മൂടിവെക്കപ്പെടുന്ന വ്യക്തിനിയമങ്ങൾ..

            14826379_1793568750931186_1635103146_nകൊളോണിയന്‍ കാലഘട്ടം മുതല്‍ക്കേ തന്നെ, ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും അന്നത് പ്രാബല്യത്തില്‍ കൊണ്ട് വരിക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഇന്നിപ്പോ രാജ്യം സ്വാതന്ത്രം നേടിയിട്ട് ഏഴു പതിറ്റാണ്ടോളം ആയിരിക്കുന്നു. മതേതരത്വത്തിനെ പരിഗണിച്ചു കൊണ്ടു തന്നെയുള്ള ഒരു ഭരണഘടനയും, ഭരണസംവിധാനവും നിലവിലുമുണ്ട്. എന്നു വെച്ചാല്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ തര്‍ക്കങ്ങള്‍ക്ക് ഇടയില്ലാത്ത വിധം സമൂഹത്തില്‍ ജീവിക്കാവുന്ന അവസ്ഥ ഇപ്പോള്‍ നിലവിലുണ്ട്. എന്നിരുന്നാലും വ്യക്തി സ്വാതന്ത്രമായ ചില വ്യവസ്ഥിതികളില്‍ ഇന്നും ചില തടസങ്ങള്‍ നില നില്‍ക്കുന്നു. ഏകീകൃത സിവിൽ കോഡ് എന്ന ആശയം നടപ്പിലായാൽ ഇവയൊക്കെ തുടച്ചുമാറ്റപ്പെടുകയും, ഇന്നീ തടസ്സങ്ങൾ നേരിടേണ്ടി വരുന്നവർക്ക് മറ്റുള്ളവരെപ്പോലെ തന്നെ തുല്യനീതി ലഭ്യമാവുകയും ചെയ്യും.ucc-header

സ്വാതന്ത്രം നേടിയതിനു ശേഷം, കൃത്യമായിപ്പറഞ്ഞാൽ 1950 കളുടെ തുടക്കം മുതലാണ് ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവില്‍ കൊണ്ടു വരുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതെങ്കിലും, ഒരു കേന്ദ്ര സര്‍ക്കാരോ, സ്ത്രീ സംഘടനകളോ ഈ ആവശ്യം ഉന്നയിച്ചു കൊണ്ടു വരുന്നത് ഇതാദ്യമായിട്ടാണ്. സിവിൽ കോഡ് കൊണ്ടു വരാമായിരുന്ന ഓരോ സാഹചര്യത്തിലും, വിശ്വാസങ്ങളുടെ കൂട്ടു പിടിച്ചു കൊണ്ട് അതിനെ തടയിടുകയോ, തടയിടീക്കുകയോ ആണ് പതിവ്. ഏകീകൃത സിവിൽ കോഡ് എന്നാല്‍ എന്താണെന്നു അതിനെ എതിര്‍ക്കുന്ന ഭൂരിഭാഗമാളുകള്‍ക്കും അറിയില്ല എന്നതാണ് ഒരു കാര്യം. ചിലരെങ്കിലും വിശ്വസിക്കുന്നത്, അല്ലെങ്കില്‍ അവരെ വിശ്വസിപ്പിച്ചിരിക്കുന്നത് ഏകീകൃത സിവിൽ കോഡ് എന്നാല്‍ ഭാരതത്തിനെ കാവി വല്‍ക്കരിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അജണ്ടയാണെന്നാണ്. ഒരു രാജ്യത്തെ വ്യക്തി നിയമങ്ങള്‍ ഒരു പോലെ അനുഭവിക്കാനുള്ള സാഹചര്യം ലിംഗ/മത ഭേദമന്യേ എല്ലാം പൌരന്മാര്‍ക്കും ലഭ്യമാക്കുക എന്ന ആശയമാണ് ഇപ്പോള്‍ മതത്തെ കൂട്ടുപ്പിടിച്ചു തടയുന്നതും, രാഷ്ട്രീയ അജണ്ടയായി ചിത്രീകരിക്കപ്പെടുന്നതും എന്ന് ഓര്‍ക്കുക.

