വിജയകുമാര്‍
പഴയകാലത്തൊരു പതിവുണ്ടായിരുന്നു. തറവാട്ടുകാരണവര്‍ അത്താഴത്തിനുമുന്‍പ് പടിപ്പുരയ്ക്കല്‍ ചെന്ന്നിന്ന് വിളിച്ചുചോദിക്കും ”അത്താഴപഷ്ണിക്കാരുണ്ടോ” എന്ന്. ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടെ കാരണവര്‍ അത്താഴംകഴിച്ചു ഉറങ്ങാന്‍ പോകൂ. മഹത്തായ ഈ പാരമ്പര്യം നിലനിര്‍ത്തണമെന്നു നമ്മുടെ സര്‍ക്കാരിനും തോന്നിക്കാണണം. അതുകൊണ്ടാണ് അവസാനത്തെ മദ്യപനും മദ്യംകിട്ടിയെന്നു ഉറപ്പുവരുത്തിയതിനുശേഷം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ട് ബാറുകള്‍ അടച്ചാല്‍മതിഎന്ന് തീരുമാനിച്ചത്. ബാര്‍ഹോട്ടലുകാരുടെയും മദ്യവ്യാപാരികളുടെയും പണം വാങ്ങി പള്ളിയും അമ്പലവും കെട്ടില്ലെന്ന് പറയാനുള്ള ആര്‍ജവം മദ്യവിപണനത്തെ എതിര്‍ക്കുന്നവര്‍ കാട്ടണമെന്ന് മന്ത്രി കെ.ബാബുവിന്റെ വാക്കുകളെ, അദ്ദേഹം പതിവായി പറയാറുള്ള മണ്ടത്തരങ്ങളില്‍പെടുത്തി തള്ളിക്കളയാം. എണ്ണായിരംകോടി രൂപ മദ്യനികുതിപിരിച്ചു നിലനില്‍ക്കുന്ന കേരളസര്‍ക്കാരിലെ ഒരു മന്ത്രിയുടെ ചാരിത്രപ്രസംഗം. മദ്യത്തെ എതിര്‍ക്കുന്ന ആദര്‍ശവാന്‍മാര്‍ കൂടി ഉള്‍പ്പെട്ട കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ്മുതല്‍ പ്രാദേശികപരിപാടികള്‍ക്ക് വരെ ചിലവാക്കുന്ന കറന്‍സികളിലാണ് കള്ളിന്റെനാറ്റം കൂടുതലുള്ളതു എന്നതല്ലേ സത്യം? പത്തുകുപ്പികള്‍ കൂടുതല്‍വിറ്റു നികുതിപിരിക്കാന്‍ വേണ്ടി നാളെ ഈ ഗാന്ധിയന്മാര്‍ ചരിത്രം തിരുത്തിയെഴുതികൂടെന്നില്ല – ഗാന്ധിജി മരിക്കുന്നതിനുമുന്‍പ് പറഞ്ഞ അവസാന വാചകങ്ങള്‍ ‘ഹേ റാം’എന്നായിരുന്നില്ല ‘ഹാഫ് റം ‘എന്നായിരുന്നുവെന്നു!!
കേരളത്തില്‍ ഒരാള്‍ സത്യസന്ധമായി ബാര്‍ നടത്തിയാല്‍ അയാള്‍ കുത്തുപാളയെടുക്കും. 22ലക്ഷം രൂപ ലൈസെന്‍സ് ഫീ ഉള്‍പ്പെട 23 ലക്ഷം രൂപയാണ് നികുതി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. വിറ്റുവരവിന്റെ 10% ടേണ്‍ ഓവര്‍ ടാക്സ്, 3.3% സര്‍വീസ് ടാക്സ്, കൂടിയ താരിഫ് ല്‍ വൈദ്യുതി ബില്ല, ജീവനക്കാരുടെ ശമ്പളം, മാസം 25000 എക്സൈസ് വകുപ്പിന് മാസപ്പടി, പോലീസുകാരുടെ പിരിവും ചക്കാത്തിനുള്ള കുടിയും, ഇതിനൊക്കെ പുറമേ രാഷ്ട്രീയക്കാരുടെ ഗുണ്ടാപിരിവുകള്‍.
സമ്പത്തിന്റെയും പ്രമാണിത്വത്തിന്റെയും ലോകത്ത് വാഴുമ്പോഴും വല്ലാത്തൊരു അപകര്‍ഷതാബോധമുണ്ട് അബ്കാരികള്‍ക്ക്. ഒരു നാറിയ കച്ചവടമാണ് താന്‍ ചെയ്യുന്നതെന്ന അപകര്‍ഷത. സമൂഹത്തില്‍ മാന്യമായ സ്ഥാനംനേടാന്‍ അമ്പലത്തില്‍ പ്രസാദമൂട്ട് നടത്തും, ആനയെ നടയ്ക്കിരുത്തും, ആനക്കൊട്ടില്‍ പണിഞ്ഞു അതില്‍ തന്റെ പേര് വലിയ അക്ഷരത്തില്‍ എഴുതിവെയ്ക്കും, പള്ളിപ്പെരുനാള്‍ സ്പോന്‍സര്‍ ചെയ്യും, പാര്‍ടി ചാനലില്‍ വന്‍ ഓഹരിഎടുക്കും..
