അടിയന്തിരാവസ്ഥ 1975 – ജൂണ്‍ 25 : ഓർമ്മകൾ ഉണ്ടായിരിക്കണം

unnamed (4) - Copy

 

— എം. രാജശേഖര പണിക്കര്‍ — 

ഇന്ദിരാഗാന്ധിയുടെ ജനാധിപത്യധ്വംസനത്തിന്‍റെ 40-ാം വര്‍ഷം- അടിയന്തരാവസ്ഥക്കെതിരെ പൊരുതി മരിച്ചവര്‍ക്കും മരിച്ചു ജീവിക്കുന്നവര്‍ക്കും വേണ്ടി നമുക്കീ ദിവസം മറക്കാതിരിക്കാം 

ജൂണ്‍ 25 ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനമാണ്. നാല്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1975ല്‍ ഒരു ജൂണ്‍ 25-ാംതീയതി അര്‍ദ്ധരാത്രിയിലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. ആ കരിനിയമങ്ങളുടെയും അതിന്‍റെ മറവില്‍ നടമാടിയ പൈശാചികതാണ്ഡവത്തിന്‍റെയും തിക്താനുഭവങ്ങള്‍ പേറി മരിച്ചവര്‍ ഏറെ, മരിച്ചു ജീവിക്കുന്നവര്‍ അതിനെക്കാള്‍ ഏറെ! അവരില്‍ ചിലര്‍ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെയിടയില്‍ ഇന്നുമുണ്ട്. മരണം മുന്നില്‍കണ്ട് അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിന്ന് ജനാധിപത്യത്തെ കാത്തുസൂക്ഷിച്ചവരാണവര്‍. അതുകൊണ്ടുതന്നെ ആ ദിനം നാം മറന്നുകൂടാ.

 Emergency

 

 

 

 

 

 

 

കമ്യൂണിസ്റ്റുകാരനായ ചേലാട്ട് അച്യുതമേനോന്‍ മുഖ്യമന്ത്രിയായും ഇന്ദിരാഗാന്ധിയുടെ വിനീതവിധേയന്‍ കെ. കരുണാകരന്‍ അഭ്യന്തരമന്ത്രിയായും ഒന്നിച്ചുവന്ന മാരകമായ ഒരു കൂട്ടായ്മയില്‍ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ അഴിഞ്ഞാടിയ നരമേധത്തിന് സമാനതകളില്ലായിരുന്നു. കേരളത്തില്‍ മിസ പ്രകാരം ജയില്‍വാസമനുഭവിച്ചവര്‍ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരം 790 പേരും ഡിഐആര്‍ അനുസരിച്ച് 7134 പേരു മാണ്. പീഡനങ്ങള്‍ക്കുശേഷം അറസ്റ്റു രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാത്തവരുടെ സംഖ്യ അതിനെക്കാള്‍ എത്രയോ കൂടുതല്‍. മര്‍ദ്ദന ഭീകരതയില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇന്ദിരാ ഗാന്ധി “കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ”വരാണ്. 

അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ അക്കൂട്ടത്തിലൊരാളായ വൈക്കം ഗോപകുമാറിനെക്കുറിച്ച് മലയാളം വാരിക എഴുതി: “ശരീരത്തിനേറ്റ മൊത്തം ക്ഷതങ്ങള്‍ക്കും പരിക്കുകള്‍ക്കും അടിയന്തരാവസ്ഥക്കുശേഷം അഞ്ചുവര്‍ഷത്തോളം പഞ്ചകര്‍മചികിത്സ നടത്തി. അങ്ങനെയാണ് ശരീരം വീണ്ടെടുത്തത്.” അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാംവാര്‍ഷികം നാടൊട്ടുക്ക് ജനാധിപത്യ സംരക്ഷണത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് ആചരിക്കുന്ന സമയത്ത്02 (1) എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗോപകുമാര്‍ ഒരു മേജര്‍ ഓപ്പറേഷനു വിധേയനാവുകയായിരുന്നു. ആ ഓപ്പറേഷനില്‍ അദ്ദേഹത്തിന്‍റെ വൃഷണസഞ്ചികള്‍ നീക്കം ചെയ്തു. “ക്യാമ്പില്‍ വച്ച് ഗോപിനാഥന്‍ നായര്‍ (മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരന്‍) എന്നിലൊരു പുതിയ പരീക്ഷണം നടത്തി; ശാരീരിക പീഡനത്തില്‍ ഒരു പുതിയ രീതി. അദ്ദേഹം എന്‍റെ ലിംഗവും വൃഷണവും കൂട്ടിപ്പിടിച്ച് വലിച്ചിഴച്ചു. അടിയന്തിരാവസ്ഥക്കുശേഷം ഒരുപാട് ശാരീരിക പ്രശ്നങ്ങള്‍ക്ക് അത് കാരണമായി. ആയുര്‍വേദവും പാരമ്പര്യവൈദ്യവുമെല്ലാം പരീക്ഷിച്ചശേഷം ഒടുവില്‍ അത് നീക്കം ചെയ്തു. അത് അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുന്ന സമയത്തായിരുന്നു എന്നൊരു കൗതുകമുണ്ട്,” നിസംഗത മുഖത്തു നിഴലിച്ച ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.” (പീഡനമുറിയിലെ പതിനാറു ദിനങ്ങള്‍, മലയാളം വാരിക, നവമ്പര്‍ 2005)

ആലപ്പുഴ ജില്ലയില്‍ RSS പ്രചാരകനായിരിക്കുമ്പോഴാണ് മുപ്പാലത്തിനടുത്ത് ആര്‍എസ്എസുകാരെ ‘കൈകാര്യം’ ചെയ്യാനായി തുടങ്ങിയ കൗസ്തുഭം ക്യാമ്പില്‍ 1976 ആഗസ്റ്റ് 1-ാം തീയതി കെ.പി. ഗോപകുമാറിനെ കൊണ്ടുവന്നത്. യുത്തു കോണ്‍ഗ്രസുകാരായിരുന്നു ഒറ്റുകാര്‍. ബസ് സ്റ്റാന്‍റില്‍വച്ചാണ് പിടിയിലായത്. കള്ളനോട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെയാണ് അറസ്റ്റു ചെയ്യുന്നതെന്നാണ് ഓടിക്കൂടിയ പൊതുജനങ്ങളോടു പോലീസ് പറഞ്ഞത്. അവിടംമുതല്‍ രണ്ടാഴ്ചക്കാലത്തോളം അടിയന്തരാവസ്ഥയുടെ ഏറ്റവും പൈശാചികമായ മര്‍ദ്ദനമുറകളുടെ പരീക്ഷണങ്ങളെല്ലാം ആ ശരീരത്തില്‍ നടത്തി. ഡബിള്‍ ആക്ഷന്‍, ഉരുട്ടല്‍, ചൂരല്‍, ലാത്തി, ഇടി, തൊഴി ചവിട്ട്, കസേരയിരുത്ത്, കണ്‍ഠത്തില്‍ ക്ലിപ്പിടല്‍, പ്ളെയ്ന്‍, കാവടിയാട്ടം തുടങ്ങിയ എല്ലാ മുറകളും. ജയപ്രകാശ്, ഗോപിനാഥന്‍ എന്നീ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ആ താണ്ഡവം. ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ കത്തുകളുടെ ഉറവിടത്തെക്കുറിച്ചാണ് പ്രധാന ചോദ്യം ചെയ്യല്‍. മൂഴിയാര്‍ ബോംബു കേസ് ഗോപകുമാറിന്‍റെ തലയില്‍ കെട്ടിവയ്ക്കാനൊരു ശ്രമവുമുണ്ടായി. മര്‍ദ്ദനത്തിന്‍റെ ആഘാതത്തില്‍ ശരീരം തകര്‍ന്നു നീരുവച്ച ഗോപകുമാറിനെ എടുത്തു കിടത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്. 1976 ആഗസ്റ്റ് 12ന് കണ്ണാട്ടു പുരയിടം എന്ന സ്ഥലത്തുവച്ചു അറസ്റ്റു ചെയ്തു എന്ന കള്ളരേഖയുണ്ടാക്കി പിറ്റെദിവസം മിസപ്രകാരം തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോയി. 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം ജയിലില്‍ അവശേഷിച്ചിരുന്ന ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരോടൊപ്പം ഏറ്റവും ഒടുവിലാണ് ഗോപകുമാര്‍ ജയില്‍ മോചിതനായത്. അദ്ദേഹം ഒളിവില്‍ താമസിച്ചിരുന്ന വീട്ടുടമസ്ഥന്‍ നീലകണ്ഠനെയും പോലീസ് വെറുതെ വിട്ടില്ല.

വൈക്കം ക്ഷേത്രത്തിനു സമീപമുള്ള ഗോപകുമാറിന്‍റെ കൊട്ടാരത്തില്‍ വീട് ചരിത്ര പ്രാധാന്യ മുള്ളതാണ്. മാര്‍ത്താണ്ഡ വര്‍മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ച നാരായണന്‍ നായര്‍ ഗോപകുമാറിന്‍റെ പൂര്‍വികനായിരുന്നു. ദേശത്തിനുവേണ്ടി ബലിദാനം നല്‍കിയ ആ വീരപുരുഷന്‍റെ തലമുറക്ക് മാര്‍ത്താണ്ഡ വര്‍മ പണി കഴിപ്പിച്ചു നല്‍കിയ വീടാണിത്. അമ്മയുടെ അമ്മാവന്‍ അഡ്വ. വൈക്കം എസ്. രാമന്‍പിള്ള വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. സത്യഗ്രഹകാലത്ത് അനേകം ദേശീയ നേതാക്കളും സത്യാഗ്രഹികളും അവിടെ താമസിച്ചിരുന്നു.. അടിയന്തരാവസ്ഥയുടെ 40 വര്‍ഷങ്ങള്‍ ആവുമ്പോള്‍ കൊട്ടാരത്തില്‍ വീട് ഗോപകുമാറിന്‍റെ ശരീരം പോലെ കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. ഓടെല്ലാം ഇളകിപ്പോയി. വെള്ളമിറങ്ങാതിരിക്കാന്‍ പ്ലാസ്റ്റിക് പൊതിഞ്ഞിരിക്കുന്നു. പല കഴക്കോലുകളും ദ്രവിച്ചുവീണു. അകത്തിരുന്നാല്‍ ആകാശം കാണാം. “ഇനിയിത് പൊളിച്ചു കളയുകയെ നിവര്‍ത്തിയുള്ളൂ. 120 വര്‍ഷമാണ് വീടിന്‍റെ ആയുസ്. മനുഷ്യനെപ്പോലെ. നന്നാക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം,” ഗോപകുമാര്‍ പറഞ്ഞു. വീടിന്‍റെ ഇറയത്ത് വലിയ കന്നാസുകള്‍. അതിലാണ് തമിഴ്നാട്ടില്‍നിന്ന്
കഷായം കൊണ്ടുവരുന്നത്. ചെന്നെയില്‍ ശങ്കരന്‍ കോവിലിനടുത്തുള്ള ഒരു സിദ്ധവൈദ്യന്‍റെ ചികിത്സയാണ്. കര്‍മകാണ്ഡം അനുഭവിച്ചുതീര്‍ക്കാന്‍ ഗോപകുമാര്‍ മനസിനെ പാകപ്പെടുത്തിയിരിക്കുന്നു. സമാനമായ സാഹചര്യത്തിലോ അതിലും മോശമായ സാഹചര്യത്തിലോ ഇന്നും അവശേഷിച്ചിരിക്കുന്ന അനേകംപേരുടെ ഒരു പ്രതിനിധി മാത്രമാണ് ഗോപകുമാര്‍.

