ഗവർണ്ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തു സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച കോൺഗ്രസ് ചരിത്രം – 1959 മുതൽ 2005 വരെ , നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ.

—  വിശ്വരാജ് വിശ്വ —

ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനങ്ങളുടെ അഭിലാഷം അനുസരിച്ചു മാത്രം ഒരു തീരുമാനം നടപ്പിലാകുമ്പോൾ അല്ല, അത് ആ രാജ്യത്തെ നിയമനിർമ്മാണ സഭകൾ വഴി സ്ഥാപിതം ആയ , ഇന്ത്യൻ നീതിന്യായ കോടതികൾ അതിന്റെ അടിസ്‌ഥാനമാക്കിയ ഒരു ലിഖിത ഭരണഘടനയോടു കൂടി ആ ജനങ്ങളുടെ ആഗ്രഹം, കൂറ് പുലർത്തുമ്പോൾ ആണ്. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന സംഭവ വികാസങ്ങൾ തന്നെ അതിന്റെ ഉജ്ജ്വല ഉദാഹരണം തന്നെ ആണ്. ജനങ്ങൾ അവരുടെ ഭരണഘടന അവകാശം ആയ വോട്ട് രേഖപ്പെടുത്തി ബിജെപി ക്ക് കനത്ത വിജയം സമ്മാനിച്ച തെരെഞ്ഞെടുപ്പ് ആയിരുന്നു കഴിഞ്ഞത്. 222 സീറ്റുകളിൽ 104 സീറ്റുകൾ നേടി ബിജെപി ഒന്നാമത് എത്തി ഏറ്റവും വലിയ ഒറ്റ കക്ഷി ആയി. പക്ഷെ കേവല ഭൂരിപക്ഷത്തിനു വേണ്ട 112 എന്ന ആക്കം എത്താൻ കഴിയാതെ വന്നു. പക്ഷെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി ജനങ്ങൾ വോട്ടു ചെയ്തു തെരെഞ്ഞെടുത്ത ബിജെപി സർക്കാർ ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുക എന്നത് വോട്ട് ചെയ്ത ജനങ്ങളോടും ഭരണഘടനയോടും ഉള്ള കടമയാണ്. അത് കൊണ്ട് ഗവർണർ അദ്ദേഹത്തിന്റെ വിവേചന അധികാരം (ആർട്ടിക്കിൾ 162 ) ഉപയോഗിച്ച് ഭരണഘടന അനുശാസിക്കുന്ന രീതിക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. ആ ഉത്തരവ് പാലിച്ചു കൊണ്ട് ബിജെപിയും യദ്യൂരപ്പയും സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. രാജ്യത്തെ നിയമ സംവിധാനവും ഭരണഘടനയും ശിരസ്സാ വഹിച്ചു കൊണ്ട് സർക്കാർ ഉണ്ടാക്കാൻ കഴിയാതെ വന്ന , എന്നാൽ ജനങ്ങൾ വോട്ട് ചെയ്തു അവരെ ഭരിക്കാൻ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി ജയിപ്പിച്ചു വിട്ട യെദ്യൂരപ്പ രാജി വച്ച് പിൻവാങ്ങി ഭരണഘടനയോടുള്ള ധാർമ്മികതയും കൂറും നില നിർത്തി..

