അസ്തിത്വം പല്ലിളിക്കുമ്പോൾ

— ഷാബു പ്രസാദ് —

കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ സംഭവിച്ച രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തിയാൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണു സി.പി.എമ്മിന്റെ ആശയപരമായ ചുവടുമാറ്റം.കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരിക്കലും, ലോകത്തൊരിടത്തും ചിന്തിച്ചിട്ടുകൂടിയില്ലാത്ത വിട്ടുവീഴ്ചകളാണു ഇക്കാര്യത്തിൽ നമ്മുടെ സഖാക്കൾ കാട്ടിയിട്ടുള്ളത്‌.

ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ നൂറോളം വർഷത്തെ ചരിത്രമുണ്ട്‌..സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കി ആശയങ്ങൾ നടപ്പാക്കുക എന്ന നയമാണു 1948 വരെ അവരും വെച്ചു പുലർത്തിയിരുന്നത്‌.എന്നാൽ ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌ തങ്ങളുടെ വിപ്ലവസ്വപ്നങ്ങളുടെ മലർപ്പൊടികൾ കുഴിച്ച്‌ മൂടുക എന്ന ഒറ്റമാർഗ്ഗമേ അവർക്കുണ്ടായിരുന്നുള്ളു.സാങ്കേതികമായി ജനാധിപത്യത്തിനൊപ്പം നീങ്ങിയെങ്കിലും ആ ആട്ടിൻ തോലുകൾ ഭേദിച്ച്‌ വിദ്വേഷത്തിന്റെ ചെന്നായ്ച്ചൂരുകൾ പലപ്പോഴും പുറത്ത്‌ വന്നിട്ടുണ്ട്‌.

സമർപ്പിതരായ ചില നേതാക്കളുടേയും കുറേ കപടബുദ്ധിജീവികളാൽ ഹൈജാക്ക്‌ ചെയ്യപ്പെട്ട സമരചരിത്രങ്ങളുടേയും പിൻബലത്തിൽ കേരളം , ബംഗാൾ , ത്രിപുര എന്നിവടങ്ങളിൽ ആധിപത്യം നേടാൻ അവർക്ക്‌ കഴിഞ്ഞു. നല്ല നേതാക്കളുടെ തലമുറ അവസാനിക്കുകയും ആടിനെ പട്ടിയാക്കാൻ കഴിയുന്ന കപട താത്വികത മാധ്യമവിപ്ലവത്തിന്റെ കാലത്ത്‌ ഫലിക്കാതെ വരികയും ചെയ്തപ്പോൾ നിലനിൽപ്‌ തന്നെ അപകടത്തിലാകുന്ന ഒരു വലിയ പ്രതിസന്ധിയിലേക്കാണു കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ നീങ്ങിയത്‌.അവിടെയാണു അവർ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം തന്നയായ ആ നയത്തിനെ പുറത്തെടുത്തത്‌…ന്യൂനപക്ഷ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുക..

1960 കൾ മുതൽ തന്നെ അവർ വർഗ്ഗീയപ്രീണനം തുടങ്ങിയെങ്കിലും അത്‌ സാന്ദർഭികമായി, നിയന്ത്രിതമായി മാത്രമായിരുന്നു..ഇ.എം.എസ്സിനെപ്പോലുള്ള കുശാഗ്രബുദ്ധികൾക്ക്‌ അതെങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യണമെന്നുമറിയാമായിരുന്നു.1990 കളിൽ സദ്ദാം ഹുസ്സൈനെ പിന്തുണക്കുകയും മദനിയെ ഗാന്ധിജിയോട്‌ ഉപമിക്കുകയുമൊക്കെ ചെയ്യുമ്പോഴും ന്യൂനപക്ഷപ്രീണനത്തിന്റെ അപകടം തിരിച്ചറിഞ്ഞ്‌ അതിനെ കൈയ്യകലത്തിൽ നിർത്തിക്കൊണ്ട്‌ ,സി.പി.എമ്മിനു ഒരു മതനിരപേക്ഷതയുടെ വ്യാജ പ്രതിഛായ നിർമ്മിച്ചെടുക്കുന്നതിൽ അന്നത്തെ നേത്രുത്വം വിജയിച്ചിരുന്നു.

