ദി ലാസ്റ്റ് പോസ്റ്റ് – The Last Post

— അരുൺ ബാലകൃഷ്ണൻ  —

ദി ലാസ്റ്റ് പോസ്റ്റ് എന്നത് ഒരു അഭിവാദനമാണ് സൈനികരുടെ ഭാഷയിൽ യുദ്ധഭൂമിയിൽ രാഷ്ട്രത്തിനു വേണ്ടി ജീവൻ ത്യജിച്ച സൈനികന് അയാളുടെ മരണാനന്തര ചടങ്ങിൽ സഹപ്രവർത്തകർ നൽകുന്ന അഭിവാദ്യം.

സൈനിക ബ്യൂഗിളിൽ നിന്ന് അവസാന അഭിവാദ്യം സ്വീകരിച്ച് അവർ ഉറങ്ങുകയായി എന്നെന്നേക്കുമായി. ഔറംഗസേബ്,

ലെഫ്റ്റന്റ്റ് ഉമർ ഫയാസ് .

മെയ് പത്താം തീയതി 2017

ലെഫ്റ്റനന്റ് ഉമർ ഫെയ്സ് ആ പേര് അന്ന് വരെ അധികം ആർക്കും പരിചയമില്ലാത്ത ഒന്നായിരിക്കാം പക്ഷെ ഇന്ന് ആ പേര് ലോകം തിരിച്ചറിയുന്നു. വെറും 22 വയസ്സ് മാത്രം പ്രായമുള്ള, സൈന്യത്തിൽ കമ്മീഷൻ നേടി 6 മാസം മാത്രം കഴിയുന്നതിനു മുൻപെ തന്നെ തീവ്രവാദികളുടെ വെടിയുണ്ടകൾ ഏറ്റുവാങ്ങി ഭാരതാംബയിൽ അലിഞ്ഞു ചേർന്ന ധീരനായ ഒരു യുവ ഓഫീസർ. കാശ്മീരിൽ പടർന്നു പിടിച്ച വിഘടനവാദത്തിന്റെ ഫലമായ് ദിനംപ്രതി നമുക്ക് ഒരു പാട് സൈനികരെ നഷ്ടമായി കൊണ്ടിരിക്കുകയാണ് പക്ഷെ ലഫ് ഉമർ ഫയസിന്റെ മരണം അതിലൊന്നായ് കണക്കുകൂട്ടി എഴുതി തള്ളേണ്ട ഒന്നല്ല.

അതിൽ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം അദ്ദേഹം അന്ന് കൊല്ലപ്പെട്ടത് സൈനിക ഓപ്പറേഷനിടയിലോ അല്ലെങ്കിൽ തീവ്രവാദികൾ നടത്തിയ സൈനിക ക്യാമ്പ് അക്രമണത്തിലോ അല്ല എന്നതാണ് .അവധിക്കെത്തിയ അദ്ദേഹത്തെ ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ ബന്ധു വിവാഹത്തിനിടെ ആയുധങ്ങളുമായി എത്തിയ തീവ്രവാദികൾ തട്ടികൊണ്ടു പോയി വധിക്കുകയായിരുന്നു. പിന്നീട് 10 km ദൂരെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. തീവ്രവാദ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രമായ ദക്ഷിണ കശ്മീരിൽ നിന്ന് ഒരു യുവാവ് സൈന്യത്തിന്റെ ഭാഗമായ് മാറിയത് യാദൃശ്ചികമൊന്നുമായിരിക്കില്ല. നാളെ ആയിരകണക്കിന് യുവാക്കൾക്ക് പ്രചോദനമാകേണ്ട ഒരാൾ അല്ലെങ്കിൽ തീവ്രവാദത്തിനെതിരെ പ്രതിരോധം തീർക്കാൻ ദേശീയബോധം യുവതലമുറയിലേക്ക് പകർന്നു നൽകാൻ വെളിച്ചമായി മാറേണ്ട ഒരു യുവാവാണ് കൊല്ലപ്പെട്ടത്.

