ശബരിമല സംവാദം – അഡ്വ: ശങ്കു ടി ദാസ് Vs സന്ദീപാനന്ദ ഗിരി

—  ടീം വിചാരം —

*ശബരിമല സംവാദം: ശങ്കു വക്കീൽ v/s സന്ദീപാനന്ദഗിരി*’
 
സന്ദീപാനന്ദ ഗിരി: അല്പം ചില അയ്യപ്പ ചിന്തകൾ
#അയ്യപ്പൻ;
ശാസ്താവിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിരിക്കുന്ന പേര്.
വൈഷ്ണവരും ശൈവരും തമ്മിലുള്ള സമന്വയത്തിന്റെ ഫലമായുണ്ടായതാണ് അയ്യപ്പൻ എന്ന് ചില ചരിത്രകാരന്മാർ ഊഹിക്കുന്നു.ശാസ്താവിനെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ ഹൈന്ദവഗ്രന്ഥം ഭാഗവതമാണ്.അതിൽ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണു ശാസ്താവ്.
പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വിഷ്ണു മോഹിനി വേഷം കെട്ടി. മോഹിനിയിൽ ഭ്രമിച്ച ശിവനിൽ നിന്ന് ഉണ്ടായതാണ് ശാസ്താവ് എന്ന് പുരാണം. ഹരിഹര പുത്രൻ എന്ന പര്യായം ശാസ്താവിനു വന്നതിനടിസ്ഥാനം ഇതാണ്.ശാസ്താവ് എന്ന പേരിന്റെ തത്ഭവമായ ചാത്തൻ എന്ന പേരാണ് തമിഴ്നാട്ടിൽ ചില ഭാഗങ്ങളിൽ ഉപയോഗിക്കുന്നത്.
(ഹിന്ദു എൻസൈക്ളോപീഡിയ,
ചീഫ് എഡിറ്റർ ആചാര്യ നരേന്ദ്രഭൂഷൺ,
റെയിൻബോ ബുക് പബ്ളിഷേഴ്സ്.)
 
മേഘംപോലെ ശ്യാമവർണ്ണമുള്ളവനും രത്നഖചിതമായ കുണ്ഡലങ്ങൾകൊണ്ട് ശോഭിക്കുന്ന മുഖത്തോടുകൂടിയവനും നീലത്താമരപ്പൂവ് ധരിച്ച വലത്തേ കയ്യും ഇടത്തേ കാൽമുട്ടിന്മേൽ വച്ച ഇടത്തേ കയ്യുമുള്ളവനും പദ്മാസനത്തിലിരിക്കുന്നവനും പൂർണ്ണ,പുഷ്കല എന്നീ #ഭാര്യമാരാൽ സേവിക്കപ്പെടുന്നവനും ഹരിഹരപുത്രനുമായ ശാസ്താവ് രക്ഷിക്കട്ടെ.
ജീമൂതശ്യാമധാമ മണിമയവിലസത്-
കുണ്ഡലോല്ലാസിവക്ത്രോ
ഹസ്താബ്ജം ദക്ഷമാത്തോത്പലമിതരഭുജം
വാമജാനൂപരിസ്ഥം
ബിഭ്രത് പദ്മാസനസ്ഥ: പരികലിതതനുർ-
യോഗപട്ടേന ജൂഷ്ട:
ശ്രീപൂർണ്ണാപുഷ്കലാഭ്യാം പുരഹരമുരജിത്-
പുത്രക: പാതു ശാസ്താ.
(ശാസ്തൃകല്പം,
ധ്യാനശ്ളോകങ്ങൾ,
വ്യാഖ്യാതാ പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്,
പഞ്ചാംഗം പുസ്തകശാല കുന്ദംകുളം)
 
ഒരു തടാകത്തിനു കിഴക്ക് ഭാഗത്തുവസിക്കുന്നവർ തടാകത്തിനകത്തെ വസ്തുവിനെ ജലമെന്നു വിളിക്കുന്നു.പടിഞ്ഞാറു വസിക്കുന്നവർ നീർ എന്നു വിളിക്കുന്നു,വടക്കു വസിക്കുന്നവൻ പാനിയെന്നും,കിഴക്കു വസിക്കുന്നവൻ തണ്ണിയെന്നും വിളിക്കുന്നു.
പരസ്പരം കണ്ടുമുട്ടിയ നാലുപേരും തങ്ങൾ പറയുന്നതാണ് ശരിയെന്ന് പറഞ്ഞ് കലഹിക്കുമ്പോൾ ഒരുജ്ഞാനി അവരോടു പറയുന്നു നിങ്ങൾ നാലുപേരും നാലുപേരുകളിൽ വിളിക്കുന്ന വസ്തു ഒന്നു തന്നെയെന്ന്.
(ശ്രീരാമകൃഷ്ണദേവൻ പറയാറുള്ള കഥ.)
ഇന്ന് നാലുപേരുംകൂടി ജ്ഞാനിയെ തല്ലി കൊല്ലുന്നു.
 