എന്തുകൊണ്ട് അടിയന്തരാവസ്ഥ? സാമ്പത്തികവിദഗ്ധനും പത്രപ്രവര്‍ത്തകനുമായ എസ്.ഗുരുമൂര്‍ത്തി എഴുതിയത് അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ജെപി എന്നറിയപ്പെട്ടിരുന്ന ജയപ്രകാശ് നാരായണ്‍, ഇന്ത്യന്‍ എക്സ്പ്രസ്പത്ര ഉടമയായ രാംനാഥ് ഗോയങ്ക,സ്വാതന്ത്ര്യസമരസേനാനിയും മുന്‍ സോഷ്യലിസ്റ്റുമായ അച്യുത് പട്വര്‍ദ്ധന്‍, ജ്ഞാനപീഠജേതാവും കവിയുമായ രാംധാരിസിംഗ് ദിനകര്‍, ആര്‍എസ്എസിന്‍റെ മുതിര്‍ന്ന പ്രചാരക് നാനാജി ദേശ്മുഖ് എന്നിവര്‍ എഴുപതുകളിലൊരു നാള്‍

Mr. Jayaprakash Narayan

ബംഗളൂരുവിലെ ഇന്ത്യന്‍ എക്സ്പ്രസ് ഗസ്റ്റ് ഹൗസില്‍ ഒത്തുപേര്‍ന്നു. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനും നീതിന്യായസംവിധാനങ്ങളുടെ ധ്വംസനത്തിനും അഴിമതിക്കുമെതിരെ സമ്പൂര്‍ണവിപ്ളവത്തിന് ജെപി നേതൃത്വം നല്‍കണമെന്നഭ്യര്‍ഥിക്കാനായിരുന്നു യോഗം. തന്‍റെ ആരോഗ്യനില പരിഗണിച്ച് ജെപി മടിച്ചു. മറ്റൊരു പേരും ആരുടെ മനസിലും ഉണ്ടായിരുന്നുമില്ല. എന്താ യാലും തീരുമാനങ്ങള്‍ പാതിവഴിയിലാക്കി അവര്‍ താല്‍ക്കാലികമായ ഒരു മാറ്റമെന്ന നിലയില്‍ തിരുപ്പതി ദര്‍ശനത്തിനു പുറപ്പെട്ടു. വഴിയിലുടനീളം ചര്‍ച്ചകള്‍ തുടര്‍ന്നു. ജെപി വഴങ്ങിയില്ല. തിരുപ്പതി ദര്‍ശനത്തിനിടയില്‍ രാംധാരിസിംഗ് ദിനകറുടെ ഉറക്കെയുള്ള പ്രാര്‍ഥന ഏവരേയും ഞെട്ടിച്ചു. “ഈശ്വരാ, എന്‍റെ ജീവിതത്തില്‍ അവശേഷിക്കുന്ന ആയുസു മുഴുവന്‍ ജെപിക്കു കൊടുത്തു മാതൃഭൂമിക്കുവേണ്ടിയുള്ള അദ്ദേഹ ത്തിന്‍റെ പോരാട്ടത്തില്‍ സഹായിക്കാന്‍ ശക്തിയേകണേ.” 

തിരിച്ച് മദ്രാസിലുള്ള ഗോയങ്കയുടെ വീട്ടിലെത്തിയതോടെ പ്രാര്‍ഥനയുടെ പ്രതിഫലനമെന്നോണം ദിനകര്‍ കുഴഞ്ഞുവീണു മരിച്ചു. ഈശ്വരേച്ഛ പ്രകടമായ ആ ധര്‍മസമരത്തിന് നേതൃത്വം കൊടുക്കാന്‍ ജെപി പിന്നെ മടിച്ചില്ല. രാം ലീല മൈതാനത്ത് ലക്ഷക്കണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. അവര്‍ രാംധാരിസിംഗ് ദിനകറിന്‍റെ കവിത ആലപിച്ചു, “സിംഹാസനങ്ങള്‍ ഒഴിയു, ജനങ്ങള്‍ വരുന്നു.” ജെപി സമ്പൂര്‍ണവിപ്ലവത്തിന് ആഹ്വാനം ചെയ്തത് അന്നാണ്. 1975 ലെ അടിയ ന്തരാവസ്ഥയിലേക്കും 1977ലെ ഇന്ദിരയുടെ വീഴ്ചക്കും കാരണമായത് ഈ നിര്‍ണായക തീരുമാനമായിരുന്നു. (തന്‍റെ മരണശേഷമേ പുറത്തറിയാവു എന്ന നിബന്ധനയില്‍ നാനാജിയാണ് ഈ സംഭവം ഗുരുമൂര്‍ത്തിയോട് പറഞ്ഞത്. അദ്ദേഹത്തിന്‍റെ മരണശേഷം ഗുരുമൂര്‍ത്തി ഇത് രേഖപ്പെടുത്തുകയും ചെയ്തു.)

 

സമ്പൂര്‍ണവിപ്ളവത്തിന്‍റെ ആഹ്വാനശേഷം ജെപി ജനകീയബോധവല്‍ക്കരണത്തിനായി യാത്ര തുടങ്ങി. യുവജനങ്ങളും വിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തിന്‍റെ ഭാഗമായി. ആ കാലത്താണ് രാജ്നാരായണന്‍റെ ഒരു പരാതിയെത്തുടര്‍ന്ന് ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പു അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തത്.. പിന്നാലെ വന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിയെ ജനങ്ങള്‍ തിരസ്കരിക്കുകയും ചെയ്തു. എല്ലാം ചേര്‍ന്ന് ഭയചകിതയായ ഇന്ദിരാഗാന്ധി 1975 ജൂണ്‍ 26ന് emergency-declarationഅടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയുടെ 352-ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള ഇന്ദിരയുടെ കത്തില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒപ്പുവച്ചതോടെ ഏഴ് മൗലികാവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ നാടിനു നല്ലതാണെന്നും, വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നും പ്രഖ്യാപനമുണ്ടായി. പക്ഷെ വിപരീതഫലമായിരുന്നു. വില കുതിച്ചുകയറി, ബോണസുള്‍പ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചു. ഒരു നന്മയും ഉണ്ടായില്ല. ദേശീയ നേതാക്കളില്‍ പലരേയും തുറുങ്കിലടച്ചു. ജയപ്രകാശ് നാരായണ്‍, മോറാര്‍ജി ദേശായ്, അടല്‍ ബിഹാരി വാജ്പേയ്, ചന്ദ്രശേഖര്‍, ചരണ്‍ സിംഗ്, രാജ് നാരായണ്‍, മധു ലിമായെ, ലാല്‍ കൃഷ്ണ അദ്വാനി, വിജയലക്ഷ്മി പണ്ഡിറ്റ്, ആചാര്യ കൃപലാനി തുടങ്ങിയ 1000ലധികം ദേശീയ നേതാക്കളെ ജയിലിലാക്കി. ആര്‍എസ്എസ് പോലുള്ള അനേകം സംഘടനകളെ നിരോധിച്ചു. മിസ, ഡിഐ ആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിനാളു കളെ ജയിലിലാക്കി. കോടതികളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് സ്വേച്ഛാധിപത്യം നടപ്പാക്കി. ചിന്താ സ്വാതന്ത്ര്യം, അഭിപ്രായസ്വാത ന്ത്ര്യം, പ്രവര്‍ത്തനസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവ എടുത്തുമാറ്റി. 2500-ഓളം ദേശീയ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അവയുടെ സ്വത്തും കണ്ടുകെട്ടി. കുല്‍ദിപ് നയ്യാര്‍, മല്‍ക്കാനി, വര്‍ഗീസ് എന്നീ പത്രപ്രവര്‍ത്തകരെ തടവിലാക്കി.

