മെയ് 10 – ലോകമാതൃദിനം..
സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പരക്ക് ആരംഭം കുറിക്കുന്നു. മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഈ പരമ്പരയിലെ ആദ്യ ഭാഗം:
“സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ “
കൃഷ്ണപ്രിയ എഴുതുന്നു.
ഭാരതീയ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനവും കാലാന്തരത്തിൽ ഭാരതസ്ത്രീയുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങളും നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയരായ വനിതാരത്നങ്ങളെ കുറിച്ചെല്ലാം വിവിധ ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.
ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാന ശിലകളായ വേദ സ്മൃതി പുരണേതിഹാസങ്ങളിലും ഭാരതീയ ചിന്താധാരകളിലും സ്ത്രീത്വം എങ്ങനെ പ്രതിപാദിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്തു കൊണ്ട് ഈ പരമ്പര ആരംഭിക്കാം.
ഭാരത സംസ്കാരത്തിൽ സ്ത്രീകള്ക്ക് യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല എന്നും സതി, സ്ത്രീധനം, ദേവദാസി, ബാലികാ വധു തുടങ്ങി നിരവധി അനാചാരങ്ങൾ അവരിൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു എന്നുമാണ് പൊതുവെ ഭാരതീയ സ്ത്രീപക്ഷ സങ്കല്പ്പങ്ങളെ കുറിച്ചുള്ള ധാരണ. ഭാരതീയരുടെ സ്ത്രീകളെ കുറിച്ചുള്ള പൊതു നിലപാട് എന്ന നിലയിൽ പാശ്ചാത്യ രാജ്യങ്ങൾ സ്വാർത്ഥ അജണ്ടകൾ മുൻനിർത്തി ഡോകുമെന്ററി വരെ പ്രക്ഷേപണം ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഇന്ന് സംജാതമായിട്ടുണ്ട്.
ഭാരതീയ സംസ്കൃതിയെ താറടിച്ചു കാണിക്കാൻ ഇറങ്ങുന്ന പാശ്ചാത്യ മത രാഷ്ട്രീയ സങ്കല്പ്പങ്ങളിലെവിടെയും സ്ത്രീകള്ക്ക് പ്രാധാന്യം ഉള്ളതായി കാണാൻ സാധിക്കില്ല. ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ പലതും സ്ത്രീകളെ പൗരന്മാരായി പോലും കണക്കാക്കിയിരുന്നില്ല . വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് ശേഷം 1832 ഓടെയാണ് സ്ത്രീകള്ക്ക് വോട്ടവകാശം നല്കാൻ അവർ തയ്യാറായത്. പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകള്ക്ക് നല്കിപ്പോന്ന സ്ഥാനമാനങ്ങളെക്കുറിച്ച് ലേഖനത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നതാണ്.
ഭാരതീയ സംസ്കൃതിയോളം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്ത മറ്റൊരു സംസ്കാരവുമില്ല എന്നതാണ് സത്യം. സമസ്ത മേഖലകളിലും വ്യാപിച്ചു നില്ക്കുന്ന ആ ഊർജ്ജത്തെ- ശക്തി – ത്തന്നെ സ്ത്രീ ഭാവമായി കരുതിപ്പോരുന്ന നാടാണ് ഭാരതം. ആ നാരീ ഭാവത്തെ മനുസ്മൃതിയിലെ “ന സ്ത്രീ സ്വാതന്ത്രമർഹതി ” എന്നൊരു വാക്കിലേക്ക് തളച്ചിടാൻ ശ്രമിക്കുന്ന ആധുനിക സമൂഹത്തിന്റെ സ്ത്രീ പക്ഷ വാദങ്ങൾ എത്രത്തോളം ശരിയാണ് എന്നറിയാൻ ഭാരതീയ ഗ്രന്ഥങ്ങളിലൂടെ നമുക്കൊരു വിഹഗ വീക്ഷണം നടത്താം.
