നാനാജി ദേശ്മുഖ് : രാഷ്ട്രവൈഭവത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞു വച്ച കർമ്മയോഗി


— കെ കെ മനോജ് —

ഭാരതരത്നം നാനാജി ദേശ്മുഖ്:

സ്വയംസേവകനെന്ന വാക്കിന് തന്റെ ജീവിതം കൊണ്ട് അർത്ഥം നൽകിയ മഹാമനീഷി. 
നാനാജി ദേശ്മുഖ് ഈസ് ഈക്വൽ ടു സംഘം അഥവ സ്വയംസേവകൻ, അതിനപ്പുറവും ഇപ്പുറവും ഇല്ല. ഇന്ന് എ.ബി.വാജ്പേയ്ക്ക് ശേഷം വീണ്ടും ഒരു പ്രചാരകന്, സ്വയംസേവകന് ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്നം, മരണാനാന്തര ബഹുമതിയായി നൽകി രാഷ്ട്രം ആദരിക്കുമ്പോൾ നാനാജിയും നാനാജി സ്വയംമേറ്റ സംഘവൃതവും അത് സാധ്യമാക്കിയ ഋഷി ജീവിതവുമാണ് അംഗീകരിക്കപ്പെട്ടത്.

1999 ൽ പദ്മ വിഭൂഷൺ, 2005 ജ്ഞാനേശ്വർ അവാർഡ്, 2006 ൽ ശ്രീ നരേശ് സമതാ പുരസ്കാരം, 2017 ൽ സ്മരണാർത്ഥം ഭാരത സർക്കാരിന്റെ സ്റ്റാമ്പ്, അവസാനം മരണാനന്തര ബഹുമതിയായി 2019 ൽ ഭാരത രത്നവും.. ഈ പുരസ്കാരങ്ങളുടെ പ്രൗഡി മാത്രം മതി നാനാജിയുടെ സാമൂഹിക സേവനങ്ങളുടെ മഹത്ത്വമറിയുവാൻ. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ സർവകലാശാലയുടെ ചാൻസലർ, ദീനദയാൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡി.ആർ.ഐ) സ്ഥാപകൻ, ചിത്രകൂട് ഗ്രാമവികാസ പദ്ധതി, ബുണ്ടൽഖണ്ഡിലെ 150 ഗ്രാമങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, 1977 ലോക്സഭയിലും 1999 രാജ്യസഭയിലും അംഗം, 1947 ൽ രാഷ്ട്ര ധർമ്മ, പാഞ്ചജന്യ, സ്വദേശ് എന്നീ പത്രങ്ങളുടെ മാനേജിംഗ് ഡയറക്ടർ, സർവ്വോപരി ഭാരതീയ ജനസംഘത്തിന്റെ സമുന്നതനായ നേതാവ് വിശേഷണങ്ങൾ ഏറെയുണ്ട് ചന്ദികാദാസ് അമൃത്റാവു ദേശ്മുഖ് അഥവാ നാനാജി ദേശ്മുഖ് എന്ന ഭാരതത്തിന്റെ സാമൂഹ്യ പ്രവർത്തകനായ ആർ എസ്സ് എസ്സ് പ്രചാരകന്.