ലോകത്തെവിടെയും മദ്യനിരോധനം വിജയിച്ചിട്ടില്ല. എന്നുതന്നെയല്ല വിലക്കപ്പെട്ടത് ചെയ്യാനുള്ള ത്വര മനുഷ്യസഹജവുമാണ്. നിരോധനം മദ്യത്തിന്റെ കാണാന്‍കഴിയുന്ന ലഭ്യതയെ ഇല്ലാതാക്കുകയും പ്രശനത്തിന്റെ അടിവേര് അങ്ങിനെതന്നെ നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്.
കപടസദാചാരവാദികളെ തൃപ്തിപ്പെടുത്താന്‍, മദ്യപനെ വഷളനും സാമൂഹ്യവിരുദ്ധനുമായി ചിത്രീകരിച്ചുകൊണ്ടുള്ള സന്മാര്‍ഗവാദം ആദ്യന്തികമായി കേരളത്തിലെ മദ്യലോബിയ്ക്ക് ഗുണമേ ചെയ്തിട്ടുള്ളൂ. മറ്റു നാടുകളില്‍നിന്നു വെത്യസ്തമായി ഏറ്റവുംകൂടുതല്‍ ചൂഷണംചെയ്യപ്പെടുന്ന വിഭാഗമാണ്, സര്‍ക്കാരിന് 700% നികുതികൊടുത്ത്, സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 45% സംഭാവനചെയ്യുന്ന കേരളത്തിലെ മദ്യപര്‍.
താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ മാതൃകകളാണ് ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത്. മദ്യത്തിന് കേരളസമൂഹത്തില്‍ ലഭിച്ചിരിക്കുന്ന മോടിയും പകിട്ടും ഇല്ലാതാക്കണമെങ്കില്‍ അത് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍നിന്നാണ് ആരംഭിക്കേണ്ടത്. മദ്യാതുരയെ ആരോഗ്യപ്രശനം എന്ന നിലയില്‍ കണ്ടു നടത്തുന്ന പ്രചാരണങ്ങള്‍ മദ്യ ഉപഭോഗത്തെ കുറയ്ക്കാന്‍ സഹായിക്കില്ല.
ഒരാളുടെ കുറ്റബോധത്തെ വര്‍ധിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കാണ് അവനില്‍ കൂടുതല്‍
സ്വാധീനംചെലുത്താന്‍ സാധിക്കുക. മദ്യപാനിയാകരുത് എന്ന സന്ദേശത്തിനാണ് മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനംചെലുത്താന്‍ കഴിയുന്നത്. ഒരു വ്യക്തിയുടെ മദ്യപാനം സമൂഹത്തെ ഏതെല്ലാം നിലയില്‍ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ധാരണ ഉണ്ടാക്കണം. പുകവലി സമൂഹത്തെ ബാധിക്കുന്നു എന്ന പ്രചരണം വന്നപ്പോഴാണ് വലിക്കാര്‍ക്ക് നാണക്കേട് തോന്നിത്തുടങ്ങിയത്. പൌരുഷത്തിന്റെ പ്രതീകങ്ങളെ ഉപയോഗിച്ച് പുകവലി പരസ്യങ്ങള്‍ ഉണ്ടാക്കിയ പ്രതിക്ചായയെ പുകവലിവിരുദ്ധ പ്രചാരകര്‍ പ്രതിരോധിച്ചത് സിഗരറ്റ് മണത്തോടുള്ള വെറുപ്പ് സൃഷ്ട്ടിച്ചാണ്. പുകവലിക്കാര്‍ ,വലിക്കാത്തവരുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന നിലപാടിന് ബലമേറിയപ്പോള്‍ പുകവലിക്കാരന്‍ ഒറ്റപ്പെട്ടവനായി മാറി. ഇതേ വിധത്തില്‍ മദ്യപനില്‍ കുറ്റബോധമുണ്ടാക്കാന്‍ സമൂഹത്തിനു ശ്രമിച്ചാല്‍ കഴിയും.