സെമെട്ടിക് മത വിശ്വാസങ്ങളിലെല്ലാം ഈശ്വരീയ സത്തക്ക് പുരുഷഭാവമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി ഭാരതീയ സംസ്കാരത്തിൽ ഏകമായ പുരുഷ ദൈവ സങ്കൽപ്പം കാണാൻ സാധിക്കില്ല . വേദ പുരാണേതിഹാസങ്ങളിൽ പുരുഷ ദൈവീക സങ്കൽപ്പങ്ങൾക്കെല്ലാം തത്തുല്യമായ സ്ത്രീഭാവവും കല്പ്പിച്ചു നല്കിയിട്ടുണ്ട് . ഉദാഹരണത്തിന് അന്യമത പ്രാർഥനകകളിലെല്ലാം ലോകത്തിന്റെ സൃഷ്ടി പ്രക്രിയകൾ ‘പിതാവിൽ’ മാത്രമൊതുങ്ങി നിൽക്കുമ്പോൾ ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ ജഗത്തിന്റെ പിതാവും മാതാവും താൻ തന്നെയെന്നാണ് പറയുന്നത്. (9:17)
ബ്രഹദാരണ്യകോപനിഷത്തിൽ സൃഷ്ടി പ്രക്രിയ വിവരിക്കുന്നിടത്ത് സ്ത്രീപുരുഷഭേദം കല്പ്പിക്ക്യാനാവാത്ത പരമസത്ത —- ആത്മൻ—- സ്വയം സ്ത്രീ പുരുഷ ഭാവങ്ങൾ സ്വീകരിക്കുകയും ആ ദ്വിമുഖ ഭാവങ്ങൾ സമസ്ത ജീവ ജന്തു ജാലങ്ങളുടെ സ്ത്രീ പുരുഷ ഭാവം സ്വീകരിക്കുകയും അതിനു ശേഷം സ്വാഭാവികമായ സൃഷ്ടി പ്രക്രിയയിൽ ഏർപ്പെട്ടു എന്നും പറയുന്നു. ഇവിടെയും യാതൊരു ഭേദ ഭാവവുമില്ല.
സൃഷ്ടി യുടെ പ്രതീകാത്മക വർണ്ണനയാണ് സാംഖ്യ ദർശനത്തിലെ പ്രകൃതി പുരുഷ സങ്കൽപം. ഇവിടെ പുരുഷനില്ലാതെ പ്രകൃതിയും പ്രകൃതിയില്ലാതെ പുരുഷനും അപൂർണ്ണരാണ് . പുരാണങ്ങളിൽ ശിവ ശക്തി സമന്വയങ്ങളിലൂടെ വർണ്ണിക്കുന്നതും വിഭിന്നമായോന്നല്ല. സൌന്ദര്യ ലഹരിയുടെ ആരംഭ ശ്ലോകം തന്നെ ” ശിവ ശക്ത്യായുക്തോ യതി ഭവതി ശക്ത പ്രഭവിതും നചേദേവം ദേവോ ന ഖലു കുശാല സ്പന്ദിതുമപി ” എന്ന് ഉത്ഘോഷിക്കുന്നു. അതായത് ശക്തിയെന്ന ദേവിസത്തയോട് ചേരുമ്പോൾ മാത്രമേ ശിവനെന്ന പുരുഷാകാര ദൈവസത്ത പ്രഭാവമുള്ളവനായി തീരുന്നുള്ളൂ. സംഹാര മൂർത്തിയായ സാക്ഷാൽ പരമ ശിവന് പോലും ശക്തിയില്ലാതെ ഒന്ന് ഇളകുവാന് പോലും സാധിക്കാത്തവനാണത്രെ. ഇതേ സ്ത്രീ പുരുഷ ദ്വൈത ഭാവങ്ങളുടെ സമ്പൂർണ്ണ സമന്വയത്തിന്റെ സമാനതകളില്ലാത്ത പ്രതീകമാണ് അർദ്ധനാരീശ്വരൻ. സ്ത്രീ പുരുഷ ഭാവങ്ങൾ പരസ്പര പൂരകങ്ങളാണെന്നതിന്റെ മകുടോദാഹരണമാണ് ഈ സങ്കല്പം. ലോകത്ത് മറ്റെവിടെയും ഇത്രയും മനോഹരമായ സ്ത്രീപുരുഷ ഏകീകരണത്തിന്റെ പ്രതീകം കാണാനാകില്ല.