ശങ്കു: ശാസ്താവിന്റെ ദക്ഷിണേന്ത്യൻ നാമമല്ല അയ്യപ്പൻ.
അയ്യപ്പന് മുമ്പേ ശബരിമലയിൽ ശാസ്താ സ്ഥാനമുണ്ട്.
യോഗിയായ അയ്യപ്പൻ ശാസ്താവിൽ ലയിച്ചു ചേർന്നു എന്നാണ് സങ്കല്പം.
അത്‌ കൊണ്ട് ശബരിമലയിലെ ശാസ്താവിന്റെ ഭാവം നൈഷ്ഠിക ബ്രഹ്മചാരിയും വിരാഗിയും ആയ യോഗി വര്യന്റെതായി.
 
കുളത്തൂപ്പുഴയിൽ ശാസ്താവ് ബാലകനാണ്.
ശബരിമലയിൽ ബ്രഹ്മചാരി.
ആര്യങ്കാവിൽ ഗൃഹസ്ഥൻ.
അച്ഛൻകോവിലിൽ വാനപ്രസ്ഥി.
കാന്തമലയിൽ സന്ന്യാസി.
അങ്ങനെയാണ് പഞ്ച ശാസ്താ ക്ഷേത്ര പദ്ധതി.
ഓരോയിടത്തും ഓരോ ഭാവമാണ്.
 
ശാസ്താവ് എന്ന മൂർത്തീ സങ്കൽപ്പത്തിന് പൂർണ്ണ പുഷ്ക്കല എന്നിങ്ങനെ ഭാര്യമാരുണ്ട് എന്നതിനാൽ ശബരിമല അയ്യപ്പൻ ബ്രഹ്മചാരി അല്ല എന്ന് വാദിക്കുന്നത് ശുദ്ധ വിവരക്കേടാണ്.
 
സന്ദീപാനന്ദ ഗിരി: Sanku, ഏത് ഗ്രന്ഥത്തിലാണ് ഇതെല്ലാം പറയുന്നത്?
 
ശങ്കു: 1) ശാസ്താവിനെ പറ്റി ബ്രഹ്മാണ്ഡ പുരാണത്തിൽ പരാമർശമുണ്ട്.
ശൂരപത്മനും ഇന്ദ്രനും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ഇന്ദ്ര നിർദ്ദേശ പ്രകാരം ശചീ ദേവിയുടെ സംരക്ഷണ ചുമതല നിർവഹിച്ചത് ശാസ്താവാണെന്ന് സ്കന്ദ പുരാണം പറയുന്നു.
ശാസന നൽകുന്നവൻ എന്നർത്ഥം വരുന്നതും അധ്യാപകൻ ഗുരു എന്നൊക്കെ ദ്യോതിപ്പിക്കുന്നതുമായ സംസ്‌കൃത ശബ്ദത്തിൽ നിന്നാണ് ശാസ്താവ് എന്ന പേരുത്ഭവിക്കുന്നത്.
കേരളത്തിന് പുറത്തും അസംഘ്യം ശാസ്താ ക്ഷേത്രങ്ങളുണ്ട്.
 
അയ്യപ്പൻ ഒരു പ്രാദേശിക ദൈവ സങ്കല്പം ആയത് കൊണ്ട് പുരാണത്തിലൊന്നും പരാമർശമില്ല.
ഐതിഹ്യങ്ങളാണ് അയ്യപ്പനോടനുബന്ധിച്ച വിശ്വാസങ്ങളുടെ അടിസ്ഥാനം.
 
