മാധ്യമ ധർമ്മം വിളമ്പാൻ ഇവിടെ ആർക്കാണ് യോഗ്യത

— K K മനോജ് —

മന്ത്രിയാണെങ്കിലും മാധ്യമക്കാരാണെങ്കിലും ധർമ്മം വിളമ്പാൻ യോഗ്യരല്ല :-

ഇതാണു ജേർണലിസമെങ്കിൽ ഈ പണി നിർത്താൻ സമയമായെന്നു ഹർഷൻ.

പുസ്തകം തോൽക്കുന്ന ഹെഡ്ഡിംഗെന്ന് അപർണ കുറുപ്പ്.

ജേർണലിസമല്ല ക്രൈമെന്നു സനീഷ്.

മാധ്യമപ്രവർത്തനമല്ല അമേധ്യപ്രവർത്തനമെന്ന് പ്രമോദ് രാമൻ.

മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗിനെതിരേ വിമർശനം ഉയർത്തി ചാനൽ അവതാരകർ. മാധ്യമ സഹോദരങ്ങൾ എല്ലാരും അലമുറ തുടങ്ങി മംഗളം ചാനൽ ചെയ്തത് ‘ശരിയല്ല’ എന്നാണ് അവരുടെ പക്ഷം. എന്നാൽ ഇതേ മാധ്യമങ്ങൾ തന്നെയാണ് സരിതയുടെ കിടപ്പറ രംഗങ്ങളുടെ CD അന്വേഷിച്ച്, സരിതയുടെ സാരിത്തുമ്പിൽ തൂങ്ങി കേരളം മുഴുവൻ നടന്നത് എന്ന് ഓർക്കണം. ഒരു ഉദാഹരണം മാത്രം. ഇങ്ങനെ എത്ര “മാധ്യമ ധർമ്മ”ങ്ങൾക്കാണ് ഈ പറയുന്ന മാധ്യമങ്ങൾ ക്യാമറയും പേനയും ചലിപ്പിച്ചത്. ISRO ചാരക്കേസിൽ ഈ “മാധ്യമ ധർമ്മം” മുൻപേ നാം കണ്ടതാണ്. ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പിലും നമ്മുടെ “മാധ്യമ ധർമ്മം” ഉണർന്നു വന്നതും നാം അറിഞ്ഞതാണ്. തന്ത്രി കേസിലും ലക്ഷി നായർ കേസിലും കമലാ സുരയ്യാ വിഷയത്തിലും പാതിരി പീഢനത്തിലും സമീപകാലത്ത് പിണറായി വിജയൻ ഭരിക്കുമ്പോൾ വർദ്ധിച്ച സ്ത്രീ പീഡനങ്ങളിലും കൊലപാതക രാഷ്ട്രീയ സംഭവങ്ങളിലും ഈ പറയുന്ന “മാധ്യമ ധർമ്മം” ശരിക്കും നമ്മൾ അനുഭവിച്ചതാണ്.

“മാധ്യമ ധർമ്മം” മൂന്നു നാലു ദിവസമായി ഇതിനെ കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗിൽ മന്ത്രിയുടെ കുറ്റിതെറിച്ചതാണ് ചർച്ചയുടെ പശ്ചാത്തലം. മന്ത്രിയുടെ ഭാഗത്ത് നിന്നും മാധ്യമത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാത്തതാണ് സംഭവിച്ചതെന്നതിന് മറുവാക്കില്ല. പക്ഷെ മന്ത്രിയുടെ രാജിക്ക് ശേഷം മംഗളം ചാനൽ ചെയ്തത് ‘ശരിയല്ല, ഇതല്ല മാധ്യമ ധർമ്മം എന്ന് പറയാൻ കേരളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമ സുഹൃത്തുക്കളെ മാറ്റിനിർത്തിയാൽ മറ്റുള്ളവരിൽ ആർക്കാണ് അർഹത. “മാധ്യമ ധർമ്മം” നല്ലത് തന്നെ. എത്ര പേരാണ് ഈ “മാധ്യമ ധർമ്മം” പുലരുന്നത്. അവനവന്റ മാധ്യമ അജണ്ടക്ക് അനുസരിച്ചല്ലാതെ, സെൻസേഷണൽ ന്യൂസ് “ഉണ്ടാക്കാൻ” അല്ലാതെ ആരാണ് “മാധ്യമ ധർമ്മം” പാലിച്ചിട്ടുള്ളത്. കേരളത്തിലെ പ്രമുഖ മായ മാധ്യമങ്ങളിൽ രാഷ്ട്രീയ അജണ്ടയില്ലാത്ത ഒരെണ്ണത്തിനെ കാണിച്ച് തരാമോ.? ഇപ്പോ എന്താ സംഭവിച്ചത്, മംഗളം വാർത്ത പുറത്താക്കി, മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു, LDF ന്റെ പ്രതിഛായ തകരുമെന്നറിഞ്ഞ ഇടത് സ്നേഹികളായ മാധ്യമ സുഹൃത്തുക്കളെല്ലാം ചേർന്ന് ഇപ്പോൾ മംഗളത്തിന്റെ പ്രവൃത്തിയോടും പൊതു സമൂഹത്തോടും “മാധ്യമ ധർമ്മം” വിളമ്പുകയാണ്.

