ജന്മനാട്ടിൽ അഭയാർത്ഥികളായ പാക് ഹിന്ദുക്കൾ

(Originally Published in India Today. Reproducing the article with reference of India Today and Bhavana Vij Arora )
കടപ്പാട് : ഇന്ത്യ ടുഡേ മാസികയിൽ വന്ന ലേഖനം അതെ റഫറൻസോടെ പബ്ലിഷ് ചെയ്യുന്നു.

“സ്വന്തം നാട്ടിൽ പീഡനത്തിനിരയാകുന്ന പാകിസ്ഥാനി ഹിന്ദു അഭയാർത്ഥികൾ ഇന്ത്യ തങ്ങളെ വഞ്ചിച്ചു എന്നു വിശ്വസിയ്ക്കുന്നു.”

— ഭാവനാ വിജ്-അറോറ —

ഈ മാർച്ച് ഇരുപത്തിയാറിന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള 19കാരി റിങ്കിൾ കുമാരി അസാധാരണമായ ഒരു അപേക്ഷയുമായി പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഇഫ്തികർ മുഹമ്മദ് ചൌധരിയ്ക്ക് മുന്നിലെത്തി. തന്നെ നവീദ് ഷാ എന്ന ഒരാൾ തട്ടിക്കൊണ്ടുപോയിരിയ്ക്കുകയാണെന്നും അയാളിൽ നിന്ന് തന്നെ മോചിപ്പിച്ച് അമ്മയുടെ അടുത്തേക്കു പോകാൻ തന്നെ അനുവദിക്കണമെന്നുമായിരുന്നു അവളുടെ അപേക്ഷ. ധീരമായൊരു അപേക്ഷയായിരുന്നു അത്. ഹിന്ദു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പാകിസ്ഥാനിൽ പതിവാണ്. പിന്നീട് അവരെ വിവാഹത്തിന്റെ മാന്യത ലഭിയ്ക്കാനെന്ന പേരിൽ മതം മാറ്റുകയും ചെയ്യും. നിസ്സഹായരായ അവർക്കത് സഹിയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. കാരണം സ്വയം സംരക്ഷിയ്ക്കാൻ വേണ്ട അംഗബലമോ രാഷ്ട്രീയ കരുത്തോ പാകിസ്ഥാനിലെ ഹിന്ദുക്കൾക്കില്ല.

കോടതിയിൽ നിന്ന് പുറത്തുവന്നപ്പോൾ റിങ്കിൾ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. പോലീസ് തന്നെ മോചിപ്പിയ്ക്കും മുൻപ് തട്ടിക്കൊണ്ടുപോയവർ തന്നെ നിർബന്ധിത മതവരിവർത്തനം നടത്തി എന്നവർ ആരോപിച്ചു. വാർത്തകളിൽ മുഖ്യസ്ഥാനം പിടിച്ച ആ സംഭവത്തെക്കുറിച്ച് ശക്തമായ എഡിറ്റോറിയലുകൾ എഴുതപ്പെട്ടു. പാകിസ്ഥാനിലെ 3.5 ദശലസ്ഖം വരുന്ന ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിയ്ക്കാൻ ഇത് സഹായിച്ചു. ഉല്പതിഷ്ണുക്കളായ പാകിസ്ഥാനികൾ ഈ സംഭവത്തിനെതിരേ രോഷാകുലരായി. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെതിരേ ഡോൺ ദിനപത്രം ശക്തമായ നിലപാടെടുത്തു.

ഈ പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ ധൈര്യം കാണിച്ച റിങ്കിളിന് അതിനുള്ള വിലയും നൽകേണ്ടി വന്നു. ഘോത്കി ഗ്രാമത്തിൽ കഴിയുന്ന അവളുടെ മാതാപിതാക്കളെ എതിരാളികൾ ഭീഷണിപ്പെടുത്തി. എഴുപതുകാരനായ അവളുടെ മുത്തച്ഛനു നേരേ വെടിവച്ചു. ഏപ്രിൽ പതിനെട്ടിനു വീണ്ടും പാകിസ്ഥാൻ സുപ്രീം കോടതിയിലെത്തിയ അവൾ താൻ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി അറിയിച്ചു. പിന്നീട് ഇസ്ലാമാബാദിലെ പ്രസ് ക്ലബിൽ നവീദ് ഷായുടെ സമീപത്തിരുന്ന് മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ച അവൾ ധൈര്യമൊക്കെ ചോർന്ന് പോയ നിലയിൽ “താൻ ഇനി അനുസരണയുള്ള ഭാര്യയായി കഴിയാനാണ്” ആഗ്രഹിയ്ക്കുന്നതെന്ന് പറഞ്ഞു.