2) ആര്യ എന്നതിന്റെ ദക്ഷിണേന്ത്യൻ വകഭേദവും വിഷ്ണു സൂചകവും ആയ “അയ്യ” എന്ന ശബ്ദവും ശൈവ സൂചകമായ “അപ്പ” എന്ന ശബ്ദവും ചേർന്നതാണ് അയ്യപ്പൻ.
ശിവ വിഷ്ണു സംയോഗത്തിൽ ഉണ്ടായതും പന്തള രാജൻ എടുത്ത് വളർത്തിയതും പിന്നീട് കൊട്ടാരം ഉപേക്ഷിച്ച് സന്ന്യാസിയായി ശബരിമലയിൽ ചെന്ന് ധ്യാനസ്ഥനായതും സമാധി പ്രാപ്തിയോടെ അവിടെ മുൻപേ ഉള്ള ശാസ്താ ചൈതന്യത്തിൽ ലയിച്ചു ചേർന്നതും അയ്യപ്പനാണ്.
അയ്യപ്പൻറെ ജനനത്തിന് മുൻപേ ശബരി ഗിരിയിൽ ശാസ്താ സ്ഥാനമുണ്ട് എന്നതിന് ഐതിഹ്യങ്ങൾ തന്നെയാണ് തെളിവ്.
ശാസ്താ സന്നിധിയിലേക്ക് വാർഷിക ദർശനത്തിനെത്തുന്ന തീർത്ഥാടകരെ വനത്തിൽ വെച്ച് ആക്രമിച്ചിരുന്ന ഉദയനൻ എന്ന കാട്ടുകൊള്ളക്കാരനെ അയ്യപ്പൻ നേരിട്ടതിനെ പറ്റി പാട്ടുകളുണ്ട്.
 
സന്ദീപാനന്ദയുടെ അനുയായി: പെണ്ണുങ്ങൾ പോയി കണ്ടാൽ പോയിപോകുന്നത് ആണോ അയ്യപ്പൻറെ ബ്രഹ്മചര്യം? ഒരു ദിവസത്തെ വ്രതം പോലും എടുക്കാതെ മല ചവിട്ടി അയ്യപ്പനെ കാണാൻ പോകുന്ന ആളുകൾ ഉള്ള കേരളത്തിൽ ആണ് ഇമ്മാതിരി വരട്ടു വാദം പറയുന്നത്.
 
ശങ്കു: പെണ്ണുങ്ങൾ പോയി കണ്ടാൽ അയ്യപ്പൻറെ ബ്രഹ്മചര്യം പോവുമോ എന്നതല്ല,
ബ്രഹ്മചാരി ആയ അയ്യപ്പൻറെ അടുത്തേക്ക് പെണ്ണുങ്ങൾ പോവാമോ എന്നതാണ് ചോദ്യം.
ആദ്യം പറഞ്ഞതിൽ ഉത്തരവാദിത്വം അയ്യപ്പന് മേലാണ്.
രണ്ടാമത്തേതിൽ ഭക്തകളുടെ മേലും.
സ്ത്രീസംസർഗ്ഗം ഒഴിവാക്കി ധ്യാനത്തിലിരിക്കുന്ന ബ്രഹ്മചാരിയുടെ അടുത്തേക്ക് പൊവാതിരിക്കുക എന്നത് ഭക്തരായ സ്ത്രീകൾ സ്വയമേവ ഏറ്റെടുക്കുന്ന അച്ചടക്കമാണ്.
അവർക്ക് അയ്യപ്പനോടുള്ള ആദരവാണ്, അയ്യപ്പന് അവരോടുള്ള ഭയമല്ല അവിടുത്തെ വിഷയം.
 
ഇനി പെണ്ണുങ്ങളെ കണ്ടാൽ ബ്രഹ്മചര്യം പോവുമോ എന്ന് ചോദിച്ചാൽ പോവും.
ദർശന സ്പർശനാദിയായ അഷ്ട മൈഥുനങ്ങളും നൈഷ്ഠിക ബ്രഹ്മചാരിക്ക് നിഷിദ്ധമാണ്.
കാണാൻ പോലും പാടില്ല തന്നെ.
 
പിന്നെ, ചില ആണുങ്ങൾ വൃതമെടുക്കാതെ പോവാറുണ്ട് എന്നത് ആർക്കും വ്രതം വേണ്ട എന്ന് വാദിക്കാനുള്ള ന്യായമാവില്ല.
ലൈസൻസ് ഇല്ലാതെ ചിലർ വാഹനമോടിക്കാറുണ്ട് എന്നത് കൊണ്ട് ആർക്കും വാഹനമോടിക്കാൻ ലൈസൻസ് വേണ്ടെന്ന് വെയ്ക്കുകയാണോ ചെയ്യുക??
 
സന്ദീപാനന്ദ അനുയായി: ഒരു മണ്ഡലക്കാലത്ത് കന്നി സ്വാമികൾ പോയിട്ടില്ലെങ്കിൽ
മാളികപ്പുറത്തമ്മയെ അയ്യപ്പൻ കല്ല്യാണം കഴിക്കുമോ?
അപ്പോൾ നൈഷ്ഠിക ബ്രഹ്മചര്യം?
 