ഇ.എം.എസ്സ്‌, ഗോവിന്ദപ്പിള്ള, എം.എൻ.വിജയൻ തുടങ്ങിയ നേതാക്കളുടെ തലമുറ അസ്തമിച്ചതോടെ ദന്തഗോപുരവാസികളായ പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ, ജയരാജന്മാർ തുടങ്ങിയവരിലേക്കാണു സി.പി.എമ്മിന്റെ താക്കോലുകൾ എത്തിയത്‌.താത്വികമായ അറിവോ, ഭാവനയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ നേതൃനിരയാണു , ഒരുകാലത്ത്‌ ഇ.എം.എസ്സ്‌ അതിവിദഗ്ദ്ധമായി ഉപയോഗിച്ച ന്യൂനപക്ഷപ്രീണനമെന്ന ഫ്രാങ്കൻസ്റ്റീനെ കൂടുതുറന്ന് വിട്ടത്‌.

മുപ്പത്‌ കൊല്ലം ഭരിച്ച ബംഗാൾ എന്നന്നേക്കുമായി കൈവിട്ട്‌ പോവുകയും ,ഏതുനിമിഷവും നഷ്ടപ്പെട്ടേക്കവുന്ന അവസ്ഥയിൽ ത്രിപുര നിൽക്കുകയും ചെയ്യുമ്പോൾ , അവശേഷിച്ച കച്ചിത്തുരുമ്പായ കേരളത്തിൽ അവർക്ക്‌ ഇതേ മാർഗ്ഗമുണ്ടായിരുന്നുള്ളു എന്നതാണു വാസ്തവം. ന്യൂനപക്ഷങ്ങൾക്ക്‌ നിർണ്ണായക സ്വാധീനമുള്ള, മതശാസനകൾക്ക്‌ ജനാധിപത്യമൂല്യങ്ങളേക്കാൾ വിലകൽപ്പിക്കുന്ന മുസ്ലീം നേതൃത്വങ്ങളുള്ള കേരളത്തിൽ സി.പി.എമ്മിനു അതൊരു വലിയ പിടിവള്ളിയായി.ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സ്‌ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ മുസ്ലീം പ്രീണനങ്ങൾക്ക്‌ ചേക്കേറാൻ പറ്റിയ ചില്ലയായി സി.പി.എം മാറി.

അത്‌ മൂർത്തരൂപം പൂണ്ടത്‌ 2015 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുമാണു.രണ്ടിലും ന്യൂനപക്ഷപ്രീണനത്തിന്റെ ചിറകിലേറി ഇടതുപക്ഷം വിജയതീരമണഞ്ഞപ്പോൾ വിജയലഹരിയിൽ ആറാടിത്തിമിർത്ത പാർട്ടിക്ക്‌ തങ്ങൾ നേരിടാൻ പോകുന്ന ആ വലിയ അപകടം മുൻകൂട്ടി കാണുവാൻ കഴിഞ്ഞില്ല.

