ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

11011633_1425539547753337_859266442291855925_n

 

സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

( കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ ഇവിടെ വായിക്കാം. )

 

ഒരു സംസ്കാരത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിടെയുള്ള സ്ത്രീകളുടെ ജീവിത നിലവാരവും സാമൂഹികാവസ്ഥയും നോക്കിയാൽ മതിയാവും. എവിടെ സ്ത്രീകള് പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ വസിക്കുന്നു എന്നത് മനുസ്മൃതിയിലെ പ്രശസ്തമായ വാക്യമാണ്. ഇതിനെ പൂർണ്ണമായി ശരി വെക്കും വിധം ഭാരത സ്ത്രീകൾ പൌരാണിക കാലം മുതൽക്കു തന്നെ വളരെ ഉയര്‍ന്ന സാമൂഹികാന്തസ്സ് അനുഭവിച്ചിരുന്നു. ആത്മീയമായും ബൌദ്ധികമായും ഭൌതികതലത്തിലും വൈദേശികാക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതുവരെ അവൾ അത്യന്തം ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ഉണ്ടായി. പക്ഷെ മത്സരോത്സുകരായ വിദേശ ചിന്താഗതികൾ അവളുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തി. ചരിത്രത്തിന്റെ ഏടുകളിലൂടെ ഭാരതസ്ത്രീയുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമെന്ന് ഒന്ന് അവലോകനം ചെയ്തു നോക്കാം.

female01

ഭാരതത്തിലൂടെ യാത്ര ചെയ്യുന്ന ആർക്കും അസേതു ഹിമാചലം നിറഞ്ഞു നില്‍ക്കുന്ന അഭൗമമായ ആത്മീയത യാതൊരു വിധേനയും നിഷേധിക്കാനാവില്ല. മനുഷ്യരാശിയുടെ നിലനില്‍പ്പിന്‍റെ എല്ലാ തലങ്ങളിലും സ്ത്രീത്വം ജഗത്സ്വരൂപിയുടെ സർഗ്ഗസാക്ഷാത്ക്കാരമായാ

ണ് ഭാരത സംസ്കൃതി നിർവചിച്ചിരിക്കുന്നത്. പുരാവസ്തുശാസ്ത്രം, പൌരാണിക ഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ ശ്രദ്ധാപൂർവമായ പഠനത്തിലൂടെയാണ് പൌരാണിക കാലഘട്ടത്തിന്റെ പുനർനിർമ്മിതി നടത്തുന്നത്. ഭാരതത്തിൽ നിന്നും കണ്ടെത്തിയ ഏറ്റവും പ്രാചീന സംസ്കൃതിയിൽ പോലും ദേവീപൂജ നടന്നിരുന്നതായാണ് ചരിത്രകാരന്മാർ സാക്ഷ്യപെടുതുന്നത്. ഹാരപ്പൻ സംസ്കാരാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയ ‘നൃത്തംചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമയും മതർ ഗോഡസ്സ്‌ ശില്പങ്ങളും സ്ത്രീ കേന്ദ്രീകൃത സാമൂഹിക ചുറ്റുവട്ടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

 

സംസ്കൃത കൃതികളിൽ നിന്നാണ് വേദകാലഘട്ട സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് നാം ഏറ്റവും ആധികാരികമായ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ മാനത്തിന് വിലയിട്ടവരോട് പകരം ചോദിക്കാനായി മഹാഭാരതയുദ്ധം തന്നെ നയിച്ച ഭാരത സംസ്കൃതി സ്ത്രീകള്ക്ക് വില കൽപ്പിച്ചിരുന്നില്ല എന്ന് പറയുന്നതിലെ വിരോധാഭാസം ഒന്ന് ചിന്തിച്ചു നോക്കൂ. സീതാദേവിയെ തട്ടികൊണ്ടുപോയ രാവണനെ യുദ്ധം ചെയ്തു വധിച്ചത് ശ്രീരാമന്റെ ധർമ്മമായാണ് ഭാരതീയർ കണ്ടത്. സ്ത്രീകൾക്ക് വിലയില്ലാത്ത സമൂഹമായിരുന്നെങ്കിൽ ഈ മഹാകാവ്യങ്ങൾ നാം കാണുമായിരുന്നോ ?