HR Khanna

ജെപിയെ അറസ്റ്റു ചെയ്യു മ്പോള്‍ അദ്ദേഹം പറഞ്ഞു, “വിനാശകാലേ വിപരീത ബുദ്ധി”. ഒരു പ്രവചനംപോലെ അത് ഇന്ദിരയുടെ പതനത്തിലേക്ക് നയിച്ചു എന്നത് പില്‍ക്കാല ചരിത്രം.
ജയപ്രകാശ് നാരായണന് തടവറയില്‍ വേണ്ടത്ര ചികിത്സാസൗകര്യങ്ങള്‍ നല്‍കിയില്ല. 1975 നവമ്പര്‍ 5-ാം തീയതി അദ്ദേഹത്തിന്‍റെ രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. മൃതപ്രായനായ ജെപിയെ കാരാഗ്രഹത്തില്‍ വച്ചു മരിച്ചു എന്ന അപഖ്യാതി ഒഴിവാക്കാന്‍ മോചിപ്പിച്ചു. ഡയാലിസിസിന്‍റെ ബലത്തിലായിരുന്ന പിന്നീട് ജെപിയുടെ ജീവിതം. ചീഫ് ജസ്റ്റിസ് എ.എന്‍.റേ, ജഡ്ജിമാരായ എച്ച്.ആര്‍. ഖന്ന, എം.എച്ച് ബേഗ്, വൈ.ബി. ചന്ദ്രചൂഡ്, പി.എന്‍. ഭഗവതി എന്നിവര്‍ ജഡ്ജിമാരായിരുന്ന സുപ്രീംകോടതിയുടെ ഫുള്‍ ബഞ്ചില്‍ എച്ച്.ആര്‍.ഖന്ന ഒഴിച്ച് ബാക്കി നാലു പേരും അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി വിധി എഴുതി. അന്നത്തെ അറ്റോര്‍ണി ജനറല്‍ നിരണ്‍ ഡേയോട് ഖന്ന ചോദിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തി വിരോധത്തിന്‍റെ പേരില്‍ സാധാരണക്കാരനായ ഒരു മനുഷ്യനെ വെടിവച്ചുകൊന്നാല്‍ കോടതിക്ക് ഇടപെടാമോ? “അങ്ങയേയും എന്നെയും ഞെട്ടിപ്പിക്കുന്നതായിരിക്കും എന്‍റെ ഉത്തരം!” എന്നായിരുന്നു നിരണ്‍ ഡേയുടെ മറുപടി. അതുകേട്ട ഖന്ന വിയോജനക്കുറിപ്പ് എഴുതി. അമേരിക്കന്‍ പത്രമായ ന്യൂ യോര്‍ക്ക് ടൈംസ് അന്ന് മുഖപ്രസംഗമെഴുതി. “ജനാധിപത്യ ത്തിന്‍റെ ഔന്നത്യം പേറുന്ന ഇന്‍ഡ്യയില്‍ ഉയര്‍ത്തപ്പെടുന്ന ഏറ്റവും വലിയ ജനാധിപത്യ സ്മാരകമായിരിക്കും ജസ്റ്റീസ് ഖന്ന. ജനാധിപത്യബോധമുള്ള ഏതെങ്കിലും ഒരു പൗരന്‍ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുവാന്‍ ഒരു സ്മാരകം പടുത്തുയര്‍ത്തും. അമേരിക്കയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍ ജസ്റ്റീസ് ഖന്ന വിധി എന്നായിരിക്കും അതിന്‍റെ കോടതിനാമം.” വിയോജനക്കുറിപ്പിന്‍റെ പേരില്‍ ഖന്ന അടിയന്തിരാവസ്ഥ കഴിയുന്നതുവരെ പീഡനങ്ങള്‍ക്കിരയായി എന്നത് മറ്റൊരു ചരിത്രം..

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുമുതല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനെതിരെ എതിര്‍പ്പുകളും ആരംഭിച്ചു. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ കെ.എഫ്.നരിമാനും നിയമോപദേഷ്ടാവ് എന്‍.എ.പല്‍ക്കി വാലയും അവരുടെ സ്ഥാനങ്ങള്‍ രാജിവച്ചു. “സന്ന്യാസിയായ തനിക്ക് ജനകീയസ്വാതന്ത്ര്യമെന്ന ഭിക്ഷ നല്‍കണ”മെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ പ്രധാനമന്ത്രിക്കെഴുതി. ജൂലായ് 26ന് രാത്രി 9.15നും 9.30നുമിടയില്‍ ഭാരതമെങ്ങും ഒരേസമയം മണിനാദം മുഴക്കി പ്രതിഷേധിച്ചു. പ്രതിപക്ഷം ഭരിച്ചിരുന്ന തമിഴ് നാട്ടിലും ഗുജറാത്തിലും നടന്ന കൂറ്റന്‍ പ്രതിഷേധ റാലികളില്‍ അവിടുത്തെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു.  തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധപ്രകടനമുണ്ടായി. ഇത് ജില്ലാ തലസ്ഥാനങ്ങളിലും ആവര്‍ത്തിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി, വിമത ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ നേതാക്കളും എംപിമാരും സര്‍വോദയ നേതാക്കളും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. ജൂലായ് 11ന് സംസ്ഥാനവ്യാപകമായി ബന്ദു നടന്നു. എംപിയായിരുന്ന എ.കെ.ഗോപാലന് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റു.  അടിയന്തരാവസ്ഥാവിരുദ്ധ സമരം നയിക്കുന്നതിന് മോറാര്‍ജി ദേശായി പ്രസിഡന്‍റും നാനാജി ദേശ്മുഖ് സെക്രട്ടറിയും അശോക മേത്ത ട്രഷററും ജനസംഘം, സംഘടന കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ബിഎല്‍ഡി, സര്‍വസേവാസംഘം എന്നീ സംഘടനകളുടെ നേതാക്കള്‍ അംഗങ്ങളുമായി ലോകസംഘര്‍ഷ സമിതി രൂപീകരിച്ചു. നാനാജിയെ അറസ്റ്റു ചെയ്തതോടെ രവീന്ദ്ര വര്‍മ സെക്രട്ടറിയായി.
സംഘര്‍ഷസമിതിയുടെ ആഹ്വാനപ്രകാരമുള്ള പ്രതിഷേധസമരങ്ങള്‍ 1975 നവമ്പര്‍ 14 മുതല്‍ 1976 ജനുവരി 16വരെ നീണ്ടുനിന്നു. ഒരുലക്ഷത്തി എഴുപത്തിനാലായിരം പേര്‍ ഇന്ത്യ ഒട്ടുക്കും, ഏഴായിരത്തിലധികംപേര്‍ കേരളത്തിലും അടിയന്തരാവസ്ഥ തടവുകാരായി. കണക്കില്‍പ്പെടാത്ത തടവുകാര്‍ വേറെ. ലോകചരിത്രത്തില്‍ ഇതിനു സമാനതകളില്ല. കേരളത്തില്‍ നൂറ്റി അന്‍പത്തിനാല് സംഘ പ്രവര്‍ത്തകര്‍ മിസാതടവിലും, നാലായിരത്തില്‍പ്പരം പേര്‍ സത്യഗ്രഹമനുഷ്ഠിച്ചും തടവില്‍ കിടന്നു. ആയിരത്തോളം നക്സല്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സര്‍വ്വോദയം, പ്രതിപക്ഷ ലീഗ്, ആനന്ദമാര്‍ഗികള്‍, മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നിവരും തടവിലായി. അറസ്റ്റു രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെ അനേകായിരം സത്യഗ്രഹികളെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയിട്ടുണ്ട്. തീഷ്ണമായ സമരത്തിന്‍റെ സമ്മര്‍ദ്ദഫലമായി ഇന്ദിരാ ഗാന്ധിക്ക് 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടി വന്നു.

അടിയന്തിരാവസ്ഥക്കെതിരെ ഉള്ള യഥാര്‍ഥ ചെറുത്തുനില്‍പ്പിന്‍റെ മുഴുവന്‍ ചരിത്രവും ചുരുളഴിഞ്ഞിട്ടില്ല. പുറത്തുവന്ന സംഖ്യകളും കൃത്യമാകണമെന്നില്ല. ഏഴായിരത്തോളം പേരെ ലഘുലേഖകള്‍ അച്ചടിച്ചതിന് അറസ്റ്റു ചെയ്തതായി ലോക്സഭയില്‍ പരാമര്‍ശമുണ്ടായി. പിടിക്കപ്പെടാത്തവര്‍ അതിനെക്കാള്‍ എത്രയോ ഇരട്ടിയാകാം. അപ്പോള്‍ ഒളിവിലെ സാഹിത്യം എത്ര വിപുലമായിരുന്നെന്ന് മനസിലാക്കാം. ലോക്സഭയില്‍ എകെജി, എന്‍.ജി.ഗോറെ, മോഹന്‍ ധാരിയ, ജഗന്നാഥറാവു ജോഷി എന്നിവര്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തു. അസംബ്ലികളിലും ഇതു തുടര്‍ന്നു.  സുബ്രഹ്മണ്യസ്വാമി, ജേത്മലാനി, കോഠാരി, കേദാര്‍നാഥ് സാഹ്നി, മകരന്ദ ദേശായി എന്നിവര്‍ വിദേശത്തു പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിലും സോഷ്യലിസ്റ്റ് ഇന്‍റര്‍നാഷണലിലും ആമ്നസ്റ്റി കൗണ്‍സിലിലുമെല്ലാം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി ഉയര്‍ന്നു. അടിയന്തരാവസ്ഥയിലെ ആദ്യ രക്തസാക്ഷികളില്‍ ഒരാള്‍ കര്‍ണ്ണാടക സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാ വായിരുന്ന സ്നേഹലതാ റെഡിയായിരുന്നു. മിസപ്രകാരം തടവിലാക്കപ്പെട്ട ആ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ച് കൈയ്യും കാലും ഒടിച്ചു. തലയ്ക്കു ക്ഷതമേറ്റ അവര്‍ ബോധ രഹിതയായി. ആശുപത്രിയില്‍ പോലും കൊണ്ടുപോകാതെ ജയിലില്‍ അടച്ചു. അമ്മയെ കാണാന്‍ ജയിലധികൃതര്‍ മകളെ അനുവദിച്ചില്ല. രണ്ടു ദിവസം കഴി ഞ്ഞ് പുത്രിയെക്കാണാന്‍ സാധിക്കാത്ത ദു:ഖത്തില്‍ അവര്‍ മരിക്കുകയും ചെയ്തു. ബാഗ്ലൂര്‍ ജയിലില്‍ കിടന്നു അടല്‍ ബിഹാരിവാജ്പേയ് എഴുതിയ ‘തലപോയാലും ഏകാധിപതിയുടെ മുന്‍പില്‍ തലകുനിയ്ക്കില്ല’ എന്ന കവിത ഇന്‍ഡ്യ മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസിദ്ധ സാഹിത്യകാരനും വയോവൃദ്ധനുമായ ഖണ്ഡേക്കര്‍ ജ്ഞാനപീഠ പുരസ്കാരം തിരിച്ചുനല്‍കുകയും ഇരുപത്തിയൊന്നു ദിവസം ഉപവാസമെടുത്ത് പ്രതിഷധിക്കുകയും ചെയ്തു ‘തത്വമസി’ എഴുതിയ പ്രൊഫ.സുകുമാര്‍ അഴീക്കോട് അടിയന്തരാവസ്ഥക്ക് അനുകൂല മായി ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ഇടതു പക്ഷ സഹയാത്രികരായ ഒഎന്‍വി, പി. ടി. ഭാസ്ക്കര പണിക്കര്‍, തോപ്പില്‍ ഭാസി, പി. ഭാസ്ക്കരന്‍, തിരു നെല്ലൂര്‍ കരുണാകരന്‍, പി. ഗോവിന്ദപിള്ള, കെ. ഗോവിന്ദപ്പിള്ള, എന്‍. എ. കരീം, കാമ്പിശ്ശേരി കരു ണാകരന്‍ തുടങ്ങിയ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമെല്ലാം നിശബ്ദരായി. എന്നാല്‍ നട്ടെല്ലുള്ളവര്‍ അവരുടെ വഴികളിലൂടെ ചെറുതും വലു തുമായ പ്രതിഷേധം പ്രകടിപ്പിച്ചു. പി. പരമേശ്വരന്‍ സമരം ചെയ്ത് ജയിലില്‍ പോയി. ഒ.വി.വിജയന്‍ കാര്‍ട്ടൂണ്‍ വരച്ച് പ്രതിക്ഷേധിച്ചു. എം.ഗോവിന്ദന്‍ “എഴുത്തോ, നിന്‍റെ കഴുത്തോ” എന്ന കവിതയെഴുതി അയ്യപ്പപണിക്കര്‍ “വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ” എന്ന കവിത എഴുതി. ജനസന്ദേശം, കുരുക്ഷേത്രം, സുദര്‍ശനം എന്നീ ഒളിവുകാലപ്രസിദ്ധീകരണങ്ങള്‍ ജന്മംകൊണ്ടു.

