നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി-Part2

krishnechi 2

കൃഷ്ണ പ്രിയ

 

Part 1 ഇവിടെ വായിക്കാം

         ഇനി ഞാനെങ്ങനെ മോദിയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം.. കുറച്ചു കൊല്ലം മുൻപ് വരെ മോദി യെ നരാധമൻ എന്ന് വിളിച്ചിരുന്ന ഒരാളിൽ പെട്ടിരുന്നു ഞാനും ..ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ നിമിത്തം അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു..അവർ പറഞ്ഞു തന്ന മോദി യുടെ ക്രൂര കൃത്യങ്ങളിൽ മനം നൊന്ത് ഇത് പോലുള്ളവരെ എന്തിനു മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നു എന്ന് രോഷം കൊണ്ടിരുന്നു.ഇങ്ങനെയും ഒരു മനുഷ്യനോ എന്ന് ചോദിച്ചു വീണ്ടും വീണ്ടും അദ്ദേഹത്തെ ഞാൻ ശപിച്ചിരുന്നു.കൃത്യമായ രാഷ്ട്രീയ ബോധം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങളിൽ വന്ന വാർത്തകളും കാർട്ടൂണ്കളും ഫോട്ടോകളും മറ്റും ഇപ്പഴും നേരിയ ഓർമ്മയുണ്ട്. മാദ്ധ്യമങ്ങള്‍ പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുക എന്നല്ലാതെ സത്യമാണോ എന്ന് ചിന്തിക്ക്യാനുള്ള പക്വതയും പ്രായവും അന്നില്ലായിരുന്നു. മാദ്ധ്യമങ്ങള്‍ എത്തിച്ചു തരുന്നവയെല്ലാം സത്യമെന്ന് വിശ്വസിച്ച ഒരു കാലം. ഞാനൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും അംഗമല്ല.അതിൽ ഇപ്പോഴും താല്പര്യമില്ല.അംഗമായാൽ പ്രസ്ഥാനത്തിലെ കുറവുകളും കുറ്റങ്ങളും കാണാനാകാതെ പ്രസ്ഥാനത്തിനുള്ളിലെക്ക് ചിന്താ ശക്തി ഒതുക്കേണ്ടി വന്നെക്ക്യാം എന്നാണു എന്റെ പക്ഷം.

