നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ തിരികെ വന്നാല്‍, രാജ്യത്തു കള്ളപ്പണം ഇല്ലെന്നോ.?

                     നിരോധിച്ച നോട്ടുകൾ ഏതാണ്ട് മുഴുവൻ ആയി ബാങ്കുകളിൽ തിരികെ വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ പറഞ്ഞ പോലെ രാജ്യത്തു കള്ളപ്പണം ഇല്ല എന്നാണോ.. ???

റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 16 ലക്ഷം കോടി രൂപയിൽ 14.5 ലക്ഷം കോടി രൂപയുടെ ഹൈ ഡിനോമിനേഷൻ നോട്ടുകൾ, അതായത് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ ആണ് നവംബർ 8 നു ഔദ്യോഗികമായി പിൻവലിച്ചത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം രാജ്യത്തിൻറെ സുരക്ഷയെ തന്നെ ബാധിക്കുന്ന കള്ളനോട്ടുകൾക്ക് തടയിടാനും, അനധികൃതമായി പൂഴ്ത്തി വച്ചിരിക്കുന്ന കോടികളുടെ കള്ളപ്പണം സാമ്പത്തിക സംവിധാനത്തിൽ നിന്ന് ഒഴിവാക്കാനും, പരമാവധി ക്രയവിക്രയങ്ങൾ അക്കൗണ്ടഡ് പണമിടപാടുകൾ ആക്കി മാറ്റാനും, ഹവാല – കുഴൽ പണം തുടങ്ങിയ അനധികൃത സാമ്പത്തിക തിരിമറികൾ ഇല്ലാതാക്കാനും വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അന്ന് പറഞ്ഞത്.

രാജ്യത്തെ ഒരു വിഭാഗം ജനങ്ങളുടെ പക്കൽ ഇന്ന് കുന്നു കൂടിയിരിക്കുന്ന കോടിക്കണക്കിനു കള്ളപ്പണം അവരുടെ കിടക്കയുടെ ഉള്ളിലും, ചുവരുകൾ പൊളിച്ചു അതിനുള്ളിൽ മുതൽ എന്തിനു വാട്ടർ ടാങ്കിലും എല്ലാം പൂഴ്ത്തി വച്ചിരിക്കുന്ന “ഹാർഡ് കറൻസിയിൽ ” ഉള്ള കള്ളപ്പണം ആണ് എന്ന് നമുക്കൊക്കെ അറിവുണ്ട്. അതിനെതിരെ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുന്ന കണ്ടു മടുത്ത സാധാരണ ജനകോടികളാണ് ഒരു മാറ്റത്തിനു വേണ്ടി 2014 ൽ പ്രതീക്ഷയോടെ വോട്ട് ചെയ്തത്. അനധികൃത മാർഗ്ഗങ്ങളിൽ കൂടിയും, ബില്ലില്ലാതെയും നികുതി അടക്കാതെയും, വരുമാനത്തിന് നികുതി കൊടുക്കാതെയും, ചരക്ക് – സേവന നികുതി അടക്കാതെയും, വൻ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെയും ഒക്കെ ആണ് ഈ ശത കോടികൾ ഇവരുടെ എല്ലാം കയ്യിൽ കള്ളപ്പണമായി ഒഴുകി എത്തിയത്. ഇത് മൂലം സമൂഹത്തിൽ ഉണ്ടാവേണ്ട ഒരു ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള ഒരു ബാലൻസിങ് നഷ്ടപ്പെടുന്നു. നികുതി അടച്ചു ശമ്പളവും, നേരാവണ്ണം സേവന നികുതി നൽകി ജീവിക്കാൻ വേണ്ട സാമഗ്രികളും അത് ഉപയോഗിച്ച് വാങ്ങുന്ന സാധാരണക്കാരനും പിന്നെ മേൽപറഞ്ഞ തരത്തിൽ അനധികൃതമായി, നികുതി നൽകാതെയും സർക്കാരിനെ വെട്ടിച്ചും പണം ഉണ്ടാക്കുന്ന ധനികനും തമ്മിലുള്ള സാമ്പത്തിക അന്തരം വലുതായി വലുതായി വന്നു. ഒരു കൊച്ചു വീട് വെക്കാൻ 4 സെന്റ് സ്ഥലം വാങ്ങാൻ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചു പിടിച്ചു സ്ഥലം വാങ്ങാൻ വില പറയുമ്പോൾ, അതിന്റെ ഇരട്ടി കൊടുത്തു അത് തട്ടിയെടുക്കാൻ ഉടനെ ഒരു കള്ളപ്പണക്കാരൻ എത്തുകയായി. നികുതി നൽകിയ ചെറിയ വരുമാനവും സമ്പാദ്യവും ഉള്ള സാധാരണക്കാരൻ വില പറഞ്ഞ വസ്തു കയ്യിലുള്ള കള്ളപ്പണം വച്ച് കേവലം 25% വില മാത്രം സ്റ്റാമ്പ് പേപ്പറിൽ കാണിച്ചു അയാൾ തട്ടിയെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്, നിസ്സഹായരായി നോക്കിയും നിന്നിട്ടുണ്ട്, ശരിയല്ലേ..? ആ സീനിലെ സാധാരണക്കാരന്റെ കണ്ണീരിന്റെ ആവശ്യമാണ് ഈ ആദ്യ പടിയിൽ ഉള്ള ഈ നോട്ട് നിരോധനം. ഇതിൽ എല്ലാം കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന വിഷയത്തിലേക്ക് വരാം.

