-ബിനോയ് അശോകൻ ചാലക്കുടി –
കഴിഞ്ഞ കോൺഗ്രസ് ഭരണ കാലത്ത് തീവ്രവാദ കേസുകളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കോൺഗ്രസ് പാർടി വളച്ചൊടിച്ചത്തിന്റെയും, അതിലൂടെ അവർ രാജ്യസുരക്ഷയെ എത്രമാത്രം അപകടത്തിലാക്കിയിരുന്നു എന്നുള്ളതിന്റെയും സംഭ്രമജനകമായ തെളിവുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതിൽപ്പെട്ടതായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹളത്തി നിടയിൽ പുറത്തു വന്ന രണ്ട് വാർത്തകൾ.
കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 25ഓളം പാക് തീവ്രവാദികളെ യാതൊരു ന്യായീകരണവും കൂടാതെ രഹസ്യമായി വിട്ടയിച്ചിരുന്നുവെന്നും, പത്താൻകോട്ട് ആക്രമണം നടത്തിയവരിൽ അന്ന് രക്ഷപ്പെട്ട തീവ്രവാദികളിൽ ചിലരുണ്ടായിരുന്നെനും ആയിരുന്നു ഒരു വാർത്ത.
‘ഹിന്ദു തീവ്രവാദം’ എന്ന പ്രയോഗം ആദ്യം കേൾക്കാനിടയായ 2008ലെ മാലെഗാവ് സ്ഫോടനക്കെസിൽ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയേയും അടക്കമുള്ള കുറ്റാരോപിതരെ അന്നത്തെ കോൺഗ്രസ്-എൻസിപി ഭരണത്തിൻ കീഴിലുണ്ടായിരുന്ന മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കൃത്രിമ തെളിവുകൾ ഉണ്ടാക്കി പ്രതികളാക്കുകയായിരുന്നുവെന്നുള്ള NIAയുടെ അന്വേഷണ
റിപ്പോർട്ട് പുറത്ത് വന്നതായിരുന്നു മറ്റൊരു വാർത്ത. ഇതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇഷ്രത് ജഹാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള സ്ഫോടനാത്മകമായ സത്യങ്ങൾ പുറത്തു വന്നത്. ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലിൽ വധിച്ച ഇഷ്രത് ജഹാനും കൂട്ടാളികളും ലഷ്കർ തീവ്രവാദികളായിരുന്നുവെന്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം ആണെന്ന് തെളിവ്സഹിതം പുറത്ത് വന്നു. ഈ ഒറ്റക്കള്ളത്തിന്റെ പുറത്തായിരുന്നു പത്തു കൊല്ലത്തോളം മോഡിക്കെതിരെ ‘ഇഷ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ’ എന്ന വ്യാജ പ്രചാരണം കൊണ്ഗ്രെസും ഇടതു പക്ഷം അടക്കം മറ്റു മോഡി-വിരുദ്ധരും കൊണ്ടാടിയത്. മോഡിയെ വധിക്കാൻ തീവ്രവാദികളെ ഏർപ്പാട് ചെയ്തതെന്ന് കോൺഗ്രസ് തന്നെയായിരുന്നോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.
ഈ പരമ്പരയിലെ ഏറ്റവും പുതിയതായിരുന്നു ഇപ്പോൾ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ബട്ളഹൌസ് എൻകൌണ്ടർ വിഷയം.
കോൺഗ്രസ് പാർടിയും, സോണിയ ഗാന്ധിയും കേജ്രിവാളും നേരിട്ടും തീവ്രവാദികളെ വെള്ളപൂശാൻ ഇറങ്ങിയ ഒരു കേസ് ആയിരുന്നു 2008ലെ ബട്ള ഹൌസ് എൻകൌണ്ടർ. ഡൽഹിയിലെ ജാമിയ നഗറിലെ ബട്ള ഹൌസ് എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളുമായി ഡൽഹി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെടുകയും മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിന് ഒരാഴ്ച മുൻപ് 2008സെപ്റ്റംബർ13ന് നടന്ന 30ഓളം ആളുകൾ കൊല്ലപ്പെട്ട ഡല്ഹി സ്ഫോടനപരമ്പരയുടെ അന്വേഷണവുമായി ബന്ധപെട്ടായിരുന്നു, ഓപറേഷന് നേതൃത്വം കൊടുത്ത പോലീസ് മേധാവിയുടെയും ജീവൻ നഷ്ടപ്പെട്ട ബട്ള ഹൌസ് എൻകൌണ്ടർ നടന്നത്. പക്ഷെ മുസ്ലിം വർഗീയത ജ്വലിപ്പിച്ചു വോട്ട് നേടുക എന്ന ഹീനലക്ഷ്യം മാത്രം മുൻ നിർത്തി കോൺഗ്രെസും കേജ്രിവാളും പ്രചരിപ്പിച്ചത് മുസ്ലിങ്ങളെ ടാർഗറ്റ് ചെയ്തുളള വ്യാജ ഏറ്റുമുട്ടലായിരുന്നു അത് എന്നാണ്. അങ്ങനെയിരിക്കെയാണ് ഈ മെയ് മാസം 24നു ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ ഇന്ത്യൻ പോരാളികളുടെ ഒരു വീഡിയോ പുറത്തുവിടുന്നത്. അതിലെ ഒരു തീവ്രവാദി സ്വയം പരിചയപ്പെടുത്തുന്നത് ബട്ള ഹൌസ്എൻകൌണ്ടറിൽ നിന്ന് രക്ഷപ്പെട്ട ആൾ എന്നാണ്. കോൺഗ്രസ് പാർടിയും, സോണിയ ഗാന്ധിയും, കേജ്രിവാളും രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വേണ്ടി, തീവ്രവാദികളെ വരെ ന്യായീകരിക്കാൻ നടത്തിയ ശ്രമം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കപ്പെട്ട സന്ദർഭമായി മാറുകയായിരുന്നു അത്.
