ആ 11 ദിവസങ്ങളിൽ നടന്നത് ? പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ കൗണ്ട്ഡൗൺ – അവലോകനം.

— വിശ്വരാജ് വിശ്വ —

 
ഫെബ്രുവരി 26, ഇന്ന് രാവിലെ പാകിസ്താനിലെ ബാലക്കോട്ട് പ്രദേശത്തെ, ജാബാ ഗ്രാമം. കർഷകനായ മുഹമ്മദ് ആദിൽ മൂന്നു മണിക്ക് രാവിലെ ഞെട്ടി ഉണർന്നത് വലിയ ഒരു സ്ഫോടന ശബ്ദം കേട്ടാണ്. പിന്നീട് തുടരെ തുടരെ സ്ഫോടനങ്ങൾ നടന്നു. ആദ്യം ഭൂമി കുലുക്കം ആണെന്നാണ് മൊഹമ്മദലിയും കുടുംബവും കരുതിയത്, പിന്നീട് ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ ഹുങ്കാരം ആകാശത്തു മുഴുങ്ങാൻ തുടങ്ങിയതോടെ പുറത്തെത്തിയ ഗ്രാമവാസികൾക്ക് കാര്യം പിടികിട്ടി. ചീറി പായുന്ന യുദ്ധവിമാനങ്ങൾ കുന്നിന്റെ മുകളിൽ ഉള്ള റിസോർട്ടുകളിൽ തീ മഴ വർഷിക്കുന്നത് കാണാൻ സാധിക്കുമായിരുന്നു. നേരം വെളുത്തപ്പോൾ ആ പ്രദേശത്തു എത്തിയ അവർക്ക് കാണാൻ കഴിഞ്ഞത്

New Delhi: Prime Minister Narendra Modi pays tribute to the martyred CRPF jawans, who lost their lives in Thursday’s Pulwama terror attack, after their mortal remains were brought at AFS Palam in New Delhi, Friday, Feb 15, 2019. (PTI Photo/Manvender Vashist) (PTI2_15_2019_000214B)

ആ കുന്നിൽ മുകളിൽ സ്ഥിതി ചെയ്യുകയായിരുന്ന കുറച്ചു വീടുകളുടെ സ്ഥലത്തു ഒരു ചാര കൂമ്പാരം മാത്രമായിരുന്നു… അതെ ഇന്ത്യൻ വ്യോമസേനയുടെ Customized Dassault Mirage 2000 ഫൈറ്റർ ജെറ്റുകൾ വർഷിച്ച അഗ്നിനാളങ്ങൾ, GBU – 12 എന്ന അമേരിക്കൻ നിർമ്മിത ലേസർ ഗൈഡഡ് ബോംബുകളുടെ പ്രഹര ശേഷിയാണ് അവിടെ കണ്ടത്… ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇക്കാര്യം പത്രസമ്മേളനത്തിൽ സ്ഥിതീകരിച്ചു കൊണ്ട്, ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ അടക്കം 3 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ വിജയകരമായ Pre-Emptive എയർ സ്‌ട്രൈക്കിന്റെ വിശദ വിവരങ്ങൾ ലോകത്തിനു മുന്നിൽ വിവരിച്ചു.