നോട്ട് നിരോധനം വന്നപ്പോൾ സാമ്പത്തിക വിദഗ്ധരുടെ ഒരു ഒഴുക്കായിരുന്നു സോഷ്യൽ മീഡിയയിൽ എന്ന് പറയാതെ വയ്യ. അതിൽ എണ്ണം പറഞ്ഞ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 14.5 ലക്ഷം കോടി വലിയ ഡിനോമിനേഷൻ കറൻസി ഡിസംബർ 31 എന്ന അവസാന തീയതിക്കുള്ളിൽ തിരികെ ബാങ്കുകളിൽ എത്തില്ല എന്ന് തന്നെയായിരുന്നു. ഏകദേശം 11 ലക്ഷം കോടിയോളം രൂപ നേരായ മാർഗ്ഗത്തിൽ ഉള്ളത് കൃത്യമായി ബാങ്കുകളിൽ എത്തും, ബാക്കി 3.5 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉള്ളത് സോഴ്സ് ഇല്ലാത്തവയോ, മതിയായ രേഖകൾ ഇല്ലാത്തതോ ആയ പണമായത് കൊണ്ട് അത് തിരികെ വരില്ല എന്നായിരുന്നു. അപ്പോൾ ബാക്കി വരുന്ന മൂന്നര ലക്ഷം കോടിയുടെ കള്ളപ്പണം രാജ്യത്തിൻറെ സാമ്പത്തിക സംവിധാനത്തിൽ നിന്നും പുറത്തു പോകും എന്നായിരുന്നു മേൽപറഞ്ഞ വിദഗ്ധരുടെ കണ്ടെത്തൽ. പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഒരു മാസം, അതായത് പകുതി ദിനങ്ങൾ കഴിഞ്ഞപ്പോഴേക്കും തന്നെ ഏകദേശം 11.5 ലക്ഷം കോടി രൂപ ബാങ്കുകളിൽ എത്തിയതായി റിസർവ്വ ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇനി ഒരു മാസം കൊണ്ട് അപ്പോൾ തിരികെ എത്താനുള്ളത് വെറും 3.5 ലക്ഷം കോടി രൂപ മാത്രം. അപ്പോൾ കള്ളപ്പണം എവിടെ ?? അതോ ഇന്ത്യയിൽ കള്ളപ്പണം ഇല്ല എന്നാണോ ?? കള്ളപ്പണം നമ്മുടെ നാട്ടിൽ വേണ്ടുവോളം ഉണ്ട് എന്നത് സ്വബോധം ഉള്ള ഏതൊരാൾക്കും കൃത്യമായി അറിയാം. അപ്പോൾ ബാങ്കിൽ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന ഈ പറഞ്ഞ കള്ളപ്പണക്കാരുടെ കള്ളപ്പണം എല്ലാം അങ്ങ് വെളുപ്പിച്ചു കഴിഞ്ഞു എന്നാണോ ??