അപ്പോൾ സ്വാഭാവികമായും രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി സർക്കാർ ഉണ്ടാക്കാൻ മറ്റുള്ള ചെറു പാർട്ടികളുടെ പിന്തുണയോടെ മുന്നോട്ട് വരണമെല്ലോ.. ന്യായമായും അത് 78 സീറ്റുള്ള കോൺഗ്രസ് ആവണം. പക്ഷെ സർക്കാർ ഉണ്ടാക്കാൻ പോകുന്നത് 37 സീറ്റുള്ള ജനത ദൾ ആണ്. കോൺഗ്രസ് മുഖ്യമന്ത്രി പദം എന്ന ഓഫർ കൊടുത്തു ഇത് വരെ ശത്രുക്കൾ ആയിരുന്ന, വാക്ക്പോര് നടത്തിയിരുന്ന , ജനത ദളിന്റെ പിന്നിലേക്ക് ഒതുങ്ങി മാറി നിന്നു . ജനാധിപത്യ സംവിധാനത്തിൽ അതിന്റെ അതിന്റെ അപകടത്തെ പിന്നീട് വിശദമായി പറയാം..ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ബിജെപി യും യെദ്യുരപ്പയും കർണാടക വിധാന സൗധത്തിന്റെ പടി ഇറങ്ങുമ്പോൾ, കേന്ദ്രത്തിലെ അധികാര കസേരയിൽ ഇരിക്കുന്നത് അതിശക്തമായ ഭൂരിപക്ഷത്തിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി സർക്കാർ ആണ്. പക്ഷെ ഭരണഘടനാ മൂല്യങ്ങൾ പാലിക്കുക എന്നത് മാത്രമാണ് കേന്ദ്ര ബിജെപി സർക്കാർ കർണ്ണാടക സർക്കാരിന്
നൽകിയ ഒറ്റ സന്ദേശം .. പക്ഷെ ചരിത്രത്തിലെ ചില ഏടുകൾ നമ്മൾ പരിശോധിച്ചാൽ ഇന്ന് ജനാധിപത്യത്തെ കുറിച്ച് ഘോരം ഘോരം വാദിക്കുന്നവർ അധികാരം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചു ജനങ്ങൾ വോട്ടു നൽകി ഭൂരിപക്ഷം നേടി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ എങ്ങനെ ഒക്കെ അട്ടിമറിച്ചു , എങ്ങനെ ഒക്കെ ഭരണഘടനാ ലംഘനം നടത്തി, അധികാര ദുർവിനിയോഗം നടത്തി, ഗവർണ്ണറുടെ പദവികൾ എങ്ങനെ ദുരുപയോഗം ചെയ്തു, ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉം, ആർട്ടിക്കിൾ 162 എല്ലാം എങ്ങനെ കാറ്റിൽ പറത്തി എന്ന് കൂടി നമ്മൾ അറിയേണ്ടതെന്നുണ്ട്… ചരിത്രം നമുക്ക് മുന്നിൽ തന്നെ ഉണ്ടല്ലോ …

കേരളം 1959 – ഇ.എം.എസ് സർക്കാർ

ബാലറ്റിലൂടെ , ജനാധിപത്യത്തിലൂടെ ലോകത്തു ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ എന്ന ഖ്യാതിക്ക് പാത്രമാണ് 1957 ലെ ഒന്നാം കേരള സർക്കാർ. ജനാധിപത്യവും തെരഞ്ഞെടുപ്പും എല്ലാം കമ്മ്യൂണിസവുമായി ചേർന്ന് പോകാത്ത കാര്യങ്ങൾ ആണല്ലോ.. അങ്ങനെ സഭയിൽ ഭൂരിപക്ഷം നേടിയ ഇ.എം.എസ് സർക്കാർ കമ്മ്യൂണിസത്തിന്റെ ഏകാധിപത്യ ശൈലിയിലേക്ക് കടക്കാൻ തുടങ്ങിയതോടെ ജനങളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയർന്നു അത് അവസാനം കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധ സമരങ്ങളിൽ ഒന്നായ വിമോചന സമരം ആയി മാറി. ഒരു കോൺഗ്രസ് ഇതര സർക്കാർ ഇന്ത്യയിൽ ഉണ്ടായതിൽ ആശങ്ക പൂണ്ട ജവാഹർലാൽ നെഹ്‌റു അത് ഒരു അവസരം ആക്കി മാറ്റി. അന്നത്തെ കോൺഗ്രസ് പാർട്ടി പ്രസിഡണ്ട് ആയിരുന്ന അദ്ദേഹത്തിന്റെ മകൾ ഇന്ദിരയുടെ സഹായത്തോടെ അദ്ദേഹം കേരള നിയമസഭാ അങ്ങ് പിരിച്ചു വിട്ടു ആർട്ടിക്കിൾ 356 പ്രകാരം പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തി. അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ വിനീത ദാസൻ ആയിരുന്ന കേരള ഗവർണ്ണർ ബാലകൃഷ്ണ റാവു ആണ് അന്നത്തെ പ്രസിഡന്റിന് കത്തെഴുതി ഉടനെ നിയമസഭാ പിരിച്ചു വിടാൻ നിർദേശം കൊടുത്തത്. ഒരു ഗവർണ്ണറുടെ ശുപാർശ കത്ത് ഇല്ലാതെ ഒരിക്കലും ഈ നടപടി സാധ്യമല്ലായിരുന്നു. അങ്ങനെ ഗവർണ്ണറുടെ ഓഫീസ് രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ദിര മോഡൽ അവതരിപ്പിക്കപ്പെട്ടു..ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷം ഉള്ള ഒരു സർക്കാരിനെ അങ്ങനെ അധികാര ദുർവിനിയോഗം നടത്തി കോൺഗ്രസ് പാർട്ടി പുറത്താക്കിയത് ചരിത്രം ആയി .. അന്നത്തെ RSS നേതൃത്വം നൽകിയിരുന്ന ശ്രീ മാധവ ഗോൾവാൾക്കർ ഉൾപ്പെടെ ഉള്ള സംഘടനകൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ജനാധിപത്യ സർക്കാർ കേരളത്തിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു എങ്കിലും കേന്ദ്രം അത് ചെവി കൊണ്ടില്ല,.

