ആർട്ടിക്കിൾ #370 ഇല്ലാതാകുമ്പോൾ

— ബിനോയ് അശോകൻ —

തീവ്രവാദികളുടെ കടുത്ത ഭീഷണി നിലനിന്നിരുന്ന തൊണ്ണൂറുകളിൽ, അതിനെയെല്ലാം തൃണവൽഗണിച്ച് കശ്മീരിലെ ലാൽ ചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിയത് ബിജെപിയുടെ മുരളിമനോഹർ ജോഷിയും നരേന്ദ്ര മോദിയുമായിരുന്നു. ഇന്ന് അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവിടെ ഔദ്യോഗികമായി, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തുമ്പോൾ ബിജെപി എന്ന ദേശീയവാദികൾ രാജ്യത്തോടുള്ള അവരുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയാണ്‌. മോദി അദ്ധേഹത്തിന്റ ഏറ്റവും വലിയലെഗസികളിലൊന്ന് ചരിത്രത്തിൽ എഴുതിച്ചേർക്കുക കൂടിയായിരുന്നു ആർട്ടിക്കിൾ370 ഇല്ലാതാക്കിയതിലൂടെ.

ജമ്മു കശ്മീരിന്റെയും, ഭാരതത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിർണ്ണായക മായ ദിവസങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു 2019 ആഗസ്റ്റ് 5 എന്ന ദിവസം. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 എന്ന വകുപ്പ് റദ്ദാക്കാനുള്ള ബിൽ അന്നാണ് ഇന്ത്യൻ പാർലമെന്റിൽ, രാജ്യസഭയിൽ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്. അതിനൊപ്പം ജമ്മു കാശ്മീരിനെ ‘ജമ്മു & കശ്മീർ’ എന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും അവതരിപ്പിച്ച് പാസാക്കി.
അതായത് ആഗസ്റ്റ് 5 മുതൽ ഇനി ജമ്മു കശ്‍മീർ എന്ന സംസ്ഥാനമില്ല. അതിന്റെ സ്ഥാനത്ത് 2 യൂണിയൻ ടെറിറ്ററികൾ- കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്. ഇതുവരെ 29 സംസ്ഥാങ്ങളും 7 യൂണിയൻ ടെറിറ്ററി (U.T)കളും ഉണ്ടായിരുന്നത് ഇനി മുതൽ 28 സംസ്ഥാനങ്ങളും 9 U.Tകളും എന്നായി മാറിയിരിക്കുന്നു. ഡൽഹിയും പുതുച്ചേരിയും പോലെ തിരഞ്ഞെടുപ്പും എംഎൽഎമാരും ഒക്കെയുള്ള, സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയുമുള്ള ഒരു U.T ആയിരിക്കും ജമ്മു & കശ്‍മീർ. ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ജമ്മു & കശ്‍മീരിന്‌ പൂർണ്ണസംസ്ഥാന പദവി നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി യിട്ടുണ്ട്. സ്വന്തമായി മന്ത്രിസഭയില്ലാത്ത പൂർണ്ണമായും കേന്ദ്ര ഭരണത്തിൽ കീഴിലുള്ള U.T ആയിരിക്കും ലഡാക്ക്.
ആർട്ടിക്കിൾ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതോടെ ബിജെപിയുടെ എക്കാലത്തെയും ഏറ്റവും വലിയ ആവശ്യങ്ങളായ അഥവാ വാഗ്ദാനങ്ങളായ മൂന്ന് പ്രധാന വിഷയങ്ങളിൽ ഒന്ന് നിറവേറ്റുകയാണ്‌ അവർ ചെയ്തത്. യൂണിഫോം സിവിൽ കോഡും, അയോദ്ധ്യയിലെ രാമക്ഷേത്രവുമാണ് മറ്റ് രണ്ട് വിഷയങ്ങൾ. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വിവാദ വിവാദമായ വിഷയങ്ങളും അവ തന്നെയാണ്. അതിൽ തന്നെ നടപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് എല്ലാവരും കരുതിയിരുന്നതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതും. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച എതിർപ്പുകളും ഉണ്ടായി.
അങ്ങനെ എതിർത്തവരുടെയും, ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിനെ അനുകൂലിച്ചവരുടെയും വാദഗതികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ബില്ലിനെ പാർലമെന്റിൽ എതിർത്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വാദം ഭരണഘടന തത്വങ്ങൾ ലംഘി ച്ചു അഥവാ ഒരിക്കൽ കാശ്മീരിന് കൊടുത്തിരുന്ന വാഗ്ദാനം ലംഘിച്ചു എന്നതായിരുന്നു. ഇത് നേരിട്ട് ബാധിക്കുന്ന ജനങ്ങളെ, അതായത് കാശ്മീരികളെ വിശ്വാസത്തിലെടുക്കാതെയാണ്, കർഫ്യു പ്രഖ്യാപിച്ച് അവരെ തടങ്കലിൽ വച്ചാണ് സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചതെന്നായിരുന്നു മറ്റൊരു പരാതി.