ഇനി, വൈഷ്ണവ സങ്കല്പ്പത്തിലാകട്ടെ, പുരുഷ തത്വം നാരായണനായും സ്ത്രീ തത്വം ലക്ഷ്മിയായും ലക്ഷ്മീ നാരായണ രൂപത്തിൽ ആരാധിക്കപ്പെടുന്നു . വൈഷ്ണവ സങ്കല്പ്പവും സ്ത്രീ ഭാവമില്ലാതെ പൂർണ്ണമാകുന്നില്ല. സൃഷ്ടി കർത്താവായ ബ്രഹ്മവിന്റെ സൃഷ്ടികളൊന്നും സരസ്വതീ കടാക്ഷമില്ലാതെ പൂർണ്ണമാകില്ല എന്നുമൊരു സങ്കല്പ്പമുണ്ട്. ഇത് പോലെ പ്രജാപതി – അദിതി, അഗ്നി – സ്വാഹ, തുടങ്ങി പുരുഷ സങ്കൽപ്പങ്ങൾക്കെല്ലാം തത്തുല്യ സ്ത്രീ ഭാവവും കല്പ്പിചിരിക്കുന്നതായ് കാണാം. മറ്റൊരു സംസ്കാരത്തിലും ഈ തുല്യത കാണാനാകില്ല.
ശാക്തേയ സങ്കല്പ്പത്തിലാകട്ടെ സമസ്ത പ്രപഞ്ചത്തിന്റെയും ആധാരമായി കാണുന്നത് ദേവിയെയാണ്. ലളിതാ സഹസ്ര നാമത്തിൽ ദേവിയെ തന്റെ കൈ വിരലിന്റെ നഖങ്ങളിൽ നിന്ന് വിഷ്ണുവിന്റെ ദശാവതാരങ്ങളെ ഉൽപ്പാദിപ്പിച്ചവളായും സമസ്ത ദേവതകളാൽ സേവിക്കപ്പെടുന്നവളുമായി വർണ്ണിക്കുന്നു. ലളിതാത്രിപുര സുന്ദരിയെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെക്കാൾ ഒന്നത്യത്തിലിരിക്കുന്നവ ളായാണ് കരുതിപ്പോരുന്നത്.
ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനെയും ലക്ഷ്മി ദേവിയുടെ അംശാവതാരങ്ങളായി കരുതി പോരുന്ന വിശ്വാസ പ്രമാണം ഉത്തരേന്ത്യയിലുണ്ട് . ഹിന്ദു ഗൃഹങ്ങളിൽ പെണ്കുഞ്ഞിന്റെ ജനനം നടന്നാൽ ലക്ഷ്മീ ദേവി ജനിച്ചു എന്നൊരു പഴമൊഴി തന്നെയുണ്ട്. എന്നാൽ ജനിച്ചത് ആണ്കുഞ്ഞാണെങ്കിൽ അവനെ മഹാ വിഷ്ണുവിന്റെയോ മറ്റോ അംശമായി കരുതാറില്ല. ഭാരതത്തിൽ ചില ഭാഗങ്ങളിൽ പെണ്കുട്ടികളെ മുതിര്ന്നവരുടെ പാദം സ്പർശിക്ക്യാൻ അനുവദിക്ക്യാറില്ല. എന്നാൽ നവരാത്രി പൂജാ വേളയിലാകട്ടെ അവൾ പൂജിക്കപ്പെടുന്നു, മാതാ പിതാക്കൾ പോലും അവളുടെ പാദം തൊട്ടു വണങ്ങുന്നു.