1965 ബംഗാൾ – യുണൈറ്റഡ് ഫ്രണ്ട് സർക്കാർ

1967 ൽ ബംഗാളിൽ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് ഫ്രണ്ട് സർക്കാരിനെ ഇന്ദിര ഗാന്ധിയുടെ ആജ്ഞ അനുസരിച്ചു ഇന്ദിരയുടെ സ്വന്തം ആളായ ഗവർണ്ണർ ധരം വീര പുറത്താക്കി ബംഗാളിൽ പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തി. 1967 ബംഗാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനെ പരാജയപ്പെടുത്തും യുണൈറ്റഡ് ഫ്രണ്ട് സഖ്യം അധികാരത്തിൽ എത്തുന്നത് ഇന്ദിര ഗാന്ധിക്ക് സഹിക്കാൻ ആവുമായിരുന്നില്ല. അന്ന് കോൺഗ്രസിനെ തോൽപ്പിച്ചു അധികാരത്തിൽ എത്തിയ യുണൈറ്റഡ് ഫ്രണ്ടിന്റെ മുഖ്യമന്ത്രി ബംഗ്ലാ കോൺഗ്രസിന്റെ അജയ് കുമാർ മുഖർജിയും ഉപ മുഖ്യമന്ത്രി സിപിഎം ന്റെ ജ്യോതി ബസുവും ആയിരുന്നു . ഭരിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് സഖ്യ സർക്കാരിനെ വിശ്വാസ വോട്ട് തേടാൻ അവസരം [പോലും കൊടുക്കാതെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് വീണ്ടും കോൺഗ്രസ് ബംഗാളിൽ പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തി.പക്ഷെ ജനാധിപത്യത്തിൽ ജനങ്ങൾക്ക് ആണല്ലോ അധികാരം, ഇന്ദിരക്കല്ലല്ലോ . പിന്നീട് നടന്ന തെരെഞ്ഞെടുപ്പിൽ യുണൈറ്റഡ് ഫ്രണ്ട് സഖ്യത്തെ ജനങ്ങൾ കേവല ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു കോൺഗ്രസിന്റെ ഏകാധിപത്യ നടപടിക്ക് മറുപടി കൊടുത്തു.

1976 – തമിഴ്നാട്

ജനാധിപത്യ രീതിയിൽ ഉജ്ജ്വല വിജയം നേടി തമിഴ് നാട്ടിൽ അധികാരത്തിൽ ഇരുന്ന എം കരുണാനിധി സർക്കാരിനെ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ട് മുൻ കോൺഗ്രസ് കേന്ദ്ര മന്ത്രി ആയിരുന്ന ഗവർണർ കാളിദാസ് ഷായെ കൊണ്ട് കൊണ്ട് പ്രസിഡന്റിന് കത്തെഴുതിച്ചു ഇന്ദിര ഗാന്ധിയുടെ കേന്ദ്ര സർക്കാർ പ്രതികാരം ചെയ്തു.  തെരഞ്ഞടുപ്പിൽ തോൽപ്പിച്ചത് കൊണ്ട് മാത്രം ആയിരുന്നില്ല .. അത് ഒരു പക്ഷെ ഇന്ദിര ഗാന്ധി മറക്കുമായിരുന്നു. പക്ഷെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയെ നിശിതമായി വിമർശിച്ചു കൊണ്ട് അടിയന്തിരാവസ്ഥക്ക് എതിരെ ജനാധിപത്യ യുദ്ധം നയിച്ച ശ്രീ ജയപ്രകാശ് നാരായണന് കരുണാനിധി പിന്തുണ കൊടുത്തത് ഇന്ദിരയെ ചൊടിപ്പിച്ചു. ഉടനടി നടപടി ഉണ്ടായി, അങ്ങനെ ജനുവരി 31 1976 ൽ ആർട്ടിക്കിൾ 356 പ്രകാരം തമിഴ് നാട്ടിലും കോൺഗ്രെസ്സുകാർ പ്രസിഡണ്ട് ഭരണം കൊണ്ട് വന്നു ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു.
പിന്നീട് വന്ന 1977 ലെ തെരെഞ്ഞെടുപ്പിൽ ജനദ്രോഹപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്ക് പിന്തുണ കൊടുത്തു കൊണ്ട് തമിഴ് നാട്ടിൽ കോൺഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയും മത്സരിച്ചു എങ്കിലും MGR തരംഗത്തിൽ നിലം തൊടാതെ പൊട്ടി.