ഈ നോട്ടു നിരോധനത്തിലൂടെ ഏറ്റവും അധികം സമൂഹത്തിനു ഗുണമുണ്ടാവുക വലിയ തുകയുടെ (1000 , 500 ) കള്ളനോട്ടുകൾ സാമ്പത്തിക സംവിധാനത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടും എന്നതാണ്. 14.5 ലക്ഷം കോടി രൂപയുടെ നോട്ടുകൾ റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കുലേഷനിൽ ഉണ്ടെങ്കിൽ ഏകദേശം ഒരു നാല് ലക്ഷം കോടിയുടെ കള്ളനോട്ടുകളും ഇത്രയും കാലം കൊണ്ട് വിപണിയിൽ ഓടുന്നുണ്ടാവും. അത് നമുക്കെല്ലാം അറിയാവുന്നതാണ്. നമ്മുടെ കയ്യിലും ഈ കള്ളനോട്ടുകൾ വന്നു മാറി മറിഞ്ഞു പോയിട്ടും ഉണ്ടാകാം. പക്ഷെ ഈ കള്ളനോട്ടുകൾ അധികവും പിടിക്കപ്പെടുന്നത് ബാങ്കുകളിൽ എത്തുമ്പോൾ മാത്രമാണ്. എല്ലാ വർഷവും ബാങ്കുകൾ ഇത്തരത്തിൽ പിടിച്ചെടുക്കുന്ന കള്ളനോട്ടുകൾ കോടികൾ ആണ്. അത് എല്ലാ വർഷവും കൂടി കൂടി വരികയും ചെയ്യും. കേരളത്തിലെ തുറമുഖത്തു ഒരു കണ്ടൈനർ കള്ളനോട്ടുകൾ വന്നതും പിടിക്കപ്പെട്ടതും നമ്മൾ വാർത്തകളിൽ വായിച്ചിരുന്നല്ലോ. അത് പിടിക്കപ്പെട്ട ഒരെണ്ണം, അങ്ങനെ എത്ര എത്ര കണ്ടൈനറുകൾ പാകിസ്ഥാൻ പ്രിന്റഡ് കള്ളനോട്ടുകളും ആയി ഇന്ത്യയിലെ എത്ര എത്ര തുറമുഖത്തു വന്നു പോയിട്ടുണ്ടാവും എന്ന് ഊഹിച്ചു നോക്കൂ. ഈ കള്ളനോട്ടുകൾ ആണ് കശ്മീരിലെ തീവ്രവാദത്തിനും നക്സലിസത്തിനും മാവോയിസത്തിനും ഒക്കെ ഇന്ധനം ആവുന്നത്. കശ്മീരിലെ കലാപങ്ങൾ നോട്ട് നിരോധനം വന്നതോടെ ബ്രെക്ക് ഇട്ട പോലെ നിന്ന് എന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ആ കള്ളപ്പണം മാർക്കറ്റിൽ സർക്കുലേറ്റ് ചെയ്യുമെങ്കിലും ബാങ്കിൽ വരാൻ സാധ്യമല്ല. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫേക്ക് നോട്ട് ഡിറ്റക്ടറുകൾ ഇവ കണ്ടെത്തും എന്നതാണ് കാരണം. അപ്പോൾ റിസർവ്വ് ബാങ്കിന്റെ കണക്കിൽ പെടാത്ത, രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന , സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന കള്ളനോട്ടുകൾ ഒറ്റ അടിക്കു തന്നെ നമ്മുടെ സിസ്റ്റത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടും. അതാണ് ഈ നടപടി കൊണ്ട് ഉണ്ടാവുന്ന ഏറ്റവും വേഗത്തിൽ ഉള്ള ഫലപ്രദമായ ഗുണം. ഇനി മറ്റു സാദ്ധ്യതകൾ നോക്കാം..

