സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ

— ഷാബു പ്രസാദ്  —

ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്.

ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അദ്ദേഹം പാർലമെന്റിലേക്ക് കടന്നുവന്നതെങ്ങിനെ എന്ന് നമ്മൾ ഒരിക്കലും ചർച്ച ചെയ്തില്ല.. അത് കൃത്യമായ കണക്കുകൂട്ടലുകളോടെ തമസ്കരിക്കപ്പെട്ട ഒരു ചരിത്രമാണ്..

Nirmal Chandra Chatterjee

ഹിന്ദുമഹാസഭ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെ മകന്റെ വന്യസ്വപ്നങ്ങളിൽ പോലും രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിൽ നിന്നും ബാസിസ്റ്റർ ബിരുദം നേടിവന്ന സോമനാഥ്, പിതാവിനെപ്പോലെ തന്നെ പ്രഗദ്ഭനായ ഒരു വക്കീൽ ആയി. കൽക്കട്ട ഹൈക്കോടതിയിൽ പ്രാക്റ്റിസ് ആരംഭിച്ചു. NC ചാറ്റർജി അതിനു മുൻപ് തന്നെ ഹിന്ദുമഹാസഭയുടെ ബംഗാൾ ഘടകം പിന്നീട് ദേശീയ അധ്യക്ഷപദവികളിൽ എത്തിയിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും തന്റെ വക്കീൽ പ്രാക്റ്റിസ് അദ്ദേഹം തുടർന്നു.. ഹിന്ദുമസഭയുടെ പരമോന്നത പദവിയിൽ ഇരിക്കുമ്പോഴും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സുപ്രധാനമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് NC ചാറ്റർജി ആയിരുന്നു.. ജ്യോതിബാസുവിന്റെയും, ഇഎംഎസ്സിന്റെയും, എകെജി യുടേയുമൊക്കെ പാർട്ടിയുടെ കേസുകൾ ഒരു തീവ്രഹിന്ദു സംഘടനയുടെ നേതാവ് വാദിക്കുക എന്നത് വിരോധാഭാസമാണ്.. പക്ഷേ അതാണ്‌ സത്യം…

 

1948 ജനുവരി 30 ന്റെ അഭിശപ്തമായ സായാഹ്നത്തിൽ, ഭാരതത്തിന്റെ മനസ്സാക്ഷിയുടെ നെഞ്ചിലൂടെ നാഥുറാം വെടിയുണ്ടകൾ പായിച്ചപ്പോൾ, അയാളുടെ സംഘടനയുടെ പരമോന്നത നേതാവായി ഈ മനുഷ്യൻ ഉണ്ടായിരുന്നു.. അറസ്റ്റുചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തില്ല എന്നതുമാത്രമല്ല, അതേത്തുടർന്ന് ഒരു പ്രത്യുപകാരം എന്ന പോലെ ഈ മനുഷ്യൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി അവരോധിക്കപ്പെടുക കൂടി ചെയ്തു… കൽക്കട്ട തിസീസിന്‌ ശേഷം നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നിരോധനം നീക്കാൻ അണിയറയിൽ കരുക്കൾ നീക്കിയതും ഈ മനുഷ്യനായിരുന്നു..

ഗാന്ധിവധത്തിന്റെ ആരവങ്ങളൊടുങ്ങിയപ്പോൾ, 1952 രാജിവെച്ചു ഹിന്ദുമസഭ രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങിവന്ന അദ്ദേഹം ആദ്യപൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.. 1957ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു…പിന്നീട് ഇദ്ദേഹം പാർലിമെന്റിൽ എത്തുന്നത് 1963ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര എംപി ആയാണ്.. 1967ൽ സിപിഎം സ്വതന്ത്രനും.. ഇക്കാലമത്രയും സോമനാഥ് ചാറ്റർജി കൽക്കട്ട ഹൈക്കോടതിയിൽ വക്കീലായി ജോലിചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അച്ഛനെ സഹായിക്കുക എന്നതല്ലാതെ ഒരു രാഷ്ട്രീയ പ്രവർത്തനവും അദ്ദേഹം നടത്തിയിട്ടില്ല. മാത്രവുമല്ല, പാർട്ടിയുടെ ഒരു ഘടകത്തിലും അദ്ദേഹം ഒരു സാധാരണ അംഗം പോലുമായിരുന്നില്ല.

