— വിജയകുമാർ —
ഭാരതത്തിന്റെ യശ്ശസ് ആകാശത്തോളമുയര്‍ത്തിയ ,അല്ല പ്രപഞ്ചത്തോളമുയര്‍ത്തിയ ശാസ്ത്രപ്രതിഭകളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ് ..ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി. .
കോടിക്കണക്കിനു പട്ടിണിക്കാരുള്ള ഇന്ത്യയ്ക്ക് ആകാശത്തോളം സ്വപനംകാണാമെന്നു ആറു പതിറ്റാണ്ട്മുന്‍പ് നമ്മെ പഠിപ്പിച്ച ശാസ്ത്രഞ്ജന്‍ വിക്രം സാരാഭായിയുടെ നാട്ടില്‍ നിന്നൊരാള്‍ ,അസാധ്യമെന്നു കരുതിയതൊക്കെ സ്വപ്നംകാണുകയും അത് സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രി ഈ വിജയത്തില്‍ പങ്കാളിയായി പറയുന്നു, സഹസ്രകോടികള്‍ വരുന്ന ലോകബഹിരാകാശ വിക്ഷേപണരംഗം ഇനി ഇന്ത്യയുടെതാകുമെന്നു ..ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞ ഉപഗ്രഹവിക്ഷേപണം ഇന്ത്യയുടെതാണ് എന്നതുകൊണ്ട് അതസാധ്യവുമല്ല . ചന്ദ്രയാന്‍ പദ്ധതിയെപ്പറ്റി പതിനഞ്ചുവര്ഷംമുന്‍പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഔദ്യോഗികതീരുമാനമുണ്ടാകുമ്പോള്‍ അതിനെതിരെ ഒരുപാട് ആക്ഷേപമുയര്‍ന്നു . കോടിക്കണക്കിനു ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന നാട്ടില്‍നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിടുന്നത് ആര്‍ക്കുവേണ്ടിയാണ് ,ഖജനാവില്‍നിന്ന് പണം ചിലവാക്കുന്നതല്ലാതെ കാലണ നമുക്ക് വരുമാനമുണ്ടാകുമോ എന്നൊക്കെ . .ഇന്ത്യ എന്തിനു ഉപഗ്രഹമുണ്ടാക്കണം .വാടകയ്ക്ക് കിട്ടില്ലേ എന്ന് ചോദിച്ചവര്‍ ധാരാളം .നെല്‍കൃഷിയേക്കാള്‍ ലാഭം ആന്‍ഡ്രയില്‍ നിന്നുള്ള അരി വാങ്ങുന്നതല്ലേ ,പത്തുമൂട് മരച്ചീനി നടാതെ കിലോയ്ക്ക് മുപ്പതുരൂപ കൊടുത്ത് മരച്ചീനി വാങ്ങിതിന്നുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുന്ന മലയാളികളാണ് ഈ വിമര്‍ശകര്‍..സാധാരണക്കാരന്‍പോലും ഓരോ നിമിഷവും സാറ്റലൈറ്റ്കളുമായി ബന്ധപ്പെടുന്ന ഇക്കാലത്ത് ,മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച്കൊണ്ടുതന്നെയാണ് ഈ ചോദ്യം ചോദിച്ചത്…ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ വാര്‍ത്താവിനിമയ സൌകര്യങ്ങളും ടെലിവിഷന്‍ പ്രക്ഷേപണവും ഇന്ന് ഇന്ത്യയിലാണുള്ളത് . അമേരിക്ക ബജറ്റിന്റെ പത്തു ശതമാനം നാസയ്ക്ക് നല്‍കുമ്പോള്‍ ഇന്ത്യയുടെ മൊത്തവരുമാനത്തിന്റെ 0.5%മാത്രമായിരുന്നു ബഹിരാകാശഗവേഷണങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയിരുന്നത് .ISRO യുടെ അന്തരീക്ഷ് കോര്‍പറേഷന്‍ ഇന്ന് ആയിരക്കണക്കിനു കോടി രൂപ വരുമാനമുണ്ടാക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു …
ശൂന്യാകാശം എന്നത് വളരെ ദൂരെയുള്ള ശൂന്യതയല്ല ,ബുദ്ധിശൂന്യതയുടെ ആകാശമല്ല ,ബുദ്ധിവികാസത്തിന്റെ സരസ്വതിക്ഷേത്രമാണ് .ആ വിസ്മയംതന്നെയാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റിയും ജനിസ്മ്രിതികളുടെ രഹസ്യത്തിലേക്കും അനാദികാലംമുതല്‍ മനുഷ്യനെ നയിച്ചത് . ഇന്നിപ്പോള്‍, ടി വി യുടെ റിമോട്ടില്‍ ഒന്ന് വിരലമര്‍ത്തുമ്പോള്‍ നമ്മള്‍ ബഹിരാകാശത്തെ തൊടുന്നു .ചാനല്‍ മാറുമ്പോള്‍ ,എ ടി എം ല്‍ കാര്‍ഡ് ഇടുമ്പോള്‍ ഒക്കെ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹവുമായി നേരിട്ട് ബന്ധപ്പെടുകയാണ് .ഇതൊന്നും ചെയ്തില്ലെങ്കിലും ഈ ഭൂമിതന്നെ അന്തമായ ആകാശത്തുകൂടി സൂര്യനെ ചുറ്റുകയല്ലേ ..
