സ’നാഥം’ സനാതനം — നാഥ് സമ്പ്രദായവും ചരിത്രവും


ഗോ
രക്ഷാപീഠാധിപതിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല, അനുപമമായൊരു ആധ്യാത്മിക പരമ്പരയുടെ ഇങ്ങീയറ്റത്തെ കണ്ണി കൂടെയാണ് അദ്ദേഹം. ഏതൊരവസരത്തിലാണോ ധർമ്മത്തിന് ഗ്ളാനി സംഭവിച്ചുകൊണ്ടു അധിനിവേശ ശക്തികൾ ഭാരതത്തിൽ പിടിമുറുക്കിയിട്ടുള്ളത്, അപ്പോഴെല്ലാം നാഥ് പന്ഥിയിലെ സന്യാസവര്യ പൗരോഹിത്യത്തിൽ ധർമ്മ സംസ്ഥാപനത്തിന്റെ കാഹളവും മുഴക്കപ്പെട്ടിട്ടുണ്ട്. ആയിരത്തോളം വർഷങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും ഹൈന്ദവ സംസ്ക്കാരം ഇന്നും നില നിൽക്കപ്പെടുന്നതിലും നാഥ് യോഗികൾക്കുള്ള പങ്കു നിസീമമാണ്.

എന്താണ് നാഥ് സമ്പ്രദായം?.. 
വിവിധ താന്ത്രിക സമ്പ്രദായങ്ങളും ഹഠയോഗവും കോർത്തിണക്കിയ ഒരു സിദ്ധ പാരമ്പര്യമാണ് നാഥ് (Nath) സമ്പ്രദായം. 9–13 നൂറ്റാണ്ടു കാലഘട്ടത്തിൽ നാഥ് സിദ്ധർ എന്നറിയപ്പെട്ടിരുന്ന ആത്‌മജ്ഞാനികൾ ഭാരതത്തിലെമ്പാടും പരിക്രമണം ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഭാരതമെമ്പാടും യോഗയുടെ വാഹകരായി വർത്തിച്ച നാഥ യോഗികളെ കുറിച്ച് വളരെ ചുരുങ്ങിയ അറിവേ ഇന്ന് പലർക്കും ഉള്ളു. അവർ വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നുമാണ് വന്നത് എന്ന് ചിലർ പറയുന്നുണ്ടെങ്കിലും പൂർവ ഭാരതത്തിലാണ് അവരുടെ സാന്നിധ്യ സംബന്ധിയായ രചനകൾ കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പെഷവാറിലാണ് യോഗി ആദിത്യനാഥ് ഉൾപ്പെടുന്ന നാഥ് സമ്പ്രദായം ഗുരു ഗോരഖ് നാഥാൽ സ്ഥാപിതമായത് എന്നും പറയപ്പെടുന്നു. ഏതായാലും അവരുടെ സ്വാധീനം അഫ്‌ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, സിന്ധ്, മഹാരാഷ്ട്ര — ഗുജറാത്ത് മുതൽ കിഴക്കു അസം- ബംഗാൾ, ബർമ്മ വരെയും ദക്ഷിണേന്ത്യയിലാകമാനവും കാണാവുന്നതാണ്.

മഹാരാഷ്ട്രയിലെ രസേശ്വര സിദ്ധരും തെക്കേയിന്ത്യയിലെ മഹേശ്വര സിദ്ധ സമ്പ്രദായവും ഉത്തരേന്ത്യയിൽ നിന്നുള്ള സിദ്ധാചാര്യന്മാരെയും നാഥ് യോഗികളെയും കുറിച്ച് വിവരിച്ചിട്ടുണ്ട്. മാത്രമല്ല, ചില ഉത്തരേന്ത്യൻ രചനകളിലും രാസേശ്വരരുടെ രസധാതു കൊണ്ടു ശരീരത്തിൽനടത്തുന്ന രസവാദവിദ്യാതന്ത്രങ്ങളും മറ്റും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ വിരചിതമായ വീരമഹേശ്വര എന്ന ഗ്രന്ഥത്തിൽ നാഥാ സിദ്ധനായ ഗോരക്ഷയും ഒരു മഹേശ്വര സിദ്ധനും തമ്മിൽ തുംഗഭദ്രാതീരത്തു വെച്ച് നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വർണ്ണിച്ചിരിക്കുന്നു. അവർ ധരിക്കുന്ന പ്രത്യേകതരം കർണ്ണകുണ്ഡലങ്ങളെ പ്രതി ഉത്തര ഭാരതത്തിന്റെ പല ഭാഗങ്ങളിലും നാഥ് യോഗികൾ ‘കാൻ ഫഠാ യോഗികൾ’ എന്നും അറിയപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിൽ രചിച്ച സർവദർശനസംഗ്രഹം എന്ന ഗ്രന്ഥത്തിൽ രസവാദവിദ്യ (ആൽക്കെമി) നാഥ് യോഗിമാരുടെ ഹഠയോഗ സമ്പ്രദായത്തിന്റെ ഒരു ശാഖയാണെന്നാണ് മാധവാചാര്യർ പറഞ്ഞിരിക്കുന്നത്. 