വൈദിക സമൂഹത്തിൽ ഭൂരിഭാഗം ആചാരാനുഷ്ഠാനങ്ങളിലും സ്ത്രീയുടെ പങ്കാളിത്തം നിർബന്ധമായിരുന്നു. സ്ത്രീകള് കുടുംബത്തിനും ദേശത്തിനും സമൃദ്ധിയുടെ ദേവതകളായാണ് കണക്കാക്കപെട്ടിരുന്നത്. അതുകൊണ്ട് തന്നെ കുലസ്ത്രീ സാമൂഹിക ആചാരങ്ങളിലും ലോകകാര്യങ്ങളിലും ആത്മീയ, കുടുംബാന്തരീക്ഷതിലും ഒരുപോലെ വിളങ്ങുന്നവളായിരിക്കുമെന്നു അവർ കരുതി പോന്നു . മറ്റു സംസ്കൃതിയിൽ നിന്നന്യമായി ഭാരതത്തിൽ മാതൃദായക ക്രമമാണ് അനുശാസിക്കപ്പെട്ടു പോന്നിരുന്നത് . യാഗാഗ്നി (വിശുദ്ധ അഗ്നി ) കെടാതെ സൂക്ഷിക്കേണ്ടത് സ്ത്രീയുടെ കർത്തവ്യമായിരുന്നു. ദേവിമാർക്ക് ആര്യദേവ ഗണത്തിലുള്ള പ്രാധാന്യം ഒന്നാം ഭാഗത്തിൽ വിശദീകരിച്ചതിനാൽ ഇനിയും വിസ്തരിക്കുന്നില്ല. സ്ത്രീകള്‍ക്കും ഉപനയന സംസ്കാരം നിർവഹിച്ചിരുന്നതായി രേഖകളുണ്ട്. അദ്ധ്യാത്മിക ഭൗതിക ബൗദ്ധിക വിഷയങ്ങളിലെ തർക്കങ്ങളിലും വ്യവഹാരങ്ങളിലും സ്ത്രീകൾ അഗ്രഗണ്യരായിരുന്നു എന്നതിന് ഗാർഗ്ഗി, മൈത്രേയി, വിശ്വവര, സികത നിവവരി , ഘോഷ , ലോപമുദ്ര എന്നീ വേദ രചിതാക്കൾ തെളിവാണ്.

Mandana-Misra-and-AdiShankaras-debate

വേദാധ്യായനത്തിനായി ജീവിതം സമർപ്പിക്കുന്നവർ ബ്രഹ്മവാദിനി എന്നറിയപ്പെട്ടിരുന്നു. കാത്യായന മഹർഷി വേദാധ്യാപികകളെ ഉപാധ്യായി എന്ന് വിളിച്ചു. വിദുഷികളായിരുന്നു ഗൃഹണികളും. പതഞ്‌ജലി മഹർഷിയുടെ മഹാഭാഷ്യവും വിദ്യാഭ്യാസരംഗത്ത് സ്ത്രീകൾ വഹിച്ച പങ്കു സാക്ഷ്യപെടുത്തിയിട്ടുണ്ട്. വനിതകൾ വേദം, മീമാംസ, വ്യാകരണ ശാസ്ത്രങ്ങൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും പാണിനിയുടെ അഷ്ടാധ്യായിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കൗസംബിയിലെ രാജകുമാരിയായിരുന്ന ജയന്തി തത്വശാസ്ത്രത്തിലും മീമാംസയിലും പ്രഗൽഭ ആയിരുന്നെന്നു പറയുന്നു. യോഗിനി , സാധ്വി , പണ്ഡിത , ഭിക്ഷുണി , ഋഷിക എന്നെല്ലാം അറിയപ്പെട്ടിരുന്നത് ധർമ്മാദ്ധ്യായനതിനായ് ജീവിതം ഉഴിഞ്ഞു വെച്ച പണ്ഡിത സ്ത്രീ രത്നങ്ങളായായിരുന്നു. ആദി ശങ്കരാചാര്യരും മണ്ഡനമഹർഷിയും തമ്മിലുള്ള വാഗ്വാദത്തിൽ വിജയിയെ നിശ്ചയിച്ചത് മണ്ഡനമഹർഷിയുടെ പത്നി ഉഭയഭാരതിയായിരുന്നു.