 വേദനിക്കുന്ന മനുഷ്യരുടെ കൂടെ നില്ക്കുന്ന കമ്മ്യുണിസ ത്തോട് കൂടുതൽ ഇഷ്ടമുണ്ടായിരുന്നു.പലയിടത്തു നിന്നും കേട്ടറിഞ്ഞ കമ്മ്യുണിസത്തിന്റെ മഹത്തായ ആദർശ ശുദ്ധി തന്നെയാണ് കാരണം.പക്ഷെ എന്റെ രാജ്യത്തോട് , എന്റെ പൈതൃക മാതൃകങ്ങളോട് എന്റെ സംസ്കൃതിയോടു എനിക്ക് അതിയായ സ്നേഹമുണ്ടായിരുന്നു , അതിൽ വിശ്വാസമുണ്ടായിരുന്നു .. അങ്ങനെയിരിക്കെ എന്റെ ഒരു സുഹൃത്ത് വഴിയാണ് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പിനെ കുറിച്ചറിഞ്ഞത്. അധികം താമസിയാതെ അവിടെ അംഗമായി.ഭാരതീയ സംസ്കൃതിയെ ബഹുമാനിക്കുന്നവർ അവിടെ സംഘികൾ ആയി മാറുന്നു എന്ന് കണ്ടു ( സംഘി എന്നാ വിളി കേള്ക്കാൻ ആദ്യമൊന്നും താല്പര്യമില്ലായിരുന്നു.സംഘികൾ വർഗീയ വാദികൾ ആണ് എന്നൊരു ധാരണയുണ്ടായിരുന്നതാണ് കാരണം,ഫലമൊന്നുമില്ലെങ്കിലും ഞാനൊരു സംഘിയല്ല എന്ന മുൻ‌കൂർ ജാമ്യം പലപ്പോഴും അവിടെ എടുത്തിട്ടുണ്ട് .. ) സ്വാഭാവികമായും അവിടെ മോദി യും ശശികല ടീച്ചറും ഒക്കെ വിഷയമാകുമായിരുന്നു…. അങ്ങനെയിരിക്കെ സംഘ സുഹൃത്തുക്കൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് പലതിനും ഉത്തരമില്ലാതെ , വിഷയ സംബന്ധമില്ലാതെ മറുപടി കൊടുക്കുന്നത് കാണാനിടയായി.കൂടാതെ മാദ്ധ്യമങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയുന്ന പോസ്റ്റുകളും തെളിവുകളും അവിടെ നിന്നും സുഹൃത്തുക്കളുടെ വാൾ-ഇൽ നിന്നുമായി കിട്ടി.. ഇതോടെ മോദിയെ കുറിച്ചുള്ള എന്റെ ധാരണകൾ തെറ്റായിരുന്നുവോ എന്ന് തോന്നാൻ തുടങ്ങി.ആയിടക്കാണ് ഞാനൊരുപാട് ബഹുമാനിക്കുന്ന സ്വാമി ചിദാനന്ദ പുരിയുടെ തന്റെ ഒരു പ്രഭാഷണത്തിൽ മോദി യെ കുറിച്ചും ഗുജറാത്തിനെ കുറിച്ചും പരാമർശിച്ചത്.. സംശയം ഉള്ളവർ ഗുജറാത്തിൽ പോയി അവിടുത്തെ സ്ഥിതി അന്വേഷിക്കൂ എന്നും ഇവിടെയിരുന്നു കുറ്റം പറയുന്നതിൽ എന്ത് കാര്യം എന്നും അദ്ദേഹം ചോദിച്ചതിൽ കാര്യമുണ്ട് എന്ന് തോന്നി.ഏതാണ്ട് ഇതേ സമയത്താണ് എന്റെ അച്ഛൻ ദ്വാരകയിൽ പോയത് .. അച്ഛൻ പറഞ്ഞത് കൂടി കേട്ടപ്പോൾ മോദി യുടെ ഗുജറാത്ത് വികസനത്തിന്റെ കാര്യത്തിൽ എന്റെ സംശയം തീര്ന്നു.അദ്ദേഹം ഗുജറാത്തിനു വേണ്ടി പല വികസനങ്ങളും കൊണ്ട് വന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടു. അതോടെ മോദി യെക്കുറിച്ചുള്ള എന്റെ ചില ധാരണകളെങ്കിലും തെറ്റായിരുന്നു എന്ന് ബോധ്യായി.. പിന്നീട് അറിയാനുള്ളത് കലാപത്തിലെ മോദി യുടെ പങ്കിനെ കുറിച്ചായിരുന്നു.. മോദിയെ ക്കുറിച്ചും കലാപത്തെ കുറിച്ചും എന്റെ സുഹൃത്തുക്കളോടും മറ്റുമായി ചോദിച്ചു .