ഒരാളുടെ കൈവശം നികുതി അടക്കാതെ, ശ്രോതസ്സ് വെളിപ്പെടുത്താത്ത , കണക്കിൽ കാണിക്കാത്ത 10 കോടിയോളം രൂപ ഉണ്ട് എന്ന് കരുതുക. അയാൾ ഇത്രയും നാൾ ഈ പണം കൊണ്ട് വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകളും വൻകിട ബിസിനസ്സുകളും ഒക്കെ നടത്തി ഇരട്ടിപ്പിച്ചു എടുത്ത തുക ആവാം അത്. അത് സൂക്ഷിച്ചിയ്ക്കുന്നത് ആയിരം, അഞ്ഞൂറ് നോട്ടുകൾ ആയിട്ടു തന്നെ ആയിരിക്കുമല്ലോ. അപ്പോൾ പുതിയ നിയമ പ്രകാരം അയാൾ ഡിസംബർ 31 നു മുൻപ് ഈ നോട്ടുകൾ ഒന്നുകിൽ ബാങ്കിൽ അടക്കണം അല്ലെങ്കിൽ നശിപ്പിച്ചു കളയണം..
ഈ തുക നശിപ്പിച്ചു കളയുന്നില്ല എന്ന് അയാൾ തീരുമാനിച്ചാൽ അയാൾക്ക് മുന്നിൽ പല വഴികൾ ഉണ്ട്. അത് ഒന്ന് നോക്കാം..

#പത്തു കോടി രൂപ എന്തായാലും നശിപ്പിക്കാതെ ബാങ്കിൽ അടക്കാനുള്ള റിസ്ക് എടുക്കാൻ ഒരു കള്ളപ്പണക്കാരൻ തയ്യാറാവുന്നത് ഈ സാധ്യത മുന്നിൽ കണ്ടാവും . പിടിക്കപ്പെട്ടാൽ പിഴ അടച്ചു ബാക്കി ഉള്ള തുക എത്ര ആയാലും അത് ഒന്നും കിട്ടാതെ നോട്ടുകെട്ടുകൾ ആയി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം നശിപ്പിച്ചു കളയുന്നതിലും ഭേദം ആയിരിക്കുമല്ലോ.  ഇനി ഭാഗ്യത്തിന് പിടിച്ചില്ല എങ്കിൽ പിൻവലിക്കാൻ അനുമതി കിട്ടുമ്പോൾ അത് പുതിയ കറൻസി ആയി പിൻവലിക്കുകയും ചെയ്യാം. ഈ തുക അത്രയും അയാൾ ബാങ്കിൽ അടച്ചു കഴിയുമ്പോൾ, ബാങ്കുകൾക്കുള്ള നിർദേശ പ്രകാരം ഈ റിപ്പോർട്ട് ഉടനെ ഇൻകം ടാക്സിനു കൈമാറുന്നു. ഉടനെ ഇൻകം ടാക്സ് വകുപ്പ് അയാളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തുന്നു. കൂടാതെ അയാളുടെ അക്കൗണ്ട് സംബന്ധമായ രേഖകൾ ലഭ്യമാക്കാൻ ബാങ്കുകൾക്കും നിർദേശം കൊടുക്കുന്നു. ശ്രോതസ്സ് കാണിക്കാത്ത പണം ആയത് കൊണ്ട് നിയമപ്രകാരം അതിലെ 5 കോടി പിഴയായി സർക്കാരിലേക്ക് കണ്ടു കെട്ടുന്നു. കൂടാതെ ബാക്കി 5 കോടിയുടെ 50% “ഗരീബ് കല്യാൺ യോജന’യിലേക്ക് പലിശ രഹിതമായ നിക്ഷേപം ആയും മാറ്റുന്നു. ബാക്കി ഉള്ള രണ്ടര കോടി രൂപക്ക് അയാൾ നിയമപ്രകാരമുള്ള സ്ലാബിൽ ടാക്സ് അടക്കണോ എന്നത് തീരുമാനമായിട്ടില്ല. അത് കൂടാതെ ഇൻകം ടാക്സ് ആക്ട് 1961 സെക്ഷൻ 127 പ്രകാരം മുൻ വർഷങ്ങളിലെ കൺസീൽഡ് ഇൻകത്തിന്റെ (നികുതി അടക്കാതെ മുൻ വർഷങ്ങളിലെ വരുമാനം ) രേഖകൾ കൂടി വേണമെങ്കിൽ ആദായ നികുതി വകുപ്പിന് ആവശ്യപ്പെടാം. അത് ഹാജരാക്കാൻ സാധിച്ചില്ല എങ്കിൽ അതിനും വേറെ പിഴ ഈടാക്കാൻ വകുപ്പുണ്ട്. എന്തായാലും അയാളുടെ കയ്യിലെ പണത്തിന്റെ 70% സർക്കാരിലേക്ക് വന്നു കഴിഞ്ഞു. അപ്പോൾ കള്ളപ്പണം ആയി വച്ചിരുന്ന ഈ തുക സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം , നമ്മുടെ കേരളം ധനമന്ത്രി ഐസക് സാർ ഒക്കെ പറയുന്ന പ്രകാരം ബാങ്കിൽ വരില്ല എന്ന് കരുതിയതാണ്. പക്ഷെ അത് ബാങ്കിൽ വന്നു കഴിഞ്ഞു. പക്ഷെ അതിന്റെ മുക്കാൽ പങ്കും സർക്കാർ എടുത്തു കഴിഞ്ഞു. ഒരിക്കലും ഈ പണം ബാങ്കിൽ വരാതെ നശിപ്പിച്ചു കളഞ്ഞാൽ ഒരുപക്ഷെ ഈ നികുതി ഇനത്തിൽ ജനോപകാരപ്രദമായ പദ്ധതികളിലേക്ക് വരേണ്ട വൻ തുക സർക്കാരിന് നഷ്ടപ്പെടുമായിരുന്നു. അപ്പോൾ ബാങ്കിൽ ഈ പണം വന്നു എന്നത് കൊണ്ട് കള്ളപ്പണം വെളുപ്പിച്ചു കഴിഞ്ഞു എന്ന് ഒരിക്കലും അർത്ഥം ഇല്ല.. ഇതൊക്കെ എല്ലാവര്ക്കും അറിയാം എങ്കിലും മോഡി വിരോധം തലക്ക് പിടിച്ചാൽ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കണ്ടേ ??