ഭാരതീയ സംസ്കൃതിയിൽ സ്ത്രീക്ക് കല്പ്പിക്കുന്നത് മാതൃഭാവമാണ്. നവരാത്രി അവസരത്തിൽ ഈ മാതൃഭാവം മൂന്നു തരത്തിൽ ആരാധിക്കപ്പെടുന്നു. അറിവിന്റെ യും ജ്ഞ്യാനത്തിന്റെയും പ്രതീകമായ സരസ്വതിയായും , ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും , സമൃദ്ധിയുടെയും പ്രതീകമായ ലക്ഷ്മിയായും , അതുല്യ ശക്തിയുടെയും യുദ്ധ വീര്യത്തിന്റെയും വിശ്വപ്രകൃതിയുടെയും പ്രതീകമായ ദുർഗ്ഗയായും . ആദ്യത്തെ രണ്ട്സങ്കല്പ്പങ്ങള്ക്കും തത്തുല്യമായ പുരുഷ പ്രതീകങ്ങളൊന്നുമില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാകുന്നു. ഇതിൽ നിന്നും അറിവിനും ഐശ്വര്യത്തിനും ഭാരതീയർ സ്ത്രീ ഭാവമാണ് കല്പ്പിച്ചു നല്കിയത് എന്നും മൂന്നാമത്തെ സങ്കല്പ്പമായ ശക്തിയുടെ പ്രതീകത്തിൽ നിന്നും സ്ത്രീയെ ഒഴിച്ച് നിർത്തിയിട്ടില്ല എന്നും സിദ്ധിക്കുന്നു. സംഹാര ശക്തിയുടെ പ്രതീകമായ കാളീ രൂപത്തിലും ആരാധിക്കപ്പെടുന്നത് സ്ത്രീ ഭാവമാണ്.
വേദങ്ങളിലെ സ്ത്രീത്വം
വേദമന്ത്ര ദൃഷ്ടാക്കളായ അനേകം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ച്, സ്ത്രീകള്ക്ക് വേദാധികാരമില്ല എന്ന് വിലക്ക് പുറപ്പെടുവിക്കുന്ന പല ഗുരുക്കന്മാരെയും ഇന്ന് കാണാൻ സാധിക്കും . ശ്രുതിയെ വേണ്ടവിധം അറിയാതെയുള്ള ഇത്തരം അബദ്ധ പ്രസ്താവനകളെ കണ്ണുമടച്ചു തള്ളിക്കളയാൻ നാം തയ്യാറാകണം. ആധ്യാത്മിക മേഖലകളിൽ എത്ര തന്നെ ഉയർന്ന സ്ഥാനം വഹിക്കുന്നവരാകട്ടെ, എത്ര തന്നെ പൂജ്യരായികൊള്ളട്ടെ അവരെ സനാതന ധർമ്മ സംസ്കൃതിയുടെ ശത്രുക്കളായെ കരുതാൻ നിർവാഹമുള്ളൂ
ഭാരതത്തിൽ വേദമന്ത്ര ദൃഷ്ടാക്കളിൽ സ്ത്രീകളുണ്ട്. ഇതിൽ നിന്നും സ്ത്രീകള്ക്ക് വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനോ പൂണൂൽ ധരിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്. മന്ത്ര ദേവതകളെ വരെ ദർശിച്ചിരുന്ന സ്ത്രീകളുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തമാകുന്നത് അവരുടെ ധിഷണാ വൈഭവം തന്നെയാണ്. അവർ യജ്ഞ്യങ്ങൾ നടത്തിയിരുന്നു, ഉപനയനം ചെയ്തിരുന്നു പൂണൂലും ധരിച്ചിരുന്നു . സാമ്പ്രദായിക വേദവിദ്യാഭ്യാസം എല്ലാ സ്ത്രീകള്ക്കും ഉണ്ടായിരുന്നു. പാണിനി ആചാര്യണികളെന്നും ഉപാധ്യായകളെന്നും സ്ത്രീകളെ വിശേഷിപ്പിചിരിക്കുന്നതായി കാണാം. ഇതിൽ നിന്നും സ്ത്രീകള് പഠിക്കുക മാത്രമല്ല പഠിപ്പിക്കുക കൂടി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
വേദകാലത്ത് സ്ത്രീകള്ക്ക് തപസ്സോ ജപമോ നിഷിധമായിരുന്നില്ല . ഉദാഹരണമായി നിരവധി സ്ത്രീകളെ ചൂണ്ടി കാണിക്ക്യാൻ സാധിക്കുമെങ്കിലും പാർവതി, ദ്രൌപദിയുടെ പൂർവ ജന്മം തുടങ്ങിയവ മാത്രം പേരെടുത്ത് പരാമർശിക്കുന്നു.
