ശബരിമല :: കമ്മ്യൂണിസവും ഹിന്ദുമതവും നേർക്കുനേർ

— ബിനോയ് അശോകൻ —

വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്.

ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct രാവിലെ തന്നെ പത്തനംതിട്ട പോലീസ് ക്യാമ്പിൽ നിന്ന് യുവതികളായ വനിതാ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് എത്തിക്കുമെന്ന് അറിയുന്നു. 

കയ്യേറ്റഭൂമിയിൽ കാട്ട്കള്ളന്മാർ പോലീസിനെ അകറ്റാനായി അനധികൃതമായി സ്ഥാപിച്ച കോൺക്രീറ്റ് കുരിശുകളെ നിയമം പിഴുതെറിഞ്ഞ സന്ദർഭത്തിൽ വിശ്വാസികളുടെ വികാരത്തെ പറ്റി വല്ലാത്ത വേദനയോടെ വാചാലനായി, കളക്ടറെ തന്നെ സ്ഥലം മാറ്റി കളഞ്ഞത് ഇതേ പിണറായി വിജയൻ തന്നെയാണ്.

ഇതിൽ നിന്ന് മനസിലാക്കാവുന്നത് കോടതികളെ ശുംഭന്മാർ എന്ന് വിളിച്ചവർക്ക് കോടതിവിധികളോട് പെട്ടെന്ന് വന്ന ബഹുമാനമല്ല ഈ തിടുക്കത്തിന് പിന്നിലെ ചേതോ വികാരം എന്ന് തന്നെയാണ്. മുത്തലാക്ക് വിധിയെ ഇവർ അനുകൂലിക്കാത്തതിൽ നിന്ന് സ്ത്രീകൾക്ക് തുല്യത വാങ്ങിക്കൊടുക്കാനുള്ള അമിതാവേശവുമല്ല എന്നും മനസിലാക്കാം.
പിന്നെ എന്തായിരിക്കും വിശ്വാസികളോട് യുദ്ധം പ്രഖ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശബരിമല നിലപാടിന് പിന്നിൽ.

വിനാശകാലേ വിപരീത ബുദ്ധി എന്നതിൽ കവിഞ്ഞ് അതിന് ചരിത്രപരമായ വേരുകളും ഉണ്ട്. വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുള്ളതിന് ലോക ചരിത്രത്തിൽ ഉദാഹരണങ്ങൾ നിരവധിയാണ്. കീഴടക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം ചവിട്ടിത്തേക്കാൻ വേണ്ടിയാണ് പരാജയപ്പെട്ടവരുടെ സ്ത്രീകളെ അക്രമണകാരികൾ ബലാത്സംഗത്തിന് ഇരയാക്കുത്. ഇന്നലെ 5th Oct പ്രഖ്യാപിക്കപ്പെട്ട സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച രണ്ട് പേർക്കും അത് ലഭിച്ചത് യുദ്ധമുഖങ്ങളിൽ ബലാത്സംഗത്തിന് ഇരയാവുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്.

അത്പോലെ തന്നെയുള്ള അലിഖിതമായ മറ്റൊരു യുദ്ധമുറയാണ് കീഴടക്കപ്പെട്ട ജനതയുടെ മേൽ മാനസികമായ മേൽക്കൈ നേടുന്നതിനായി അവരുടെ വിശ്വാസത്തിന്റെ ചിന്ഹങ്ങളെ കളങ്കപ്പെടുത്തുന്നതും തച്ച് തകർക്കുന്നതും.
കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം (destroying), അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം (desecrating), അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം.