#അടുത്ത സാധ്യത എന്ന് പറയുന്നത്, ഈ 10 കോടി കണക്കില്ലാത്ത പണം അയാളുടെയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ ബിസിനസ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നതാണ്. അങ്ങനെ വരുമ്പോഴും ബാങ്കിൽ നിന്ന് ഉടനടി ഇൻകം ടാക്സ് വകുപ്പിന് വിവരം ലഭിക്കുകയും കമ്പനിയുമായി ബന്ധപ്പെട്ടവരെ വിളിപ്പിക്കുകയും ചെയ്യും. കമ്പനിയുടെ അക്കൗണ്ടിൽ വരുന്ന പണം വിൽപ്പനയിലൂടെ വന്ന വരുമാനം ആണെങ്കിൽ ആ വിൽപ്പന നടത്തിയ രേഖകൾ മുൻപുള്ള തീയതികളിൽ കാണിക്കേണ്ടി വരും. കൂടാതെ ഇത്ര വില്പന നടത്തണമെങ്കിൽ അതിനുള്ള പർച്ചേസ് മുൻ തീയതികളിൽ ഉണ്ടായിരിക്കണമല്ലോ. എന്നാൽ അല്ലേ അത് വില്പനയോ പ്രൊഡക്ഷനോ ആയി കാണിക്കാൻ സാധിക്കൂ.. അതിനു കഴിയാതെ വരും. കൂടാതെ ടേൺഓവറിനു വാറ്റ് നികുതി അടച്ചിട്ടുണ്ടാവണമല്ലോ. അതുമല്ല എങ്കിൽ മുൻ തീയതികളിലെ അക്കൗണ്ട് രേഖകളിൽ ഈ ബില്ലുകൾ ഔട്ട്സ്റ്റാൻഡിങ് ആയി എങ്കിലും കാണിച്ചിട്ടുണ്ടാവണം.. നോട്ട് പിൻവലിക്കൽ തീരുമാനം അപ്രതീക്ഷിതം ആയത് കൊണ്ട് ഇതൊന്നും യോജിക്കില്ല. അത് കൊണ്ടാണ് ഈ തീരുമാനത്തിലെ കാതൽ അതിന്റെ രഹസ്യാത്മകതയും അപ്രതീക്ഷിതമായ ഒരു തീരുമാനം ആയതു കൊണ്ടും ആണ് . അപ്പോൾ ധനമന്ത്രി തോമസ് ഐസക് സാർ പറഞ്ഞ പോലെ രണ്ടു മാസം സമയം കൊടുത്തു കൊണ്ട് ഒരു പ്രഖ്യാപനം നടത്തി എങ്കിൽ ഇതെല്ലാംവളരെ വിദഗ്ധമായി കൃത്രിമം കാണിച്ചു മാനിപ്പുലേഷൻ നടത്താൻ സാധിക്കുമായിരുന്നു. അങ്ങനെ ഒരു പെർഫെക്ട് സ്ക്രിപ്റ്റഡ് ആയ ഒരു കണക്കുമായായിരിക്കും എല്ലാവരും തയ്യാറെടുക്കുക. ഈ സാധ്യതയും അപ്പോൾ നികുതി വകുപ്പ് കണ്ടെത്തും എന്ന് ഉറപ്പാണ്. അപ്പോൾ വീണ്ടും മുകളിലെ പാരഗ്രാഫിൽ പറഞ്ഞ പോലെ പിടിച്ചെടുക്കുന്ന കള്ളപ്പണം വീണ്ടും 70% സർക്കാരിന്റെ കയ്യിൽ. ഇവിടെയും വരില്ല എന്ന് കരുതിയ പണം ബാങ്കുകളിൽ എത്തി.

