2014 ലെ തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ആൻഡി മറിനോ എന്ന ഒരു ബ്രിട്ടീഷ് ജേര്ണലിസ്റ്റിന് അനുവദിച്ച ഒരു അഭിമുഖത്തിൽ മോദി ഇങ്ങനെ പറയുന്നതായി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, “എന്റെ ജീവിതത്തിൽ പരാജയം എന്നൊന്നില്ല. ഞാൻ ഒരു താത്കാലിക തടസത്തിൽ നിർത്തുകയില്ല. അന്തിമ വിജയം വരെ എന്റെ പരിശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കും.”
ഇന്ന് (ജൂലായ് 1, 2017) നേരം പുലർന്നത് ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നികുതി പരിഷ്ക്കാരം നിയമമാക്കിയതിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ്.
ഒരു ഒന്നൊന്നര വർഷം മുൻപ് വരെ വായിച്ചിരുന്ന വാർത്തകളിൽ നമ്മൾ കണ്ടിരുന്നു രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ജി.എസ്.ടിയും, ലാൻഡ് അക്വിസിഷൻ ബില്ലും പോലുള്ള മോദി സർക്കാരിന്റെ തന്ത്ര പ്രധാന ലക്ഷ്യങ്ങൾ എങ്ങിനെയാണ് സാധ്യമല്ലാത്തത് എന്ന്. രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടുന്നത് വരെ മോദി സർക്കാരിന് നേർവഴിയിലൂടെ തികച്ചും അസാധ്യമായ ഒന്നാണ് ജി.എസ്.ടി എന്നായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നത്.
അവിടെ നിന്നാണ്, സ്വന്തത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ, ഈ കൂറ്റൻ ഭരണപരിഷ്ക്കാരം മോദി എന്ന ഭരണതന്ത്രജ്ഞൻ നടത്തിയെടുത്തത്. തന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ല എന്നദ്ദേഹം ഒരിക്കൽ കൂടി അടിവരയിട്ടു തെളിയിക്കുകയായിരുന്നു. പാർലമെന്റിലെ സെൻട്രൽ ഹാളിൽ തന്റെ ജി.എസ്.ടി പ്രസംഗത്തിൽ അദ്ദേഹം ചാണക്യന്റെ ഒരു വചകം ഉദ്ധരിച്ച് പറഞ്ഞത്, ഒരു വസ്തു എത്ര ദൂരെയാണോ, എത്ര ദുഷ്ക്കരണമോ, കഠിന പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതിന് അതൊന്നും ഒരു തടസമല്ല എന്നാണ്. ഇന്ന് മോദി അത് തെളിയിച്ചിരിക്കുകയാണ്.
സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില് പാസാക്കി എന്നതുമാത്രമല്ല, ഇതൊരു ഭരണഘടനാ ഭേദഗതിയായത് കൊണ്ട് നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും അതാത് സംസ്ഥാന നിയമസഭകൾ ഈ നിയമം പാസാക്കേണ്ടതുണ്ടായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളെ കൊണ്ട് അതിന് സമ്മതിപ്പിച്ചതാണ് മോദി സർക്കാരിന്റെ യഥാർത്ഥ വിജയം. ഇവിടെയായിരുന്നു മുൻകാല സർക്കാരുകൾ പരാജയപ്പെട്ടത്. അവരുടെ ഇച്ഛാ ശക്തിയില്ലായ്മയും, വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറല്ലാത്തതും, താന്പോരിമയുമാണ് ഇതിനെ ഇത്രയും വൈകിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളെയും വിശ്വാസത്തിൽ എടുത്ത് അവരുടെ ആശങ്കകൾ പരിഹരിക്കാനായി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ജി.എസ്.ടി ഇപ്പോൾ നിയമമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കൂട്ടുകക്ഷി ഭരണം തുടങ്ങിവച്ച ബിജെപി ഇപ്പൊൾ ഒരിക്കൽ കൂടി അവരുടെ പരസ്പര സഹകരണമനോഭാവവും, ഫെഡറൽ വ്യവസ്ഥയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തെളിയിക്കുക കൂടിയായിരുന്നു ഇതിലൂടെ. ‘കോഓപ്പറേറ്റീവ് ഫെഡറലിസ’ത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് ഇന്ത്യയുടെ ജി.എസ്.ടി എന്നാണ് മോദി ഇന്ന് പറഞ്ഞത്.
പ്രധാനമന്ത്രിക്കൊപ്പം ജി.എസ്.ടി രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് കോൺഗ്രസിന്റെ മുൻ-കേന്ദ്ര ധനകാര്യമന്ത്രി കൂടിയായ, ഭാരതത്തിന്റെ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞത് 2002 ഡിസംബറിൽ തുടങ്ങിയ, നീണ്ട 14 വർഷത്തെ യാത്രയാണ് ഇപ്പോൾ സഫലമാകുന്നത് എന്നാണ്. 2002 ൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തുടങ്ങി വച്ച ഈ ‘ടാക്സ് റിഫോം’ മുഴുവിപ്പിക്കുന്നതും മറ്റൊരു ബിജെപി സർക്കാരിന്റെ കാലത്ത് ആണെന്നുള്ളത് കാലത്തിന്റെ ഒരു കാവ്യ നീതിയാകാം. ഒരിക്കൽ തന്റെ വിദേശ ചടങ്ങുകളിൽ ഒന്നിൽവച്ച് മോദി പറയുകയുണ്ടായി, എനിക്ക് പൂർത്തികരിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട്. എനിക്ക് മുൻപ് വന്നവർ ബാക്കിവച്ചത് പൂർത്തീകരിക്കാൻ സാധിക്കുന്നത് എന്റെ ഭാഗ്യമായി കരുതുന്നു എന്ന്. ജി.എസ്.ടിയും അതിൽ ഒന്നാവുകയാണ്.
ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ്കോങ്, ന്യൂസിലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ ജി.എസ്.ടി നിലവിലുള്ള മറ്റ് ചില രാജ്യങ്ങൾ. ജി.എസ്.ടിയുടെ പ്രാധാന്യം എന്നത് പ്രധാനമന്ത്രിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ, രാജ്യപുരോഗതിയിലെ പ്രധാന പ്രതിബന്ധങ്ങളായ ടാക്സ് ടെററിസവും, ഇൻസ്പെക്ടർ രാജും ഇതോടെ ഇല്ലാതാകും. സർദാർ പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ചത് പോലെ ജി.എസ്.ടി ഇന്ത്യയെ സാമ്പത്തികമായി ഒന്നിപ്പിക്കുന്നു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക-രാഷ്ട്രീയ വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഒരു തമാശയാണ് ഇത് നടപ്പാക്കിയ രാജ്യങ്ങളിലൊന്നും നടപ്പാക്കിയ പാർട്ടി അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ചിട്ടിയല്ല എന്നത്. ഇതൊരു തമാശയാണെങ്കിലും നോട്ട് നിരോധനം പോലെ തന്നെ ആദ്യം കയ്ക്കുകയും മധുരം നുകരാൻ കുറച്ച് നാളുകൾ എടുക്കുകയും ചെയ്യും എന്നുറപ്പുള്ള മറ്റൊരു നാഴികക്കല്ലാണ് ജി.എസ്.ടി എന്ന് ഏറ്റവും നന്നായറിയാവുന്നത് മോദിക്കും കൂട്ടർക്കും തന്നെയായിരിക്കും.
പക്ഷെ ഇലക്ഷൻ മാത്രം മുൻനിർത്തി പ്രവർത്തിക്കാത്ത, രാജ്യ നന്മക്ക് വേണ്ടി റിസ്ക്ക് എടുക്കാൻ തയ്യാറുള്ള അതിശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായ ഇതോടു കൂടി അരക്കിട്ടുറപ്പിക്കുകയാണ് മോദി ചെയ്തിരിക്കുന്നത് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഉത്തർപ്രദേശ് പോലുള്ള ജീവന്മരണ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിന് തൊട്ടു മുന്പാണ് മറ്റൊരു ഭരണാധികാരിയും സ്വപ്നം പോലും കാണാൻ ധൈര്യപ്പെടില്ല എന്നുറപ്പുള്ള നോട്ട് നിരോധനം നടപ്പാക്കിയത് എന്നത് കൂടി കൂട്ടിവായിക്കണം.
• ജി.എസ്.ടി മാത്രമല്ല, സമാനമായ, പതിറ്റാണ്ടുകളോളം മറ്റു സർക്കാരുകളെക്കൊണ്ടൊന്നും നടപ്പാക്കാൻ പറ്റാതിരുന്ന സൈനികരുടെ വൺ റാങ്ക് വൺ പെൻഷൻ ( OROP ) നടപ്പാക്കിയതും മോദി സർക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ്.
• രാഷ്ട്രീയ തിമിരം ബാധിച്ച എതിരാളികൾക്കും മാധ്യമങ്ങൾക്കും പോലും അഴിമതി എന്ന വാക്ക് ഉച്ഛരിക്കാൻ പോലും അവസരം കൊടുക്കാത്ത വിധത്തിൽ സംശുദ്ധഭരണം
• ജി.എസ്.ടിക്ക് പുറമേ മറ്റ് ഭരണനേട്ടങ്ങളായി കള്ളപ്പണത്തിനെതരായ ഏറ്റവും വലിയ ഓപ്പറേഷൻ നോട്ട്നിരോധനം
• രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സർജിക്കൽസ്ട്രൈക്ക്
• സമൂഹത്തിലെ ഏറ്റവും തത്തട്ടിലുള്ളവരുടെ നന്മക്കായുള്ള അടൽ പെൻഷൻ പോലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ
• ചെറുകിട കച്ചവടക്കാരുടെയും, സംരംഭകരുടെയും സഹായത്തിനായുള്ള ജൻധൻ-ആധാർ-മുദ്ര ( JAM ) പ്ലാറ്റ്ഫോം
• ന്യൂജനറേഷൻ യുവാക്കളെ സംരംഭകരാക്കാൻ ഉദ്ദേശിച്ചുള്ള സ്റ്റാർട്ടപ്പ്ഇന്ത്യ
• അങ്ങനെ നൂറ് കൂട്ടം വികസന-ജനക്ഷേമ പദ്ധതികളും പിന്നെ സ്വച്ഛഭാരതും, ഡിജിറ്റൽഇന്ത്യയും പോലെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി സൃഷ്ടിച്ചു കൊണ്ട് ഒരു യാഗാശ്വത്തെപ്പോലെ കുതിക്കുകയാണ് മോദി സർക്കാർ.
