അഞ്ജലി ജോര്ജ്
“ഗാന്ധി ഘാതകർ ഞങ്ങളെ പഠിപ്പിക്കണ്ട “..
കോണ്ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഉത്തരം മുട്ടുമ്പോൾ ആർ എസ്സ് എസ്സുകാരോടും മറ്റു ദേശീയവാദികളോടും സ്ഥിരം പറയുന്ന ഒരു വാചകമാണിത്. ആർ എസ് എസ്സാണ് രാഷ്ട്രപിതാവിനെ കൊന്നത് എന്ന സൂചനയുണ്ടാക്കി വിമർശകരെ ആർ എസ് എസ്സുകാരാക്കി മാറ്റി അവരുടെ വായടപ്പിക്കാനുള്ള ഒരു കുതന്ത്രമായാണ് അവരിങ്ങനെ പറഞ്ഞു നടക്കുന്നത്. ഗാന്ധിവധക്കേസിൽ കോടതിയുത്തരവും ജസ്റ്റിസ് ജീവൻലാൽ കപൂർ കമ്മീഷനും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞതാണെന്ന് വളരെ വ്യക്തമായി അറിയാമെങ്കിലും നിരന്തരം ഒരേ കള്ളം പറഞ്ഞു പറഞ്ഞു അത് ജനമനസിൽ വാസ്തവികതയായി പതിപ്പിച്ചെടുക്കുക എന്ന ഗീബൽസിയൻ തന്ത്രം ശീലമാക്കിയ അവർ നുണക്കഥകൾ പാടിക്കൊണ്ടേയിരിക്കുന്നു. സുസ്സജ്ജമായ അവരുടെ സംഘടിത ആശയ പ്രചാരണ സങ്കേതങ്ങൾ മാത്രമല്ല, ദേശീയ പ്രസ്ഥാനങ്ങൾ ഇത്തരം നുണപ്രചാരങ്ങളെ അപ്രമാണീകരിക്കുന്നതിൽ പരാജയപ്പെട്ടതും ഈ കള്ളപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഒരു പരിധിവരെ അവർ വിജയിക്കുവാൻ ഒരുപോലെ കാരണമായിട്ടുണ്ട്.
ചെറിയ ഒരു കാറ്റ് വീശിയാൽ മതി ഇന്ത്യാവിരുദ്ധ ശക്തികൾ നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ ഈ ചീട്ടു കൊട്ടാരം തകർന്നടിയാൻ എന്ന് ഈ കൂട്ടങ്ങൾക്ക് നല്ല ബോധ്യം ഉണ്ട്. അതുകൊണ്ട് ഈ പ്രസാരകർ നുണകൾക്ക് ഉപോത്ഭലകമായ പുതിയ പുതിയ സിദ്ധാന്തങ്ങൾ കണ്ടെത്തി നിരന്തരം നാട് മുഴുവൻ പരത്തിക്കൊണ്ടേയിരിക്കുന്നു. കാടടച്ചു വെടിവെച്ചാൽ ഏതെങ്കിലും ഇര വീഴുമല്ലോ. ഈയിടെയായി ആർ എസ് എസ് ആശയ സംഹിതയാണ് ഗാന്ധിയെ വധിച്ചതെന്ന് ഇവർ പറഞ്ഞു നടക്കാൻ തുടങ്ങിയിട്ടുണ്ട്. ഗാന്ധിവധം സംബന്ധിച്ച് അവർ ആർ എസ് എസ്സിനെതിരെ അടിച്ചേൽപ്പിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് വസ്തുതകളുടെ അടിസ്ഥാനമില്ലെന്ന് അവർ തിരിച്ചറിയുന്നു എന്ന് അതിൽനിന്നു വ്യക്തമാകുന്നു. ആർ എസ് എസ്സിനെ ഗാന്ധിവധവുമായി ബന്ധപ്പെടുത്താൻ, യുക്തിക്കും നിയമത്തിനും ഹിതകരമായ വസ്തുതകളുടെ പിൻബലം വേണം. എന്നാൽ ആശയ സഹിതയെ കുറ്റപ്പെടുത്താൻ വാചക കസർത്തു മാത്രം മതി. കാശ്മീരി പണ്ഡിറ്റ് വംശഹത്യയിലോ, 2001 ലെ പാർലമെന്റ് ആക്രമണത്തിലോ, ചാർലീ ഹെബ്ടോയിലെ മാദ്ധ്യമപ്രവർത്തകരെ നിഷ്ഠൂരമായി കൊന്നൊടുക്കിയതിലോ മതത്തിന്റെ ആശയങ്ങൾക്ക് യാതൊരുവിധ പങ്കുമില്ല എന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അതെ ആളുകളാണ് ഇവരെന്ന് ഓർക്കുക.
