— വിജയകുമാർ —
ചിന്ത ജറോം ഒരു പാവം പെണ്‍കുട്ടിയാണ്. തന്റെ നേതാക്കള്‍ പറഞ്ഞുകൊടുക്കുന്നതൊക്കെ അതുപോലെ പ്രസംഗിക്കുക എന്നതിനപ്പുറം പ്രത്യേക ദൌത്യമോന്നുമില്ലാത്ത ഒരു പാവം പെണ്‍കുട്ടി .സ്വാതന്ത്രസമരത്തെക്കുറിച്ച് എത്ര ആവേശത്തോടെയാണ് ആ കുട്ടി സംസാരിക്കുന്നത്. തനിക്കു ക്ലാസ്സെടുത്ത നേതാക്കളെ ഇനി കാണുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കാന്‍കൂടി കുട്ടി തയ്യാറാകണം.
ഇപ്പോള്‍ ആവേശത്തോടെ സംസാരിക്കുന്ന ആ പഴയ സ്വാതന്ത്രസമരത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന്.? സ്വാതന്ത്രസമര നേതാക്കളെ നിരന്തരം അവഹേളിച്ചുകൊണ്ട് അക്കാലത്ത് നമ്മള് മുദ്രാവാക്യംവിളിച്ചുനടന്നത് എന്തിനായിരുന്നുവെന്ന് ചോദിക്കണം ?.
രണ്ടാം ലോകയുദ്ധകാലത്ത് റഷ്യ ബ്രിട്ടീഷ് സഖ്യകക്ഷിളോടൊപ്പം ചേര്‍ന്നപ്പോള്‍ ,അതുവരെ പിന്തുണച്ചിരുന്ന ഹിറ്റ്ലറുടെ ജര്‍മ്മനിയെ തള്ളി ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി ബ്രിട്ടനു രഹസ്യമായി പിന്തുണകൊടുക്കുകയും,ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു സ്വാതന്ത്രസമരത്തിന് പരമാവധി പാരവെച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘മഹത്തായ സേവനങ്ങളെ ‘അഭിനന്ദിച്ചു അന്നത്തെ ബ്രിട്ടിഷ് വൈസ്രോയി ബ്രിട്ടീഷ് ഭരണാധിക്കാരികള്ക്ക് കത്തെഴുതിയതായി കാണുന്ന രേഖ ശരിയാണോ എന്ന് ചോദിക്കണം.1945 ലെ ബോംബെ കമ്യൂണിസ്റ്റ് സമ്മേളത്തിന് സംഭാവന എന്ന് പറഞ്ഞു അക്കാലത്തെ 45000 ബ്രിട്ടിഷ് പവന് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വൈസ്രോയി സംഭാവന ചെയ്തത്തിന്റെ കണക്കു പുറത്തു വന്നിട്ടുണ്ടല്ലോ. ഇന്ന് ശതകോടികള്‍ വരുന്ന അത്തരം സംഭാവനകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കത്തിലെ മൂലധനമെന്നും ,നാടിനെ ഒറ്റിക്കൊടുത്ത പണംകൊണ്ടാണ്, മനുഷ്യദൈവങ്ങളുടെ പിറന്നാള്‍പതിപ്പ് കൊണ്ടും ചൂതുകളിക്കാരുടെ സംഭാവനകൊണ്ടും ഒക്കെ ഇന്ന് നിലനില്‍ക്കുന്ന നമ്മുടെ ദേശാഭിമാനി പോലും തുടങ്ങിയത് എന്നൊക്കെ കേള്‍ക്കുന്നത് ശരിയാണോ എന്ന് ചോദിക്കണം.ഇന്ത്യ സ്വാതന്ത്രം നേടിയപ്പോള്‍,അത് യഥാര്‍ത്ഥ സ്വാതന്ത്രമല്ല എന്ന് വാദിച്ചു പാര്‍ട്ടിയ്ക്ക് സ്വാധീനമുള്ള മേഘലകളില്‍ കരിദിനം ആചരിച്ചതു ശരിയാണോ എന്ന് ചോദിക്കണം.ആഗസ്റ്റ് 15 നു പാര്‍ട്ടി രാജ്യത്ത് എല്ലായിടവും കരിദിനം ആചരിച്ചപ്പോള്‍ നാട്ടികയില്‍ പോലീസിന്റെ അടികൊണ്ടു മരിച്ച സര്‍ദാര്‍ ഗോപാലകൃഷ്ണന് പാര്‍ട്ടിയുടെ രക്തസാക്ഷിയാണോ എന്ന് ചോദിക്കണം.അക്കാലത്തെ കൊണ്ഗ്രെസ് നേതാക്കളെ വധിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയ പാര്‍ട്ടി, കൊണ്ഗ്രെസ് നേതാവ് കെ കേളപ്പനെ വധിക്കാന്‍ സഖാവ് കെ. മാധവന്റെ നേതൃത്തത്തിലുള്ള പാര്‍ട്ടി ക്വട്ടേഷന്‍ടീമിനെ ചുമതലപ്പെടുത്തിയെന്ന് ,കെ.മാധവന്റെ തന്നെ ‘ഒരു കമ്യൂണിസ്റ്റ്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍’എന്ന പുസ്തകത്തില്‍ പറയുന്നത് ശരിയാണോ എന്ന് ചോദിക്കണം. കാന്തലോട്ട് കുഞ്ഞമ്പുവിന്റെ നിലവിളികള്‍ നിങ്ങള്‍ കേള്ക്കാതിരുന്നതെന്തേ എന്ന് ചോദിക്കണം. ഇന്ന് ആവേശത്തോടെ കൊണ്ട് നടക്കുന്ന ഡിവൈഎഫ്ഐ യുടെ സ്ഥാപക നേതാവ് എം വി ആറിനെ വധിക്കാന്‍ പാര്‍ട്ടി ക്വട്ടേഷന്‍ ടീമിനെ തന്നെ നിയോഗിച്ചതു ശരിയാണോ എന്ന് ചോദിക്കണം. വര്‍ഗീയ കലാപങ്ങളല്ല ,പാര്‍ട്ടി ഉല്മൂലന സിദ്ധാന്തമാണ് ശരിയായ വഴി എന്ന് വിശ്വസിക്കുന്ന പാര്‍ട്ടി, മുതലാളിത്വത്തിനു സുഖസൗകര്യങ്ങളോരുക്കാന് തടസ്സം നിന്ന ബംഗാളിലെ സാധു സ്ത്രീകളെ കൂട്ട മാനഭംഗത്തിനിരയാക്കാന്‍ ഡിവൈഎഫ്ഐ യെ വിട്ടത് ശരിയായ ലൈന്‍ ആണോ എന്ന് ചോദിക്കണം.