റോമൻസ്, ബാബിലോണിയൻസ് എന്നൊക്കെ പറഞ്ഞ് മാറിമാറി വന്ന അക്രമണകാരികൾ ജൂതന്മാരുടെ പുരാതന ജെറുസലേമിനെ അക്രമിച്ചപ്പോഴെല്ലാം അവർ തച്ച് തകർത്തത് ജൂതന്മാരുടെ ഏറ്റവും വിശുദ്ധ ക്ഷേത്രമായ ‘സോളമന്റെ ടെംപിൾ’ എന്നറിയപ്പെടുന്ന ആരാധനാലയത്തിനെയായിരുന്നു. ഓരോ പ്രാവശ്യവും അത് പുനർനിർമിക്കപ്പെട്ടു – വീണ്ടും ആക്രമിക്കപ്പെട്ടു. സമാനമാണ് ഭാരതത്തിലെ സോമനാഥ ക്ഷേത്രം. അനേകം തവണ വിദേശ ഇസ്ലാമിക അധിനിവേശ ശക്തികൾ തച്ച് തകർത്തു വീണ്ടും വീണ്ടും ഭാരതം പുനർനിർമിച്ചു.

ഇസ്ലാമിക അധിനിവേശ ശക്തികളെ തുരത്തിയോടിച്ച സ്പെയിനിൽ നടന്ന റെകോൺക്വിസ്റ്റ (Reconquista) എന്ന പ്രക്രിയയിലും സംഭവിച്ചത് അധിനിവേശകാലത്ത് മുസ്ലിം പള്ളികളാക്കിമാറ്റപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളെയെല്ലാം സ്പെയിൻകാർ തിരിച്ച് പിടിച്ച് ചർച്ചുകൾ ആക്കി മാറ്റിയതായിരുന്നു.

കേരളത്തിലെ ടിപ്പുവിന്റെ പടയോട്ടവും അതിൽ അനവധി നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും സൂചിപ്പിക്കുന്നതും ഈ അധിനിവേശവും അതിലെ അവിഭാജ്യ ഘടകമായ തോറ്റവന്റെ വിശ്വാസം ധ്വംസിക്കപ്പെടുന്നതും നമുക്കും അപരിചിതമല്ല എന്നാണ്.

ക്ഷേത്രമുറ്റത്ത് വച്ച് പശുവിനെ കൊന്ന് അതിന്റെ മാംസം വിഗ്രഹത്തിലേക്ക് വലിച്ചെറിയുന്നതും, പൂജാരികളെകൊണ്ട് അതെ പശുമാംസം തീറ്റിക്കുന്നതും കളങ്കപ്പെടുത്തിൽപെട്ടതാണ്. തോൽപിക്കപ്പെട്ടവൻ അവന്റെ വിശ്വാസം നിലനിർത്താനായി അധിനിവേശക്കാരന് കപ്പം നൽകേണ്ടി വരുന്നതും ഇതിൽപെട്ടതാണ്. ഇസ്ലാമിക അധിനിവേശക്കാലത്തെ അവിശ്വാസികൾ നൽകേണ്ടിയിരുന്ന ‘ജസിയ’ എന്ന ടാക്സ് അത്തരത്തിൽ ഒന്നായിരുന്നു. എല്ലാം തോൽപ്പിക്കപ്പെട്ടവന്റെ മേൽ മാനസികമായി മേൽക്കോയ്മ നേടാനുള്ള യുദ്ധതന്ത്രങ്ങൾ.

ഇതെല്ലം ജനാധിപത്യം വരുന്നതിന് മുൻപത്തെ മസിൽ പവറിന്റെ കാലത്തെ ചരിത്രങ്ങൾ ആണ്. ജനാധിപത്യത്തിന്റെ കാലത്ത് ഇതുപോലെ നേരിട്ട് കീഴടക്കാനും തകർക്കാനും കളങ്കപ്പെടുത്തുവാനും ഒന്നും കഴിയില്ല. അപ്പോഴാണ് സ്വന്തമാക്കി നശിപ്പിക്കുക എന്ന നയം എടുക്കുന്നത്.