അറിഞ്ഞാൽ അത്ഭുതമാണ് ഈ സംഘ പ്രചാരകൻ. ചിത്രകൂട് എന്ന വനവാസി മേഖലയിൽ 500 ഓളം ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാൻ നാനാജി നടപ്പിലാക്കിയ പദ്ധതികൾ കേട്ടാൽ ഇങ്ങനെയും ഒരു സാമൂഹിക പ്രവർത്തകൻ ഉണ്ടോ എന്ന് അതിശയിച്ചു പോകും. പേരും പ്രശസ്തിയും മോഹിക്കാതെ ദൽഹി, ഗോണ്ട, നാഗപ്പൂർ, ബീഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും നാനാജിയും സംഘവും വളർത്തിയെടുത്ത നിരവധി സ്വപ്ന പദ്ധതികൾ ഉണ്ട്. ചിത്രകൂടിൽ മാത്രമുള്ള ചില പദ്ധതികൾ ആണ് ആരോഗ്യധാം, ഉദ്യമിതാ വിദ്യാപീഠം, വാട്ടർഷെഡ് നീരാവി മാനേജ്മെന്റ്, റിസോഴ്സ് സെന്റർ, രാംദർശൻ, കൃഷ്ണ വിഗ്നൻ കേന്ദ്ര ഗന്യവ, ചിത്രകൂട്, സുരേന്ദ്രപാൽ ഗ്രാമോദ്യാഗ വിദ്യാലയം, ഗുരുകുൽ സങ്കുൽ, നാനി ധുനിയ, ചിത്രകൂട് രാസശാല, ഗോവൻസ് വികാസ് ഏവം അനുസൻധൻ, കൃഷി ഫാം, കൃഷി വിഗ്നൻ കേന്ദ്ര, മജഗ്ഗൻ, സത്ന (എംപി), രാംനാഥ് ആശ്രമ ശാല, കൃഷ്ണ ദേവി വനവാസി ബാലികാ വിദ്യാലയം, പരമാനന്ദ ആശ്രമം പദാദി വിദ്യാലയം, ജൻശിക്ഷൻ സസ്ദാൻ, കൺസ്ട്രക്ഷൻ ഡിപ്പാർട്ട്മെന്റ്, വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം എന്നിവ. ഒരു മഹാ ഋഷിയുടെ സേവന കാലഘട്ടത്തിൽ ആരംഭിച്ച നിരവധി പദ്ധതികൾ ഇന്നും നടന്നുവരുന്നു.

1916 ഒക്ടോബർ 11ന് മഹാരാഷ്ട്രയിലെ ഹിന്ദോലി ജില്ലയിലെ ഒരു ചെറിയ പട്ടണമായ കടോലിയിലെ മറാഠി കുടുംബത്തിൽ ആണ് നാനാജി ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലും വിദ്യാഭ്യാസം നേടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. തന്റെ വിദ്യാഭ്യാസത്തിനായി പച്ചക്കറി വില്പ്പനയിലൂടെ അദ്ദേഹം പണം കണ്ടെത്തി.

സിക്കാർ റാവുരാജ് സ്കോളർഷിപ്പ് നേടി സികറിലെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നാനാജി തുടർന്ന് ഇപ്പോൾ പിലാനിയിലുള്ള BITS ബിർള കോളേജിൽ ചേർന്നു. ഇക്കാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (RSS) ചേരുന്നത്. ബാല്യകാലം മുതൽ ബാലഗംഗാധര തിലകനെ ഏറെ ആരാധിച്ചിരുന്നു നാനാജി പിന്നീട് ദേശാഭിമാന പ്രചോദിതമായ സംഘത്തെ തന്റെ ജീവിതമാക്കി മാറ്റുകയായിരുന്നു.

ലോകമാന്യ തിലകന്റെ ആദർശങ്ങളാൽ പ്രചോദിതനായ നാനാജിക്ക് ദേശീയത വീക്ഷണങ്ങളിലൂടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം വർദ്ധിച്ചു വന്നു. നാനാജിയുടെ കുടുംബത്തിന്റെ സ്ഥിരം സന്ദർശകനായിരുന്നു പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ. ഡോ.ജിയുടെ നിരന്തര സമ്പർക്കം നാനാജിയിൽ ദേശസ്നേഹവും സ്വയംസേവകത്വവും നിറച്ച് കൂടുതൽ പ്രകാശമാനമാക്കി തീർക്കുവാൻ സഹായകമായി.

