ഈ ഗാന്ധി വിളികൾ ഗാന്ധിജിയുടെയല്ല, മദൂദിയുടെ ആണ് !!!

ഈ ഗാന്ധി വിളികൾ ഗാന്ധിജിയുടെയല്ല, മദൂദിയുടെ ആണ് !!!

— രഞ്ജിത് രവീന്ദ്രൻ —

 

ചരിത്രം – പ്രത്യേകിച്ച് സ്വന്തം ചരിത്രം – അതൊരു വഴിവിളക്കാണ്. വർത്തമാനത്തിന്റെ മനം മയക്കുന്ന കാഴ്ചകളിൽ കുരുങ്ങിപ്പോയി വഴി തെറ്റുന്ന മനസ്സുകൾക്ക് വഴി കാണിച്ചുകൊടുക്കാനുള്ള ഒരേ ഒരു വെളിച്ചം.

ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഒരു പേര് പറയാം, ഒരു വർഷം പറയാം… പിന്നൊരു മുദ്രാവാക്യവും.

സത്യത്തിൽ അത് കഥയല്ല, ആരും പറയാതെ ആരെയും അറിയിക്കാതെ നമ്മുടെയൊക്കെ ഭൂതകാലത്തിൽ നിന്നും അടർത്തിമാറ്റിയ ഒരേട്.

ആദ്യം ഒരു പേരാകട്ടെ, പണ്ഡിറ്റ് ടിക്കാലാൽ ടപ്ലു എന്നാണ് ആ മനുഷ്യന്റെ പേര്. 30 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ മാസം 14 ആം തീയതി ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് എന്ന ജിഹാദി മൂവ്മെന്റ് ആ മനുഷ്യനെ കൊന്നുകളഞ്ഞു. എന്തിനു കൊന്നു എന്നറിയേണ്ടേ?

സ്വതന്ത്ര ഇൻഡ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഊരുവിലക്കിനും നാടുകടത്തലിനും തുടക്കമിടാൻ. കാശ്മീരി ഹിന്ദുവും അന്നത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആ മനുഷ്യന്റെ വധത്തോടെയാണ് കാശ്മീർ വിഘടനവാദികൾ തങ്ങളുടെ നരനായാട്ടിനു കാശ്മീർ താഴ്‌വരയില്‍ തുടക്കമിട്ടത്.

വംശഹത്യ നടന്നിട്ടില്ല എന്ന് വാദിക്കുന്നവരുണ്ട്, അല്ലെങ്കിൽ അവർക്കത് വേണമായിരുന്നു എന്നു വാദിക്കുന്നവർ. അവരെപ്പോലെ കാശ്മീരിലെ ഹിന്ദു പലായനം നടന്നിട്ടില്ല, അഥവാ നടന്നെങ്കിൽ തന്നെ കണക്കായിപ്പോയി എന്നു പറയുന്നവരെയും നേരിട്ടു കണ്ടിട്ടുണ്ട്. അവരോടൊന്നും പറയാനില്ല. ബാക്കിയുള്ളവരോടാണ് ആ മുദ്രാവാക്യം പറയാനുള്ളത്. പറഞ്ഞാൽ നിങ്ങളറിയും.

കേരളത്തിലെ ഒരു സ്കൂളിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് തൊട്ട് ഡൽഹിയിൽ ബസ്സുകൾക്ക് തീയിട്ട അക്രമികളെ കൊണ്ട് വരെ അവർ ഏറ്റു ചൊല്ലിച്ച അതേ മുദ്രാവാക്യം – “ആസാദി”.