 
പുൽവാമ, കശ്മീർ – Feb 14 – ഇന്ത്യയെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയ ജിഹാദി ഭീകരവാദ ആക്രമണ വാർത്ത ഒരു ഞെട്ടലോടെ ആണ് അന്ന് നമ്മൾ കേട്ടത്. സാധാരണ കശ്മീർ താഴ്‌വരയിൽ ഉണ്ടാവുന്ന ഫിദായീൻ തീവ്രവാദ ആക്രമണത്തിൽ നിന്നും തീർത്തും വിഭിന്നമായി, ഇറാഖിലും സിറിയയിലും അഫ്ഗാനിലും എല്ലാം ഉള്ള ഇസ്ലാമിക ഭീകര സംഘടനകളുടെ രീതി പോലെ ഒരു വാഹനത്തിൽ അതീവ സ്‌ഫോടക ശേഷി ഉള്ള IED Improvised explosive device നിറച്ചു കൊണ്ട് ഇന്ത്യൻ പാരാമിലിട്ടറി സൈന്യം ആയ CRPF ജവാന്മാർ യാത്ര ചെയ്യുന്ന സൈനിക വാഹന വ്യൂഹത്തിൽ കൊണ്ട് പോയി ഇടിച്ചു കയറ്റി ട്രിഗ്ഗർ ചെയ്തു പൊട്ടിക്കുകയാണ് ഉണ്ടായത്. സൈനിക വ്യൂഹത്തിലെ അഞ്ചാമത്തെ ബസിൽ ഉണ്ടായിരുന്ന സർവ്വരും ഉടനടി മരിച്ചു. രാജ്യത്തിന് നഷ്ടമായത് 40 വീര ജവാന്മാരെ ആയിരുന്നു. ഇന്ത്യൻ സൈന്യത്തെ നേർക്കുനേർ നേരിടാൻ ആവാതെ കാശ്മീരി യുവജനതയെ “സ്വർഗ്ഗം നേടാൻ ” പ്രലോഭിപ്പിച്ചും , പണം നൽകിയും, മതഭീകരത വളർത്തിയും എല്ലാം, പാകിസ്ഥാൻ സൈന്യവും ISI യും മറ്റു ഭീകര സംഘടനകളും വളർത്തി എടുക്കുന്ന ജിഹാദി ഭീകര സംഘടനകളിൽ ഒന്നായ ജയ്‌ഷെ മുഹമ്മദ് അതിന്റെ ഉത്തവാദിത്വം ഏറ്റെടുത്തു കൊണ്ട് സ്വയം ചാവേർ ആയി മാറിയ ആദിൽ അഹമ്മദിന്റെ വീഡിയോ അടക്കം പുറത്തു വിട്ടു. നമ്മുടെ വീര ജവാന്മാരുടെ വീരമൃത്യുവിൽ ദുഃഖം അണപൊട്ടി ഒഴുകിയതിന്റെ കൂടെ പാകിസ്ഥാന് തിരിച്ചടി നൽകണം എന്ന മുറവിളി ഉയരാനും അധികം താമസം ഉണ്ടായില്ല… മോദിയുടെ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയം നേട്ടം കൊയ്യാൻ വേണ്ടി ഭീകരവാദ ആക്രമണം ഒരു മറയാക്കിയ കോൺഗ്രസ് പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അവസരം മുതലെടുക്കാൻ താമസം ഉണ്ടായില്ല.. എവിടെ മോദിയുടെ 56 ഇഞ്ചിന്റെ നെഞ്ചളവ് കാണട്ടെ എന്ന് പോലും സ്ഥലകാല ബോധം ഇല്ലാതെ രാഷ്ട്രീയ കക്ഷികൾ പരിഹാസം ചൊരിയാൻ തുടങ്ങി … പുൽവാമ ആക്രമണത്തിന് പാകിസ്ഥാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. 40 ഇന്ത്യൻ സൈനികരുടെ വീര മൃത്യു ഒരിക്കലും പാഴാവില്ല എന്ന് അദ്ദേഹം അന്ന് തന്നെ പറഞ്ഞത് വെറുമൊരു അപലപിക്കാൻ സന്ദേശം മാത്രമായിരുന്നില്ല. സൈന്യത്തിന് അതിർത്തിയിൽ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു കൊണ്ട് തിരിച്ചടി ശക്തമാക്കാൻ ആവശ്യപ്പെട്ട മോഡി പക്ഷെ അണിയറയിൽ ഒരുക്കുന്ന തിരിച്ചടിക്കുള്ള തയ്യാറെടുപ്പുകൾ ഇന്ന് രാവിലെ വരെ അതീവ രഹസ്യമായിരുന്നു. തിരിച്ചടിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഒരു ദിവസം പോലും പ്രധാനമന്ത്രി വൈകിച്ചില്ല എന്നത് ഈ വ്യോമ ആക്രമണത്തിൻറെ ആസൂത്രണത്തെ കുറിച്ച് അറിയുമ്പോൾ നമ്മൾ അഭിമാനത്തോടെ മനസിലാക്കും . ഏതൊരു ഹോളിവുഡ് കമാൻഡോ സ്‌പെഷ്യൽ ഓപ്പറേഷൻസ് സിനിമയെ വെല്ലുന്ന കാര്യങ്ങൾ ആണ് പിന്നീട് തിരശീലക്കു പിന്നിൽ നടന്നത്..
 