ആ സോമനാഥ് ചാറ്റർജിയാണ്, രോഗാതുരനായ NC ചാറ്റർജിക്ക് പകരം ബുര്ദവാനിൽ നിന്നും, 1971ൽ മത്സരിച്ചതും ജയിച്ചതും.. അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ഒരേ ഒരു യോഗ്യത NC ചാറ്റർജിയുടെ മകൻ എന്നത് മാത്രം.. അതായത് രാഷ്ട്രീയത്തിലിറങ്ങാൻ രാജീവ് ഗാന്ധിയുടെ യോഗ്യത ഇന്ദിരയുടെ മകൻ എന്നത് പോലെ, മുലായത്തിന്റെ മകൻ അഖിലേഷ് എന്നത് പോലെ, കരുണാകരന്റെ മകൻ മുരളീധരൻ എന്നത് പോലെ, നെറികെട്ട മക്കൾ രാഷ്ട്രീയം ഭാരതത്തിൽ തുടങ്ങിവെച്ചത് സോമനാഥ് ചാറ്റർജിയുടെ CPM ആണ് എന്നത് ഒരു സത്യം മാത്രമാണ്…

അതായത്, NC ചാറ്റർജി ഹിന്ദുമഹാസഭയിൽ തുടർന്നിരുന്നു എങ്കിൽ സോമനാഥ് ചാറ്റർജി ഹിന്ദു മഹാസഭ നേതാവാകുമായിരുന്നു. കോൺഗ്രസ്സിൽ ചേക്കേറിയിരുന്നങ്കിൽ കോൺഗ്രസ്സുകാരനാകുമായിരുന്നു.. അത്രയേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര സമർപ്പണം.. പിന്നീട് പ്രഗദ്ഭ പാര്ലിമെന്ററിയനായി മാറിയ അദ്ദേഹത്തിന്റെ സംഭാവനകൾ മറന്നുകൊണ്ടല്ല ഈ പറയുന്നത്.

ഒരുപാട് പ്രഗദ്ഭർ തിളങ്ങിനിന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പുഷ്കലകാലത്ത്, NC ചാറ്റർജി എന്ന രാഷ്ട്രീയ അഭയാർഥിയെ ഇങ്ങിനെ സംരക്ഷിക്കേണ്ട എന്ത് ബാധ്യതയായിരുന്നു അവർക്കുണ്ടായിരുന്നത്.അയാളുടെ മനസ്സിലെ മഹാരഹസ്യങ്ങൾ അവരെ ഒരുപാട് ഭയപ്പെടിത്തിയിരുന്നു എന്നതിന്റെ തെളിവാണ് ഇക്കണ്ട കാലം മുഴുവൻ അങ്ങിനെയൊരു പേര് ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യാൻ പോലും അനുവദിക്കാതെ തമസ്കരിച്ചത്. മഹാത്മാ ഗാന്ധി വധത്തിന്റെ പാപക്കറ എത്ര കാലം കഴിഞ്ഞാലും തങ്ങളെ തേടിവരും എന്നുറപ്പുള്ളതു കൊണ്ടാണ്, നാല്പതു കൊല്ലത്തോളം പാർലിമെന്റിൽ പാർട്ടിയെ നയിച്ച സോമനാഥ് ചാറ്റര്ജിയെ അവർ പോളിറ്റ് ബ്യുറോ പോലും കാണിക്കാതിരുന്നത്.. ആ നീരസമാണോ 2008ൽ പാർട്ടിയെ ധിക്കരിച്ചു പുറത്തുപോയതിലൂടെ NC ചാറ്റർജിയുടെ മകൻ കാട്ടിയത് എന്ന് നമുക്ക് ന്യായമായും സംശയിക്കാം.

പാർലിമെന്റിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർത്ത ആളായിരുന്നല്ലോ സോമനാഥ് ചാറ്റർജി. പക്ഷേ, തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും, ഗാന്ധിജിയെ കൊന്നുതള്ളിയ ഹിന്ദുമഹാസഭ എന്ന ചെകുത്താൻ കൂട്ടത്തിന്റെ നേതാവായിരുന്ന സ്വന്തം പിതാവിനെ അദ്ദേഹം വിമർശിച്ചിട്ടില്ല. അതുമല്ല, പിതാവിനോടുള്ള അദ്‌ഭുതദരങ്ങൾ പ്രകടിപ്പിച്ചിട്ടുമുണ്ട്..

പബ്ലിക് ഡൊമൈനിൽ ലഭ്യമായ ഈ വിവരങ്ങൾ വെളിച്ചം കാണാൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യൽ മീഡിയ വിപ്ലവം വേണ്ടിവന്നു എന്നത് നമ്മൾ ചരിത്രത്തോടും തലമുറകളോടും കാട്ടിയ ഏറ്റവും വലിയ അനീതിയാണ്.. സോമനാഥ് ചാറ്റർജി കഥാവശേഷനായ ഇപ്പോൾ ഇത് ചർച്ച ചെയ്യപ്പെടുന്നത് ചരിത്രത്തിന്റെ പ്രതികാരവും..