‘മണ്ണും മഞ്ഞും മഴയും മരങ്ങളും’ : വയനാടിന്റെ ആത്മഹത്യാക്കുറിപ്പ്..

മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല…

ഥകളും കാഴ്ചകളും ഒളിപ്പിച്ചു വയ്ക്കുന്ന സ്വഭാവം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് വയനാട്. വെയിലിനെയും മരവിപ്പിയ്ക്കുന്ന കോടമഞ്ഞ്, നൂലുപോലെ ധാരയായി പെയ്തുകൊണ്ടിരിയ്ക്കുന്ന മഴപ്പാറ്റൽ, പകൽ സമയത്തും ഇരുട്ട് തോന്നിപ്പിയ്ക്കുന്ന പച്ചമരങ്ങൾ, കടും നിറങ്ങളിലുള്ള പൂക്കൾ, കാപ്പിപ്പൂവിന്റെ തലവേദനിപ്പിയ്ക്കുന്ന സുഗന്ധം… ഇവരെല്ലാം വയനാടിനെ ഒളിച്ചിരിയ്ക്കാൻ സഹായിച്ചുകൊണ്ടേയിരിയ്ക്കും.

നാടിന്റെ നിഷ്ക്കളങ്കതയിലേയ്ക്ക് പണക്കൊതിയുമായി കയറിയെത്തുന്ന കച്ചവടക്കാരെ തിരിച്ചറിയാൻ എന്നും വയനാടിന് കഴിഞ്ഞിട്ടില്ല. ഇന്നും അത്തരമൊരു ചരിത്രം കൂടി ആവർത്തിച്ചുകൊണ്ടിരിയ്ക്കുകയാണ്. നാടിനെത്തന്നെ ഇല്ലാതെയാക്കുന്ന മഹാ വിപത്താണ് മലനാടിനെ തേടി ഇത്തവണ വന്നെത്തിയിരിയ്ക്കുന്നത്:

വയനാടിന്റെ കാലാവസ്ഥാ-ആവാസ-ഭൂവ്യവസ്ഥകളെയെല്ലാം നിയന്ത്രിച്ചു നിർത്തുന്ന ഒരു മലയുണ്ട്: ‘മനുക്കുന്നുമല’. ‘മണിക്കുന്നുമല’യെന്നും തനിനാട്ടുകാർ ഇതിനെ ഓമനയായി വിളിയ്ക്കാറുണ്ട്. മനുമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിരുന്നുവത്രെ. മലയുടെ ഒത്തമുകളിൽ നിന്നു നോക്കിയാൽ, താഴെ ആകാശമാകും. മേഘങ്ങൾ നമ്മെ തൊട്ടുരുമ്മി നീങ്ങും. മരവും മലയും പറവകളുമെല്ലാം മഞ്ഞിൽ പൊതിഞ്ഞിരിയ്ക്കും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ, ഒരു ഭാഗത്ത് കാരാപ്പുഴ അണക്കെട്ടും മറുഭാഗത്ത് വിഖ്യാതമായ സൂചിപ്പാറയും അന്താരാഷ്ട്ര സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച ചെമ്പ്രാ മലയുമെല്ലാം നമ്മെ ആശ്ചര്യപ്പെടുത്തും. തണുത്ത കാറ്റും പച്ചപ്പും മഞ്ഞും എല്ലാം ചേർന്ന് ചെറിയൊരു കൈലാസം തന്നെ.