പുൽവാമ ആക്രമണം നടന്നതിന്റെ പിറ്റേന്ന് അതായത് ഫെബ്രുവരി 15 ന് പ്രധാനമായും 2 ചർച്ചകൾ നടന്നു. ഒന്ന് Cabinet Committee on Security (CCS) – ഇന്ത്യയുടെ സുരക്ഷയെ മുൻനിർത്തി ഉള്ള കേന്ദ്ര സർക്കാരിന്റെ മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നത തല കമ്മിറ്റി ആണ് CCS , അതിനു പിന്നാലെ 3 സായുധ സേനകളുടെ തലവന്മാരും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയ അജിത് ഡോവലിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉൾപ്പെട്ട മറ്റൊരു ചർച്ചയും. ‘തിരിച്ചടി എങ്ങനെ വേണം’ എന്ന് മാത്രമാണ് അദ്ദേഹം സായുധ സേന തലവന്മാരോട് ആരാഞ്ഞത്. ഇന്ത്യൻ പാരാകമാൻഡോകൾ ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചുള്ള ഭയം നിമിത്തം പുൽവാമ സംഭവം കഴിഞ്ഞ ഉടനെ നിയന്ത്രണ രേഖക്ക് അടുത്തുള്ള മുഴുവൻ ഭീകരവാദ ക്യാമ്പുകളും ഉപേക്ഷിച്ചു പാക് അതിർത്തിക്ക് അടുത്തുള്ള താവളങ്ങളിലേക്ക് പിൻവാങ്ങാൻ പാക് സൈന്യം ഭീകരരോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ കര മാർഗ്ഗം ഉള്ള അപ്രതീക്ഷിത ആക്രമണം ആ സാഹചര്യത്തിൽ അസാധ്യം ആയി മാറി. അത്തരം ഒരു ശ്രമം പ്രതീക്ഷിച്ചു ഇരിക്കുന്ന പാകിസ്ഥാൻ സേനക്ക് നമ്മുടെ കുറച്ചു ജവാന്മാരെ കൂടി കുരുതി കൊടുക്കുന്ന നടപടി ആയി മാറാനുള്ള സാധ്യത ഏറെയായിരുന്നു ..
പക്ഷെ വ്യോമ സേന തലവൻ എയർമാർഷൽ ബിരേന്ദർ സിംഗ് ധനോവ എത്തിയത് കൃത്യമായ പ്ലാനുമായി ആയിരുന്നു. LOC – നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ അവരുടെ ആസ്ഥാനം പോലെ തന്നെ തന്ത്ര പ്രധാനമായ താവളം ആയ ബാലക്കോട്ടിലെ കേന്ദ്രത്തിലേക്കാണ് പോയത് എന്ന് RAW യുടെ ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. അത് കൂടാതെ ജിഹാദി കൃഷിയിടം എന്നറിയപ്പെടുന്ന മുസാഫറാബാദ്, ജനസാന്ദ്രതയുള്ള ചാക്കോതി കൂടാതെ 5 ഓളം ഭീകര കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങളും ആക്രമണ രീതിയും എയർ മാർഷൽ ധനോവ വിശദമാക്കി. ജയേഷേ മുഹമ്മദ് തലവനും ലോകത്തെ അനേക രാഷ്ട്രങ്ങൾ തിരയുന്ന ജിഹാദി ഭീകരനും ആയ മസൂദ് അസറിന്റെ സഹോദരി ഭർത്താവും ആയ ജെയ്‌ഷെ വൃത്തങ്ങളിൽ രണ്ടാമനും ആയ ഉസ്താദ് ഘോറി എന്നറിയപ്പെടുന്ന മൗലാനാ യൂസഫ് അസർ ആണ് ബാലാക്കോട്ടിൽ ഉള്ള ആഡംബര റിസോർട്ട് പോലെയുള്ള തീവ്രവാദ ക്യാമ്പിന്റെ മേധാവി എന്നും ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു. ബാലകോട്ട് എന്നത് പാകിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യത്തിനുള്ളിൽ ഉള്ള ഒരു പ്രവിശ്യ ആണ്. പാക് അധിനിവേശ കശ്മീർ പോലെ ഒരു തർക്ക പ്രദേശം അല്ല. കൃത്യമായും പാകിസ്ഥാൻ അതിർക്കുള്ളിൽ വരുന്ന ഒരു പ്രദേശമാണ് ബാലക്കോട്ട്. അപ്പോൾ ആ കേന്ദ്രത്തെ ആക്രമിക്കുക എന്നത് ഒരു അണ്വായുധ രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ കയറി ആക്രമിക്കുക എന്നത് തന്നെയാണ്.. അതിന്റെ പ്രത്യാഘാതം എന്താവും എന്ന് പേടിച്ചു വിറച്ചു മുൻ സർക്കാരുകൾ കാണിച്ച അലസതയും നമ്മുടെ സ്വന്തം സൈന്യത്തിൽ ഉള്ള വിശ്വാസമില്ലായ്മയും മോദിക്ക് ഉണ്ടായില്ല.. ആക്രമണം നടത്തേണ്ടത് , യുദ്ധം നടക്കേണ്ടത് ശത്രുവിന്റെ മണ്ണിൽ തന്നെയാവണം എന്നത് ചാണക്യന്റെ യുദ്ധ തന്ത്രം ആണ്. പ്രധാനമന്ത്രിയുടെ അനുവാദത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പിന്നെ ഇന്ന് നമ്മൾ കണ്ടത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവീര്യത്തിന്റെ മകുടോദാഹരണമാണ് .. ഇന്ത്യൻ വ്യോമ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏതാണ്ട് 300 ൽ അധികം ഭീകരർ ആണ് എന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്..
 