മാധ്യമ ധർമ്മത്തിന്റെ എഴുതിയാൽ തീരാത്ത അത്ര വസ്തുതകൾ നിലവിലുണ്ട്. നമ്മുടെ മുന്നിലൂടെ കടന്നുപോയ ചില സംഭവങ്ങൾ പറയാതെ വയ്യ. കഴിഞ്ഞ മാസങ്ങളിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കാണ് കേരളം സാക്ഷിയായത്, കേരള സാങ്കേതിക സർവകലാശാല സമരം, പാലക്കാട് നെഹ്റു കോളേജ് സമരം, തിരുവനന്തപുരം ലോ അക്കാഡമിയിലെ അനിശ്ചിത കാല സമരം. കോട്ടയത്തെ ടോംസ്, IIIT സമരം. എല്ലാത്തിന്റേയും മുന്നിൽ ABVP ആയിരുന്നു. ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടത്തിയ ABVP യെ കണ്ടില്ലെന്ന് നിങ്ങൾ നടിച്ചത് ഏത് “മാധ്യമ ധർമ്മം” ആയിരുന്നു.

ഡൗൺ ടൗൺ സംഭവത്തിലും ചുംബന സമരത്തിലും നിങ്ങൾ കാണിച്ച ഇരട്ട “മാധ്യമ ധർമ്മം” ഏതായിരുന്നു. ചാനൽ ചർച്ചയിൽ നടുത്തളത്തിൽ കൊണ്ടുവന്ന് ചുംബിപ്പിച്ചതും വേണുവും സിന്ധു സൂര്യകുമാറും ബ്രിട്ടാസും എല്ലാവരും ഒത്ത് ചേർന്ന് സംഘപരിവാറിനെ അക്രമിച്ചതും അങ്ങ് ഡൽഹിയിലെ RSS കാര്യാലയത്തിനു മുന്നിൽ ലൈവ് ഇട്ട് നിന്നതും ഏതു “മാധ്യമ ധർമ്മം” ആയിരുന്നു. യസീദി പെൺകുട്ടികൾ ക്രൂരമായ് പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ ലോകം മുഴുവൻ പരക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാതെ iffk ഫിലിം ഫെസ്റ്റ് വേദിയിൽ കൈരളി തീയറ്ററിന്റെ മുന്നിൽ കെട്ടിപ്പിടിച്ച് നിന്ന “ഇരുട്ട് നുണയാമെടികളെ” നിങ്ങൾ പ്രക്ഷേപണം ചെയ്തത് ഏതു “മാധ്യമ ധർമ്മം” ആയിരുന്നു.

