ഒരു വാദമുണ്ട്.

ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട, വേട്ടയാടപ്പെട്ട മറ്റൊരു വിഭാഗവുമില്ല. ഭാരതീയ സംസ്കൃതിയിലെ ഭക്തിയിലൂടെയുള്ള കലയുടെ സമ്പൂർണ്ണ സമർപ്പണ ഭാവത്തെക്കുറിച്ച് അജ്ഞരായിരുന്ന വിക്ടോറിയൻ സദാചരമൂല്യാദിസ്ഥിതമായ ബ്രിട്ടിഷ് ഭരണകൂടം അവരെ Nautch girls എന്നൊരു വാക്കിൽ ഒതുക്കിക്കളഞ്ഞു . തുടർന്ന് ചരിത്രമെഴുതാൻ ചുമതലപ്പെട്ടവർ ചരിത്രത്തെ വളച്ചൊടിച്ചും സത്യത്തിനു നേരെ കണ്ണടച്ചും ദേവദാസികളെ ‘Sacred Prostitutes’ / ‘Temple Prostitutes’ എന്നോരോമനപ്പേര് നൽകി അവരെ അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാക്കുകയും ചെയ്തു. നിരാലംബരായ , സ്വന്തമായി ഭൂമിയോ സമ്പത്തോ ഇല്ലാതിരുന്ന ഒരു കൂട്ടം സ്ത്രീകള് പെട്ടന്ന് ‘പരിഷ്കൃതരും നാഗരികരും വിദ്യാസമ്പന്നരുമായവരുടെ’ ആക്രമത്തിന് വിധേയരാകുകയും അവരനുഭവിച്ചു പോന്ന സാമൂഹിക ആനുകൂല്യങ്ങൾ ഇല്ലാതാകുകയും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. ഇന്നും ആ പരമ്പരയിൽപ്പെട്ട നിരവധി സ്ത്രീകള് തെരുവിലാണ്. ഭാരതത്തിലെ പൈതൃക കലകൾ പടർന്ന് പന്തലിച്ചത് ഇവരിലൂടെ മാത്രമാണ്. ഭരതനാട്യവും മോഹിനിയാട്ടവും നമ്മുടെ കുട്ടികൾ ആടി തകർക്കുന്നുണ്ടെങ്കിൽ അതിലിവരുടെ സംഭാവന അളവറ്റതാണ്. ഒരു കൂട്ടം സ്ത്രീകളെ വിശുദ്ധ വേശ്യകളെന്നു മുദ്രകുത്തി സമൂഹത്തിൽ നിന്നകറ്റി നിർത്തിയിരിക്കുന്നതാണ് ദേവദാസി സമ്പ്രദായത്തിലും വലിയ അനാചാരം എന്ന് നമ്മുടെ സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ?

 

പൗരോഹിത്യം:

മറ്റു മതങ്ങളിൽ നിന്നന്യമായി ഹൈന്ദവ സംസ്കൃതിയെ സംബന്ധിച്ചെടുത്തോളം സ്ത്രീകളുടെ പൗരോഹിത്യം ഒരു പുതുമയുള്ള സംഗതിയല്ല. വേദങ്ങളിൽ സ്ത്രീപുരോഹിതരെ കുറിച്ചുള്ള പരമാർശം കാണാം. വേദകാലഘട്ടത്തിൽ യജ്ഞം നിർവഹിക്കുന്ന സ്ത്രീകൾ ഒരപൂർവ കാഴ്ചയല്ല. വൈദേശികാക്രമങ്ങൾ മൂലം സ്ത്രീകള്ക്ക് വേദ പഠനം നടത്താനാകാതെ പൗരോഹിത്യം കുറഞ്ഞ ഒരു11414446_999529483399508_1384155064_n സ്ഥിതിവിശേഷം സംജാതമായി എങ്കിലും ചില ക്ഷേത്രങ്ങളിൽ സ്ത്രീ പുരോഹിതരെ ഇന്നും കാണാൻ സാധിക്കും. കേരളത്തിൽ സ്ത്രീ പുരോഹിതയായിരിക്കുന്ന പ്രസിദ്ധ ക്ഷേത്രമാണ് മണ്ണാറശാല. 1986 മുതൽ 1996 വരെയുള്ള കാലഘട്ടങ്ങളിൽ ആറായിരത്തോളം സ്ത്രീകൾ പൌരോഹിത്യം പഠിച്ചു എന്നു ഭണ്ഡാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലെ Dr . വി. എൽ. മഞ്ജുൾ പറയുന്നു.