1982 – ഹരിയാന – ദേവിലാൽ

1982 ലെ ഹരിയാന തെരെഞ്ഞെടുപ്പിൽ ബിജെപി – ലോക് ദൾ സഖ്യം 37 സീറ്റുകളിൽ വിജയം നേടി. അതിനെ തുടർന്ന് മുൻ കോൺഗ്രസ് നേതാവ് ആയിരുന്ന ഗണപത് റാവു ദേവ് തപ്‌സി ബിജെപി ലോക് ദൾ സഖ്യത്തിന്റെ നേതാവ് ദേവിലാലിനെ മെയ് 22 1982 നു സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. മെയ് 24 നു സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ ജനാധിപത്യ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് കോൺഗ്രസ് ആജ്ഞാനുവർത്തി ആയ ഗവർണ്ണർ താപ്‍സി മെയ് 24 വരെ ഒന്നും കാത്തു നിൽക്കാതെ കോൺഗ്രസ് നേതാവ് ഭജൻ ലാലിനെ വിളിച്ചു സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കാൻ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് നിരക്കാത്ത ഈ പ്രവൃത്തിക്ക് എതിരെ ബിജെപി ശബ്ദം ഉയർത്തി എങ്കിലും പാഴായി. ഇത്തരം അധികാര ദുർവ്വിനിയോഗത്തെ ചെറുക്കൻ അന്ന് നിയമം ഇല്ലായിരുന്നു. ശേഷം നടന്ന തെരഞ്ഞടുപ്പിൽ ബിജെപി – ലോക് ദൾ സഖ്യത്തെ ജനങ്ങൾ കേവല ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ചു.