ഉത്തരേന്ത്യയിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ നാവെടുത്താൽ മോഡിയെ തെറി വിളിക്കുന്ന നിങ്ങൾ, അതേ പോലെ തന്നെ പ്രവർത്തിക്കുന്ന എം ബി രാജേഷിന്റെ മണ്ഡലത്തിൽ രണ്ട് പിഞ്ചു കുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ, വയനാട്ടിലും പള്ളിമേടയിലും പീഡിപ്പിക്കപ്പെട്ടപ്പോൾ, നടിയെ തട്ടിക്കൊണ്ടുപോയപ്പോൾ, യൂണിവേഴ്സിറ്റി കോളേജിൽ തോളിൽ കയ്യിട്ടതിന് ഒരു ചെറുപ്പക്കാരനെ തല്ലി ചതച്ചപ്പോൾ, കാലടി സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയെ അക്രമിച്ചപ്പോൾ, മഹാരാജാസിൽ വനിത പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചപ്പോൾ, പാലക്കാട് വിക്റ്റോറിയ കോളേജിൽ വനിത പ്രിൻസിപ്പാളിന് കുഴിമാടം കെട്ടിയപ്പോൾ, എം.ജി സർവ്വകലാശാലയിലെ ദീപാ മോഹനെ മാനസികമായി പീഡിപ്പിച്ചപ്പോൾ, കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ശ്രുതി ആത്മഹത്യ ചെയ്തപ്പോൾ, പാലക്കാട് ദാരിദ്രത്താൽ കഷ്ടപ്പെട്ട് വിശന്നു വലഞ്ഞ് രണ്ട് സഹോദരിമാരിൽ ഒരാൾ മരിച്ചപ്പോൾ, അട്ടപ്പാടിയിൽ ആദിവാസി സ്ത്രീകൾ ദാരിദ്ര്യവും പട്ടിണിയും ചൊറിയും ചിരങ്ങും വന്നു നരകിച്ചു മരിച്ചപ്പോൾ, വയനാട്ടിൽ ആദിവാസി സ്ത്രി ചികിത്സ ലഭിക്കാതെ ആംബുലൻസിൽ പ്രസവിക്കേണ്ടി വന്ന് കുട്ടികൾ മരിച്ചപ്പോൾ, കണ്ണൂർ പയ്യന്നൂരിനടുത്ത പാർട്ടി ഗ്രാമമായ എടാട്ട് ചിത്രലേഖയെന്ന ദളിത് വനിതക്കെതിരെ അക്രമം നടത്തിയപ്പോൾ, രണ്ടു ദളിത് സഹോദരികളെയും ഒരു കൈകുഞ്ഞിനേയും പിണറായിയുടെ പോലീസ് ജയിലിലടച്ചപ്പോൾ. തൃശൂരിൽ ബധിര – മൂക യുവതിയെ വീട്ടിൽ കയറി ക്രൂരമായി പീഡിപ്പിച്ചപ്പോൾ, തിരുവനന്തപുരത്ത് കക്കൂസ് ഇല്ലാത്തതിനാൽ വെളിക്കിറക്കാൻ പോയ സ്ത്രീയെ തെരുവുനായകൾ കടിച്ചു കൊന്നപ്പോൾ, മരുമകളെ ശല്യം ചെയ്ത ക്വട്ടേഷൻ സംഘത്തിനെതിരെ പോലീസിൽ പരാതി നൽകി സി പി എം പ്രവർത്തകൻ മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തപ്പോൾ, ദളിത് പെൺകുട്ടിയെ നഗ്നയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചപ്പോൾ ആറ്റിങ്ങലിൽ പെൺകുട്ടിയെ വെട്ടി കൊന്നപ്പോൾ, യേശുക്രിസ്തുവിനെ അപമാനിച്ച് പോസ്റ്റർ ഇറക്കിയപ്പോൾ, എം.ജി സർവ്വകലാശാലയിൽ മഹാകവി ചങ്ങമ്പുഴയുടെ കൊച്ചുമകൻ ഹരികുമാർ ചങ്ങമ്പുഴയെ തല്ലിച്ചതച്ചപ്പോൾ, ടി.പി.ശ്രീനിവാസനെ റോഡിലിട്ട് അക്രമിച്ചപ്പോൾ, നാട്ടകം കോളേജിൽ പുലയക്കുടില്‍ നിർമ്മിച്ചപ്പോൾ, ഇന്ത്യയുടെ അഭിമാന താരം അഞ്‍ജു ബേബി ജോർജ്ജിനെ CPM അപമാനിച്ചപ്പോൾ,
ജിഷ ക്കേസും സൗമ്യ വധക്കേസും അട്ടിമറിച്ചപ്പോൾ LDF സർക്കാരിനെതിരെ അസഹിഷ്ണതയും ദളിത് പീഡനവും ഉയർത്താതെ ഒരക്ഷരവും മിണ്ടാത്തത്, നിങ്ങളുടെ എതു “മാധ്യമ ധർമ്മ”മാണ്.