ചുറ്റുമുള്ള ആശ്ചര്യത്തേക്കാൾ മലയ്ക്കുമുകളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള, സ്വയംഭൂവായ, ഏകദേശം രണ്ട് രണ്ടര അടിയോളം ഉയരമുള്ള വിഷ്ണു വിഗ്രഹം നമ്മെ അത്ഭുതപ്പെടുത്തും. കാലങ്ങളായി മഞ്ഞും വെയിലും മഴയുമെല്ലാം ഏറ്റുവാഴുന്ന വിഗ്രഹത്തിന് ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു! ഇരിയ്ക്കുന്ന മഹാവിഷ്ണുരൂപം അപൂർവ്വവുമാണ്. എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ മലമുകളില്‍, വളരെപണ്ട് എല്ലാദിവസവും പൂജയുണ്ടായിരുന്നു. ഒരിയ്ക്കല്‍ പൂജകഴിഞ്ഞ് ക്ഷീണിതനായി, വൃദ്ധനായ പൂജാരി മടങ്ങുമ്പോള്‍ ഭഗവദ് സാന്നിധ്യം ഉണ്ടായത്രെ. പൂജ ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും അത് മീനമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ (പൈങ്കുനി ഉത്രം) ആവാമെന്നും അരുളപ്പാടുണ്ടായി. പൂജാരിയുടെ മടക്കയാത്രയില്‍, മലയടിവാരത്തുള്ള ‘കോട്ടയില്‍ക്ഷേത്ര’ത്തിലെ വനദുര്‍ഗ്ഗാകോവിലിന് അടുത്തെത്തിയപ്പോള്‍ കൈയ്യിലിരിക്കുന്ന രണ്ടര അപ്പം കല്ലുപോലെ ആയിത്തീരുകയും പെട്ടെന്ന് ശരണമന്ത്രത്തിനിടയിൽ ‘അയ്യോ! അപ്പം’ എന്ന് വിളിച്ചുപറയുകയും ചെയ്തുവത്രെ. അതോടെ അയ്യപ്പസാന്നിധ്യവും അവിടെയുണ്ടായി!. കോട്ടയിൽ ക്ഷേത്രം, ഈ മലയടിവാരത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇവിടെനിന്നാണ് പൈങ്കുനി ഉത്രം നാളിലെ മലകയറ്റം പൊതുവെ തുടങ്ങാറുള്ളത്. (വയനാടിന്റെ പല ഭാഗങ്ങളിലായി മലയുടെ അടിവാരം വ്യാപിച്ചുകിടക്കുന്നതിനാൽ നാടിന്റെ പല ഭാഗത്തു നിന്നും ഭക്തർ കയറിയെത്താറുണ്ട്. ഏകദേശം 1226.24 ഹെക്ടറോളം മല വ്യാപിച്ചു കിടക്കുന്നുണ്ട്. മലയ്ക്കു ചുറ്റും വേറെ നിരവധി ക്ഷേത്രങ്ങളുമുണ്ട്). വനദുർഗ്ഗയെ കണ്ടുതൊഴുത് ജാതി-ലിംഗ-പ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ മല കയറും. സമുദ്രനിരപ്പിൽ നിന്നും 1384 മീറ്ററിലധികം ഉയരത്തിലുള്ള മലമുകളിലെത്താൻ രണ്ടു മണിക്കൂറോളം വേണ്ടിവരും. അഞ്ചുവാളുകള്‍ പിടിച്ചുകൊണ്ട് തന്ത്രിയും പൂജാരിയും മുന്നിലുണ്ടാകും. ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ‘ഗോവിന്ദാ, ഹരി ഗോവിന്ദാ..’ എന്നുള്ള ശരണമന്ത്രങ്ങള്‍ ഉയരും. വിളികേട്ട് കോരിത്തരിച്ച പാറ ‘ഗോവിന്ദപാറ’യായത്രെ. നരിയ്ക്കു പോലും നിരങ്ങിമാത്രം കയറിയെത്താനെ കഴിയൂ എന്നതുകൊണ്ടാവാം ‘നരിനിരങ്ങിമല’യെന്നും വിളിയ്ക്കുന്നു. ആ പാറയുടെ മുകളിലാണ് ഭഗവാന്റെ വിഗ്രഹം. പുല്‍മേടുകളും ഔഷധസസ്യങ്ങളും നെല്ലിമരങ്ങളും കാട്ടുചന്ദനവും ചൂരല്‍വള്ളികളും ചെറുമൃഗങ്ങളുമെല്ലാം ധാരാളമായി ഈ മലയിലുണ്ട്. പൂജതുടങ്ങി വാദ്യമേളങ്ങളുയരുമ്പോള്‍ പൂജാരിമാർ ചേർന്ന് അവിടെയുള്ള പാറയിടുക്കില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥവും, ഭക്തർ കൊണ്ടുവന്ന ആയിരക്കണക്കിനു നാളികേരങ്ങളുമെല്ലാം അഭിഷേകം ചെയ്ത്, ചാര്‍ത്തലുകളും നടത്തി കർമ്മങ്ങൾ ചെയ്യും. ഈ ദിവസങ്ങളില്‍ മാത്രമേ പാറയിടുക്കിൽ നിന്നും തീർത്ഥം ലഭിയ്ക്കൂവത്രെ. ഭക്തർക്കും, ഇത് കുടിയ്ക്കാൻ സുലഭമായി ശേഖരിയ്ക്കാം: നഗരത്തിന് അന്യമായ രുചികരമായ ശുദ്ധതീർത്ഥം! പാനകത്തിനാവശ്യമായ ജലം വേറെ ശേഖരിക്കും. ഇത് ഗംഗാദേവി പ്രത്യക്ഷപ്പെട്ട് നല്‍കുന്ന തീര്‍ത്ഥമാണെന്ന് വിശ്വാസം. രോഗശാന്തിക്കായി ആള്‍രൂപങ്ങള്‍ സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്. കാഴ്ചകളെല്ലാം കാണാൻ പ്രകൃതിദത്ത ‘ഗാലറി’യും! പൂജകഴിഞ്ഞാല്‍ ഉച്ചയോടെ മലയിറക്കമായി. വടി ഊന്നിയുള്ള ഇറക്കം. ആവശ്യമായ വടികള്‍ അവിടെത്തന്നെ കിട്ടും. താഴെ, വനദുര്‍ഗ്ഗയുടെ മുല്ലത്തറയിലെത്തിക്കഴിഞ്ഞാല്‍ വടികള്‍ അവിടെ നിക്ഷേപിക്കും. വടികളുടെ കണക്കെടുത്താണ് വര്‍ഷം തോറും മല കയറിയവരുടെ എണ്ണം കണക്കാക്കുക. അതുകഴിഞ്ഞാല്‍ പ്രസാദമൂട്ടാണ്: കഞ്ഞിയും പുഴുക്കുമാണ് ഭക്ഷണം.