1980ല്‍ എസ എല്‍ വി റോക്കറ്റില്‍ സ്വന്തം ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ടാണ് ഇന്ത്യ ബഹിരാകാശ്ശത്തെക്ക് കടന്നത് .ഇന്നിപ്പോള്‍ അന്‍പതിലധികം ഉപഗ്രഹങ്ങള്‍ നമ്മുടെതായി ബഹിരാകാശത്തുണ്ട് . ചിലര്‍ ചോദിക്കും ,ഇതുവഴി ഇന്ത്യയുടെ എത്രരൂപ പൊട്ടിയെന്ന്….??
ബഹിരാകാശഗവേഷണവും ഉപഗ്രഹ വിക്ഷേപണവും ഒരു രൂപ മുടക്കുമ്പോള്‍ രണ്ടുരൂപ തിരിച്ചുകിട്ടുന്ന വന്‍ വ്യവസായമാണ് …ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ സേവനങ്ങള്‍ വില്‍ക്കുന്ന ‘അന്തരീക്ഷ് കൊര്‍പറഷന്‍ ‘നു ട്രാന്‍സ്പോന്‍ണ്ടര്‍ വാടക ,റിമോട്ട് സെന്‍സിംഗ് ചിത്രങ്ങളും ഡേറ്റയും ,വിദേശ ഉപഗ്രഹവിക്ഷേപണം തുടങ്ങയവയിലൂടെ ഇപ്പോള്‍ ഒരുവര്‍ഷം നേടുന്നത് ആയിരത്തിഅഞ്ഞൂറ്കോടി രൂപയിലധികമാണ് ..ഏഷ്യന്‍ രാജ്യങ്ങള്‍മാത്രമല്ല അമേരിക്കപോലും ഇന്ത്യന്‍ ബഹിരാകാശ ഡേറ്റകളുടെ ഉപഭോക്താക്കളാണിന്നു..
ഒരു കിലോ ഭാരം ബഹിരാകാശത്തെത്തിക്കാനുള്ള ചുമട്ടുകൂലി അന്തര്‍ദേശീയ നിരക്കനുസരിച്ച് ഏതാണ്ട് 20,000 ഡോളറാണ് .ഈ വന്‍വ്യവസായത്തിന്റെ കുത്തക ആദ്യകാലത്ത് അമേരിക്കയ്ക്കും പിന്നെ യൂറോപ്യന്‍ യൂണിയനും ,റഷ്യയും ചൈനയും നിയന്ത്രിക്കാന്‍ തുടങ്ങി .അവരാരും നിരക്ക് കുറച്ചിരുന്നില്ല .ഇന്ത്യ കുറഞ്ഞ കൂലിയ്ക്ക് ചരക്കെത്തിക്കും എന്ന് വന്നതോടെ ലോകം ഇന്ത്യയെ ശ്രദ്ധിക്കാന്‍തുടങ്ങി .ബഹിരാകാശരംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടം തടയുക എന്നതു തന്നെയായിരുന്നു,ഇന്ത്യയുടെ ശാസ്ത്രഗവേഷണങ്ങള്‍ക്ക്മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങള്‍ക്ക് പിന്നില്‍ …
ചൊവ്വ ദൌത്യത്തിലൂടെ ജീവന്റെ ഉത്പത്തിയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലോകത്തിനു ലഭിക്കാനുള്ള സാധ്യതകൂടി തെളിയുന്നു . അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ശാസ്ത്രം മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യാന്‍ പോവുകയാണ്. ചൊവ്വയെന്ന ഗ്രഹത്തെ ഭൂമിയില്‍നിന്നു പോകുന്ന മനുഷ്യന്‍ മാറ്റിപ്പണിയാന്‍ തയ്യാറെടുക്കുകയാണ്. ഒരുപക്ഷെ ഭാവിയിലെ ഏറ്റവുംവലിയ വ്യവസായകേന്ദ്രം ചൊവ്വയായിരിക്കാം. ഇതിനൊക്കെ പുറമെ, ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയത്തിന്റെ കണ്ടെത്തലാണ് ഭൂമിയിലുള്ളവരെ ഏറ്റവും കൊതിപ്പിക്കുന്നത്. നമ്മുടെനാട്ടില്‍ ഒരുകിലോ ഡ്യൂട്ടീരിയത്തിന്റെ വില ഏകദേശം അഞ്ചരലക്ഷം രൂപയാണ്..കാല്‍സ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് തുടങ്ങിയവയൊക്കെ ഭുമിയിലുള്ളതിനേക്കാള്‍ അളവ് ചൊവ്വയുടെ മണ്ണിലുണ്ട്..