കേരളവർമ്മയിൽ ABVP ക്കാരനെ വളഞ്ഞിട്ട് അക്രമിച്ചത് വാർത്തയാക്കാതെ ബീഫ് വിളമ്പിയത് വാർത്തയാക്കിയതും കോട്ടയം CMS കോളേജ് പ്രിൻസിപ്പളിന്റെ തലയിൽ ഇറച്ചിക്കറി ഒഴിച്ചത് വാർത്തയാക്കാതെ തുടർന്ന് നടന്ന ബീഫ് സമരത്തെ അനുകൂലിച്ച ദീപ നിശാന്തിനെ പിന്തുണച്ചതും ഏതു “മാധ്യമ ധർമ്മം” ആയിരുന്നു.

ഗുൽ മെഹർ കൗറിന്റെ വ്യജ ഭീഷണി സെൻസേഷണൽ ന്യൂസ് ആക്കിയവർ, SFI ഡൽഹി ഘടകം സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് മുഖർജിയും ഐസ ഡൽഹി ഘടകം സംസ്ഥാന സെക്രട്ടറി അശുതോഷ് കുമാറും ജെ.എൻ.യു വിൽ നിന്ന് സ്ത്രീ പീഡനത്തിന് അറസ്റ്റ് ചെയ്ത ഐസ മുൻ സംസ്ഥാന നേതാവ് അൻമോൽ രത്തും നടത്തിയ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളികൾ ‘Bastar Chahe Azadi, Kashmir Maange Azadi, Khalid ko Hum Laa ke Rahenge’ മറച്ചു വച്ചത് ഏതു “മാധ്യമ ധർമ്മ”മാണ്.

സംഘപരിവാറിന് ഒരു ബന്ധവുമില്ലാത്ത പെരുമാൾ മുരുഗൻ എഴുത്ത് നിർത്തിയപ്പോൾ, സംഭവം സംഘപരിവാറിന് മേൽ ചാർത്തിയ നിങ്ങൾ, “ജോ ഡിക്രൂസ് എന്ന തമിഴ് നോവലിസ്റ്റ് എഴുത്ത് നിർത്തൽ പ്രഖ്യാപിച്ചപ്പോൾ ഒരു വാർത്തയോ ചർച്ചയോ നടത്താതത് ഏതു “മാധ്യമ ധർമ്മം” ആയിരുന്നു. ജിംഷാറിന്റെ “പടച്ചവന്റെ ചിത്രപ്രദർശനത്തിലും” നിങ്ങൾ ഏത് “മാധ്യമ ധർമ്മ”മാണ് ഉപയോഗിച്ചത്. ഒരു ചോദ്യപേപ്പർ തയ്യാറാക്കിയതിന്റെ പേരിൽ മത തീവ്രവാദികൾ കയ്യറുത്തു മാറ്റിയ, അതിന്റെ പേരിൽ ജോലിയും ജീവിതവും നഷ്ടപ്പെട്ട, തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന് നിങ്ങൾ നൽകിയത് ഏത് “മാധ്യമ ധർമ്മ”മായിരുന്നു. ദുരിതവും ദാരിദ്ര്യവും മനോവേദനയും താങ്ങാനാവാതെ ആത്മഹത്യ ചെയ്ത മാഷിന്റെ ഭാര്യ സലോമി. ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ വിമർശിച്ചതിന്റെ പേരിൽ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കപ്പെട്ട ആസാദ്. പർദ്ദ ധരിക്കുന്നതിനെ പരിഹസിച്ചതിന് പ്രതികാരമായി മതമൗലിക വാദികളാൽ ഉപജീവനമാർഗ്ഗമായ സ്റ്റുഡിയോ തീയിട്ടു നശിപ്പിക്കപ്പെട്ട തളിപ്പറമ്പിലെ റഫീഖ്. അസഹിഷ്ണുതയും മതവെറിയും ചേർന്ന് എഴുത്തവസാനിപ്പിക്കാൻ നിർബന്ധിതനാക്കിയ ജോ ഡിക്രൂസ്, ഇവർക്കെല്ലാം നിങ്ങൾ നൽകിയ “മാധ്യമ ധർമ്മ”ത്തിന് ഇടതു മുസ്ലീം വർഗ്ഗീയതയുടെ മണമുണ്ടായിരുന്നു.

