പുതുതല്ല, കേരളത്തിൽ പെൺചേലാകർമം

ഷാനി എസ്.എസ്. (ചേലാകർമത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ അനുഭവ സാക്ഷ്യം –  ഗവേഷക വിദ്യാര്‍ഥി, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ)

ഞാ ൻ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി. മാതൃഭൂമി പത്രത്തിൽ വന്ന (27/08/17) “കേരളത്തിൽ പെൺകുഞ്ഞുങ്ങൾക്കും ചേലാകർമം” എന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ കാരണം.

1988 ഓക്ടോബർ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സിൽ. അതുകൊണ്ടുതന്നെ ഉമ്മ-മകൾ എന്ന ബന്ധത്തെക്കാളുപരി ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു.എന്തും തുറന്നുപറയുന്ന കൂട്ടുകാർ നല്ല സ്പർശം ചീത്ത സ്പർശം എന്നിവയൊക്കെ ഉമ്മ പറഞ്ഞുതന്നിരുന്നു. പക്ഷേ, സ്ത്രീ ശരീരത്തെക്കുറിച്ചോ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഉമ്മ ഒന്നും പറഞ്ഞുതന്നിരുന്നില്ല. ഏതാണ്ടെല്ലാവരെയും പോലെ കൂട്ടുകാരെയായിരുന്നു ഈ വിവരങ്ങൾക്ക് ഞാനും ആശ്രയിച്ചിരുന്നത് .

കല്യാണം കഴിഞ്ഞതിനുശേഷമാണ് എന്തൊക്കെ അബദ്ധധാരണകളാണ് വെച്ചുപുലർത്തിയിരുന്നത് എന്നു മനസ്സിലായത്. ഞാൻ പഠിച്ചു ഡിഗ്രി പൂർത്തിയായി. കല്യാണം കഴിക്കാൻ വേണ്ട യോഗ്യതയായി. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ എനിക്കു വീണ്ടും പഠിക്കാൻ അവസരം കിട്ടി. ഞാൻ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത കോഴ്സ് ആയ എം.എസ്.ഡബ്ല്യു. പഠിക്കാൻ തിരുവനന്തപുരത്തെ ലയോള കോളേജിൽ ചേർന്നു. അവിടെവെച്ചാണ് എനിക്ക് പല തിരിച്ചറിവുകളും ഉണ്ടായത്.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയം പഠിപ്പിക്കാൻ ഒരു ഡോക്ടർ കോളേജിൽ വന്നു. ആൺശരീരത്തെക്കുറിച്ചും പെൺശരീരത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ ഞാൻ ഇരുന്നു. അപ്പോഴാണ് അദ്ദേഹം യോനീച്ഛദത്തെക്കുറിച്ച് (ക്ലിറ്റോറിസ്) പറഞ്ഞത്. സ്ത്രീയ്ക്ക് രതിസുഖം കൂടുതൽ കൊടുക്കുന്ന അവയവം! ചിത്രവും കാണിച്ചു. ഞാൻ പടത്തിലേക്കു സൂക്ഷിച്ചുനോക്കി. ഇങ്ങനെയൊരു ഭാഗം എന്റെ ശരീരത്തിലുമുണ്ടോ? ഞാൻ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ ക്ലാസ് കഴിഞ്ഞ് ഞാൻ എന്റെ ശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തിൽ അങ്ങനെ ഒരവയവമില്ല.

നാലുമാസം കഴിഞ്ഞ് കോളേജിൽ സഖി എന്ന സംഘടനയുടെ ക്ലാസ് നടന്നു. അവർ ചേലാകർമത്തെക്കുറിച്ച് പറഞ്ഞു. ഉത്തരേന്ത്യയിലെ പ്രാകൃതമായ രീതിയാണിതെന്നും പറഞ്ഞു. ഞാൻ വീണ്ടും എനിക്കില്ലാത്ത അവയവത്തെക്കുറിച്ച് ഓർത്തു. എന്റെ വീട്ടുകാർ എന്നെയും പ്രാകൃതരീതിയിൽ കൈകാര്യം ചെയ്തോ? ഒരിക്കലുമില്ല. അവർ അത്ര കാടത്തമുള്ളവരല്ല. പിന്നെ ഇതൊക്കെ ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന കാര്യമല്ലേ പഠനവും പ്രണയവുമായി ഞാൻ നടന്നു.