ആസാദ് കാശ്മീർ അഥവാ സ്വതന്ത്ര കാശ്മീർ എന്ന ഇസ്ലാമിക് സ്റ്റേറ്റിനു മുന്നിലെ ഏറ്റവും വലിയ തടസ്സമായിരുന്നു പണ്ഡിറ്റുകൾ എന്നറിയപ്പെടുന്ന കാശ്മീരി ഹിന്ദുക്കൾ. കാശ്മീർ താഴ്‌വരയില്‍ ഇസ്ലാമിക നിയമങ്ങൾ ജമ്മു കാശ്മീർ ലിബറെഷൻ ഫ്രണ്ടും ഹിസ്ബുൾ മുജാഹുദീനും പ്രഖ്യാപിച്ചു. ഹിന്ദുക്കളുടെ വീടുകൾ തിരഞ്ഞ് പിടിച്ച് താഴ്‌വര വിട്ടുപോകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ പതിച്ചു. അന്നവിടെ നിന്ന് വീടും വയലും പറമ്പും ഒരു ജന്മം സമ്പാദിച്ചതൊക്കെയും ഇട്ടെറിഞ്ഞ് ഓടിയ ആ മനുഷ്യരുടെ മുന്നിൽ ചെന്ന് ചോദിക്കണം “ആസാദി” എന്ന വാക്കിന്റെ അർഥമെന്താണ് എന്ന്.

ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടാണ് “ആസാദ് കാശ്മീർ” എന്ന ലക്ഷ്യത്തിനു വേണ്ടി “ആസാദി” എന്നൂള്ള “സിവിൽ വാർ ക്രൈ” കാശ്മീർ താഴ്‌വരയില്‍ എത്തിച്ചത്. മൂന്ന് ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിൽ ഹിന്ദുക്കൾ ജീവിച്ചിരുന്ന കാശ്മീർ താഴ്‌വരയില്‍ ഇന്ന് അവശേഷിക്കുന്നത് ഏതാണ്ട് രണ്ടായിരം പേരാണ്. ഇവിടെയാണ് ചരിത്രം നമുക്ക് വഴിവിളക്കായി നിൽക്കേണ്ടത്.

എന്താണ് നിലവിലെ വിഷയം ? “മൂന്ന് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇൻഡ്യൻ പൗരത്വത്തിനപേക്ഷിക്കാൻ 11 വർഷം കാത്തിരിക്കേണ്ടാ, 5 വർഷം കഴിയുമ്പോൾ അപേക്ഷിക്കാം”. ഇവിടെയാണ് എത്രകണ്ടു ദേശീയ പതാക പുതപ്പിക്കാൻ നോക്കിയാലും മൂടപ്പെടാത്ത രീതിയിൽ ജിഹാദി അജണ്ടകൾ പുറത്ത് ചാടുന്നത്.

കാശ്മീരി ഹിന്ദുക്കളെ കാശ്മീരിൽ നിന്നു തുരത്തിയോടിക്കാനും കാശ്മീരിനെ മറ്റൊരു ഇസ്ലാമികരാജ്യമാക്കാനും ജന്മം കൊണ്ട “ആസാദി” എന്ന മുദ്രാവാക്യമല്ലാതെ മറ്റെന്തെങ്കിലും ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും അഭയം തേടിവന്ന അവിടുത്തെ ന്യൂനപക്ഷത്തിനു ഒരിളവു നൽകുന്ന വേളയിൽ ഉയർന്നു കേൾക്കും എന്നു നിങ്ങൾ കരുതിയോ നിഷ്കളങ്കരേ?

മുദ്രാവാക്യം മാത്രമല്ല ഇൻഡ്യൻ സർക്കാരിനെതിരെ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ ഏതാണ്ട് മുഴുവനും പാലസ്തീനിൽ നിന്നും ജന്മം കൊണ്ട് കാശ്മീർ താഴ്‌വരയില്‍ വികസിപ്പിച്ചതാണ്. അതിൽ ആദ്യ ഘട്ടം രക്തസാക്ഷികളെ ഉത്പാദിപ്പിക്കലാണ്. വലിയൊരു ജനസമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളൂം ഉൾപ്പെടുന്ന ഒരു ജനക്കൂട്ടത്തെ ഇളക്കിവിട്ട് പോലീസിനെയും സൈന്യത്തേയും ആക്രമിക്കുകയാണ് ആദ്യപടി. പോലീസിനെ എത്രകണ്ട് പ്രകോപിപ്പിക്കാമോ അത്രകണ്ട് പ്രകോപിപ്പിക്കുക, അവസാനം ലാത്തിച്ചാർജിലും വെടിവെപ്പിലും ആരെങ്കിലും മരിക്കുക.