ശ്രീ നരേന്ദ്ര മോദിയുടെ സൊമാലിയൻ പരാമർശത്തെ യാഥാർത്ഥ്യം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് നഖശിഖാന്തം എതിർത്ത് സെൻസേഷണൽ ആക്കിയവർ സോളാർ, ലാവ്ലിൻ, അക്രമരാഷ്ട്രീയം, കണ്ണൂരിൽ കുപ്പയിൽ നിന്ന് ഭക്ഷണാവശിഷ്ടം കഴിച്ചത്, അട്ടപാടിയിലെ ആദിവാസി മരണം, ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചത്, നിയമസഭയ്ക്കകത്ത് നടന്ന കയ്യിൽ കടിയും തമ്മിലടിയും, നാദാപുരം, മാഹി, സി.പി.എം കേന്ദ്രത്തിലെ ബോംബ് നിർമ്മാണം, സഖാവ് രാഹുൽ പശുപാലനും രശ്മിയും നടത്തിയ കൊച്ചു സുന്ദരികൾ സ്ത്രീ ശരീര വില്പന, സൂര്യനെല്ലി ലൈംഗീകചൂഷണ കേസിലെ പ്രതി പാർട്ടിയിൽ തുടരുന്നത്, ഐസ്ക്രീം പെണ്ണ് കേസ് എന്നിവയിൽ നിങ്ങൾ പുലർത്തിയ “മാധ്യമ ധർമ്മം” ഏതായിരുന്നു.

ദുർഗാ ദേവിയെ വേശ്യയാക്കിയ സഖാവ് സിന്ധു സൂര്യകുമാർ. നരേന്ദ്ര മോഡിയേയും മോഹൻലാലിനേയും തെറി പറഞ്ഞ സഖാവ് ചിന്താ ജേറൊം. ദേശീയ പതാക കോണകമായി ധരിക്കുമെന്ന് പറഞ്ഞ സഖാവ് സിവിക് ചന്ദ്രൻ. ഹിന്ദു ദൈവങ്ങളോട് ആർത്തവരക്ത സംവാദം നടത്തി വെല്ലുവിളിച്ചിട്ട് മുസ്ലീം പള്ളിയിൽ സദാചാരത്തോടെ തുണിയുടുത്ത് കയറിയ സഖാവ് അരുന്ധതി. ഇസ്ലാമിക ഭീകരവാദിയായ ഉമ്മർ ഖാലിദിനോടൊപ്പം ഒരേ ഹോസ്റ്റൽ മുറിയിൽ പാർട്ടി പ്ലീനം കൂടിയ സഖാവ് അപരാജിത. കുളിക്കടവിലും പാർട്ടി ഓഫീസിലും ഒളിക്കാമറ സ്ഥാപിച്ച് സോഷ്യലിസത്തിന്റെ പുതു ലോകം കണ്ട വിപ്ലവ സഖാക്കൾ എന്നിവരോട് നിങ്ങൾ കാണിച്ച “മാധ്യമ ധർമ്മം” എന്താണ്.?

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം ചാനൽ റിപ്പോർട്ടർമാരെ പൊൻകുന്നത്തും മലപ്പുറത്തും മറ്റ് സ്ഥലങ്ങളിലും തല്ലി ചതച്ചപ്പോഴും കോഴിക്കോട്ട് ഏഷ്യാനെറ്റ്കാരെ തല്ലിയപ്പോഴും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനയുഗം ഫോട്ടോഗ്രാഫറെ മർദ്ദിച്ചപ്പോഴും പിണറായിയുടെ യാത്രയിൽ ഓടയിൽ തള്ളിയപ്പോഴും സഹപ്രവർത്തക സ്നേഹം പോലും കാണിക്കാതെ നിങ്ങൾ പിന്തുടർന്ന “മാധ്യമ ധർമ്മം” ഇടത് പക്ഷ രാഷ്ട്രീയമായിരുന്നു. ഹൈദരാബാദ്, കാസർഗോഡ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ദേശവിരുദ്ധ പരിപാടികൾ നടന്നപ്പോൾ നിങ്ങൾ വിക്ഷിച്ച “മാധ്യമ ധർമ്മ”ത്തിന് വ്യക്തമായ അജണ്ടകൾ ഉണ്ടായിരുന്നു.