സൗരയുഥ ഗ്രഹങ്ങളില്‍ ജീവന്റെ അടിസ്ഥാന ഘടകങ്ങളുടെ അനുകൂല സാഹചര്യം മാത്രമല്ല ചൊവ്വയിലുള്ളത്. ചൊവ്വയുടെ പ്രശ്‌നം അതിശൈത്യവും അതുമൂലം ഉറഞ്ഞില്ലാതായ ജലവുമാണ്. ജീവവായുവിന്റെ കുറവിനെയും ഇവിടെ പ്രത്യേകം കാണണം. അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അതിലേക്ക് കുത്തനെ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളും എന്തിനുമേതിനും ചൊവ്വയില്‍ തടസ്സം നില്‍ക്കുമെങ്കിലും ഒരു വിധത്തില്‍ ഇതിനെയെല്ലാം ഇണക്കി അനുകൂല പരിസ്ഥിതിയുണ്ടാക്കാനുള്ള പദ്ധതികള്‍ശാസ്ത്രത്തിനു കണ്ടെത്താന്‍ കഴിയും .. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ നിരന്തരമായുണ്ടാകുന്ന മീഥേന്‍ എന്ന വാതകമാണ് ജീവനെ കണ്ടെത്താമെന്ന ആശ നല്‍കുന്നത് . സമൃദ്ധമായ അന്തരീക്ഷമുണ്ടായിരുന്ന ഭൂതകാലം ചോര്‍ന്നൊലിച്ചപ്പോള്‍ ആദ്യം ഇല്ലാതാവേണ്ടിയിരുന്ന വാതകമായിരുന്നു മീഥേന്‍ .. എന്നാല്‍ ചൊവ്വയുടെ ആകാശത്ത് ഇപ്പോഴും എവിടെനിന്നാണ് മീഥേന്‍ പൊടിയുന്നത് .
രണ്ടു വഴികളുടെ സാധ്യതയുണ്ട്. പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന അഗ്നിപര്‍വ്വതമുഖത്തുനിന്ന് ആദ്യ വഴി. രണ്ടാമത്തെ വഴി സൂക്ഷമജീവികളാണ്. സൂക്ഷമരൂപികളായ ചില അണുക്കള്‍ക്ക് മീഥേന്‍ നിര്‍മ്മിക്കാന്‍ കഴിയും. എങ്കില്‍ ഭൂമിയിലെ അന്റാര്‍ട്ടിക്കപോലുള്ള സ്ഥലങ്ങളില്‍ സമൃദ്ധമായി വളരുന്ന പായലുകളെ ചൊവ്വയിലെ ജലാശയങ്ങളിലേക്ക് വീടുമാറ്റാം. പായലുകള്‍ പടരുമ്പോള്‍ ഗ്രഹത്തിന്റെ ചുവന്നനിറം അല്പം ഇരുളുകയും അതും ഉഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പായലുകള്‍ പുറത്തുവിടുന്ന ഓക്‌സിജന്‍ ഗ്രഹത്തിലെ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയാല്‍ ചില സസ്യജാലങ്ങള്‍ , പതുക്കെ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 95% നിറഞ്ഞുനില്‍ക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സിജനായി മാറ്റും….
അങ്ങനെയെങ്കില്‍ ഭാവിയില്‍ ചൊവ്വയില്‍ ജീവന്റെ സാധ്യത പകല്‍പോലെ തെളിയും. സൂര്യന്റെ ചൂട് കൂടിക്കൂടി വന്ന് ചൊവ്വയ്ക്ക് ഊഷ്മളമായ രാപ്പകലുകളുണ്ടായാല്‍ അവിടെ ദശാവതാരങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാരുകണ്ടു. ജലജീവിയില്‍ നിന്ന് ഉഭയജീവിയും അവിടെനിന്ന് ഉരഗവും പിന്നെ വഴിയല്പം വളഞ്ഞ് പക്ഷിയും സസ്തനിയുമാവുന്ന വിദ്യ പൊടുന്നെനെയുണ്ടാവാം.
അപ്പോള്‍ , മനോഹരമായ ഈ ഭൂമിയിലെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും നശിപ്പിച്ച മനുഷ്യന്‍റെ ആര്‍ത്തികാരണം ഭൂമിയില്‍ ഉഷ്ണം കൂടിയിട്ടുണ്ടാവും.. അവിടെ , ചൊവ്വയില്‍ അപ്പോള്‍ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവാം, കുയില്‍ കൂകുന്നുണ്ടാവാം…………..
.. മഹത്തായ ഈ ശാസ്ത്രനേട്ടത്തോടെ ലോകത്തിന്റെ നെറുകയിൽ തല ഉയർത്തിപ്പിടിച്ച് ഇന്ത്യൻ ശാസ്ത്രലോകം നില്‍ക്കുമ്പോള്‍ നിറഞ്ഞമനസോടെ നമുക്കവരെ അനുമോദിക്കാം ..അതിര്‍ത്തിയിലെ പട്ടാളക്കാരനും ബഹിരാകാശത്തെ ഉപഗ്രഹങ്ങളുമാണ് ഇന്ന് ഇന്ത്യയുടെ കാവല്‍ എന്ന് നന്ദിയോടെ ഓര്‍ക്കുകയും ചെയ്യാം…..