പോലീസ് രേഖകൾ അനുസരിച്ച് സിന്ധിൽ മാത്രം ഓരോ മാസവും ഇരുപത്തഞ്ച് പെൺകുട്ടികളെങ്കിലും റിങ്കിളിന്റെ വിധി ഏറ്റുവാങ്ങുന്നുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കളിൽ 90ശതമാനവും ജീവിയ്ക്കുന്നത് സിന്ധിലാണ്.  ഹിന്ദു പെൺകുട്ടികളെ നോട്ടമിടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം മതം മാറ്റുകയും ചെയ്യുന്നു. വിവേചനം ഭീഷണിപ്പെടുത്തി പണം തട്ടൽ, കൊല, മതപരമായ പീഡനം എന്നിവയൊക്കെ പാകിസ്ഥാനിലെ ഹിന്ദുക്കളെ നാടുവിട്ടോടാൻ പ്രേരിപ്പിക്കുകയാണ്. ഇന്ത്യാ വിഭജനകാലത്ത് പാകിസ്ഥാനിൽ കഴിയാൻ തീരുമാനിച്ച ഹിന്ദുക്കൾ ഇപ്പോൾ ആറു ദശകങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ അന്യരായിരിയ്ക്കുന്നു. ഇന്ത്യയാകട്ടെ തങ്ങളെ വഞ്ചിച്ചു എന്നാണവരുടെ പക്ഷം.

ഇന്ത്യാ സർക്കാർ അവരെ അഭയാർത്ഥികളായി സ്വീകരിയ്ക്കാൻ തയ്യാറല്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ എസ് സി അഗർവാൾക്ക് വിദേശമന്ത്രാലയം നൽകിയ മറുപടിയിൽ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ പ്രശ്നം ആ രാജ്യത്തിന്റെ “ആഭ്യന്തരകാര്യം” ആണെന്ന് വ്യക്തമാക്കുന്നു. അതേ മറുപടിയിൽ എത്ര പാകിസ്ഥാനി ഹിന്ദുക്കൾ ആ രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് പറയാനാവില്ലെന്ന ആഭ്യന്തരമന്ത്രാ‍ലയം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വിദേശികൾക്കായുള്ള മേഖലാ രജിസ്ട്രേഷൻ ഓഫീസിന്റെ കണാക്കനുസരിച്ച് പാകിസ്ഥാനിൽ നിന്നെത്തുന്ന ഹിന്ദുക്കളുടെ സംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. 2011 മദ്ധ്യം വരെയും പ്രതിമാസം എട്ടുമുതൽ പത്തുവരെ ഹിന്ദു കുടുംബങ്ങളാ‍ണ് പാകിസ്ഥാനിൽ നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ പത്ത് മാസങ്ങൾക്കുള്ളിൽ ഏതാണ്ട് നാനൂറ് കുടുംബഗ്ങൾ ഇന്ത്യയിൽ അഭയം തേടിയിരിയ്ക്കുന്നു. ഇന്ത്യയിൽ പഞ്ചാബ് രാജസ്ഥാൻ ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അവർ തമ്പടിഹ്ചിരിയ്ക്ക്ന്നു. ആദ്യമൊക്കെ ഇറ്റിറ്റു കൊണ്ടിരുന്നത് ഇപ്പോൾ ഒരു പ്രവാഹമായിരിക്കുന്നു. 1947ൽ പാക് ജനസംഖ്യയുടെ 15 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 170 ദശലക്ഷം വരുന്ന പാക് ജനസംഘ്യയുടെ വെറും രണ്ട് ശതമാനം മാത്രം. കുറേപ്പേർ ഇന്ത്യയിലേക്ക് കുടിയേറി. ചിലർ കൊല്ലപ്പെട്ടു. മറ്റുപലരും നിർബന്ധിത മതം മാറ്റത്തിനു വിധേയരായി. പല സന്ദർഭങ്ങളിലും കൊല്ലപ്പെട്ടവർക്ക് ശരിയായ ശവസംസ്കാരം പോലും നിഷേധിയ്ക്കപ്പെട്ടു.

മെഹർ ചന്ദിനോട് (55) ചോദിയ്ക്കുക. 2011 ജനുവരി 21 നാണ് അയാൾ ഡൽഹിയിൽ എത്തിയത്. സംഝൗത എക്സ്പ്രസ്സിൽ 135 പ്ലാസ്റ്റിക് ജാറുകളുമായി വന്ന പാക് ഹിന്ദുക്കളുടെ ഒരു സംഘത്തോടൊപ്പമാണ് അയാൾ എത്തിയത്. പാകിസ്ഥാനിലെ മരണപ്പെട്ട ഹിന്ദുക്കളുടെ ചിതാഭസ്മം ആയിരുന്നു ആ ജാറുകളിൽ. ചിലർ മരണപ്പെട്ടത് 1950 കളിലാണ് . മരണപ്പെട്ടവരുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ ആണ് അവർ കൊണ്ടുവന്നിട്ടുള്ളത്.

ചന്ദ് പിന്നീട് പാകിസ്ഥാനിലേക്ക് മടങ്ങിയില്ല. ദൽഹിയിലെ ജഹാംഗീർപൂരിൽ കഴിയുന്ന ഇരുന്നൂറോളം വരുന്ന പാകിസ്ഥാനി ഹിന്ദുക്കളോടൊപ്പം അയാളും കൂടി.