11 ദിവസത്തെ ആസൂത്രണ പർവ്വം :
 
ഫെബ്രുവരി 15 – സായുധ സേന തലവന്മാരുടെ യോഗത്തിൽ എയർ മാർഷൽ BS ധനോവ വ്യോമാക്രമണത്തിന്റെ പദ്ധതി അജിത് ഡോവലിനും പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും വിശദീകരിക്കുന്നു.
 
ഫെബ്രുവരി 16 – 20 – ഇന്ത്യൻ വ്യോമസേനയുടെ ആളില്ല സർവേലൻസ് വിമാനം ആയ ഇസ്രായേൽ നിർമ്മിത ഹെറോൺ ഡ്രോൺ ഉപയോഗിച്ച് പാക് അധിനിവേശ കാശ്മീരിൽ വരെയുള്ള ഭീകരവാദ ക്യാമ്പുകൾ കൃത്യമായി മാപ്പ് ചെയ്യുന്നു. അതോടൊപ്പം ഇന്ത്യൻ സായുധ സേനക്ക് വേണ്ടി ISRO നിർമ്മിച്ച
കാർട്ടോസാറ്റ് – 2 സീരീസ് ഉപഗ്രഹങ്ങൾ വഴി പാകിസ്ഥാൻ പ്രവിശ്യക്കുള്ളിൽ ഉള്ള ബാലാക്കോട്ട് അടക്കമുള്ള ചില ജിഹാദി ട്രെയിനിങ് തീവ്രവാദി ക്യാമ്പിന്റെ ആകാശ ദൃശ്യങ്ങൾ മിനിറ്റ് ബൈ മിനിറ്റ് ശേഖരിക്കുന്നു.
 
ഫെബ്രുവരി 20 -22 – ഇന്ത്യൻ വ്യോമസേനയും ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസി ആയ RAW യും ചേർന്ന് ശേഖരിച്ച വിവരങ്ങൾ വച്ച് ഇന്ത്യൻ വായുസേനക്ക് ഏറ്റവും കുറഞ്ഞ കാഷ്വാലിറ്റി (അപകടം ) വരുന്ന ലക്ഷ്യങ്ങൾ / ടാർഗറ്റ് തെരഞ്ഞെടുക്കുന്നു പക്ഷെ കുറഞ്ഞ സമയം കൊണ്ട് ശത്രുവിന്റെ പരമാവധി നഷ്ടം ആയിരുന്നു നമ്മുടെ ലക്‌ഷ്യം. . ശേഷം ഈ പ്ലാനുകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഈ ദൗത്യത്തിന്റെ ചുമതലക്കാരനും ആയ അജിത് ഡോവലിന്റെ മുന്നിൽ അവതരിപ്പിക്കുന്നു. അജിത് ഡോവൽ പദ്ധതിക്ക് അനുമതി നൽകുന്നു .
 
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ Customized യുദ്ധവിമാനം മിറാജ് 2000 ത്തിന്റെ Tiger 1 സ്ക്വാഡ്രൺ പിന്നെ 7- Battle Axes സ്ക്വാഡ്രനുകളിൽ നിന്നും 12 യുദ്ധവിമാനങ്ങൾ ഈ വ്യോമാക്രമണത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നു. കൂടാതെ ഈ മിഷന് വേണ്ടി Precision Strike പുലികൾ ആയ കോംബാറ്റ് മിഷൻ പൈലറ്റുമാരെയും തെരെഞ്ഞടുക്കുന്നു.
 
