ഭീകരവാദികള്‍ ജാഗ്രതൈ – ഡോവല്‍ മോദിയുടെ സുരക്ഷാ ഉപദേഷടാവ്..

 എഴുതിയത് : എസ്. കെ ഹരിഹരൻ


juan-yanes-detective-salvaje
1988 ലെ കൊടും വേനലിലെ ഒരു സുപ്രഭാതം. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ കൈപ്പിടിയിലമര്‍ന്നു  പഞ്ചാബ് കത്തിയെരിയുന്ന കാലഘട്ടം.. പതിവ് പോലെ അന്നും അമൃത്സറിലെ  സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. തിരക്കിനിടയിലൂടെ ഒരു കുറിയ മനുഷ്യന്‍ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് കയറി, അയാളേ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത് അന്നത്തെ ഖാലിസ്ഥാന്‍ കമാണ്ടര്‍ സുര്‍ജിത് സിങ്ങ് പെന്റ. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ രണ്ടുപേരും കഠിനാധ്വാനത്തിലായിരുന്നു. മുന്നിശ്ചയിച്ച പോലെ പാക്കിസ്ഥാന്റെ ISI അയച്ച ആ ഓഫീസറുമായി ചേര്‍ന്ന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ്ണ ക്ഷേത്രത്തിനും ചുറ്റും, ബോബുകളും, ഗ്രനേഡുകളും സ്ഥാപിച്ചു. 1984 ല്‍ ഇന്ദിരാ ഗാന്ധി ചെയ്തപോലെ പട്ടാളത്തിനെ ഉപയോഗിച്ച് അവരെ തുരത്താന്‍ ശ്രമിച്ചാല്‍, സിഖുകാരുടെ പരിപാവനമായ സുവര്‍ണ്ണ ക്ഷേത്രം തന്നെ തകര്‍ത്തു കളയുക അത് വഴി പഞ്ചാബില്‍ മുഴുവന്‍ ഭീകരരുടെ രക്തരൂഷിത കലാപം അഴിച്ചുവിടുക , ഭാരത സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമായിരുന്നു ഖാലിസ്ഥാനികളുടെ ഉള്ളില്‍. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ഒത്തുതീര്‍പ്പുകള്‍ക്ക് വകവെക്കാതെ  സര്‍ക്കാര്‍, മെയ് 9നു, പോലീസ് ഓഫീസര്‍ KPS ഗില്ലിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ – 2 ആരംഭിച്ചു.പിന്നീട് നടന്നത് അതി ശക്തമായ കമാന്‍ഡോ ആക്രമണമായിരുന്നു. മെയ് 18നു അവസാനിച്ച ഓപ്പറേഷനില്‍, സുവര്‍ണ്ണ ക്ഷേത്രത്തിനു ഒരു പോറല്‍പോലുമേല്‍ക്കാതെ , 41 തീവ്രവാദികളെ വധിക്കുകയും, ബാക്കിയുള്ള 200ഓളം കൊടുംതീവ്രവാദികളെ ജീവനോടെ പിടിക്കുകയും ചെയ്തു. പക്ഷേ ആ സമയമെല്ലാം അവരുടെ കൂടെ ഉണ്ടായിരുന്ന ആ ISI ഓഫീസര്‍ കൊണ്ടുവന്ന ഒരു ബോംബു പോലും പൊട്ടിയില്ലെന്നു മാത്രമല്ല, ഓപ്പറേഷന്‍ കഴിഞ്ഞതോടെ ആ ഓഫീസര്‍ അവരുടെ ഇടയില്‍ നിന്നു തന്നെ സമര്‍ത്ഥമായി അപ്രത്യക്ഷനായി..

 

ajit_doval_20121029

 

ന്ന് നരേന്ദ്രമോദി തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (NSA) അജിത്ത് ഡോവലിനെ നിയമിച്ചു. അജിത്ത് ഡോവലിനെ നന്നായി അറിയുന്ന ഭാരതത്തിലെയും പുറത്തും ഉള്ള ചാര സംഘടനകളിലെ തലതൊട്ടപ്പന്‍മാര്‍ പോലും ചെറുതായി ഒന്നു ഞെട്ടിയ തീരുമാനം. ഇത്രയും നാള്‍ ലാഘവത്തോടെ വിദേശകാര്യവകുപ്പിലെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്ന ഡെല്‍ഹിയിലെ പതിവ് രീതി മാറുകയാണ്.