കന്നി അയ്യപ്പന്മാരില്ലാത്ത ഒരു മണ്ഡല കാലവും ഉണ്ടാവില്ലെന്ന ഉറപ്പിലാണ് അങ്ങനെയൊരു വാക്ക് കൊടുക്കുന്നത്.
നൈഷ്ഠിക ബ്രഹ്മചര്യ ഭാവം സ്ഥിരമാണെന്നാണ് അതിന്റെ താല്പര്യം.
 
സന്ദീപാനന്ദ ഗിരി: Note
നിങ്ങളുടെ കമന്റുകൾ സൈബർ സെൽ നിരീക്ഷണത്തിലാണ് എന്നറിയിക്കുന്നു.
 
സന്ദീപാനന്ദ ഗിരി: Dear Sanku T Das
Messenger നോക്കി മറുപടി തരാമോ ?
 
ശങ്കു: Sri Sandeepananda Giri.. താങ്കൾ എന്റെ സുഹൃത്ത് അല്ലാത്തതിനാൽ മെസ്സേജ് other folderൽ ആണ് വന്നു കിടന്നിരുന്നത്. ഇപ്പോൾ വായിച്ചു.
 
“ചില സംശയങ്ങൾ ഇവിടെ ചോദിച്ചാൽ ഉത്തരം തരാമോ?
ഫേസ്ബുക്ക് പേജിൽ ഇത് ചോദിക്കാത്തത് അവിടെ പലരും അതിനിടയിൽ വിഷയവുമായി ബന്ധമില്ലാത്ത കമന്റുകളുമായി വരുമെന്നുള്ളതുകൊണ്ടാണ്.” എന്നാണ് താങ്കളുടെ മെസ്സേജ് ആയി കാണുന്നത്.
സംശയങ്ങൾ ചോദിച്ചാൽ തീർച്ചയായും എന്റെ അറിവിന്റെ പരിധിയിൽ നിന്ന് കൊണ്ട് മറുപടി പറയാൻ ശ്രമിക്കാം.
പക്ഷെ അത് ഇൻബോക്സിൽ ആക്കാൻ ആഗ്രഹിക്കുന്നില്ല.
 
താങ്കൾക്ക് ചോദിക്കാനുള്ളത് ദയവായി ഇവിടെ ചോദിക്കുക.
നന്ദി.
 
സന്ദീപാനന്ദ ഗിരി: Sanku T Das
Thank you ??

Q 1.എന്ത് ആധികാരികതയിലാണ് ശാസ്താവിന്റെ ദക്ഷിണേന്ത്യൻ നാമമല്ല അയ്യപ്പൻ എന്ന് അങ്ങ് പറയുന്നത്?
 
ശങ്കു: കല്ലറക്കൽ കൃഷ്ണൻ കർത്താവ് 1929ൽ രചിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ് അയ്യപ്പ സ്വാമിയെ കുറിച്ചുള്ള ആദ്യ ഗ്രന്ഥവും ആകെയുള്ള ആധികാരിക ഗ്രന്ഥവും. ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്.
(സന്ദർഭവശാൽ പറയട്ടെ, താങ്കൾ റഫറൻസ് ആയി ഉപയോഗിച്ച ഹിന്ദു എൻസൈക്ളോപീഡിയ ഒരു നിലക്കും ആധികാരിക ഗ്രന്ഥമായി കണക്കാക്കാനാവില്ല.)
 
ഹരിഹര സുതനായ ശ്രീ ഭൂതനാഥൻ മഹിഷീ മർദ്ധനത്തിനായി ഭൂമിയിൽ അവതരിക്കുന്നതും, പന്തളത്ത് രാജന് കാട്ടിൽ നിന്ന് കിട്ടിയ ആ ബാലനെ മണികണ്ഠനെന്ന് പേര് നൽകി ഓമനിച്ചു വളർത്തിയതും, വളർത്തമ്മയുടെ ദീനം തീർക്കാൻ പുലിപ്പാലിനായി കാട്ടിൽ പോയതും, മഹിഷിയുമായി യുദ്ധം ചെയ്ത് മഞ്ചാ ദേവിക്ക് ശാപ മോക്ഷം കൊടുത്തതും, തപസ്സിനായി ശബരിഗിരിയിലെത്തി ധ്യാനസ്ഥിതനായതും ഒക്കെ ഭൂതനാഥോപാഖ്യാനം കൃത്യമായി പറയുന്നു.
അതിൽ മഹിഷി വധത്തോടെ ശാപമോക്ഷം ലഭിച്ച ദേവി വിവാഹാഭ്യർത്ഥന നടത്തുമ്പോൾ “താൻ ബ്രഹ്മചാരി ആണെന്നും, വിവാഹത്തിന് വിധിയില്ലെന്നും” മണികണ്ഠൻ പറയുന്ന ഭാഗവുമുണ്ട്.
ഒരു വിവാഹം പോലും പാടാത്ത അയ്യപ്പൻ ആണോ രണ്ട് വിവാഹം ചെയ്ത ശാസ്താവിന്റെ മറുപേര് മാത്രം എന്ന് താങ്കൾ വാദിക്കുന്നത്??
ശബരിമലയിലെ പൂർവ്വ പ്രതിഷ്ഠയായ ധർമ്മ ശാസ്താവിൽ മണികണ്ഠൻ എന്ന അയ്യപ്പൻ ലയിച്ചു ചേരുകയാണുണ്ടായത്.
 