മഹാത്മാ ഗാന്ധിയുടെ കാലത്ത് ഇന്ത്യൻ ജനതയുടെ ആത്മാവും അഭിമാനവുമായിരുന്നു കോൺഗ്രസ് പാർടി. ഇന്ന് പക്ഷെ ആ ഗാന്ധിജിയുടെ യഥാർത്ഥ പിന്മുറക്കാരൻ അഷ്ടിക്ക് വകയില്ലാതെ വൃദ്ധസദനത്തിൽ നരകിച്ച് ജീവിക്കുമ്പോൾ, ആ പേര് ദുരുപയോഗം ചെയ്തു രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന അഭിനവഗാന്ധിമാരുടെ മുഷ്ടിയിലായ ആ പാർടി, കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാജ്യസുരക്ഷ തന്നെ അടിയറവു വക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനെത്തിയ തീവ്രവാദികൾക്ക് ഓശാന പാടാൻ കൊണ്ഗ്രെസ്സിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ച് സ്തബ്ധരായി നിൽക്കുകയാണ് രാജ്യത്തെ ജനങ്ങൾ. ഈ സംഭവ വികാസങ്ങളോടെ ഒരു കാര്യം രാജ്യത്തെ ജനത്തിന് മനസിലായി, ‘ഹിന്ദു തീവ്രവാദം’ അഥവ‘സാഫ്രൺ ടെറർ’ എന്ന സാങ്കൽപിക സിദ്ധാന്തം ബിജെപിയേയും ആർ.എസ്.എസ്സിനെയും തളക്കാൻ കൊണ്ഗ്രെസ്സ് കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു എന്ന വസ്തുത.
1997ൽ സാധ്വി പ്രഗ്യ വിറ്റ ബൈക്ക് ആയിരുന്നു 2008ൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത് എന്നതായിരുന്നു അവരെ ഈ കേസിലേക്ക് വലിച്ചിഴക്കാനുണ്ടായ പ്രധാന സംഗതി. അത് വരെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണം നാടകീയമായി ഹൈന്ദവ സംഘടനകളിലേക്ക് വഴിമാറി. താമസംവിനാ ‘സാഫ്രൺ ടെറർ’ എന്ന പദത്തിന് കോൺഗ്രസ് ജന്മം നൽകി. അതിന് പ്രചുര പ്രാചാരം കൊടുക്കുന്നതിൽ ദിഗ് വിജയ് സിങ്ങും പി.ചിദംബരവും പോലുള്ള മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ തമ്മിൽ മത്സരിക്കുന്നതാണ് പിന്നീട് കണ്ടത്. 2007ൽ നടന്ന സംഝൊതാ എക്സ്പ്രെസ്സ് സ്പോടനവും ‘ഹിന്ദു തീവ്രവാദം’ എന്ന പുതിയ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടു. അന്താരാഷ്ട്ര ഏജൻസികളുടെ അടക്കം അത് വരെയുള്ള എല്ലാ തെളിവുകളും പാകിസ്ഥാനിലെക്കും സിമി എന്ന തീവ്രവാദ സംഘടനയിലെക്കും നീളുന്നത് അവഗണിച്ചായിരുന്നു ഈ ഗതിമാറ്റം.
