— സൂര്യദേവ് —
കമ്മ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മാര്‍ക്സ്, എങ്കലസ് ,ലെനിന്‍ ത്രയങ്ങളെ അല്ലെങ്കില്‍ ജോസഫ് സ്റ്റാലിന്‍ എന്ന ക്രൂരനെയോ അതും അല്ലെങ്കില്‍ ചെഗുവരെയോ അല്ല ഓർക്കുക, പകരം പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന സഖാവ് എ കെ ജി യേയോ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എളിമയുടെ പര്യായം ആയ അവസാനം പാമ്പുകടി ഏറ്റു മരിച്ച സഖാവ് കൃഷ്ണപ്പിള്ളയെയോ ആണ് ഓര്‍മ്മ വരിക..
അതിനുള്ള കാരണം സഖാവ് എ കെ ജിയും സഖാവ് കൃഷ്ണപ്പിള്ളയും പാവപ്പെട്ടവന്റെ ദുരിതത്തില്‍ അവരുടെ കൂടെ അവരില്‍ ഒരാളായി നിന്ന് അനീതിക്ക് എതിരെ പോരാടിയത് കൊണ്ടാണ്. സഖാവ് എന്നാ വാക്കിനു അർത്ഥം ആയ സുഹൃത്തായിരുന്നു അവര്‍. അവര്‍ മാത്രം അല്ല ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സഖാക്കള്‍ ജീവന്റെ അവസാനത്തെ തുടിപ്പിലും കമ്മ്യൂണിസം എന്നാ ആശയത്തെ മുറുകെ പിടിച്ചിരുന്നു. കൂടെ ഉള്ളവരുടെ എണ്ണം ആയിരുന്നില്ല അവര്‍ അന്വേഷിച്ചത് പകരം കൂടെ ഉള്ളവരില്‍ ആശയത്തിന്റെ മാഹാത്മ്യം ആഴത്തില്‍ എത്തിച്ചു അവരെ ആവേശഭരിതര്‍ ആക്കുകയും അത്തരക്കാരുടെ ചിട്ടയായതും മാന്യമായതും ആയ പ്രവര്ത്തനങ്ങള്‍ സമര്ത്ഥമായി പാർട്ടി പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. അതിന്റെ ഫലം തന്നെ ആണ് 1957 ല്‍ ലോകത്തില്‍ ആദ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് ഭരണം നമ്മുടെ കേരളത്തില്‍ ഉണ്ടായത്.
ഭരണം കയ്യില്‍ കിട്ടിയപ്പോള്‍ സഖാക്കള്‍ അല്‍പ്പാല്‍പ്പം കമ്മ്യൂണിസത്തില്‍ നിന്നും വ്യതിചലിക്കാൻ തുടങ്ങി. പാർലമെന്ററി വ്യാമോഹങ്ങളും അഴിമതിയും ഒക്കെ സഖാക്കളെ അല്‍പ്പാല്‍പ്പം ആയി വിഴുങ്ങാന്‍ തുടങ്ങി. ഇ എം എസ് മന്ത്രി സഭ അരി കുംഭകോണം പോലെ ഉള്ള അഴിമതികളില്‍ മുങ്ങി. വിമോചന സമരം എന്ന പേരില്‍ പള്ളിയും പട്ടക്കാരും കൊണ്ഗ്രസ്സുകാരും ചേര്‍ന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ 1959 – ല്‍ മറിച്ച് ഇടുമ്പോഴേക്കും കമ്മ്യൂണിസ്റ്റുകൾ അധികാര കൊതിയന്മാര്‍ ആയി തുടങ്ങിയിരുന്നു. അപ്പോഴേക്കും കേരളത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവരുടെ വോട്ടു ബാങ്ക് രാഷ്ട്രീയം തുടങ്ങിയിരുന്നു. “എട്ടണക്ക് കത്തി വാങ്ങി കുത്തി നേടും പാക്കിസ്ഥാന്‍ “എന്ന് വിളിച്ചവരൊക്കെ പാകിസ്ഥാനെ പ്രത്യക്ഷത്തില്‍ തിരസ്കരിച്ചു കൊണ്ട് ഭാരത വിഭജനത്തിന്റെ മുഖ്യ കാരണക്കാര്‍ ആയ മുസ്ലിം ലീഗിന്റെ പേരും സ്വീകരിച്ചു കേരളത്തില്‍ വേരുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. മുസ്ലിം സമുദായത്തിന്റെ മാത്രം ഉന്നമനത്തിനു വേണ്ടി ഭരണത്തില്‍ എങ്ങനെ എങ്കിലും കയറി കൂടുക എന്നൊരു നയം ആയിരുന്നു അവര്‍ സ്വീകരിച്ചിരുന്നത് അതിന്റെ ഫലം ആയി പട്ടം താണുപ്പിള്ളയുടെയും ആര്‍ ശങ്കറിന്റെയും ഭരണ കാലഘട്ടത്തില്‍ സ്പീക്കര്‍മാര്‍ ആയി മുസ്ലിം ലീഗ് അംഗങ്ങള്‍ വന്നു.
രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പട്ടം താണുപിള്ള, 1962-ൽ പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, ആർ. ശങ്കർ രാജിവെക്കുകയും ചെയ്തു. 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു. അപ്പോഴേക്കും സഖാവ് നമ്പൂതിരിപ്പാടിനും ബാക്കി സഖാക്കള്‍ക്കും പാർലമെന്ററി വ്യാമോഹത്തിന്റെ അസ്കിത കലശലായി. അതിന്റെ ഫലം ആയി 1967 ല്‍ മൂന്നാം കേരള നിയമ സഭയില്‍ വർഗ്ഗീയ പാർട്ടി ആയ മുസ്ലിം ലീഗും ആയി കൂട്ടുകൂടാന്‍ തീരുമാനിക്കുകയും അവരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താനും തീരുമാനിച്ചു. .ഭരണത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചകൾക്കും തയ്യാറാണ് എന്ന് കമ്മ്യൂണിസ്റ്റുകൾ പറയാതെ പറയുകയായിരുന്നു. 1969 ൽ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇസ്ലാമിക വര്‍ഗീയതക്ക് കീഴടങ്ങുകയും മലപ്പുറം എന്നാ മുസ്ലിം ഭൂരിപക്ഷ ജില്ലാ രൂപീകരണം നടക്കുകയും ചെയ്തു. തുടര്‍ന്നു അങ്ങോട്ട് പാർലമെന്ററി വ്യാമോഹം കൊണ്ട് കേരളത്തിലെ സഖാകള്‍ ചെയ്ത നെറികേടുകള്‍ എണ്ണമറ്റതാണ്. അതിന്റെ ഒരു ഉദാഹരണം ആണ് സഖാവ് ഗൌരിയമ്മ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു പൊൻകിരണം ആണ് സഖാവ് കെ ആര്‍ ഗൌരിയമ്മ. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖ ശില്പിയാണ് ഗൗരിയമ്മ . ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്.
“കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൌരി ഭരിച്ചീടും” 1987ല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ച ഈ മുദ്രാവാക്യം ഇന്ന് ചരിത്രപ്രാധാന്യമുള്ളതാണ്. തെരഞ്ഞെടുപ്പില്‍ കെ ആര്‍ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഗൌരിയമ്മ ജയിച്ചു. പക്ഷേ, ചിലരുടെ അനിഷ്‌ടങ്ങളും ഉള്ളിന്റെ ഉള്ളിലെ സവർണ്ണ സിദ്ധാന്തങ്ങളും അച്ചടക്ക നടപടിക്ക് വിധേയനായി കഴിഞ്ഞിരുന്ന ഇ കെ നായനാരില്‍ മുഖ്യമന്ത്രി പദം ചാര്‍ത്തിക്കൊടുത്തു. കുടുംബ ജീവിതം പോലും പാർട്ടിക്ക് വേണ്ടി നഷ്ടപ്പെടുത്തിയ ഗൌരിയമ്മയെ “ചോവത്തി”എന്ന് ജാതി പേര് വിളിച്ചു അവഹേളിച്ചു കൊണ്ട് പാർട്ടിയില്‍ നിന്നും പുറത്താക്കി. ഭരണം നഷ്ടപ്പെട്ടപോള്‍ കംമുനിസ്ടുകളെ വിട്ടു മുസ്ലിം ലീഗ് കോണ്‍ഗ്രസ്സ് പാളയത്തില്‍ ചാടിയപ്പോള്‍ ക്രിസ്ത്യന്‍ വര്ഗീ്യതയെ സഖാക്കള്‍ പ്രോത്സാഹിപ്പിച്ചു തങ്ങളുടെ കൂടെ കൂട്ടി. അവരും പിന്നീട് ചാടി കോണ്‍ഗ്രസ്സ് പാളയത്തില്‍ എത്തി.
