ഭാരതം ഹിന്ദു രാഷ്ട്രമാണോ അല്ലയോ ?
ഇന്ന് വളരെ അധികം ഉയർന്നു കേൾക്കുന്ന ചോദ്യം ആണ്
എങ്ങനെ ആണ് ഭാരതത്തിന് ഹിന്ദു രാഷ്ട്രം ആവാൻ കഴിയുന്നത് ..
അപ്പോൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ എന്ത് ചെയ്യും ?
അവരെ എല്ലാം പുറത്താക്കേണ്ടി വരുമോ? അതോ അവർക്കു രണ്ടാം തരം പൗരൻമാരായി ജീവിക്കേണ്ടി വരുമോ ?
ഇതിന്റെ ഉത്തരം അറിയാൻ ആദ്യം ഹിന്ദുത്വം എന്താണെന്നു അറിയണം.
ഹിന്ദുത്വം ഒരു മതം അല്ല, അതൊരു ജീവിത രീതിയാണ്.
ഈ ലോകത്തിൽ എങ്ങനെ ആണ് ജീവിക്കേണ്ടതെന്നുള്ള അഭിപ്രായം ആണ്. മറ്റുള്ള സെമിറ്റിക് മതങ്ങളെല്ലാം രൂപവും നാമവും സ്വഭാവവുമുള്ള ഒരു ദൈവത്തിനെ ആരാധിക്കുന്നവയാണ്. ഒരു ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചു എന്നും ആ ദൈവം ഈ ഭൂമിയെ പരിപാലിക്കുന്നു എന്നും ആണ് അവർ വിശ്വസിക്കുന്നത്. നല്ലതു ചെയ്യുന്നവരെ ഈ ദൈവം സ്വർഗം കൊടുത്തു ആദരിക്കുമെന്നും മോശപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവരെ ഈ ദൈവം നരകം കൊടുത്തു ശിക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു .
പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവത്തിൽ ഭാരതീയർ വിശ്വസിക്കുന്നില്ല. പ്രപഞ്ചം രൂപമോ നാമമോ സ്വഭാവമോ ഇല്ലാത്ത ഒരു ഉറവിടത്തിൽ നിന്നും പരിണമിച്ചു എന്നാണ് നാം വിശ്വസിക്കുന്നത്. പക്ഷെ മനുഷ്യന് അവന്റെ താല്പര്യം അനുസരിച്ചു ഇഷ്ട്ടമുള്ള രൂപത്തിൽ വിശ്വസിക്കുകയും ആവാം. വിശ്വാസത്തിൽ നിന്നുള്ള ആശ്വാസം കിട്ടാൻ ഇത് സാധാരണ മനുഷ്യനെ സഹായിക്കും.മതങ്ങൾ മനുഷ്യൻ അവന്റെ ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ സങ്കൽപ്പമാണ്. എല്ലാ രൂപങ്ങളും മനുഷ്യൻ അവനു വിശ്വസിക്കാനും ആശ്വസിക്കാനും വേണ്ടി സ്വയം ഉണ്ടാക്കിയതാണ്. എല്ലാ രൂപങ്ങളും നാമങ്ങളും സങ്കൽപ്പമാണെന്നു കരുതുന്ന ഭാരതീയന് ഈ രൂപവും ആ രൂപവും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല. സെക്കുലറിസം എന്ന വാക്കിന്റെ അർത്ഥം മതവുമായി ബന്ധമില്ലാത്തതു എന്നാണ്. പക്ഷെ നമ്മുടെ സംസ്ക്കാരം മതവുമായി ബന്ധമില്ലാത്തതല്ല, മറിച്ച് സർവമത സമഭാവനയുടേതാണ്. എല്ലാ മതങ്ങളും ഒരേ ഉദ്ദേശത്തോടെയുള്ള വിവിധ മാര്ഗങ്ങള് ആണ് എന്നാണ്. അപ്പോൾ മതമെന്നത് വെറും വിശ്വാസമാണ്. അത് കൊണ്ട് മനുഷ്യൻ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവനാണോ വിശ്വസിക്കാത്തവനാണോ എന്നുള്ളത് നമ്മുടെ വിഷയമല്ല. അവൻ ധാർമികമായി ജീവിക്കണം എന്ന് മാത്രമേ നമുക്ക് നിഷ്കർഷ ഉള്ളു.
