മാലാഖമാർ സമരത്തിലാണ്, അഴിമതി സർക്കാരിനെതിരെ…

— ജിതിൻ ജേക്കബ്  —

നമ്മുടെ നാട്ടിലെ നഴ്സുമാർ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണ്. ആശുപത്രിയുടെ പ്രവർത്തങ്ങൾ തടസ്സപ്പെടാത്ത രീതിയിലാണ് അവർ സമരം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അവരോടു ഒത്തിരി ബഹുമാനവും തോന്നുന്നു. ജീവിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. 4 വർഷത്തോളം പഠിക്കുകയും വിദ്യാഭ്യാസ വായ്പ്പയും മറ്റുമെടുത്തു ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങിയ നഴ്സുമാരുടെ സങ്കടം കേരളം ഭരിക്കുന്ന തമ്പ്രാന്മാർക്കു മനസിലാകില്ല.

ജീവിക്കാൻ വേണ്ട ശമ്പളമേ അവർ ചോദിക്കുന്നുള്ളൂ. സ്വകാര്യ കോർപ്പറേറ്റ് ആശുപത്രി മുതലാളിമാരുടെ നഴ്സുമാരോടുള്ള ചൂഷണങ്ങളെ സർക്കാർ കണ്ടില്ല എന്ന് നടിക്കുകയാണ്. കോർപ്പറേറ്റു മുതലാളിമാരോട് നഴ്സുമാർക്ക് ജീവിക്കാനുള്ള മിനിമം കൂലി നല്കണമെന്ന് പറയാൻ ഇടതുസർക്കാരിനുള്ള വൈക്ളമ്യത്തിന്റെ ചേതോവികാരം എന്താണെന്നു മനസിലാകുന്നില്ല. വിദ്യാഭ്യാസ വായ്പ്പ എടുത്ത ഒരു നഴ്സ് ഒരു മാസം ഏകദേശം 8500 രൂപ തിരിച്ചടക്കണം. ഇപ്പോൾ കിട്ടുന്ന ശമ്പളം ഇതിനുപോലും തികയില്ല. നഴ്സുമാർ സർക്കാർ ശമ്പളം കൂട്ടിനൽകണമെന്നല്ല പറയുന്നതു. സർക്കാർ ഖജനാവിൽ നിന്നുള്ള പൈസ അല്ല അവർ ചോദിക്കുന്നത്.

തുല്ല്യ ജോലിക്കു തുല്യ വേതനം എന്നത് നമ്മുടെ ഭരണഘടനയിൽ പറയുന്ന അവകാശമാണ്. സുപ്രീം കോടതി ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരും നഴ്സുമാരോടൊപ്പമാണ്. പിന്നെ എന്താണ് ഇവിടെ പ്രശ്നം? ആശുപത്രി മുതലാളിമാരോട് എന്തിനാണ് തൊഴിലാളി സർക്കാരിന് ഇത്ര സ്നേഹം? 18000 രൂപ ഇന്ത്യയിലെ മുഴുവൻ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും നൽകണമെന്നും പറഞ്ഞു കേരളത്തിൽ ഹർത്താൽ നടത്തിയ പാർട്ടിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. എന്തെ ഇപ്പോൾ അതൊക്കെ മറന്നു പോയോ? നഴ്സുമാരെ പറ്റിക്കാൻ ആശുപത്രി മുതലാളിമാരോടൊത്തു നിന്ന് സർക്കാർ കളിച്ച പൊറാട്ടു നാടകം തന്നെ എത്ര തൊഴിലാളി വിരുദ്ധരാണ് ഈ സർക്കാർ എന്ന് തെളിയിക്കുന്നതാണ്. മിനിമം വേതനം 17200 രൂപയായി നിശ്ചയിച്ചെന്നു കൊട്ടിഘോഷിച്ച സർക്കാർ യഥാർത്ഥത്തിൽ ചെയ്തത് നഴ്സുമാരുടെ DA ശമ്പളത്തോടൊപ്പം മെർജ് ചെയ്തു നഴ്സുമാരെ പറ്റിക്കാൻ നോക്കി.