എന്നാൽ മറ്റു മതങ്ങള്ക്ക് സ്ത്രീകളുടെ പൗരോഹിത്യം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഇസ്ലാം മതം അതിനെക്കുറിച്ച് യാതൊരു പരാമർശവും നടത്താതിരിക്കുമ്പോൾ, ദുർമന്ത്രവാദികൾ എന്ന് മുദ്രകുത്തി ലക്ഷക്കണക്കിന്‌ സ്ത്രീകളെ ജീവനോടെ ചുട്ടു കൊന്ന വിച്ച് ഹണ്ട് എന്ന സമ്പ്രദായത്തിന്റെ ചരിത്രമാണ് ക്രിസ്തുമതത്തിന് പറയാനുള്ളത്. 

 സ്ത്രീധനം: 

സ്ത്രീയെ തന്നെ ധനമായി കരുതിയിരുന്ന സംസ്കൃതിയിൽ നിന്നും സ്ത്രീയെ ഒരു കച്ചവടച്ചരക്കായ് കണ്ടു തുടങ്ങിയ സംസ്കൃതിയുടെ പിറവിയുടെ വേരുകൾ നീളുന്നതും കോളോണിയൽ ഭരണ കാലങ്ങളിലെക്കാണ് . സ്ത്രീക്ക് നല്കുന്ന ധനം ഡോരി (Dowry)  ആയി മാറിയതെങ്ങനെ എന്ന് നോക്കാം.

സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം  ശക്തി പ്രാപിക്കുകയും ചെയ്തു .സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമം എന്ത് പറയുന്നു എന്ന് നോക്കാം..

ഉത്തമം സ്വാര്‍ജിതം വിത്തം,

മധ്യമം പിതുരാര്‍ജിതം

അധമം മാ തുലാര്‍ജിതം വിത്തം

സ്ത്രീ വിത്തം അധമാധാമം

സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്. 

ഈ ശ്ലോകത്തിൽ നിന്ന് മാത്രം സ്ത്രീധനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന പുരുഷനെ വിലകുറച്ച് കാണുന്ന രീതി വ്യക്തമാണ്. സ്ത്രീയുടെ കുടുബാംഗങ്ങൾ സസന്തോഷം സ്ത്രീക്ക് നല്കിയിരുന്ന സമ്മാനമായിരുന്നു സ്ത്രീ ധനം. ഇതിന്റെ കൈകർത്താക്കൾ സ്ത്രീകള് മാത്രമായിരുന്നു. സ്ത്രീധന വിഷയത്തിൽ ബലപ്രയോഗം നിഷിദ്ധമായിരുന്നു. ബ്രിട്ടീഷ്‌ നിയമങ്ങൾ സ്വത്തവകാശങ്ങൾ സ്ത്രീകളിൽ നിന്നെടുത്തു മാറ്റിയതോടെയാണ് സ്ത്രീധന മരണങ്ങൾ തുടങ്ങിയതെന്ന് വീണ ഓൾഡെൻ ബർഗ് തന്റെ Dowry murder എന്നാ പുസ്തകത്തിൽ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാജീവ് മല്ഹോത്ര , അരവിന്ദൻ നീലകണ്ഠൻ തുടങ്ങിയവർ സ്ത്രീധന മരണം ബ്രിട്ടിഷുകാർക്ക് ശേഷം എന്ന് Breaking India എന്ന പുസ്തകത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്. യൂറോപിയൻ ചരിത്രത്തിലുടനീളം സ്ത്രീധനസമ്പ്രദായം ആചരിച്ചു പോന്നിരുന്നു. തങ്ങളുടെ സാംസ്കാരികമായ പോരായ്മകളെ മറച്ചു വെക്കുവാൻ ബ്രിട്ടിഷുകാർ ഭാരതത്തിലെ ജാതി വ്യവസ്ഥയെ ആണ് കൂട്ട് പിടിച്ചത്. പെണ്‍ശിശുഹത്യയും സ്ത്രീധനവും തമ്മിൽ ആദ്യമായി ബന്ധപെടുത്തിയത് അവരാണ്. പെണ്‍കുഞ്ഞുങ്ങൾ ശാപമെന്ന നിലയിലേക്ക് ഭാരതത്തെ എത്തിക്കുന്നതിൽ ഇസ്ലാമികാധിനിവേശം വഹിച്ച പങ്കു മുൻ ലേഖനത്തിൽ നാം കണ്ടതാണല്ലോ. സ്ത്രീകളിൽ നിന്നും സ്വത്തവകാശം ഇല്ലാതായതോടെ അവർ ചൂഷണങ്ങൾക്ക് ഇരയാകുകയും ദ്രോഹിക്കപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന ഓരോ സ്ത്രീധന മരണവും കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.