ഇതിനിടെ പലതും വായിച്ചുകൊണ്ടിരുന്നു. വായനയ്ക്കിടെ കിട്ടിയ അറിവുകൾ പങ്കുവെച്ചപ്പോൾ വാപ്പയുടെ അനിയന്റെ ഭാര്യ പറഞ്ഞു നമ്മുടെ നാട്ടിലോ വീട്ടിലോ പെൺകുട്ടികൾക്കു സുന്നത്ത് കല്യാണം നടത്താറില്ല. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ കേൾക്കുന്നത്. ഇതുകേട്ട് വാപ്പയുടെ ഉമ്മയുടെ മറുപടി: സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകൾ മുസ്ലിങ്ങളല്ല. മുസ്ലിം ആവണമെങ്കിൽ സുന്നത്ത് കല്യാണം നടത്തണം. അപ്പോഴാണ് ഞാൻ വീണ്ടും എന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്. എന്റെ അവയവം എങ്ങനെയാണ് എന്നെ വിട്ടുപോയതെന്ന് എനിക്കു മനസ്സിലായി. ഞാനും ചേലാകർമത്തിനു വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു.

മുറിച്ചുമാറ്റപ്പെട്ട അവയവത്തിന്റെ അഭാവം എന്റെ ലൈംഗികജീവിതത്തെ സാരമായി ബാധിച്ചു. ലൈംഗികത വിവാഹജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. അതിനുവേണ്ടിയല്ല ഞാൻ നിന്നെ കെട്ടിയത് എന്ന് സമാധാനിപ്പിച്ച എന്റ ജീവിതപങ്കാളി തന്ന ധൈര്യം ചെറുതല്ല.

വിവാഹശേഷം ഞാൻ എന്റെ ഉമ്മയോട് ചേലാകർമത്തെക്കുറിച്ചു സംസാരിച്ചു. എന്തിനാണിത് ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞതിങ്ങനെയാണ്: പണ്ടുള്ള വിവരമുള്ള ആൾക്കാർ ചെയ്യുന്നതുപോലെ നമ്മളും ചെയ്യുന്നു. ഉമ്മയ്ക്ക് ഇതേക്കുറിച്ച് ഒരു ക്ലാസ് തന്നെ ഞാൻ കൊടുത്തു. അതിനുള്ള മറുപടി ഇതായിരുന്നു: ഉണ്ടെങ്കിലല്ലേ അതുള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ കൂടുതൽ ആനന്ദം എന്ന് അറിയാൻ പറ്റൂ. അതിപ്പോ ഇല്ലല്ലോ. പിന്നെ വെച്ചുപിടിപ്പിക്കാനും പറ്റില്ലല്ലോ. എന്തയാലും ഞാൻ നാലുപെറ്റു. കുട്ടികളെ ഉണ്ടാക്കാനല്ലേ ഈ പ്രക്രിയയൊക്കെ.