കറാച്ചിയിൽ താൻ അഭിമുഖീകരിച്ചപ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ” 2009 ൽ എൻറെ ഭാര്യ അർബുദം പിടിപെട്ട് മരണപ്പെട്ടു ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്. ഭാര്യയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു ദിവസം രാവിലെ 16 വയസ്സുണ്ടായിരുന്ന എൻറെ ഇളയ മകളെ കാണാതായി. ഞാൻ അന്വേഷിച്ചപ്പോൾ ഒരു അറിയപ്പെടുന്ന ഗുണ്ടയായ പ്രായംചെന്ന ഒരാളോടൊപ്പം അവൾ ഒളിച്ചോടി എന്നാണ് പലരും പറഞ്ഞത്. ഒറ്റ രാത്രി കൊണ്ട് അവർ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി. ചില മുതിർന്ന ആളുകൾ ഇടപെടൽ കാരണം എനിക്ക് അവളെ കാണാൻ സാധിച്ചു. ഒരു വാക്കും പറയാതെ അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവൾ ഒളിച്ചോടി എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചില്ല. ആ മനുഷ്യൻ കുറെ നാളുകളായി എൻറെ മകൾ നോട്ടമിട്ടിരുന്നു . മൂത്ത മകളെ ഞാൻ യഥാസമയത്ത് തന്നെ വിവാഹം കഴിപ്പിച്ചു.” അയാൾ പറഞ്ഞു .

“എൻറെ മകൾക്ക് വേണ്ടി പോരാടുന്ന ധൈര്യം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു . പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് ഒരു സ്വകാര്യ സേന തന്നെ ഉണ്ട് . അവർ എന്നെ ഭീഷണിപ്പെടുത്തി . പരാതിപ്പെട്ടിട്ടും പ്രാദേശിക പോലീസ് ശ്രദ്ധിച്ചതേയില്ല . പരസ്യമായി എന്നെ പരിഹസിച്ചു .” ചന്ദ് വിതുമ്പി .

അധികവും സിന്ധ്, കറാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് ജഹാംഗീർ പുരി ക്യാമ്പിലുള്ളത് . ഈ മേഖലയിൽ നിന്നുള്ള മറ്റ് അഭയർത്ഥികളിലധികവും രാജസ്ഥാനിലും ഗുജറാത്തിലും ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ചിലർ 1990 കളിൽ തന്നെ ഇവിടെയുണ്ടെങ്കിലും ഇതുവരെ പൗരത്വം ലഭിക്കാത്തത് കൊണ്ടു റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഗ്യാസ് കണക്ഷൻ സ്വത്ത് വാങ്ങാനുള്ള അവകാശം തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്തിന് അവരുടെ വിസ അനുവദിക്കാതെ, രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും അവർക്ക് കഴിയുകയില്ല. “എന്നെപ്പോലെ ഇന്ത്യയിൽ വരാനും ഇവിടെ താമസം ആക്കാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഹിന്ദുക്കൾ പാക്കിസ്ഥാനിലുണ്ട്,” മറ്റ് മൂന്ന് അഭയാർഥികളുമായി താൻ പങ്കുവയ്ക്കുന്ന ഒറ്റമുറിയിലിരുന്ന് ചന്ദ് പറയുന്നു. ചന്ദ് കറാച്ചിയിൽ ഒരു ഹക്കീം (വൈദ്യൻ) ആയിരുന്നു. അവിടെ ക്യാംപിലും ആളുകൾ ചികിത്സാർത്ഥം ചന്ദിനെ സമീപിക്കാറുണ്ടെങ്കിലും നേരത്തെ സമ്പാദിച്ചിരുന്നതിന്റെ നാലിലൊന്ന് പോലും ഇപ്പോൾ ലഭിക്കുന്നില്ല. ചന്ദ് ആവശ്യത്തിലധികം സംസാരിക്കുന്നുവെന്നാണ് ക്യാംപിലെ മറ്റുള്ളവർ പറയുന്നത്. ഇത് പാകിസ്ഥാൻ ഹൈകമ്മീഷണറുമായി പ്രശ്നങ്ങളുണ്ടാക്കുമെന്ന് അവർ അയാൾക്ക് മുന്നറിയിപ്പ് നൽകുന്നു. “ഇന്ത്യൻ പൗരത്വം കിട്ടുന്നത് വരെ ഞങ്ങൾ പാകിസ്ഥാനികളാണ്. അതിനാൽ പാക് ഹൈക്കമ്മീഷനിൽ ഇടക്കിടെ പോകേണ്ടി വരും. നേരത്തെ പാസ്പോർട്ട് അഞ്ച് വർഷത്തേക്ക് പുതിക്കിയിരുന്നത് ഇപ്പോൾ ഒരു വര്ഷത്തേക്കാക്കിയിരിക്കുന്നു. അവർ അസുഖകരമായ പല ചോദ്യങ്ങളും ചോദിക്കും,” ഒരു ക്യാംപ് നിവാസി അറിയിച്ചു.