ഇന്ന് ഭാര്യയെ സുഹൃത്തായി കാണണം എന്ന് പറഞ്ഞു നടക്കുന്ന ആധുനികതയുടെ വക്താക്കൾ വേദ മന്ത്രങ്ങളിലോന്നായ പാണിഗ്രഹണ മന്ത്രം എന്ത് പറയുന്നു എന്ന് കൂടി അറിയേണ്ടതാണ് .

“എന്നോടൊപ്പം നീ ഏഴു പദം നടന്നു. ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് എല്ലായ്പ്പോഴും ഒന്നിച്ചു ജീവിക്കാം. നമുക്ക് ഒരു പോലെ ചിന്തിക്കാം, ഒരു പോലെ പ്രവര്‍ത്തിക്കാം. നല്ല ചിന്തയോടും നല്ല ഹൃദയത്തോടും കൂടി, പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം. നമുക്ക് ഒരേ പോലെ ഉള്ള ചിന്തയും ആഗ്രഹവും ഉണ്ടാകട്ടെ. ഞാന്‍ സാമവേദം ആകുമ്പോള്‍ നീ ഋഗ്വേദം ആകട്ടെ. ഞാന്‍ സ്വര്‍ഗം ആകുമ്പോള്‍ നീ ഭൂമി ആകട്ടെ. ഞാന്‍ ചന്ദ്രന്‍ ആകുമ്പോള്‍ നീ അതിന്റെ ആഭരണം ആകട്ടെ. ഞാന്‍ മനസാകുമ്പോള്‍ നീ വാക്കാകട്ടെ. ഈ വിധ ഗുണങ്ങളോട്കൂടി നീ എന്റെ സഹചാരിയാകുക. ഓ മധുരമുള്ള വാക്കുകളോട് കൂടിയ പ്രിയേ, എന്നിലേക്ക്‌ വരൂ, അങ്ങനെ നമുക്ക് നല്ല കുട്ടികളും സമ്പത്തും ഉണ്ടാകട്ടെ..” 

ഇത്തരമൊരു സംസ്കാരത്തിലേക്ക് സ്ത്രീ പീഡനവും സ്ത്രീധന മരണങ്ങളും കടന്നു കൂടിയതിൽ പരം ദൌർഭാഗ്യം മറ്റെന്തുണ്ട്?