….കഥകളും വിശ്വാസങ്ങളും അനുഭവങ്ങളുമെല്ലാം ഒരു നാടിനെത്തന്നെയായിരുന്നു കാത്തുരക്ഷിച്ചുകൊണ്ടിരുന്നത്. എന്നോ തുരന്നു തീരുമായിരുന്ന വയനാടിനെ ആകമാനം ഇന്നും സ്വാർത്ഥമോഹികളിൽ നിന്നും കാത്തുപോരുന്നത് ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഇത്തരം വിശ്വാസങ്ങളാണ്.

നിഷ്കളങ്കനായ ദുർബലപ്രകൃതക്കാരനാണ് വയനാട്. ചെറിയൊരു ആഘാതം പോലും താങ്ങാൻ കഴിയാത്ത ശാന്തസുന്ദരൻ. എന്നാൽ, പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ ഈ മലനാടിന്റെ ഒരു ഭാഗത്തു നിന്നും കരിങ്കൽക്വാറികൾ ഓരോന്നായി നിർത്തിച്ചു വരുമ്പോൾ മറ്റൊരു ചെരുവിൽ പൊട്ടിയ്ക്കാൻ കോപ്പുകൂട്ടിക്കൊണ്ടിരിയ്ക്കുകയാണ് ചിലർ. കുറഞ്ഞ വിലയ്ക്ക് ഭൂമിക്കച്ചവടങ്ങളും പൊടിപൊടിയ്ക്കുന്നുണ്ട്. ആരെന്നോ എന്തിനെന്നോ അറിയിക്കാതെ മലനാടു മുഴുവൻ വാങ്ങിക്കൂട്ടുകയാണിവർ.