നാഥ് യോഗികളിലെ പ്രഥമയോഗി ആദിനാഥ് എന്നറിയപ്പെടുന്നു. ചില രചനകളിൽ ആദിനാഥ് സ്വയം ഭഗവാൻ പരമശിവനാണെന്നും ദത്താത്രേയനാണെന്നും എല്ലാം പറയുന്നെങ്കിലും ഭൂരിപക്ഷം പേരും ആദിനാഥനെ ശിവഭഗവാന്റെയും സൃഷ്ടാവായാണ് കാണുന്നത്. ആദിനാഥന്റെ പുത്രനും പ്രഥമശിഷ്യനും ശിവഭഗവാനായിരുന്നു എന്നും തന്റെ പരമജ്ഞാനത്താൽ അവിടുന്നു പരമേശ്വരനായെന്നും പുരാവൃത്തം. ശിവൻ തന്റെ പത്നി ചണ്ഡീദേവിക്കു (ഗൗരി) സമുദ്രമദ്ധ്യേ വെച്ച് നാഥരുടെ ജ്ഞാനം പകർന്നു നല്‍കിയത്രേ. ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ മീനനാഥൻ അഥവാ മത്സ്യേന്ദ്രനാഥൻ ഒരു മത്സ്യത്തിന്റെ ഗര്‍ഭത്തിലിരുന്നു മഹാജ്ഞാനം ശ്രവിക്കുകയും നാഥ് സമ്പ്രദായക്രമങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്തു. ആദിനാഥന്റെ നാഭിയിൽ നിന്നും മത്സ്യേന്ദ്രനാഥനും, ശിരസ്സിൽ നിന്ന് ഗോരക്ഷാനാഥും, അസ്ഥിയിൽ നിന്ന് ഹഡി — പ അഥവാ ജലന്ധരനും, കർണ്ണങ്ങളിൽ നിന്നും കാനു -പ അഥവാ കൃഷ്ണനാഥ്, കാലിൽ നിന്നും ചൗരംഗിയും പിറന്നു എന്നും പറയുന്ന ഗ്രന്ഥങ്ങളുമുണ്ട്.

ശക്തിപീഠങ്ങൾ പണ്ട് മുതൽക്കു തന്നെ നാഥ് യോഗികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായിരുന്നു. ഗുരു മത്സ്യേന്ദ്രനാഥും ഗുരു ഗോരക്ഷണനാഥും കാമാഖ്യ പീഠം മുതൽ ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധിലുള്ള ഹിംഗ്ലജ് വരെ നടത്തിയ യാത്ര ഒരു പുരാതന ബംഗാളി ഗ്രന്ഥം വർണ്ണിക്കുന്നു. ഹിംഗ്ലജിൽ, മൃഗബലി നടന്നിരുന്ന ഒരു ഗുഹയിൽ ധ്യാന നിരതനായിരുന്ന ഗുരു ഗോരക്ഷാനാഥനു മുന്നിൽ പ്രത്യക്ഷപ്പെട്ട ഹിംഗ്ലജ്ദേവി അദ്ദേഹത്തെ അതീന്ദ്രിയജ്ഞാനം നൽകി അനുഗ്രഹിക്കുയുമുണ്ടായി. ഗുരു ഗോരക്ഷാനാഥിന്റെ പേരിലുള്ള ക്ഷേത്രങ്ങൾ ഭാരതത്തിലങ്ങോളമിങ്ങോളം കാണാവുന്നതാണ്. തമിഴ്‌നാട്ടിൽ കൊരഖ സിദ്ധർ എന്നപേരിൽ അറിയപ്പെടുന്നതും ഗുരു ഗോരഖ്‌നാഥ് തന്നെ. ഗുരു നാനാക്കിനും, സന്ത്‌ കബീറിനും പ്രചോദനമായതും നാഥ് ഗുരു തന്നെ.