അയ്യപ്പനെ കുറിച്ചുള്ള പാട്ടുകളും ഇതേ ഐതിഹ്യത്തെ ഊന്നിയുറപ്പിക്കുന്നു.
അതാണെന്റെ വാദത്തിന്റെ ആധികാരികത.
 
സന്ദീപാനന്ദ ഗിരി: സ്വാമി ആഗമാനന്ദ അയ്യപ്പ ധർമ്മത്തിൽ പറഞ്ഞതാണ്
ആചാര്യ നരേന്ദ്രഭൂഷൺ ഹിന്ദു എൻസൈക്ളോപീഡികയിൽ പ്രമാണമായി സ്വീകരിച്ചത്.
ആഗമാനന്ദസ്വാമിജി പറയുന്നത് തെറ്റാണോ?
കല്ലറക്കൽ കൃഷ്ണൻ കർത്താവ് ആരാണ്?
ഭാഷാപണ്ഡിതനും ചരിത്രകാരനുമാണോ?
അദ്ദേഹം ഇത് ഖണ്ഡിക്കുന്നത് എങ്ങിനെയാണ്?
ചെറിയ വിവരണം തരാമോ?
 
ശങ്കു: ഹിന്ദു എൻസൈക്ളോപീഡിയ എന്റെ വീട്ടിലും ഉണ്ട് ട്ടോ. അതിൽ അയ്യപ്പനെ പറ്റി പറയുന്ന ഭാഗത്തും (പേജ് 77) ശാസ്താവിനെ പറ്റി പറയുന്ന ഭാഗത്തും (പേജ് 844) ഒരു റെഫറൻസും ഇല്ല. പിന്നെ എങ്ങനെയാണ് അത് ആഗമാനന്ദ സ്വാമികളുടെ അയ്യപ്പ ധർമ്മത്തിൽ ഉള്ളതാണെന്ന് പറയുന്നത്? എങ്കിൽ ആഗമനന്ദ സ്വാമികളുടെ അയ്യപ്പ ധർമ്മം നേരിട്ട് റെഫറൻസ് ആക്കിക്കൂടെ? എന്തിന് എൻസൈക്ളോപീഡിയ?
പിന്നെ, ആചാര്യ നരേന്ദ്ര ഭൂഷൺ എൻസൈക്ളോപീഡിയ എഡിറ്റ് ചെയ്ത ആളാണ്‌, രചിച്ച ആളല്ല. പരിശോധകനാണ് രചയിതാവല്ല എന്ന്. ഇല്ലാത്തത് പറഞ്ഞു ആധികാരികത കൂട്ടാൻ ശ്രമിക്കുന്നത് അങ്ങേക്ക് ഭൂഷണമല്ല.
 
സന്ദീപാനന്ദ ഗിരി: ശാസ്താവിന്റെ ദക്ഷിണേന്ത്യൻ നാമമല്ല അയ്യപ്പൻ എന്ന് പറയാനുള്ള ആധികാരികത.
ചോദ്യം ഇതാണ് ആദ്യം നമുക്ക് ഇത് ക്ളിയർ ചെയ്യാം സാവകാശം ബാക്കിയെല്ലാം.
 