ജമ്മുകശ്മീരിലെ പാർട്ടികളായ പിഡിപി, നാഷണൽ കോൺഫെറൻസ്(NC) എന്നിവരടക്കം കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ഇടതുപക്ഷം എന്നിവരാണ് ബില്ലിനെ പാർലമെന്റിൽ എതിർത്തവർ. ഭരണപക്ഷത്ത് നിന്ന് നിതീഷ് കുമാറിന്റെ ജെഡിയുവും ബില്ലിനെ പിന്തുണച്ചില്ല.
എൻഡിഎ ഘടക കക്ഷികൾക്ക് പുറമെ മായാവതിയുടെ ബിഎസ്പി, കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി(AAP), ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്(YSRC), ഒറീസയിലെ ബിജു ജനതാ ദൾ(BJD), തെലുഗ് ദേശം പാർട്ടി(TDP) എന്നീ പ്രതിപക്ഷ പാർട്ടികളെല്ലാം സർക്കാർ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ചു.
ഇന്ത്യക്കും ജമ്മു കാശ്മീരിനുമിടയിലെ ഒരു വിലങ്ങ് തടിയാണ് ആർട്ടിക്കിൾ 370 എന്നതാണ് അതിനെ എതിർക്കുന്നവരുടെ, പ്രത്യേകിച്ച് ബിജെപിയുടെ പ്രധാനപ്പെട്ട വാദം. പാർട്ടി ഉണ്ടായ കാലം മുതലേ അവരുടെ പ്രകടപ്പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യമാണ് കാശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന 370ഉം, 35(A)ഉം വകുപ്പുകൾ എടുത്ത് കളയണമെന്നുള്ളത്.
ഭരണഘടനയിലെ 370ആം വകുപ്പിന്റെ ബലത്തിലാണ് ജമ്മു കാശ്മീരിന് മാത്രം സ്വന്തമായി ഭരണഘടയും, സ്വന്തമായി ദേശീയ പതാകയുമൊക്കെയുള്ളത്. സ്വന്തമായി പ്രധാനമന്ത്രിയുമുണ്ടായിരുന്നു. അതായത് ഇന്ത്യൻ ഭരണഘടനയും, ഇന്ത്യൻ ദേശീയ പതാകയും 370ആം വകുപ്പ് പ്രകാരം ജമ്മു കാശ്മീരിന് ബാധകമല്ല. ഇന്ത്യൻ പാർലമെന്റ് രാജ്യത്തെ ജനനന്മയെ കരുതി, അവരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്താൽ ഉദ്ദേശിച്ച് കാലാകാലങ്ങളിൽ പാസാക്കുന്ന നിയമങ്ങൾ ജമ്മു കാശ്മീരിൽ നടപ്പാക്കാൻ ആ സംസ്ഥാനത്തിന് ബാധ്യതയില്ല. ജമ്മു കാശ്മീർ നിയമസഭക്ക് അത് തടയാനുള്ള അധികാരം നല്കുന്നത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 എന്ന വകുപ്പാണ്. ഇന്ത്യക്കും ജമ്മു കാശ്മീരിനുമിടയിലെ ഒരു വിലങ്ങ് തടിയാണ് ആർട്ടിക്കിൾ 370 എന്ന് പറയാനുള്ള പ്രധാന കാരണമിതാണ്.
പാർലമെന്റിൽ നടന്ന ബില്ലിന്മേലുള്ള ചർച്ചയിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നടപ്പാക്കിയിട്ടും ജമ്മു കാശ്മീരിൽ മാത്രം നടപ്പിലാക്കാൻ കഴിയാത്ത അത്തരം ഏതാനും നിയമങ്ങൾ ആഭ്യന്തര മന്ത്രി അമിത്ഷാ അക്കമിട്ട് നിരത്തുകയുണ്ടായി.
ബാലവിവാഹം നിരോധിച്ചുള്ള, വിവാഹത്തിന്റെ പ്രായം നിശ്ചയിക്കുന്ന നിയമം, ദേശീയ മൈനോറിറ്റി കമ്മീഷൻ സ്ഥാപിച്ച് കൊണ്ടുള്ള നിയമം, 6 വയസ് മുതൽ14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവന്റെ/അവളുടെ അവകാശമാകുന്ന അത് സംസ്ഥാ നങ്ങളുടെ ഉത്തരവാദിത്വമാക്കുന്ന റൈറ്റ് ടു എഡ്യൂകേഷൻ (RTE) – ദേശീയ വിദ്യാഭ്യാസ അവകാശ നിയമം , നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ നിയമം, ജനസംഖ്യ വർദ്ധിക്കുന്ന അനുപാതത്തിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടത്താനുള്ള ഡീലിമിറ്റേഷൻ ബിൽ, അഴിമതി വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായ വിസിൽ ബ്ലോവർ പ്രൊട്ടക്ഷൻ ആക്ട്, നാഷണൽ കമ്മീഷൻ ഫോർ സഫായി കർമചാരി, ദളിതുകൾക്കും ആദിവാസികൾക്കുമുള്ള രാഷ്ട്രീയ സംവരണം, വനവാസി പരിരക്ഷണ നിയമങ്ങൾ എന്നിവ അവയിലേതാ നും മാത്രമാണ്.