ഏകീകൃത സിവിൽ കോഡ് നടപ്പിലക്കപ്പെട്ടാല്‍ മാറ്റം വരാവുന്ന കുറെ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കൂടി, ഇന്ന് പൊതു സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് പ്രധാനമായും മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന ‘മുത്വലാഖ്’, ‘ബഹുഭാര്യത്വം’ എന്നീ പ്രവണതകളെ ഇതെങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചാണ്. ഏകീകൃത സിവിൽ കോഡ് നിലവില്‍ വന്നാല്‍ ഇവ രണ്ടും നിര്‍ത്തലാക്കപ്പെടും. വിവാഹ സംബന്ധമായ കാര്യങ്ങള്‍ മാത്രമല്ല, സ്വത്തവകാശം പോലെയുള്ള മറ്റു വിഷയങ്ങളിലുമെല്ലാം മുസ്ലീം സമുദായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വം ഇല്ലാതാവുകയും ചെയ്യും.mutalaq

അതു കൊണ്ടു തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ പുരുഷ മേധാവിത്വമുള്ള പല ഇസ്ലാമിക സംഘടനകളും ഇത്തവണയും രംഗത്തിറങ്ങി. ഒരു പാടു ഇസ്ലാമിക രാജ്യങ്ങളില്‍ നിര്‍ത്തലാക്കപ്പെട്ട ബഹു ഭാര്യത്വവും, മുത്വലാഖും ഒരു മതേതര രാജ്യമായ ഇന്ത്യ തുടര്‍ന്നു കൊണ്ട് പോവണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകമ്മിmuslim-personal-law-boardഷന്‍ തയ്യാറാക്കിയ ചോദ്യാവലിക്കു എതിരെ മുസ്ലീം വെക്തി നിയമ ബോര്‍ഡ് സത്യവാങ്മൂലം നൽകി.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മുത്വലാഖിനെതിരായി സമര്‍പ്പിച്ച അഫിടവിറ്റിനെ എതിര്‍ക്കനായി മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് ചീഫ് ജസ്റ്റിസ് ടി എ ടാക്കൂറിനു മുമ്പാകെ നിരത്തിയ വാദമുഖങ്ങള്‍ വിചിത്രമായി തോന്നിയേക്കാം.
അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

1) തലാഖ് നിര്‍ത്തലാക്കപ്പെട്ടാല്‍ വിവാഹമോചനത്തിന് കാലതാമസമെടുക്കും. അത്തരം സാഹചര്യത്തില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ കൊല്ലുകയോ ജീവനോടെ കത്തിക്കുകയോ ചെയ്തേക്കാം.
2) വിവാഹ മോചനത്തിനായി കാത്തിരിക്കുന്ന കാലയളവില്‍ ഭര്‍ത്താവ് തന്റെ ഭാര്യ സ്വഭാവ ദൂഷ്യം ഉള്ളവളാണെന്ന് പറഞ്ഞു പരത്താന്‍ സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ ആ സ്ത്രീക്ക് പുനര്‍ വിവാഹത്തിന് തടസമാകും. അത് കൊണ്ട് തലാഖ് തന്നെയാണ് നല്ലത്.
3) ശരിയത്ത് നിയമം ഖുറാനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണ്. ശരിയത്ത് നിയമത്തിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനക്ക് ഇല്ല.
4) ബഹു ഭാര്യത്വം സ്ത്രീകള്‍ക്കൊരു അനുഗ്രഹമാണ്. ബഹു ഭാര്യത്വം അവസാനിപ്പിച്ചാല്‍ വേശ്യാവൃത്തി വര്‍ദ്ധിക്കും.
5) പുരുഷന്മാരുടെ മരണ നിരക്ക് കൂടുതലായതിനാല്‍ ഇപ്പോഴുള്ള സ്ത്രീ-പുരുഷ അനുപാതം ബാലന്‍സ്ഡ് അല്ല. ബഹു ഭാര്യത്വം കുറെ സ്ത്രീകള്‍ക്ക് വൈവാഹിക ജീവിതം സാദ്ധ്യമാക്കിക്കൊടുക്കുന്നു..
6) ബഹു ഭാര്യത്വം അവസാനിപ്പിച്ചാല്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കും.
7) എല്ലാ വിഭാഗങ്ങള്‍ക്കും ഭരണഘടനാ മത സ്വാതന്ത്രം ഉറപ്പ് നല്‍കുന്നുണ്ട്. അത് കൊണ്ട് ശരിയത് അനുവദിക്കണം.
8) സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവ് ഇല്ല. ആയതിനാല്‍ വിവാഹ മോചനത്തിന്റെ മുഴുവന്‍ അവകാശവും പുരുഷനാണ് ലഭിക്കേണ്ടത്.

