— കൃഷ്ണപ്രിയ എഴുതുന്നു —
ഭാഗം – 2
ഒന്നാം ഭാഗത്തിൽ പറഞ്ഞത് എം. എഫ്. ഹുസൈൻ എന്ന വ്യക്തിയുടെ വിവാദ ചിത്രങ്ങളെക്കുറിച്ചാണ് . അവയിലെ നഗ്നത എന്ന ഘടകത്തിലുപരിയായ് ആവിഷ്കാര സ്വാതന്ത്രത്തിന്റെ നിഴലിൽ വരച്ചെടുത്ത ഹുസൈനിന്റെ ചില ചിത്രങ്ങളിലെ പ്രതിപാദ്യങ്ങളിലെക്ക് .
ശിവരാത്രി അവയിൽ ഒന്നാണ്.. നിസ്സംഗനായിരിക്കുന്ന ശിവന് മുൻപിൽ വെച്ച് ലൈംഗിക കേളിയിൽ ഏർപ്പെടുന്ന കാളയും ( നന്ദികേശ്വരൻ ആയിരിക്കണം മനസ്സിൽ) പാർവതി ദേവിയുമാണ് ഹുസൈനിന്റെ വികല മനസ്സിന്റെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ അടങ്ങാത്ത കുത്തൊഴുക്കിൽ പെട്ട് ആ ബ്രഷിലൂടെ ചാടിക്കുതിച്ചു ഒലിച്ചിറങ്ങിയത് . ഇനി ഇതിലെ ഹൈന്ദവ വികാരത്തെ മാറ്റി വെച്ച് ചിന്തിച്ചു എന്നിരിക്കട്ടെ ഹുസൈനിന്റെ വരകളിലെ സ്ത്രീ വിരുദ്ധതയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഒന്നിലധികം ചിത്രങ്ങളിലായി മൃഗങ്ങളുമായി ലൈംഗികകേളികളിൽ ഏർപ്പെടുന്ന സ്ത്രീകളെ ഹുസൈൻ ആവിഷ്കരിച്ചു വെച്ചിട്ടുണ്ട്.
ഇനി പറയാനുള്ളത് ഹുസൈന്റെ രാമായണ ചിത്രങ്ങളെക്കുറിച്ചാണ്. ഇതിഹാസപാത്രങ്ങളെ കൊണ്ട് തന്റെ ചിത്രങ്ങളിൽ വെറുതെ ഒന്ന് സ്പർശിക്കുക മാത്രമേ ഹുസൈൻ ചെയ്തിട്ടുള്ളൂ. രാമായണ കഥയുമായി ചേർന്ന് നില്ക്കുന്ന രചനകളധികമൊന്നും ഹുസൈൻ നടത്തിയിട്ടില്ല. ഹുസൈന്റെ രാമായണ ചിത്രങ്ങൾ മിക്കതും ഇതിഹാസപാത്രങ്ങളെ വികലമായി ഉപയോഗിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരവും ഭാവനയും മാത്രമാണ്.
രാമായണം ഭാരതീയനെ സംബന്ധിച്ചെടുത്തോളം വെറുമൊരു ഇതിഹാസം മാത്രമല്ല . ഈ സംസ്കൃതിയുടെ ഹൃദയത്തുടിപ്പാണ് രാമായണം. ഭാരതീയ സംസ്കൃതിയുമായ് അത്രമേൽ ഇണങ്ങി ചേർന്ന മറ്റൊരു കാവ്യവും ഇല്ല എന്ന് തന്നെ പറയാം. രാമനും സീതയും ഹനുമാനും ലക്ഷ്മണനും കേവലം ഇതിഹാസ പാത്രങ്ങളല്ല മറിച്ച് ഒരു ജനതയുടെ ആത്മ വികാരങ്ങൾ തന്നെയാണ് . രാമനെ പിതാവായും സീതയെ മാതാവായും കണ്ടു വളർന്നവരാണ് ഭാരതീയർ.