എളമക്കരയില്‍ അഞ്ചേക്കര്‍ വിസ്തൃതിയിലുള്ള ആര്‍എസ്എസ് ആസ്ഥാനമായ മാധവനിവാസിന്‍റെ ഉല്‍ഘാടനം 1975 ജൂണ്‍ 26നായി രുന്നു. അതോടൊപ്പം ഒരാഴ്ച നീ ണ്ടുനില്‍ക്കുന്ന പ്രചാരക് ബൈഠക് ആസൂത്രണം ചെയ്തിരുന്നെങ്കിലും മാറിയ പരിതസ്ഥിതിയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ആയിരുന്ന അഡ്വ. ടി.വി.അനന്തന്‍, ഒ.രാജഗോപാല്‍, കെജി മാരാര്‍ എന്നിവര്‍ അറസ്റ്റു വരിക്കാനും മറ്റുള്ളവര്‍ ഒളിവില്‍ പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ജൂണ്‍ 27നുതന്നെ ബൈഠക് അവസാനി പ്പിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ ആദ്യ ഇരകളിലൊന്നായി ജൂലൈ 4ന് പോലീസ് മാധവനിവാസ് പൂട്ടി സീല്‍ ചെയ്തു. “അലഹബാദ് വിധി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സമനില തെറ്റിച്ചതുപോലെ തോന്നുന്നു. അവര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു. സര്‍വശക്തിയുമുപയോഗിച്ചതിര്‍ക്കണം. ജനാധിപത്യം പുന:സ്ഥാപി ക്കുന്നതുവരെ വിശ്രമമില്ല,” ജൂണ്‍ 30ന് സര്‍സംഘചാലകന്‍ ബാലാസാഹേബ് ദേവറസ് സംഘപ്രവര്‍ത്തകര്‍ക്കെഴുതി. മുംബെ ആശുപത്രി വാസത്തിനുശേഷം 1976 ജൂലായ് 17ന് ജേപി ക്കു നല്‍കിയ യാത്രയയപ്പില്‍ അദ്ദേഹം ആര്‍എസ്എസിനെക്കുറിച്ചു ഹൃദയത്തില്‍തട്ടി പറഞ്ഞ കാര്യങ്ങള്‍ ചരിത്രമാണ്. “ഞാന്‍ മൂന്നുനാലു വര്‍ഷങ്ങളായി പ്രതിലോമ ശക്തികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്ന് ഇന്ദിരാ ഗാന്ധിയും അവരുടെ സഹപ്രവര്‍ത്തകരും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഫാസിസ്റ്റുകളുടെയും വര്‍ഗീയ ശക്തികളുടെയും ഇരയായി കഴിഞ്ഞെന്നും അവരോടൊത്തു പ്രവര്‍ത്തിക്കുന്നു എന്നും പറയുന്നു. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം തെറ്റായ ആരോപണങ്ങള്‍ ചാരുന്നത് എന്നെയും എന്‍റെ സഹപ്രവര്‍ ത്തകരെയും കരിവാരിത്തേക്കുന്നതിനാണ്. ഇക്കാര്യം പലപ്പോഴും പറഞ്ഞത് ഞാനൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു എന്നുമാത്രം. ഈ ആരോപണങ്ങള്‍ പ്രധാനമായും ആര്‍എസ്എസിനെയും ജനസംഘത്തെയും ഉദ്ദേശിച്ചാണ്. ഇവര്‍ അത്തരക്കാരല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. സംഘപ്രവര്‍ത്തകരെപ്പോലെ കടുത്ത ദേശഭക്തരും സമര്‍പ്പണഭാവത്തോടെ ദേശസേവാതല്‍പരരുമായവര്‍ കോണ്‍ഗ്രസില്‍പോലും വിരളമാണ്. രാഷ്ട്രസേവനത്തില്‍ അവര്‍ മറ്റാരെക്കാളും മുമ്പന്തിയിലാണ്. എനിക്കുതന്നെ അതനുഭവപ്പെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്തുണ്ടായ സമരത്തില്‍ അവര്‍ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഒരു ചെറിയ വൈമനസ്യം പോലും അവരുടെ ഭാഗത്തുനിന്നു ണ്ടായിട്ടില്ല.”‘

സംഘത്തിന്‍റെ സംസ്ഥാന നേതാക്കളായിരുന്ന ടി.വി.അനന്തന്‍, രാധാകൃഷ്ണ ഭട്ട്, പി.പി.മുകുന്ദന്‍, വി.പി.ദാസന്‍, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, യു ദത്താത്രേയ റാവു, ജി.മഹാദേവന്‍. എ.രാമന്‍, പി. വി.നാരായണന്‍, പി.ജയചന്ദ്രന്‍, സി.ശങ്കരന്‍ എന്നിവര്‍ ജയിലിനകത്തായി. ജൂലായ് 2ന് രാത്രി ജന്മഭൂമി പത്രാധിപര്‍ പി.വി.കെ.നെടു ങ്ങാടിയും ജനസംഘം പ്രദേശ് കാര്യദര്‍ശി പി.നാരായണനും അറസ്റ്റു ചെയ്യപ്പെട്ടു. ജൂലായ് 9 മുതല്‍ രാജ്ഭവനു മുമ്പില്‍ സര്‍വോദയ പ്രവര്‍ത്തകര്‍ ആരംഭിച്ച അഖണ്ഡ നിരാഹാര സത്യഗ്രഹത്തെത്തുടര്‍ ന്ന് എല്ലാ സര്‍വോദയ നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. എം.പി. മന്മഥന്‍ സാറിനെ മിസ നിയമപ്രകാരം തടവിലാക്കി. വിയ്യൂര്‍ ജയിലില്‍ പി. പരമേശ്വരനൊപ്പം രാഷ്ട്രീയ നേതാക്കളായ കെ.എം.ജോര്‍ജ്, അരങ്ങില്‍ ശ്രീധരന്‍, തമ്പാന്‍ തോമസ്, ആര്‍ ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണന്‍, എം.എം.ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. ഭാരതീയ ജനസംഘം കേരള പ്രദേശ് കാര്യദര്‍ശി കെ.ജി.മാരാരും എഴു സഹപ്രവര്‍ത്തകരും 1975 ആഗസ്റ്റ് 15ന് തിരുവനന്തപുരം കിഴക്കേ കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കി അറസ്റ്റു വരിച്ചു. കോഴിക്കോട് ശിവദാസ്, മട്ടാഞ്ചേരി പുരുഷോത്തമന്‍, വള്ളfക്കു ന്ന് സുബ്രഹ്മണ്യന്‍, ധര്‍മരാജന്‍, തായ്ക്കാട്ടുകര ശശി, പച്ചാളം ശിവരാമന്‍, ചെമ്മനാട് കൃഷ്ണന്‍, കലാദര്‍പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍, കാസര്‍ഗോഡ് കൃഷ്ണന്‍, അനിയന്‍കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന കോട്ടയത്തെ കൃഷ്ണകുമാര്‍ ഇവരെല്ലാം കൊടിയ മര്‍ദ്ദനത്തിനിരയായവരില്‍ ചില പേരുകള്‍ മാത്രമാണ്.