മതപരമായ വിശ്വാസങ്ങളെ ഇട്ടെറിഞ്ഞു കൊണ്ടുള്ള നിയമത്തിന്റെ പൊളിച്ചെഴുത്തിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണു ഇസ്ലാമിക വ്യക്തി നിയമ ബോര്‍ഡിന്റെ ഇക്കാര്യത്തിലുള്ള നിലപാട്.
നല്ല നിലപാട് തന്നെ, പക്ഷെ അങ്ങിനെ മത വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കി കൊണ്ടുള്ള നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ ഇന്നേ വരെ സിവില്‍ നിയമത്തിലെ പോലെ തന്നെ, ക്രിമിനല്‍ നിയമത്തിലും ശരിയത് ഉള്‍പ്പെടുത്താന്‍ വേണ്ടി പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല ഖുറാനിലെവിടെയും ഇപ്പോള്‍ കാണപ്പെടുന്ന തരത്തിലുള്ള മൊഴി ചൊല്ലല്‍ (മൂന്ന് ത്വലാഖും ഒരുമിച്ചു ചെല്ലുന്നത്) അനുവദനീയവുമല്ല. അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മത വിശ്വാസ ലംഘനത്തിനെതിരെ എന്ത് കൊണ്ട് മുസ്ലീം സംഘടനകളൊന്നും ഇതേവരെ രംഗത്ത് വന്നിട്ടില്ല..?

നവ മാധ്യമങ്ങളിലൂടെയുള്ള (വാട്ട്സ്ആപ്പ്,ടെക്സ്ററ് മെസ്സേജ്) ത്വലാഖിനെ അംഗീകരിക്കവുന്നതാണ് എന്നു പറഞ്ഞ ഇസ്ലാമിക വ്യക്തി നിയമ ബോര്‍ഡ് തന്നെയാണ് ഇപ്പൊ മുത്വലാഖ് നിര്‍ത്തലാക്കരുതെന്ന ആവശ്യവുമായി ഇറങ്ങിയിരിക്കുന്നത്. talaq2
ഇസ്‌ലാമീക വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായത്തില്‍ 90% മുസ്ലീം സ്ത്രീകളും ശരിയത് നിയമത്തെ അനുകൂലിക്കുന്നവരാണ്. മാത്രമല്ല ഒരു ഏകീകൃത നിയമം കൊണ്ട് വരുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നുമുണ്ടെന്നാണ്.
അത് പറയേണ്ടത് ഇവരാണോ.?
ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനൊരു യോഗം വിളിച്ചു കൂട്ടി, അതില്‍ മേല്‍ജാതിക്കാരുടെ അഭിപ്രായം മാത്രം മാനിച്ചു കൊണ്ടൊരു തീരുമാനം എടുത്തിരുന്നതെങ്കില്‍, ഇന്നാട്ടില്‍ തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും ഒരിക്കലും ഇല്ലതാവുമായിരുന്നില്ലല്ലോ. അത് പോലെ തന്നെയാണ് ഒരു സ്ത്രീ പക്ഷ നിയമം കൊണ്ടു വരുന്നതിനെപ്പറ്റി മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നൊരു പുരുഷമേധാവിത്വ സംഘടന എതിര്‍ക്കുന്നതിനെ കാണാന്‍ കഴിbmmaയൂ.
ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് സ്ത്രീകളാണ്. അവരത് തുറന്നു പറയുന്നുമുണ്ട്. മുസ്ലീം സ്ത്രീകളുടെ സംഘടനയായ ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ (BMMA) പറയുന്നത്, സ്വാതന്ത്രം കിട്ടിയ നാള്‍ മുതല്‍ മുസ്ലീം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നാണ്. രാജ്യ വ്യാപകമായി BMMA നടത്തിയ സര്‍വേ പ്രകാരം 92% മുസ്ലീം സ്ത്രീകളും മുത്വലാഖിനേയും ബഹു ഭാര്യത്വത്തിനേയും എതിര്‍ക്കുന്നുമുണ്ട്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട്‌, 1872 ലെ ക്രിസ്ത്യന്‍ മാര്യേജ് ആക്ട്‌, 1937 ലെ മുസ്ലിം പേര്‍സണല്‍ ലോ (ശരി അത്) അപ്പ്ളിക്കേഷന്‍ ആക്ട്‌ എന്നിങ്ങനെ സ്വാതന്ത്രത്തിനു മുന്‍പും ശേഷവുമായി നില നിന്നിരുന്ന നിയമ വ്യവസ്ഥകളാണ് വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ (പ്രത്യേകിച്ചും വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, സ്വത്ത് വിഹിതം എന്നീ കാര്യങ്ങളുടെ) അടിസ്ഥാനം എന്ന് പറയാമെങ്കില്‍ കൂടി കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