വ്യാപകമായ വന നശീകരണമല്ല മറിച്ച് വനമേഖലയിലുണ്ടാകുന്ന ചെറിയ തോതിലുള്ള മരം മുറിക്കലുകള്‍ പോലും പ്രദേശത്തെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഇന്ത്യയിലേയും അമേരിക്കയിലേയും ഉള്‍പ്പടെ 20 രാജ്യങ്ങളിലെ ഏജന്‍സികൾ നടത്തിയ ഏറ്റവും പുതിയ പഠനങ്ങൾ* പറയുന്നത്. വയനാടിന്റെ കാര്യത്തിൽ ഇതു സത്യമാണെന്ന് വയാട്ടുകാർക്ക് അനുഭവം. കാലാവസ്ഥ കണിശമായി പ്രവചിച്ചിരുന്ന വയനാടൻ പഴമക്കാർക്ക് കണക്കുകൾ തെറ്റിക്കൊണ്ടേയിരിക്കുന്നു. എത്രയോ മരങ്ങളും കുന്നുകളും മലകളും കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ വ്യാപകമായി നശി(പ്പി)ക്കപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളത് കാട്ടുതീയും വിഴുങ്ങിക്കൊണ്ടിരിയ്ക്കുന്നു. കാലങ്ങളോളം ‘നൂലുമഴ’യെ മദിച്ചാസ്വദിച്ചിരുന്ന വയനാട്ടിലെ ജനത, കഴിഞ്ഞ കർക്കിടകത്തിലും പ്രതീക്ഷയോടെ മാനത്തു നോക്കി. വളരെ കുറച്ചു കൊല്ലം മുൻപു വരെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയിരുന്ന വയനാട്ടിലെ ലക്കിടി, ഒരു തുള്ളിയ്ക്കു വേണ്ടി കാത്തിരിയ്ക്കുകയാണ്. അതെ, വയനാട് നശിച്ചുകൊണ്ടിരിയ്ക്കുകയാണ്, അധികം വിദൂരത്തിലല്ലാത്ത ഒരു ദുരിതകാലത്തിലേയ്ക്ക് അതിവേഗം പാഞ്ഞടുത്തുകൊണ്ടിരിയ്ക്കുകയാണ്.

ഇനി ബാക്കിയുള്ള മരങ്ങളും കുന്നുകളും പാറകളുമെങ്കിലും സംരക്ഷിയ്ക്കാൻ വയനാടൻ പ്രകൃതി തരുന്ന മുന്നറിയിപ്പുകളാണ് ഈ കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും. കച്ചവടക്കണ്ണുമായി ചുരം കടന്നുകയറി വന്നെത്തിയ മറുനാട്ടുകാർക്ക് അതറിയാൻ പറ്റിയില്ലെങ്കിലും കറുത്തപൊന്നും വെറ്റിലയും അടക്കയുമെല്ലാം ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും നിലനിൽപ്പിന്റെതന്നെയും ഭാഗമായിത്തീർന്ന ഈ പാവം വയനാടന് അതു മനസ്സിലാകും. അതുകൊണ്ടാണല്ലോ ഒരു തവണ, കൽപ്പറ്റയ്ക്കടുത്തുള്ള മനുക്കുന്നുമലയെ പൊട്ടിച്ചുതീർക്കാൻ ലാക്കാക്കി കയറിയെത്തിയ സ്വാർത്ഥമോഹികളായ ഖനന സംഘത്തെ തടഞ്ഞ് തിരിച്ചോടിച്ചത്. എന്നാൽ ഈ വയനാടൻ, ഇന്ന് നിസ്സഹായനാണ്. കാരണം, മനുക്കുന്നുമലയാകെ, നൂറ് ഏക്കറിലധികം സ്ഥലങ്ങൾ ഇരുചെവിയറിയാതെ ഖനി’മാഫിയ’ക്കാർ വാങ്ങിക്കഴിഞ്ഞു. വലിയ തോതിലുള്ള ഖനി തുടങ്ങാൻ വേണ്ടി ആദായ വകുപ്പ് മുൻപാകെ അപേക്ഷയും നൽകി കാത്തിരിയ്ക്കുകയാണിവർ. ഭരണാധികാരികളുടെ സ്വന്തക്കാർ തന്നെ മലപൊട്ടിയ്ക്കാൻ വന്നാൽ, പാവം മലനാട്ടുകാരാരും ചോദിയ്ക്കാനെത്തില്ലല്ലോ.