ലഫ് ഉമർ ഫയസിന്റെ കൊലപാതകത്തിനു പിന്നിൽ മറ്റൊരു വശം കൂടിയുണ്ട് അതൊരു അറിയിപ്പാണ്. ഒരു സിവിലിയൻ ഒരു സൈനികനായി മാറുന്നതോടെ തീവ്രവാദത്തിന്റെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെയും ഏറ്റവും വലിയ ശത്രു അയാളായിരിക്കും. അത്തരത്തിൽ ഒരാളെ ഇല്ലാതാക്കുന്നത് വഴി യുവാക്കളുടെ ഇടയിൽ ഭയം വളർത്തുകയും അതുവഴി അവർ സൈന്യത്തിന്റെ ഭാഗമായി മാറുന്നത് തടയുകയും ചെയ്യുക എന്ന അറിയിപ്പ്.

ഉമർ ഫെയ്സിന്റെ ഗതി തങ്ങളുടെ മക്കൾക്കും വന്നേക്കാം എന്ന ഭയം മാതാപിതാക്കളിൽ വളർത്തുക അതുവഴി ദേശീയ ബോധത്തിനു മേൽ തീവ്രവാദത്തിന്റെ നിഴലുകൾ വീഴ്ത്തുക. കാശ്മീരിന്റെ മണ്ണിൽ പ്രൊപ്പഗൺഡകൾക്ക് ഒരു പാട് സ്ഥാനമുണ്ട് അത് അത്തരക്കാർ കൃത്യമായി ഉപയോഗിക്കുന്നുമുണ്ട്. നാളെ തീവ്രവാദികൾ പതിപ്പിക്കുന്ന പോസ്റ്ററുകളിൽ ഉമർ ഫയസിന്റെ മുഖവും പതിഞ്ഞേക്കാം ഒന്നും എഴുതാതെ ഒരു പാട് സംസാരിക്കുന്ന ഒരു പോസ്റ്റർ.

സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ പെല്ലറ്റ് ഗണ്ണുകൾ വഴി നേരിട്ടപ്പോൾ അതിനെ മനുഷ്യാവകാശ ലംഘനമായി ഉയർത്തി കാണിച്ചവർക്ക് വെറും നിരായുധനായ ഒരു സൈനിക ഓഫീസറെ അതും ഒരു വിവാഹ ആഘോഷത്തിനിടയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഭീകരവാദികൾ മൃഗീയമായി കൊലപ്പെടുത്തിയത് ഒരു പക്ഷെ ഒരു വാർത്തയായിരിയ്ക്കില്ല. കൊല്ലം ഒന്ന് കഴിഞ്ഞിട്ടും ഇന്ന് വരെ ആരും അധികം കരഞ്ഞുകണ്ടിട്ടുമില്ല. കാരണം നാടുകാക്കുന്ന സൈനികർ നേരിടുന്ന മനുഷ്യാവകാശ പരമായ പ്രശ്നങ്ങളൊന്നും ഇവരുടെ അന്തിച്ചർച്ചകളിൽ വിഷയമാവാറില്ല.

അന്ന് ജമ്മു കാശ്മീർ പോലീസ് മേധാവി സൗത്ത് കാശ്മീരിലെ പോലീസ് സേനാംഗങ്ങളെ തങ്ങളുടെ വീടുകൾ സന്ദർശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു കാരണം കുൽഗാമിലും സോഫിയനിലും വർദ്ധിച്ചു വന്ന തീവ്രവാദ ഭീഷണി തന്നെ ആയിരുന്നു. പക്ഷെ ലെഫ്: ഫയസിന് ഒരു പക്ഷെ തന്റെ ഗ്രാമം സുരക്ഷിതമായി തോന്നിയിരുന്നതാവാം. യൂണിഫോമിന്റെ സുരക്ഷിതത്വത്തിനേക്കാൾ തന്റെ കുടുംബാംഗങ്ങക്കിടയിൽ താൻ കൂടുതൽ സുരക്ഷിതനാണ് എന്ന ചിന്തയാവാം അദ്ദേഹത്തെ തീവ്രവാദ ഭീഷണി നിറഞ്ഞ ആ അന്തരിക്ഷത്തിലേക്ക് യാതൊരു സുരക്ഷയുടെയും പിൻബലമില്ലാതെ കടന്നു ചെല്ലാൻ പ്രേരിപ്പിച്ചത്.