ഇതാണ് ശബരിമലയുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്. അധികാരം കിട്ടിയതിന് ശേഷം ദേവന്റെ കാര്യങ്ങൾ നോക്കിനടത്താനുള്ള ദേവസ്വം ബോർഡ് കയ്യടക്കിക്കഴിഞ്ഞപ്പോൾ അവർ, ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞത് ശബരിമലയിലും മറ്റും ദേവഹിതം നോക്കാൻ സൗകര്യമില്ല എന്നാണ്. അവരുടെ ഇന്നത്തെ ആൾദൈവമായ പിണറായിയുടെ ഹിതം ആയിരിക്കും നടപ്പാക്കുക എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന ചിത്രം വിളിച്ചോതുന്നു.

കമ്മ്യൂണിസം ഒരു രാഷ്ട്രീയ പാർട്ടിയല്ലേ അതിനെ മേൽപറഞ്ഞ അധിനിവേശ ശക്തികളുമായിമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ചാൽ അത് വളരെ കൃത്യമാണ് എന്ന് തന്നെയാണ് ഉത്തരം.

മറ്റേതൊരു ഏകദൈവ – സെമിറ്റിക് മതത്തെയും പോലെ എതിർ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്ത് ഏത് വിധേനയും സ്വന്തം അധീശത്വം ലോകം മുഴുവൻ വരണം, വരുത്തണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന, ഒരു സെമിറ്റിക് മതത്തിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ പ്രത്യയ ശാസ്ത്രമാണ് കമ്മൂണിസം. അതുകൊണ്ടാണ് മറ്റൊരു രാഷ്ട്രീയപാർട്ടിക്കും ഇല്ലാത്ത വിധം കമ്മൂണിസ്റ്റ് പാർട്ടി മാത്രം മറ്റ് പാർട്ടികളെ വയലൻസിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, കമൂണിസം ശക്തമായ നാടുകളിൽ മാത്രം രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്നത്. കാറൽ മാക്സ് എന്ന ജര്മന്കാരന്റെ വചനങ്ങളിൽ കെട്ടിപ്പടുത്ത്, യൂറോപ്പിൽ ഉദയം ചെയ്ത, തങ്ങളുടേത് മാത്രം സത്യത്തിന്റെ വഴി, തങ്ങളിൽ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികൾ, പാപികൾ, കാഫിറുകൾ, അവരെ ഇല്ലായ്മ ചെയ്യുന്നത് പാർട്ടി പ്രവർത്തനം, ജിഹാദും കുരിശ് യുദ്ധവും പോലെ, എന്നെല്ലാം കരുതുന്ന ഒരു പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം. ഇസ്ലാം, കൃസ്ത്യാനിറ്റി എന്നെല്ലാം പോലെ ഒരു വൈദേശിക അധിനിവേശ മതം തന്നെയെന്ന് കമ്മൂണിസവുമെന്ന് പറയാൻ കാരണമിതാണ്.

കമ്മൂണിസ്റ്റ്കാരെ സംബന്ധിച്ച് ഇന്ത്യയിൽ തങ്ങളുടെ അപ്രമാദിത്യം നിലനിൽക്കുന്ന ഒരേയൊരു സ്ഥലം കേരളമാണ്. അവർക്ക് കീഴ്പ്പെട്ടിരിക്കുകയാണ് കേരളം. ആ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസം ആണ് ഹിന്ദുത്വം. അതുകൊണ്ടാണ് അതിനെ തകർക്കാൻ അവർ ആവും വിധം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം എന്ന് പറഞ്ഞല്ലോ. ഇവിടെ കമ്മ്യൂണിസ്റ്റുകാരാൽ കീഴടക്കപ്പെട്ട ഹിന്ദുജനതയുടെ ഏറ്റവും തലയെടുപ്പുള്ള ബിംബമാണ് ശബരിമല.