1954 ല്‍ എല്ലാം കൊണ്ടും ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാവുന്ന സാഹചര്യമായിരുന്നിട്ടു കൂടി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹറു ഇന്ത്യയില്‍ ഒരു സിവില്‍ കോഡ് നടപ്പിലാക്കാന്‍ സമയമായിട്ടില്ല എന്ന് പ്രസ്താവിക്കുകയായിരുന്നു. പിന്നീടങ്ങോട്ടും കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ നിലപാടുകള്‍ മുസ്ലീം (പുരുഷ) പ്രീണനത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ളവയായിരുന്നു. അതിനു ഏറ്റവും നല്ല ഉദാഹരണം ഷാബാനു കേസ് തന്നെയാണ്. ഷാബാനു കേസ് പരിഗണിച്ച സുപ്രീം കോടതി അവര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും, ചിലവിനായി എല്ലാ മാസവും 500 രൂപ മുന്‍ ഭര്‍ത്താവ് നല്‍കണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു.വിധി വന്ന ഉടനെ മനുഷ്യനാല്‍ രൂപീകൃതമായ കേവല ഭരണകൂടങ്ങള്‍ ദേവീകമായ ഇസ്ലാമിക വ്യക്തി നിയമത്തെ കൈക്കടത്താന്‍ പാടില്ലെന്ന കാരണം പറഞ്ഞു ഇസ്ലാമിക സംഘടനകള്‍ രാജ്യവ്യാപകമായി പ്രക്ഷോപങ്ങള്‍ അഴിച്ചു വിട്ടു.

Shah Bano

നോക്കണേ,25 രൂപ ജീവനാംശം നൽകണമെന്നകോടതി വിധിക്ക് എതിരായി ഹൈകോടതിയെ സമീപിച്ച ഒരു ഭർത്താവും, (ഹൈകോടതി അന്നയാളുടെ വാദം തള്ളുകയും ചെലവ് 179 രൂപയായി വർധിപ്പിക്കുകയും ചെയ്തിരുന്നു.അവിടുന്ന് കേസ് സുപ്രീംകോടതിയിലെത്തുകയും അവിടെയും ഷാബാനു കേസ് ജയിക്കുകയും ചെയ്തു),വൃദ്ധയായ ഒരു സ്ത്രീ വഴിയാധാരമായാലും വേണ്ടില്ല കോടതി മതവിശ്വാസങ്ങളിൽ കൈ കടത്താൻ പാടില്ലാ എന്ന നിലപാടുമായി കുറെ മതനേതാക്കന്മാരും.

മനുഷ്യത്വത്തെക്കാളും മുകളിലായി വിശ്വാസത്തെ കാണുന്ന ഒരു പറ്റം ആളുകള്‍ അന്ന് സംഘടിപ്പിച്ച പ്രക്ഷോപങ്ങള്‍ വീണ്ടുമാവര്‍ത്തിക്കാതെയിരിക്കാന്‍ വേണ്ടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യാനാകുമായിരുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ആ അവസരത്തിലും ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നില്ല. അന്നത്തെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയമായതു കൊണ്ടായിരിക്കണം സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിലുള്ളോരു നിയമ നിര്‍മ്മാണം നടത്തി കളഞ്ഞു.വേണ്ടി വന്നാല്‍ ഭരണകൂടത്തെ വരെ മുട്ടു കുത്തിച്ചു തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാം എന്ന മത മൌലികവാദികളുടെ ആത്മവിശ്വാസം കൂടിയപ്പോള്‍ പക്ഷെ ദുരിതമനുഭവിക്കുന്ന മുസ്ലീം സ്ത്രീകളുടെ അവസ്ഥക്ക് ഇത് തെല്ലും സഹായകമായില്ല. പ്രസ്തുത നിയമത്തിന്റെ പേര് കേട്ട് ആരും ചിരിക്കരുത്.
‘മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈയ്റ്റ്സ് ഓൺ ഡിവോഴ്സ് ആക്ട്‌.’
സെക്ഷന്‍ 125 ല്‍ അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ വരുത്തിയ ഭേതഗതികള്‍ മുസ്ലീം സ്ത്രീകളുടെ പൌരാവകാശങ്ങളെ കാറ്റില്‍ പറത്തിയതിന്റെ തിക്താനുഭവങ്ങള്‍ ഇന്നും ശാബാനു‍മാരുംഇമ്രാനമാരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കേണ്ട അവസരം കളഞ്ഞു കുളിച്ച്, മത മൌലിക വാദികളെ പ്രോത്സാഹിപ്പിച്ചത് ചരിത്രപരമായ ഒരു മണ്ടത്തരമായെ വായിച്ചെടുക്കാന്‍ കഴിയൂ.