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ  സന്തതികൾക്ക് ഉൾകൊള്ളാവുന്നതിനും അപ്പുറത്തുള്ള ഒരു സാംസ്കാരിക പാരമ്പര്യതിനെ അവർ തങ്ങളുടെ സങ്കുചിതമായ സാമൂഹ്യ മത പരിസ്ഥിതിക ളെ പിൻ പറ്റി വായിക്കുകയും , അതെ  മനസ്ഥിതി   ചരിത്ര പാഠമെന്ന വിഷത്തിലൂടെ  ഇവിടെയുള്ളവരിൽ കുത്തി വെക്കുകയും ചെയ്തതോടെ ആ മഹദ്  സംസ്കാരം  ധാർമിക ബോധം ഉള്ളവരിലെല്ലാം  അധമ ബോധമുണ്ടാക്കി. കാലമേറെ കഴിഞ്ഞും അതെ ചരിത്ര പാഠത്തിന്റെ വിഷം പേറുന്നവരെ തന്നെ  ഉപയോഗിച്ച്  സംസ്കാരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന കൊളോണിയൽ വക്രബുദ്ധിയുടെ തെളിവാണ് നാം കണ്ട ഇന്ത്യാസ് ഡോട്ടർ എന്ന് പറയാതെ വയ്യ. ഭാരതീയ ചരിത്ര പഠനം പാശ്ചാത്യ സാമൂഹ്യ ബോധങ്ങളുടെയോ മൂല്യങ്ങളുടെയോ നിഴലിൽ പിടിച്ചു കൊണ്ടാകരുത്. പാശ്ചാത്യ സംസ്കൃതിയും ഭാരതീയ സംസ്കൃതിയും തമ്മിൽ ഒരു പാട് വ്യത്യാസങ്ങളുണ്ട്. വെട്ടിപിടിക്കലുകളുടെ ചരിത്രമെഴുതിയവർക്ക് ത്യാഗത്തിന്റെ ചരിത്രത്തെ കാണുവാനുള്ള മനസ്സൊരിക്കലും ഉണ്ടാകുകയില്ല. സ്വന്തം നാടിലെ സ്ത്രീകളോട് വെച്ചു പുലർത്തിയ അതെ മനോഭാവത്തോടെ ഭാരത സ്ത്രീകളെ വായിക്കാൻ ശ്രമിച്ച പാശ്ചാത്യ വ്യാഖ്യാനങ്ങൾ പരമസത്യമായി കാണുകയും, ഹൈന്ദവ സമൂഹത്തിനുള്ളിൽ നിന്നു തന്നെ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചത് കണ്ടില്ലെന്നു നടിക്കുകയും ചെയുന്ന ചരിത്ര പ്രതിപാദനത്തിന്റെ രാഷ്ട്രീയം മനസിലാക്കാൻ ഈ ലേഖന പരമ്പര സഹായിക്കും എന്ന് കരുതുന്നു. ഭാരതീയ സംസ്കൃതിയുടെ വേരുകളെ തൊട്ടറിഞ്ഞുള്ള ചരിത്ര പഠനമാകട്ടെ നമ്മുടെ ലക്‌ഷ്യം. വിദേശി ഓതിയ പാഠത്തെ പിൻപറ്റി പൂർവ സംസ്കൃതിയെ നിന്ദിക്കുന്ന ഓരോ ഭാരതീയനും സത്യാവസ്ഥ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാൽ പ്രസ്തുത ലേഖന പരമ്പരയെ അന്ധമായി പിൻ പറ്റാതെ വൈദേശികാക്രമങ്ങൾക്ക് മുൻപ് വരെ ഭാരതത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളെക്കുറിച്ച്‌ സ്വന്തമായി വിചാരം കൂടി ചെയ്യേണ്ടതുണ്ട് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. . 

 

— കൃഷ്ണപ്രിയ —

 

Reference : The position of women in Hindu civilization — Anand sadashiv

Sati : The blessing and the curse — John Stratton Hawley

Sinners or sinned against — Anil Chawla

Ideals , images and real life — S. Anandi

Devadasis -: Time to review history — K. Shanta Reddy

 

Special Thanks – IMAGE EDITING – SAFFRON