ഇത്രയൊക്കെ ആയിട്ടും കേരളത്തിലെ ഹൈന്ദവര്‍ ഇടതുപക്ഷത്തെ കൈയ്യോഴിഞ്ഞില്ല. നായനാരെയും അച്യുതാനന്ദനെയും ഒക്കെ മുഖ്യമന്ത്രിമാര്‍ ആക്കി. ഇതിനിടയില്‍ ഐസ്ക്രീം കേസില്‍ പ്രതി ആവുമായിരുന്ന കുഞ്ഞാലികുട്ടിയെ ബ്ലാക്മെയില്‍ ചെയ്യുകയും ചില സ്ഥലങ്ങളില്‍ “അടവുനയം “എന്നാ പേരില്‍ അട്ജസ്റ്മെന്റ്റ് നടത്തുകയും ചെയ്തു സഖാക്കള്‍. അപ്പോഴേക്കും സഖാവ് പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയി. അതോടുകൂടി അഴിമതി, സ്വജനപക്ഷപാതം, ബൂര്‍ഷാ കുത്തക മുതലാളിമാരും ആയി സന്ധി ചെയ്തുകൊണ്ട് തൊഴിലാളികളെ വഞ്ചിക്കുക, കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങി സാധാരണ ജനങ്ങള്‍ക്ക് ആശയും ആവേശവും ആയിരുന്ന പാർട്ടിയെ തനി ഗൂണ്ടാ സംഘങ്ങള്‍ ആയി മാറ്റി എടുക്കപ്പെട്ടു
എങ്ങനെയും അധികാരത്തില്‍ എത്താന്‍ വേണ്ടി രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ട അബ്ദുൾ നാസർ മദനിയെ പോലും ആലിംഗനം ചെയ്യാന്‍ പിണറായിക്കും പിണിയാളുകൾക്കും യാതൊരു ലജ്ജയും ഉണ്ടായില്ല എന്ന് മാത്രം അല്ല “മതം മനുഷ്യനെ മയക്കുന്ന കറുപ്പ് “എന്ന് പറഞ്ഞവര്‍ നിസ്കാര പായും ആയി മുസ്ലിങ്ങളെ വശീകരിക്കാന്‍ ഉള്ള തത്രപ്പാടില്‍ കേരളത്തില്‍ മാര്‍ക്കിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഹൈന്ദവരെ വേദനിപ്പിക്കാനും തുടങ്ങി. ഹൈന്ദവ ഗുരുക്കാന്മാരെയും ആചാര്യന്മാരെയും ദൈവ സങ്കല്പ്പ്ങ്ങളെയും അവഹേളിക്കാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദു സഖാക്കള്‍ അവഹേളനം സഹിക്കവയ്യാതെ പാര്‍ട്ടിയില്‍ നിന്നും പതുക്കെ വിട പറയാന്‍ തുടങ്ങി. അതില്‍ ഭൂരിപക്ഷവും ചേക്കേറിയത് കാവി പതാകയുടെ ചുവട്ടില്‍ ആയിരുന്നു. .കാല്കീ്ഴിലെ മണ്ണ് ഒലിച്ച് പോകുന്നത് വൈകി എങ്കിലും മനസ്സിലാക്കിയ നേതൃത്വം പിന്നീട് പാർട്ടി വിട്ടതും പാർട്ടി നടപടികളില്‍ അസംതൃപ്തർ ആയവരും ആയ ഹിന്ദുക്കളെ വശീകരിക്കാന്‍ ഉള്ള പുറപ്പാടില്‍ ആയി.