ഫെബ്രുവരി 24 – തീർത്തും സംശയം തോന്നാത്ത രീതിയിൽ ഈ മിഷന് വേണ്ടി പരിശീലനം നടക്കുന്നു. മധ്യപ്രദേശിൽ ഭോപ്പാലിനും മഹാരാഷ്ട്രയിലെ നാഗ്‌പൂരിനും മുകളിൽ മധ്യഭാരതത്തിൽ ട്രയലുകൾ നടത്തുന്നു. ആകാശത്തു വച്ച് തന്നെ ഇന്ധനം നിറക്കുന്നതും പരിശീലനം നടത്തുന്നു. അതിനു വേണ്ടി ഭതിണ്ട എയർ ബസും ആഗ്ര എയർബേസും ആണ് ഉപയോഗിച്ചത്..
 
ഫെബ്രുവരി 25 – 26 – 25 രാത്രി മുതൽ ഉള്ള ഒരുക്കങ്ങൾ കലാശത്തിലേക്ക്.. ലോകം മുഴുവൻ ഉറങ്ങുമ്പോൾ , ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ആളില്ല വിമാനം ആയ Tactical Surveilance Drone ഇസ്രായേൽ നിർമ്മിത Heron – ഹെറോൺ ഏതോ അജ്ഞത കേന്ദ്രത്തിൽ നിന്ന് വളരെ നേരത്തെ തന്നെ ആക്രമണ ലക്ഷ്യ സ്ഥാനത്തേക്ക് ഡിപ്ലോയ് ചെയ്തു. ഭതിണ്ട എയർ ബേസിൽ നിന്ന് വാണിങ് ജെറ്റിനെ നിയോഗിക്കുന്നു.. ശേഷം ആഗ്ര എയർ ഫോഴ്‌സ് ബേസിൽ നിന്ന് ആകാശത്തു വച്ച് ഇന്ധനം നിറക്കാൻ സജ്ജമായ ടാങ്കർ വിമാനം റഷ്യൻ നിർമ്മിത Aeriel Fuel Filling Tanker ആയ Ilyushin Il-78 ആകാശത്തേക്ക് ഉയർന്നു.. ഇനി ഇന്നത്തെ സൂപ്പർ ഹീറോകൾ – എയർ ഫോഴ്‌സിന്റെ ഗ്വാളിയോർ ബേസിൽ നിന്നും 12 മിറാജ് 2000 വിമാനങ്ങൾ ലേസർ ഗൈഡഡ് ബോംബുകൾ വഹിച്ച മിസൈലുകളും ആയി പറന്നുയർന്നു. ഇന്ത്യൻ സമയം പുലർച്ചെ 0320 മുതൽ 0405 വരെയുള്ള സമയത്തു 3 കേന്ദ്രങ്ങളിൽ നേരത്തെ നിശ്ചയിച്ച രീതിയിൽ കനത്ത വ്യോമാക്രമണം നടത്തുന്നു. ബാലക്കോട്ടിലെ കുന്നിൻ മുകളിലെ തീവ്രവാദ സങ്കേതം പൂർണ്ണമായും നശിപ്പിച്ചു ചാരക്കൂമ്പാരം ആക്കി മാറ്റി. താഴ്ന്നു പറന്ന ആദ്യ സംഘം മിറാജ് വിമാനങ്ങൾ “Lightening POD” അതാത് ടാർഗെറ്റുകളെ കൃത്യമായി മാർക്ക് ചെയ്തു. പെയിന്റിംഗ് എന്നാണ് ഇതിനെ പറയുന്നത്. “പെയിന്റ്” ചെയ്യപ്പെടുന്ന ലൊക്കേഷനുകൾ പിന്നീട് വരുന്ന പൈലറ്റുകൾ “ലോക്ക്” ചെയ്യുകയും Precision-guided munition (PGM) ആയ ലേസർ ഗൈഡഡ് ബോംബുകൾ ആ ലക്‌ഷ്യം കൃത്യമായി ഭേദിക്കുകയും ചെയ്യുന്നു.
 
ഇന്ന് രാവിലെ എയർ മാർഷൽ ധനോവ സീറോ കാഷ്വലിറ്റിയിൽ ഇന്ത്യൻ പോർ വിമാനങ്ങൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയ വിവരം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിക്കുന്നു..
 