ഭാരതത്തിൽ തന്നെ ഒരുപാടു മതങ്ങൾ ഉണ്ട്. ശൈവർ പറയുന്നത് ശിവനാണ് എല്ലാത്തിനും കാരണമായ ദൈവം എന്നാണ്. വൈഷ്ണവർ പറയുന്നത് വിഷ്ണുവാണ് എല്ലാത്തിനും കാരണമായ ദൈവം എന്നാണ്. ശാക്തേയർ പറയുന്നത് ശക്തിയാണ് എല്ലാത്തിനും കാരണമായ ദൈവം എന്നാണ്. അതു പോലെ തന്നെ അല്ലാഹുവാണ് ദൈവം എന്ന് മുസ്ലിങ്ങളും, യഹോവയാണ് ദൈവം എന്ന് ക്രിസ്ത്യാനികളും പറയുന്നു. ഇതെല്ലാം എന്തായാലും സത്യമാവാൻ കഴിയില്ല. അപ്പോൾ സത്യം ഇതെല്ലാം സങ്കൽപ്പമാണ് എന്നതാണ്.
എല്ലാ ദൈവങ്ങളും മനുഷ്യന്റെ വിശ്വാസത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള സങ്കല്പ്പങ്ങളാണ്. എന്റെ ദൈവം മാത്രെമേ സത്യമുള്ളൂ എന്നുള്ള ശാഠ്യമാണ് ലോകത്തിലെ പല പ്രധാന വംശഹത്യകൾക്കും കാരണം. ഇന്ന് നമ്മൾ ചുറ്റും നോക്കിയാലും ഈ കാരണം പറഞ്ഞാണ് ധാരാളം ആക്രമണങ്ങൾ ഉണ്ടാവുന്നത്. പക്ഷെ ഹിന്ദുത്വം ആരംഭിക്കുന്നത് മതം അവസാനിക്കുന്നിക്കുന്നിടത്തു നിന്നാണ്. ഹിന്ദുത്വം ഒരു സത്യാന്വേഷണമാണ്. പ്രപഞ്ചം എങ്ങനെ ഉണ്ടായി, എങ്ങനെ നില നിൽക്കുന്നു എന്നുള്ള അന്വേഷണം. പക്ഷെ നമ്മളെപ്പോലെയുള്ള 90 % വരുന്ന സാധാരണക്കാർക്ക് പ്രപഞ്ചം എവിടെ നിന്ന് ഉണ്ടായി എന്നുള്ളത് അല്ല വലിയ വിഷയം. വീട് വാഹനം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എന്നിവയാണ് നമ്മുടെ പ്രശ്നം. നമുക്ക് ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്നുള്ളത് ആണ് വലിയ വിഷയം. ഹിന്ദു സംസ്ക്കാരത്തിന്റെ പ്രധാന ഭാഗം ധർമ്മത്തിനെപ്പറ്റിയുള്ളതാണ് ..
ധർമ്മം എന്നാൽ ധാരണാത്മകമായത്, ധാരണാത്മകം എന്നാൽ നില നിർത്തുന്നത്, സകല പ്രപഞ്ചത്തിന്റെയും അതിന്റെ ഏറ്റവും വിഭവമാർന്ന അവസ്ഥയിൽ നില നിർത്തുന്നത് .
നമുക്കെല്ലാവർക്കും ക്ഷേമത്തോടെ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കാം എന്നുള്ളതാണ് ധര്മ്മത്തിന്റെ പ്രതിപാദ്യ വിഷയം. സ്റ്റോറി ഓഫ് ഇന്ത്യ (Story of India) എന്ന ബിബിസി ഹ്രസ്വ ചിത്രത്തിൽ മൈക്കിൾ വുഡ് പറയുന്നത് ധാർമികമായ ജീവിതം ആണ് ഓരോ ഹിന്ദുവിന്റെയും ലക്ഷ്യം എന്നാണ്. ഹിന്ദു ധർമ്മ പ്രകാരം ആനന്ദമാണ് പരമ പുരുഷാർത്ഥം. ഓരോ മനുഷ്യനും അവന്റെ തരമനുസരിച്ചു ഇഷ്ടം ഉള്ള രീതിയിൽ ആനന്ദം നേടാം .