സീതാദേവിയെ മാതൃ സ്ഥാനീയയായാണ് ഭാരതീയർ കാണുന്നത് എന്നത് ഒരു ഭാരതീയനായ ഹുസൈന് അറിയാത്ത വിഷയമോന്നും അല്ല. ഭാരതീയന് സീതാ മാതാവ് പരിശുദ്ധിയുടെ പ്രതീകമാണ് . ആ സീതാ മാതാവിനെ നഗ്നയാക്കി ഒരു ചിത്രത്തിൽ നഗ്നനായ രാവണന്റെ തുടയിലും മറ്റൊന്നിൽ നഗ്നനായ ഹനുമാന്റെ വാലിലും പ്രതിഷ്ഠിച്ച ഹുസൈൻ തൃപ്തി വരാതെ നഗ്നരായ രാമനെയും സീതയേയും ഹനുമാന്റെ തോളത്തും കൂടി വെച്ച് കൊടുത്ത് ദീര്ഘനിശ്വാസം വിട്ടു . എന്നിട്ടും രാമായണത്തിന്റെ ആവിഷ്കാര സ്വാതന്ത്ര മേഖലയിൽ തൃപ്തി വരാതിരുന്ന ഹുസൈൻ തന്റെ ആവിഷ്കാര സ്വാതന്ത്രമെന്ന ആ ഭ്രാന്തൻ കുതിരയെ അഴിച്ചു വിട്ടത് ബ്രഹ്മചാരി ശ്രേഷ്ഠനായ ഹനുമാന് നേർക്കായിരുന്നു.
ഒരു ശരാശരി ഭാരതീയനെ സംബന്ധിചെടുത്തോളം ഹനുമാൻ ബ്രഹ്മചാരി ശ്രേഷ്ഠനാണ്. എന്നാൽ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ വികല ഭൂമികയിൽ പെട്ടുപോയ ഒരു ഹനുമാൻ സീതയും രാമനും തമ്മിലുള്ള ലൈംഗിക ബന്ധം ഒളിഞ്ഞു നിന്ന് വീക്ഷിക്കുന്നവനും മറ്റൊരു സൃഷ്ടിയായ ഹനുമാൻ – V സീതാ രാമന്മാരുടെ ലൈംഗിക വേഴ്ച കണ്ടു ഉത്തേജിതനാകുന്നവനുമാണ്. നഗ്നതയെ മാത്രം വിഷയമാക്കിയത് മൂലം പലരും അത്രകണ്ട് ശ്രദ്ധിക്കാതെ വിട്ട ചിത്രങ്ങിൽ ഒന്നാണ് ഹനുമാൻ – V . ഇവയിലെ നഗ്നതയല്ല മനോഭാവമാണ് വിഷയം. ഭാരതീയ ചിന്തയോടും പൈതൃകത്തോടുമുള്ള ഹുസൈന്റെ സമീപനം മാത്രമാണ് വിഷയം. അതീ ചിത്രത്തിൽ നിന്നും വ്യക്തമാണ്. ഹനുമാൻ ബ്രഹ്മചാരിയായിരുന്നിട്ടില്ല എന്നാണു ഹുസൈൻ പറയാതെ പറയുന്നത്. സ്ത്രീ സുഖത്തിൽ അശേഷം താല്പര്യമില്ലാത്തവൻ എന്ന് ഇതിഹാസകാരൻ പാടിയ ഹനുമാൻ സ്ത്രീകളിൽ, അതും താൻ മാതൃ സമാനയായ് കരുതുന്ന സീതാ ദേവിയിൽ ആസക്തനായി എന്ന് വരച്ചു വെക്കുമ്പോൾ ഇന്ത്യൻ പിക്കാസോവിന്റെ മനസ്സില് എന്തായിരുന്നിരിക്കും?