അക്രമരാഹിത്യത്തിലൂടെ സമരത്തിന്‍റെ വിജയംവരെ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് രണ്ടു രൂപ സംഭാവനയും നല്‍കിയിട്ടാണ് സത്യഗ്രഹത്തിനു പോയിരുന്നത്.
1975 ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടൊപ്പം ചെറുത്തു നില്‍പ്പിന്‍റെ ഭാഗമായി ഗാന്ധിജയന്തി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒളിവിലെ വാര്‍ത്താമാധ്യമമെന്ന നിലയില്‍ ഭാരതത്തിലുടനീളം പ്രസിദ്ധീകരണങ്ങളുണ്ടായതിന്‍റെ ഭാഗമായി കേരളത്തില്‍ കുരുക്ഷേത്രം പ്രസിദ്ധീകരണമാരംഭിച്ചു. മാദ്ധ്യമങ്ങളെല്ലാം സെന്‍സര്‍ഷിപ്പിന്‍റെ കീഴിലായിരുന്നതുകൊണ്ട് നാട്ടില്‍ നടക്കുന്ന വാര്‍ത്തകള്‍ അറിയാന്‍ കുരുക്ഷേത്രം മാത്രമായിരുന്നു ഒരു വഴി. ആകെ 19 ലക്കം കുരുക്ഷേത്രം ഇറങ്ങിയതില്‍ 13-ാം ലക്കം മുതല്‍ അത് എഡിറ്റു ചെയ്യാനുള്ള ചുമതല ഈ ലേഖകനായിരുന്നു. എമര്‍ജന്‍സി പിന്‍വലിച്ചതോടെ കുരുക്ഷേത്രംപോലെയുള്ള ഒരു പ്രസിദ്ധീകരണത്തിനു പ്രസക്തിയില്ലാതായി. 1977 ജനുവരി 26ന് പുറത്തിറങ്ങിയ 19-ാമത്തെ ലക്കത്തോടെ കുരുക്ഷേത്രം പ്രസിദ്ധീകരണം നര്‍ത്തി. “ഇനിയും ഏകാധിപത്യത്തിന്‍റെ വീര്‍പ്പുമുട്ടലും വിങ്ങിപ്പൊട്ടലുകളുമാണ് വരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും പാഞ്ചജന്യം മുഴക്കി കുരുക്ഷേത്രം ജനങ്ങളിലേക്കിറങ്ങി വരു”മെന്ന വാഗ്ദാനത്തോടെയാണ് ആ ലക്കം അവസാനിപ്പിച്ചത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി.രാജനെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. 1973 ഡിസമ്പര്‍ മുതല്‍ ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ എക്സ്പ്രസില്‍ എഡിറ്റോറിയല്‍ അംഗമായി ഈ ലേഖകന്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപി ക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ സമരംചെയ്ത് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും അതേത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ജനതാസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത കേരളത്തിലെ ഒരേയൊരു പത്രപ്രവര്‍ത്തകന്‍ ഈ ലേഖക നായിരിക്കും.
അടിയന്തരാവസ്ഥയുടെ മറവിലെ മര്‍ദ്ദനമുറകള്‍ അതി ഭീകരമായിരുന്നു. പ്രൊഫ.ഈച്ചരവാര്യരുടെ മകനായ റീജിയനല്‍ എഞ്ചിനീ യ റിംഗ് വിദ്യാര്‍ഥി പി.രാജന്‍ കൊടി യ മര്‍ദ്ദനത്തിരയായി മരണമടഞ്ഞു എന്നത് സാക്ഷരകേരളം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു. രാജനുള്‍പ്പെടെ വിവിധ സംഘടനകളില്‍പെട്ട 28-ഓളം പേര്‍ പോലീ സിന്‍റെയും ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനഫലമായി മരിച്ചു. പോലീസ്
മര്‍ദ്ദനത്തിനുശേഷം തുടര്‍ മര്‍ദ്ദനങ്ങളെ ഭയന്ന് നാലോളംപേര്‍ ആത്മഹത്യ ചെയ്തു. വേണ്ടത്ര ചികിത്സ കിട്ടാതെ രണ്ടുപേര്‍ ജയിലില്‍വച്ചു മരിച്ചു. അടിയന്തരാവസ്ഥക്കുശേഷം ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാവ് ആര്‍.ഹരി സമാഹരിച്ച “ഒളിവിലെ തെളിനാളങ്ങള്‍,” “മരണ ത്തെ വെല്ലുവിളിച്ചവര്‍” എന്നീ രണ്ടു കൃതികള്‍ പ്രസിദ്ധപ്പെടുത്തി. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ലോകസംഘര്‍ഷ സമിതിയുടെ പേരില്‍ കേരളത്തില്‍ പങ്കെടുത്ത സമരഭടന്മാരുടെ പേരും വിവരങ്ങളും കൂടി ചേര്‍ത്ത് രണ്ടു വാള്യങ്ങളായി “ഒളിവിലെ തെളിനാള ങ്ങ”ളുടെ രണ്ടാം പതിപ്പ് കുരുക്ഷേത്ര പുറത്തിറക്കി. ഈ മൂന്നു കൃതികളിലൂടെ അന്നത്തെ തേര്‍വാഴ്ചയുടെയും ചെറുത്തുനില്‍പ്പിന്‍റെയും ജനത അതിനു കൊടുക്കേണ്ടിവന്ന വിലയും വായിച്ചെടുക്കാം. അടിയന്തരാവസ്ഥക്കുശേഷം കെ. ചന്ദ്രശേഖരന്‍ പ്രസിഡന്‍റും ഒ.രാജഗോപാല്‍ സെക്രട്ടറിയുമായി രൂപപ്പെട്ട കേരളത്തിലെ ജനതാ പാര്‍ട്ടി അടിയന്തരാവസ്ഥയിലെ അ തിക്രമങ്ങളെക്കുറിച്ചു വിശദമായ അന്വേഷിക്കാന്‍ തീരുമാനിക്കുക യുണ്ടായി. ഒ.രാജഗോപാല്‍ കണ്‍വീനറും സംഘടനാ കോണ്‍ഗ്രസ് നേതാവ് കെ.ഗോപാലന്‍, സോഷ്യലിസ്റ്റ് നേതാവ് കായിക്കര ഷംസുദീന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റി ജില്ലകള്‍ തോറും സഞ്ചരിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. ജനതാ പാര്‍ട്ടിയിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് അതിന്‍റെ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
ഭാരതീയ ജനതാപാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനാ യിരുന്ന കെ.രാമന്‍ പിള്ള “അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍” എന്ന പേരില്‍ ഒരു പുസ്തകം എഴുതി. അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടെ പ്രണവം ബുക്സ് അത് പ്രസിദ്ധീകരിക്കുകയുണ്ടായി.

സത്യഗ്രഹവുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ സത്യഗ്രഹികളുടെ ശരീരം തകര്‍ന്നു. കാസര്‍കോട് താലൂക്കില്‍തന്നെ 26 ബാച്ചുകളായി 390 സത്യഗ്രഹികള്‍. എഎസ്പി അച്യൂതരാമന്‍ കാസര്‍കോട്ട് രാമകൃഷ്ണ ഭട്ടിന്‍റെ വീട് ആക്രമിച്ച് നരനായാട്ട് നടത്തി. കുഞ്ഞണ്ണിറായിയുടെ ചായക്കട തകര്‍ത്തു. മണിത്തോടി കൃഷ്ണ ഭട്ടിന്‍റെ തുണിക്കട കുത്തിത്തുറന്ന് കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമെല്ലാം കത്തിച്ചു. മഹാബല ഭട്ടിന്‍റെ പവര്‍ ടില്ലര്‍ അടിച്ചുടച്ചു. പറത്തോടി കൃഷ്ണ ഭട്ടിന്‍റെ അരി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കിട്ടി യവരെയൊക്കെ മര്‍ദ്ദിച്ചു ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് ഗോപാലകൃഷ്ണഭട്ടിന്‍റെ വീട്ടിലെ ത്തി കാസര്‍കോട് എഎസ്പി എം.ജി.എ. രാമന്‍റെയും സബ് ഇന്‍സ്പെക്ടര്‍ കൊയിലാണ്ടി ബാലകൃഷ്ണന്‍റെയും നേതൃത്വത്തില്‍ പൈശാചിക മര്‍ദ്ദനം ആരംഭിച്ചു. സഹോദരന്മാരായ രാമചന്ദ്രനും, വിഷ്ണുവും അളിയന്‍ ചന്ദ്രശേഖര ഭട്ടുമായിരുന്നു ഇര. അകത്തും പുറ ത്തുമുള്ളതെല്ലാം അവര്‍ നശിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്‍റെ എറണാകുളം-ഇടുക്കി ജില്ലകളുടെ സംഘാടകനായിരുന്ന എഴിപ്രത്തെ പി.രാമകൃഷ്ണന്‍ കോതമംഗലം ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തതിന് അതിക്രൂരമായ പീഡനങ്ങളാനുഭവിച്ചത്. അടിയുടെ ആഘാത ത്തില്‍ പല്ലുകള്‍ കൊഴിഞ്ഞു ചെവികള്‍ പൊട്ടി രക്തം വാര്‍ന്നു. ചോര ഛര്‍ദ്ദിച്ചു. മിസ വാറണ്ട് കൈയില്‍ കൊടുത്ത്, “ഇതു മിസക്കിരിക്കട്ടെ” എന്നാക്രോശിച്ചും മര്‍ദ്ദിച്ചു.അമ്പലവയലില്‍ ബാലകൃഷ് ണനും പതിനൊന്നു പേരും സത്യഗ്രഹമനുഷ്ഠിച്ചു. എസ്ഐ വില്യംജോണിന്‍റെ നേതൃത്വത്തില്‍ ഉരുട്ടലും ക്രൂരമായ മര്‍ദ്ദനങ്ങളും നടന്നു. പിന്നീട് താളൂര്‍ ചെക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ വനത്തില്‍ പലയിടങ്ങളിലായി ഇറക്കിവിട്ടു. മാതമംഗലം ശ്രീവല്‍സനേയും ബാച്ചിനേയും പുല്‍പ്പള്ളി സ്റ്റേഷനില്‍നിന്ന് അര്‍ദ്ധരാത്രി മൈസൂര്‍ അതിര്‍ത്തിയിലുള്ള വനത്തില്‍ പലയിടങ്ങളിലായി തള്ളിവിട്ടു.
അമ്പലപ്പുഴ മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ 1975 നവമ്പര്‍ 20ന് സത്യഗ്രഹം നടന്നു. തളര്‍ന്നു വീഴുന്നതുവരെ മര്‍ദ്ദനം. ജയപ്രകാശ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരുന്നു. പത്തുപേരെ പിറ്റെദിവസം കോടതിയില്‍ ഹാജരാക്കി. പ്രചാ രകന്‍ ശിവദാസിന് സ്റ്റേഷന്‍ ഹെഡ് ആശാരിയുടെ നേരിട്ടുള്ള അസഹനീയമായ പീഡനങ്ങള്‍. 27-ാം തീയതിവരെ ചോദ്യം ചെയ്യലും ക്രൂരമര്‍ദ്ദനവും. 23-ാംതീയതി എറണാകുളം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നല്‍കി. ശിവദാസനെ അറസ്റ്റു ചെയ്ത കാര്യം പോലീസ് സമ്മതിച്ചില്ല. 28-ാം തീയതി മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി മിസയില്‍ അറസ്റ്റു ചെയ്തതിന് വാറണ്ടു നല്‍കി. 29ന് തിരുവനന്തപുരം ജയിലിലേക്കയച്ചു. താനൂരിലെ ഹരിജന്‍ യുവാക്കളായ വേലായുധനെയും ഗോപാല നെയും പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. ചങ്ങല കെട്ടി റോഡിലൂടെ നടത്തിച്ചു. ഓടവെണഢടംകൊണ്ട് അടിയന്തരാവസ്ഥക്കെതിരെ ഒട്ടിച്ച പോസ്റ്ററുകള്‍ നനച്ച് നക്കി മായ്പ്പിച്ചു. രണ്ടുമൂന്നു ദിവസം പട്ടിണിക്കിട്ടു. പിന്നീട് ജയിലിലേക്കയച്ചു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു മുമ്പില്‍ എം. കൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തില്‍ 12 പേരുണ്ടായിരുന്നു. കൃഷ്ണന്‍ സംസാരിച്ചു നില്‍ക്കെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നന്ദനമേനോന്‍റെയും സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍റെയും നേതൃത്വത്തിലുള്ള പോ ലീസ് സംഘം പേപ്പട്ടികളെയെന്നവണ്ണം സത്യഗ്രഹികളെ തല്ലിത്തുടങ്ങി. ബൂട്ടിട്ട കാലുകള്‍ പൊങ്ങി ത്താണു. ലാത്തികള്‍ പലതും ഒടിഞ്ഞു. മര്‍ദ്ദനപര്‍വം തുടര്‍ന്നുകൊ ണ്ട് അവരില്‍ പലരെയും പോ ലീ സ് വാനിലേക്ക് എടുത്തെറിഞ്ഞും തള്ളിക്കയറ്റിയും പോലീസ് മൈതാനിയില്‍ പലയിടങ്ങളിലായി തള്ളി. നാട്ടുകാര്‍ ആശുപത്രിയിലാക്കിയ അവരെ പിന്നീട് ലോക്കപ്പിലാക്കി. അവിടെനിന്ന് ജയിലിലേക്ക്. ജനസംഘം സംസ്ഥാനസമിതി അംഗമായിരുന്ന യു ദത്താത്രേയ റാവുവിനെ 1975 ജൂലായ് 2-ാംതീയതി രാത്രിയില്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. ഡിഎസ്പി ലക്ഷ്മണയുടെ നേതൃത്വത്തില്‍ ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള പതിവു മര്‍ദ്ദനമുറകള്‍. അവര്‍ക്കറിയേണ്ടത് കെ.ജി.മാരാരെവിടെ, കൃഷ്ണനെവിടെ, രാജഗോപാലെവിടെ എന്നൊക്കെയായിരുന്നു. ജൂലായ് ആറിന് മിസ വാറണ്ട് നല്‍കി. 7-ാം തീയതി തിരുവനന്തപുരം ജയിലിലെത്തിച്ചു.