അഹിംസയാണ് പരമമായ ധര്മ്മം. മറ്റൊരാളിനെ വേദനിപ്പിക്കാതെ നമുക്ക് നമ്മുടെ ജീവിത ലക്ഷ്യമായ ആനന്ദം നേടാം. ഇതാണ് ഹിന്ദുത്വത്തിന്റെ ഏറ്റവും സംക്ഷിപ്തമായ രൂപം. ഓരോ മനുഷ്യനും അവന്റെ തരമനുസരിച്ചു ഓരോ രീതിയിലാണ് ആനന്ദം നേടുന്നത്, ആഹാരത്തിൽ നിന്ന് ആനന്ദം നേടുന്നവർ ഉണ്ടാവും, ധനത്തിൽ നിന്ന് ആനന്ദം നേടുന്നവർ ഉണ്ടാവും, പ്രശസ്തി , സംഗീതം, അംഗീകാരം അങ്ങനെ എല്ലാം ആനന്ദോപാധികൾ ആണ്. അവനവന്റെ തരമനുസരിച്ചു ഇഷ്ടമുള്ള രീതിയിൽ ആനന്ദം നേടാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്. പക്ഷെ അത് മറ്റുള്ളവർക്ക് ഉപദ്രവമാകരുതു എന്നെ ഉള്ളു. മാത്രവുമല്ല എന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം നാളെ എന്റെ തന്നെ ദുഖത്തിന് കാരണമാവുന്നില്ല എന്നും നമ്മൾ ഉറപ്പാക്കണം. ഉദാഹരണത്തിന് സിനിമ കാണുന്നത് നല്ലതാണു പക്ഷെ പരീക്ഷക്ക് പഠിക്കാതെ സിനിമ കാണാൻ പോയാൽ അത് താൽകാലിക സന്തോഷം ഉണ്ടാകും. പക്ഷെ അത് പിന്നീട് ദുഖത്തിന് കാരണം ആകും. സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് പ്രധാനമായും നല്ല കഴിവും നല്ല സ്വഭാവവും ആവശ്യമാണ്.
ഭാരതീയമായ എല്ലാ ആചാരങ്ങളും മനുഷ്യന് നല്ല കഴിവും നല്ല സ്വാഭാവവും പ്രദാനം ചെയ്യാൻ വേണ്ടി ഉള്ളവയാണ്. ക്ഷേത്രങ്ങൾ പ്രധാനമായും മനുഷ്യന് ആനന്ദം, സൽസ്വഭാവം, കഴിവ് മുതലായവ പ്രദാനം ചെയ്യാനുള്ള സ്ഥാപനം ആണ്. മന്ത്രോച്ചാരണം, പ്രാണായാമം, ധ്യാനം , യോഗ ഇവയും ഇത്പോലെ നല്ല സ്വഭാവും കഴിവും കൊടുക്കാനുള്ള ആചാരങ്ങളാണ്. നല്ല കഴിവും സ്വഭാവവും ഉണ്ടാകുമ്പോൾ നമുക്ക് സ്വന്തം ജീവിതത്തിൽ സന്തോഷം ഉണ്ടാക്കാനും
സമൂഹത്തിൽ മറ്റുള്ളവരോട് നന്നായി പെരുമാറാനും മറ്റുള്ളവരെപ്പറ്റി നന്നായി ചിന്തിക്കാനും കഴിയും . അങ്ങനെ നമുക്കും നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനും സന്തോഷത്തോടെ ജീവിക്കാൻ
കഴിയും. നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും , പുരാണങ്ങളും എല്ലാം ഈ ആനന്ദം നേടാനുള്ള അറിവുകളും ആചാരങ്ങളും പഠിപ്പിക്കുന്നവയാണ്.
ഹിന്ദു രാഷ്ട്രമെന്നാൽ ഹിന്ദു സംസ്കാരത്തിൽ അടിയുറച്ച രാഷ്ട്രം. എന്നാണ് അർത്ഥം. നമ്മളെ സംബന്ധിച്ചിടത്തോളം അഹിന്ദു എന്നൊരു വിഭാഗം തന്നെയില്ല. എല്ലാവരിലും ഹിന്ദു സംസ്കാരം എത്തിക്കുകയും എല്ലാവരെയും ക്ഷേമത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുകയും
ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഹിന്ദു രാഷ്ട്രം എന്നത് ഹിന്ദു സംസ്കാരത്തിൽ അധിഷ്ഠിതമായ രാഷ്ട്രമാണ് അല്ലാതെ ഏതെങ്കിലും ഒരു മതത്തിന്റെ പരമാധികാരം ഉള്ള രാജ്യം അല്ല .