ആയോധന വിദ്യയിലും സ്ത്രീകൾ പിന്നിലായിരുന്നില്ല . ഋഗ്വേദത്തിൽ വിശ്വംവാര എന്നൊരു സ്ത്രീ യുദ്ധം നയിക്കുന്നുണ്ട്. ഒരു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ടു പോയ അവർ കൃത്രിമക്കാൽ വെച്ചാണ് ശേഷമുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്. കൃത്രിമക്കാൽ വെച്ച് യുദ്ധം ചെയ്തിരുന്ന ആ വൈദ്യ വിദ്യാരഹസ്യത്തെക്കുറിച്ചോർത്ത് ആശ്ചര്യപ്പെടുന്നത് പിന്നീടാവാം. സ്ത്രീകൾ മഹായുദ്ധങ്ങൾ വരെ നയിച്ചിരുന്നുവെന്നു ഇതിൽ നിന്നും വായിച്ചെടുക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ. ശ്രീകൃഷ്ണന്റെ കൂടെ നരകാസുരനെതിരെ യുദ്ധം നയിച്ചിരുന്നത് പത്നിയായ സത്യഭാമയായിരുന്നു. ദശരഥനോടൊപ്പം ദേവാസുര യുദ്ധത്തിൽ സാരഥ്യം വഹിച്ചത് കൈകേയിയാണ്. വേദകാലവും ഇതിഹാസ കാലവും കഴിഞ്ഞുണ്ടായ മെഗസ്തനീസിന്റെ ഭാരത സന്ദർശന വിവരണത്തിൽ പോലും അസാമാന്യ ആയോധനാ പാടവമുള്ള ചന്ദ്ര ഗുപ്തന്റെ സ്ത്രീ പടയാളികളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇതിൽ നിന്നും സ്ത്രീകളെ ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തൽ എവിടെനിന്നാരംഭിച്ചു എന്നെല്ലാ ഭാരത പൌരന്മാരും അറിഞ്ഞിരിക്ക്യെണ്ടതാണ്.
വേദകാലങ്ങളിൽ സ്ത്രീകളെ രണ്ടു വിധത്തിൽ തരം തിരിച്ചിരുന്നതായി കാണാം. ബ്രഹ്മവാദിനികളായും സദ്യോവധുക്കളായും. ഉപനയനത്തിനും സാമ്പ്രദായിക വേദ പഠനങ്ങൾക്കും ശേഷം ബ്രഹ്മത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവരാണ് ബ്രഹ്മവാദിനികൾ. സദ്യോവധുക്കൾ സാമ്പ്രദായിക പഠനങ്ങൾക്ക് ശേഷം കുടുംബജീവിതം നയിക്കുന്നവരാണ്. ഈ തരം തിരിവുകൾ ഉണ്ടെങ്കിൽ കൂടി സദ്യോവധുക്കളിൽ ബ്രഹ്മവാദിനികളെ കാണാൻ പ്രയാസമില്ല താനും. അനസൂയ, മൈത്രേയി തുടങ്ങിയവർ ബ്രഹ്മവാദിനികളായ സദ്യോവധുക്കളാണ് . ശബരി, അവ്വൈയാർ തുടങ്ങിയവരാകട്ടെ സദ്യോവധു ക്കളല്ലാത്ത ബ്രഹ്മവാദിനികളും.