കലാ സാഹിത്യ നൃത്ത-നൃത്യാദികളിൽ നിപുണയായ ബാണന്റെ കാദംബരിയും രത്നാവലിയിലെ സാഗരികയും തിലകമഞ്ചരിയിലെ മലയസുന്ദരിയുമെല്ലാം ആ കാലത്ത് സ്ത്രീകള് വിദ്യസമ്പന്നരും അറിവിന്റെ കേദാരങ്ങളുമായി വിളങ്ങിയിരുന്നു എന്നല്ലേ നമ്മോടു പറയുന്നത്? 
ഭവഭൂതിയുടെ കൃതികളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെകുറിച്ചു പരാമർശിക്കുന്നുണ്ട്. മാലതീ മാധവത്തിൽ ഭവഭൂതി ബുദ്ധഭിക്ഷുണി കമന്ധകയുടെ ആശ്രമത്തിൽ വിദ്യതേടിയെത്തിയിരുന്ന ജനാവലിയെകുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. കാവ്യമീമാംസയിൽ രാജശേഖരൻ ശിലഭട്ടാരിക, വികട നിതംബ, വിജയങ്ക, പ്രഭുദേവി, മമത, മോരിക, സുഭദ്ര എന്നീ കവയത്രികളെ കുറിച്ച് എഴുതിയിരിക്കുന്നു. രാജശേഖരന്റെ പത്നി അവന്തിസുന്ദരിയും ഒരു പമുഖ കവയിത്രിയായിരുന്നു. ഗുവക രാജാവിന്റെ പുത്രിയായ കലാവതി അറുപത്തിനാല് കലകളിൽ പ്രവീണയായിരുന്നു. ഖജുരാഹോയിലെ ഭുവനെശ്വരന്റെ ചില ശില്പങ്ങൾ ‘എഴുതുന്ന സ്ത്രീകളെ’ (ലേഖിക) ചിത്രീകരിക്കുന്നവയാണ്. ഇന്നത്തെ ഒറീസ്സയിലെ ലിംഗരാജ ക്ഷേത്രത്തിൽ സ്ത്രീകളും അധ്യാപകരായി വർത്തിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിലെ മധുരാവിജയം എന്ന കാവ്യം രചിച്ചതു ഗംഗാദേവി. തമിഴ് സംഘം കൃതികളിൽ പലതിന്റെയും രചയിതാക്കളും സ്ത്രീകൾ തന്നെ. ഹർഷവർധന മഹാരാജാവിന്റെ സഹോദരി രാജ്യശ്രീയുടെ അഗാധ പാണ്ഡിത്യം ചൈനീസ് സഞ്ചാരി ഹുയാൻ സങ്ങ് വിവരിച്ചിട്ടുണ്ട്. ഹർഷന്റെ രാജധാനിയിലെ വിദ്വൽസദസ്സിലെ ഒരു സ്ഥിരം അംഗമായിരുന്നു രാജ്യശ്രീ. കുവളയമാലയിൽ ലളിതകലാ ഗുരുവായ മദനമഞ്ചരിയെ കുറിച്ച് പറയുന്നുണ്ട്. വൈദ്യരംഗത്തും പ്രത്യേകിച്ച് പ്രസൂതി വിഭാഗത്തിൽ സ്ത്രീകൾ കഴിവ് തെളിയിച്ചിരുന്നു. ചുരുക്കത്തിൽ , ഭാരത ചരിത്രത്തിലുടനീളം സ്ത്രീകൾ ശ്ലോകങ്ങൾ രചിക്കുകയും സാഹിത്യസൃഷ്ടികൾ നടത്തുകയും സംഗീത നൃത്ത കലാദികളിൽ നിപുണരും ആയിരുന്നതായി കാണാം. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ഭാസ്കരാചാര്യര്‍, തന്നേക്കാള്‍ ബുദ്ധിമതിയായ തന്റെ മകള്‍ ലീലാവതിയുമായി നടത്തുന്ന ഗണിത ചര്‍ച്ചകളാണ് ലീലാവതി എന്ന പേരില്‍ മഹദ് ഗ്രന്ഥമായത്.

