“മോഡിയുംവാരാണസിയും: ദൃക്‌സാക്ഷിത്വത്തിന്റെ പ്രാധാന്യം”

തഥാഗതൻ

10330886_1437127333203641_1137609104_o

 

ദൃക്‌സാക്ഷിത്വമാണ് സത്യത്തിന്റെ പരമമായ പ്രമാണം. ഏതൊരു സംഭവങ്ങളുടേയും നിജസ്ഥിതി, സംശയലേശമന്യെ അറിയണമെങ്കിൽ സ്വന്തം കണ്ണുകൾ കൊണ്ടു കാണണം. അതുകൊണ്ടാണല്ലോ ‘ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്’ എന്ന സാക്ഷിമൊഴികളെ ആരും അവമതിക്കാത്തത്. പക്ഷേ സത്യത്തെ/ശരിയെ നേരിൽ കണ്ട വ്യക്തി അതു മറ്റൊരാളിലേക്കു പകരുമ്പോൾ/കൈമാറുമ്പോൾ, കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വ്യക്തിക്കു (സത്യത്തിന്റെ) ദൃക്‌സാക്ഷിത്വത്തിന്റെ അത്ര പ്രാധാന്യവും അതോറിറ്റിയും കിട്ടുകയില്ല. എങ്കിലും ജുഡീഷ്യറിയും സാമാന്യജനവും ഇത്തരം അഭിപ്രായത്തിനും പ്രാമുഖ്യം നൽകാറുണ്ട്. ദൃക്‌സാക്ഷിത്വത്തേക്കാൾ പ്രാധാന്യം ഒരുപടി താഴെയായിരിക്കും എന്നേയുള്ളൂ. അതായത് ‘പരമമായ സത്യത്തിന്റെ രണ്ടാമത്തെ തലം’ (Secondary level of ultimate truth). (ദൃക്‌സാക്ഷിത്വം ഒന്നാമത്തെ തലമാകുന്നു). ഇപ്രകാരം സത്യം വീണ്ടും കൈമാറ്റം ചെയ്യപ്പെടുന്ന മുറയ്ക്കു മൂന്ന്, നാല്, അഞ്ച്… എന്നിങ്ങനെ സത്യത്തിന്റെ തലങ്ങൾ കൂടിവരുന്നു. അതോറിറ്റിയും പ്രാധാന്യവും അതിനനുസരിച്ചു ക്രമേണ കുറയുകയും ചെയ്യും.

ഇനി രാഷ്ട്രീയത്തിലേക്കു വരാം. ഗവൺമെന്റ് പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തുന്നു എന്നു കരുതുക. ഉദാ: ‘സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനു 1000 കോടി രൂപ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു’. ഗവൺമെന്റ് ആ തുക കൃത്യമായും ചെലവഴിക്കുകയും ചെയ്തു. എങ്കിലും ഇതിന്റെ ഫലം/ഗുണം എങ്ങിനെയാണ് ഒരു രാജ്യത്തിലെ സാമാന്യജനത്തിനു അനുഭവവേദ്യമാവുക? ദൃക്‌സാക്ഷിത്വം വഴി ഈ പ്രോജക്ടിന്റെ ഗുണം ജനങ്ങളിലേക്കു എത്തിക്കുക ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ വൻ ജനസംഖ്യയുള്ള ഒരു രാജ്യത്ത്. ഇനി അഥവാ എത്തിയാൽ തന്നെ അതിന്റെ അതോറിറ്റി കുറവായിരിക്കും. കാരണമെന്തെന്നോ ദൃക്‌സാക്ഷിത്വത്തിന്റെ അഭാവം തന്നെ. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തുണ്ടായ അഭിവൃദ്ധി ഉത്തരേന്ത്യയിലെ ഒരു ജനതയ്ക്കു മുന്നിൽ അവതരിപ്പിക്കപ്പെടുക പലപ്പോഴും, സത്യത്തിന്റെ അഞ്ചാമത്തേയോ ആറാമത്തേയോ തലമായിരിക്കും. എന്നുവച്ചാൽ അതോറിറ്റി, വിശ്വാസ്യത എന്നിവ കുറഞ്ഞു വരുമെന്നു അർത്ഥം.

ഇനി ഗുജറാത്തിലേക്ക്. എന്താണ് ഗുജറാത്തിൽ നരേന്ദ്ര മോഡി തുടരെ ജയിക്കുന്നത്? തീർച്ചയായും നല്ല ഭരണം തന്നെ എന്നു പലരും ഉത്തരം പറയും. പക്ഷേ ഇവിടേയും ദൃസാക്ഷിത്വം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നതാണ് കാര്യം. ഗുജറാത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ഗുജറാത്തിൽ നടക്കുന്ന പല പ്രോജക്ടുകളൂടെയും ദൃക്‌സാക്ഷിത്വം എന്നു സാമാന്യമായി പറയാം. ഉദാ 1: കച്ചിലെ സോളർ എനർജി പാർക്ക്. ഹെക്ടറുകളോളം വിസ്താരത്തിൽ കിടക്കുന്ന ഈ പാർക്ക് ഒരു ദൃക്‌സാക്ഷിത്വമാണ്. ഫേസ്‌ബുക്ക്, ടെലിമീഡിയകൾ ഉൾപ്പെടെയുള്ളവ സാമാന്യജനങ്ങളിലേക്കു എത്തിച്ച ഒന്നാമത്തെ തലത്തിലുള്ള സത്യം. പരമമായ സത്യം തന്നെ ജനങ്ങൾക്കു അനുഭവവേദ്യമായി എന്നു സാരം.solar panel in kuch