ഫെബ്രുവരി 26 ഉച്ചക്ക് ശേഷം – ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യൻ വ്യോമ സേന നടത്തിയ മിന്നൽ വ്യോമാക്രമണത്തെ കുറിച്ച് ഔദ്യോഗികമായി ലോകത്തെ അറിയിക്കുന്നു. പാകിസ്താന്റെ അകത്തും പുറത്തും പാകിസ്താന്റെ മൗന അനുവാദത്തോടെ നടത്തപ്പെടുന്ന ജിഹാദി ഭീകര ക്യാമ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്ത്യ പല വട്ടം പാകിസ്ഥാൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.. പുൽവാമ ആക്രമണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ പല ഇടത്തായി തമ്പടിക്കുകയും ഇനിയും ഇന്ത്യയിൽ ചാവേർ ആക്രമണം പദ്ധതി ഇടുകയും ചെയ്യുന്നുണ്ട് എന്ന് ഇന്ത്യ രണ്ടു ദിവസം മുന്നേ പാകിസ്‌ഥാൻ സർക്കാരിനെ അറിയിച്ചു എങ്കിലും ഫലം ഉണ്ടാവാത്ത സാഹചര്യത്തിൽ പാകിസ്താന്റെ അകത്തു ഉള്ള ജെയ്‌ഷെ ഭീകരവാദ ക്യാമ്പുകൾ ഉൾപ്പെടുള്ളവ ആക്രമിച്ചു നശിപ്പിക്കാൻ ഇന്ത്യ നിർബന്ധിതർ ആയി എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീ വിജയ് ഗോഖലെ പത്ര സമ്മേളനം അവസാനിപ്പിച്ചത്. ഏതാണ്ട് 300 ഓളം ഭീകരവാദികളും ഫിദായീൻ ജിഹാദികളും കൊല്ലപ്പെട്ടത് കൂടാതെ സുപ്രധാന ജെയ്‌ഷെ പരിശീലനം കേന്ദ്രങ്ങളും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൂടി ആണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ നശിപ്പിക്കപ്പെട്ടത്..
 
രാജ്യമാണ് ആദ്യം. ബാക്കി എല്ലാം അതിന് മുന്നിൽ ഒന്നുമല്ല. ഈ ദൃഡപ്രതിജ്ഞയും അതിനു വേണ്ടി തന മന അർപ്പണം നടത്താൻ ഉള്ള മനസ്സും ആണ് രാജ്യത്തിന്റെ ജയപരാജയം നിയശ്ചയിക്കുന്ന, രാജ്യത്തിന്റെ അഭിനമാനം കാക്കുന്ന ഏതൊരു തീരുമാനത്തിനും പിന്നിൽ..
RSS കാരനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്ര ചിന്തയും അതിന്റെ പുരോഗതിയും സുരക്ഷയും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് ചിന്തിക്കാൻ ഉള്ളത്..
ആ തീരുമാനങ്ങൾ കരുത്തുറ്റതാണ്.. അദ്ദേഹം ഇന്നു രാജസ്ഥാനിൽ പറഞ്ഞത് ആണ് വാസ്തവം..
 
” ഭാരതത്തിന്റെ ശിരസ്സ് കുനിയാൻ ഞാൻ അനുവദിക്കില്ല” …
 
(26/11 മുംബൈ ഭീകര ആക്രമണ സമയത്തു ഇന്ത്യൻ വ്യോമസേനതലവൻ ഇത് പോലെ തന്നെ ശക്തമായ തിരിച്ചടി കൊടുക്കാൻ വേണ്ടി മുസാഫറാബാദ് ലഷ്കർ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താനുള്ള പ്ലാനുകൾ തയ്യാറാക്കി 24 മണിക്കൂറിനുള്ളിൽ UPA സർക്കാരിനെ സമീപിച്ചു. എന്നാൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന , സർക്കാർ വ്യോമസേനയെയും ആക്രമണ പദ്ധതിയും തള്ളിക്കളഞ്ഞു .
ശക്തമായ തീരുമാനം , അതു എടുക്കാൻ 56 ഇഞ്ചിന്റെ നെഞ്ച് തന്നെ വേണം, കൂടെ നട്ടെല്ലും ധൈര്യവും… മോദിക്ക് അതുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. )