ആർട്ടിക്കിൾ370 ഇല്ലാതായതായതോടെ ഇതെല്ലാം ഇനി ജമ്മു കശ്മീരിലെ ജനങ്ങൾക്കും അവകാശപ്പെട്ടതായി മാറുന്നു. ആർട്ടിക്കിൾ 370 എന്തുകൊണ്ട് ഇല്ലാതാവണം എന്നതിനുള്ള ബിജെപി പക്ഷത്തിന്റെ ഉത്തരങ്ങളിലൊന്നാണിത്. ആർട്ടിക്കിൾ 370ൽ 35(A) എന്ന വകുപ്പ് കൂടി കൂടിച്ചേരുമ്പോൾ ജമ്മു കശ്മീരിന്റെ ഭാരതത്തിൽ നിന്നുള്ള അന്യവൽക്കരണം പൂർത്തിയാവുന്നു. മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തുമില്ലാത്ത ‘പെർമനെന്റ് റെസിൻഡെന്റ് സിറ്റിസൺ – PRC ‘ എന്ന പദവി ജനങ്ങൾക്ക് നൽകാനും, നല്കാതിരിക്കാനുമുള്ള അധികാരം ഈ വകുപ്പ് പ്രകാരം ജമ്മുകാശ്മീരിന് മാത്രം ലഭിച്ചു. അങ്ങനെയുള്ള ‘ജമ്മുകാശ്‌മീർ പൗരന്’ മാത്രമായി ‘റിസേർവ്’ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നിശ്ചയിക്കാനുള്ള അധികാരവും ജമ്മുകശ്മീർ സർക്കാരിന് നൽകി. ഭവുടമാവകാശവും, സർക്കാർ ജോലിയും, സൗജന്യ വിദ്യാഭ്യാസവും, സൗജന്യ ആശുപത്രി/ആരോഗ്യ പരിരക്ഷാ പദ്ധതികളും, വോട്ട് ചെയ്യാനുള്ള അവകാശവും, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അധികാരവുമെല്ലാം അങ്ങനെ ഇന്ത്യൻ പൗരന്മാർക്ക് അവകാശമില്ലാത്തതും ജമ്മു കശ്മീരിലെ PRCകൾക്ക് മാത്രം അവകാശപ്പെട്ടതുമായി മാറി.
വിഭജ സമയത്ത് കിഴക്കൻ പഞ്ചാബിൽ നിന്ന് വന്ന ആദിവാസികളും, ഒബിസികളും അടക്കം, 1957ൽ സംസ്ഥാനത്തേക്ക് കൊണ്ട് വന്ന പട്ടിക ജാതിക്കാരായ വാൽമികി എന്ന സമുദായത്തിനും അങ്ങനെ ജമ്മുകശ്മീരിൽ ഒരു വിധ സർക്കാർ ആനുകൂല്യത്തിനും അർഹതിയില്ലാതെ ദുരിതജീവിതം നയിക്കേണ്ടി വന്നു. മായാവതിയുടെ ബിഎസ്പി ബിജെപി കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

ജമ്മു കാശ്മീരിൽ വലിയ രീതിയിൽ തൊഴിൽ നല്കാൻ കഴിയുന്ന വ്യവസായങ്ങളും, തൊഴിൽ സ്ഥാപനങ്ങളും, മെഡിക്കൽ സൗകര്യങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നും വരാതിരിക്കാനുള്ള ഒരേയൊരു കാരണം ആർട്ടിക്കിൾ 370ന്റെ ഭാഗമായ ഈ ആർട്ടിക്കിൾ 35(A)യിലെ മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകളാണ്. അങ്ങനെ തൊഴിലും ജീവിത സാഹചര്യങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇല്ലാതാവുന്നതോടെയാണ് അവിടുത്തെ ജനത പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന വിഘടനവാദി ഗ്രൂപ്പുകളിൽ അഭയം പ്രാപിക്കാൻ സാഹചര്യമൊരുങ്ങുന്നുന്നത്. അവരുടെ പിന്നോക്കാവസ്ഥക്ക് കാരണം ഇന്ത്യയാണെന്ന അത്തരം സംഘടനകളുടെ മസ്തിഷ്ക പ്രക്ഷാളനത്തിൽ വീഴുന്ന അവർ ഇന്ത്യക്കെതിരെയുള്ള വെറുപ്പിന്റെ വാഹകരായി റുന്നതെങ്ങനെയാണ്.