അപ്പോൾ ഇനി തിരഞ്ഞെടുപ്പിന് രണ്ട് വർഷത്തിൽ താഴെയേ സമയമുള്ളൂ എന്നിരിക്കെ സർക്കാരിന്റെ ഇത്തരം നേട്ടങ്ങളുടെ നീണ്ട പട്ടികയോടെതിരിടാൻ പ്രതിപക്ഷം എന്ത് ചെയ്യുകയാണ് എന്ന് കൂടി നോക്കുന്നത് ഈ സന്ദർഭത്തിൽ അവസരോചിതമായിരിക്കും.
രാജ്യം ജി.എസ്.ടിക്ക് വേണ്ടി ഒരുങ്ങുമ്പോൾ മറ്റൊരു അപഹാസ്യനാടകം അപ്പുറത്ത് അരങ്ങേറുന്നുണ്ടായിരുന്നു. #NotInMyName എന്നായിരുന്നു അതിന്റെ ഓമനപ്പേര്. ഇതിന് മുൻപുള്ള രണ്ട് വർഷങ്ങളിലായി നടന്ന Intolerance കാംപെയ്നിന്റെ മൂന്നാം ഭാഗമായിരുന്നു അത്. സത്യത്തിൽ പ്രതിപക്ഷം എത്രമാത്രം പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥയിലാണെന്നതിന്റെയും, അവർ എത്രമാത്രം അധഃപതിച്ചു പോയിരിക്കുന്നു എന്നതിന്റെയും തെളിവ് കൂടിയായിരുന്ന അത്.
ഇന്ത്യ പോലുള്ള ഒരു കൂറ്റൻ രാജ്യത്ത് ഓരോ മണിക്കൂറിലും നടക്കാൻ സാധ്യതയുള്ള ആയിരക്കണക്കിന് കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവരുടെയും പ്രതിയാവുന്നവരുടെയും ജാതിയും മതവും നോക്കി തങ്ങളുടെ വോട്ട് ബാങ്കിന് ഏറ്റവും അനുയോജ്യമായ ഏതാനും ചിലത് ‘ചെറി പിക്ക്’ ചെയ്ത്, അതിന് ജാതിയുടെയും മതത്തിന്റെയും നിറം കൊടുത്ത്, അതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടത്താൻ പറ്റുമോ എന്ന് നോക്കുക എന്നത് മാത്രമാണ് മോദിയെ നേരിടാൻ ഇന്ന് പ്രതിപക്ഷത്തിന്റെ കയ്യിലുള്ളത്.
ഇതിനപ്പുറം പ്രതിപക്ഷത്തിന് എന്തെങ്കിലും മോദിക്കെതിരെ പറയാനുണ്ടെങ്കിൽ അത് മോദിയുടെ കോട്ടിന്റെ വില, അദ്ദേഹത്തിന്റെ കോട്ടിലെ നൂല്, അദ്ദേഹത്തിന്റെ വിദേശസഞ്ചാരത്തെകുറിച്ചുള്ള പരിഹാസ്യമായ കളിയാക്കലുകൾ, 15 ലക്ഷം അക്കൗണ്ടിൽ വരുന്നത് ഇതെല്ലാമാണ്.
ഇതിൽ കൂടുതൽ ഒരു പ്രതിപക്ഷത്തിന് ഇനി എന്ത് ഗതികേടാണ് വരാനുള്ളത്.?
നോട്ട് നിരോധനവും, ജി.എസ്.ടിയും പോലുള്ള ബിഗ് ടിക്കറ്റ് റീഫോമുകൾ കൊണ്ട് സാധാരണക്കാരന് ഉണ്ടാകാൻ സാധ്യതയുള്ള ‘ഷോർട് ടെം’ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇനിയും രണ്ട് വർഷത്തിനടുത്ത് സമയമുള്ള സർക്കാരും ആ സർക്കാരിനെ നേരിടാൻ ഓരോ വർഷവും പൊക്കിക്കൊണ്ടുവരുന്ന അസഹിഷ്ണുത ക്യാമ്പെയ്ൻ സീരിസ് അല്ലാതെ പോസിറ്റീവോ, കൺസ്ട്രക്റ്റീവോ ആയി ഒന്നും കയ്യിലില്ലാത്ത പ്രതിപക്ഷവും!
ഇതാണ് മോദിസർക്കാർ മൂന്നാം വർഷം പിന്നിട്ടിരിക്കുന്നു ഈ അവസരത്തിലെ ഇന്ത്യയിലെ രാഷ്ട്രീയ ചിത്രം. 2019 ലെ തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ ഏകദേശം വ്യക്തമാണ് എന്ന് ചുരുക്കം.
————————————ബിനോയ് അശോകന്——————————–