ശങ്കു: അയ്യപ്പൻ വ്യത്യസ്തമായ ജനന ജീവിത കർമ്മ സമാധി പദ്ധതിയുള്ള മറ്റൊരാൾ തന്നെയാണ് എന്നതാണ് കാരണം.
പ്രാദേശിക ദേവതാ സങ്കൽപ്പങ്ങൾക്ക് പുരാണത്തിൽ പരാമർശമോ അടിസ്ഥാന ഗ്രന്ഥമോ തന്ത്രത്തിൽ പൂജാ വിധിയോ ഉണ്ടാവാൻ തരമില്ല.
അവയെ നിലനിൽക്കുന്ന ഏതെങ്കിലും ദേവതാ സങ്കല്പവുമായി കൂട്ടി യോജിപ്പിച്ച് ആചാരണ വിധിയുണ്ടാക്കൽ തന്നെയാണ് പതിവ്.
മുത്തപ്പനെ ശൈവ ചൈതന്യമായാണ് പരിഗണിക്കാറുള്ളത്.
അത് കൊണ്ട് ശിവന് കേരളത്തിൽ പറയുന്ന പേരായി മാറുമോ മുത്തപ്പൻ?
അങ്ങനെയുള്ള പ്രാദേശിക മൂർത്തികളുടെ കാര്യത്തിൽ തദ്ദേശീയ ഐതിഹ്യങ്ങളും കൈമാറി വന്ന അറിവുകളും പാട്ടുകളും അനുവർത്തിച്ചു വരുന്ന ചിട്ടകളും ഒക്കെ തന്നെയാണ് പ്രമാണം.
മുത്തപ്പനും കരിങ്കുട്ടിക്കും കരിങ്കാളിക്കും അയ്യപ്പനും ഒക്കെ അങ്ങനെ തന്നെ.
 
സന്ദീപാനന്ദ അനുയായി: അയ്യപ്പൻ ശാസ്താവിൽ ലയിച്ചുവെങ്കിൽ പിന്നെ അയ്യപ്പന് എന്തിനാണ് പൂജ? ശാസ്താവായി തന്നെ പൂജിച്ചാൽ പോരെ?
 
ശങ്കു: മൂർത്തിയുടെ ഭാവം പ്രധാനമല്ലേ?
രാജരാജേശ്വരനും ഏറ്റുമാനൂരപ്പനും ശിവനാണ്.
ഒരാൾ ചക്രവർത്തിയും മറ്റെയാൾ ഉഗ്രമൂർത്തിയുമാണ്.
രണ്ടിനും ഒരേ ആചരണം മതിയോ??
 
സന്ദീപാനന്ദ ഗിരി: Sanku T Das
അങ്ങയുടെ വീട്ടിൽ ഹിന്ദു എൻസൈക്ളോപീഡിയ ഉണ്ടോ എന്ന് ചോദിച്ചില്ലല്ലോ.
ആചാര്യ നരേന്ദ്രഭൂഷൺ രചിച്ചതാണ് ഹിന്ദു എൻസൈക്ളോപീഡിയ എന്നും പറഞ്ഞില്ലല്ലോ.
 
ശങ്കു: നോക്കൂ.. ഇത് നിങ്ങൾ നടത്തുന്ന വൈവയോ ക്രോസ് എക്‌സാമിനേഷനോ അല്ല. ചോദിച്ചതിന് മാത്രം ഉത്തരം തരാൻ ഞാൻ ബാധ്യസ്ഥനുമല്ല. എന്റെ ഭാഗം പറയേണ്ട ശൈലി തിരഞ്ഞെടുക്കാൻ എനിക്കെല്ലാ അവകാശവുമുണ്ട്.
 
സന്ദീപാനന്ദ ഗിരി: Q2ഹിന്ദു എൻസൈക്ളോപീഡിയ ഒരു നിലക്കും ആധികാരിക ഗ്രന്ഥമായി കണക്കാക്കാനാവില്ല. എന്തുകൊണ്ട്?
 
ശങ്കു: ആചാര്യ നരേന്ദ്ര ഭൂഷൺ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ.
“ആരോഗ്യപരമായ കാരണങ്ങളാൽ മേൽനോട്ടം വഹിക്കാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളൂ.. ആ കുറവ് പ്രസാദ് പരിഹരിച്ചിട്ടുണ്ട് എന്നുറപ്പ്. പ്രമാദങ്ങൾ വരാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും കണ്ണിൽ പെട്ടാൽ ചൂണ്ടി കാണിക്കാൻ ദയവുണ്ടാവണം..
ഉപദേശക സമിതി അംഗങ്ങളോ ഞാനോ എഡിറ്റർ പ്രസാദോ ഇതിന്റെ പ്രസാധകരോ ആരും അപ്രമാദിത്വം അവകാശപ്പെടുന്നില്ല.”
 