വേദകാലങ്ങളിൽ സ്ത്രീകൾ പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹിതരായിരുന്നത് . “ഭർത്തൊ രക്ഷതി യൌവനേ” എന്ന മനു വാക്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. സതി സമ്പ്രദായത്തെക്കുറിച്ച് വേദങ്ങളിൽ പരാമർശമില്ല. ഋഗ്വേദത്തിൽ ഭർത്തൃ വിയോഗത്തിൽ ദുഖിതയായി മരണത്തെ പുല്കാൻ ഇരിക്കുന്ന ഒരു സ്ത്രീയെ ജീവിക്യാൻ പ്രേരിപ്പിക്കുന്ന ശ്ലോകമുണ്ട്. ഭർതൃ വിയോഗത്തിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകൾ ‘പുനർഭു’ എന്ന പേരില് അറിയപ്പെട്ടിരുന്നു. മനുസ്മൃതി, യാജ്ഞ്യവല്ക്യ സ്മൃതി , വിഷ്ണു സ്മൃതി, വസിഷ്ഠ സ്മൃതി തുടങ്ങിയവ സ്ത്രീകള്ക്ക് രണ്ടാമത് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നു. മഹാഭാരതത്തിൽ , വിധവയായ ഉലൂപിയാണ് അർജ്ജുനനെ വിവാഹം കഴിക്കുന്നത്. അർജ്ജുനന് ഉലൂപിയിൽ നിന്നുമുണ്ടായ പുത്രനാണ് ഇരാവൻ . മഹാഭാരതത്തിൽ തന്നെ നളൻ മരിച്ചു പോയെന്നു വാർത്തകൾ പരന്നിട്ടും ദമയന്തിയുടെ പുനർ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നിന്നും നമുക്ക് വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് വായിച്ചെടുക്കാവുന്നതാണ്.
വേദങ്ങളിൽ സ്ത്രീകള്ക്ക് ആദരവും അംഗീകാരവും നല്കിയിരുന്നതിനു തെളിവായി ധാരാളം സൂക്തങ്ങൾ കാണാം. നാല് വേദങ്ങളും പെണ്കുട്ടികൾക്കും ആണ്കുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറയുന്നു. വേദങ്ങളെല്ലാം തന്നെ വിദ്യ സമ്പന്നകളായ സ്ത്രീകളുടെ ഗുണങ്ങൾ വിവരിക്കുന്നു. സ്ത്രീകളിൽ നിന്നും വിദ്യയ്ക്കായ് അപേക്ഷിക്കുന്ന പുരുഷന്മാർ വേദ/പുരാണേതിഹാസങ്ങളിൽ ഒരപൂർവ കാഴ്ചയല്ല. കേനോപനിഷത്തിൽ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നത് ഉമയാണ്.വേദങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് എണ്ണിയാൽ തീരാത്ത ശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതായ് കാണാം. പണ്ഡിതയായ സ്ത്രീയെ ഒരു പണ്ഡിതന് മാത്രമേ വിവാഹം ചെയ്തു കൊടുക്കാവൂ എന്ന് വിധിയുണ്ട്. യോഗ്യനായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രി അവിവാഹിതയായി ഇരിക്കുകയാണ് അഭികാമ്യം എന്ന മനുവാക്യം കൂടി ഇതുമായി ചേർത്തു വായിക്കാം.
പത്നീ സമേതനല്ലാതെയുള്ള പതിയുടെ യജ്ഞ്യങ്ങളൊന്നും പൂർണ്ണമല്ല എന്നാണു വേദ വിധി. മഹാഭാരതത്തിൽ ശകുന്തള ഭാര്യയുടെ വാക്യാർത്ഥങ്ങൾ പറയുന്നുണ്ട്. അതനുസരിച്ച് പത്നി വാക്യാർത്ഥം , പതിയെ നയിക്കുന്നവൾ എന്നാണ്. ധർമ്മപത്നിയാകട്ടെ ധർമ്മത്തിന്റെ പാതയിൽ പതിയെ നയിക്കുന്നവളാണ്. ഭർത്താവിനോടൊപ്പം ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവളാണ് സഹധർമ്മചാരിണി .ഇവിടെയെല്ലാം നമുക്ക് ഭാര്യാ ഭർതൃ ബന്ധത്തിലെ തുല്യത കാണാം.
വേദങ്ങളിൽ സ്ത്രീകളെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ
സ്ത്രീകള് ധൈര്യശാലികളാകണം,
വിശേഷ വിജ്ഞ്യാനമുള്ളവരാകണം ,
കീർത്തി സമ്പാദിക്കണം,
രഥമോടിക്കാനറിയണം,
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല . സത്യം ഇങ്ങനെയിരുന്നിട്ടു കൂടി ഭാരത ചരിത്രത്തിലെ ഇരുണ്ടകാലത്തെ ചൂണ്ടിക്കാണിച്ച് സ്ത്രീക്ക് വേദാധികാരമില്ല എന്ന് പറയുന്ന പുതു പണ്ഡിതരുടെ പാണ്ഡിത്യ നിലവാരത്തെ കുറിച്ചിനിയുമെന്തു പറയാൻ.