ആർട്ടിക്കിൾ 370ഉം ആർട്ടിക്കിൾ 35(A) കൂടിച്ചേർന്ന ഒരു ‘deadly combination’ ആണ് ജമ്മു കശ്മീരിലെ ഇന്ത്യാ വിരുദ്ധതതക്ക് നിയമത്തിന്റെ സാധുത നൽകുന്നത്. ചുരുക്കത്തിൽ ജമ്മുകാശ്മീരികൾക്ക് വേണ്ടി ഉണ്ടാക്കിയ 370ആം വകുപ്പ് വാസ്തവത്തിൽ അവരുടെ പുരോഗതിയെ തടസപ്പെടുത്തി, അവരെ തീവ്രവാദത്തിന് അടിമപ്പെടുത്തി അവരുടെ ജീവിതങ്ങളെ നരകതുല്യമാക്കി മാറ്റുന്നതിന് കാരണമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. അവരെ തളച്ചിട്ടിരുന്ന ചങ്ങലയായിരുന്നു ആ വകുപ്പ്, അതില്ലാതാക്കി അവർക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ബിജെപി പക്ഷം പറയുന്നത് അതുകൊണ്ടാണ്.

അവിടെ ഭരണത്തിന്റെയും അഴിമതിയുടെയും സുഖം അനുഭവിച്ച നേതാക്കൾ ഒഴിച്ച് സാധാരണക്കാരുടെയെല്ലാം അഭിപ്രായം അത് തന്നെയാണെന്നതാണ് പിന്നീടുള്ള ദിവസങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് മനസിലാവുന്നത്. ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായ ലഡാക്കിലെയും ജമ്മുവിലെയും ജനങ്ങൾ പൂർണ്ണമായും സർക്കാരിന് നന്ദി പറയുകയാണ്. നിസ്സാരമായ എതിർപ്പുള്ളത് താഴ്വരയിലെ – കശ്മീരിലെ – വിഘടനവാദി വിഭാഗങ്ങളിൽ നിന്ന് മാത്രമാണ്.
ആർട്ടിക്കിൾ 35(A)യിൽ വരുന്ന അനേകം വ്യവസ്ഥകളിലെ ഒരു വ്യവസ്ഥ മാത്രമായ ‘പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ പറ്റില്ല’ എന്നത് മാത്രമാണ് ഇവിടെ പ്രതിപാദ്യവിഷയം എന്ന് തെറ്റിദ്ധരിച്ചവരാണ് നാഗാലാന്റിലും ആർട്ടിക്കിൾ 371 എന്ന സമാനമായ വകുപ്പുണ്ടല്ലോ അപ്പോൾ അവിടെ ആർക്കും സ്ഥലം വാങ്ങാൻ പറ്റാത്തതിനെ കുറിച്ച് ബിജെപിക്ക് ആശങ്കയില്ലേ എന്ന് ചോദിക്കുന്നത്, കാശ്മീരിനോട് മാത്രം ബിജെപി പക്ഷപാതം കാണിക്കുന്നു എന്ന് ആരോപിക്കുന്നത്.
അതിനുള്ള ഉത്തരം, സ്ഥലം വാങ്ങൽ അല്ല ജമ്മു കശ്മീരിലെ പ്രശ്‍നം എന്നതാണ്, നാഗാലാ‌ൻഡ് അടക്കമുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങും ഇല്ലാത്ത ഇന്ത്യൻ പാർലമെന്റിന് അധികാരം ഇല്ലാത്ത അവസ്ഥയാണ് ജമ്മു കശ്മീരിലെ പ്രശ്‍നം, ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി ഭരണഘടന ഉള്ളതാണ് ജമ്മു കശ്മീരിലെ പ്രശ്‍നം, ഇന്ത്യൻ ദേശീയ പതാകക്ക് സ്ഥാനമില്ലാത്തതാണ് ജമ്മു കശ്മീരിലെ പ്രശ്‍നം. ഇതൊന്നും നാഗാലാ‌ൻഡ് അടക്കമുള്ള മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തും ഇല്ല.