മുഖവുര; ഹിന്ദു എൻസൈക്ളോപീഡിയ
 
സന്ദീപാനന്ദ ഗിരി: കൃഷ്ണൻ കർത്താവ് പറഞ്ഞ പുസ്തകത്തിലെ ഭാഗം സ്ക്രീൻ ഷോട്ട് അയക്കാമോ?
 
ശങ്കു: ആദ്യം ഫോട്ടോ കമന്റ്റ് ഓപ്ഷൻ എനേബിൾ ചെയ്യൂ.
വേറെയും ചിലതയക്കാം.
(മറുപടിയില്ല)
 
സന്ദീപാനന്ദ ഗിരി: Q. അയ്യപ്പന് മുമ്പേ ശബരിമലയിൽ ശാസ്താ സ്ഥാനമുണ്ട്.
യോഗിയായ അയ്യപ്പൻ ശാസ്താവിൽ ലയിച്ചു ചേർന്നു എന്നാണ് സങ്കല്പം.
അത്‌ കൊണ്ട് ശബരിമലയിലെ ശാസ്താവിന്റെ ഭാവം നൈഷ്ഠിക ബ്രഹ്മചാരിയും വിരാഗിയും ആയ യോഗി വര്യന്റെതായി.ഈ പറയുന്നതിൽ കുറച്ച് അവ്യക്തത നിലനില്ക്കുന്നുണ്ടല്ലോ.
അയ്യപ്പൻ ശാസ്താവിലാണോ ലയിച്ചത് അതല്ല ശാസ്താവ് അയ്യപ്പനിലാണോ ലയിച്ചത്?
ഏതാണ് ശരി?
 
ശങ്കു: അയ്യപ്പൻ ശബരിമലയിൽ ധ്യാനസ്ഥനായെന്നും, സമാധി പ്രാപിച്ചുവെന്നും, ശാസ്താവിൽ ലയിച്ചു ചേർന്നുവെന്നും, അതിനാൽ ശബരിമലയിലെ പ്രതിഷ്ടയുടെ ഭാവം ബ്രഹ്മചാരിയും യോഗിയുമായ അയ്യപ്പന്റേതായി എന്നുമാണ് സങ്കല്പം.
യോഗപട്ട ചുറ്റിയ, ചിന്മുദ്ര ധരിച്ച, ഭസ്മാഭിഷിക്തനായ, വിരാഗിയാണല്ലോ ശബരിമലയിലുള്ളത്.
 
വായനക്കാരിൽ ഒരാൾ: സ്വാമിജി മാത്രമാണല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്. ശങ്കു ഉത്തരവും പറയുന്നു. ഇനി തിരിച്ചു വല്ലതും ചോദിക്കൂ. സ്വാമി ഉത്തരം പറയട്ടെ.
 
ശങ്കു: അതിനുള്ള അവസരമുണ്ടോ?
എന്നാൽ കുറെ നേരമായുള്ള ഒരു സംശയം ചോദിക്കാം.
ഇന്ന് ചന്ദ്ര ഗ്രഹണം ആയിരുന്നല്ലോ.
സാധകർക്ക് ജപത്തിനുള്ള ഏറ്റവും വിശേഷപ്പെട്ട സമയമാണ് ഗ്രഹണം.
ഗ്രഹണ സമയത്ത് മന്ത്രജപം ചെയ്യുന്നതിന് പുരശ്ചരണത്തിന്റെ ഫലം ലഭിക്കും എന്നാണ് വായിച്ചിട്ടുള്ളത്.
എന്നാൽ സ്വാമിജി ഇന്നേരം വരെയും ഈ പോസ്റ്റിൽ തന്നെ ഉണ്ടായിരുന്നു.
 
സന്ന്യാസിക്ക് ജപവും സാധനയും ഒന്നും ആവശ്യമില്ലേ?
(മറുപടിയില്ല)
 
സന്ദീപാനന്ദ ഗിരി: ചോദ്യം ലളിതമായിരുന്നു.
എന്ത് ആധികാരികതയിലാണ് ശാസ്താവിന്റെ ദക്ഷിണേന്ത്യൻ നാമമല്ല അയ്യപ്പൻ എന്ന് പറയുന്നത്?
ഉത്തരം മല കയറുന്നത് എങ്ങിനെ,അയ്യപ്പചരിതം,തുടങ്ങി_________
സമയം പന്ത്രണ്ടു കഴിഞ്ഞു…
ഇനി ഞാനുറങ്ങട്ടെ..
ഏവർക്കും ശുഭരാത്രി.
 