1984 – ആന്ധ്രാ പ്രദേശ് – NT രാമറാവു സർക്കാർ

സിനിമ സ്റ്റൈൽ മിഡ്‌നൈറ്റ് കൂപ്പിലൂടെ ആന്ധ്രാപ്രദേശിലെ ആദ്യത്തെ കോൺഗ്രസ് ഇതര ജനാധിപത്യ സർക്കാരിനെ മുൻ കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയും, അഴിമതി കേസിൽ രാജി വക്കുകയും ചെയ്ത രാംലാൽ എന്ന ആന്ധ്രാ ഗവർണ്ണറുടെ സഹായത്തോടെ പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തി ഇന്ദിര ഗാന്ധി സർക്കാർ അട്ടിമറിച്ചു. 294 സീറ്റുള്ള ആന്ധ്രാ പ്രദേശിൽ 203 സീറ്റുകൾ നേടി ജനാധിപത്യ രീതിയിൽ ഭരണത്തിൽ ഏറിയ NT രാമറാവുവിന്റെ തെലുങ്ക് ദേശം പാർട്ടിയെ , രാമ റാവു ബൈപാസ് സർജറി ചെയ്യാൻ അമേരിക്കക്ക് പോയ തക്കം നോക്കി ആണ് അട്ടിമറിച്ചത് . ഇന്ദിരയുടെ ആജ്ഞാനുവർത്തി ആയി മാറിയ തേങ്കുദേശം പാർട്ടിയുടെ തന്നെ ധനമന്ത്രി ഭാസ്കർ റാവുവിനെ മുഖ്യമന്ത്രി ആക്കാൻ ഗവർണ്ണർ തീരുമാനം കൈക്കൊണ്ടപ്പോഴേക്കും NT രാമ റാവു തിരികെ പാഞ്ഞെത്തി. ജനാധിപത്യത്തെ വെല്ലുവിളിച്ച ഇന്ദിരക്ക് മറുപടിയും ആയി NTR തന്റെ 161 MLA മാരെ കൂട്ടി വീൽ ചെയറിൽ ഇന്ത്യൻ പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ പരേഡ് ചെയ്യിച്ചു. അവരവരുടെ ഐഡന്റിറ്റി കാർഡും ഏന്തി പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ NTR ന്റെ കൂടെ അണിനിരന്ന MLA മാരുടെ ചിത്രമാണ് കൂടെ ഉള്ളത്…പക്ഷെ അത് കൊണ്ടൊന്നും മുൻ കോൺഗ്രെസ്സുകാരൻ ആയ ഗവർണർ വഴങ്ങിയില്ല. പിന്നെ നടന്നത് വളരെ നാടകീയ നിമിഷങ്ങൾ ആയിരുന്നു. തെലുങ്ക് ദേശം പാർട്ടിയുടെ 95 MLA മാരെ NTR ന്റെ കൂടെ നിന്നും അടർത്തി മാറ്റി ഭാസ്കർ റാവുവിനെ ഇന്ദിരയും ഗവർണ്ണർ രാംലാലും കൂടി അധികാരത്തിൽ എത്തിച്ചു. അവരുടെ ചെയ്തികളെ അനുകൂലിക്കും എന്ന ഉറപ്പിൽ ഭാസ്കർ റാവു സർക്കാരിനെ ആന്ധ്രായിൽ നിയമിച്ചു വിഖ്യാത നടനും തെലുങ്ക് ദേശം പാർട്ടി നേതാവും ആയ NT രാമ റാവുവിനെ ഇന്ദിര ഗാന്ധി മുഖ്യമന്ത്രി പദം വിട്ടു പോകാൻ നിര്ബന്ധിതൻ ആക്കി.. കോൺഗ്രസ് നേതൃത്വം നൽകിയ മറ്റൊരു അട്ടിമറിയിലൂടെ മറ്റൊരു ജനാധിപത്യ സർക്കാരിനെ കൂടി അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു.