കമ്മ്യൂണിസ്റ്റുകാർക്ക് കേരളത്തിലെ ഹിന്ദുവിനോട് മാത്രം പ്രത്യേകിച്ചുള്ള എതിർപ്പല്ല ഇത്. ഏക്സ്പാൻഷനിസ്റ്റ് (expansionist) ആയ ഒരു മതത്തിന്റെ സ്വഭാവം ഉള്ള അവർക്ക് മറ്റ് എല്ലാ മതങ്ങളും ശത്രുക്കൾ തന്നെയാണ്. പക്ഷെ ഒരു സമയം ഒരു ശത്രുവിനെ നേരിടുക എന്ന വളരെ യാഥാർഥ്യബോധത്തോടെ അവർ ആദ്യം കേരളത്തിലെ ഹിന്ദുവിനെ ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നേയുള്ളൂ. നാളെ ഹിന്ദു പൂർണമായി കീഴടങ്ങിക്കഴിഞ്ഞാൽ അടുത്തതായി ടാർഗറ്റ് ചെയ്യുക ക്രിസ്ത്യനിറ്റിയെയോ ഇസ്ലാമിനെയോ ആയിരിക്കും.

കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം നടമാടുന്ന ചൈനയിൽ അവരുടെ ഇരകൾ ഇസ്ലാമും ക്രിസ്ത്യനിയുമാണെന്ന് വാർത്തകളിൽ നിന്ന് നമ്മൾ കാണുന്നുണ്ട്. ഇസ്ളാം, ക്രിസ്ത്യനിറ്റി, കമ്മൂണിസം എന്നീ ‘മൂന്ന് മതങ്ങൾ’ തമ്മിലുള്ള അധീശത്വത്തിനു വേണ്ടിയുള്ള ആഗോള മത്സരത്തിലെ ഒരു കാഴ്ചയാണ് ചൈനയിൽ കാണുന്നത്. മൂന്ന് കൂട്ടരിൽ ആർക്കാണോ മേൽക്കൈ അവർ മറ്റ് രണ്ട് കൂട്ടരെയും ചവിട്ടിത്തേക്കുന്നത് കാണാം. ലോകത്ത് ബാക്കിയെല്ലായിടത്തും കമ്യൂണിസം തോറ്റു.

ഇത് മനസിലാക്കിയാൽ കേരളമെന്ന ഇട്ടാവട്ടത്തിലെ ഹിന്ദു എന്ന ശത്രു അവരുടെ ലക്ഷ്യമല്ല മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു തടസം മാത്രമാണെന്ന് കാണാം

ഓർക്കുന്നില്ലേ, ഒരു ക്ഷേത്രം പൊളിച്ച് കളഞ്ഞാൽ അത്രയും അന്ധവിശ്വാസം ഇല്ലാതായി, ക്ഷേത്രത്തിൽ വിളിക്കിലൊഴിക്കുന്ന എണ്ണകൊണ്ട് പപ്പടം കാച്ചണം, ക്ഷേത്രം പൊളിച്ച് കപ്പ നടണം എന്നൊക്കെയുള്ള പുരോഗമനത്തിൽ പൊതിഞ്ഞ എൺപതുകളിലെ കമ്മൂണിസ്റ്റ് മഹത് വാക്യങ്ങൾ. ഓർക്കുന്നില്ലേ അന്ന് രാമായണമാസാചരണത്തിലൂടെയും ബാലഗോകുലത്തിലൂടെയും അതിനെ ഇവിടുത്തെ ഹിന്ദു ജനത ചെറുത്ത് തോല്പിച്ചത്.

അതിന് ശേഷമാണ് ഹിന്ദുമതത്തെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട അവർ അകത്ത് നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് നിരീശ്വരവാദികൾ ആയിട്ടും അവർ ക്ഷേത്രക്കമ്മിറ്റികളിൽ കയറിക്കൂടിയത്, ക്ഷേത്രോത്സവങ്ങൾ നടത്താൻ മുന്നിൽ നിൽക്കുന്നതായി ഭാവിക്കുന്നത്. അതിൽ അവർ ‘ഇപ്പോൾ’ ഒരു പരിധി വരെ വിജയിച്ചു നിൽക്കുന്നു എന്നാണ് ശബരിമലയുമായുള്ള സംഭവവികാസങ്ങൾ കാണിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തിലെ ട്രോജൻ കുതിരയുമായാണ് ഇതിന് താരതമ്യം. ഗ്രീക്കാരുടെ പത്ത് വർഷം നീണ്ട ഉപരോധത്തിന് മുന്നിൽ പിടിച്ചു നിന്ന ട്രോയ് എന്ന സ്വതന്ത്ര സിറ്റി സ്റ്റേറ്റ് നെ അവർ തോൽപിച്ചത് ഇവിടെ സ്മരണീയമാണ്.