പ്രതിപക്ഷത്തിരിക്കുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയും ഹർത്താൽ നടത്തും, കലാപം ഉണ്ടാക്കും, ഭരണം കിട്ടുമ്പോൾ മുതലാളിമാരോടൊത്തു നിന്ന് ജനത്തെ പിന്നിൽ നിന്ന് കുത്തും. വാ തുറന്നാൽ കോർപ്പറേറ്റ് വിരുദ്ധത പറയുന്ന ഇടതുപക്ഷം എന്തുകൊണ്ടാണ് കോര്പറേറ്റുകൾ നടത്തുന്ന ആശുപത്രികളിൽ നഴ്സുമാർക്ക് ന്യായമായ ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെടാത്തത്? ഈ ആശുപത്രി മുതലാളിമാർ സുപ്രീം കോടതിയിൽ പോയാലും കോടതി നഴ്സുമാർക്ക് ഒപ്പമേ നിൽക്കൂ. കാരണം സുപ്രീം കോടതി വിധി ഇക്കാര്യത്തിൽ നഴ്സുമാർക്ക് അനുകൂലമാണ്. പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ നഴ്സുമാരെ ഇങ്ങനെ വട്ടം ചുറ്റിക്കുന്നത്? സർക്കാർ തീരുമാനിക്കുന്ന ശമ്പളം നഴ്സുമാർക്ക് കൊടുക്കാമെന്നു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ആഴ്ചകൾക്കു മുമ്പേ തന്നെ സമ്മതിച്ചു എന്നാണ് മനസിലാക്കുന്നത്. കോർപ്പറേറ്റ് ആശുപത്രി മുതലാളിമാരാണോ ലക്ഷക്കണക്കിനുവരുന്ന പാവപെട്ട നഴ്സുമാരാണോ ഈ സർക്കാരിന് വലുത്?

ഇന്ന് പാർട്ടി സെക്രട്ടറി നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കാൻ മടിക്കില്ല എന്നൊക്കെ പറയാതെ പറയുന്നത് കണ്ടു. ഇടതുപക്ഷം എസ്മ പ്രയോഗിക്കില്ല എന്നുകരുതി മുതലെടുക്കരുതെന്നാണ് പാർട്ടി സെക്രെട്ടറിയുടെ ഭീഷണി. എസ്മ പ്രയോഗിക്കണം സഖാവെ. പറ്റുമെങ്കിൽ ചൈനയിൽ ചെയ്തതുപോലെ സമരം ചെയ്യുന്ന നഴ്സുമാരെ ടാങ്കുകൾ കയറ്റി ചതച്ചരക്കണം. അവർ തീവ്രവാദികളാണല്ലോ. ആശുപത്രി മാനേജ്മെന്റുകളോട് സുപ്രീം കോടതി നിശ്ചയിച്ച ശമ്പളം കൊടുക്കാൻ പറയാൻ എന്താണ് കമ്മ്യൂണിസ്റ്റ് സർക്കാർ എന്ന് അവകാശപ്പെടുന്ന സർക്കാരിന് മടി?

സുപ്രീം കോടതിയും, കേന്ദ്ര സർക്കാരും നഴ്സുമാരുടെ ഒപ്പം. നീതിയും ന്യായവും അവർക്കൊപ്പം. പിന്നെ ആരെ തൃപ്തിപ്പെടുത്താനാണ് സർക്കാരിന്റെ ഈ ഒളിച്ചുകളി? പ്രതിപക്ഷത്തിരിക്കുമ്പോൾ വെച്ച് കീറും ഓരോന്ന്. ഇപ്പോഴത്തെ മുഖ്യൻ പ്രതിപക്ഷത്തിരുന്നപ്പോൾ നഴ്സുമാർക്കുവേണ്ടി വാദിച്ചതൊക്കെ കേരളം കണ്ടതാണ്. ഇപ്പോൾ നഴ്സുമാരല്ല അദ്ദേഹത്തിന് പ്രധാനം ആശുപത്രി മുതലാളിമാരാണ്. ഇരട്ടത്താപ്പുകളുടെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒന്ന് പറയും ഭരണത്തിൽ കയറിയാൽ തൊഴിലാളികളെ മറന്നു മുതലാളിമാർക്കൊപ്പം നിൽക്കും.

“നീതിക്കുവേണ്ടി സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും അർപ്പിക്കുന്നു. ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ വിശ്രമമില്ലാത്ത ജോലി, കടുത്ത സാമ്പത്തീക പരാധീനത, 300 – 400 രൂപയാണ് ലഭിക്കുന്ന ദിവസ വേതനം. ദൈനം ദിന ചെലവ് വർധിച്ചുവരുന്ന ഈക്കാലത്തു ഈ വേതനം ഒരു കുടുംബത്തെ മുമ്പോട്ടു കൊണ്ടുപോകാൻ ഒട്ടും പര്യാപ്തമല്ല. പലരും ആത്മഹത്യയുടെ വക്കിലാണ്”.

2016 ൽ നഴ്സുമാർ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊണ്ട് അന്നത്തെ സിപിഎം സംസ്ഥാന സെക്രെട്ടറിയും ഇപ്പോഴത്തെ മുഖ്യനുമായ ബഹുമാനപെട്ട പിണറായി വിജയൻ കുറിച്ച ഫേസ്ബുക് പോസ്റ്റിന്റെ വരികളിൽ ചിലതാണിത്.