1940 ൽ ഡോ.ജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹം പ്രചോദിപ്പിച്ച നിരവധി യുവാക്കൾ സംഘ പ്രചാരകനായി തീർന്നപ്പോൾ നാനാജിയും തന്റെ ജീവിതം മുഴുവനും രാജ്യത്തിന് സമർപ്പിച്ച് പ്രചാരകായി മാറി. അചഞ്ചലമായ അദ്ദേഹത്തിന്റെ രാഷ്ട്രഭക്തി കണ്ട അന്നത്തെ ആർ.എസ്.എസ് സർസംഘചാലക് പൂജനീയ ഗുരുജി അദ്ദേഹത്തെ ഗോരഖ്പൂരിലേക്ക് പ്രചാരക് ആയി നിയോഗിച്ചു. പിന്നീട് ഇന്നത്തെ ഉത്തർപ്രദേശിന്റെ സഹ പ്രാന്ത് പ്രചാരകനായി തീർന്നു. (ഇന്ന് ഉത്തർപ്രദേശ് എട്ട് പ്രാന്തമാണ്). അവിടെ പ്രവർത്തിക്കുമ്പോൾ ആണ് ആഗ്രയിൽ വച്ച് ദീൻദയാൽ ഉപാധ്യായയെ ആദ്യമായി കണ്ടുമുട്ടുന്നത്. പീന്നിട് ആ സമാഗമം ഭാരതത്തിന്റെ ഭാവി ഭാഗധേയമാണ് നിർണയിച്ചത്. ഉത്തർപ്രദേശിൽ സംഘത്തിന്റെ ആശയങ്ങളെ വ്യാപിപ്പിക്കാൻ അദ്ദേഹം വലിയ വേദനകളും വെല്ലുവിളികളും അതിജീവിച്ചു തന്നെ പ്രവർത്തിച്ചു.

പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷത്തിനകം ഗോരഖ്പൂരിൽ ഏകദേശം 250 സംഘ ശാഖകൾ നാനാജി ആരംഭിച്ചു. തന്റെ പ്രവർത്തനത്തിൽ വിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകിയ നാനാജി 1950 ൽ ഗോരഖ്പൂരിൽ ഭാരതത്തിൽ സംഘ നേതൃത്വത്തിലുള്ള ആദ്യത്തെ സരസ്വതി ശിശു മന്ദിരം സ്ഥാപിച്ചു. 1947 ൽ അടൽ ബിഹാരി വാജ്പേയ് എഡിറ്ററായും ദീൻദയാൽ ഉപാധ്യായ മാർഗ്ഗദർശകായും ആർ.എസ്സ്.എസ്സ് രാഷ്ട്ര ധർമ്മ, പാഞ്ചജന്യ, സ്വദേശ് എന്നീ പത്രങ്ങൾ ആരംഭിച്ചപ്പോൾ നാനാജിയെ മാനേജിംഗ് ഡയറക്ടർ ആയി സംഘം നിയോഗിച്ചു. വെല്ലുവിളികൾ സഹിച്ചുള്ള നാനാജിയുടെ പ്രവർത്തനത്താൽ സംഘ മാധ്യമങ്ങൾക്ക് നാൾക്കുനാൾ ജനസ്വീകാര്യത വർദ്ധിച്ചു വന്നു. മഹാത്മാ ഗാന്ധിയുടെ കൊലപാതകം ആരോപിച്ച്‌ ആർഎസ്എസിന്റെ പ്രസിദ്ധീകരണ പ്രവർത്തനം നിരോധിച്ചപ്പോഴും ഒളിവിലിരുന്ന് രഹസ്യമായി പ്രസിദ്ധീകരിച്ച് ദേശീയ ചിന്താധാരകൾ ജനങ്ങളിലെത്തിച്ചത് നാനാജിയുടെ തന്ത്രപരമായ ആശയങ്ങളായിരുന്നു.