ചന്ദിനെപ്പോലെ തങ്ങളുടെ പെൺമക്കളുടെ സുരക്ഷിതത്വം കരുതി രാജ്യം വിട്ടോടാൻ തയ്യാറായ പല ഹിന്ദുക്കളും പാകിസ്ഥാനിലുണ്ട്. സിന്ധിൽ ഖോത്കി ഗ്രാമത്തിലെ തന്റെ വസതിയിൽ കമനീയമായി അലങ്കരിച്ച സ്വീകരണമുറിയിരുന്ന് സംസാരിക്കുമ്പോൾ 52-കാരനായ കിഷോർ കുമാർ വളരെ അസ്വസ്ഥനായി കാണപ്പെട്ടു. പണമുണ്ടെങ്കിലും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ.മൂന്ന് ടെക്സ്റ്റൈൽ ഫാക്ടറിയുടെ ഉടമയായ അദ്ദേഹത്തിന് രണ്ട് പുത്രിമാരും ഒരു പുത്രനുമുണ്ട്. പാകിസ്ഥാൻ വിടാൻ ഒരുങ്ങി നിൽക്കുന്ന അദ്ദേഹം പറയുന്നു: “ജന്മദേശം ,നാല് തലമുറകളുടെ ജന്മദേശം വിട്ട്പോകുക വേദനാജനകമാകുന്നു. പക്ഷെ പ്രശ്നങ്ങൾ ഗുരുതരമായ സ്ഥിതിക്ക് പോകുകയല്ലാതെ വഴിയില്ല. എന്റെ ജന്മദേശത്തെ സ്നേഹിക്കുന്നുവെങ്കിലും കുട്ടികളുടെ ഭാവി കരുതി ഇന്ത്യയിലേക്ക് പോകുകയാണ്.” അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

കിഷോർ കുമാറിന്റെ ആശങ്ക കോളേജ് വിദ്യാർത്ഥിനികളായ തന്റെ പുത്രീമാരെക്കുറിച്ചാണ്. “ന്യൂനപക്ഷത്തെ മൂന്നാം തരം പൗരന്മാരായി കണക്കാക്കുന്ന ഇവിടെ രണ്ട് പെൺമക്കളുള്ള ഒരച്ഛന്റെ ആധി നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. എന്റെ കുടുംബം, പ്രത്യേകിച്ചും എന്റെ പെൺമക്കൾ പീഡാനത്തിനിരയാകാതിരിക്കാൻ വൻ തുക ചോദിച്ചുകൊണ്ടുള്ള ഫോൺകോളുകൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു,” അദ്ദേഹം വെളിപ്പെടുത്തുന്നു.  കിട്ടാൻ വിഷമകരമായ വിസക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം.

സിന്ധിലെ മിർഖാസിൽ നിന്നും അഹമ്മദാബാദിലേക്ക് 2012 ഫെബ്രുവരിയിൽ തനിക്കും കുടുംബത്തിനുമുള്ള വിസ കിട്ടാനായി മൂന്ന് വർഷമാണ് 35-കാരനായ ഡോക്ടർ അശോക് കുമാർ കർമാനിക്ക് കാത്തിരിക്കേണ്ടി വന്നത്. 2009-ലെ ഭീകരവാദികളുടെ മുംബൈ ആക്രമണം കാരണം പാക്കിസ്ഥാനികൾക്ക് വിസ നൽകുന്നതിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. അഞ്ചിൽ ഒന്നുവീതം വിസക്കാണ് അനുമതി നൽകപ്പെട്ടത്. ” വിസാ നിയമങ്ങൾ ലഘൂകരിച്ചാൽ സിന്ധിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഇന്ത്യയിലേക്ക് പോകും,” കർമാനി വ്യക്തമാക്കുന്നു. ഒരു ബിസിനസ്കാരന്റെ മകനും കറാച്ചിയിലെ ലിയാക്കത്ത് മെഡിക്കൽ കോളേജിൽ നിന്നുള്ള ബിരുദധാരിയുമായ കർമാനി കൂട്ടകുടുംബത്തോടൊപ്പം ഒരു പടുകൂറ്റൻ ബംഗ്ളാവിലാണ് താമസം. ഏഴ് വർഷം ഇന്ത്യയിൽ താമസിച്ചാൽ തനിക്കും കുടുംബത്തിനും സ്ഥിരം പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഒട്ടേറെപേർ ഇവിടെ ദുരിതത്തിൽ കഴിയുന്നതിൽ കർമാനിക്ക് വിഷമമുണ്ട്. “സിന്ധിൽ ഹിന്ദുക്കളെ തട്ടികൊണ്ട് പോകലും നിർബന്ധ മതം മാറ്റത്തിന് വിധേയമാക്കലും ഡസൻ കണക്കിന് നടക്കുന്നു. അതിനാൽ അത് വിട പറയേണ്ട സമയം തന്നെയായിരുന്നു,” കർമാനി പറയുന്നു.