പണ മുതലാളിത്വത്തിന്റെ ഇക്കിളികളില്‍ നിന്ന്, സുഖ ശീതളിമയില്‍നിന്ന് ഇക്കാലത്ത് ഒരു വിപ്ലവക്കാരിയ്ക്കും ഒഴിഞ്ഞുനില്ക്കാന് കഴിയില്ലെന്നും തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരില്ലയെന്നുമുള്ള പുതുകാല യുക്തികള്‍ അവരേ പറഞ്ഞു മനസിലാക്കാന്‍ നമുക്കെന്തു കൊണ്ട് കഴിയുന്നില്ല എന്നും ചോദിക്കണം. എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം മതവിമര്‍ശനത്തില്‍ നിന്നാണെന്ന് മാര്‍ക്സ് പറഞ്ഞതല്ല ,ന്യൂനപക്ഷ മതപ്രീണനവും പങ്കാളിത്ത മുതലാളിത്വവുമാണ് ആധുനിക കമ്യൂണിസം എന്ന് അണികളെ ബോധവല്‍ക്കരിക്കുന്നതില്‍ നമ്മള് എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് ചോദിക്കണം.
പണ മുതലാളിത്വത്തിന്റെ സമസ്ത വ്യവഹാരങ്ങളും സാംശീകരിക്കുന്നത്തിനിടയില് അതിന്റെ പങ്കുവെക്കലുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളെ വലതു യുക്തിയെന്നും പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ എന്നും വിശദീകരിക്കുന്നതില്‍ നമ്മള് പഴയതുപോലെ എന്തുകൊണ്ട് വിജയിക്കുന്നില്ല എന്ന് ചോദിക്കണം. ശക്തമായ ജനാധിപത്യം വേരോടിയ ഒരു സമൂഹത്തിലും കമ്യൂണിസം വിജയിക്കില്ലെന്നും ,കമ്യൂണിസം വളരണമെങ്കില്‍ ആ രാജ്യത്ത് അരക്ഷിതാവസ്ഥയും പട്ടിണിയും ഗോത്ര-മത-ജാതി കലാപങ്ങളും തുടര്ക്കഥയാകണമെന്നും ,ഇതൊന്നുമില്ലാത്ത ഒരു രാജ്യത്തില്‍ ഇതെല്ലാം ഉണ്ടാകാനുള്ള അവസ്ഥ സൃഷ്ട്ടിക്കുകയാണ് കമ്യൂണിസം വളരാന്‍ വേണ്ടത് ,അതിനുവേണ്ടിയുള്ള ശ്രമമാണ് നടത്തേണ്ടത് എന്ന് കേള്‍ക്കുന്നത് ശരിയാണോ എന്ന് ചോദിക്കണം. നമ്മള് ഇത്രയൊക്കെ ‘ത്യാഗംസഹിച്ചു ‘പ്രവര്‍ത്തിച്ചിട്ടും നമുക്ക് ശേഷം മാത്രം രൂപീകരിക്കപ്പെട്ട ഒരു സംഘടനയെ, നിങ്ങള്‍ പറഞ്ഞു തന്ന ആ പിന്തിരിപ്പന് സംഘടനയെ ഇന്ത്യയിലെ ജനകോടികള്‍ നെഞ്ചേറ്റിയതും മഹാഭൂരിപക്ഷത്തോടെ ഇന്ത്യയുടെ അധികാരം ഏല്‍പ്പിക്കുകയും,ലോകത്ത് മറ്റെല്ലായിടത്തും സംഭവിച്ചതുപോലെ നമ്മളെ ജനങ്ങള്‍ മൂലയിലിരുത്തുകയും ചെയ്തതിനെ ഇനി നമ്മള് എങ്ങിനെയാണ് ചിത്രീകരിക്കേണ്ടതു, ഇന്ത്യക്കാര്‍ മഹാഭൂരിപക്ഷവും ബുദ്ധിയില്ലാത്തവരായതു കൊണ്ട് എന്നാണോ എന്നുകൂടി ചോദിക്കണം .