ആരാണ് അജിത്ത് ഡോവല്‍ ?

അന്ന് സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും കാണാതായ ആ ISI ഓഫീസര്‍ ആണ് പിന്നീട് ഇന്ത്യന്‍ രഹസ്യാന്വേഷണ സേനയുടെ തലവനായി റിട്ടയര്‍ ചെയ്ത അജിത് ഡോവല്‍ IPS, എന്ന കേരളാ കേഡര്‍ ഐ‌പി‌എസ് ഓഫീസര്‍. ഖാലിസ്ഥാനികളെ സഹായിക്കാന്‍ ബോബുകളുമായി വന്നിരുന്ന യഥാര്‍ത്ഥ ISI ഓഫീസറെ വഴിയില്‍ വെച്ചു പിടികൂടി , പകരക്കാരനായി, പൊട്ടാത്ത ബോംബുകളുമായി ഡോവല്‍ നേരിട്ട് പോവുകയായിരുന്നു . ഈ ധീരകൃത്യത്തിനു സമ്മാനമായി, ഇന്ത്യന്‍ പ്രസിഡന്റ് ആദ്യമായി കീര്ത്തി ചക്ര എന്ന സൈനിക ബഹുമതി  ഒരു പോലീസ് ഓഫീസറായ ഡോവലിന് നല്കി ആദരിച്ചു. ഡോവലിനെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഓപ്പറേഷന്‍ ഇതാദ്യമായിട്ടായിരുന്നില്ല, അതിനു മുന്പേ മിസോ നാഷനല്‍ ഫ്രണ്ടില്‍ നുഴഞ്ഞു കയറി, അവരില്‍ ഒരാളായി നിന്നു, അവരുടെ തന്നെ പല കമാന്‍ഡര്‍മാരെയും വകവരുത്തി, മിസോറാം ഇന്ത്യയോടു കൂട്ടിച്ചേര്‍ത്തതിനു പിന്നിലും ഡോവലിന്റെ കണിശതയാര്‍ന്ന നീക്കങ്ങളായിരുന്നു.

1968 ലെ IPS ബാച്ചില്‍ കേരളാ കേഡര്‍ ഓഫീസര്‍ ആയിട്ടായിരുന്നു തുടക്കം. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭക്ക് കരിനിഴല്‍ വരുത്താന്‍ മാര്‍ക്സിസ്റ്റ് കുടില ബുദ്ധിയില്‍ ഉദിച്ച 1971 ലെ തലശ്ശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കരുണാകരന്‍ അവിടത്തെ ASP ആയി അയച്ചത് ഡോവലിനെ ആയിരുന്നു. പിന്നീട് അധികം വൈകാതെ ഡോവല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ IB യില്‍ ചേര്‍ന്നു, വളരെ പെട്ടെന്നു തന്നെ  ഇന്ദിരാഗാന്ധിയുടേയും പ്രീതിനേടി. കശ്മീരിലെ പാകിസ്ഥാന്‍ പ്രേരിത തീവ്രവാദം  അടിച്ചമര്‍ത്തുന്നതില്‍ ഡോവല്‍ വഹിച്ച പങ്ക് സേനയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെട്ടവയാണ്. കാശ്മീരിലെ തീവ്രവാദികളെ അവരുടെ ഒളിത്താവളങ്ങളില്‍ ചെന്നു കണ്ടു അവരെ ഭാരതത്തിന്റെ ഭാഗത്തേക്ക് കൂറുമാറ്റി കൌണ്ടര്‍ ടെറര്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ വിദഗ്ധന്‍, 6 വര്‍ഷത്തോളം പാകിസ്താനില്‍ പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തെ സേനയിലെ ഐ‌എസ്‌ഐ സ്പെഷ്യലിസ്റ്റ് എന്നു അറിയപ്പെടാന്‍ ഇടയാക്കി. അദ്ദേഹത്തിന്റെ സാഹസിക നേട്ടങ്ങളില്‍ മറ്റൊന്നു പഞ്ചാബ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷന്‍ ആണ്. ഇന്ത്യന്‍ വിമാനം കണ്ടഹാറിലേക്ക് റാഞ്ചി കൊണ്ടുപോയപ്പോഴും സര്‍ക്കാര്‍ തീവ്രവാദികളുമായി വിലപേശുവാന്‍ അയച്ചത് ഡോവലിനെയായിരുന്നു . നേരിട്ടു പോയി താലിബാനികളുമായി വിലപേശി, 41 തീവ്രവാദികളെ വിടണം എന്ന അവരുടെ ആവശ്യം, മൂന്ന് തീവ്രവാദികള്‍ എന്നാക്കി കുറച്ചതിനു പിന്നിലും ഡോവലിന്റെ അനുഭവസമ്പത്തായിരുന്നു സഹായകമായത് .