കലാപത്തിലെ പെരുപ്പിച്ചു കാണിച്ച പല കഥകള്ക്കും യാതൊരു ആധികാരികതയും ഇല്ല എന്ന് മനസ്സിലായി. മാധ്യമങ്ങളുടെ വൃത്തി കേട്ട രാഷ്ട്രീയ മുഖം കുറേശ്ശെ മനസ്സിലായി തുടങ്ങി.മോദിക്ക് കലാപത്തിൽ പങ്കില്ല എന്നും തോന്നി തുടങ്ങി.. അതിനു ഒന്നാമത്തെ തെളിവ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലുള്ള ഉജ്ജ്വല വിജയം തന്നെയായിരുന്നു.. ഒരു ദുഷ്ടനെ ജനങ്ങള് വീണ്ടും എന്തിനു തിരഞ്ഞെടുക്കണം അത്രയ്ക്ക് പരിതാപകരമാണോ നമ്മുടെ ജനാധിപത്യം എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ലഭിച്ചില്ല. മോദിയെ എതിർക്കുന്നവർ മതപരമായ മുൻ വിധികളും രാഷ്ട്രീയ ലക്ഷ്യങ്ങളും ഉള്ളവരാണ് എന്നും ബോധ്യമായി.. പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ സംഘ സുഹൃത്തുക്കളുടെ ആത്മാർഥമായ പ്രവർത്തനത്തെ മാത്രം കാണാതിരുന്നവരുടെ ‘മാനുഷിക മൂല്യ’ങ്ങളെ അംഗീകരിക്ക്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.. മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു, മനുഷ്യത്വം ഒരു പ്രത്യേക പ്രസ്ഥാനത്തിൽ മാത്രമൊതുങ്ങുന്നു എന്ന് പറയുന്ന, പ്രചരിപ്പിക്കുന്ന പ്രസ്ഥാനത്തോട് അകൽച്ച തോന്നി തുടങ്ങി.. മാനുഷിക മൂല്യങ്ങൾ വിളിച്ചു പറഞ്ഞു മനുഷ്യരെ പച്ചക്ക് കത്തിക്കുന്നവരുടെ കൈ പിടിച്ചു നടക്കുന്നവരുടെ ചിത്രം ഞെട്ടലുണ്ടാക്കി.ഇവർ തന്നെയാണ് മോദിക്കെതിരെ നീങ്ങിയതും അദ്ദേഹത്തെ കല്ലെറിഞ്ഞവരും എന്നത് എന്നെ വീണ്ടും വീണ്ടും ചിന്തിപ്പിച്ചു.. വിശ്വമാനവികതാ വാദികളുടെ മോദി വിരോധം എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി.രാഷ്ട്ര സ്നേഹമില്ലാത്തവർക്ക് എങ്ങിനെ ലോകത്തെ മുഴുവനായി സ്നേഹിക്ക്യാനാകും? സ്വന്തം വീടും സ്ഥലവും പൊന്നു പോലെ മതില് കെട്ടി സൂക്ഷിക്കുന്നവരല്ലേ നിങ്ങൾ എന്നും പിന്നെ എന്തിനു രാഷ്ട്രത്തിനു അയിത്തം എന്നും ചോദിച്ചതിനുത്തരമില്ലായിരുന്നു .. ഇനി ഇത്രയധികം രാഷ്ട്ര ബോധമില്ലാത്തവർ എന്തിനു മോദിയുടെ രാഷ്ട്രത്തെ കുറിച്ച് ഇത്രയേറെ ആകുലപ്പെടണം.രാഷ്ട്ര ബോധമില്ലാതവർക്ക് രാഷ്ട്രം ആരു ഭരിച്ചാലെന്ത്? അവര്ക്ക് “തോന്നുന്നതാഖിലം ഞാനിതെന്ന വഴി” യായല്ലേ തോന്നേണ്ടത്? അവർക്കീ രാഷ്ട്രം എങ്ങനെയായാൽ എന്ത്? ഇതിനെല്ലാം അവരുടെ അടുത്ത് നിന്നും മനുഷ്യത്വത്തിന് വേണ്ടി നില കൊള്ളുന്നവർ ആണ് ഞങ്ങൾ തുടങ്ങിയ ക്ലീഷേ മറുപടികൾ ആണ് കിട്ടിയത് .