ഒരിക്കൽ പോലും ലൈംഗിക ചിന്തകളിൽ ആസക്തനാകാത്തവനെ സമ്പൂർണ്ണ ബ്രഹ്മചാരി എന്ന് പറയുന്നു. അത് അങ്ങേയറ്റത്തെ അധ്യാത്മിക ചര്യകൾ പാലിക്കുന്നവരിൽ മാത്രം നിക്ഷിപ്തമായതാണ്. എന്നാൽ ലൈംഗികതയെ ചുറ്റിപറ്റി മാത്രം ചിന്തിക്കുന്നോരാൾക്ക് ബ്രഹ്മചര്യം തീര്ച്ചയായും ഒരത്ഭുതം തന്നെയാവണം. അതുകൊണ്ടായിരിക്കുമോ ഹുസൈൻ ഹനുമാന്റെ ബ്രഹ്മചര്യ ഭംഗം ചിത്രങ്ങളിലൂടെ ആവിഷ്കരിച്ച് ആത്മരതിയടഞ്ഞത് ? നൈമിഷിക സുഖം പ്രദാനം ചെയ്യുന്ന ലൈംഗികതക്ക് അതീതമായ ചിന്തകള് വെച്ച് പുലര്ത്തിയ നിരവധി ശ്രേഷ്ഠ പുരുഷ-സ്ത്രീ വ്യക്തിത്വങ്ങൾ ഭാരത ഭൂമിക്ക് ഒരിക്കലും ഒരൽഭുതമല്ല . എന്നാൽ ഗുരു ശിഷ്യ ബന്ധത്തിൽ പോലും ലൈംഗികതയാരൊപിക്കുന്ന സെമെട്ടിക് മനസ്സുകളിൽ ഈ ബ്രഹ്മചര്യം എന്നും ഒരത്ഭുതം തന്നെയാണ്. എന്തായാലും സെമെടിക് ചിന്തകളുടെ അതി പ്രസരം മൂലം ഉള്ളുറപ്പുള്ള എല്ലാ ബന്ധങ്ങളിലും ലൈംഗികതയാരൊപിക്കുവാൻ ഇറങ്ങിത്തിരിച്ച വിദേശി മിഷനറിമാര്ക്ക് ഈ ചിത്രം ഒരു ആഘോഷം തന്നെയായിട്ടുണ്ടാവണം.
ഹുസൈന്റെ ചിത്രങ്ങളെ പറ്റി പഠനം നടത്തിയ ശ്യാമൽ ബാഗ്ചീ അദ്ദേഹത്തിന്റെ ഹനുമാൻ – V നെക്കുറിച്ച് ഇങ്ങനെ പറയുന്നു In the “Hanuman” series we encounter this selfless servant of Rama and Sita in a new light. Selflessness may be a noble virtue, but it is achieved at great cost to one’s person. In a particularly moving picture, Husain fills the entire canvas with the figure of Hanuman. He is seen sitting in a meditative position, attempting to train his noble mind on distant, impersonal and spiritual thoughts appropriate for contemplation. Husain appears to stress the point, made by several Indian philosophies, that action is not incompatible with contemplation–rather, they complement each other. While the brave and valiant Hanuman tries to concentrate on his meditation, the naked figures of Rama and Sita can be seen in the foreground. Although they occupy only a small space in the painting, they are painted in deep hues and drawn with much sensual detail that show the male figure eagerly pursuing the female. The self-absorbed couple play out their happy role in the presence of Hanuman, whose devotion and loyalty makes him entirely “invisible” to them. But Hanuman does see, although his mind wrestles against the feelings generated by the erotic scene. Husain’s Hanuman is affected by desire, by the sexual carryings on of the semi-divine lovers before him. Does he cast a desiring eye on Sita? Husain portrays exceedingly well the struggle Hanuman undergoes as he strains to look beyond the immediate surrounding and into an impossibly distant other place. The noble servant tries not to be moved by the scene in front of him in which a private act is performed before him as if he did not exist. The desire provoked in him is unlawful, and to look at the this scene of lovemaking is forbidden to him; he must, eunuch-like, behave as if he is not touched by it. His meditation is hampered, but it is the meditative mind that he most needs in order to calm his strong and confused feelings. The energetic and youthful servant has suddenly grown old, his face is tight and drawn, his whiskers have turned white.”