ഉദാ 2: ഗുജറാത്തിലെ ഇൻഫ്രാ സ്ട്രക്ച്ചർ. ഗുജറാത്തിലെ റോഡുകൾ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പരസ്യത്തിൽ വരെ വന്നു കഴിഞ്ഞു. വ്യവസായം വരണമെങ്കിൽ നല്ല ഇൻഫ്രാ സ്ട്രക്ച്ചർ വേണമെന്നു ആർക്കുമറിയാം. ഗുജറാത്തിലെ ഇൻഫ്രസ്ട്രക്ച്ചറിനെ ദൃക്‌സാക്ഷ്യമായോ, സെക്കന്റ് ലെവൽ സത്യമായോ ഇന്ത്യയിലെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻചില സംഭവങ്ങൾ ഉതകിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിരുന്ന ബംഗാളിലെ സിംഗൂരിൽനിന്നു വ്യവസായ അനുകൂല അന്തരീക്ഷം ഇല്ലാത്തതിനാൽ ടാറ്റ ഗുജറാത്തിലേക്കു മാറിയതും, വൈബ്രന്റ് ഗുജറാത്ത് മീറ്റും ഈ ഗണത്തിൽ പെടുത്താം. എങ്കിലും ഈ ദൃക്‌സാക്ഷിത്വത്തിനു ഗുജറാത്തിലായിരുന്നു കൂടുതൽവേരോട്ടം കിട്ടിയത്. പാൻ-ഇന്ത്യൻ തലത്തിൽ ലഭിച്ച ദൃക്‌സാക്ഷിത്വം വ്യാപകമാകാൻ പറ്റിയില്ല. ഇപ്രകാരം ഗുജറാത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്ന മോഡിയുടെ സൽഭരണത്തിന്റെ ദൃക്‌സക്ഷിത്വം പാൻ ഇന്ത്യൻ തലത്തിലേക്കും, അതുവഴി ഇന്ത്യയിലെ സാമാന്യജങ്ങൾക്കിടയിലേക്കും ശക്തമായി കടത്തിവിടാവുന്ന ഒരു സാഹചര്യമാണ് വാരാണസിയിലെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം വഴി ബിജെപി ലക്ഷ്യമിടുന്നത്. മോഡി ജയിച്ചാൽ ഈ ദൃക്‌സാക്ഷിത്വം ഇന്ത്യയുള്ളിടത്തോളം കാലം ഇന്ത്യയിൽ പ്രചരിക്കും എന്നത് സവിശേഷ വസ്തുതയാണ്.

 നിങ്ങൾ സബർമതി നദിയുടെ പത്തുകൊല്ലം മുമ്പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി കൊടുക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. (പഴയ ഫോട്ടോ & പുതിയ ഫോട്ടോ). പുതിയ ഫോട്ടോ കണ്ടിട്ടു നിങ്ങൾക്കു വിശ്വാസം വരുന്നില്ല. അല്ലേ? പക്ഷേ കാര്യം സത്യമാണ്. സബർമതി നദിയും അതിന്റെ തീരവും ഇന്നു വിദേശരാജ്യങ്ങളിലെ നദികളെയാണ് അനുസ്മരിപ്പിക്കുന്നത്. (സബർമതി നദിയുടെ പുനർനിർമാണഘട്ടത്തിലെ വിവിധ ചിത്രങ്ങൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക). കച്ചിലെ സോളാർ പാർക്ക് പോലെ ദൃക്‌സാക്ഷിത്വം അടിവരയിടുന്ന പരമസത്യമാണ് സബർമതി നദിയുടെ ദൃശ്യം ജനസാമാന്യത്തിനു മുന്നിൽ വയ്ക്കുന്നത്. ഈ വസ്തുത കൊണ്ടു തന്നെയാണ് മോഡിയുടെ വാരാണസിയിലെ സ്ഥാനാർത്ഥിത്വത്തെ രാഷ്ട്രീയ എതിരാളികൾ അത്യധികം ഭയപ്പെടുന്നത്. കാരണം അവർക്കറിയാം സബർമതി നദിയെപ്പോലെ മോഡി സ്പർശം കാത്തു വാരാണസിൽ ഗംഗയുണ്ടെന്ന്. ഭാരത സംസ്കൃതിയുടെ തായ്‌വേര്.