നിരോധനം നീങ്ങിയപ്പോൾ സംഘം രാഷ്ട്രീയ സംഘടനയായ ഭാരതീയ ജനസംഘം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ ജനസംഘം ഉത്തർപ്രദേശിലെ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കാൻ ഗുരുജി ആവശ്യപ്പെട്ടതും നാനാജിയോടായിരുന്നു. ഉത്തർപ്രദേശിലെ ഒരോ ഗ്രാമവും ആർഎസ്എസ് പ്രചാരകനായിരുന്നപ്പോൾ സുപരിചിതമായിരുന്ന നാനാജി 1957 ആയപ്പോഴേക്കും യു.പി.യിൽ ഓരോ ജില്ലയിലും BJS ന് ശക്തമായ അടിത്തറയൊരുക്കി. ബി.ജെ.എസ് ഉത്തർപ്രദേശിലെ ശക്തിയായി വളർന്നു. 1967 ൽ യുണൈറ്റഡ് ലെജിസ്ട്രേറ്റർ പാർട്ടിക്കൊപ്പം നിന്ന് ചരൺ സിംഗ്, ഡോ. രാം മനോഹർ ലോഹ്യ എന്നിവരുമായി ചേർന്ന് ഉത്തർപ്രദേശിൽ കോൺഗ്രസ്സിന് എതിരെ വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തല നേതാക്കളെ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു.

ദീനദയാൽ ഉപാധ്യായയുടെ ദർശനത്തിന്റേയും, അടൽ ബിഹാരി വാജ്പേയിയുടെ പ്രവർത്തന പാടവത്തിന്റേയും, നാനാജിയുടെ സംഘടനാ പ്രവർത്തനത്തിന്റേയും കരുത്തിൽ പ്രസ്ഥാനം ജനശക്തി ആർജ്ജിച്ച് ഉത്തർപ്രദേശിൽ സംസ്ഥാന രാഷ്ട്രീയത്തെ ആകെ മാറ്റി മറിച്ചു. വിനോബാ ഭാവേ ആരംഭിച്ച ഭൂദാൻ പ്രസ്ഥാനത്തിലും നാനാജി സജീവമായി പങ്കെടുത്തിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ടുമാസം വിനോഭാവക്ക് ഒപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മാർഗ്ഗദീപമായി തീർന്നു. നാനാജി എപ്പോഴും തന്റെ സഹ പ്രവർത്തകരുമായി മാത്രമല്ല, എതിരാളികളുമായും നല്ല ബന്ധം പങ്കുവെച്ചു. ഡോ. രാം മനോഹർ ലോഹ്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. ഒരിക്കൽ ലോഹ്യയെ ബി ജെ എസ് കര്യകർത്താക്കളുടെ സമ്മേളനത്തിലേക്ക് ആദ്യമായി അദ്ദേഹം ക്ഷണിച്ചു. അവിടെ വച്ചാണ് ദീനദയാൽ ഉപാധ്യായയെ ലോഹ്യ ആദ്യമായി കണ്ടുമുട്ടുന്നത്. കോൺഗ്രസും അതിന്റെ ദുർഭരണവും വെളിപ്പെടുത്തുന്നതിലും ഭാരതത്തിൽ വലിയ രാഷ്ടീയ മാറ്റത്തിനും ഈ കണ്ടുമുട്ടൽ കാരണമായി തീർന്നു.

അടിയന്തരാവസ്ഥയിൽ ശക്തമായ പ്രക്ഷോഭത്തിനാണ് നാനാജി നേതൃത്വം നൽകിയത്. ജയപ്രകാശ്‌ നാരായണൻ ആഹ്വാനം നൽകിയ “സമ്പൂർണ വിപ്ലവത്തിന്” വേണ്ടി നാനാജി ദേശ്മുഖ് പൂർണ പിന്തുണ നൽകി. 1974 ൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ദിര വിരുദ്ധ സമരം ആരംഭിച്ചു. ആറ് മാസത്തിനുള്ളിൽ ജയപ്രകാശ് നാരായണൻ ഒരു വലിയ ഇന്ദിരാ വിരുദ്ധ റാലി പാറ്റ്നയിൽ സംഘടിപ്പിച്ചു. വലിയ ജനസഞ്ചയവുമായി പാറ്റ്ന നഗരത്തിലൂടെ നടന്ന റാലിയിൽ ജെപിയെ ലക്ഷ്യം വച്ച് പോലീസ് ലാത്തി ചാർജ്ജ് ചെയ്തു. ജയപ്രകാശ് നാരായണനെ സഹപ്രവർത്തകർ സുരക്ഷിതമാക്കി മാർച്ച് തുടർന്നപ്പോൾ വീണ്ടും പോലീസ് ആക്രമണം നടന്നു. പോലീസ് വളഞ്ഞ് അക്രമിക്കുമ്പോൾ ജെപിക്ക് നേരെ ഉയർന്ന ലാത്തി സ്വന്തം കരങ്ങളാൽ തടുത്ത് നാനാജി ജെപിയെ രക്ഷപെടുത്തി. ഈ ശ്രമകരമായ പരിശ്രമത്തിൽ അദ്ദേഹത്തിന്റെ കൈ ഒടിയുകയും ചെയ്തു.

ജനതാപാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ മുഖ്യ ശിൽപ്പിയായി തിർന്ന നാനാജിയുടെ പ്രവർത്തനത്താലാണ് ജനതാ പാർട്ടി കോൺഗ്രസിനെ തൂത്തെറിഞ്ഞ് ഭാരതത്തിൽ ശക്തമായി തീർന്നത്. അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിലെത്തിയ ജനതാ പാർട്ടി നാനാജിക്ക് കേന്ദ്രമന്ത്രി പദം നൽകിയപ്പോൾ അദ്ദേഹം നിരസിച്ചു. (എങ്കിലും 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബാല്രാംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിക്കുകയും ചെയ്തു.) ഇക്കാലത്താണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിമുക്തി നേടാനും കൃഷി, കുടിൽ വ്യവസായം, ഗ്രാമീണാരോഗ്യ, ഗ്രാമീണവിദ്യാഭ്യാസം എന്നിവയിലൂടെ സമഗ്രമായ ദാരിദ്ര്യ നിർമ്മാർജനവും ഗ്രാമവികാസവും എന്ന പരിവർത്തന പ്രവർത്തനത്തിലേക്ക് അദ്ദേഹത്തിന്റെ ചിന്തകൾ മാറാനും അദ്ദേഹം തീരുമാനിച്ചത്. ഒടുവിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് അതിർത്തിയിലെ വിശുദ്ധ ഗ്രാമമായ ചിത്രകൂട് നാനാജി തന്റെ സേവനത്തിനായ് തിരഞ്ഞെടുത്ത്. ഇതിനായ് 1969 ൽ ആണ് നാനാജി ആദ്യമായി ചിത്രകൂട് സന്ദർശിച്ചത്. ശ്രീരാമൻ 14 ൽ 12 വർഷവും ചിലവഴിച്ച, ശ്രീരാമന്റെ കർമ്മഭൂമിയിലൂടെ സമാജത്തെ നേരിട്ടറിയാൻ അദ്ദേഹം സഞ്ചരിച്ചു. പതിനാലു വർഷത്തിനിടെ 14 വർഷമായി രാമൻ അവിടെ ചെലവഴിച്ചു. ശ്രീരാമൻ ചിലവഴിച്ച പുണ്യനദിയായ മന്ദാകിനിയുടെ തീരത്തിന്റെ മുഖഛായ മാറ്റാനുള്ള നിയോഗം അവിടെ നിന്നും അദ്ദേഹം ആരംഭിച്ചു. സാംസ്കാരികവും ചരിത്രപരവും ആവേശകരവുമായ ഈ പശ്ചാത്തലത്തിൽ നാനാജി തന്റെ സാമൂഹിക പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രകൂടിനെ തിരഞ്ഞെടുത്തു.

ദരിദ്രരിൽ, പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവരെ സേവിക്കാനുള്ള പദ്ധതി നാനാജി വിഭാവനം ചെയ്തു. അതുകൊണ്ട് തന്നെ രാഷ്ട്രവൈഭവത്തിന്റെ ചെറുരൂപം സ്വപ്നം കണ്ട് വാനവാസി വിഭാഗങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന ചിത്രകൂട് അദ്ദേഹം തിരഞ്ഞെടുത്തത്. അവിടെ തന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ നാനാജി തീരുമാനിക്കുകയും ചെയ്തു. മറ്റെല്ലാ ചുമതലകളിൽ നിന്നും വിമുക്തി നേടി 1969 ൽ അദ്ദേഹം തന്റെ സ്വപ്ന പദ്ധതി പ്രവർത്തനത്ത നായ് ദീനദയാൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. തുടർന്ന് സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കുന്നതിനായി തന്റെ സമയം മുഴുവൻ അർപ്പിക്കുകയും ചെയ്തു. വനവാസികൾക്കും സാധാരണക്കാർക്കുമായി ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ സർവകലാശാല ചിത്രകൂടിൽ സ്ഥാപിച്ചു. നാനാജി അതിന്റെ ചാൻസലർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ബുന്ദേൽഖണ്ഡിലെ 150 ഓളം ഗ്രാമങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതിലൂടെ നാനാജി മാനുഷികതയുടെ തത്ത്വചിന്ത നടപ്പിലാക്കി.

ഇങ്ങനെ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 500 ൽ അധികം ഗ്രാമങ്ങളിൽ ബൃഹത്തായ സാമൂഹ്യപരിവർത്തന പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗോണ്ട (യുപി), ബീഡ് (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ നാനാജിയും സംഘവും വളരെയധികം സാമൂഹ്യപ്രവർത്തനങ്ങൾ നടത്തി. ഇതിനായ് കെ.ആർ. മൽഖാനിയെ എഡിറ്ററാക്കി “മന്ഥൻ” എന്ന പ്രസിദ്ധീകരണവും അദ്ദേഹം അദ്ദേഹം ആരംഭിച്ചു. നിരവധി വർഷം കെ.ആർ. മൽഖാനി നാനാജിയോടെപ്പം പ്രവർത്തിച്ചു. 1968 മാർച്ച് 8 ന് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനത്തിന്റെ ആദർശത്താൽ ആണ് ദീനദയാൽ ഗവേഷണ സ്ഥാപനം (ഡി.ആർ.ഐ) സ്ഥാപിച്ചത്. ഇതിലൂടെ മനുഷ്യന്റെ സമഗ്രവും പരസ്പരപൂരകവുമായ സാമൂഹ്യബന്ധങ്ങളിലൂടെ ലോകത്തിന് പിന്തുടരാവുന്ന സ്വയംപര്യാപ്തവും സ്വവലംബിതവുമായ ഗ്രാമവികാസത്തിന് നാനാജി രൂപം നൽകി. ഗോണ്ട (യുപി), ബീഡ് (മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ പ്രാരംഭ പരീക്ഷണങ്ങൾക്ക് ശേഷം ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കൃഷി, കുടിൽ വ്യവസായം, വരുമാനം സൃഷ്ടിക്കൽ, വിഭവങ്ങളുടെ സംരക്ഷണം, സാമൂഹിക സമരസത എന്നിവയിലൂടെ ഗ്രാമീണ മേഖലകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന ഒരു ഏകീകൃത പരിപാടി നാനാജി തയ്യാറാക്കി. ജനങ്ങളുടെ പങ്കാളിത്തം ഉപയോഗിച്ച് മൊത്തത്തിലുള്ള വികസനത്തിലൂടെ സമാജത്തിന്റെ മൊത്തത്തിലുള്ള പരിവർത്തനമാണ് നാനാജിയും സംഘവും ലക്ഷ്യമിട്ടത്.