വിജയികളാൽ രചയിതമാണെന്ന് പറയുമെങ്കിലും നവീനവും അവിചാരിതവുമായ തെളിവുകൾ കൊണ്ട് സത്യം എന്ന് പറഞ്ഞു ഊതി വീർപ്പിക്കപ്പെട്ട ബലൂണുകൾ പൊട്ടിത്തകർക്കപ്പെട്ട അനേകം ഉദാഹരണങ്ങളാൽ സമ്പുഷ്ടമാണ് ചരിത്രത്തിന്റെ ഏടുകൾ. ഗാന്ധിവധത്തിലും ഇത്തരം നവ ദർശനങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അടുത്തിടെയാണ് നിയമങ്ങളെ തൃണവദ്ഗണിച്ചു കൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല എന്ന് വെളിപ്പെടുകയുണ്ടായത്. ചില അതി ശക്തമായ പൊരുത്തക്കേടുകൾ ഗാന്ധിവധം അന്വേഷിച്ചതിൽ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ ഈ കേസ് പുനപരിശോധിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ആലോചിക്കുകയാണെന്ന് ഈയിടെ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറയുകയുണ്ടായി. ഗാന്ധിജിയുടെ ശരീരത്തിൽ നാലു വെടിയുണ്ടകൾ കയറിയ മുറിവുകൾ കാണുന്നുണ്ടെങ്കിലും വിചാരണയിൽ മൂന്നു മുറിവുകളെ പ്രതിപാദിക്കപ്പെടുകയുണ്ടായുള്ളൂ എന്നും, എങ്ങനെയാണ് ബ്രിട്ടീഷ് സൈനികർ മാത്രം ഉപയോഗിച്ചിരുന്ന ബാരെറ്റാ പിസ്ടോൾ ഘാതകൻ ഗോഡ്സെയുടെ കൈവശം എത്തിചേർന്നത് എന്നും സ്വാമി ആശ്ചര്യപ്പെടുന്നു.
ഇതേ സന്ദർഭത്തിൽ സംഗതമായ മറ്റൊരു വിഷയം ഗോഡ്സെ അംഗമായിരുന്ന ഹിന്ദുമഹാസഭയ്ക്ക് ഗാന്ധിവധത്തിന്മേലുള്ള പങ്കാണ്. സമാരാധ്യനായ ഒരു ലോകവ്യക്തിത്വം വധിക്കപ്പെട്ടാൽ, അതിനുത്തരവാദികളായവരെ എത്ര കർക്കശമായി അടിച്ചമർത്തും എന്ന് ആലോചിച്ചു നോക്കൂ. എന്നിട്ടും ഗാന്ധിജിയെ വധിച്ചതിനു ഹിന്ദുമഹാസഭയെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ ഒരിക്കലും നിരോധിക്കുകയുണ്ടായില്ല എന്നത് വിചിത്രം തന്നെ. ബംഗാളിൽ നിന്നുമുള്ള പ്രമുഖ അഭിഭാഷകനും ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടുമായിരുന്ന നിർമ്മൽചന്ദ്ര ചാറ്റർജ്ജിക്ക് ഇക്കാരണത്താൽ ഏതെങ്കിലും വിധത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നതായി യാതൊരു രേഖകളും കാണാനുമില്ല എന്നതും ഇതിലെ രസകരമായ ഒരു വശമാണ്. മാത്രമല്ല, ഗാന്ധിജിയുടെ മരണത്തിനു ശേഷമുള്ള ചാറ്റർജ്ജിയുടെ ജീവിതം പരിശോദിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നു.
നിർമ്മൽചന്ദ്ര ചാറ്റർജ്ജിയെക്കുറിച്ച് നമുക്കറിയുന്ന വസ്തുതകൾ എല്ലാം അദ്ധേഹത്തിന്റെ പുത്രനും സിപിഎം നേതാവും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റർജ്ജിയുടെ ആത്മകഥയിൽ നിന്നാണ്. ‘വിശ്വാസ്യതയുടെ ഓർമ്മക്കുറിപ്പുകൾ ’ എന്ന പുസ്തകത്തിൽ നിന്നും ചിന്തോദ്ദീപകങ്ങളായ പ്രസക്തഭാഗങ്ങൾ ചുവടെ:
പേജ് 13: “ഏതാണ്ട് ആ സമയത്ത് എന്റെ അച്ഛൻ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പ്രസിഡന്റാവുകയും പാർട്ടിയുടെ ഗ്വാളിയോർ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. പക്ഷെ വിഭജനത്തിനും ഗാന്ധിവധത്തിനും ശേഷം അദ്ധേഹത്തിനു പാർട്ടിയുടെ രാഷ്ട്രീയം ഏതാണ്ട് മടുത്തതു പോലെയാണ് എനിക്ക് തോന്നിയത്. “
തുടർന്ന് തന്റെ പിതാവിന് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജി സ്ഥാനം ലഭിക്കുകയുണ്ടായി എന്നും അദ്ദേഹം ആ ഓഫർ സ്വീകരിച്ചു എന്നും സോമനാഥ് ചാറ്റർജി കൂട്ടിച്ചേർക്കുന്നു. പതിനാല് മാസങ്ങൾക്ക് ശേഷം രാജിവച്ചു ഇദ്ദേഹം ഡൽഹിയിലേക്കു മാറുകയും സുപ്രീംകോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