1988 – കർണ്ണാടക – SR ബൊമ്മെ സർക്കാർ

കർണ്ണാടകയിലെ SR ബൊമ്മെ സർക്കാരിനെ അട്ടിമറിച്ചത് പിന്നീട് ചരിത്രം ആയിമാറി . സംസ്‌ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും പ്രസിഡണ്ട് ഭരണം നിർദേശിക്കുന്ന ഗവർണ്ണറുടെ കോൺഗ്രസ് രാഷ്ട്രീയ ഫാസിസ്റ്റ് ശൈലിക്കും താക്കീത് നൽകുന്ന വിധി ആയിരുന്നു ബൊമ്മെ കേസിൽ സുപ്രീം കോടതിപ്രസ്താവിച്ചത്..പിന്നീട് ഒരുപാടു തവണ ആവർത്തിക്കപ്പെട്ട സുപ്രീം കോടതി വിധി ആണ് ബൊമ്മെ VS യൂണിയൻ ഓഫ് ഇന്ത്യ കേസ്. സെപ്തംബർ മാസം 1989 ൽ തെരഞ്ഞടുപ്പ് ജയിച്ചു ഭൂരിപക്ഷം നേടി ഭരണത്തിൽ ഏറിയ ജനതാദൾ മുഖ്യമന്ത്രി ആയിരുന്നു SR ബൊമ്മെ . പിന്നീട് മന്ത്രി സ്ഥാനത്തെ ചൊല്ലി ഉണ്ടായ തർക്കം നിമിത്തം KR മൊളകേരി എന്ന ജനതാദൾ MLA ഗവർണറെ കണ്ടു 19 MLA മാർ ബൊമ്മെ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുന്നു എന്ന് വ്യക്തമാക്കി. കോൺഗ്രസ്സ് കേന്ദ്ര മന്ത്രിയും ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൂടെ പ്രവർത്തിച്ച ഗവർണ്ണർ വെങ്കട്ട സുബ്ബയ്യ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം ചോദിച്ച ബൊമ്മെ സർക്കാരിന്റെ ജനാധിപത്യ അവകാശം പോലും തള്ളി കളഞ്ഞു കൊണ്ട് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഗവർണ്ണർ കർണ്ണാടകയിൽ പ്രസിഡണ്ട് ഭരണം കൊണ്ട് വന്നു ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു..ബൊമ്മെ ആദ്യം കർണ്ണാടക ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. 1994 ഈ കേസിൽ സുപ്രധാന വിധി പറഞ്ഞ സുപ്രീം കോടതി ആർട്ടിക്കിൾ 356 വകുപ്പ് വഴി കേന്ദ്ര സർക്കാരും രാജീവ് ഗാന്ധിയും ഗവർണ്ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തത് വളരെ സസൂക്ഷ്മം പരിശോധിച്ചു . കോടതി ഉത്തരവ് പ്രകാരം ഇനി കേന്ദ്ര സർക്കാരിനും അവരുടെ ശിങ്കിടി ആയിരുന്ന ഗവർണർക്കും കൂടി ഇനി സംസ്ഥാന സർക്കാരിന് പുറത്താക്കാൻ സാധിക്കില്ല.. കോടതി വിധി പ്രകാരം ഭരിക്കുന്ന സർക്കാരിന് ഭരണം മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യം വന്നാൽ ഗവർണ്ണർക്ക് പ്രസിഡണ്ട് ഭരണം ശുപാർശ ചെയ്യാം പക്ഷെ അത് ഇരു സഭകളിലും പാസായാൽ മാത്രമേ പ്രസിഡണ്ട് ഭരണം നിലവിൽ വരൂ, അല്ലെങ്കിൽ 2 മാസങ്ങൾക്ക് ശേഷം പ്രസിഡണ്ട് ഭരണത്തിന്റെ ഉത്തരവ് സ്വാഭാവികമായും റദ്ദാവും. ഭൂരിപക്ഷം ഉള്ള മുന്നണിക്കോ പാർട്ടിക്കോ തുടർന്ന് ഭരണം നിർവഹിക്കാം.. കോൺഗ്രസ് സ്വാതന്ത്ര്യത്തിനു ശേഷം അനവധി ഇന്ത്യൻ സംസ്‌ഥാനങ്ങളുടെ ഭരണം ബലമായി പിടിച്ചടക്കാൻ ഉപയോഗിച്ച് വന്ന ആർട്ടിക്കിൾ 356 എന്ന പ്രസിഡണ്ട് ഭരണത്തിന്റെ വകുപ്പിന്റെ മുന അങ്ങനെ സുപ്രീം കോടതി ഒടിച്ചു കളയുകയായിരുന്നു. കോൺഗ്രസിന്റെ അപ്രമാദിത്വം അംഗീകരിക്കാതെ തികച്ചും ജനാധിപത്യപരമായ ഭരണം നിർവ്വഹിക്കാൻ ശ്രമിച്ച ജനകീയ സർക്കാരുകളെ ആണ് ഫാസിസം എന്ന മുഷ്ടിയും ഗവർണ്ണറുടെ ഓഫീസുകൾ ദുരുപയോഗം ചെയ്തും കോൺഗ്രസ്സ് തച്ചു തകർത്തു കൊണ്ടിരുന്നത്. അതിനു ആദ്യ പ്രധാനമന്ത്രി നെഹ്‌റു മുതൽ അവസാനത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വരെ കൂട്ട് നിന്ന് എന്നത് കോൺഗ്രസ് എത്രത്തോളം ജനാധിപത്യത്തിന് പുറത്താണ് എന്നതിന് തെളിവാണ്.. .. പിന്നീട് പലപ്പോഴും ഈ കോടതി വിധി പല നിയമ സഭ കേസുകളിലും പ്രതിപാദിക്കപ്പെട്ടു…അങ്ങനെ സുപ്രീം കോടതി ഇടപെട്ടു 6 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് ഗവർണ്ണർ കാണിച്ച ഭരണഘടനാ ലംഘന തീരുമാനം തെറ്റാണു എന്ന് ചൂണ്ടി കാണിച്ചു തന്നു …