#വേറെ സാധ്യത, കൈവശമുള്ള ആ പത്തു കോടി പലരുടെയും അക്കൗണ്ടുകളിലൂടെ ബാങ്കുകളിൽ നിക്ഷേപിച്ചു കൊണ്ട് പിന്നീട് പിൻവലിക്കാൻ സാധിക്കുന്ന സമയത്തു തിരിച്ചെടുക്കുക എന്ന ഒരു മാർഗ്ഗമാണ്. ഇതിൽ കുടുങ്ങാൻ പോകുന്നത് അതാത് അക്കൗണ്ട് ഉടമകൾ കൂടി ആയിരിക്കുമെന്ന് മാത്രം. വലിയ തുകകൾ അക്കൗണ്ടുകളിൽ വരുന്ന അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് ഉടനടി കണ്ടെത്തുകയും അവരെ വിളിപ്പിക്കുകയും ചെയ്യും. അക്കൗണ്ടിൽ വന്ന ഈ തുകക്ക് കണക്കു കാണിക്കാൻ സാധിക്കാതെ വരുന്ന പക്ഷം പണം കണ്ടുകെട്ടുക മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച കുറ്റത്തിന് ആദായ നികുതി വകുപ്പിലെ ചാർജുകൾക്ക് പുറമെ , നവംബർ ഒന്നിന് പുതുക്കിയ ബിനാമി ട്രാന്സാക്ഷന്സ് ആക്റ്റ് പ്രകാരംവും കേസ് ചാർജ്ജ് ചെയ്യുകയും ചെയ്യും. നവംബർ പത്താം തീയതി പണം അടച്ച അക്കൗണ്ട് ഉടമകൾക്ക് നവംബർ പതിനേഴാം തീയതി അതിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞു നോട്ടീസ് കിട്ടിയതായി മാധ്യമങ്ങളിൽ നമ്മൾ എല്ലാം വായിച്ചിരുന്നല്ലോ. അത്രയും വേഗത്തിൽ ആണ് ആദായനികുതി വകുപ്പും ബാങ്കുകളും സഹകരിച്ചു പ്രവർത്തിക്കുന്നത്. അത് കൊണ്ട് സമയം ലഭിക്കുമല്ലോ എന്ന് കരുതി ഇരിക്കുന്നവർ വിഡ്ഢികൾ ആണെന്നേ പറയാൻ കഴിയൂ. എന്തിനധികം കേവലം 50000 രൂപ മാത്രം അടക്കാൻ സാധിക്കുന്ന ജൻധൻ അക്കൗണ്ട് ഉടമകളെ തേടി കള്ളപ്പണക്കാർ അവരുടെ വീടുകളിൽ എത്തി അത് അക്കൗണ്ടിൽ നിക്ഷേപിച്ചു കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത കണ്ടെത്തിയതായി പത്രങ്ങൾ റിപ്പോർട് ചെയ്തല്ലോ. ജൻധൻ അക്കൗണ്ടുകൾ അതിനാൽ തന്നെ പ്രത്യേക നിരീക്ഷണത്തിൽ ആണ്.അത് അറിഞ്ഞു കൊണ്ട് തന്നെയാണ് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ആഴ്ച മൊറാദാബാദിൽ നടന്ന റാലിയിൽ പറഞ്ഞത്, “നിങ്ങളെ തേടി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് പണം വെളുപ്പിക്കാൻ എത്തുന്ന കള്ളപ്പണക്കാരനെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം ” എന്ന് പറഞ്ഞത്. . അപ്പോൾ ഈ സാധ്യത നോക്കിയാലും ഒരിക്കലും ബാങ്കുകളിൽ എത്തുകയില്ല എന്ന് കരുതുന്ന കള്ളപ്പണം ബാങ്കുകളിൽ എത്തും. പക്ഷെ അവസാനം അത് സർക്കാരിലേക്കാവും എന്ന് മാത്രം. അത് കൊണ്ട് തന്നെ ഒക്ടോബർ – നവംബർ മാസങ്ങളിൽ സാമ്പത്തിക നയങ്ങൾ സംബന്ധിച്ച പല നിയമനങ്ങളിലും കൂടുതൽ അമെൻഡ്മെന്റുകൾ വരുത്തുകയുണ്ടായി.