അധികാരത്തിൽ എത്തിയപ്പോൾ പിണറായി വിജയൻ നഴ്സുമാരെ മറന്നു. കഴിഞ്ഞ ഒരു വര്ഷം കൊണ്ട് നഴ്സുമാരുടെ ദുരിതമെല്ലാം കൂടിയിട്ടേ ഉള്ളൂ എന്ന് പിണറായി വിജയന് നന്നായി അറിയാം. സ്വകാര്യ ആശുപത്രി മുതലാളിമാരോട് നഴ്സുമാർക്ക് മിനിമം കൂലി, അതും സുപ്രീം കോടതി പോലും അംഗീകരിച്ച കൂലി കൊടുക്കണമെന്ന് നിർദേശിക്കാൻ പിണറായി വിജയന് എന്താണ് മടി എന്ന് മനസിലാകുന്നില്ല.

നഴ്സുമാരുടെ കണ്ണീരാണോ വലുത് അതോ കോര്പറേറ്റുകളായ, ക്ഷമിക്കണം സഖാക്കൾക്ക് കോര്പറേറ്റുകൾ എന്ന് പറഞ്ഞാൽ അദാനിയും അംബാനിയും മാത്രമാണല്ലോ കേരളത്തിലെ കോർപറേറ്റുകളെ വ്യവസായ പ്രമുഖർ എന്നാണല്ലോ സഖാക്കൾ വിളിക്കുക. അതെന്തായാലും, വ്യവസായ പ്രമുഖർ നടത്തുന്ന ആശുപത്രികളെ എന്തുകൊണ്ടാണ് പാവപെട്ട നഴ്സുമാരെ മറന്നു ഇങ്ങനെ സഹായിക്കുന്നത്? ഇതാണോ നിങളുടെ ആഗോളവൽക്കരണത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയുമുള്ള പോരാട്ടം?

വെറും ലോക്കൽ ആശുപത്രി മുതലാളിമാരെ നിലക്കുനിർത്താൻ കഴിവില്ലാത്തവരാണോ ഇനി അംബാനിയെ നിലക്കുനിർത്തുമെന്നൊക്കെ ഗീർവാണം വിടുന്നത്?

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കാൻ താൽപ്പര്യമില്ല എങ്കിലും മുതലെടുക്കരുതെന്നാണാണ് പാർട്ടി സെക്രെട്ടറിയുടെ ഭീഷണി. പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രി സ്ഥിതി ചെയ്യുന്ന കണ്ണൂരിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ കളക്ടർ. നഴ്സുമാരുടെ സമരം നേരിടാൻ നഴ്സിംഗ് വിദ്യാർത്ഥികളെ രംഗത്തിറക്കാനാണ് സർക്കാർ തീരുമാനം.

തൊഴിലാളി സർക്കാരാണ് പോലും ഭരിക്കുന്നത്. നിങ്ങൾ നടത്തുന്ന ഹർത്താലും, സമരങ്ങളും, അക്രമങ്ങളും മാത്രം ആവശ്യമുള്ളത്, മറ്റുള്ളവർ ചെയ്യുന്നത് അനാവശ്യവും അല്ലെ സഖാക്കളേ?

ഇന്ത്യ രാജ്യത്തെ കോടതിയും കേന്ദ്ര സർക്കാരും കൊടുക്കാൻ പറഞ്ഞ മിനിമം കൂലി സ്വകാര്യ ആശുപത്രി മുതലാളിമാരിൽ നിന്ന് വാങ്ങികൊടുക്കാനല്ലേ നഴ്സുമാർ പറയുന്നുള്ളു. സർക്കാരിനോട് അവർ വേറൊന്നും ആവശ്യപ്പെടുന്നില്ല. മുതലാളിമാരെ കാണുമ്പോൾ തൊഴിലാളി പാർട്ടിയ്ക്ക് എന്താണിത്ര സ്നേഹം?

144 ഉം എസ്മയും മാത്രമല്ല തൊഴിലാളി സർക്കാർ പ്രഖ്യാപിക്കേണ്ടത് പറ്റുമെങ്കിൽ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ ഭരിക്കുന്ന സർക്കാരിനെതിരെ ജീവിക്കാനാവശ്യമായ ശമ്പളം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നഴ്സുമാരെ ചൈനയിലേതുപോലെ വെടിവെച്ചുകൊല്ലുകയോ അല്ലെങ്കിൽ ടാങ്കുകൾ കയറ്റി ചതച്ചരക്കുകയോ ഒക്കെ ചെയ്യണം.

ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് ഭരണം എങ്ങാനുമായിരുന്നെകിൽ കുട്ടിസഖാക്കൾ എന്തൊക്കെ കാട്ടികൂട്ടുമായിരുന്നു? അടുത്ത തവണ മുതൽ നഴ്സുമാരെ നിങ്ങൾ കുട്ടിസഖാക്കളുടെ പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം നടത്തണം. സഖാക്കളുടെ പാർട്ടി ഭരിക്കുന്നതുകൊണ്ടു ഇപ്പോൾ കുട്ടിസഖാക്കളൊക്കെ വിശ്രമത്തിലാണ്. അല്ലേലും സ്വാശ്രയ മുതലാളിമാരോടും, ആശുപത്രിമുതലിമാരോടും, റിസോർട് മുതാളിമാരോടുമൊക്കെയുള്ള തൊഴിലാളി സർക്കാരിന്റെ സ്നേഹം കുട്ടിസഖാക്കൾക്കു നന്നായി അറിയാം..

 

വിദ്യാഭ്യാസ വായ്പ്പാ എഴുതിത്തള്ളുന്നു എന്ന തമ്പ്രാക്കന്മാരുടെ വാർത്ത വിശ്വസിച്ച ആളുകൾ ആ പദ്ധതി ശുദ്ധ തട്ടിപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കിയത്. ഇന്നലെ വിദ്യാഭ്യാസ വായ്പ്പാ എടുത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾ വാർത്ത സമ്മേളനം നടത്തിയിരുന്നു.

വിദ്യാഭ്യസ വായ്പ്പാ എഴുതിത്തള്ളുന്നു എന്ന വാർത്തയുടെ യാഥാർഥ്യം എന്താണെന്നു മനസിലാക്കാൻ ഈ ലിങ്ക് വായിക്കുക:-

Double Stand on Education Loan Waiver of Kerala Govt – Click Link

കേരളത്തിലെ നഴ്സുമാർക്ക് മാത്രമല്ല ജീവിക്കാനുള്ള മിനിമം കൂലി കിട്ടാത്തത്. അധ്യാപകർ, കയർ കശുവണ്ടി തൊഴിലാളികൾ ഇവർക്കൊന്നും മിനിമം കൂലി കിട്ടുന്നില്ല. മിനിമം കൂലി ഇന്ത്യ മഹരാജ്യത്തു നടപ്പാക്കണമെന്ന് പറഞ്ഞു ഹർത്താൽ നടത്തിയവർ ഇതൊന്നും കാണുന്നില്ലേ?

വേറൊരു ഇരട്ടത്താപ്പുകൂടി പറഞ്ഞവസാനിപ്പിക്കാം. ഇന്ന് കേരള രാജ്ഭവന് മുമ്പിൽ ഇടതു സമരം. എന്താ കാരണം? കേന്ദ്ര സർക്കാർ വനിതാ സംവരണ ബില് പാർലമെന്റിൽ പാസ്സാക്കുന്നില്ല. കുറെ ആളുകളുടെ ഒരു ദിവസത്തെ ജോലിയും കളയിച്ചു രാജ്ഭവൻ മാർച്ചെന്നും പറഞ്ഞു കെട്ടിയിറക്കി.

ഒന്ന് ചോദിച്ചോട്ടെ. ആദ്യം സ്വന്തം പാർട്ടിയിൽ വനിതാ സംവരണത്തെ നടപ്പാക്കിയിട്ടു പോരെ രാജ്യത്താകമാനം നടത്തണമെന്ന് പറയാൻ. പോളിറ്റ് ബ്യൂറോ യിലും, കേന്ദ്ര കമ്മിറ്റിയിലും മൊക്കെ വനിതാ പ്രാധിനിത്യം 33% ആക്കിയിട്ടു കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതല്ല നല്ലതു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളിൽ എത്രപേർ വനിതകളായിരുന്നു? ഇനിവരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 33% സീറ്റുകളിൽ വനിതകളായിരുക്കും ഇടതുപക്ഷ സ്ഥാനാർത്ഥികൾ എന്ന് പറയാൻ കഴിയുമോ?

പ്രതിപക്ഷത്തിരിക്കുമ്പോൾ പലതും വിളിച്ചു കൂവും. ഭരണം കിട്ടിയാൽ പിന്നെ ആ വഴി കാണില്ല. എന്തൊക്കെയായാലും നേതാവ് പറയുന്നത് അതേപോലെ വിശ്വസിക്കുന്ന അടിമകൾ ഉള്ളടത്തോളം ഈ തട്ടിപ്പു സംഘത്തിന്റെ തട്ടിപ്പുകൾ തുടരുക തന്നെ ചെയ്യും.