‘മൈനിംഗ് മാഫിയ’ വയനാട്ടിലെ കൽപ്പറ്റയ്ക്കടുത്തുള്ള ‘മനുക്കുന്നുമല’യെ ലക്ഷ്യം വച്ചിട്ട് കാലം കുറച്ചായി. നല്ല കരിങ്കല്ലുകളാലും കൃഷ്ണശിലകളാലും സമ്പന്നമായ മനുക്കുന്നുമലയുടെ, മുട്ടിലിനടുത്തുള്ള തൃക്കൈപ്പറ്റ ഭാഗത്ത് വൻ തോതിലുള്ള ഖനി തുടങ്ങാനെത്തിയ സംഘത്തെ നാട്ടുകാർ ചേർന്ന് ഒരു തവണ മലമുകളിൽ തടയുകയുണ്ടായി. എന്നാൽ പിന്നീട്, ഖനനം കർശ്ശനമായി നിയന്ത്രിച്ചിരിയ്ക്കുന്ന ജില്ലാകലക്ടറുടെ ഉത്തരവിനേയും മറികടന്ന്, ക്വാറി തുടങ്ങുന്നതിനായി വാങ്ങിയ സ്ഥലത്തേയ്ക്ക് അതിനു തക്ക വഴിയും ഇവർ നിർമ്മിച്ചു കഴിഞ്ഞു. തെക്കേ വയനാടിന്റെ ചുമതലയുള്ള ഉന്നത വനപാലകൻ (ഡി.എഫ്.ഓ) ശ്രീ. പി.ധനേഷ് കുമാർ, ജില്ലാകലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തൃക്കൈപ്പറ്റ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദുർബല പ്രദേശമായ 15 ഏക്കർ സ്ഥലത്ത് അനധികൃതമായ വ്യാപക മരംമുറി നടന്നിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്ഥലം 23 പേരിൽ നിന്നായി 7 പട്ടയങ്ങളിൽ 5 പേർ കൈക്കലാക്കിയിട്ടുണ്ട്. ഖനന മേഖലയിലെ വമ്പന്മാരാണ് ഇവരെല്ലാം. ചില പരിസ്ഥിതിപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും ശ്രമഫലമായി, ഒട്ടൊക്കെ പ്രദേശവാസികളെ ഇക്കാര്യങ്ങൾ ബോധവൽക്കരിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഖനനം നിർത്തി വച്ചിരിയ്ക്കുന്നത് തൽക്കാലത്തേയ്ക്കു മാത്രമാണ്. നിയമത്തിന്റെയും ബന്ധുക്കളായ ഭരണാധികാരികളുടെയും സംരക്ഷണയോടെ അധികം വൈകാതെ അവരെത്തും. പേടിച്ച പ്രദേശവാസികൾ പലരും ഭൂമി വിട്ട് പാലായനം ചെയ്തുതുടങ്ങി. മനുക്കുന്നുമലയ്ക്ക് ഏൽക്കുന്ന ഏതൊരു ആഘാതവും ബാധിയ്ക്കുന്നത് വയനാടു ജില്ലയെ ആകമാനവും, അപൂർവ്വ സസ്യ ജന്തു ജാലങ്ങളെയും നാടിന്റെ കാലാവസ്ഥയെ തന്നെയും ആയിരിയ്ക്കുമെന്ന്, എം.എസ്. സ്വാമി നാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ.എൻ.അനിൽകുമാർ പറയുന്നു.

പ്ലാസ്റ്റികും, സാമൂഹ്യ വിരുദ്ധരും, പ്രകൃതിയെ അറിയാതെ അവധിമാത്രം ‘അടിച്ചുപൊളി’യ്ക്കാനെത്തുന്ന ‘ടൂറിസ്റ്റു’കളും, ‘മതമാഫിയ’കളും, ഭൂമാഫിയകളും, നക്സലുകളും, തീവ്രവാദികളുമെല്ലാം മലനാട്ടുകാർക്കു മുൻപിൽ വലിയ ചോദ്യചിഹ്നങ്ങളായി വിഷമിപ്പിച്ചു കൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് കാൽച്ചുവട്ടിലെ മണ്ണുതന്നെ ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങളുമായി ഇപ്പോൾ ഖനിമാഫിയകൾ കൂടി രംഗപ്രവേശം ചെയ്തിരിയ്ക്കുന്നത്. മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല…

ഈ വർഷത്തെ പൈങ്കുനി ഉത്രം നാൾ ഏപ്രിൽ ഒൻപതിനാണ്. ഇനിയെത്രതവണ ഇവിടെ മനുക്കുന്നുമലകയറാൻ കഴിയും എന്നറിയില്ല. വിശ്വാസങ്ങളെങ്കിലും വയനാടിന്റെ രക്ഷയ്ക്കെത്തുമോ എന്നും അറിയില്ല. പ്രതീക്ഷയോടെ ഗോവിന്ദപ്പാറയെ തൊട്ടുകരഞ്ഞ് ശരണം വിളിച്ച് കയറുകതന്നെ വേണം: ‘ഗോവിന്ദാ, ഹരി ഗോവിന്ദാ..’