ഇന്നിപ്പോ ഒരിക്കല്‍ കൂടി ഏകീകൃത സിവില്‍ കോഡിന്റെ കീഴില്‍ ഈ വ്യവസ്ഥിതിക്കു ഒരു മാറ്റം വരാന്‍ ഒരുങ്ങിയിരിക്കയാണ്. ഓരോ തവണ ഈ പറഞ്ഞ വിഷയങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ വരുമ്പോളും മത സംഘടങ്ങള്‍ സ്ത്രീകളുടെ അഭിപ്രായം പരിഗണിക്കാതിരിക്കുകയും, ന്യൂനപക്ഷത്തിനെ ഒരു വോട്ടു ബാങ്കായി മാത്രം കാണുന്ന നേതാക്കള്‍ ഇതിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തു കൊണ്ട് പുരോഗമനപരമായ നിലപാടുകളുടെ കടക്കല്‍ കത്തി വെക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതല്ലേ.?
കേവലം മുസ്ലീം സാമുദായിക സമ്പ്രദായങ്ങൾ മാത്രമല്ല ഇന്ത്യയില്‍ നവീകരണത്തിന് വിധേയമാകപ്പെടുന്നത്.ഹൈന്ദവ വ്യക്തി നിയമങ്ങളിലും,സമ്പ്രദായങ്ങളിലും നിലവിലുണ്ടായിരുന്ന പല നീതികേടുകളും കാലാനുസൃതമായി നിയമ നിര്‍മ്മാണങ്ങള്‍ നടത്തി സര്‍ക്കാരും കോടതികളും പരിഹരിച്ചിട്ടുണ്ട്. 1955 ലെ ഹിന്ദു മാര്യേജ് ആക്ട്‌, 1956 ലെ സക്സിഷന്‍ ആക്ട്‌, 1956 ലെ മൈനോരിറ്റി & ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട്‌, 1956 ലെ അഡോപ്ഷന്‍ & മെയിന്റനന്‍സ് ആക്ട്‌ ഇതൊക്കെ അത്തരത്തില്‍ നവീകരണം നടത്തപ്പെട്ട നിയമങ്ങളാണ്.

മേല്‍പറഞ്ഞ വിഷയങ്ങളിൽ ഓരോ സമുദായത്തിനും വേണ്ടി പ്രത്യേകമായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം, വിവാഹം സ്വത്തവകാശം മുതലായ വിഷയങ്ങളില്‍ രാജ്യം മുഴുവനായി ഒരേ നിയമം കൊണ്ട് വരികയായിരുന്നു പണ്ടേ ചെയ്യേണ്ടിയിരുന്നത്. മുസ്ലിം സമുദായം അതിനു പ്രാപ്തരല്ല, കാലക്രമത്തില്‍ അതിനു വേറെ നിയമ നിര്‍മ്മാണങ്ങള്‍ നടത്താം മുതലായ വാദങ്ങള്‍ ശുദ്ധ ഭോഷ്ക്കുകള്‍ ആയിരുന്നെന്നു ഇന്നിപ്പോള്‍ ഇസ്ലാമിക സംഘടനകള്‍ ഏകീകൃത സിവില്‍ കോഡിനു എതിരായി നടത്തുന്ന പ്രചാരണങ്ങള്‍ കണ്ടാല്‍ മനസിലാകും. തെറ്റായ രീതികള്‍, അത് പിന്തുടരുന്നവരുടെ മാനസീകാവസ്ഥ മാറുമ്പോള്‍ ശരിപ്പെടുത്താം എന്നത് എന്ത് യുക്തിയാണ്?talaq-protest-web

മുത്വലാക്, ബഹുഭാര്യത്വം, തുടങ്ങിയ വിഷയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നിരന്തരം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോളും ഖുറാന്‍,ഹദീസ്, ശെരി അത് തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ വെക്തി സ്വാതന്ത്രത്തിനെ തടയിടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന വസ്തുത പല പുരോഗമന മുസ്ലീം നേതാക്കന്‍മാരും മുസ്ലീം സ്ത്രീ സംഘടനകളും അംഗീകരിക്കുന്നുണ്ട്.