1976 ജനുവരി 1ന് “അടിയന്തിരാവസ്ഥ പിന്‍വലിക്കുക. പത്രമാരണനിയമങ്ങള്‍ റദ്ദാക്കുക, ജനാധി പത്യം പുന:സ്ഥാപിക്കുക”എന്നീ മുദ്രാവാക്യം മുഴക്കിക്കൊണ്ട് 9 സ്ത്രീകള്‍ ഏലൂര്‍ ഫാക്ടിനു മുമ്പില്‍ പ്രകടനം നടത്തി. ഏലൂര്‍ എസ്ഐ മുഹമ്മദ്കുഞ്ഞിയും സംഘവും തലങ്ങും വിലങ്ങും അടിച്ചു. അശ്ലീലവര്‍ഷവും. വാനിലേക്ക് കയറാന്‍ ശ്രമിച്ചവരെ പിടിച്ചുവലിച്ചു പുറത്തേക്കിട്ടു. കണ്ടുനിന്ന പ്ര മുഖ തൊഴിലാളി നേതാവ് എസ്.സി.എസ്. മേനോന്‍ “നിങ്ങള്‍ മൃഗങ്ങളെക്കാള്‍ കഷ്ടമാണല്ലോ” എന്ന് പോലീസുകാരെ നോക്കി അലറി. ഒരൊറ്റ വനിതാ പോലീസും ഉണ്ടായിരുന്നില്ല. ലീലാവതി, അമ്മാളു, കമലാക്ഷി, ഊലി, ക്ഷീരസാഗരകന്യക, നാണിക്കുട്ടിയമ്മ, പാറുക്കുട്ടിയമ്മ, തങ്കമ്മ, തങ്കം എന്നിവരായിരുന്ന സമരം നടത്തിയത്.

1975 ജൂണ്‍ 26ന് സെന്‍സര്‍ഷിപ്പ് ഓര്‍ഡിനന്‍സായി. പത്രമാദ്ധ്യമരംഗത്തെ കൂച്ചുവിലങ്ങുകള്‍ ആദ്യമായി അനുഭവിക്കാന്‍ തുടങ്ങി. അതിനെ മറികടക്കാന്‍ പുറത്തിറങ്ങിയ കുരക്ഷേത്രം പോലീസുകാര്‍ക്കൊരു വെല്ലുവിളിയായിരുന്നു. കുരുക്ഷേത്രവുമായി ബന്ധമുണ്ടെന്നു പറഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്ത എം.പി.ഭരത്കുമാറിനെ വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെ ക്ടര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ഭേദ്യങ്ങള്‍. ബാലകൃഷ്ണന്‍ നായരും എസ്ഐ വാസുദേവനും ചേര്‍ന്ന് ആന്‍റണി കൊറെങ്ങാടനെ അറസ്റ്റുചെയ്ത് മൂന്നു ദിവസം ലോക്കപ്പലിട്ടു കഠിനമായി മര്‍ദ്ദിച്ചു. കെ. മാധവനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. അവരെയെല്ലാം ബന്ധുക്കളുടെ മുന്നിലിട്ടു അതിക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് ലോക്കപ്പിലെ ഊഴം. കുരുക്ഷേത്രം കൈവശം വച്ചു എന്നതിന്‍റെ പേരിലാണ് അശോകന്‍ മാസ്റ്ററെയും അറസ്റ്റുചെയ്ത് കാല്‍വെള്ളയില്‍ ചൂരല്‍പ്രയോഗവും നാഭിയില്‍ ചവിട്ടും തൊഴിയുമായിരുന്നു ഭേദ്യമുറകള്‍. ഐ.മാധവനെ പഴയനൂര്‍ സ്റ്റേഷനിലെ ബഞ്ചില്‍ കിടത്തി കാല്‍വെള്ളയില്‍ അടിച്ചു. അരിയല്ലൂര്‍ സുബ്രഹ്മണ്യന്‍, രാമചന്ദ്ര പ്രഭു തുടങ്ങിയവര്‍ക്ക് കണ്ണൂര്‍ ജയിലിലും ലോക്കപ്പിനെ വെല്ലുന്ന മര്‍ദ്ദനമുറകളും ക്വാറന്‍റയിന്‍ (കൊരണ്ടി)യില്‍ തടവുമായിരുന്നു. നീതിക്കുവേണ്ടി അവര്‍ക്കവിടെ പട്ടിണിസമരവും മുദ്രാവാക്യംവിളിയും വേണ്ടിവന്നു.ജയില്‍ വാര്‍ഡര്‍മാര്‍ മാത്രമല്ല, ജയില്‍ പു ള്ളികളക്കൊണ്ടും ഇവരെ ഇടിയും തൊഴിയും ചവിട്ടുമേല്‍പ്പിച്ചു. ജയി ല്‍മര്‍ദ്ദനത്തെക്കുറിച്ചുള്ള നോട്ടീസ് കണ്ണൂര്‍ പട്ടണത്തിലും പോസ്റ്ററുകള്‍ ജയില്‍ ഭിത്തിയിലും വന്നതോടെയാണ് അത്തരം മുറകളില്‍ മാറ്റമുണ്ടായത്. കോഴിക്കോട് ദേവഗിരി കോളെജിനു മുമ്പില്‍ സത്യഗ്രഹം നയിച്ച കൊമ്മളേരി ഭാസ്കരനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് എസ്ഐ കാലിനിടയില്‍ കുനിച്ചു നിര്‍ത്തി പുറത്ത് തോക്കിന്‍റെ പാത്തി കൊണ്ട് കുറെ ഇടിച്ചു. ബഞ്ചില്‍ മലര്‍ത്തിക്കിടത്തി നെഞ്ചത്തും. ശ്വാസംകിട്ടാതെ ഭാസ്കരന്‍ വിഷമിച്ചു രണ്ടാഴ്ച കഴിഞ്ഞ് തീരെ അവശനായ ഭാസ്കരനെ പുറത്തുവിട്ടു. റിക്കാഡില്‍ അറസ്റ്റു രേഖപ്പെടുത്തിയിരുന്നില്ല. ആലുവായില്‍ ബാച്ചു ലീഡറായിരുന്ന വേലായുധനെ കുനിച്ചു നിര്‍ത്തി പുറത്ത് മര്‍ദ്ദനമായിരുന്നു. കൂടെയുള്ള രാഘവന്‍റെ പെരുവിരലില്‍ ലാത്തി പൈലടിക്കുന്ന പോലെ കുത്തിത്താഴ്ത്തി. ആ സമ്മര്‍ദ്ദത്തില്‍ വിരല്‍ വിണ്ടുകീറി നഖം പൊളിഞ്ഞുമാറി, ബോധംകെട്ടു കുഴഞ്ഞുവീണു. പാലായിലെ പോലീസുകാര്‍ സത്യഗ്രഹികളെ നൂല്‍ബന്ധമില്ലാതാക്കി പുറത്തോടുപുറം കുനിച്ചുനിര്‍ത്തി കാലിനടിയിലൂടെ മറ്റെയാളുടെ കൈപിടിച്ചു വലിക്കുമ്പോള്‍ പുറത്ത് അടിച്ചുകൊണ്ടിരുന്നു. ഈ പട്ടിപ്പൂട്ട് കേരള ത്തില്‍ പലയിടത്തും ആവര്‍ത്തിച്ചു. എറണാകുളത്തു സത്യഗ്രഹം നയിച്ച പച്ചാളം ശിവരാമനെ പതിവു മര്‍ദ്ദനമുറകള്‍ കഴിഞ്ഞ് എസ്ഐ ഇരിക്കുന്ന മുറിയിലെ കസേരക്കടിയില്‍ കാല്‍പ്പെരുവിരലുകളും കൈപ്പത്തികളും നിലത്തു കുത്തി നിര്‍ത്തി. കാലില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിച്ചു ഷോക്കടിപ്പിച്ചു. ശിവരാമന്‍റെ നട്ടെല്ല് മേശക്കടിയില്‍ ചെന്ന് അടിച്ച ആഘാതത്തില്‍ ബോധം കെട്ടുവീണു. മാതമംഗല ത്തെ നമ്പ്യാരെക്കൊണ്ട് മൂത്രത്തില്‍ കരികലക്കി ലിംഗംകൊണ്ട് ഇന്ദിരാ ഗാന്ധിക്ക് സിന്ദാബാദ് എഴുതിച്ചു.
കിട്ടിയ വിവരങ്ങളും കേട്ട സംഭവങ്ങളും അരങ്ങേറിയ മര്‍ദ്ദനമുറകളും വിവരണാതീതമാണ്. രേഖപ്പെടുത്തിയ ചരിത്രം എത്രയോ ചെറിയൊരംശം!

അടിയന്തരാവസ്ഥക്കെതിരെ പൊരുതി മരിച്ചവര്‍ക്കും മരിച്ചു ജീവിക്കുന്നവര്‍ക്കും വേണ്ടി നമുക്കീ ദിവസം മറക്കാതിരിക്കാം. അവര്‍ സ്വന്തം ജീവിതംകൊണ്ടാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നതെന്ന കാര്യവും മറക്കാതിരിക്കാം. അവരെക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ ഡയറക്ടറി ഇനിയും വരേണ്ടിയിരിക്കുന്നു. മരണത്തെ വെല്ലുവിളിച്ച അവശേഷിക്കുന്നവരില്‍ ചിലര്‍ ഒരു നേരത്തെ ഭക്ഷണ swamy_modi_emergency ത്തിനും മരുന്നിനുംവേണ്ടി കഷ്ടപ്പെടുന്നവരാണ്. രണ്ടാം സ്വാതന്ത്ര്യസമരമെന്നു അടിയന്തരാവസ്ഥാവിരുദ്ധസമരത്തെപ്പറ്റി പുകഴ്ത്തുമ്പോഴും ഈ യാഥാര്‍ഥ്യം കാണാതെ പോകരുത്. അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷത്തിലെങ്കിലും അവശേഷിക്കുന്നവരുടെ അവശതകള്‍ നാം കണ്ണുതുറന്നു കാണണം. എമര്‍ജന്‍സിയുടെ സുവര്‍ണ ജൂബിലി ആചരിക്കുമ്പോള്‍ ഇവരില്‍ ആരൊക്കെ ഉണ്ടാകും? ആര്‍ക്കറിയാം?

 

(അവലംബം: സ്വാനുഭവം, വൈക്കം ഗോപകുമാര്‍, ഒളിവിലെ തെളിനാളങ്ങള്‍, മരണത്തെ വെല്ലുവിളിച്ചവര്‍, പച്ചക്കുതിര മാസിക)

സിപിഐ (CPI) ഇന്ദിരയുടെ കൂടെ; സിപിഎം (CPI-M) നിഷ്ക്രിയമായി

അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തില്‍ സര്‍വംമറന്ന് സര്‍വം ത്യജിക്കാന്‍ തയ്യാറായി പതിനായിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ജനതാ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരികയും ചെയ്തതോടെ അവര്‍ അനുഷ്ഠിച്ച നിഷ്കാമകര്‍മത്തില്‍നിന്ന് അവകാശവാദങ്ങളൊന്നുമില്ലാതെ അവര്‍ പിന്‍വാങ്ങി. പക്ഷെ ആ നിശബ്ദവര്‍ഷങ്ങളില്‍ വാചാലരായത് അനര്‍ഹരായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. അതില്‍ പലര്‍ക്കും വഞ്ചനയുടെ ചരിത്രമാണുള്ളത്.

“ഇടതുപക്ഷത്തെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നില്ല. ഇടതുപക്ഷത്തുള്ള സിപിഐ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നല്ലോ. അറസ്റ്റ് ചെയ്തെങ്കിലും ഇഎംഎസിനെപ്പോലെ ചിലരെ വിട്ടയച്ചത് അതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സിപിഎമ്മിന്‍റെ പ്രക്ഷോഭത്തിന് ആത്മാര്‍ഥതയില്ലായിരുന്നു. യോജിച്ച പ്രക്ഷോഭത്തിന് സഹായം തേടി ലോകസംഘര്‍ഷസമിതിയുടെ നേതാക്കള്‍ ഇഎംഎസിനെ കണ്ടെങ്കിലും അദ്ദേഹം വിമുഖത പ്രകടിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടില്‍ എകെജി നിരാശനായിരുന്നു. ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച ആര്‍എസ്എസ് നേതാക്കളോട് അദ്ദേഹം അതു തുറന്നു പറയുകയും ചെയ്തു,” ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും അന്ന് ഭാരതീയ ജനസംഘം ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന പി.പരമേശ്വരന്‍ അഭിപ്രായപ്പെട്ടതായി മുരളി പാറപ്പുറം രേഖപ്പെടുത്തിയിട്ടുണ്ട്.

“അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇന്ദിരാ ഗാന്ധി ഇരുപതിന പരിപാടി അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയില്‍ സോഷ്യലിസ്റ്റ് സ്വപ്നം സ്ഥാപിക്കാനുള്ള തുടക്കമായി എന്ന് സിപിഐക്കാര്‍ കരുതി. സിപിഎമ്മും ഇരുപതിന പരിപാടിയെ പിന്തുണക്കുകയാണ് ആദ്യം ചെയ്തത്. ജനങ്ങള്‍ ഇതിനെതിരാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് സിപിഎം അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ തുടങ്ങിയത്. അപ്പോള്‍പോലും അത് അര്‍ദ്ധമനസോടെയുള്ള എതിര്‍പ്പ് മാത്രമായിരുന്നു,” അന്നത്തെ പ്രമുഖ നക്സല്‍ നേതാവും ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ. വേണു പിന്നീടെഴുതി.
ഇഎംഎസ് നമ്പൂതിരിപ്പാട് ചിന്തയിലെ ഒരു ലേഖനത്തില്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ കൂടുതല്‍ സജീവമായി സിപിഎം പങ്കെടുക്കേണ്ടതായിരുന്നു എന്ന് രേഖപ്പെടുത്തിയതായി “കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ലഘുചരിത്രം” എന്ന പുസ്തകത്തില്‍ എന്‍.ഇ.ബലറാമും രേഖപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍ സിപിഎമ്മിന്‍റെ അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തില്‍ ആത്മാര്‍ഥതയും കരുത്തുമുണ്ടായിരുന്നില്ല. അതുകൊണ്ട് അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ ക്രമേണ സിപിഎം നിഷ്ക്രിയമായി. ഫലത്തില്‍ കേരളത്തിലെ അടിയന്തരാവസ്ഥക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് സംഘപരിവാറിലേക്ക് ഒതുങ്ങി. “പാര്‍ട്ടിക്കാരുപോലും അനങ്ങാതിരിക്കുമ്പോള്‍ ചാവാന്‍വേണ്ടി നിങ്ങളെന്തിനാടാ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്?” എന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ വച്ച് ചെല്ലപ്പന്‍ എന്ന പോലീസുകാരന്‍ ചോദിച്ചത് അന്വര്‍ഥമായിരുന്നു. ഈ ചോദ്യം കേരളത്തിലെ അനേകം പോലീസുകാര്‍ വിവിധ സ്ഥലങ്ങളില്‍ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച സത്യഗ്രഹികളോടു ചോദിച്ചിട്ടുണ്ട്.
ആര്‍എസ്എസിന്‍റെ പങ്കിനെക്കുറിച്ചും വേണു എഴുതുകയുണ്ടായി. “ഞങ്ങള്‍ പാടത്തെ വഴിയാണ് പോയത്. വീടെത്താറായപ്പോള്‍ ശക്തിയേറിയ സര്‍ച്ച്ലൈറ്റുകള്‍ വീടിനുചുറ്റും അടിക്കുന്നതു കണ്ടു. അപ്പോഴേക്കും രണ്ടു ചെറുപ്പക്കാര്‍ ഓടിവന്ന് ബാലകൃഷ്ണനോടു പറഞ്ഞു ‘ബാലേട്ടാ ഓടിക്കോ, പോലീസ് വീട്ടിലെത്തിയിട്ടുണ്ട്.’ ഞങ്ങള്‍ പാടത്തേക്കിറങ്ങി വേഗത്തില്‍ നടന്നു. അപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു, ‘ആ കുട്ടികള്‍ ആര്‍എസ്എസുകാരാണ്.’ അടിയന്തരാവസ്ഥക്കെതിരായി നിലപാടെടുക്കുന്നവരുടെ ഐക്യമാണ് അവിടെ കണ്ടത്.” വേണു എഴുതിയ അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ നക്സല്‍ പ്രവര്‍ത്തകനായിരുന്നു. മലപ്പുറം ക്രൈം ബ്രാഞ്ചില്‍നിന്ന് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന പെട്രോളിനു തീ കൊളുത്തി. ബാലകൃഷ്ണന്‍ അന്നുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഡിവൈഎസ്പി ഏതാനും ദിവസം കഴിഞ്ഞു മരിച്ചു.  അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നടത്തിയ ഒളിച്ചുകളിയും ഒഴിഞ്ഞുമാറലും പലരെയും അത്ഭുതപ്പെടുത്തി. അനേകം സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തശേഷം വിട്ടയച്ചു. സിപിഎമ്മില്‍നിന്ന് അടിയന്തരാവസ്ഥക്കെതിരെ വലിയ എതിര്‍പ്പൊന്നും ഉണ്ടാകില്ല എന്ന് ശ്രീമതി ഗാന്ധിക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഈ മൃദു സമീപനം അവര്‍ സ്വീകരിച്ചത്. ജെപി പ്രക്ഷോഭവുമായി സഹകരിക്കാന്‍ സിപിഎം തയാറായില്ല. വരട്ടു തത്വശാസ്ത്രകാരണങ്ങള്‍ ഉന്നയിച്ച് ജനതയുടെ സ്വാതന്ത്ര്യവാഞ്ഛ കണ്ടില്ലെന്നു നടിക്കുകയാണ് അവര്‍ ചെയ്തത്. ഇത് സ്വാഭാവികമാണ്. ഏകാധിപത്യത്തില്‍ ഊന്നിയ, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, കമ്യൂണിസ്റ്റു തത്വശാസ്ത്രത്തിനും നേതാക്കള്‍ക്കും ഏകാധിപതികളെ എതിര്‍ക്കാനാവില്ല. ജര്‍മനിയില്‍ ഹിറ്റ്ലര്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ഇവിടെ ഇന്ദിരാ ഗാന്ധിയുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്.