മാലെഗാവ് സ്ഫോടനം അന്വേഷിച്ചുകൊണ്ടിരുന്ന ATS തലവൻ ഹേമന്ത് കർക്കരെ 2008ലെ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വരെ ഹിന്ദു തീവ്രവാദത്തിന്റെ പേരിലാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. അജ്മൽ കസബ് എന്ന പാക് തീവ്രവാദി ജീവനോടെ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ 2008ലെ 26/11 മുംബൈ ആക്രമണവും ‘ഹിന്ദു തീവ്രവാദ’ത്തിന്റെ കണക്കിൽ ഉൾക്കൊള്ളിക്കുമായിരുന്നു കൊണ്ഗ്രെസ്സ്. ഹിന്ദു തീവ്രവാദത്തിന്റെ പേരിൽ RSSനെ ഇന്ത്യയിൽ നിരോധിക്കണം എന്ന് ലഷ്കർ നേതാവ് ഹാഫിസ് സയ്യിദ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നിടത് വരെ കാര്യങ്ങൾ എത്തിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു!. 26/11 ഒരു ആർ.എസ്.എസ്സ് ഗൂഡാലോചന’ എന്ന ഒരു പുസ്തകം പ്രമുഖ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് പ്രകാശനം ചെയ്തിരുന്നുവന്നതും കാണിക്കുന്നത് ‘ഹിന്ദു തീവ്രവാദം’ എന്ന ഗൂഡാലോചനയിലെ കോൺഗ്രസ്സിന്റെ പങ്കിനെതന്നെയാണ്. ബിജെപിയേയും ആർ.എസ്.എസ്സിനെയും തകർക്കാൻ വേണ്ടി മാത്രം രാജ്യത്തെ മുഴുവൻ അപമാനിക്കുന്ന രീതിയിൽ, ഇവിടുത്തെ ഋഷി പാരമ്പര്യത്തെ മുഴുവൻ കരിവാരിത്തേക്കുന്ന രീതിയിൽ ‘കാവി തീവ്ര വാദം’ എന്ന സാങ്കൽപിക കഥ മെനഞ്ഞ കോൺഗ്രസ്സ് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള ഗൂഡാലോചനകൾ നടത്തുന്നത്.
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം സാങ്കൽപിക സംഭവങ്ങൾ സൃഷ്ടിക്കുക എന്നത് കോൺഗ്രസ്സിന്റെ പരീക്ഷിച്ച് ഉറപ്പുവരുത്തിയ ഒരു തന്ത്രം ആണ്. രാജിവ് ഗാന്ധിയുടെ ശത്രുവായി മാറിയ വി.പി സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി ‘ഏതോ കേന്ദ്രങ്ങൾ’ നടത്തിയ ഗൂഡാലോചനയായിരുന്നു ‘സെയ്ന്റ് കീറ്റ്സ് ഇടപാട്’ എന്ന ഒരു സാങ്കൽപിക കഥ. അത് വരെ ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ ഗാന്ധി-ഇതര കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവും അതിലേക്കു വലിച്ചിഴക്കപ്പെട്ടിരുന്നു എന്നതും പ്രസ്താവ്യമാണ്. മൻമോഹൻസിംഗ് സർക്കാരിന്റെ സമയത്ത് ആർമി ചീഫ് ആയിരുന്നു ജനറൽ വികെ സിംഗ്. ജനന തിയതിയുടെ കാര്യത്തിലും ആയുധം വാങ്ങുന്നതിലെ അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരിലും സർക്കാരുമായി കോടതി വരെയെത്തിയ തുറന്ന പോരാട്ടം നടത്തിയിരുന്നു അദ്ധേഹം. 2012 ജനുവരി 16ന് സർക്കാരിനെ അറിയിക്കാതെ ആർമിയുടെ രണ്ട് ബറ്റാലിയനുകൾ ഡെൽഹിയിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയിരുന്നു എന്ന ഒരു വാർത്ത വന്നതും ഒരു സാങ്കൽപിക കഥയായിരുന്നുവെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. കോൺഗ്രസ് സർക്കാരിനെ കോടതി കയറ്റിയ ആർമി ജനറലിനെ കരിവാരിതേക്കാനുള്ള ശ്രമമായിരുന്നു അതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.
നമ്മുടെ കൊച്ചു കേരളത്തിലും കോൺഗ്രസ് ഈ തന്ത്രം പയറ്റി വിജയിച്ചതിന്റെ ഒരു ഉദാഹരണമാണ് കരുണാകരൻ എന്ന അതികായനെ തകർക്കാൻ ഉമ്മൻചാണ്ടിപക്ഷം ശൂന്യതയിൽ നിന്ന് ശ്രിഷ്ടിച്ച ISRO ചാരവൃത്തിക്കേസ്. മലയാളികൾക്കെല്ലാം സുപരിചിതമായ ഒരു കാര്യമായത് കൊണ്ട് കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. കോൺഗ്രസ് രാജ്യത്തോട് ചെയ്ത ഈ കൊടിയ പാപങ്ങളെല്ലാം ജനം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ കോൺഗ്രസ് മുക്ത ഭാരതം അതിശീഘ്രം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത് എന്ന് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു.
ടെയിൽ പീസ്: ശൂന്യതയിൽ നിന്നും കോൺഗ്രസ് സൃഷ്ടിച്ച ‘ഹിന്ദു തീവ്രവാദം’ എന്ന പ്രയോഗത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രയോക്താക്കളായിരുന്നു കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർടി. ഇറാക്കിലായാലും, അമേരിക്കയിലായാലും, പാരീസിലായാലും ലോകത്തിന്റെ ഏതു കോണിലായാലും ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങൾ നടക്കുമ്പോൾ തീവ്രവാദത്തിനു മതമില്ല എന്ന് വലിയ വായിൽ വിളിച്ചു കൂവാറുള്ള പലർക്കും പക്ഷെ ‘ഹിന്ദു’ തീവ്രവാദം എന്ന് പാർടി മുഖപത്രത്തിൻറെ ഒന്നാം പേജിൽ തന്നെ വെണ്ടക്ക അക്ഷരത്തിൽ എഴുതിവക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം.