തിളക്കം കൂടുന്ന പദ്മശ്രീ പുരസ്‌കാരങ്ങൾ


— പ്രശാന്ത് KR —

പ്രാഞ്ചിയേട്ടന്മാർ ഇല്ലാത്ത പത്മശ്രീ തിളക്കത്തിൽ ആണ് രാജ്യം. പത്മശ്രീക്ക് വേണ്ടി പൊതുജനങ്ങൾക്കും അവർക്കിടയിൽ പ്രവർത്തിക്കുന്ന മഹദ് വ്യക്തികളെ നോമിനേറ്റ് ചെയ്യാം എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് കാണുന്നത്.

താഴേക്കിടയിൽ സമൂഹത്തിൽ ഇറങ്ങിപ്രവർത്തിക്കുന്ന വ്യക്തികൾക്ക് പത്മശ്രീ പുരസ്‌കാരം കേന്ദ്രസർക്കാർ നൽകുന്നതിലൂടെ ആ പുരസ്‌കാരത്തിന് തന്നെ ആണ് മാറ്റ് കൂടുന്നത്.

ഈ വർഷം അങ്ങനെ തിളക്കം കൂട്ടിയ പത്മശ്രീ പുരസ്‌കാര ജേതാക്കളെ കുറഞ്ഞ വാക്കുകളിൽ പരിചയപ്പെടാം.

മലയാളികളിൽ നിന്ന് തന്നെ തുടങ്ങാം..

എംകെ കുഞ്ഞോൽ

എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞോൽ മാഷ് ഇപ്പോൾ പത്മശ്രീ കുഞ്ഞോൽ മാഷ് ആണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് മനുഷ്യസ്നേഹി ആണ് കുഞ്ഞോൽ മാഷ്.
ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങളിലും അറുപത്തിയേഴ് വര്‍ഷമായി തുടരുന്ന വിശ്രമമില്ലാത്ത പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട് കുഞ്ഞോൽ മാഷ്. മെഡിസിൻ പഠനത്തിന് ചേർന്ന കുഞ്ഞോൽ മാഷ് അവിടെ കണ്ട ഒരു അനീതിക്ക് എതിരെ പ്രതികരിച്ചതിന്‍റെ പേരിൽ അവിടെ ഉള്ള അദ്ധ്യാപകരും വിദ്യാര്ഥികളുമടക്കം ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു അന്ന് കുഞ്ഞോൽ എന്ന പാവം പട്ടികജാതി വിദ്യാർത്ഥിയെ, പഠനം ഉപേക്ഷിച്ച്െങ്കിലും കുഞ്ഞോൽ മാഷിന്റെ പോരാട്ടം അവസാനിച്ചില്ല. താഴേക്കിടയിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിച്ച് അനേകം സമരങ്ങൾക്കും നേതൃത്വം നൽകി. മാഷിന്റെ പോരാട്ടം ഈ പ്രായത്തിലും തുടർന്നുകൊണ്ടിരിക്കുന്നു. അർഹതപ്പെട്ട അംഗീകാരം തന്നെ ആണ് കുഞ്ഞോൽ മാഷിനെ ഇപ്പോൾ തേടിയെത്തിയത്.

 

സത്യനാരായണൻ മുണ്ടൂർ.

ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസപ്രവർത്തനത്തിനുള്ള അംഗീകാരമായാണ് അദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന് അർഹനായത്. കേരളത്തിലാണ് ജനനമെങ്കിലും 40 വർഷമായി അരുണാചൽ പ്രദേശിൽ. അരുണാചൽ പ്രദേശുകാർക്ക് അങ്കിൾ മൂസ ആണ് സത്യനാരായണൻ മുണ്ടൂർ. മുൻപ് മുംബൈയിൽ റവന്യൂ ജോലിക്കാരൻ ആയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് അരുണാചൽ പ്രദേശിൽ ഉൾഗ്രാമത്തിൽ എത്തി അവിടെ സാമൂഹിക മാറ്റം കൊണ്ടുവരാൻ വേണ്ടി നല്ല രീതിയിൽ പ്രവർത്തിച്ചു. പതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള 13 വായനശാലകൾ അദ്ദേഹം സ്ഥാപിച്ചു. അരുണാചൽ പ്രദേശുകാരുടെ അങ്കിൾ മൂസയെ നോമിനേറ്റ് ചെയ്തത് അരുണാചൽപ്രദേശ് സർക്കാർ തന്നെ ആണ്..

എം പങ്കജാക്ഷി.

പങ്കജാക്ഷി അമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം കിട്ടിയതിലൂടെ നോക്കുവിദ്യ പാവകളി എന്ന കലയ്ക്കും കൂടി കിട്ടിയ വലിയൊരു അംഗീകാരമാണത്. നോക്കുവിദ്യ പാവകളി നമ്മൾ അധികം കേട്ടിട്ടില്ലാത്ത കലാരൂപം ആയിരുന്നു. പത്മശ്രീ പങ്കജാക്ഷി അമ്മയെ തേടിയെത്തിയതോടെ ആ കലാകാരിയെയും നോക്കുവിദ്യ പാവകളിയെയും നമ്മൾ കൂടുതൽ ആയി അറിയാൻ ശ്രമിച്ചു. അതാണ് ആ കലയ്ക്ക് കിട്ടിയ അംഗീകാരം. കൈയിലെ നൂലിൽപിടിച്ച് പാവകളെ ചലിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. വേറൊരാൾ തുടികൊണ്ട് ഈണം പിടിക്കും , കമുങ്ങിന്റെ വാരികൊണ്ട് ചെത്തിമിനുക്കിയ ചെറിയ കമ്പ്. അതിന് മുകളിൽ പല തരം പാവകൾ. കൈയിലെ നൂലിൽപിടിച്ച് പാവകളെ ചലിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. പാവകൾ വീണുപോയേക്കുമെന്ന് നമ്മൾ സംശയിക്കും പക്ഷെ പാവകൾ കലാകാരന്മാരുടെ കഴിവുകൊണ്ട് ഒരിക്കലും വീണു പോകില്ല. 84 വയസുള്ള പങ്കജാക്ഷി അമ്മയ്ക്ക് , ചെറുപ്പം മുതൽ നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്നതിനുള്ള വലിയ അംഗീകാരമാണ് കിട്ടിയത്. ഈ അംഗീകാരത്തിലൂടെ കൂടുതൽ ആൾക്കാർക്ക് നോക്കുവിദ്യ പാവകളിയെപ്പറ്റി അറിയാനും പഠിക്കാനും പ്രേരണ നൽകും..

മുഹമ്മദ് ഷെരീഫ്.

ചാച്ചാ ഷെരീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് യോഗി ആദിത്യനാഥ് സർക്കാർ പത്മശ്രീക്ക് വേണ്ടി നോമിനേറ്റ് ചെയ്ത ഉത്തർപ്രദേശുകാരുടെ പ്രിയപ്പെട്ട ആൾ ആണ്. അർഹതപ്പെട്ട ആൾ തന്നെ ആണ് അനാഥമായിക്കിടക്കുന്ന അജ്ഞാതരുടെ മൃതദേഹങ്ങൾ സംസ്കരിച്ച് അവരുടെ നാഥനായ കഥ ആണ് ചാച്ചാ ഷെരീഫിനുള്ളത്. അദ്ദേഹം പറയുന്നത് 27 വർഷങ്ങൾക്ക് മുൻപ് മകന്റെ മരണശേഷം ആണ് ഈ പ്രവർത്തിയിലേക്ക് തിരിയുന്നത്.മകന്‍ മരിച്ച്‌ ഒരു മാസത്തിന് ശേഷമാണ് മരണവിവരം അദ്ദേഹം അറിഞ്ഞത്. അപ്പോഴേക്കും മകന്റെ മൃതദേഹം അജ്ഞാത മൃതദേഹമെന്ന പേരില്‍ സംസ്‌കരിച്ചിരുന്നു. ഇതുവരെ 3,000 ഹിന്ദുക്കളുടെയും, 2,500 മുസ്ലീങ്ങളുടെയും മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്നും ചാച്ചാ ഷെരീഫ് പറഞ്ഞു. അദ്ദേഹം ചെയ്ത പുണ്യപ്രവർത്തിക്കുള്ള അംഗീകാരമാണ് പത്മശ്രീ. ആരുമറിയാതെ പോകുമായിരുന്ന നല്ല വ്യക്തിത്വങ്ങളെ രാജ്യത്തിനും ലോകത്തിനും കാണിച്ചുകൊടുക്കുകയാണ് ഈ വിലപ്പെട്ട അംഗീകാരംകൊണ്ട്.

തുളസി ഗൗഡ

” കാടിന്റെ സർവ്വ വിജ്ഞാനകോശം ”
എന്ന് അറിയപ്പെടുന്നു. 14 വർഷം വനംവകുപ്പിൽ സേവനം അനുഷ്ടിച്ചു. ഉപജീവനമാർഗ്ഗം പെൻഷൻ തുക ആണ്.
പ്രകൃതിയോടുള്ള അഗാധമായ സ്നേഹം ആണ് 72 കാരിയായ തുളസി ഗൗഡ എന്ന മുത്തശ്ശിയുടെ പ്രത്യേകത. 40000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പ്രകൃതിയെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും പ്രകൃതി സംരക്ഷണം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ചുറ്റുപാടുമുള്ള സമൂഹത്തിൽ അവർ മാറ്റം വരുത്തി. ഇപ്പോൾ കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്‌കാരം തുളസി ഗൗഡയ്ക്ക് നൽകിയതിലൂടെ കൂടുതൽ ആൾക്കാർക്ക് പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രേരണയും നല്കും. നട്ടുപിടിപ്പിച്ച തൈകളുടെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും മുത്തശ്ശിക്ക് നല്ലപോലെ അറിയാം. ഒരു ചെടി വളരാൻ എടുക്കുന്ന സമയം, അതും ഓരോ ചെടിക്കും ആവശ്യമായ വെള്ളത്തിൻ്റെ അളവ്, ചെടികളുടെ ഔഷധ ഗുണങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും തുളസി ഗൗഡ മുത്തശ്ശിക്ക് കാണാപ്പാഠമാണ്. കർണാടകയിലെ ഹൊന്നല്ലി ഗ്രാമവാസി ആണ്.

 

അബ്ദുൽ ജബ്ബാർ.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ
ഇരകളുടേയും അതിജീവിച്ച ആയിരക്കണക്കിന് പേരുടേയും നീതിക്കായി നീതിക്കായി പോരാടിയ സാമൂഹിക പ്രവര്‍ത്തകന്‍. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക അപകടത്തില്‍ ജബ്ബാറിന് മാതാവിനേയും പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. അപകടം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുകയും അതുമൂലം കാഴ്ചയുടെ 50 ശതമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം അദ്ദേഹം മരണം വരെ തുടര്‍ന്നു.
1987ലാണ് വാതകച്ചോര്‍ച്ചയുടെ ഇരകളെ സംഘടിപ്പിച്ച സംഘടനകളിലൊന്നായ ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗിന് ജബ്ബാര്‍ തുടക്കം കുറിക്കുന്നത്. ഇരകളുടേയും അതിജീവിച്ചവരുടേയും അവരുടെ കുടുംബങ്ങളോടും നീതിക്കായി അദ്ദേഹത്തിന്റെ സംഘം പോരാടി. കഴിഞ്ഞ 2019 നവംബറിൽ അദ്ദേഹം അന്തരിച്ചിരുന്നു. അദ്ദേഹത്തിനും ആദരസൂചകമായി ഇത്തവണ കേന്ദ്രസർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി.

ജാവേദ് അഹമ്മദ് ടക്

ജമ്മു കാശ്മീരിൽ നിന്നുള്ള വ്യക്തി ആണ്.1999ൽ തീവ്രവാദികളുടെ വെടിയേറ്റ് നട്ടെല്ലിന് പരിക്കേറ്റ് വീൽചെയറിൽ ഇരുന്നു ജീവിക്കുന്ന വ്യക്തിത്വം. ജീവിതം വീൽചെയറിൽ ഇരുന്നു മാത്രം ജീവിച്ചു തീർക്കേണ്ടതല്ല അനേകം പേർക്ക് വഴികാട്ടി ആവേണ്ടതുമാണെന്ന് ചിന്തിച്ച്‌ സമൂഹത്തിൽ ഇറങ്ങി ദിവ്യാംഗർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾ ആണ് ജാവേദ് അഹമ്മദ് ടക്. ഇപ്പോൾ തന്നെപ്പോലെ മറ്റുള്ളവരെയും സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ജമ്മു കാശ്മീരിൽ നാൽപ്പതിൽ അധികം ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് ഇദ്ദേഹം സ്ഥാപിച്ച ദിവ്യാംഗർക്ക് വേണ്ടി ഉള്ള വെൽഫെയർ ഓർഗനൈസേഷൻ. ജാവേദ് അഹമ്മദ് ടകിന്റെ പോരാട്ടത്തിന് കൂടുതൽ കരുത്തേകും പത്മശ്രീ പുരസ്‌കാരം.

റാഹിബായ് സോമ പോപെറെ

മഹാരാഷ്ട്രയിലെ വിത്ത് മാതാവ്
എന്നാണ് റാഹിബായ് സോമ പോപെറെ അറിയപ്പെടുന്നത്. ഏകാഗ്രമായ മനസ്സോടെ മഹാരാഷ്ട്രയിലും സമീപ പ്രദേശങ്ങളിലും സഞ്ചരിച്ചാണ് റാഹിബായ് പോഷക ഗുണമുള്ള വിത്തുകൾ ശേഖരിക്കുന്നത്. മാത്രമല്ല, വിത്തുകളുടെ ഗുണനിലവാരത്തെപ്പറ്റി കർഷകരെ ബോധവാന്മാരാക്കുകയും ജൈവകൃഷി, കാർഷിക ജൈവവൈവിധ്യം, വന്യഭക്ഷണ വിഭവങ്ങൾ എന്നിവയെപ്പറ്റി ജനങ്ങളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശീയ വിളകളുടെ ഗുണങ്ങൾക്കു പുറമെ അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും റാഹിബായി ആളുകൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ജൈവവൈവിദ്ധ്യ സംരക്ഷണത്തിലെ സേവനം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ വിത്ത് മാതാവിന് പത്മശ്രീ കൊടുത്ത് ആദരിച്ചത്.

ഹരകേള ഹജബ്ബ

ഓറഞ്ച് വിൽപ്പനക്കാരൻ.
തനിക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടണം എന്ന് ആഗ്രഹിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ ഓറഞ്ച് വില്പനയിലൂടെ കിട്ടുന്ന പണം സ്വരൂപിച്ച് സ്‌കൂൾ തുടങ്ങിയ മഹദ് വ്യക്തിത്വം. ഹജബ്ബയുടെ പ്രവർത്തന ഫലമായി 2004 നവംബർ 14ന് ന്യൂപഡുപ്പ് ഗ്രാമത്തിൽ പുതിയ സ്കൂൾ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയർ പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. 125 അധ്യാപകരും നാല് അധ്യാപകരുമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് നിരവധി വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇന്ന് സ്കൂൾ പ്രീ യൂണിവേഴ്സിറ്റി സ്കൂളായി ഉയർത്താനുള്ള ശ്രമത്തിലാണ് ഹജബ്ബ. സ്വന്തമായി വീടുപോലും ഇല്ലാത്ത ഹജബ്ബ കർണാടകയിലെ ന്യൂപഡപ്പു സ്വദേശി ആണ്.

ഇത്തരം അനേകം മഹദ് വ്യക്തിത്വങ്ങൾക്ക് പത്മശ്രീ പുരസ്‌കാരം സമ്മാനിക്കുന്നതിലൂടെ ബഹുമാനിക്കപ്പെടുന്നത് ആ പുരസ്‌കാരം തന്നെ ആണ്. ആർക്കും കിട്ടാവുന്ന സ്ഥിതിയിൽ നിന്ന് പൊതുജനങ്ങൾക്കും നാമനിര്ദേശങ്ങൾ നൽകാനും അർഹതപ്പെട്ടവർക്ക് പത്മശ്രീ കൊടുക്കാൻ കാണിക്കുന്ന ജാഗ്രതയ്ക്കും കേന്ദ്രസർക്കാരിന് പ്രത്യേകം നന്ദി പറയുന്നു.

പറയാൻ വിട്ടുപോയവർ ഉണ്ടാകാം..
പത്മശ്രീ ലഭിച്ച ഓരോ വ്യക്തിത്വങ്ങളെക്കുറിച്ചും നമ്മൾ പഠിക്കേണ്ടതും അവരിലെ നന്മ പ്രചരിപ്പിക്കേണ്ടതും നമ്മുടെയും രാജ്യത്തിന്റെയും ആവശ്യം ആണ്.

ഓരോ പത്മശ്രീ ജേതാക്കളും എല്ലാവർക്കും
മാതൃകയാവട്ടെ..

എല്ലാ പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കും ആശംസകൾ…