#കണക്കുകളിൽ കൃത്രിമം കാണിച്ച പ്രവാസികൾക്കും ഉണ്ട് സമ്മാനം. പ്രവാസികളുടെ NRI അകൗണ്ടുകളിൽ വരുന്ന പണത്തിന്റെ അത് എത്ര ആയാലും അതിനു ശ്രോതസ്സ് അഥവാ സോഴ്സ് കാണിക്കേണ്ട ആവശ്യമില്ല. പക്ഷെ നമ്മുടെ രാജ്യത്തു അതിന്റെ “Utilisation” നടന്നിട്ടുണ്ട് എങ്കിൽ അതിനു ആവശ്യമായ രേഖകൾ സൂക്ഷിക്കണം അത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും ചെയ്യണം.. ഉദാഹരണത്തിന് നിങ്ങളുടെ NRE അക്കൗണ്ടിൽ നിന്ന് 2 കോടി പിൻവലിച്ചിട്ടുണ്ട് എങ്കിൽ അത് എന്തിനു വേണ്ടി ആആണെന്നും അതിന്റെ രേഖകൾ എവിടെ എന്നും ചോദിക്കാനുള്ള അധികാരം വകുപ്പിനുണ്ട്. അപ്പോൾ പിൻവലിച്ച രണ്ടു കോടി സ്ഥലം വാങ്ങാൻ ആയിരുന്നു എന്ന് സത്യം പറഞ്ഞാൽ, അതിന്റെ ആധാരം കാണിക്കാൻ പറയും. ആധാരം നമ്മുടെ നാട്ടിൽ യഥാർത്ഥ വിലക്ക് രജിസ്റ്റർ ചെയ്യുന്ന പതിവ് ആർക്കും ഇല്ലല്ലോ..
അപ്പോൾ മിക്കവാറും ഒരു കോടി ആവും ആധാരത്തിൽ ഉണ്ടാവുക. അപ്പോൾ അണ്ടർ വാള്യൂ രജിസ്ട്രേഷന് പ്രവാസിക്ക് പിഴയും ബാക്കിയുള്ള ഒരു കോടിയുടെ കള്ളപ്പണത്തിന്റെ മേൽ സ്ഥലം വിറ്റ ഹതഭാഗ്യന്റെ പേരിലും നടപടി ഉണ്ടാവും. ഒരു പഴുതും ഉണ്ടാവില്ല.. അപ്പോൾ ഒരിക്കലും കിട്ടാത്ത ഒരു നികുതി വരുമാനവും, കണ്ടെത്താൻ സാധിക്കാതിരുന്ന ഒരു ക്രയവിക്രയത്തിലെ ക്രമക്കേടും കണ്ടെത്തുകയും ചെയ്തു.. എങ്ങനെ ഉണ്ട് ??