ഇനി സ്ത്രീ വിരുദ്ധനെന്നു കുപ്രസിദ്ധി നേടിയ മനു അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം . നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക. അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു (3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു ( 2.138) . സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു.. സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു , സ്ത്രീകള് സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്ക്യരുത് എന്ന് പറയുന്ന മനു. സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരികാധപതനത്തെ കാണിക്കുന്നു.. സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം ..ഈ മനുവിനെ ചില സ്ത്രീ വിരുദ്ധ പ്രക്ഷിപ്ത ശ്ലോകങ്ങളിൽ നിന്നും വേർതിരിച്ചറിയുവാനുള്ള കഴിവ് ഓരോ ഭാരതീയനും നേടിയെടുക്കുക തന്നെ വേണം . മനുവിനെ സ്ത്രീ വിരുദ്ധനെന്നു മുദ്ര കുത്തിയതിലെ രാഷ്ട്രീയ ലാക്കും ഓരോ ഭാരതീയനും തിരിച്ചറിയെണ്ടതാണ്.
സംസ്കൃതിയിലെ മാതൃഭാവം
“മാതൃവത് പര ദാരെഷു” —- മാതൃഭാവേനെ എല്ലാ സ്ത്രീകളോടും ഇടപെടണമെന്നാണ് ഭാരതീയ സംസ്കൃതി നമ്മോടു വിളിച്ചു പറയുന്നത്. സചേതനങ്ങളും അചേതനങ്ങളുമായ സകല സ്ത്രീ സത്തകൾക്കും ഭാരതീയർ മാതൃഭാവം കല്പ്പിച്ചു നല്കിയതായി കാണാം . വേദങ്ങളിലും, പുരാണങ്ങളിലും , സ്മൃതികളിലും , ഇതിഹാസങ്ങളിലും പരമോത്കൃഷ്ട സ്ഥാനം നല്കിയിരിക്കുന്നത് മാതൃഭാവത്തിനാണ്. ഒരു സ്ത്രീ ബാലികയാകട്ടെ, കന്യകയാകട്ടെ, വൃദ്ധയാകട്ടെ, അവരിൽ മുൻപിട്ടു നില്ക്കുന്നതും ഇതേ മാതൃ ഭാവമാണ്. ഈ മാതൃഭാവത്തെ വാഴ്ത്തി നിരവധി സൂക്തങ്ങൾ വേദങ്ങളിൽ കാണാം. ജ്ഞ്യാനതിന്റെ ഉറവിടമായ സരസ്വതിയായും ,ധൈര്യത്തിന്റെയും വീര്യതിന്റെയും സംക്ഷിപ്ത രൂപമായ സഹസ്രവീര്യയായും പ്രതീക്ഷയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ ഉഷസ്സായും വേദങ്ങൾ മാതൃഭാവത്തെ വാഴ്ത്തുന്നു. സൂര്യനെന്ന തന്റെ പതിക്കു മുൻപേ നടക്കുന്ന ഉഷയെന്ന സ്ത്രീഭാവത്തെ വേദങ്ങളിലെ പരമോത്കൃഷ്ടമായ ഒരു പ്രതീകമായാണ് കരുതുന്നത്. അന്ധകാരത്തെ അകറ്റി പുലരി പ്രകാശവും വിശുദ്ധിയും പരത്തുന്ന പോലെ , മാതാവ് കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം പകരുന്നുവെന്നു വേദം വിളിച്ചു പറയുന്നു.