രണ്ടാം ഘട്ടം ഇവിടെ തുടങ്ങും. ശവശരീര റാലികളും മയ്യത്ത് നിസ്കാരങ്ങളും അതിലൂടെ കൂടുതൽ ആളുകളെ വൈകാരികതയിലേക്ക് തള്ളിയിടലും അതിലൂടെ കൂടുതൽ രക്തസാക്ഷികളെ ഉണ്ടാക്കലും. അതങ്ങനെ തുടരും. ഡൽഹിയിൽ വിദ്യാർഥി മരിച്ചു എന്ന വ്യാജ വാർത്ത കിട്ടിയ ഉടൻ നടന്ന “മയ്യത്ത് നിസ്കാരം” ഈ പാറ്റേണിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നു.

മംഗലാപുരത്ത് ജമാ അത്ത ഇസ്ലാമിയുടെ റിപ്പോർട്ടർമാരെയും കൂടെയുള്ള ചിലരേയും പോലീസ് തടഞ്ഞത് പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ അതിവൈകാരികദൃശ്യങ്ങളും അവരുടെ മരണാനന്തര ചടങ്ങുകൾ പോലീസിന്റെ മാർഗ്ഗനിർദേശം മറികടന്ന് സംപ്രേക്ഷണം ചെയ്യാൻ നോക്കിയതിനാണ്. പോലീസിന്റെ ജാഗ്രത അവിടെ അഭിനന്ദനാർഹമാണ്.

ഇവരുടെ അടുത്ത പണി സ്ത്രീകളെയും കുട്ടികളെയും മറയാക്കലാണ്. പോലീസിനു കല്ലെറിഞ്ഞിട്ടൂ സ്ത്രീകളുടെ പിന്നിൽ ഒളിക്കുക. അവരുടെ ചിത്രങ്ങൾ ബോധപൂർവ്വം പത്രങ്ങളിലെത്തിച്ച് സഹതാപം പിടിച്ചു പറ്റുക. സർക്കാർ സംവിധാനങ്ങളെ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവരാക്കി മുദ്ര കുത്തുക.

ഇതൊക്കെ മനസ്സിലാക്കാനും തിരിച്ചറിയുവാനും അവനവന്റെ ഭൂതകാലം മറക്കാതിരിക്കുക എന്നൊരൊറ്റ കാര്യം മതിയാവും. അത് മറക്കാതിരിക്കാനും അതിൽ നിന്നും പാഠം പഠിക്കാനും ഭാരതീയ ജനതാപാർട്ടി എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട് എന്നതാണ് ആ പാർട്ടി എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.

പണ്ഡിറ്റ് ടിക്കാലാൽ ടപ്ലുവിന്റെ രക്തം വീണ ആ മണ്ണിൽ “ആസാദി” വിളി ഇനി ഒരിക്കലും മുഴങ്ങില്ല എന്ന് അനിൽ അമിത് ഷാ തീരുമാനിച്ച നിമിഷം – അതാ തിരിച്ചറിവിന്റെതാണ്.

അതിനു പ്രതികാരമായി, ഇൻഡ്യ മുഴുവൻ “ആസാദി” മുഴങ്ങും എന്നുള്ള സ്വപ്നവും ഒരു നീർക്കുമിള പോലെ തകരുകയേ ഒള്ളൂ. ചരിത്രം മറക്കാതിരിക്കാനും അത് ഇടയ്ക്കിടെ ഓർമിപ്പിക്കാനും ഇവിടെ അനേകം മനുഷ്യരുണ്ട്. അതിനെ കാത്തുസൂക്ഷിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ലക്ഷങ്ങളുണ്ട്. ഇവിടെ ഏതെങ്കിലുമൊരു മുദ്രാവാക്യം മുഴങ്ങുന്നു എങ്കിൽ അത് ഭാരതാംബയുടെ ജയഘോഷമാവും, മറിച്ചൊരു ചിന്ത പാക് അധീന കാശ്മീരിനും അപ്പുറം കൊണ്ടു എറിഞ്ഞു കളയുന്നതാവും നല്ലത്.