ഒരാള്‍ മദ്യകടയില്‍നിന്ന് മദ്യം വാങ്ങുമ്പോഴും ബാറിലിരുന്നു കുടിക്കുമ്പോഴും ആ വ്യക്തിയില്‍ ശക്തമായി നിലകൊള്ളുന്നത് നാണക്കേട് എന്ന വികാരമാണ്. ഈ നാണക്കേടില്‍ നിന്നുണ്ടാകുന്ന നിന്ദ എന്ന വികാരത്തെ ഉയര്‍ത്തികാണിക്കലാണ് കേരളത്തിലെ മദ്യാസക്തിയെ നിയന്ത്രിക്കാനുള്ള ഒരു വഴി. നിലവാരം കുറഞ്ഞ ബാറുകള്‍ അടച്ചു മദ്യപാനം പഞ്ചനക്ഷത്ര ബാറുകളിലെ ഗ്ലാമറിലേക്ക് വളര്‍ത്തുമ്പോള്‍ കേരള സര്‍ക്കാര്‍ മദ്യത്തിനെ മോടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ നിലവിലുള്ള അബ്കാരി ആക്റ്റ് ഒരുതരത്തിലും സാമൂഹ്യസുരക്ഷയ്ക്ക് വേണ്ടിയുള്ളതല്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി മാത്രമുള്ളതാണ്. മദ്യവിതരണം സര്‍ക്കാരിന്റെ കുത്തകയാണ്. കേരളത്തിനു പുറത്തുനിന്നു ഒരാള്‍ കേരളത്തിലേക്ക് മദ്യംകൊണ്ടുവരുന്നതുതന്നെ കുറ്റകരമാണ്. ജീവിക്കാന്‍ ഗതിയില്ലാതായ കേരകര്‍ഷകന്‍ സ്വന്തം തെങ്ങില്‍നിന്ന് നീര ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമരംചെയ്തപ്പോള്‍, കേരളസര്‍ക്കാര്‍ സമരക്കാരെ അടിചോതുക്കുകയും ജയിലില്‍ ആക്കുകയും ചെയ്തസംഭവമുണ്ടായിട്ടുണ്ട്. എന്നിട്ട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നീര ഉത്പാദിപ്പിക്കാം എന്ന് നിയമമുണ്ടാക്കി.
മദ്യശാലകളുടെ നിലവാരം ഉയര്‍ത്തണമെന്ന് വാശിപിടിക്കുന്നവര്‍, നിലവാരമുള്ള മദ്യം വിലക്കണമെന്ന് പറയുന്നില്ല. ബിവറേജസ് കോര്പറേഷന്‍ന്റെ കടകളിലും ബാറുകളിലും സത്യസന്ധമായ ഒരു റൈഡ് നടത്തിയാല്‍, വ്യാജമദ്യ വിലപ്പനയുടെ പേരില്‍ സര്‍ക്കാര്‍ ഒന്നാം പ്രതിയാകും. അത്രമാത്രം വ്യാജന്മാരെ അവിടെനിന്നു കിട്ടും. റേഷന്‍കടയില്‍ അരി ഇല്ലെങ്കിലും ,സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെങ്കിലും കേരളത്തില്‍ ഒരു മദ്യകടയില്‍ നിന്നും മദ്യം കിട്ടാതെ ഒരു കുടിയനും നിരാശയോടെ മടങ്ങേണ്ടിവരുന്നില്ല.
നൂറുകണക്കിന് ബാറുകള്‍കൂടാതെ ഓരോ അഞ്ചു കിലോമീറ്ററിലും ബിവറേജസ് ഷോപ്പുകള്‍ തുറന്നുവെച്ച്, മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നെഴുതിവെച്ച് കുപ്പികള്‍ വിറ്റും, ലോട്ടറിപോലുള്ള ചൂതാട്ടങ്ങളിലൂടെ പാവപ്പെട്ടവന്റെ പണംപിടുങ്ങിയും ഒരു സര്‍ക്കാര്‍ ദൈനംദിന ഭരണം നടത്തുന്നതിനേക്കാള്‍ അധാര്‍മ്മികമായി മറ്റെന്തുണ്ട്? സര്‍ക്കാരിന്റെ ഇന്നത്തെ ‘മദ്യവര്‍ജ്ജനനയം’ കൊണ്ട് മാത്രമാണ് മദ്യപര്‍ക്ക് സുലഭമായി മദ്യംകിട്ടുന്നത്.
സര്‍ക്കാരിന്റെ ഈ നയത്തെ കയ്യും മെയ്യും മറന്നു പിന്തുണയ്ക്കുകയാണ് മദ്യപാനികള്‍ ചെയ്യേണ്ടത്. നഷ്ട്ടപ്പെടാന്‍ അവര്‍ക്ക് കുടുംബം മാത്രം. കിട്ടാനുള്ളതോ അരാജകത്വംനിറഞ്ഞ പുതിയൊരു ലോകവും …
വാല്‍ക്കഷ്ണം: മദ്യപാനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളസര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. പഠിച്ചു റിപ്പോര്‍ട്ട് നല്കാന്‍ ആറുമാസം സമയവും നല്‍കിയിട്ടുണ്ട്.
എന്തിനാണ് ഇങ്ങിനെയൊരു പഠനത്തിനായി വെറുതെ കാശുകളയുന്നത്? ഏതെങ്കിലും ഒരു മദ്യപാനിയുടെ വീടിന്റെ പരിസരത്തു രാത്രിയില്‍ ഒന്ന് പോയി നില്‍ക്കുക മാത്രം മതി.
കേരളത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ചും വിവാഹമോചനങ്ങളെക്കുറിച്ചും ഗാര്‍ഹികപീഡനങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങലെക്കുറിച്ചും പോലീസിലെ സ്പെഷ്യല്‍ബ്രാഞ്ച് കാരോട് അന്യെഷിക്കുക. വലിയ പഠനമൊക്കെ നടത്തുന്നത് ആരെ ബോദ്ധ്യപ്പെടുത്താനാണാവോ!!