2005 – ജാർഖണ്ഡ് – അർജുൻ മുണ്ട

ജാർഖണ്ഡിൽ നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപി – ജെഡിയു സഖ്യമായി മത്സരിച്ചപ്പോൾ 81 സീറ്റുകൾ ഉള്ള ജാർഖണ്ഡ് അസംബ്ലിയിൽ ബിജെപി 30 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി. 6 സീറ്റുകൾ നേടിയ ജെഡിയു ഉൾപ്പെടെ 5 സ്വാതന്ത്രന്മാരുടെയും സമ്മത പത്രം ഉൾപ്പെടെ ബിജെപി – ജെഡിയു സഖ്യം ഗവർണ്ണർ സയ്യദ് സിബ്‌ദെ റാസി ക്ക് മുന്നിൽ ഹാജരാക്കി. ഗവർണ്ണർ സയ്യദ് റാസി യെ കുറിച്ച് പറഞ്ഞാൽ മുകളിൽ പറഞ്ഞ കോൺഗ്രസ് വിശ്വസ്തനും, മുൻ കോൺഗ്രസ് രാജ്യസഭ MP യും ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടിയെ നയിച്ചിരുന്ന ജനറൽ സെക്രട്ടറിയും ആയിരുന്നു സയ്യദ് റാസി. സയ്യദ് റാസിക്ക് കേന്ദ്രത്തിൽ നിന്നും , മൻമോഹൻ സിങ് – സോണിയ ഗാന്ധി സഖ്യത്തിൽ നിന്നും കിട്ടിയ ഉത്തരവ് ഇപ്രകാരം ആയിരുന്നു. ഒരു കാരണവശാലും NDA സഖ്യത്തെ സർക്കാർ ഉണ്ടാക്കാൻ അനുവദിക്കരുത്. അവരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാതിരിക്കാൻ എന്ത് വേണമെങ്കിലും ചെയ്യുക, കേന്ദ്രം പൂർണ്ണ പിന്തുണ നൽകും. വിനീത കോൺഗ്രസ് അനുയായി ആയിരുന്ന ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ MLA മാരുടെ ഒപ്പോടു കൂടിയ കത്ത് നൽകിയ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി അർജുൻ മുണ്ടയെ ഒഴിവാക്കി ഭൂരിപക്ഷവും ഇല്ല ഒപ്പും ഇല്ലാത്ത കോൺഗ്രസ് സഖ്യത്തിലെ ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറനെ സർക്കാർ ഉണ്ടാക്കി സത്യപ്രതിജ്ജ ചെയ്യാൻ ക്ഷണിച്ചു. ജാർഖണ്ഡ് മുക്തി മോർച്ചക്ക് 17 സീറ്റും കോൺഗ്രസിന് 9 സീറ്റും ആയിരുന്നു ലഭിച്ചിരുന്നത്. ഷിബു സോറൻ അങ്ങനെ 2005 ൽ ജാർഖണ്ഡ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നീതി ലഭിക്കാൻ പ്രസിഡണ്ട് APJ അബ്ദുൽ കലാമിനെ സമീപിച്ചു . കൂടാതെ അർജുൻ മുണ്ട ജാർഖണ്ഡിൽ നടന്ന ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടനയുടെ നഗ്നമായ ലംഘനം നടത്തിയ ഗവർണറെ പ്രസിഡണ്ട് കലാം ഡൽഹിക്ക് വിളിപ്പിച്ചു വിശദീകരണം ആവശ്യപ്പെട്ടു. ശേഷം ഷിബു സോറനും കോൺഗ്രസിനും ഭൂരിപക്ഷം തെളിയിക്കാൻ നൽകിയ സമയം വെട്ടിക്കുറച്ചു ഉത്തരവും ഇട്ടു. പക്ഷെ സുപ്രീം കോടതി ഒരുപടി കൂടി കടന്നു കൊണ്ട് കോൺഗ്രെസ്സുകാരൻ ആയ ഗവർണറെ വിമർശിച്ചു കൊണ്ടും പ്രസിഡണ്ട് നൽകിയ സമയം വീണ്ടും വെട്ടിച്ചുരുക്കി.