Rani-Durgavati

റാണി കര്‍ണ്ണാവതി

രാഷ്ട്ര തന്ത്രത്തിലും ഭരണരംഗത്തും സ്ത്രീകൾ തങ്ങളുടെ തനതു മുദ്ര പതിപ്പിച്ചിട്ടുണ്ട്. മൗര്യസാമ്രാജ്യതിൽ സ്ത്രീകൾ കൊട്ടാരം കാവല്‍ക്കാരായും രാജാവിന്റെ അംഗരക്ഷകരായും ചാരവനിതകളായും സേവനമനുഷ്ടിച്ചിരുന്നതായി മെഗസ്തനിസും കൌടില്യനും രേഖപെടുതിയിട്ടുണ്ട്. അശോക ചക്രവർത്തി തന്റെ മകൾ സംഘമിത്രയെ ബുദ്ധമതപ്രചാരണാർത്ഥം ലങ്കയിലയച്ചതായ് പറയുന്നു. പാണ്ഡ്യരാജധാനിയിൽ സ്ത്രീകള് ഭരണം നടത്തുന്നതായി മെഗസ്തനീസ് കുറിച്ചിരിക്കുന്നു. ശതവാഹന വംശത്തിലെ നയനിക എന്ന രാജ്ഞി തന്റെ പുത്രന് പകരം രാജ്യം ഭരിച്ചതായി നമുക്ക് കാണാം. ചാലൂക്യ വിക്രമാദിത്യ രാജാവിന്റെ രാജ്ഞിയായിരുന്ന പ്രിയകേതലാദേവി മൂന്നു ഗ്രാമങ്ങളുടെ മേൽ നേരിട്ട് ഭരണം നടത്തിയിരുന്നു. ചന്ദ്രഗുപ്തൻ രണ്ടാമന്റെ പുത്രി പ്രഭാവതിയും വകാടക രാജകുമാരന് പകരം രാജ്യം ഭരിച്ചിരുന്നു. യാക്കിയബ്ബ എന്നൊരു മഹിളാരത്നം എഴുപതു ഗ്രാമങ്ങൾ ഭരിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. കന്നഡ മേഖലയിൽ സ്‌ത്രീകൾ പ്രവിശ്യകളിൽ ഭരണം നടത്തിയിരുന്നതായി പറയുന്നു. കാകാതീയ രാജ്ഞി രുദ്രമാദേവി ഇതിനൊരു ഉദാഹരണമാണ്. പതിനാലാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച ഇബന്‍ ബത്തൂത്ത ഹോനാവറിൽ പെണ്‍കുട്ടികള്‍ക്കായി അനേകം വിദ്യാലയങ്ങൾ കണ്ടതായി എഴുതിയിട്ടുണ്ട്.

പോർച്ചുഗീസ് സഞ്ചാരി ഡോമിഗോ പയസ് വിജയനഗരസാമ്രാജ്യത്തിൽ സമൂഹത്തിന്റെ എല്ലാ തുറകളിലും സ്ത്രീകൾ ക്രിയാത്മകമായ പങ്കു വഹിച്ചിരുന്നതായി പ്രതിപാദിച്ചിരിക്കുന്നു. അനായേസേന ഗുസ്തി പിടിക്കുകയും , ആയുധങ്ങൾ കൈകാര്യം ചെയുകയും കുഴലൂതുകയും ചെയുന്ന സ്ത്രീകളെ അദ്ദേഹം വർണ്ണിച്ചിരിക്കുന്നു. മറ്റൊരു പോർച്ചുഗീസ് സഞ്ചാരി നുനിസ് ഇതു ശരിവെക്കുന്നുണ്ട്. സ്ത്രീകൾ കണക്കപിള്ളകളായും പൊതു രംഗത്ത് ജോലി ചെയ്തിരുന്നതായി കാണാം. ദാഹറിന്റെ രാജ്ഞിയായ റാണി ബായ് ഖാസിമിനെതിരെ യുദ്ധം നയിച്ച വിവരം ചച്നാമയിൽ പറയുന്നുണ്ട്. ക്ഷത്രിയ സ്ത്രീകളെല്ലാം തന്നെ കുട്ടിക്കാലം മുതലേ വിദഗ്ധ ആയുധ പരിശീലനം നേടിയിരുന്നു. നമ്മുടെ നാട്ടിലെ വടക്കന്‍ പാട്ടുകളില്‍ ഉണ്ണിയാര്‍ച്ചയെ പോലെ ആയുധവുമായി നടന്നിരുന്ന സ്ത്രീകളെ പറ്റി പരാമര്‍ശങ്ങളുണ്ട്. കാശ്മീരിലെ സുഗന്ധയും ദിദ്ധയും, പൃഥ്വിരാജ് മൂന്നാമന്റെ മാതാവായ കർപൂരദേവിയും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്നതായി കാണാം. അതായത്, അന്നും സ്ത്രീകൾ അഭ്യസ്ത വിദ്യരും സമൂഹത്തിന്റെ മുഖ്യധാരായിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്നവരും ആയിരുന്നു എന്നർത്ഥം. പക്ഷെ തുടര്‍ന്നുള്ള കാലഘട്ടം സ്ത്രീകളുടെ ഗതി കുത്തനെ താഴേക്ക് പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക .

ഇസ്ലാമിക ആക്രമണങ്ങൾ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ:

നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക ആക്രമണങ്ങളുടെ ആഘാതം ഭാരതീയരുടെ ജീവിത രീതിയിൽ സമൂലമായ മാറ്റങ്ങൾക്കു വഴിതെളിച്ചു. യുദ്ധത്തിൽ കീഴ്പെടുത്തിയ പ്രദേശങ്ങളിലെ സ്ത്രീ, പുരുഷ പക്ഷി മൃഗാധികളെ തങ്ങളുടെ സ്വത്തായി മാത്രം കാണുന്ന സംസ്കാരമായിരുന്നു ഇസ്ലാമിക അധിവേശകരുടേതു. അവർ സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോകുകയും ബലാല്‍സംഗം ചെയുകയും പിന്നീട് അടിമച്ചന്തയിലോ വേശ്യാലയങ്ങളിലോ വില്‍ക്കുകയോ, വഴിയരുകിൽ ഉപേക്ഷിക്കുകയോ ചെയ്തിരുന്നെന്ന് ചരിത്രകാരന്മാർ സാക്ഷ്യപെടുത്തുന്നു. ഇപ്പറഞ്ഞ അവസ്ഥ ശരിയോ തെറ്റോ എന്നറിയാനായി ചരിത്ര പുസ്തകങ്ങൾ വായിച്ചില്ലെങ്കിൽ പോലും സിറിയയിലെ യസീദി, ക്രിസ്ത്യൻ സ്ത്രീകൾ നേരിടുന്ന ക്രൂരതകളെ കുറിച്ച് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന വാർത്തകളിലൂടെ കണ്ണോടിച്ചാൽ മാത്രം മതിയാകും .

ഇസ്ലാമിക അധിനിവേശത്തിന്റെ പരിണിത ഫലമായ ക്രൂരതകളും മതപരിവർത്തനത്വരയും പ്രതിരോധിക്കാൻ ഹിന്ദുക്കൾ തങ്ങളുടെ സമൂഹത്തിൽ പല കടുത്ത നിയമങ്ങളും ആചാരങ്ങളും കൊണ്ടുവന്നു. സ്വാഭാവികമായും സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിച്ചു.
മുസ്ലിം പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനായി ഹിന്ദു സ്ത്രീകള്‍ തങ്ങളുടെ ശരീരം കൂടുതൽ മൂടി പുതച്ചു നടക്കാൻ തുടങ്ങി. തട്ടിക്കൊണ്ടു പോകപ്പെടാതിരിക്കാനും ബലാല്‍സംഗത്തിനു ഇര  ആവാതിരിക്കാനുമായി അവർ പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപെടുന്നതും കുറച്ചു.

29ba7-ws01

വസ്ത്രധാരണ രീതികൾ സമൂലമായി മാറി. മാറുമറക്കാതെ നടന്നിരുന്ന സ്ത്രീകള് മേൽ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത് ശീലമാക്കി. പാടത്തും പറമ്പത്തും ജോലി ചെയ്തിരുന്ന സ്ത്രീകള് മേലാകെ മൂടി കൂട്ടമായിട്ട് മാത്രം ജോലി ചെയാനും വെള്ളം ശേഖരിക്കാനും പോയി. ഇന്നും, ഇസ്ലാമിക അധിനിവേശത്തിന്റെ കിരാത മുറിവുകളേൽക്കേണ്ടി വന്ന പഞ്ചാബ് രാജസ്ഥാൻ മേഖലകളിൽ സ്ത്രീകളുടെ വസ്ത്രധാരണം ഈ അവസ്ഥകളുടെ ഒർമ്മപെടുത്തലുകളാണ് .
തട്ടി കൊണ്ട് പോകപ്പെടാതിരിക്കാനായി തങ്ങളുടെ പെണ്‍മക്കളെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ തുടങ്ങി ഹിന്ദു മാതാപിതാക്കൾ. സ്ത്രീയുടെ സുരക്ഷ അങ്ങനെ രണ്ടു കുടുംബങ്ങളുടെയും (ഭർത്താവിന്റെയും പിതാവിന്റെയും ) ഉത്തരവാദിത്തം ആയി മാറ്റി. മുന്‍ അടിമയെയോ ബലാല്‍ക്കാരത്തിനിരയായ സ്ത്രീയെയോ വിവാഹ ബന്ധത്തിലൂടെ കുടുംബത്തിലേക്ക് കൊണ്ട് വരാനുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടി ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കപ്പെട്ടു. തത്ഫലമായി, വിധവകളെ വിവാഹം കഴിക്കുന്നത്‌ മേൽജാതിയിൽപ്പെട്ടവർ നീചമായി കണ്ടു തുടങ്ങി.