ഹൈന്ദവസമ്പ്രദായത്തിൽ, ഗുരു ഗോരക്ഷാനാഥ് മഹായോഗിയായാണ് കരുതപ്പെടുന്നത്. സത്യാന്വേഷണവും ആധ്യാത്മികതയും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സാധാരണ ലക്ഷ്യമാണമെന്ന ആശയത്തിന് അദ്ദേഹം ഊന്നൽ നൽകി. യോഗ, ആധ്യാത്മിക സാധന, ആത്മ ശക്തി എന്നിവ ആത്ഥജ്ഞാനത്തിലേക്കുള്ള മാർഗ്ഗമായി അദ്ദേഹം കരുതി. പതിനാലാം നൂറ്റാണ്ടുമുതൽ ഇസ്ലാമിക — ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ നടന്നുവന്ന സാധുജനങ്ങളുടെ നേതൃത്വത്തിലുള്ള സായുധ പ്രതിരോധത്തിൽ യോഗികൾക്ക് വലിയ പങ്കുണ്ട്. 

ശിവഭഗവാന്റെ ബാരാത് (വരന്റെ സംഘം) ആണ് ഗോരക്ഷാനാഥ് ശിഷ്യർ എന്നാണ് വിശ്വാസം. അതായത് എല്ലാത്തരത്തിലും പെട്ട ജീവജാലങ്ങൾ ഗോരക്ഷനാഥിന്റെ ശിഷ്യരാണ്. ആയതിനാൽ തന്നെ, ജാതി മത വർഗ്ഗ ഭേദഭാവം ഗോരഖ് പന്ഥിലില്ല. കായികവീരന്മാരായ ഗൂർഖാ വിഭാഗത്തിന്റെ നാമഹേതു ഗുരു ഗോരഖ്‌നാഥാണ്. വടക്കു പടിഞ്ഞാറ് നിന്നുള്ള അറബി ആക്രമണങ്ങളെ ദീർഘകാലം ചെറുത്തുനിന്നതിൽ പ്രധാന പങ്കു വഹിച്ചത്തിലൂടെ വിഖ്യാതനായ കാലഭോജ രാജകുമാരൻ അഥവാ ശിലാദിത്യ രാജാവ് ബപ്പാ റാവൽ രജപുട്ടാനയിലെ മേവാർ രാജ്യം സ്ഥാപിച്ചത് ഗുരു ഗോരഖ്‌നാഥിന്റെ അനുഗ്രഹത്താലാണ്. പിന്നീട് റാവലിന്റെ പിൻഗാമികൾ പൂർവ ദേശത്തിലേക്കു നീങ്ങുകയും ഗോർഖ വംശം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് നേപ്പാൾ രാജ കുടുംബത്തിന്റെ സ്ഥാപകൻ രജപുത്രനായ ബപ്പാ റാവൽ ആയത്. 