വേദങ്ങളിലെ പ്രധാന ദേവീ സങ്കല്പ്പമായ അദിതിയെ സകലതിനെയും ഉള്ളിലടക്കുന്ന മാതൃസത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത് . ഇന്ദ്രനടക്കമുള്ള സകല ദേവന്മാരുടെയും മാതാവായി വിശേഷിപ്പിക്കുന്നതും ഇതേ അദിതിയെത്തന്നെ . സർവാരാധ്യയാണ് ആദിതിയെന്നും അദിതിയിൽ നിന്നാണ് സമസ്ത പ്രപഞ്ചവും ഉത്ഭവിച്ചതെന്നും വേദം നിസ്സംശയം വിളിച്ചു പറയുന്നു.പുരുഷ സത്തയായ പ്രജാപതിയോടൊപ്പം നില്ക്കാവുന്ന സ്ത്രീ സത്തയായ അദിതിക്കു പകരം വെയ്ക്കുവാൻ തക്ക ശക്തമായ സ്ത്രീ ഭാവങ്ങളൊന്നും സെമെട്ടിക് മതങ്ങള്ക്കു സ്വന്തമായില്ല എന്നത് പ്രജാപതി സങ്കല്പ്പത്തെ ‘വെടക്കാക്കി തനിക്കാക്കാൻ’ ശ്രമിക്കുന്ന മത മേലാളന്മാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്ത്രീ ഭാവത്തെ ആരാധ്യമായി കരുതി സ്തുതിക്കുന്ന വേദസൂക്തങ്ങളിൽ ശ്രീ സൂക്തം, നില സുക്തം, ഭൂ സൂക്തം തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും വേദമാതാവായി , സകല മന്ത്രങ്ങളുടെയും അമ്മയായി , സ്ത്രീ ഭാവം കല്പ്പിച്ചു നല്കി ഭാരതീയർ ആദരവോടെ സ്തുതിക്കുന്ന ഗായത്രിയാണ് സകല വേദ സൂക്തങ്ങളിലും വെച്ച് പ്രഥമ പരിഗണനക്ക് അർഹത നേടുന്നത് . ഗായത്രി മന്ത്രമില്ലാതെ യുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നും , ഗായത്രി ജപം വേണ്ട വിധം അനുഷ്ടിചാലെ ഒരു സാധകൻ മറ്റു മന്ത്രങ്ങൾക്ക് അർഹത നേടൂ എന്നുമാണ് വിശ്വാസം. ഉപനയന വേളയിൽ പ്രഥമോപദേശമായി നല്കുന്നതും ഗായത്രി മന്ത്രമാണ്.
ഭാരതീയ സംസ്കൃതിയിലെ മാതൃഭാവങ്ങൾ ഇത് കൊണ്ട് അവസാനിക്കുന്നില്ല. നദികളിലും രാഷ്ട്രത്തിലും ഭാഷയിലും ഭൂമിയിലും അവർ മാതൃഭാവം കാണുന്നു. പശുക്കളിൽ പോലും മാതൃഭാവം ദർശിക്കുന്ന ഒരു ഭാരതീയൻ തന്റെ നിലനില്പ്പിനു കാരണഭൂതയാകുന്ന നദികൾക്കും, രാഷ്ട്രത്തിനും, ഭാഷയ്ക്കും . ഭൂമിക്കും, പരമപ്രധാന ശാസ്ത്ര ഗ്രന്ഥമായ വേദങ്ങൾക്കും – ശ്രുതി – മാതൃഭാവം കല്പ്പിച്ചതിൽ ആശ്ച്ചര്യപ്പെടാൻ എന്തിരിക്കുന്നു അല്ലെ? ഭാരതത്തിന്റെ തനതു ഗ്രന്ഥങ്ങളും സംസ്കൃതിയും സ്ത്രീകള്ക്ക് നല്കിയ പ്രാധാന്യത്തെ പറ്റി എഴുതുവാൻ ഇനിയുമേറെയുണ്ട് . പക്ഷെ വിസ്താരഭയത്താൽ ഈ വിഷയം ചുരുക്കുന്നു.
Reference:
Encyclopaedia of Indian Women through ages : Simmi Jain
Perspectives on Indian Women : R.S. Tripati , R.K. Tiwari
Bhaaratheeya Sthree : M. Leelaavathi
Manusmruthi, Ramayana, Mahabharatha
Swami Nirmalananda Giri Maharaj