ജൂൺ ആറാം തീയതി 2018

റൈഫിൾ മാൻ ഔറംഗസേബ്

ഇന്നിതാ റൈഫിൾമാൻ ഔറംഗസേബ് അതേ പോലെ കൊല്ലപ്പെട്ടിരിയ്ക്കുന്നു.

കാശ്മീരിലെ ഷോപ്പിയാനിലേക്ക് കടന്നു ചെന്നാൽ നിങ്ങൾക്ക് 44 രാഷ്ട്രീയ റൈഫിൾസിന്റെ പേര് കേൾക്കാം അവരുടെ ‘ആജ് കോൺടാക്റ്റ് ഹോഗ’ എന്ന പ്രസിദ്ധമായ യൂണിറ്റ് മുദ്രാവാക്യം കേൾക്കാം അതിനർത്ഥം ഇന്ന് തീവ്രവാദികളുമായി നേർക്കുനേർ കണ്ടു മുട്ടലുണ്ടാവും എന്നാണ്.

അവരത് വെറുതെ ഒരു വരികളായി പറഞ്ഞു നടക്കുന്ന ഒന്നല്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അവരത് ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പോസ്റ്റർ ബോയ് സമീർ ടൈഗർ, ഹിസ്ബുൾ മുജാഹുദീൻ ഭീകരനായിരുന്ന സദാംപഡ്ഡർ കൂടെ അഞ്ച് തീവ്രവാദികൾ. പ്രധാന ഈ രണ്ടു ഓപ്പറേഷനുകൾ ഒഴിച്ചു നിർത്തിയാൽ മാസങ്ങൾക്കുള്ളിൽ നടത്തിയ നിരവധി ഓപ്പറേഷനുകൾ കൊന്നു വീഴ്തിയ പത്തൊൻപത് മറ്റു വിഘടനവാദികൾ. ഇവരെല്ലാം കൊല്ലപ്പെട്ടത് 44 രാഷ്ട്രീയ റൈഫിൾസിലെ ജവാൻമാരുടെ കൈകൾ കൊണ്ടാണ്. അതുകൊണ്ടാണ് 44 RR തീവ്രവാദികളുടെ കണ്ണിലെ കരടായതും.

റൈഫിൾമാൻ ഔറംഗസേബിലേക്ക് തിരികെ വരാം. ജമ്മു കാശ്മീർ ലൈറ്റ് ഇൻഫെൻട്രി ബറ്റാലിയനിൽ അംഗമായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വർഷമായ 44 രാഷ്ട്രീയ റൈഫിൾസിൽ അംഗമാണ് . ഭീകരവാദി സമീർ അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ച സംഘത്തിലെ വീരനാണ് റൈഫിൾമാൻ ഔറംഗസേബ്.. അനേകം ഭീകരവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന സമീർ അഹമ്മദ് ഭട്ട് A++ വിഭാഗത്തിലുൾപ്പെടുത്തിയിരുന്ന ഭീകരവാദിയായിരുന്നു. അവനെ വധിച്ചതോടേ ഹിസ്ബുൾ മുജാഹിദീൻ മുൻപെങ്ങുമില്ലാത്ത മാതിരി തകർന്നു.

ജമ്മു പൂഞ്ച് സ്വദേശിയായിരുന്നു റൈഫിൾമാൻ ഔറംഗസേബ്. അവധിക്കായി ഷോപ്പിയാനിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഒരു ടാക്സി തടഞ്ഞു നിർത്തി ഭീകരവാദികൾ തട്ടികൊണ്ടു പോയി. തിരികെ ലഭിയ്ക്കുന്നത് രണ്ടു ദിവസത്തിനു ശേഷം. ആ ധീരൻ മരണസമയത്ത് പുണ്യമാസത്തിൽ നോമ്പുനോൽക്കുകയായിരുന്നു എന്നതൊന്നും അതേ മതത്തിന്റെ പേരിൽ കൊല്ലാൻ നടക്കുന്ന പാക്കിസ്ഥാന്റെ എച്ചിൽപ്പട്ടികൾക്ക് കാര്യമായിരുന്നില്ല. വെടിയുണ്ടകൾ നിറഞ്ഞ അവന്റെ ശരീരത്തുനിന്ന് അവസാനശ്വാസം മറയുമ്പോൾ വന്ദേമാതരമെന്നു പറയുന്നതിനൊപ്പം അല്ലാഹുവിന്റെ മഹത്വവും ആ നാവ് വാഴ്ത്തിയിരിയ്ക്കണം.