ഹിന്ദുവിരോധം പാകിസ്ഥാനിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞിട്ടുണ്ട്. ലാഹോർ ഹൈകോടതി ചീഫ് ജസ്റ്റിസ് ഖ്വാജ മുഹമ്മദ് ഷെരീഫ് ഹിന്ദുക്കളാണ് പാകിസ്ഥാനിൽ തീവ്രവാദത്തിന് ധനസഹായം നൽകുന്നതെന്ന് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച് 18-ന്റെ ഡോൺ ദിനപത്രം ഇതിനെ പരാമർശിച്ച് എഡിറ്റോറിയലിൽ ഇങ്ങനെ എഴുതുന്നു: “മിസ്റ്റർ ഷെരീഫിന്റെ നാക്ക് പിഴച്ചതായിരിക്കണം. ‘ഇന്ത്യ’ എന്നതിന് പകരം അദ്ദേഹം ;ഹിന്ദു’ എന്ന് പറഞ്ഞതായിരിക്കണം – എന്നിരുന്നാലും ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞ-ആൾ പോലും അതൊരു രുചികെട്ട പരാമര്ശമായിപ്പോയി.” ഉത്പതിഷ്ണുക്കളായ പലരും ഹിന്ദുക്കൾക്കെതിരായ  അതിക്രമങ്ങളെ അപലപിക്കുന്നുണ്ട്. നാഷണൽ അസംബ്ലി അംഗവും പാക് പ്രസിഡന്റ് സർദാരിയുടെ മൂത്ത സഹോദരിയുമായി ഡോക്ടർ അസ്ര ഫസൽ പെചുഹോ ഇന്ത്യടുഡേയോട് പറഞ്ഞത് റിങ്കിൾ കുമാരിയെപ്പോലുള്ള പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന് വിദേയരാകുന്നുണ്ട് എന്നാണ്. “സിന്ധിൽ ഹിന്ദു പെൺകുട്ടികളെ ബലാൽക്കാരമായി മദ്രസകളിൽ പിടിച്ച് വക്കുകയും നിർബന്ധ പൂർവം വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ നിയമനിർമ്മാണം അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു,” അവർ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ ഒരു തീർത്ഥാടന വിസയിൽ 145 ഹിന്ദുക്കളുടെ ഒരു സംഘം പാകിസ്ഥാനിൽ നിന്നും ഡൽഹിയിലെത്തി. ഇപ്പോൾ വിസ നീട്ടിക്കിട്ടിയ അവർ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ്. ഉത്തര ഡൽഹിയിലെ മജ്നു കാ ജില്ലയിൽ താൽക്കാലിക ടെന്റിൽ കഴിയുന്നതിനിടയിലാണ് അവരിലൊരാളായ സാവിത്രി ദേവി (32) രണ്ടു മാസം മുൻപ് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചത്.”സ്ഥലം വിടണമെന്ന് പറഞ്ഞ് പോലീസുകാർ വന്നപ്പോൾ എന്റെ മകളെ കാട്ടി അവളെങ്കിലും ഇന്ത്യൻ മണ്ണിൽ ജനിച്ചവളാണെന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു,”

ജമുന ദേവി (40) രാജസ്ഥാൻ

സിന്ധിലെ ബഹവൽപ്പൂരിൽനിന്നാണ് 12 വർഷം മുൻപ് അവർ വന്നത്. ജോദ്പൂരിന്റെ പ്രാന്തപ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. താമസസ്ഥലത്ത് വൈദ്യതിയോ വെള്ളമോ ലഭ്യമല്ല.

“എല്ലായിടത്തും കൊതുകും പ്രാണികളുമാണ്. കുട്ടികൾക്ക് അസുഖം വന്നാൽ സർക്കാർ ആശുപത്രികൾ പാകിസ്ഥാനികളെന്ന് പറഞ്ഞ് ഞങ്ങൾക്ക് മരുന്ന് തരികയില്ല.

പൂജാരിലാൽ (31) പഞ്ചാബ്

14 വയസായ സഹോദരി തട്ടിക്കൊണ്ടുപോകലിന് വിധേയയായതിനെ തുടർന്ന് പെഷവാറിൽ നിന്ന് 1998-ൽ പലായനം ചെയ്തു, ” 13 വർഷമായിട്ടും എനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് എന്റെ കടലാസുകൾ ഒട്ടേറെ തവണ മടക്കിയയച്ചു .ഇതിനായി 20,000 -ൽ പരം രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോൾ പണമൊന്നുമില്ലാതായി.”

കുഞ്ഞിനെ താലോലിച്ചു കൊണ്ട് അവർ പറയുന്നു. മൂന്ന് വയസായ മൂത്തമകൾ റാണിയും അമ്മയുടെ അരികിൽ തന്നെയുണ്ട്.

ഇവർക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകാൻ ഒരിക്കലും വയ്യ. “അഞ്ചു വർഷമായി വിസയ്ക്ക് ശ്രമിക്കുന്ന എനിക്ക് ഇപ്പോൾ മാത്രമാണ് അത് കിട്ടിയത്,അതും ഒരു തീർഥാടനത്തിന്റെ ഭാഗമായി, താത്കാലിക ടെന്റിൽ കഴിയുന്ന കഷൻ ലാൽ(30) പറയുന്നു, അദേഹത്തിന്റെ ഭാര്യ അടുത്തിരുന്നു ചപ്പാത്തി ഉണ്ടാക്കുന്നു. മൂന്ന് കുട്ടികളും ക്യാമ്പിന്റെ ചുറ്റും ഓടിക്കളിക്കുന്ന. “വെള്ളത്തിൽ നിന്ന് പുറത്തിട്ടു മത്സ്യത്തെ പോലെയാണ് പാകിസ്ഥാനിൽ ഹിന്ദുക്കൾ. എല്ലാവരും ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു, പക്ഷെ ഇവിടെ വന്നാൽ കാര്യങ്ങൾ മറ്റൊരു തരത്തിലാണ്, ലാൽ കൂട്ടിച്ചേർക്കുന്നു