ശത്രുക്കൾ കീഴടക്കിയാൽ അടിമകളാക്കപ്പെടുന്നത് തടയാനായി രജപുത്ര സ്ത്രീകൾ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചിതയിൽ ചാടി ജീവനൊടുക്കി. പിന്നീട് അത് സ്ത്രീകള് കൂട്ടമായി തീകുണ്ഡത്തിൽ ചാടുന്ന ജൗഹർ സമ്പ്രദായം ആയി. സതി അനുഷ്ടിക്കുന്നതാണ് ഈ കഷ്ട കാലഘട്ടത്തിൽ സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനുള്ള ഏക ഉപാധി എന്ന ചിന്ത പ്രചുര പ്രചാരം നേടി.

കെട്ടിടങ്ങളുടെ ഘടനയിലും മാറ്റങ്ങൾ വന്നു. വീടുകളുടെ അകത്തളങ്ങൾ യാതൊരു കാരണവശാലും പുറത്തു നിന്ന് കാണാൻ കഴിയാതായി. അന്യ പുരുഷന്മാരുള്ള സാഹചര്യങ്ങളിലേക്ക് സ്ത്രീകൾ കടന്നു വരാതായി. കഴിയുന്നിടത്തോളം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടങ്ങൾ നിർമ്മിച്ചു. എന്തിനേറെ, യാത്ര ചെയുമ്പോൾ പോലും സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ തുടങ്ങി. വഴിമധ്യേ ഉണ്ടാവാനിടയുള്ള പീഡനങ്ങൾ തടയാനായ് സേവകരുടെയും അംഗരക്ഷകരുടെയും തുണയില്ലാതെ യാത്ര ചെയാൻ സ്ത്രീകൾക്ക് അനുവാദം ഇല്ലാതായി. അതുപോലെ തന്നെ സ്ത്രീകൾ അലഞ്ഞു നടക്കുന്ന സന്യാസിനി — ഭിക്ഷാം ദേഹികളാകുന്നത് പ്രോൽസാഹിപ്പിക്കപ്പെടാതായി. അതിക്രൂരരായ വിദേശികളുടെ ആക്രമണങ്ങളിൽ നിന്നും സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന താല്ക്കാലിക പ്രതിരോധ നടപടികൾ കടുത്ത അനാചാരങ്ങളായി മാറിയതിനു പിന്നിലെ കറുത്ത സത്യങ്ങൾ ഒരിക്കലും അവലോകനം ചെയ്യാൻ തയ്യാർ ആവാത്ത JNU വല്‍കൃത മാർക്സിസ്റ്റ് ചരിത്രം പരമസത്യമായി കാണുന്ന നമുക്ക് മേല്പ്പറഞ്ഞ കാര്യങ്ങൾ ദഹിക്കാൻ പ്രയാസമാണെന്നു അറിയാം, എങ്കിലും ഇനിയും മസ്തിഷ്കം പണയം വെക്കാത്തവർ ചിന്തിച്ചു നോക്കുവാൻ അപേക്ഷ .

 

അവലംബം :
A Sourcebook in Indian Philosophy — S. Radhakrishnan
STRI: Women in Epic Mahabharata — Kevin McGrath(Ilex Foundation.Cambridge. 2009)
The Story Of Civilization — Will Durant
The Wonder That Was India — A L Basham
Position of women in Hindu Civilization — A S Altekar; Banaras : The Culture publication House. Banaras Hindu University.
Refer to Heroic Hindu Resistance to Muslim Invaders (636 AD to 1206 AD) — Sita Ram Goel. Voice of India, New Delhi.
Shibaji and His Times — JN Sarkar (1992) Orient Longham, Mumbai
The History of India, as Told by Its Own Historians. The Muhammadan Period — Elliot and Dowson
Medieval India: From Sultanat to the Mughals — Satish Chandra