നോട്ട് നിരോധനം കൊണ്ട് ഗുണമില്ല എന്ന് കണക്കുകൾ നിരത്തി കാണിക്കുന്നവർക്ക് തന്നെ ചുറ്റും നടക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാം. നാട്ടിലെ റിയൽ എസ്റ്റേറ്റ് മാഫിയ ചലനമറ്റു പോകാനുള്ള പ്രധാന കാരണങ്ങൾ മുകളിൽ പറഞ്ഞത് തന്നെയാണ്. നിരോധിച്ച പണമെല്ലാം ബാങ്കിൽ തിരിച്ചെത്താൻ ഉള്ള ചില സാധ്യതകളും അതിന്റെ ഫലം എന്താവും എന്ന് നമ്മൾ ചർച്ച ചെയ്തല്ലോ. അപ്പോൾ ബാങ്കിൽ വരുന്ന പണമെല്ലാം “വെളുത്തതാണ് ” എന്ന് പറയാൻ ഒരു ധനമന്ത്രിക്ക് സാധിക്കും എങ്കിൽ അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള പ്രാവീണ്യം ഏതാണ്ട് പിടികിട്ടിയല്ലോ അല്ലെ. കള്ളപ്പണം പിടിക്കാൻ ഉണ്ടാക്കിയ ബൃഹത് പദ്ധതിയുടെ ഭാഗമാണ് പരിധി ഇല്ലാതെ പണം അകൗണ്ടുകളിൽ അടക്കാനുള്ള അനുമതിയും പക്ഷെ പിൻവലിക്കാൻ നിബന്ധനയും വച്ചിട്ടുള്ളത്. പണം അടക്കാനുള്ള സാധ്യത റിസ്ക് എടുത്താലും കള്ളപ്പണം സൂക്ഷിക്കുന്നവർ ഉപയോഗപ്പെടുത്താൻ വേണ്ടി തന്നെയാണ് അങ്ങനെ ഒരു ചൂണ്ട കൊളുത്തു വച്ചിരിക്കുന്നതും.

അടുത്ത നടപടികൾ…

നോട്ട് നിരോധനം കേവലം ആദ്യ പടി മാത്രമാണ്. തുടക്കം മാത്രം. അനധികൃത ഭൂമി ഇടപാടാണ് അടുത്തത് എന്ന് കരുതാം. ആദായ നികുതി വകുപ്പിന്റെ കണ്ണിൽ പൊടി ഇടാൻ വെറുതെ വീട്ടിൽ ഇരിക്കുന്ന അളിയന്റെ പേരിലും ചങ്ങാതിമാരുടേ പേരിലും എന്തിനു വീട്ടിലെ ജോലിക്കാരുടെ പേരിൽ പോലും ബിനാമി ഇടപാടിൽ കോടികളുടെ സ്ഥലം വാങ്ങി വച്ചിരിക്കുന്നവർ തയ്യാറായി ഇരുന്നോളൂ.. ഒരു വരുമാനവും ഇല്ലാത്ത ഒരാളുടെ പേരിൽ കോടികളുടെ സ്ഥലം കണ്ടെത്തി കഴിഞ്ഞാൽ അയാളുടെ ശിക്ഷ എന്താവും എന്ന് അറിയാമല്ലോ അല്ലേ… അനധികൃതമായി സമ്പാദിച്ച സ്വർണ്ണവും ഭൂമിയും എല്ലാം തേടി മോഡിയുടെ പട്ടാളം പടി കടന്നെത്തുന്ന ആ നാളുകൾ വിദൂരമല്ല എന്നും മനസ്സിലാക്കി കൊള്ളൂ.. ആർട്ടിഫിഷ്യൻ ഇന്റലിജൻസിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ ഉണ്ടാക്കുന്ന ഈ കാലത്തു, കണക്കിൽ പെടാത്ത പണം പിടിച്ചെടുക്കാൻ ആണോ ബുദ്ധിമുട്ട് എന്നാലോചിച്ചാൽ മതി വെറുതെ.. അപ്പോൾ കുറെ ഏറെ സംശയങ്ങൾ മാറിക്കിട്ടും. . എന്നിട്ട് ഇക്കണ്ട കാലം ഒന്നും പിടിച്ചു കണ്ടില്ലല്ലോ എന്ന് ചോദിച്ചാൽ ഇങ്ങനെ ഉത്തരം തരേണ്ടി വരും…

ഇച്ഛാശക്തി ഉള്ള തന്റേടത്തോടെ തീരുമാനം എടുക്കാൻ കരുത്തുള്ള ആകാശമിടിഞ്ഞു വീഴുന്നു എന്ന് പറയുമ്പോഴും തോളിൽ താങ്ങാൻ തയ്യാറാവുന്ന ഒരു ജനനായകൻ വേണമായിരുന്നു..അതിപ്പോൾ ഉണ്ട്… അത് ഇടയ്ക്കിടെ ഓർത്താൽ നന്ന്..

————————————-വിശ്വരാജ് വിശ്വ—————————————–

Poster Credits :Ratheesh Nandhanam..