പേജ് 14: “അതിനു ശേഷം അദ്ദേഹം ക്രമേണ ഹിന്ദുമഹാസഭയുമായി ഉണ്ടായിരുന്ന ബന്ധം പുതുക്കുകയും ചെയ്തു. ഞാൻ ഇംഗ്ലണ്ടിൽ ആയിരുന്ന സമയത്ത് 1952ൽ ഹിന്ദുമഹാസഭാ സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നും ആദ്യ ലോകസഭയിലേക്ക് മത്സരിച്ചു കോണ്ഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന രേണുക റേയെ പരാജയപ്പെടുത്തി. “
പേജ് 16&17 : “എന്റെ അച്ഛൻ രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുമഹാസഭ ടിക്കറ്റിൽ മത്സരിച്ചപ്പോൾ, കർത്തവ്യനിരതനായ മകൻ എന്ന നിലയിൽ ജീപ്പുകൾ ഏർപ്പാടാക്കിയും (അക്കാലത്ത് ഗ്രാമീണ മേഖലയിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഏകവാഹനം) പോസ്റർ, നോട്ടീസ് എന്നിങ്ങനെയുള്ള പ്രചാരണമാദ്ധ്യമങ്ങൾ സംഘടിപ്പിച്ചും ഞാൻ അദ്ദേഹത്തെ സഹായിച്ചു. എങ്കിലും അദ്ദേഹം ഇലക്ഷനിൽ പരാജയപ്പെട്ടു. “
പേജ് 18: “1962, എന്റെ അച്ഛൻ വീണ്ടും ഹൂഗ്ലി നിയോജകമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. പക്ഷെ അത്തവണ സ്വതന്ത്ര സ്ഥാനാർഥി ആയിട്ടായിരുന്നു. സി പി ഐ നേതാവായ പ്രഭാത് കർനോട് ചുരുങ്ങിയ മാർജിനിൽ അദ്ദേഹം പരാജയപ്പെട്ടു. അതിനിടെ, സർക്കാരുമായി കരാറിൽ ഏർപ്പെട്ടതിനെതിരെ കൊടുത്ത കേസിൽ ഹൈക്കോടതി ഉത്തരവനുസരിച്ചു 1963ൽ ബുർദ്വാൻ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം പി അയോഗ്യനാക്കപ്പെട്ടപ്പോൾ ജ്യോതിബസു ബിനോയ് ചൗധരി (ബുർദ്വാനിൽ നിന്നുമാണ് അദ്ദേഹം ) ഭവാനി സെൻ, എസ് കെ ആചാര്യ എന്നീ കമ്മ്യൂണിസ്റ്റു നേതാക്കൾ എന്റെ അച്ഛനോട് ഉപതെരഞ്ഞെടുപ്പിൽ കമ്മ്യൂനിസ്റ്റു പാർട്ടി പിന്തുണയിൽ സ്വതന്ത്രനായി മത്സരിക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അവരും മറ്റു ചില പൗരാവകാശ പ്രവർത്തകരും എം പിയും പ്രമുഖ ആർ എസ് പി നേതാവുമായ ത്രിദീപ് ചൗധുരി എന്നിവരുടെ അഭ്യർത്ഥന മാനിച്ചു അദ്ധേഹം സമ്മതിച്ചു. 1963 ൽ ബുർദ്വാനിൽ നിന്നും സ്വതന്ത്രനായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനെങ്കിലും പല സുപ്രധാന വിഷയങ്ങളിലും, അദ്ദേഹം ഇടതുപക്ഷ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുകയുണ്ടായി. അത് അംഗീകരിച്ചു കൊണ്ടാവും ബുർദ്വാനിൽ നിന്നും നാലാം ലോകസഭയിലേക്ക് മത്സരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർടി — സി പി എം (അപ്പോഴേക്കും സി പി ഐ പിളർന്നിരുന്നു ) അദ്ദേഹത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. കോണ്ഗ്രസ്സിന്റെ ശക്തനായ നേതാവ് നാരായൺ ചൗധുരിയെ അദ്ദേഹം പരാജയപ്പെടുത്തി.”
ചുരുക്കത്തിൽ, മഹാത്മാ ഗാന്ധിയുടെ ഘാതകൻ അംഗമായിരുന്ന സംഘടനയുടെ പ്രസിഡന്റിന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കുവാൻ അദ്ദേഹത്തെ സഹായിച്ചത് ഇടതുപക്ഷം — അവിഭക്ത സിപിഐയും, പിന്നീട് സി പി എമ്മുമാണെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു. എന്തുകൊണ്ട് എന്ന് എന്നെങ്കിലും ഇടതു പക്ഷക്കാർ നമ്മോടു പറയുമോ ?