 ഗംഗ ഇന്നു ശാപമോക്ഷം തേടി കഴിയുകയാണ്. അവളുടെ മാറിലേക്കു വ്യവസായശാലകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു, മലിനജലം ഒഴുക്കിവിടുന്നു. വാരാണസിയിലെ ഗംഗ നദിക്കരയിൽ കിടന്നു മരിച്ചാൽ മോക്ഷം ലഭിക്കുമെന്നു കരുതി വയസ്സായവരെല്ലാം മരിക്കാനായി ഇങ്ങോട്ടു ഭാണ്ഢം മുറുക്കി ഇറങ്ങുന്നു. തീ വയ്ക്കാൻ പണമില്ലാതെയോ മറ്റോ ജലസമാധിയായി മീനുകൾക്കു ആഹാരമാകുന്നു. ഗംഗയുടെ മാറ് തുരന്നു മാഫിയകൾ മണൽ വാരിക്കൊണ്ടു പോകുന്നു. ആരാണ് ഇതിനെല്ലാം പ്രതി? ആർക്കാണ് ഇതെല്ലാം അവസാനിപ്പിക്കാൻ കഴിയുക? തീർച്ചയായും രാഷ്ട്രീയക്കാരനു തന്നെ. എങ്കിൽ അവൻ എന്തുകൊണ്ട് ഗംഗയെ രക്ഷിക്കാൻ തുനിയുന്നില്ല? ഉത്തരം ‘കഴിവുകേട്’ എന്നാണ്.

 എന്തായാലും ഈ കഴിവുകേടിനു അവസാനമാവുകയാണ്. കാരണം നരേന്ദ്ര ദാമോദർദാസ് മോഡിയുടെ പര്യായമല്ല, മറിച്ച് വിപരീതമാണ് ‘കഴിവുകേട്’ എന്നത്. അതിനാൽ തന്നെ വാരാണസിയിൽ മോഡി ജയിച്ചാൽ ഗംഗ ശാപമോചിതയാകുമെന്നു ഉറപ്പ്.

 വീണ്ടും ദൃക്‌സാക്ഷിത്വത്തിലേക്ക്….. സബർമതി നദിയല്ല ഗംഗ നദി. പ്രത്യേകിച്ചും വാരാണസിയിലെ ഗംഗ. ദശാശ്വമേധ ഘട്ട്, മണികർണ്ണിക ഘട്ട് തുടങ്ങിയ അനേകം ഘട്ടുകളുള്ള ഗംഗനദി ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനസാമാന്യത്തിന്റെ ആത്മീയലക്ഷ്യമാണ്. ഓരോ വർഷവും വാരാണസിയിലേക്കു എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്. ഗംഗയെ ക്ലീൻ ചെയ്തു, വാരാണസിയിൽ അത്യാവശ്യം മിതമായ/തുശ്ചമായ നിരക്കിൽ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കിയാൽ, വാരാണസിയിലേക്കു രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ട്രെയിൻസർവ്വീസുകൾ തുശ്ചമായ ടിക്കറ്റ് നിരക്കിൽ ഓടിച്ചാൽഅവിടേക്കു കോടി ഹിന്ദുക്കൾ തന്നെ ഒഴുകും. ഒഴുകാതിരിക്കാൻ മാത്രം ഹിന്ദു എന്നെങ്കിലും ആത്മീയ ദാരിദ്ര്യം അനുഭവിക്കുകയോ, ഗംഗയേയും കാശിയേയും മറക്കുകയോ ചെയ്തിട്ടില്ലല്ലോ.

 അപ്പോൾ സബർമതിയെപ്പോലെ ക്ലീൻ ആയ ഗംഗയിൽ മുങ്ങിക്കുളിച്ച് വിശ്വനാഥനെ ദർശിച്ചു സ്വദേശത്തേക്കു പോകുന്ന ജനങ്ങൾ അവരുടെ നാട്ടുകാർക്കു പകർന്നു കൊടുക്കുന്ന വാരാണസിയുടെ ക്ലീൻ ഇമേജ് മോഡിയുടെ രാഷ്ട്രീയ എതിരാളികൾക്കു നടുക്കമുളവാക്കിയില്ലെങ്കിൽ അല്ലേ അൽഭുതമുള്ളൂ. കാരണം ഇവിടെ കാണാവുന്നത് പരമസത്യത്തിന്റെ ദൃക്‌സാക്ഷിത്വമാണ്, നൂറ്റാണുകളോളം നീണ്ടു നിൽക്കാവുന്ന ദൃക്‌സാക്ഷിത്വം. അഞ്ചാം തലത്തിലുള്ള അവ്യക്തമായ സത്യമല്ലെന്നു ചുരുക്കം. അതിനാൽ വറാണസിയിലെ മോഡി വിജയം എതിരാളികൾ പതിവിലേറെ ഭയപ്പെടുന്നു. ദൃക്‌സാക്ഷിത്വത്തിന്റെ ഓരോ കളികൾ.