ജോധ്പൂരിലെ മഹാരാജാ മാൻസിംഗ് തന്റെ രാജയോഗത്തിനു പിന്നിൽ അയാസ് ദേവനാഥിന്റെ മാന്ത്രിക സ്പർശമാണെന്ന് വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ നാൽപ്പതു വര്‍ഷം നീണ്ടു നിന്ന അദ്ധേഹത്തിന്റെ ഭരണകാലത്തു നാഥ് സമ്പ്രദായത്തിന്മേലുള്ള പഠനങ്ങൾ പ്രോത്സാഹിക്കപ്പെട്ടു. 
നാഥ് പാരമ്പര്യത്തിൽ സാധു സന്യാസിമാരും, ഗൃഹസ്ഥരുമുണ്ട്. ഘർബാരി അഥവാ ഗൃഹസ്ഥർ എണ്ണത്തിൽ കൂടുതലാണ്. നേപ്പാളിലും ഭാരതത്തിൽ, ബംഗാൾ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, ഡെക്കാൻ മേഖല എന്നിവിടങ്ങളിലെല്ലാം ഈ പാരമ്പര്യം പിന്തുടരുന്നവർ ജീവിക്കുന്നു. 1906 ൽ ഹരിദ്വാർ ആസ്ഥാനമായി ബാരാഹ് പന്ഥി യോഗി മഹാസഭ എന്നൊരു സംഘടന സന്യാസിമാരുടേതായി സ്ഥാപിക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിൽ മസ്തനാഥ് മഠം സ്ഥാപിച്ച ഹരിയാനയിലെ അസ്ഥൽ ബൊഹാർ, ഹിമാചലിൽ ജ്വാലാമുഖി, ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഗോരഖ്‌നാഥ് ക്ഷേത്രം, ദേവീപറ്റാൻ, ഹരിദ്വാർ, നേപ്പാളിലെ ചൗഘേര (Caughera), പതിനഞ്ചാം നൂറ്റാണ്ടു മുതൽ നാഥ് മഠം സ്ഥിതിചെയ്യുന്ന കർണാടകയിലെ കദ്രി എന്നിവിടങ്ങളിൽ എല്ലാം ഇന്നും പ്രധാന നാഥ് പാരമ്പര്യ കേന്ദ്രങ്ങളാണ്. കച്ചിൽ സ്ഥിതി ചെയ്തിരുന്ന ദിനോധർ, പാകിസ്താനിലെ പഞ്ചാബിൽ ജോഗി തില്ല, പെഷവാറിലെ ഗോരഖത്രി എന്നിവിടങ്ങൾ ഇന്ന് മറവിയുടെ പടുകുഴിയിൽ വീണുപോകാൻ വിധിക്കപ്പെട്ട ഇടങ്ങളാണ്. ഭാരതത്തിന്റെ വിഭജനത്തിനു മുമ്പ് ജോഗി തില്ല നാഥ് സമ്പ്രദായത്തിന്റെ മുഖ്യ സ്ഥാനമായിരുന്നുവെങ്കിലും ഇന്ന് ഹരിദ്വാറിലെ ഗോരഖ്‌നാഥ് ക്ഷേത്രവും ഗോരഖ്‌പൂരുമാണ് സമുന്നത കേന്ദ്രങ്ങൾ. ഇന്നത്തെ ഗോരക്ഷപീഠത്തിനു കീഴിൽ ഗോരഖ്‌പൂരിലും നേപ്പാളിലും ഓരോ ക്ഷേത്രങ്ങളുണ്ട്. മകരസംക്രാന്തി ആഘോഷങ്ങളിൽ പതിനായിരങ്ങളാണ് ജാതി മത ഭേദമെന്യേ ഈ ക്ഷേത്രങ്ങളിൽ നിന്നും ഖിച്ച്ഡി കഴിക്കുക. 

ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച്ചക്കെതിരെ നടന്ന സായുധ പോരാട്ടങ്ങളുടെ പേരിലാണ് ആധുനിക കാലഘട്ടത്തിൽ ഗോരഖ്‌പൂർ ആദ്യമായി വാർത്താ ശ്രദ്ധ നേടിയത്. ഉത്തർപ്രദേശിൽ നേപ്പാളിനോടു ചേർന്ന് കിടക്കുന്ന ഈ പട്ടണം ഇന്നും അധിനിവേശ ശക്തികളോടുള്ള സന്ധിയില്ലാ സമരം കൊണ്ട് തന്നെയാണ് മാധ്യമ ശ്രദ്ധ നേടുന്നതു. ദേശീയതയിലൂന്നിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനത്തിൽ ഗോരഖ്പൂരിലെ നാഥ് മഠം നിസീമമായ പങ്കു വഹിച്ചിരിക്കുന്നു. 1894 ൽ ജനിച്ച ഒരു അനാഥബാലൻ ഗോരക്ഷാമഠത്തിൽ വളർന്നു വലുതായി. രജപുത്രവീര്യം സിരകളിലേന്തിയ മഹന്ത് ദിഗ്‌വിജയനാഥ് 1920 കളിൽ ഇന്നത്തെ ഉത്തർപ്രദേശിൽ ഹിന്ദുമഹാസഭയുടെ സ്ഥാപനത്തിനും വ്യാപനത്തിലും ഒരു പ്രധാന പങ്കു വഹിച്ചു. 1922 ലെ ചൗരി ചൗരാ സംഭവത്തോടനുബന്ധിച്ചു ബ്രിട്ടീഷ് ഭരണകൂടം യോഗി ദിഗ്‌വിജയനാഥിനെ അറസ്റ്റു ചെയ്യുകയുണ്ടായി. 1949 ൽ രാമരാജ്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഒമ്പതു നാൾ നീണ്ടു നിന്ന രാംചരിത മാനസ് പാരായണത്തിനുശേഷം അയോധ്യയിൽ രാമജന്മഭൂമി പ്രസ്ഥാനത്തിനു നാന്ദി കുറിച്ചതിലെ സൂത്രധാരൻ അദ്ദേഹമായിരുന്നു. ഹിന്ദുമഹാസഭയെ പോലെ തന്നെ സംഘപരിവാറിനോട് അകലം പാലിച്ചിരുന്ന മറ്റൊരു സംഘടനാ ആയിരുന്നു രാമരാജ്യ പരിഷത്. ഈ പരിഷത്തിന്റെ സ്ഥാപകനായ സ്വാമി കർപത്രിജിയോടൊത്തു ചേർന്ന് വളരെക്കാലം ദിഗ്വിജയ്‌നാഥ് പ്രവർത്തിച്ചിട്ടുണ്ട്. 1966 ൽ വിശ്വഹിന്ദു പരിഷദ് സർവ ദളീയ ഗോരക്ഷാ മഹാ അഭ്യാൻ സമിതിതുടങ്ങിയപ്പോഴും ഈ കൂട്ടുകെട്ട് തുടർന്നു. അദ്ധേഹത്തിന്റെ പിൻഗാമി മഹന്ത് അവൈദ്യനാഥും പൊതുരംഗത്തു സജീവമായിരുന്നു. തുടർച്ചയായി അഞ്ചു തവണ ലോക്സഭാംഗം ആയിരുന്ന അദ്ദേഹവും രാമക്ഷേത്ര വിഷയത്തിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. അവൈദ്യനാഥിന്റെ അവസാന ലോക്‌സഭാ ഇന്നിങ്‌സുകൾ ഭാരതീയ ജനതാ പാർട്ടിയിലൂടെ ആയിരുന്നു. മഹന്ത് അവൈദ്യനാഥിൽ നിന്നും 1994ൽ ദീക്ഷ സ്വീകരിച്ച യോഗി ആദിത്യനാഥ് ആണ് ഇപ്പോഴത്തെ ഗോരക്ഷാപീഠാധിപതി. 


ഇന്നിപ്പോ മഹത്തായ ഒരു ആധ്യാത്മിക, ചരിത്ര പാരമ്പര്യത്തിന്റെ ദീപശിഖയുമേന്തിയാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്നത്. ഭാരതത്തിന്റെ സ്വത്വം വീണ്ടെടുക്കാൻ കാവിയുടുത്ത സന്യാസിവര്യൻ തന്നെയല്ലേ ഭരണചക്രം തിരിക്കേണ്ടത്? രജപുത്ര കുടുംബത്തിൽ ജനിച്ചെങ്കിലും, നാഥ് സമ്പ്രദായ ദീക്ഷ സ്വീകരിച്ചു ഗോരക്ഷാപീഠാധിപതിയായി മാറിയ യോഗി ആദിത്യനാഥ്, മുഖ്യമന്ത്രി ആയതിലൂടെ തത്വത്തിൽ സംസ്ഥാനത്തിന് ആദ്യമായി ജാതിയില്ലാത്ത ഒരു മുഖ്യമന്ത്രിയെ കൂടെ ലഭിച്ചിരിക്കുകയാണ്. ജാതി രാഷ്ട്രീയത്തെ ചവറ്റു കുട്ടയിലെറിഞ്ഞു ഹൈന്ദവ ഏകീകരണത്തിന്റെ പൊന്‍ താമര വിരിഞ്ഞ ഉത്തർപ്രദേശിന്റെ ഭാഗധേയം മാറ്റി മറിക്കുവാൻ ഗോരക്ഷാപീഠാധിപതിയുടെ നേതൃത്വത്തിന് കഴിയട്ടെ.

———————–അഞ്ജലി ജോര്‍ജ്ജ്————————

Poster Credits : Ratheesh Nandhananam