സിന്ധിലെ മിർപൂർഖാസ് ജില്ലയിൽ നിന്നും അഹമ്മദാബാദിൽ എത്തിയ കൃഷൻ ലാൽ ഭതർ കൂപ്പ് കൈകളുമായി പറയുന്നു

“ഞങ്ങൾക്ക് ഈ രാജ്യത്തിൽ നിന്ന് സുരക്ഷിത്വമല്ലാതെ മറ്റൊന്നും വേണ്ടാ, ഞങ്ങൾ ഇന്ത്യയോട് എന്നും വിശ്വസ്തത പുലർത്തും,ഞങ്ങൾ ഇവിടെ കിടന്നു തന്നേ മറിക്കും ” പാകിസ്ഥാനിൽ ഒരു പലചരക്ക് കട നടത്തിയിരുന്ന ജീവിതത്തെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. അദ്ദേഹത്തിന്റെ മകൾ ജയ്മാലയെയും (22) തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റി ഒരു മുസ്ലിം വിവാഹം കഴിക്കുകയായിരുന്നു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പല പ്രാദേശിക നേതാക്കന്മാരെയും സമീപിച്ചുവെങ്കിലും ഒരു ഭലവുമുണ്ടായില്ല. കേസ് കൊടുക്കുകയും കോടതിയിൽ പോകുകയും ചെയ്തുവെങ്കിലും കോടതിയിലെ അവസാന വിചാരണ ദിവസം മൂന്ന് ഡസനോളം തോക്ക് ധാരികളായ മുസ്ലിം യുവാക്കൾ കോടതി പരിസരത്ത് എത്തി. ജയ്മാലയെ അച്ഛനും അമ്മയ്ക്കും മുന്നിൽ കൊണ്ട് വന്നെങ്കിലും ആകെ ഭയന്ന് പോയ അവൾ മാതാപിതാക്കളെ ഒന്ന് നോക്കുക പോലും ചെയ്യാതെ “എനിക്ക് ഇവരെ അറിയില്ല “എന്ന് പറഞ്ഞു.

1999-ൽ പെഷവാറിൽ നിന്നെത്തി പഞ്ചാബിലെ ഖന്നയിൽ താമസിക്കുകയാണ് പൂജാരി ലാൽ(31). തന്റെ കൗമാര പ്രായക്കാരിയായ സഹോദരി തട്ടിക്കൊണ്ടു പോകലിനും  ബലാത്സംഗത്തിനും ഇരയായതിനെത്തുടർന്നാണ്‌ അയാൾ നാടുവിട്ടത്. പാകിസ്ഥാനിൽ നിന്നുള്ള 1200 ഹിന്ദു, സിഖ് അഭയാർത്ഥികളുണ്ട് ഇവിടെ. “13 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ പൗരത്വം കിട്ടിയിട്ടില്ല. ഒട്ടേറേത്തവണ എന്റെ കടലാസുകൾ മടങ്ങിവന്നു. എന്റെ മാതാപിതാക്കളുടെ ജനനത്തീയതിക്കും ജന്മസ്ഥലത്തിനും അവർ തെളിവു ചോദിക്കുന്നു. അതൊന്നും കൈവശമില്ല,” ഇനി എന്തു ചെയ്യണമെന്നറിയാതെ അയാൾ പറയുന്നു. ഖന്നയിലെ തിരക്കേറിയ തെരുവുകളിൽ പച്ചക്കറികൾ വിറ്റാണ്‌ ലാൽ ജീവിക്കുന്നത്. ഇവിടുത്തെ ചന്ത നടത്തുന്നത് പാക് അഭയാർത്ഥികളാണ്‌. അല്പം ഉയർന്ന സാമ്പത്തിക നിലയുള്ളവർക്ക് വലിയ കടകളുണ്ട്. തങ്ങളുടെ കൂടെയുള്ള ദാതാ റാം (33) പാക് ഹൈക്കമീഷനിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ക്ലിയറൻസ് ലഭിച്ചതോടെ ഇന്ത്യൻ പൗരത്വത്തിന്‌ അർഹത നേടിയതിൽ അവരെല്ലാം ആഹ്ലാദം പങ്കിടുന്നു. ഇനി റാമിനും കുടുംബത്തിനും പാസ്പോർട്ട് സംബന്ധമായ ഫീസ് നല്കാൻ 6000 രൂപ വേണം. അത് ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ റാം ഇപ്പോൾ. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലാലാണ്‌ ഇവർക്കിടയിലെ ഏറ്റവും വലിയ വിദ്യാസമ്പന്നൻ. അതിനാൽ ഇവരെല്ലാം ഉപദേശം തേടി ചെല്ലുന്നത് റാമിന്റെ അടുത്താണ്‌. 1946-ൽ ജനിച്ചതുകൊണ്ട് ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് പൗർത്വത്തിന്‌ അർഹനാണെന്ന് ഉപദേശം തേടിയെത്തിയ ലാലാ മദൻ ലാലിനോട് റാം പറയുന്നു.