narendra-modi-facebook

രാഷ്ട്ര ബോധത്തിലും രാഷ്ട്ര നന്മയിലും ഉപരിയായി അവർക്കുള്ളത് അന്ധമായ മോദി വിരോധവും മോദി പ്രധിനിധീകരിക്കുന്ന പ്രസ്ഥാനത്തോടുള്ള എതിർപ്പുമായിരുന്നു എന്ന് മനസ്സിലായി.മറ്റൊരു ആരോപണമായത് മോദിയുടെ ഫാസിസം ആണ്.. അദ്ദേഹം ഏകാധിപതി ആണത്രേ.അദ്ദേഹം ഫാസിസ്റ്റ് ആണോ എന്നത് രണ്ടാമത് ചിന്തിക്ക്യേണ്ട വിഷയമാണ്.ആദ്യം ചിന്തിക്ക്യെണ്ടത് ഇത് വരെ അധികാരത്തിലിരുന്ന ആര്ക്കാണ് ഏകാധിപത്യ പ്രവണതയില്ലാതിരുന്നവർ എന്നാണു .. മോദിയുടെ ഫാസിസത്തെ ഓർത്ത് നെടുവീർപ്പിടുന്നവർക്ക് തങ്ങളുടെ കണ്മുന്നിൽ തലമുറകളായി സ്വച്ഛന്ദം നടന്നു പോരുന്ന അധികാര ഫാസിസവും കുടുംബാധിപത്യവും എല്ലാറ്റിനുമുപരിയായ ദുർഭരണവും കാണാനുള്ള കണ്ണില്ലേ എന്ന് ചിന്തിച്ചു തല പുണ്ണായതല്ലാതെ ഒരു കാര്യവും ഉണ്ടായില്ല.. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മോദി ഭയം എന്തിനാണ്.. ? ഇന്ന് വരെ അധികാരത്തിലിരുന്നവരിൽ നിന്നും വ്യത്യസ്തമായി ഇത്രയധികം ഭയക്കാൻ മാത്രം മോദി എന്താണ് ചെയ്തത്? ഈ അളവിൽ കവിഞ്ഞ മോദി ഭയമാണ് മോദിയെ കുറിച്ച് കൂടുതൽ അറിയണം എന്ന് എനിക്ക് തോന്നാൻ കാരണമായത്..മോദിയെ മനസ്സിലാക്കാൻ കാരണമായതും .. ഞാൻ അറിഞ്ഞിടത്തോളം മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായി കർമ്മത്തിൽ വിശ്വസിക്കുന്ന ഒരാളാണ് മോദി.. എന്തായാലും മോദി യെക്കുറിച്ച് ഇല്ലാക്കഥകൾ പടച്ചവരോടും വിമർശിച്ചവരോടും അകമഴിഞ്ഞ നന്ദിയുണ്ട്…. അവരാണ് മോദിയെ പ്രധാന മന്ത്രിയാക്കിയത് … അവരാണ് എനിക്ക് ആരാധിക്കാൻ ‘ജീവനുള്ള’ ഒരു നേതാവിനെ തന്നത്.എന്റെ ആരാധ്യ നേതാക്കന്മാരെല്ലാം ഇഹലോക വാസം വെടിഞ്ഞവരായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഫോട്ടോയിൽ മാത്രമല്ലാത്ത , ജീവസ്സുള്ള ഒരു നേതാവിനെ കിട്ടി… എന്റെ രാജ്യത്തിനു ഇന്നേറ്റവും ആവശ്യം അദ്ദേഹത്തെയാണ്.. ഈ കാലഘട്ടത്തിൽ, ഇത്രയധികം കർമ്മോത്സുകനായ, വാക്കിനു വില കല്പ്പിക്കുന്ന, സ്വല്പ്പം ആലങ്കാരികമായ ഭാഷയിൽ പറഞ്ഞാൽ നട്ടെല്ലുള്ള ഒരു നേതാവിനെ ഞാനിതു വരെ കണ്ടിട്ടില്ല.

അത് കൊണ്ട് പ്രിയ മോദി വിമർശകരെ.കൃഷ്ണപ്രിയ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.