പിന്നെ ആർട്ടിക്കിൾ 371 എന്നത് നാഗാലാൻഡിൽ മാത്രമല്ല, മൊത്തം 11 സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള വിവിധ തരം 371 വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുണ്ട്. 371, 371A, 371B എന്ന് തുടങ്ങി 371J വരെ. അതെല്ലാം ഓരോ സംസ്ഥാനങ്ങൾക്ക് അവരരുടെ ചില സാംസ്കാരികമായതും മറ്റുമായ ആവശ്യങ്ങൾ അംഗീകരിച്ച് കൊടുക്കുന്ന വകുപ്പുകൾ ആണ്. ഉദാഹരണത്തിന് ആസാമിന് വേണ്ടിയുള്ള ആർട്ടിക്കിൾ 371B എന്നത് അവിടുത്തെ ട്രൈബൽസിന് – ആദിവാസികൾക്ക് പ്രത്യേക സ്ഥാനം ഉറപ്പ് വരുത്തുന്നതാണെങ്കിൽ, നാഗാലാന്ഡിന് വേണ്ടിയുള്ള 371A പറയുന്നത് നാഗാ വംശജരുടെ മതപരമായും സാംസ്‌കാരികപരമായുമുള്ള വിഷയങ്ങളിലും, ഭൂവുടമാവകാശത്തെക്കുറിച്ചും ക്രയവിക്രയത്തെ കുറിച്ചും ഉള്ള വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി നിയമങ്ങൾ കൊണ്ടുവരാൻ പാടില്ല എന്നതാണ്. ആർട്ടിക്കിൾ 371 ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ചില വിഷയങ്ങളിലുള്ള അധികാരങ്ങളെ നിർവചിക്കാൻ വേണ്ടിയുള്ളതാണ്.
അതായത് ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 371ആം വകുപ്പുകൾക്ക് ജമ്മു കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർതിരിക്കുന്ന ആർട്ടിക്കിൾ 370ഉമായി യാതൊരു താരതമ്യവുമില്ല എന്ന് സാരം.

ബിജെപി അവരുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ്, ചർച്ച ചെയ്യാതെ പെട്ടെന്നെടുത്ത തീരുമാനമാണ് എന്നൊക്കെ ആരോപിക്കുന്നതിലും യാതൊരു അടിസ്ഥാനവുമില്ല. അറുപത് വർഷത്തിലധികമായി ഇന്ത്യൻ സർക്കാരുകൾ കശ്മീരിലെ ജനങ്ങളുമായും, വിഘടനവാദികളുമായും പാകിസ്താനുമായി വരെ ചർച്ച ചെയ്യുകയായിരുന്നു. ബിജെപി എന്ന പാർട്ടി ഉണ്ടായ കാലം മുതൽ അവർ അവരുടെ വാഗ്ദാനങ്ങളുടെ പട്ടികയിൽ-എലെക്ഷൻ മാനിഫെസ്റ്റോയിൽ വ്യക്തമായി എഴുതി വച്ചിട്ടുള്ള, എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ആവർത്തിച്ച് വ്യക്തമാക്കാറുള്ള ഒരു വാഗ്ദാനമായിരുന്നു, എന്ന് പാർലമെന്റിൽ പൂർണ അധികാരം കിട്ടുന്നോ അന്ന് ജമ്മു കശ്മീരിന് ഇന്ത്യയിൽ നിന്ന് വേറിട്ട് നിൽക്കാനുള്ള പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയും എന്നത്.
ബിജെപിയുടെ പ്രാങ് രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി പാർട്ടിയുടെ 370ആം വകുപ്പിനെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് വളരെ വിപ്ലവാത്മകമായി പ്രഖ്യാപിച്ചിട്ടുണ്ട്: ‘ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ, ദോ നിഷാൻ നഹി ചാലേങ്കേ’ എന്ന്. മലയാളത്തിൽ പറഞ്ഞാൽ ‘ഒരു രാജ്യത്ത് രണ്ട് പാർലമെന്റ്, രണ്ട് പ്രധാനമന്ത്രി, രണ്ട് ദേശീയ പതാക എന്ന പരിപാടി അനുവദിക്കില്ല’ എന്ന്. ആ മുദ്രാവാക്യം ഉയർത്തിപ്പിടിക്കാനുള്ള സമരത്തിലാണ് അദ്ധേഹം ജമ്മു കാശ്മീരിലെ തടവറയിൽ അടക്കപ്പെടുന്നതും ദുരൂഹമായി അതിനുള്ളിൽ വച്ച് കൊല്ലപ്പെടുന്നതും.