ആ കഥ ഇങ്ങനെയാണ്. പത്ത് വർഷത്തോളം ഗ്രീക്ക് ആക്രമണങ്ങളെ ട്രോയ് എന്ന സ്വന്തന്ത്ര നഗര രാഷ്ട്രം വിജയകരമായി ചെറുത്ത് തോല്പിച്ചു. ഒരിക്കൽ പോലും നഗരകവാടം കടക്കാൻ ഗ്രീക്ക് പട്ടാളത്തിനായില്ല. ഒരു ദിവസം ഗ്രീക്ക് സൈന്യം പിൻവാങ്ങുന്നതായി നടിച്ച് കടൽ കടന്നു. പോകുന്നതിന് മുൻപ് ട്രോയ് കോട്ടക്ക് പുറത്ത് അവർ ഒരു കൂറ്റൻ മരക്കുതിരയെ ഉണ്ടാക്കി വച്ചു. കുതിര ട്രോയ് ടെ ഔദ്യോഗിക ചിഹ്നമായിരുന്നു. ആ മരക്കുതിരക്കുള്ളിൽ ഗ്രീക്കുകാരുടെ ഏറ്റവും മികച്ച പോരാളികളെ സർവായുധ സജ്ജരാക്കി ഒളിപ്പിച്ച് വച്ചിരുന്നു.

ട്രോയ് സൈന്യം നോക്കുമ്പോൾ ഗ്രീക്ക് പട്ടാളത്തിന്റെ പൊടിപോലുമില്ല. അവർ കോട്ടവാതിൽ തുറന്ന് ആ മരക്കുതിരയെ കെട്ടിവലിച്ച് നഗരമധ്യത്തിൽ കൊണ്ടുവന്ന് വിജയം ആഘോഷിച്ചു. പക്ഷെ അന്ന് രാത്രി ആഘോഷമെല്ലാം കഴിഞ്ഞ് കുടിച്ച് ഉന്മത്തരായി ട്രോയ് ജനം മുഴുവൻ ഉറങ്ങിയ സമയത്ത് കുതിരക്കുള്ളിലെ ഗ്രീക്ക് പട്ടാളം പുറത്തിറങ്ങി കോട്ടവാതിൽ അകത്ത് നിന്ന് തുറന്നു. രാത്രിയുടെ മറപറ്റി തിരിച്ചെത്തിയ ഗ്രീക്ക് സൈന്യം അങ്ങനെ അകത്ത് കടന്ന് വളരെ എളുപ്പത്തിൽ ട്രോയ് യെ കീഴടക്കി.

ഇതിൽ ട്രോയ് എന്ന് പറയുന്നത് പതിറ്റാണ്ടുകളായി കമ്മൂണിസ്റ്റുകളുടെ അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന കേരളത്തിലെ ഹിന്ദു ജനതയാണ്. അവരെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവാത്തത്കൊണ്ട് ചതിയിലൂടെ അകത്ത് കടന്ന് ഉള്ളിൽ നിന്ന് തോൽപിക്കാൻ ശ്രമിക്കുന്ന ചതിയന്മാരായ ഗ്രീക്കുകാർ ആണ് കമ്മൂണിസ്റ്കാർ. പുരോഗമനവും സ്വയം നവീകരിക്കാനുള്ള ഹിന്ദുവിന്റെ കഴിവുമാണ് ട്രോയ് ടെ ചിഹ്നമായിരുന്ന കുതിര. ആ പുരോഗമനം എന്ന ട്രോജൻ കുതിരയുടെ ഉള്ളിൽ കയറിയാണ് കമ്മൂണിസ്റ്കാർ ഹിന്ദുവിന്റെ കോട്ടക്കകത്ത് ഇപ്പോൾ കയറിയിരിക്കുന്നത്. അവർക്കതിനെ തകർക്കാൻ കഴിയുമോ എന്ന് മാത്രമാണ് ഇനി കാണാനുള്ളത്. എൺപതുകളിൽ കണ്ടത് പോലെ ഒരു തിരിച്ചുവരവ് ഹിന്ദുവിന് സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്.