അതിനിടയില്‍ സംഘ പരിവാരില്‍ നിന്നും പലപ്പോഴായി പുറത്താക്കപ്പെട്ടവരെ സ്വാധീനിച്ചു സ്വന്തം പാളയത്തില്‍ എത്തിച്ച മാർക്സിസ്റ്റ് പാർട്ടി സംഘത്തെ കോപ്പി അടിക്കാനുള്ള ശ്രമങ്ങൾ നടത്താന്‍ തുടങ്ങി. അതിന്റെ ഫലം ആയി സംഘ പ്രവർത്തകർ “ദണ്ട” എന്നാ പേരില്‍ ഉപയോഗിക്കുന്ന മുളവടിയെ പരിഹസിച്ചവര്‍ അതെ കുറുവടിയും ആയി സംഘത്തിന്റെ പഥസഞ്ചലനത്തെ അനുകരിച്ചു പരേഡും നടത്തി. രക്ഷാബന്ധന്‍ മഹോത്സവതെ പരിഹസിച്ചു കൊണ്ട് “സഹോദരിയെ തിരിച്ചറിയാന്‍ കയ്യില്‍ ചരടിന്റെ ആവശ്യം ഇല്ല “എന്ന് പറഞ്ഞവര്‍ “മതേതര രക്ഷാബന്ധന്‍ “എന്നാ പേരില്‍ കയ്യില്‍ ചരടുകള്‍ കെട്ടാന്‍ തുടങ്ങി..
ഇപ്പോഴിതാ ഹിന്ദുവിന്റെ മാത്രം ദൈവ സങ്കല്പം ആയ ശ്രീ കൃഷ്ണന്റെ ജന്മദിനം “മതേതര ശ്രീകൃഷ്ണ ജയന്തി “എന്നാ പേരില്‍ നടത്താന്‍ ശ്രമിക്കുകയും തീർച്ചയായും പരാജയപ്പെടും എന്ന് മനസ്സിലാക്കിയപ്പോള്‍ അവസാന ശ്രമം എന്നാ രീതിയില്‍ ഓണാഘോഷ സമാപനം എന്നാ പേരില്‍ ആഭാസം നിറഞ്ഞ പേക്കൂത്ത് ആയി അവതരിപ്പിക്കുകയും ചെയ്തു.
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടൂ എന്നാ പഴമൊഴി പോലെ ഹൈന്ദവരെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമം അവസാനം എത്തി ചേർന്നത് ദൈവ തുല്യര്‍ എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ആചാര്യന്മാരെ അവഹെളിക്കുന്നതില്‍ ആണ്. പാവപ്പെട്ടവന്റെ സ്വപ്നവും പ്രതീക്ഷയും ആയിരുന്ന ഒരു ആശയത്തെയും പ്രസ്ഥാനത്തെയും ഒരു പിടി കോമാളി കൂട്ടങ്ങള്‍ നിറഞ്ഞ സര്‍ക്കസ് കമ്പനി ആയി ആയി അധപ്പതിപ്പിച്ചതിനു പിന്നില്‍ പാർട്ടിയുടെ നേതാക്കന്മാരുടെ സ്വജന പക്ഷപാതവും,അഴിമതിയും, വ്യാമോഹവും ചോരക്കൊതിയും ഒക്കെ ആണ് എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇവിടെയാണ് സഖാവ് എം. എന്‍ . വിജയന്‍ മാഷ് കമ്മുനിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയെ കുറിച്ച് പറഞ്ഞ ചുവടെ കൊടുത്ത വരികള്‍ അന്വർത്ഥം ആവുന്നത്….
”ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാൾ എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല് ലാഭകരം എന്നും, അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാർട്ടി ഇപ്പോള് ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു… !!!”