ഈ വിഷയത്തിൽ ഇത്രയും സുവ്യക്തമായ നിലപാടുള്ള, ത്യാഗത്തിന്റെ ചരിത്രമുള്ള ബിജെപി അവർ വാഗ്ദാനം ചെയ്ത പോലെ അവർക്ക് പൂർണ അധികാരം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അവരുടെ തത്വശാസ്ത്രത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഒരു വിഷയത്തിൽ വാഗ്ദാനം പാലിക്കുകയാണുണ്ടായത്. അത് എന്നും അവരുടെ മാനിഫെസ്റ്റോയിലെ വെറും ഒരു വിഷയമായി കാലാകാലം നിലനിന്ന് കൊള്ളും, ബിജെപി ഒരിക്കലും അതിന്മേൽ ‘ആക്ഷൻ’ എടുക്കില്ല എന്ന് ആരെങ്കിലും കരുതിയിരുന്നെങ്കിൽ അത് ആവരുടെ മാത്രം കുറ്റമാണ്. ഇതേ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയ്ക്ക് ജമ്മു കാശ്മീരിൽ നിന്ന് ആറിൽ മൂന്ന് എംപിമാരെ അവിടുത്തെ ജനം തിരഞ്ഞെടുത്ത് നൽകിയിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ ജനങ്ങളുടെ പിന്തുണയില്ല എന്ന വാദവും പൂർണമായി നിലനിൽക്കില്ല. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 ൽ തൊട്ടാൽ ജമ്മു കാശ്മീർ കത്തിക്കും എന്ന് പ്രഖ്യാപിച്ച മെഹ്ബൂബ മുഫ്തിയെ പോലുള്ള വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെ വീട്ട് തടങ്കലിലാക്കിയതും, പുറകെ കർഫ്യൂ പ്രഖ്യാപിച്ചതും ക്രമസമാധാന നില തകരാതിരിക്കാനുള്ള മുൻകരുതലായി മാത്രമേ കാണാനാവൂ.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നിലപാടിനെതിരെ നിൽക്കുന്നവരുടെ മറ്റൊരു വാദമാണ് ജമ്മു കശ്മീർ എന്നത് മറ്റൊരു രാജ്യമായിരുന്നു/രാജ്യം പോലെയായിരുന്നു അതിനെ ആക്രമിച്ച് കീഴടക്കിയതിന് തുല്യമായിപ്പോയി ഇത്, സ്വാതന്ത്ര്യം കിട്ടിയ സമയത്ത് അവർക്ക് കടുത്ത വാഗ്ദാനം ലംഘിച്ചു, കൊസോവോ പോലെയായി, പലസ്തീൻ പോലെയായി എന്നൊക്കെ.
രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായി നിൽക്കാതിരിക്കാൻ തന്നെയാണ് ആ ചിന്തക്ക് അടിത്തറ നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത്. പിന്നെ ജമ്മു കശ്മീർ മാത്രമല്ല പത്ത് അഞ്ഞൂറോളം നാട്ട് രാജ്യങ്ങൾ ഉണ്ടായിരുന്നതിൽ പല നാട്ട് രാജ്യങ്ങൾക്കും ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വയം ഒരു പരമാധികാര രാജ്യമായി നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരുവിതാംകൂറും, ഹൈദരാബാദും ഒക്കെ അതിന് ശ്രമിച്ച് നോക്കിയതുമാണ്. കൂടെ ജമ്മു കാശ്മീരും. അങ്ങനെ ചിന്നിച്ചിതറാൻ നിന്ന ‘രാജ്യത്തിനകത്തെ രാജ്യങ്ങളെയൊക്കെ’ അനുനയത്തിലൂടെയും, പ്രലോഭനത്തിലൂടെയും, ഭീഷണിയിലൂടെയും ഒക്കെ തന്നെയാണ് ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നത്.
അതിൽ കാശ്മീരിന് മാത്രമുണ്ടായിരുന്ന പ്രത്യേകത എന്താണെന്ന് വച്ചാൽ മറ്റെല്ലാ നാട്ട് രാജ്യങ്ങളെയും മെരുക്കാനുള്ള ചുമതലയുണ്ടായിരുന്നത് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിനായിരുന്നപ്പോൾ, ജമ്മു കശ്മീരിന്റെ ചുമതല പ്രധാനമന്ത്രിയായ നെഹ്രുവിനായിരുന്നു എന്നതാണ്. അദ്ദേഹം കാശ്മീരിൽ നിന്നു വരുന്നതാണ്, അതുകൊണ്ട് കാശ്മീരിനോട് വൈകാരികമായ അടുപ്പമുണ്ട് എന്നതുകൊണ്ടാണ് അന്നങ്ങനെ ഒരു തീരുമാനമുണ്ടായത്. പക്ഷെ ആ തീരുമാനത്തിന് രാജ്യം കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.
നിശ്ചയദാർഢ്യമില്ലായ്മയുടെ – ‘ഇൻഡിസിസിവ്നെസ്സ്ന്റെ’ ആൾരൂപമായ നെഹ്രു കാശ്മീരിനെ കൈകാര്യം ചെയ്ത് കുളമാക്കി. ഒപ്പം പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം വന്നു. ഇന്ത്യൻ സൈന്യം കാശ്മീരിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള ആക്രമണത്തെ ചെറുത്ത് തോല്പിച്ചു, പരസ്പരം ആക്രമണം തുടർന്ന് കൊണ്ടിരുന്നു. സ്വന്തം സുരക്ഷയിൽ ഭയന്ന ജമ്മു കശ്മീർ രാജാവ് ഹരിസിംഗിനെ കൊണ്ട് ഇന്ത്യയിൽ ചേരുന്ന പ്രഖ്യാപനത്തിൽ ഒപ്പിടാൻ ഇന്ത്യ നിര്ബന്ധിതനാക്കി. രാജാവ് ‘ ഇൻസ്ട്രുമെന്റ് ഓഫ് അക്സെഷൻ’ ഒപ്പിട്ടു. അതിന് അനുവദിച്ച ഉപാധികളാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറായപ്പോൾ അതിലെ ജമ്മുകാശ്മീരിന് വേണ്ടിയുള്ള 370ആം അനുച്ഛേദത്തിൽ ഉൾക്കൊള്ളിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി.