കൊല്ലപ്പെട്ടത് ദേശീയ ബോധം സിരകളിൽ കാത്തുവച്ച കാശ്മീരി മുസ്ലീം സൈനികരാണ്. മതവെറി കുത്തിവച്ച യുവത്വത്തെ സൈന്യത്തിനു നേരെ കല്ലെറിയാൻ ഭീകരവാദികൾ, ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുന്ന ഒരു പ്രദേശത്തു നിന്ന്, അല്ലെങ്കിൽ കൂട്ടം കൂടി നിന്ന് സൈനിക വാഹനങ്ങളെ അക്രമിക്കാൻ അതിർത്തികടന്ന് വരുന്ന പണമൊഴുക്കി ഭീകരവാദികൾ ആളെക്കൂട്ടുന്ന നാട്ടിൽ നിന്ന്, സഹജീവികളായ പണ്ഡിറ്റുകളെ മതത്തിന്റെ പേരിൽ വംശഹത്യചെയ്യാൻ മടിയില്ലാത്ത ഒരിടത്ത് നിന്ന് ഉയർന്നു വന്ന ഐക്കണുകളാണ്.

ഭാരതത്തിന്റെ മണ്ണ് ഉഴുതുമറിച്ച് എത്ര ഭീകരവാദത്തിന്റെ വിത്തിട്ടാലും വിഷവിത്തുകൾക്ക് നടുവിൽ നിന്ന് ഉമർ ഫയസിനെ, ഔറംഗസേബിനെ പോലെയുള്ള പോലുള്ള ഒറ്റപ്പെട്ട മരങ്ങൾ മുളച്ചു വരും. തല ഉയർത്തിപ്പിടിച്ചു തന്നെ.

ക്വാർട്ടർമാസ്റ്റർ ഹവീൽദാർ അബ്ദുൾ ഹമീദിനെ ഓർമ്മയില്ലേ അതിർത്തി കടന്നു വന്ന പാക്കിസ്ഥാൻ ടാങ്കറുകളോട് ഒറ്റക്കു നിന്നു പൊരുതിയ , വെടിയുണ്ടകൾക്കു മുന്നിൽ നെഞ്ചു വിരിച്ചു നിന്നു പൊരുതി ഒടുവിൽ ഇതിഹാസമായി മണ്ണിൽ അലിഞ്ഞ പരം വീർചക്ര Cq MH അബ്ദുൾ ഹമീദ്. അങ്ങനെ ഭാരതാംബയുടെ വീരപുത്രൻമാർ ഇനിയും ജന്മം കൊള്ളും… ഒരു പാട്. ഇന്നല്ലെങ്കിൽ നാളെ കാശ്മീരിന്റെ മണ്ണിൽ മുളച്ചുപൊന്തിയ ദേശവിരുദ്ധ ശക്തികൾക്ക് ഒരു മറുപടി ഉണ്ടാകും. ഔറംഗസേബിനെ പോലെ ഉമർ ഫയസിനെ പോലെ ആയിരങ്ങൾ സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്യും. അവർ പിൻതലമുറക്കു പകർന്നു നൽകുന്ന ആവേശവും ദേശീയ ബോധവും കാശ്മീരിന്റെ മണ്ണിലെ തീവ്രവാദത്തെ തച്ചുടച്ച് ഭാരതാംബയുടെ ശിരസ്സ് ഉയർത്തി പിടിപ്പിയ്ക്കുക തന്നെ ചെയ്യും.

ഭീകരവാദത്തോടുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന് റൈഫിൾമാൻ ഔറംഗസേബിന്റെയും ലെഫ്റ്റ്നെന്റ് ഉമർ ഫയസിന്റെയും ബലിദാനം വെളിച്ചമാകട്ടെ .

ജവാൻ ഔരംഗസേബിന്റെ പിതാവിന്റെ പ്രതികരണം..

https://twitter.com/ANI/status/1007934934219182080

വന്ദേമാതരം

(അരുൺ‌ ബാലകൃഷ്ണൻ)