പക്ഷെ കല്ല് വച്ച നുണയും ഗവർണ്ണറുടെ ഓഫീസിന്റെ അധികാര ദുർവിനിയോഗവും കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ പിന്തുണയും കൂടെ ഉള്ളത് കൊണ്ട് ഭരണഘടനാ മാറ്റി നിർത്തി അധികാരം പിടിക്കാൻ ശ്രമിച്ച കോൺഗ്രസ് സഖ്യത്തിന് തിരിച്ചടി നേരിട്ട് കൊണ്ട് ഷിബു സോറനു ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ല.. അങ്ങനെ സത്യപ്രതിജ്ഞ ചെയ്ത ഷിബു സോറൻ രാജി വച്ചു പുറത്തു പോയി. ബിജെപി നേതാവ് അർജുൻ മുണ്ട ഭൂരിപക്ഷം നേടി ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് ജയിച്ചു ഭരണഘടനാ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ ഏറി. പക്ഷെ ബിജെപി ഭരിക്കുന്ന സംസ്‌ഥാനം ആയ ജാർഖണ്ഡിന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് വലിയ കളികൾ ആണ് കാത്തു വച്ചത് എന്നത് അർജുൻ മുണ്ട നേരിട്ട മറ്റൊരു ജനാധിപത്യ വെല്ലുവിളി ആയിരുന്നു…

>> 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം മേൽവിവരിച്ച ചില സംഭവങ്ങളെ കൂടാതെ അനവധി തവണ കോൺഗ്രസ് ഗവർണ്ണറുടെ ഓഫീസും പ്രസിഡന്റിന്റെ ഓഫീസും അധികാര ദുർവ്വിനിയോഗത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി നെഹ്‌റു കേരളത്തിലെ ഇ.എം.എസ് സർക്കാരിനെ പിരിച്ചു വിട്ടത് മുതൽ അവസാന കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിംഗ് വരെ ഭരണഘടനക്ക് എതിരായി പ്രവർത്തിച്ചു കൊണ്ട് ജനാധിപത്യ രീതിയിൽ വിജയിച്ച ബിജെപി യെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. തികച്ചും ഫാസിസ്റ്റ് രീതിയിൽ ഇന്ത്യൻ നിയമ നിർമ്മാണവും ഭരണവും നടക്കുന്ന ഇന്ത്യൻ നിയമനിർമ്മാണ സഭകൾ രണ്ടും പിരിച്ചു വിട്ടു കൊണ്ട്, സഭ കൂടാത്ത സമയത്തു ഭരണഘടനാ തന്നെ തിരുത്തിയ ആളാണ് കോൺഗ്രസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി. അതായത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നാല് സ്തംഭങ്ങൾ തന്നെ കാറ്റിൽ പറത്തിയ ആളുകൾ ആണ് കോൺഗ്രസ്. ഭരണഘടന തിരുത്തുക, സഭകൾ പിരിച്ചു വിടുക, സർക്കാരുകൾ പിരിച്ചു വിടുക, പത്ര മാധ്യമങ്ങളെ നിരോധിക്കുക അങ്ങനെ 60 കൊല്ലം കൊണ്ട് അധികാരം പിടിച്ചടക്കാൻ കോൺഗ്രസ് ചെയ്ത ജനാധിപത്യ ലംഘനങ്ങൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും ഒരു കയ്യും കണക്കും ഇല്ല.. ആ കോൺഗ്രസ് ഇപ്പോൾ സർക്കാർ ഉണ്ടാക്കാൻ ജനാധിപത്യവും ഭരണഘടനയും ഗവർണ്ണറുടെ അധികാരവും ഒക്കെ പറഞ്ഞു ഘോരം ഘോരം പ്രസംഗിക്കുമ്പോൾ യഥാർത്ഥത്തിൽ ഇന്ത്യൻ ചരിത്രം കോൺഗ്രസിനെ നോക്കി പൊട്ടി പൊട്ടി ചിരിക്കുകയാണ് ചെയ്യുന്നത്. ചരിത്രം മുഴുവൻ തെളിവുകളും നിരത്തി നമുക്ക് മുന്നിൽ അതിന്റെ താളുകൾ നിവർത്തി വച്ചിരിക്കുന്നു. ഒന്ന് നോക്കി വായിക്കുകയെ വേണ്ടൂ.. അതിനു എങ്കിലും ഇന്ത്യൻ ജനത സമയം മാറ്റി വക്കണം. സ്വന്തം ചിന്താ ശേഷി പണയം വെക്കരുത് ഇന്ത്യൻ ജനത…

ജയ് ഹിന്ദ് ..