അതേസമയം മൗണ്ട് ബാറ്റന്റെയും, വിപി മേനോൻ എന്ന മിടുക്കനായ ആഭ്യന്തര സെക്രട്ടറിയുടെയും സഹായത്തോടെ മറ്റെല്ലാ നാട്ട് രാജ്യങ്ങളെയും പട്ടേൽ ഇന്ത്യൻ യൂണിയനിൽ ചേർത്തു. അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നും പടക്കോപ്പുകൾ സംഭരിക്കാൻ വരെ ശ്രമിച്ച ഹൈദരാബാദ്, കാശ്മീരിനേക്കാൾ വലിയ തലവേദനയായിരുന്നു. സർ സിപി രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ തിരുവിതാംകൂറും സ്വതന്ത്ര രാജ്യമായി നിൽക്കാൻ വലിയ കോപ്പ്കൂട്ടലുകൾ ആസൂത്രണം ചെയ്തവരാണ്. പക്ഷെ സർദാർ പട്ടേലിന്റെ ഉരുക്കു മുഷ്ടിക്ക് മുന്നിൽ അവരൊക്കെ കീഴടങ്ങി, അല്ലെങ്കിൽ ബലം പ്രയോഗിച്ച് കീഴടക്കി, ഇന്ത്യയോട് ചേർത്തു – ഒരു ആർട്ടിക്കിൾ 370ന്റെ യും വാഗ്ദാനങ്ങളുമില്ലാതെ.
അതിനിടയിൽ ഇന്ത്യൻ സൈന്യം പാക് സൈന്യത്തെ പുറകോട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യൻ സേനയെ നിരാശയുടെ പടുകുഴിൽ വീഴ്ത്തികൊണ്ട് നെഹ്‌റു ഏക പക്ഷീയമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. രണ്ട് സൈന്യങ്ങളും ആ സമയത്ത് നിലയുറപ്പിച്ചിരുന്നത് എവിടെ വച്ചാണോ അവിടെ വച്ച് ‘ലൈൻ ഓഫ് കണ്ട്രോൾ’ LOC – ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അനൗദ്യോഗിക ബോർഡർ വരക്കപ്പെട്ടു. പാക്കിസ്ഥാന്റെ കയ്യിൽ അകപ്പെട്ട കശ്മീരിന്റെ ഭാഗം അങ്ങനെ പാക് ഒക്കുപൈഡ് കശ്മീർ – POK ആയി മാറി. അന്ന് ഏകപക്ഷീയമായ വെടിനിർത്തൽ എന്ന ബ്ലണ്ടർ നെഹ്‌റു ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ഒരു പക്ഷെ ജമ്മു കാശ്‌മീർ ഇത്പോലെ അറുപതിലധികം കൊല്ലം നീണ്ടുനിന്ന തലവേദനയായി മാറുമായിരുന്നില്ല. താല്കാലികമാണ്, സ്വയം ഇല്ലാതായിപ്പോയ്ക്കോളും എന്ന് നെഹ്രു തന്നെ അന്ന് പറഞ്ഞ ആ 370ആം വകുപ്പായിരുന്നു ആ തലവേദനയുടെ ആണിക്കല്ല്. അതിന്റെ ബലത്തിലാണ് പാകിസ്ഥാൻ കശ്മീരിലെ ജനതയിൽ അരക്ഷിതാവസ്ഥ വളർത്തി ഇന്ത്യക്കെതിരെ തിരിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നത്. കാരണം ഇന്ത്യൻ പാർലമെന്റിന് കാശ്മീരിൽ അധികാരമൊന്നുമില്ലായിരുന്നു.