എതിര്‍ക്കാന്‍ കാരണമാവുന്ന ഉദ്ദേശങ്ങള്‍ എന്ത് തന്നെ ആയാലും, അതിപ്പോള്‍ മത വിശ്വാസമാണെങ്കിലും ജനസംഖ്യയെ കുറിച്ചുള്ള ആശങ്കയായാലും ഇന്നീ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതത്തിന് അതൊന്നുമൊരു മറുപടിയാവില്ല. സ്വന്തം ഭര്‍ത്താവ് താനുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ തന്നെ മറ്റൊരു വിവാഹങ്ങള്‍ കഴിക്കുന്നതിനോടും ഒരു താലാഖിന്റെ പുറത്തു ബന്ധം അവസാനിപ്പിക്കുന്നതിനോടും ഒരു സ്ത്രീക്കും യോജിപ്പുണ്ടാവില്ല. എല്ലാ കുടുംബങ്ങളുടെയും കാര്യം ഇങ്ങനെ അല്ലായെങ്കില്‍ കൂടി, വിവാഹ ജീവിതമെന്നാല്‍ പുരുഷന്റെ താല്‍പര്യ പ്രകാരം ഏതു നിമിഷവും അവസാനിപ്പിക്കാവുന്ന ഒന്നല്ല എന്നാ അറിവ് ഒരു സ്ത്രീക്ക് കൊടുക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌.
സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വിവാഹം കഴിച്ചു മണിക്കൂറുകള്‍ക്കകം മുത്തലാഖ് ചൊല്ലി ബന്ധമുപെക്ഷിച്ചതും, അയല്‍വാസികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത വിവരം വെളിപ്പെടുത്തിയ ഭാര്യയെ ടെക്സ്റ്റ് മെസ്സേജ് വഴി മൊഴി ചൊല്ലിയതും, മദ്യത്തിന്റെയും ദേഷ്യത്തിന്റെയും പുറത്തു ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുന്നത് നമ്മള്‍ വാര്‍ത്തകളില്‍ കാണാറുണ്ടല്ലോ. അങ്ങിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്ഥലത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നൊരു വിഷയമല്ലിത്. പെരുന്നാളിന് സ്വന്തം വീട്ടില്‍ പോയ കോഴിക്കോട് പരപ്പില്‍ സ്വദേശി സക്കീനക്ക്, പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് പതിനാറു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച കത്ത് ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്നത്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ യുവതി കൈക്കുഞ്ഞുമായി ഒറ്റയ്ക്ക് സമരം ചെയ്തതും നമ്മുടെ മുന്നില്‍ തന്നെ നടന്നതാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഒരു മാസം മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയുമായി ബന്ധപ്പെട്ടു ശരാശരി അമ്പതു കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്.edittimetoweb-kzab-621x414livemint

സ്ത്രീകള്‍ ആചാരങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമൊക്കെയുള്ള അഭിപ്രായങ്ങള്‍ പരസ്യമായി തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹ ജീവിതം പോലും ഒരു ഭീതിയുടെ നിഴലില്‍ ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥയെ പറ്റി ആലോചിച്ചു നോക്കു. അങ്ങിനെ എന്തെങ്കില്‍ പ്രശ്ങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ നിയമ സഹായം പോലും തേടാന്‍ കഴിയാത്ത അവസ്ഥ എത്ര പരിതാപകരമാണ്. ബഹുഭാര്യത്വം ഇന്ന് ഇസ്ലാം മതതിലെന്ന പോലെ മറ്റു പല മതങ്ങളിലും നില നില്‍ക്കുന്നുണ്ട്. കാലഹരണപ്പെട്ട മതനിയമങ്ങള്‍ ഒരു നിയമത്തിന്റെ പൊളിച്ചെഴുത്ത് വന്നത് കൊണ്ട് പൂര്‍ണ്ണമായും അവസാനിക്കില്ല. എന്നാല്‍ ഇരകള്‍ക്ക് കോടതി വഴി നീതി തേടാനുള്ള സാധ്യതയെങ്കിലും ലഭ്യമാക്കി കൊടുക്കാന്‍ ഉള്ള പക്വത ഈ വൈകിയ വേളയിലെങ്കിലും മത നേതാക്കാള്‍ കാണിക്കുകയല്ലേ വേണ്ടത്?

—————-നിത്യാ ശിവരാജന്‍——————

Poster Credits : Ratheesh Nandhanam