ശങ്കു: ശാസ്താവ് എന്ന ദേവതാ സങ്കൽപ്പത്തിന് തന്നെ എട്ട് ഭാവങ്ങളുണ്ട്.
അവ ഓരോന്നും വ്യത്യസ്തവുമാണ്.
ആദി മഹാ ശാസ്തയാണ് മൂല ഭാവം.
അതിന് പുറമേ ധർമ ശാസ്താവുണ്ട്.
ജ്ഞാന ശാസ്താവുണ്ട്.
കല്യാണ വരദ ശാസ്താവുണ്ട്.
സമ്മോഹന ശാസ്താവുണ്ട്.
സന്താന ശാസ്താവുണ്ട്.
വേദ ശാസ്താവുണ്ട്.
വീര ശാസ്താവുണ്ട്.
 
ഇതൊക്കെ അയ്യപ്പൻ ആണോ??
(മറുപടിയില്ല)
 
സന്ദീപാനന്ദ ഗിരി: ശങ്കു ടി ദാസ് നമസ്ക്കാരം
മെസഞ്ചറിൽ നിങ്ങളെ ചർച്ചക്ക് ക്ഷണിച്ചതിന്റെ പൊരുൾ നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
ഒരു നല്ല ചർച്ചയായിരുന്നു ആഗ്രഹിച്ചത്,
നിങ്ങൾ തയ്യാറാണെങ്കിൽ അത് തുടരാം.
ചർച്ചയുടെ അവസാനം നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ കാണിക്കാമല്ലോ,
അങ്ങ് ഒരു അഭിഭാഷകനാണെന്ന് മനസ്സിലാക്കുന്നു.
ഒരപേക്ഷ മാത്രമേ ഈ സംവാദത്തിൽ സ്വാമി സന്ദീപാനന്ദഗിരി നിങ്ങളുടെ മുന്നിൽ വെക്കുന്നുള്ളു.
ഇത് പൂർണ്ണമായും ഒരു സംവാദമായിരിക്കണം.
സംവാദം എങ്ങിനെയായിരിക്കണമെന്ന് ആശ്രമത്തിൽ ഗുരു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
അത് ഇന്ന് കോടതികളിൽ നടക്കുന്നതുമായി ചെറിയ വ്യത്യാസമേയുള്ളൂ.
കോടതികളിൽ നടക്കുന്നത് വാദം മാത്രമാണ്.
സംവാദം നടക്കുന്നത് പ്രതിജ്ഞ,ഹേതു,ഉദാഹരണം,നിഗമനം ഇപ്രകാരമാണ്,
സ്റ്റേറ്റ്മെന്റിനെയാണ് പ്രതിജ്ഞയെന്ന് പറയുന്നത് “ദക്ഷിണേന്ത്യൻ നാമമല്ല അയ്യപ്പൻ “എന്നതാണ് ഇവിടെ പ്രതിജ്ഞ number 1.
ഈ പ്രതിജ്ഞ പൂർണ്ണമാകാൻ ഹേതുവും ഉദാഹരണവും ശക്തമായി അവതരിപ്പിക്കേണ്ടതുണ്ട്.
ഹേതുവും ഉദാഹരണവും പ്രതിജ്ഞയെ സാധൂകരിക്കാനുള്ളതായിരിക്കണം.മറിച്ചാകുമ്പോൾ സംവാദം ജല്പവും വിതർക്കവും കുതർക്കവുമായി മാറും.
ഇവിടെ സ്വാമി സന്ദീപാനന്ദ ഗിരി ആഗ്രഹിക്കുന്നത് സംവാദമാണ്.
അത് ജല്പവും വിതർക്കവുമായി തീരാൻ ആഗ്രഹിക്കുന്നില്ല.
പേജിൽ ചർച്ച നടത്തുമ്പോൾ കുറച്ച് ആ ഭാ സം വന്ന് നിറയുന്നു.
ആഭാസം പറച്ചിൽ ആർഷഭാരത സംസ്ക്കാരത്തിനു ചേർന്നതല്ലല്ലോ
ആയതിനാൽ സുഖമമായ സംവാദം പേജിൽ നടക്കുമെന്ന് തോന്നുന്നില്ല.
ഒരിക്കൽ കൂടി ചോദിക്കുന്നു അങ്ങ് മെസഞ്ചറിൽ സംവാദത്തിന് തയ്യാറാണോ?
നമുക്ക് രണ്ടുപേർക്കും സൌകര്യപ്പെടുന്ന സമയം മുൻകൂട്ടി നിശ്ചയിച്ചിട്ടാകാം.
സ്വാമി ശരണം
 
(ശുഭം)