വിജയിച്ച ന്യൂനപക്ഷ പ്രീണനം എന്ന തന്ത്രത്തിനു മൂർച്ച കൂട്ടാൻ കടുത്ത ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾ കൂടി പാർട്ടി പുറത്തെടുക്കാൻ തുടങ്ങി.എത്രയോ കാലമായി ഭാരതത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഗോവധ നിരോധനം, ജെ.എൻ.യു വിൽ നടന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ ,ഭാരതാംബയേയും ഹിന്ദു ദേവതകളേയും വികൃതവൽക്കരിച്ച എം.എഫ്‌.ഹുസ്സൈന്റെ ആഭാസ സൃഷ്ടികൾ എന്നിവയൊക്കെ കേരളത്തിൽ സമരവൈകൃതങ്ങളായി. ഈ പ്രവർത്തികളിലൂടെ മുസ്ലീം ജനസാമാന്യത്തിനെ മുഴുവൻ പരിഹസിക്കുകയാണു സി.പി.എം ചെയ്തത്‌.ഹിന്ദു വിരുദ്ധതയും ദേശവിരുദ്ധതയും ചെയ്താലേ മുസ്ലീങ്ങൾ തങ്ങളെ പിന്തുണക്കൂ എന്ന ധാരണയിൽ ഇവർ കാട്ടിക്കൂട്ടിയതെല്ലാം സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീങ്ങളെയും പാർട്ടിയിൽ നിന്നും അകറ്റി.പകരം ഇതെല്ലാം നെഞ്ചേറ്റുന്ന എൻ.ഡി.എഫ്‌ തുടങ്ങിയ തീവ്ര വർഗ്ഗീയ പ്രസ്ഥാനങ്ങൾ സി.പി.എമ്മിന്റെ കുഴലൂത്തുകാരായി.തങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക്‌ ഇന്നവർ ഉപയോഗിക്കുന്നത്‌ പാർട്ടി മെഷിനറിയും പാർട്ടി ശക്തികേന്ദ്രങ്ങളുമാണു.ഐ.എസ്സിലേക്ക്‌ ഏറ്റവുമധികം റിക്രൂട്ട്‌മെന്റ്‌ നടന്ന ഒരു സ്ഥലം കണ്ണൂരാണു.തീവ്രവാദി ക്യാമ്പുകൾ കൈയ്യോടെ പിടിക്കപ്പെട്ട നാറാത്തും, കനകമലയും പാർട്ടിയുടെ നെടുങ്കോട്ടകളാണു.സോഷ്യൽ മീഡിയയിൽ പാർട്ടിക്ക്‌ വേണ്ടി നിരന്തരം വാദിക്കുന്നവരുടെ പശ്ചാത്തലങ്ങൾ മിക്കതും ഞെട്ടിക്കുന്നതാണു.

ഫലത്തിൽ , ഇപ്പോൾ സി.പി.എം തീവ്രവാദസംഘടനകളാൽ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണു.പാർട്ടി എത്തിപ്പെട്ട ഈ നിസ്സഹയാവസ്ഥയെപ്പറ്റി പിണറായി വിജയൻ ബോധവാനാണു.ഈ നിസ്സഹായാവസ്ഥ കാരണമാണ് തീ ഭീകരപ്രവർത്തന കേസിൽ കസ്റ്റഡിയിലായ മദനിയെ സംരക്ഷിക്കേണ്ട ഗതികേടിലേക്ക് അദ്ദേഹത്തെ എത്തിച്ചത്….പത്രക്കാരോടു കയർത്ത സംഭവവും അടുത്ത കാലത്തെ അദ്ദേഹത്തിന്റെ ശരീര ഭാഷയും എല്ലാം കാണിക്കുന്നത്‌ പ്രതീക്ഷ നശിച്ച ഒരു വിഷാദരോഗിയുടേതാണു.

ചുരുക്കമെങ്കിലും പരിണിതപ്രജ്ഞരായ മിക്ക കമ്മ്യൂണിസ്റ്റ്‌ സുഹൃത്തുക്കളും രഹസ്യമായെങ്കിലും സമ്മതിക്കുന്നതാണു ഇത്‌. കിട്ടുന്ന അവസരങ്ങളിലൊന്നും അവർ അമർഷം മറച്ച്‌ വെക്കാറുമില്ല.അതിന്ന് പാർട്ടിക്കുള്ളിൽ തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്എന്നാണു മനസ്സിലാക്കുന്നത്‌.അത്‌ മറയ്ക്കാനാണു കണ്ണൂരിലും തിരുവനതപുരത്തുമൊക്കെ ഇടക്കിടെ മനുഷ്യജീവനുകൾ കൊത്തിയരിയപ്പെടുന്നത്‌.

ന്യൂനപക്ഷ പ്രീണനമെന്ന ഭസ്മാസുരൻ എന്നാണിനി ഈ പാർട്ടിയെ ഒന്നാകെ വിഴുങ്ങുന്നത്‌ എന്ന് മാത്രമേ ഇനി അറിയാനുള്ളു. തങ്ങളെ തുറിച്ചുനോക്കുന്ന സർവ്വനാശത്തിന്റെ ഭീകരത കണ്മുമ്പിൽ പല്ലിളിക്കുമ്പോഴുള്ള ഭ്രാന്തമായ മാനസികാവസ്ഥയിൽ, ഇതൊക്കെ അവർക്ക്‌ ചെയ്തേ മതിയാകൂ..മരിക്കാൻ തുടങ്ങുന്നവന്റെ മരണവെപ്രാളം മാത്രമാണിത്‌ .