സുപ്രീം കോടതിയാണ് പിണറായി അല്ല എന്നൊക്കെ കമ്മ്യൂണിസ്റ്റ്കാർക്ക് കുതർക്കം ഉന്നയിക്കാമെങ്കിലും ഇക്കാര്യത്തിൽ മുൻസർക്കാരിന്റെ നിലപാട് തിരുത്തിയതും, വിധിക്ക് ശേഷമുള്ള പിണറായിയുടെ ധാർഷ്ട്യവും, തിടുക്കവും അതിനെയെല്ലാം അപ്രസക്തമാക്കുന്നു.

നേരത്തെ സൂചിപ്പിച്ച ജൂതന്മാരുടെ സോളമന്റെ ക്ഷേത്രം പോലെ, ഭാരതത്തിലെ സോമനാഥ് ക്ഷേത്രം പോലെ, സ്പെയിനിലെ അനേകം ക്രിസ്തീയ ദേവാലയങ്ങൾ പോലെ കേരളത്തിലെ ഹിന്ദുവിന്റെ അഭിമാനസ്തംഭമാണ് ശബരിമല ക്ഷേത്രം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ എല്ലാം മറന്ന്, ജാതിയും എന്തിന് മതത്തിന്റെ പോലും വ്യത്യാസമില്ലാതെ എല്ലാവരും സ്വാമി എന്ന ഭാവത്തിൽ തീർത്ഥാടനം നടത്തുന്ന സാമൂഹ്യമായ തുല്യതയുടെ മകുടോദാഹരണമായ, കേരളത്തിലെ ഹിന്ദുവിന്റെ സ്വകാര്യ അഹങ്കാരമാണ് ശബരിമല.

അതുകൊണ്ടാണ് ഹിന്ദുവിന്റെ മേൽ അധിനിവേശം നടത്തിയ കമ്മ്യൂണിസ്റ്റ് മതം ശബരിമലയെ തന്നെ ആക്രമിച്ച് ഹിന്ദുവിന്റെ മേലുള്ള അധീശത്വം ഉറക്കെ ഉദ്ഘോഷിക്കുന്നത്.
കോടതി വിധി വന്നതിന് ശേഷമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വെല്ലുവിളിയുടെ സ്വരത്തിലുള്ള ദാർഷ്ട്യ പ്രകടനം സൂചിപ്പിക്കുന്നത് ഹിന്ദുവിന്റെ മേൽ കൈവരിച്ച ആ വിജയം അവർ വിളിച്ച് കൂവുന്നതാണ്.

എൺപതുകൾക്ക് ശേഷം കണ്ടത് പോലെ കമ്മൂണിസ്റ്റ് അധിനിവേശകരിൽ നിന്ന് വിജയം തിരിച്ച് പിടിച്ച ആ ഒരു തിരിച്ചുവരവ് ഹിന്ദുവിന് ഇത്തവണ സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്. രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഒരുമിച്ച് തെരുവിലിറിങ്ങയിരിക്കുന്നത് ഒരു ശുഭസൂചനയാണ്. തുടക്കത്തിൽ മാറി നിന്ന, കൂടെ നിൽക്കേണ്ട പലരും നിലപാട് മാറ്റാൻ നിര്ബന്ധിതമായതും ഒരു ശുഭസൂചനയാണ്.