അതാണ് 2019 ഓഗസ്റ്റ് 5 മുതൽ മാറുന്നത്. മുകളിൽ പ്രതിപാദിച്ചതടക്കം, ഏറ്റവും പുതിയ UAPA ഭേദഗതിയും, NIA ഭേദഗതിയും അടക്കം ഇന്ന് വരെ ഇന്ത്യൻ പാർലമെൻറ്റ് പാസാക്കിയ എല്ലാ നിയമങ്ങളും, ഇനി മുതൽ ജമ്മു കാശ്മീരിലും ബാധകമാകും. ഇന്ത്യയിലെ മറ്റ് ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണവും സുരക്ഷിതത്വവും ഇനി മുതൽ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഭ്യമാകും. അങ്ങനെ ജമ്മു കശ്മീർ ജനതയുടെ ജീവിതത്തിൽ പ്രത്യാശയുടെ പുതുയുഗപ്പിറവിയാണ് ഈ ആഗസ്റ്റ് 5ന് ഉണ്ടായിരിക്കുന്നത്.
ആർട്ടിക്കിൾ 370നെ എതിർക്കുന്നവർ അതിന് കാരണമായി മുകളിൽ വിവരിച്ച വലിയൊരു പട്ടിക തന്നെ അവതരിപ്പിക്കുമ്പോൾ വകുപ്പ് നിലനിർത്തണം എന്ന് പറയുന്നവരോട് വകുപ്പ് കൊണ്ട് കശ്മീർ ജനതക്ക് എന്ത് നേട്ടമാണ് ഇതുവരെ ഉണ്ടായത്, ഇനി ഉണ്ടാവാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ വലിയൊരു മൂകത മാത്രമാണ് ഉത്തരം.
“അപ്പോൾ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണോ, അത് യു.എന്നിന്റെ പരിഗണനയിലുള്ള ഒരു അന്താരാഷ്ട്ര വിഷയമല്ലേ എന്ന്” എന്ന് ചോദിച്ച, ലോക്സഭയിൽ കോൺഗ്രസിനെ നയിക്കുന്ന അധീർ രഞ്ജൻ ചൗദരിയുടെ കോൺഗ്രസ് പാർട്ടിയടക്കം, ഇന്ത്യയിലെ ആദ്യ പ്രതിഷേധം കേരളത്തിലെ തേഞ്ഞിപ്പാലം പോസ്റ്റ് മാസ്റ്റർക്കെതിരെ നടത്തി പരിഹാസ്യരായ കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം ആർട്ടിക്കിൾ 370 നെ അനുകൂലിച്ച് സംസാരിച്ചവരൊക്കെ ഒരു കാര്യം ശ്രദ്ധിക്കാതെ വിട്ട് കളഞ്ഞു. തങ്ങളുടെയും പാകിസ്ഥാന്റെയും നിലപാട് അത്ഭുതകരമാം വിധം ഒന്നാണ് എന്നത്. ജനം അത് കാണുന്നുണ്ടെന്ന് അവർ മറന്നു.
വാസ്തവത്തിൽ ആദ്യമായല്ല അങ്ങനെ സംഭവിക്കുന്നത്. ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ ഇന്ത്യയോട് അതിന് തെളിവ് ചോദിക്കാൻ പാകിസ്ഥാന്റെ ഒപ്പം ഇവരെല്ലാമുണ്ടായിരുന്നു. പുൽവാമയിൽ നാല്പതോളം ഇന്ത്യൻ സൈനികർ പാക് തീവ്രവാദത്തിന്റെ രക്ത സാക്ഷികളായപ്പോൾ അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ സ്വയം സൃഷ്ടിച്ചതാണെന്നും പാകിസ്ഥാനാതിൽ പങ്കില്ലെന്നുമുള്ള പാകിസ്താന്റെ വാദം ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചത് ഇതേ പാർട്ടികളായിരുന്നു.

Tailpiece: കാശ്മീരിൽ ബഹുഭൂരിഭാഗവും മുസ്ലിങ്ങൾ ആയത് കൊണ്ട്, ആർട്ടിക്കിൾ 370 പിൻവലിക്കുന്നത് ബിജെപിയുടെ മുസ്ലിം വിരുദ്ധതയാണ് കാണിക്കുന്നതെ ന്നാരോപിക്കുന്നവരെയും കണ്ടു. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്: കാശ്മീരിൽ എന്ത്കൊണ്ട് മുസ്ലിംങ്ങൾ മാത്രമായി എന്നതിന്, 30 കൊല്ലം മുൻപ് വരെ അവിടെയുണ്ടായിരുന്ന ഹിന്ദുക്കൾക്ക് – കാശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചു എന്നതിന്. ഹിന്ദു പണ്ഡിറ്റുകൾ അടിച്ചൊടിക്കപ്പെട്ട അന്ന് ഇല്ലാതായതാണ് ‘കശ്‍മീരിയത്തും’ ആർട്ടിക്കിൾ 370 ന്റെ സാംഗത്യവും എന്ന് അവർ അറിയണം. കാശ്മീരിന് മാത്രമല്ല, ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഭൂരിപക്ഷമുള്ള ലഡാക്കിനും ജമ്മുവിനും കൂടി ബാധകമായിരുന്നു ആർട്ടിക്കിൾ 370 എന്നും അവരറിയണം.