ജോധ്പൂരിൽ പാകിസ്ഥാനി ഹിന്ദുക്കൾ താവളമാക്കിയ സ്ഥലമാണ്‌ അൽ കൗസർ. അവിടെ കണ്ടുമുട്ടിയ തുൾസിറാം പറയുന്നത് ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്ന് വിസ കിട്ടാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ്‌. സിന്ധിലെ താർപർകർ ജില്ലയിൽ നിന്നും ഇസ്ലാമബാദിൽ പോയി കാര്യം നേടണമെങ്കിൽ 30000 രൂപയെങ്കിലും വേണം. മിക്കവർക്കും അതിനുള്ള ധനസ്ഥിതി ഇല്ലെന്ന് തുൾസീറാം പറയുന്നു. ജോധ്പൂരിന്റെ പ്രാന്തപ്രദേശത്തെ മറ്റൊരു അഭയാർഥി ക്യാമ്പിൽ കണ്ടുമുട്ടിയ ജമുനാ ദേവി (40) ക്യാമ്പിലെ പ്രശ്നങ്ങളെക്കുറിച്ചാണ്‌ പറഞ്ഞത്. “കുട്ടികൾക്ക് അസുഖം വന്നാൽ സർക്കാർ ആശുപത്രികൾ ഞങ്ങൾ പാകിസ്ഥാനികളാണെന്ന് പറഞ്ഞ് മരുന്ന് തരുകയില്ല,” അവർ പറയുന്നു.

റാണാ റാമിന്റെ (32) കഥയും വ്യത്യസ്തമല്ല. തന്റെ ഭാര്യയെ ചില മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനെ തുടർന്നാണ്‌ അദ്ദേഹം നാടുവിട്ടത്. “എന്റെ ഭാര്യയെ തിരിച്ചുതരാൻ ഞാൻ കരഞ്ഞ് അപേക്ഷിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നു,” റാം പറയുന്നു. അങ്ങനെയാണ്‌ രണ്ട് കുട്ടികളുമായി അയാൾ ജോധ്പൂരിലെത്തിയത്. കുട്ടികളെ നോക്കാൻ ഒരാൾ വേണമെന്നതിനാൽ അയാൾ വീണ്ടും വിവാഹം കഴിച്ചുവെങ്കിലും രണ്ട് മാസത്തിനുള്ളിൽത്തന്നെ ആ സ്ത്രീ മലമ്പനി പിടിപെട്ട് മരണപ്പെട്ടു.

ഇവർ ഒരു വോട്ടുബാങ്കല്ലാത്തതിനാൽ വളരെക്കുറച്ച് രാഷ്ട്രീയക്കാരേ ഇവരുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാറുള്ളൂ. രാജ്യസഭയിൽ ബിജെപിയുടെ എം പി അവിനാശ് റായ് ഖന്ന ഈ പ്രശ്നം ഉന്നയിച്ചപ്പോൾ വിദേശകാര്യ സഹമന്ത്രി ഈ അഹമ്മദ് മാർച്ച് 22ന്‌ ഇങ്ങനെ മറുപടി നല്കി: “സർക്കാർ പാകിസ്ഥാൻ സർക്കാറിന്റെ ശ്രദ്ധയിൽ ഈ പ്രശ്നം കൊണ്ടുവന്നിട്ടുണ്ട്. എല്ലാ പൗരന്മാരുടെയും ക്ഷേമം, പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമം തങ്ങൾ പരിരക്ഷിക്കുന്നുണ്ടെന്നാണ്‌ പാക് സർക്കാർ പറഞ്ഞിട്ടുള്ളത്”. മതേതര ഇന്ത്യയിലെ വിദേശമന്ത്രാലയം പാകിസ്ഥാന്റെ അവകാശവാദം മുഖവിലക്കെടുത്തിരിക്കുന്നു. മതേതര നിലപാട് സ്വീകരിക്കുന്ന ഇന്ത്യ എങ്ങനെയാണ്‌ പാകിസ്ഥാനിലെ ഹിന്ദുക്കൾക്കുവേണ്ടി സംസാരിക്കുക എന്നാണ്‌ അവർ ചോദിക്കുന്നത്.

ഇന്താ ടുഡേ ശേഖരിച്ച വിവരങ്ങൾ പാക് സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നു. 2010-ൽ 90-ൽ അധികം കുടുംബങ്ങളും 2011-ൽ 145 കുടുംബങ്ങളും 2012-ൽ ഇതുവരെയായി 54 കുടുംബങ്ങളും ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. ലഭ്യമായ രേഖകൾ അനുസരിച്ച് 2010 മുതൽ പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് 24, ശ്രീലങ്കയിലേക്ക് 12 വീതം കുടുംബങ്ങൾ കുടിയേറിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം പാകിസ്ഥനിലെ ജാക്കോബാബാദിൽ നിന്നും 30 കുടുംബങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. മാർച്ച് 28-ന്‌ ആഭ്യന്തരമന്ത്രാലത്തിലെ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പാർലമെന്റിൽ നല്കിയ വിവരമനുസരിച്ച് 2009-നും 2011-നും ഇടയിൽ ഇന്ത്യൻ പൗരത്വത്തിനു വേണ്ടി 148 അപേക്ഷകൾ ലഭിച്ചതിൽ 16 എണ്ണം മാത്രമാണ്‌ അനുവദിച്ചത്. വേണ്ടത്ര രേഖകൾ സമർപ്പിക്കാത്തതിനാൽ 119 എണ്ണം തടഞ്ഞു വച്ചിരിക്കുകയാണ്‌. 13 അപേക്ഷകൾ നിരസിച്ചു. പൗരത്വ നിഷേധം അഭയാർഥികളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കുന്നു. ഖന്നയിൽ ഞങ്ങൾ കണ്ടുമുട്ടിയ ലാലാ മദൻ ലാൽ (66) സാദത് ഹസൻ മാന്റൊ ഉർദുവിലെഴുതിയ തോബ തേക് സിംഗ് എന്ന കഥയെപ്പറ്റി പറഞ്ഞു: “ ആ കഥയിലെ ബിഷൻ സിംഗിനെപ്പോലെ ഞങ്ങളെല്ലാവരും സ്വന്തം നാടെന്നു പറയാൻ ഒന്നുമില്ലാതെ ആരുടേതെന്നുമല്ലാത്ത ഭൂമിയിൽ കിടന്ന് മരിക്കേണ്ടി വരും.”