ഗ്രാമ സ്വവലംബനമാണ് ചിത്രകൂട് പ്രോജക്ട്. ഈ പദ്ധതി 2005 ജനുവരി 26 ന് ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ചിത്രകൂട് മേഖലയിലെ 80 ഗ്രാമങ്ങളിൽ ആരംഭിച്ചു. 2005 ൽ ഈ ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2010 ൽ 500 ഗ്രാമങ്ങളെ സ്വവലംബിയാക്കി ഭാരതത്തിനും ലോകത്തിനും മുന്നിൽ സുസ്ഥിരമായ മാതൃകയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്നും പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു. വാഡിയ ഗ്രൂപ്പ്, എപീജെയ് എജ്യുക്കേഷൻ സൊസൈറ്റി (എഇഎസ്), ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് (ICAR), ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി) ഇൻഡ്യൻ ഡെവലപ്മെന്റ് ആന്റ് റിലീഫ് ഫണ്ട് (ഐഡിആർഎഫ്), മദ്ധ്യപ്രദേശ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി (എം.പി.സി.ഇ.എസ്.), ഇന്ത്യ ഓഫ് കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് (ഐസിആർ), ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ആധുനിക സിദ്ധ / ഹോമിയോപ്പതി (AYUSH), സേവാ ഇന്റർനാഷണൽ (SI) എന്നീ പ്രധാന സ്ഥാപനങ്ങളുമായി ഡി.ആർ.ഐ ബന്ധപ്പെട്ട് ഇന്ന് പ്രവർത്തിക്കുന്നു.

2010 ഫെബ്രുവരി 27 ന് ആണ് നാനാജിയുടെ കർമ്മഭൂമി ചിത്രകൂട്ട് ഗ്രാമോദയം വിശ്വവിദ്യാലയത്തിൽ വച്ച് തന്നെ തൊണ്ണൂറ്റി മൂന്നാം വയസിൽ അദ്ദേഹം വിഷ്ണുപദം പൂകിയത്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദില്ലിയിലെ ദദിച്ചി ദെഹ്ദ്ദാൻ സൻസ്തയ്ക്ക് അദ്ദേഹം തന്റെ മരണാനന്തരം ശരീരം സംഭാവന നൽകിയിരുന്നു. അതിൻ പ്രകാരം വൈദ്യശാസ്ത്ര ഗവേഷണത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു. സത്ന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദരവ് നൽകാൻ ആയിരകണക്കിന് ആളുകളും നാട്ടുകാരുമൊക്കെയുമാണ് വന്നത്. സത്നയിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ ദില്ലിയിലേക്ക് ഭൗതിക ശരീരം കൊണ്ടു പോയി. ന്യൂഡൽഹിയിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കേശവ കുഞ്ച് കാര്യാലയത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നാലു മണിക്കൂറോളം പൊതു ദർശനത്തിന് വച്ചു. ശേഷം ദദീചി സൻസ്തയുടെ സഹായത്തോടെ എയിംസിലേക്ക് ദാനം ചെയ്തതോടെ പൂജനീയ ഡോ. ജി കണ്ടെത്തി വളർത്തി രാഷ്ട്ര പുനർനിർമ്മാണത്തിന്റെ ഉദാത്ത മാതൃകയായ ഒരു യുഗം ഇഹലോക വാസം വെടിഞ്ഞ് കാലയവനികയിൽ സ്വയംസേവകർക്ക് ധുവതാരമായി തെളിഞ്ഞു നിൽക്കുവാൻ തുടങ്ങി. നാനാജിയുടെ മഹത്തരമായ സംഭാവനകൾക്ക് സ്മൃതിയൊരുക്കി 2018 ജനുവരി 8 ന് ചിത്രകൂടിലെ അരോഗ്യധാമിൽ രാഷ്ട്രപതി ശ്രീ രാമനാഥ് കോവിന്ദ് നാനാജിയുടെ പ്രതിമയും അനാശ്ചാദനം ചെയ്തു.

2017 ഒക്ടോബർ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂഡൽഹിയിലെ ഐ.എ.ആർ.ഐയിൽ, ആരംഭം കുറിച്ചിരുന്നു.

അറിയാം കൂടുതൽ:

ഡോ. അനിൽ ജൈസ്വാൾ
അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആരോഗ്യധാം
ചിത്രകൂട്, സത്ന -485331, മധ്യപ്രദേശ്
ഫോൺ: 07670-265353,05198-224427
[email protected]
www.driindia.org.