ഏകാധിപത്യം നെഹ്രു കുടുംബത്തിന്‍റെ മുഖമുദ്ര

പലരും കരുതുന്നത് കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ടെന്നാണ്, ഇന്ദിരാഗാന്ധി അതിനൊരപവാദ മാണെന്നും. എന്നാല്‍ നെഹ്രു കുടുംബത്തിന്‍റെ മുഖമുദ്രയാണ് ഏകാധിപത്യം. നെഹ്രു നേതാജിയുടെ കുടുംബത്തെ രഹസ്യാന്വേഷണ ത്തിലൂടെ ദീര്‍ഘകാലം നിരീക്ഷിച്ചിരുന്നു എന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍.. നേതാജിയുടെ മരണം സംബന്ധിച്ചും നെഹ്രു എടുത്ത നിലപാട് സംശയാസ്പദമാണ്. നേതാജി ഭാരതത്തില്‍ വരുന്നതിനെ നെഹ്രു ഭയപ്പെട്ടിരുന്നു. തനിക്ക് എതിരായവരെ ഉډൂലനം ചെയ്യുന്ന മനോഭാവം നെഹ്രുവിനുണ്ടായിരുന്നു. വല്ലഭ്ഭായ് പട്ടേല്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് പോകുന്നതില്‍നിന്ന് ഉദ്യോഗസ്ഥരെ നെഹ്റു വിലക്കി. ആര്‍ക്കെങ്കിലു പോകണമെങ്കില്‍ സ്വന്തം ചിലവില്‍ ലീവെടുത്തു പോകാം എന്നായിരുന്നു നിലപാട്. അന്നത്തെ രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദും നെഹ്രു മന്ത്രിസഭയിലെ അംഗമായിരുന്ന കെ.എം.മുന്‍ഷിയും ഇതിനെ ചോദ്യം ചെയ്തു. കെ.എം.മുന്‍ഷി അവിടെയുള്ളവരെ  വിളിച്ചുചേര്‍ത്ത് പട്ടേലിന്‍റെ അവസാന ചടങ്ങുകള്‍ക്ക് പോകാനുള്ള ചിലവ് താന്‍ ഏര്‍പ്പാടാക്കാമെന്നു പറഞ്ഞു. ഉന്നതനായ സഹപ്രവര്‍ത്തകന്‍ മരിച്ചിട്ട് നെഹ്റുവിന്‍റെ നിലപാട് ഇതായിരുന്നു. മരിച്ചിട്ടും തീരാത്ത വൈരാഗ്യം.

ശ്യാമപ്രസാദ് മുഖര്‍ജി പാര്‍ലമെന്‍റില്‍ നെഹ്രുവിന്‍റെ കണ്ണിലെ കരടായിരുന്നു. കശ്മീര്‍ പ്രശ്നത്തിന്‍റെ പേരില്‍ നിരോധനം ലംഘിച്ചപ്പോള്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുടെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. പിന്നീട് പുറംലോകം അറിയുന്നത് മുഖര്‍ജി മരിച്ചു എന്നാണ്നെഹ്രു മന്ത്രിസഭയില്‍ അംഗമായിരുന്നയാള്‍ തീര്‍ത്തും സംശയകരമായ സാഹചര്യത്തില്‍ മരിച്ചിട്ട് അന്വേഷണം നടത്താനോ പോസ്റ്റുമോര്‍ട്ടം നടത്തി മരണകാരണം വ്യക്തമാക്കാനോ നെഹ്രു തയാറായില്ല. മുഖര്‍ജിയുടെ വൃദ്ധമാതാവ് അയച്ച കത്തിന് മറുപടിയുണ്ടായില്ല.ഇതായിരുന്നു ജനാധിപത്യത്തിന്‍റെ ആള്‍രൂപമെന്നു വാഴ്ത്തപ്പെട്ട നെഹ്റുവിന്‍റെ മറ്റൊരു വശം. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ദുരൂഹമരണങ്ങള്‍ ഒരു തുടര്‍ക്കഥയായിരുന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് റെയില്‍വെ മന്ത്രിയായിരുന്ന എല്‍.എന്‍. മിശ്രയുടെ കൊലപാതകമായിരുന്നു. ഡോ. റാം മനോഹര്‍ ലോഹ്യയുടെ മരണത്തെക്കുറിച്ചും ചെറിയ തോതിലെങ്കിലും സംശയങ്ങള്‍ പറഞ്ഞു കേട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ശബ്ദം അനുകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത നഗര്‍വാല ജയിലില്‍വച്ച് ഹൃദയാഘാതംമൂലം മരണപ്പെട്ടു. നഗര്‍വാല കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഡി.കെ.കാശ്യപ് കാറപകടത്തില്‍ മരിച്ചു..
ജനറേഷന്‍ നെക്സ്റ്റിന്‍റെ കാലത്തും ദുരൂഹമരണങ്ങള്‍ തുടര്‍ന്നു. രാജേഷ് പൈലറ്റ്, മാധവ് റാവു സിന്ധ്യ…!!!

ശ്രീമതി ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലെ ജനാധി പത്യധ്വംസനവും അതിക്രമങ്ങളും അന്വേഷിക്കാന്‍ ജനതാ സര്‍ക്കാര്‍ 1977ല്‍ മുന്‍ ചീഫ് ജസ്റ്റിസ് ജെ.സി. ഷായെ കമ്മീഷനായി നിയോഗിച്ചു. ഷാ കമ്മീഷന്‍ സമഗ്രവും വിശദവുമായ റിപ്പോര്‍ട്ടു തയാറാക്കി. അതില്‍ ഇന്ദിരാ ഗാന്ധി, മകന്‍ സ ജ്ഞയ് ഗാന്ധി, പ്രണബ് മുഖര്‍ജി, ബന്‍സി ലാല്‍, കമല്‍നാഥ്, സഞ്ജ യ് ഗാന്ധിയെ വഴിവിട്ടു സഹായിച്ച സിവില്‍ സര്‍വീസ് ഉദ്യോസ്ഥര്‍ എ ന്നിവരെയെല്ലാം അതിനിശിതമായി വിമര്‍ശിച്ചിരുന്നു അപ്പോഴെക്കും ജനതാസര്‍ക്കാര്‍ നിലംപതിച്ചു. 1980ല്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാര ത്തില്‍ വന്നു. ഷാ കമ്മീഷന്‍maharani_arrested റിപ്പോര്‍ട്ടിന്‍റെ പ്രതികള്‍ എല്ലാ ലൈബ്രറികളില്‍നിന്നും, പാര്‍ലമെന്‍റിലെയും നാഷണല്‍ ലൈബ്രറികളിലെയുമുള്‍പ്പെടെ, ചാരമാക്കി. സത്യത്തെ തമസ്കരിക്കുക എന്ന തന്ത്രം നടപ്പാക്കുകയായിരുന്നു. ഭാരതത്തിലെ അവസാനത്തെ പ്രതിപോലും അവര്‍ നശിപ്പിച്ചു. എല്ലാ കോപ്പികളും നശിപ്പിച്ചു എന്നു കരുതിയ ഷാ കമ്മീ ഷന്‍ റിപ്പോര്‍ട്ടിന്‍റെ രണ്ടു കോപ്പികള്‍ മാത്രമേ ലഭ്യമായിരുന്നുണഢടു എന്നു പറയപ്പെടുന്നു, ഒന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍റ് ആഫ്രിക്കന്‍ സ്റ്റഡീസിലും മറ്റൊന്ന് നാഷണ ല്‍ ലൈബ്രറി ഓഫ് ഓസ്ട്രേലിയയിലും. ആര്‍ടിഐ പെറ്റീഷണര്‍മാര്‍ക്ക് എമര്‍ജന്‍സി കാലത്തെ പേപ്പറുകള്‍ നല്‍കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിസമ്മതിച്ചു. മുന്‍ പാര്‍ലമെന്‍റംഗവും ജനതാ
പാര്‍ട്ടി സ്ഥാപകാംഗവുമായിരുന്ന എറാ ചെഴിയന്‍റെ പരിശ്രമഫലമായി കോപ്പി തേടിപ്പിടിക്കുകയും അത് അദ്ദേഹം Shah Commission Report Lost, and Regained എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ സത്യം ചാരത്തില്‍നിന്ന് വീണ്ടും പുറത്തുവന്നു. അതാകട്ടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 30 വര്‍ഷം കഴിഞ്ഞ്, 2010ല്‍! ഡിസമ്പര്‍ 19ന് എല്‍.കെ.അദ്വാനിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

— എം. രാജശേഖര പണിക്കര്‍ — 

Mob : 91-9447916529

M.Rajasekhara Panicker

Served Indian Express for 32 years as Chief Sub editor . Ex – Senior Editor, The Sunday Indian magazine, published in 14 languages.At present works as Editor, Chithi Monthly Magazine.
Also a Victim of Emergency Period when Indira Govt Oppressed the Media in 1975.

 

 

 

Courtsey – 
Image Engineering – Saffron Kottakkal 
Data Compilation   – Manoj Ashok Kumar

——————————————————————
കഴിഞ്ഞ  വർഷം അടിയന്തിരാവസ്ഥയെ കുറിച്ച് vicharam.org (വിചാരം) പ്രസിദ്ധീകരിച്ച ,  ശ്രീ.  വൈക്കം ഗോപകുമാർ എന്ന ‘അടിയന്തിരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’യുടെ അനുഭവസാക്ഷ്യം ഈ ലിങ്കിൽ വായിക്കാം ..  ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പരാമർശിക്കുന്ന വ്യക്തി ആണ്  ശ്രീ.  വൈക്കം ഗോപകുമാർ “വിസ്മരിക്കരുതാത്ത ചരിത്രം’- അടിയന്തിരാവസ്ഥയുടെഓര്‍മ്മകള്‍” എന്ന പേരിൽ ആണ് കഴിഞ്ഞ വർഷം വിചാരം ഈ ലേഖനം പ്രസിദ്ധീകരിച്ചത്… 

https://www.vicharam.org/emergency/

ശ്രീ.  വൈക്കം ഗോപകുമാർ

ഫോൺ: 09349917337

02 (1)