സംഘപരിവാറിന് നേരേ ഈ മാധ്യമങ്ങൾ പടച്ചുവിട്ട “മാധ്യമ ധർമ്മ”ത്തിന് എന്നും രാഷ്ടീയത്തിന്റെ അജണ്ട തന്നെ ആയിരുന്നു. ഗാന്ധി വധം മുതൽ ഗുജറാത്ത് കലാപവും യോഗി ആദിത്യ നാഥും വരെ സംഘപരിവാറിൽ മാധ്യമങ്ങൾ ചാർത്താൻ ശ്രമിച്ച “മാധ്യമ ധർമ്മ” ങ്ങൾ സത്യവും നീതിയും മറയ്ക്കുന്നതായിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയത പട്ടം ചാർത്താൻ വെമ്പുന്ന, ഇന്ത്യൻ ജനതയുടെ “മൊത്തകച്ചവടക്കാരായി” ചമയുന്ന കേരളത്തിലെ മാധ്യമങ്ങൾ ഈ അടുത്ത് ചെയ്ത “മാധ്യമ ധർമ്മ”വും നാം ശ്രദ്ധിക്കണം. മനോരമ ചാനലിൽ യോഗി ആദിത്യ നാഥിന്റെ ഹിന്ദി പ്രസംഗം അർത്ഥം തെറ്റിച്ച് മലയാളത്തിൽ ശുദ്ധ വർഗ്ഗീയതയായി ചിത്രീകരിച്ച് എഴുതി മലയാളികളെ തെറ്റിദ്ധരിപ്പിച്ച “മാധ്യമ ധർമ്മം” അധികം നാളുകളായിട്ടില്ല.

അഫ്സൽ ഗുരു യാക്കൂബ് മേമൻ വധശിക്ഷ “ജൂഡീഷ്യൽ വധം”, ബീഹാർ, ഹരിയാന, സോനാപേട്, ദാദ്രി, കൽബുർഗി, മലേഗാവ്, ഹൈന്ദ്രാബാദ്, JNU, ബീഫ് ഫെസ്റ്റ്, ചുംബന സമരം, ഗോവിന്ദ് പൻസാര, പെരുമാൾ മുരുകൻ, ഭാബോൽക്കർ, രോഹിത്ത് വെമുല, വിശുദ്ധ ഇസ്രത്ത് ജഹാൻ, സിറിയ, ഐ എസ് വിശുദ്ധർ, സദാം ഹുസൈൻ.. പിന്നെ പിണറായി വിജയനും സി.പി.എമ്മും. ഊണിലും ഉറക്കത്തിലും മോഡി മോഡി എന്നു പുലമ്പുന്ന എം.ബി. രാജേഷിനും അവാർഡ് വാപ്പസി സാറാ ജോസഫിനും റീമ കല്ലിഗലിനും ദീപ ടീച്ചർക്കും ആഷിക്ക് അബുവിനും ഇല്ലാത്തതു പോലെ ഇത്തരക്കാർക്ക് ഒത്താശ ചെയ്യുന്ന ഈ നവ “മാധ്യമ ധർമ്മ” സുഹൃത്തുക്കൾക്കും ഒരു ധർമ്മവുമില്ലെന്നതാണ് വാസ്തവം

കഴിഞ്ഞാ അഞ്ചു വർഷം കേരളത്തിൽ ഈ പറയുന്ന മാധ്യമങ്ങൾ എന്തൊകെ കാട്ടികൂട്ടി എന്ന് ഇവിടുത്തെ ജനങ്ങൾക്കു നല്ലത് പോലെ അറിയാം. മന്ത്രിയാണെങ്കിലും മാധ്യമക്കാരാണെങ്കിലും എല്ലാ മഹാന്മാരും മഹതികളും ധർമ്മം വിളമ്പാൻ യോഗ്യരല്ല. നല്ലവർ ഉണ്ട് ഇതിൽ. അവർക്കും നിങ്ങളെ പോലുള്ളവർ ദോഷമാണ്. ആത്മാർത്ഥതയോടെ ആണെങ്കിൽ രാജിവച്ച് നല്ല മാധ്യമ ധർമ്മം പിന്തുടരുക.

ജനാധിപത്യത്തിന്റെ നെടുംതൂൺ ആണ് മാധ്യമങ്ങൾ. മാധ്യമ ധർമ്മം എന്നത് ജനതയുടെ മൂല്യമാണ്. മൂല്യം ചാനലിന്റെ മുദ്രാവാക്യത്തിൽ മാത്രം പുലരാനുള്ളതല്ലാ.