ക്വസ്‌വർ അബ്ബാസ്, ഉദയ് മഹൂർക്കർ എന്നിവരുടെ റിപ്പോർട്ടുകളോടെ ഭാവനാ വിജ്-അറോറ

റിങ്കിളിന്റെ പുതിയ ജീവിതവും പഴയ ചില ചോദ്യങ്ങളും.

മതം മാറ്റത്തിൽ ഭരണകക്ഷിയിലെ ഒരു സാമാജികന്റെ പങ്ക് ആക്ടിവിസ്റ്റുകൾ സംശയിക്കുന്നു.

രാഷ്ട്രീയ ശക്തിയും കൊടും ക്രൂരതയും കൊണ്ട് പാകിസ്താനിലെ ഹിന്ദുക്കൾ എങ്ങനെ പീഡിപ്പിക്കപ്പെടുന്നു എന്നതിനും പെൺകുട്ടികൾ എങ്ങനെ നിർബന്ധപൂർവ്വം മതം മാറ്റപ്പെടുന്നു എന്നതിനും ഒരു നല്ല ഉദാഹരമാണ് റിങ്കിൾ കുമാരി. ഈ പ്രശ്നത്തിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പിപിപി) നിയമസഭാംഗം മിയാൻ അബ്ദുൽ ഹക്വിന്റെ പങ്കിലേക്ക് പൗരാവകാശ പ്രവർത്തകർ വിരൽ ചൂണ്ടിയിട്ടുണ്ട്. പ്രാദേശിക പത്രങ്ങളിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഹിന്ദു പെൺകുട്ടികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽ അദേഹത്തിന് പങ്കുണ്ടന്ന് അവർ ആരോപിക്കുന്നു. ആരോപണം ആദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും റിങ്കിളിന്റെ കേസിൽ അദ്ദേഹത്തിന് മുഖ്യ പങ്കുണ്ടന്നു സംശയിക്കേണ്ടിയിരിക്കുന്നു. റിങ്കിളിന്റെ കേസ് വിചാരണ നടക്കുമ്പോൾ അദ്ദേഹത്തിന്റെ മകനും ആയുധധാരികളായ അനുയായികളും കോടതി പരിസരത്തും ഘോത്കി ഗ്രാമത്തിലെ അവളുടെ വീടിന്റെ സമീപത്തും ചുറ്റിയടിച്ചിരുന്നു. ഇസ്ളാമാബാദിൽ ഹക്വിന്റെ വസതിയിൽ വെച്ചാണ് ഇന്ത്യ ടുഡേ ഏപ്രിൽ 21-ന് റിങ്കിളിനെ(ഇപ്പോൾ ഫരിയാൽ ഷാ)കാണുന്നത്. അവളുടെ പരിണാമം പൂർത്തിയായി കഴിഞ്ഞിരുന്നു. അവൾക്ക് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു. “ഞാൻ തെരെഞ്ഞെടുത്ത പുരുഷനെ വിവാഹം കഴിക്കാനാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്” അവൾ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ സുപ്രിംകോടതി മുമ്പാകെ നൽകിയ മൊഴിയിൽ അവൾ പറഞ്ഞിരുന്നത് ആ മനുഷ്യനെ അതിന് മുൻപ് ഒരിക്കലും താൻ കണ്ടിട്ടില്ല എന്നായിരുന്നു. ഹക്വിനെ കുറിച്ച് അവൾ പറഞ്ഞത് ഇതായിരുന്നു, “അദ്ദേഹം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വിവാഹത്തിന് സൗകര്യം ചെയ്തു കൊടുക്കുകയും കൂടാതെ അവരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന് നേരത്തെ തന്നേ ഞാനും നവീദും കേട്ടിരുന്നു” റിങ്കിൾ പറയുന്ന പുതിയ കഥ പൗരാവരാവകാശ പ്രവർത്തകർ വിശ്വസിക്കുന്നില്ല. ഏപ്രിൽ 17-ന് ഇസ്ലാമബാദിൽ നടത്തിയ പത്രസമ്മേളത്തിൽ പൗരാവകാശ പ്രവർത്തികർ റിങ്കിളിന്റെ കേസിൽ ഹക്വിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവനാ വിജ്,-ആറോറ, ക്വസ്വർ അബ്ബാസ്.