2012-ൽ ഞാൻ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) എംഫിലിനു ചേർന്നു. ഒരു സായാഹ്നത്തിൽ ജീവിതത്തിൽ ആദ്യമായി എന്റെ ജീവിത പങ്കാളിയോടല്ലാതെ ഇക്കാര്യം ഞാൻ പങ്കുവെച്ചു, ചില സൃഹൃത്തുക്കളോട്. ഞെട്ടലോടെയാണ് അവരതു കേട്ടത്. നീ ഇതേക്കുറിച്ചു എഴുതണമെന്ന് അന്നുമുതൽ അവർ പറയുന്നു. പുറത്തുപറയാനുള്ള മടികൊണ്ടോ, പേടികൊണ്ടോ ഞാൻ ഒന്നും എഴുതിയില്ല. പലരും പലതവണ ഇതേക്കുറിച്ച് ചർച്ച ചെയ്തപ്പോഴും ഞാൻ മിണ്ടിയില്ല. മുംബൈയിലെ ബോറ മുസ്ലിങ്ങൾക്കിടയിൽ ഈ അനാചാരം ഉണ്ടെന്ന് ടിസ്സിലെ ഒരു എം.എ. പ്രബന്ധം കാണാനിടയായി. പിഎച്ച്ഡിക്ക് കേരളത്തിലെ ചേലാകർമത്തെക്കുറിച്ച് പഠിച്ചാലോ എന്നു ചിന്തിച്ചു. ഗൈഡുമായി ചർച്ച ചെയ്തു. ഇതേക്കുറിച്ച് പറയാൻ ആളെക്കിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടിവരും. ആരും തുറന്നുപറയില്ല. അതു സത്യവുമായിരുന്നു. കേരളത്തിലെ പല മുസ്ലിം സുഹൃത്തുക്കളോടും ഇതേക്കുറിച്ചു ചോദിച്ചു. ആരും കേട്ടിട്ടു പോലുമില്ല. അതിൽ അദ്ഭുതമൊന്നുമില്ല. ഞാൻ തന്നെ എനിക്ക് ക്ലിേറ്റാറിസില്ല എന്നറിയുന്നത് എന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്. എന്റെ വീട്ടുകാർ പോലും എന്നോട് തുറന്നു പറയുന്നില്ല. പിന്നെങ്ങനെ മറ്റുള്ളവർ പറയും. അതുകൊണ്ട് ഞാൻ ആ പഠനം വേണ്ടെന്നുവെച്ചു. പക്ഷേ, ഇതേക്കുറിച്ച് വായിച്ചുകൊണ്ടേയിരുന്നു. വായിച്ചപ്പോൾ മനസ്സിലായ കാര്യങ്ങളിവയാണ്.

  1. പുരുഷന് ചേലാകർമം പ്രയോജനകരമാണ്. സ്ത്രീകളിലത് ലൈംഗികസുഖം കുറയ്ക്കാനാണ് ഉപകരിക്കുന്നത്.
  2. ചേലാകർമം എല്ലാ മുസ്ലിങ്ങളും ചെയ്യുന്നില്ല.
  3. ഖുർആനിൽ എവിടെയും പെൺചേലാകർമത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
  4. പുരുഷന്മാരുടെ സുന്നത്തുകല്യാണം നാലാൾ അറിഞ്ഞു നടത്തുമ്പോൾ പെൺകുഞ്ഞുങ്ങളുടേത് വീടിന്റെ പിന്നാമ്പുറങ്ങളിൽ രഹസ്യമായി ചെയ്യുന്നു.
  5. കർമം കഴിഞ്ഞ് മുറിവുപഴുത്ത് സെപ്റ്റിക് ആയി പല കുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങുന്നു.
  6. കേരളത്തിൽ പല ആസ്പത്രികളിലും ഇത് ചെയ്തുകൊടുക്കുന്നു. പലരും ഘോരഘോരം പ്രസംഗിക്കുന്നതും തർക്കിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

നമ്മുടെ നാട്ടിൽ ഇത്രയും പ്രാകൃതമായ സംഭവം നടക്കുന്നില്ല എന്ന്. അപ്പോഴും ഞാൻ മൗനം പാലിച്ചു. ചിലപ്പോൾ എന്റെ കുടുംബത്തിൽ മാത്രം നടക്കുന്ന കാര്യമാണെങ്കിലോ. പക്ഷേ, ഞായറാഴ്ചത്തെ മാതൃഭൂമി പത്രം കണ്ടപ്പോൾ, ഇത് പ്രബുദ്ധകേരളത്തിൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടലൊന്നും തോന്നിയില്ല.

(ഈ കുറിപ്പ് ഞാൻ ജനിച്ചുവളർന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത് എന്ന് അഭ്യർഥിക്കുന്നു)

[Original Content of this article first published in Mathrubhumi Daily. Repoducing the same with original article link for reference.]