05TH-opedW_G633S1NM_855805g 2005 ല്‍ ഐ. ബി യുടെ ഡയറക്ടറായി വിരമിച്ച ശേഷം 2009ല്‍ അദ്ദേഹം കര്‍ണാടക സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി. ഇതിനിടയില്‍ അന്തരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ മികവുറ്റ ലേഖനങ്ങള്‍ എഴുതി , ലോകം എമ്പാടുമുള്ള മികച്ച സര്‍വകലാശാലകളില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചു സെമിനാറുകള്‍ , ക്ലാസ്സുകള്‍ എന്നിവ നടത്തിവന്നു. ഡെല്‍ഹിയിലെ  പ്രമുഖ ബൌദ്ധിക കേന്ദ്രമായ വിവേകാന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ (VIF) ഡയറക്ടറായി ചുമതല വഹിച്ചുവരികയായിരുന്നു . ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രക്ഷാധികാരിയായ, ടോക്കൊയോവിലെ JNIF ഉമായി ചേര്‍ന്ന്, ഡോവലിന്റെ നേതൃത്വത്തിലുള്ള  VIF, ഇന്ത്യാ- ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരു പ്രത്യേക രൂപരേഖ തന്നെ തയ്യാറാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നൃപേന്ദ്ര മിശ്രയും, ഈ ദൌത്യത്തിന്റെ ഭാഗമായിരുന്നു.

ഡോവലിന്റെ മുന്നിലുള്ള പ്രധാന ദൌത്യം, ഭാരതത്തെ ഗ്രസിച്ചിരിക്കുന്ന സകല വിധത്തിലുമുള്ള തീവ്രവാദ ശൃംഖലകളെയും വേരോടെ പിഴുതെറിയുക എന്നത് തന്നെയാവും. ഡോവല്‍ കേരള കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു എന്നത് മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ വക നല്കുന്നു. അതേ സമയം, ഇന്ത്യയിലെ തീവ്രവാദികളുടെ ഖജനാവ് എന്നറിയപ്പെടുന്ന കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനവും , മാറാട് കലാപത്തിലെ പാകിസ്ഥാന്‍ ബന്ധം മുഖ്യമന്ത്രി ഇടപെട്ട് ഒതുക്കി എന്ന മുന്‍ അന്വേഷണോദ്യാഗസ്ഥന്റെ വെളിപ്പെടുത്തലും, പാക് തീവ്രവാദി മൂന്നാറില്‍ ഒളിച്ചു താമസിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ട് പിടിക്കപ്പെടാതെ ഇരുന്നതുമെല്ലാം ഡോവലിന്റെ പുതിയ ദൌത്യത്തില്‍ കേരളം ഒരു മുഖ്യ ഘടകം ആവും എന്ന കാര്യത്തില്‍ സംശയമില്ല . മാത്രമല്ല പ്രധാന മന്ത്രി നരേന്ദ്രമോദി വടക്കേ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കേരളത്തെ തീവ്രവാദികളുടെ നേഴ് സറി എന്നു വിളിച്ചതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ തീവ്രവാദ കൂട്ടുകെട്ടിന് ഭയക്കാനേറെയുണ്ട് എന്നു തീര്‍ച്ച.

Ref:

1. http://www.thehindu.com/opinion/lead/inside-the-culture-of-covert-killing/article5674426.ece

2. http://www.livemint.com/Politics/plReuMjdnZnvyuol1ASHqN/NSA-frontrunner-Ajit-Doval-will-have-his-hands-full.html

3. http://www.thenewsminute.com/stories/NSA%20Ajit%20Doval%20%E2%80%93%20The%20Hero%20Who%20Came%20In%20From%20The%20Cold#.U4icoXK2w_B

ശ്രീ. ഡോവല്‍ തീവ്രവാദത്തെക്കുറിച്ച് 2014 ഫെബ്രുവരിയില്‍ ശാസ്ത്ര യൂണിവേര്‍സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണം.

https://www.youtube.com/watch?v=DuSNC7qZwi0