ജീവിതത്തിന്റെ സുഗമമായ പ്രയാണത്തിനു ഒരു സാദാ മനുഷ്യന് പ്രതീകങ്ങൾ / ബിംബങ്ങൾ കൂടിയേ തീരൂ. ഒരു ജനതയുടെ ഹൃദയത്തോട് അങ്ങേയറ്റം ചേർന്ന് നിൽക്കുന്നവരാണ്, മാതൃഭാവേനെയും പിതൃഭാവേനയും ആദരിക്കുന്നവരാണ് മേല്പറഞ്ഞ ബിംബങ്ങളെല്ലാം തന്നെ . അവയിലെല്ലാം തന്റെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ മറവിൽ ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട കടുത്ത ചായങ്ങൾ കോരിയൊഴിച്ച് വികൃതമാക്കിയ കലാകാരനാണ് എം.എഫ് ഹുസൈൻ . ഭാരതീയ സ്ത്രീത്വത്തെ ലൈംഗിക ദൃഷ്ടിയിലൂടെ മാത്രം കണ്ട കണ്ണുകളാണ് എം. എഫ് ഹുസൈനിന്റെത്. ഭാരതീയ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളിൽ ഒന്നിലും കണ്ണ് പതിയാത്ത ഹുസൈൻ ആ ശക്തിശ്രോതസ്സിനെ അപ്പാടെ ലൈംഗികതയിലെക്ക് ഒതുക്കിക്കളഞ്ഞു . ഇനിയും ഈ ചിത്രങ്ങളെയെല്ലാം ആവിഷ്കാര സ്വാതന്ത്രത്തിന്റെ വകുപ്പിൽ പെടുത്തണമെന്നാണോ? ശരി, അംഗീകരിക്കുന്നു. അങ്ങനെയെങ്കിൽ ഈ ആവിഷ്കാര സ്വാതന്ത്രം എല്ലാ മതക്കാര്ക്കും ബാധകമാകെണ്ടതല്ലേ? എന്തുകൊണ്ട് ഈ സ്വാതന്ത്രത്തിന്റെ അധികഭാരം ഹിന്ദുക്കളിൽ മാത്രം അടിച്ചേല്പ്പിക്കപ്പെടുന്നു ? പറഞ്ഞു പഴകിയ വിഷയമാണെങ്കിലും പറയാതെ വയ്യ. എന്ത് കൊണ്ട് ഹുസൈൻ ഹൈന്ദവ സങ്കല്പങ്ങളെ തിരഞ്ഞു പിടിച്ചപമാനിച്ചു? കാരണങ്ങൾ പലതാവാം.
ഒരു കാരണമായി കരുതാവുന്നത് അങ്ങേയറ്റം സഹിഷ്ണുക്കളായ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ, സൌമനസ്യത്തിന്റെ നെല്ലിപ്പലക തകർക്കുക എന്നോരു നീചമായ ഉദ്ദേശം ഹുസൈനുണ്ടായിരുന്നിരിക്കാം എന്നതാണ്. ഈ ചിത്രങ്ങൾ കാണുന്നവർ പ്രതികരിച്ചെക്കുമെന്നും അതിൽ തന്റെ മതം ഒരു വിഷയമാകണമെന്നും, മതത്തിന്റെ പേരിൽ ഒരു കലാപമുണ്ടാകണം എന്നും ഒരുദ്ദേശം ഹുസൈനുണ്ടായിരുന്നില്ല എന്നുറപ്പിച്ചു പറയാനാകുമോ? മനപ്പൂർവം പ്രകോപനം സൃഷ്ടിച്ച ഒരു നാലാം കിട രാഷ്ട്രീയ മത കലാപത്തിനു തിരി കൊളുത്തുവാൻ ഉള്ള പുറപ്പാടായിരുന്നു ഹുസൈൻ എന്ന വായനയിൽ എന്തെങ്കിലും തെറ്റുണ്ടോ ?
മറ്റൊരു കാരണം ഭാരതീയ പൈതൃകത്തെ അപമാനിക്കുന്നതിലൂടെ തനിക്കു ലഭിച്ചേക്കാവുന്ന വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് തികച്ചും ബോധവാൻ ആയിരിക്കണം ഹുസൈൻ. ഭാരതത്തെ ഇകഴ്ത്തുന്നതിലൂടെ , സംസ്കൃതിയെ ഇവാഞ്ചലുകൾക്കും മറ്റും പണയം വെക്കുന്നതിലൂടെ പണവും പേരും പ്രശസ്തിയും എളുപ്പവഴിയിലൂടെ നേടാം എന്നദ്ദേഹം കരുതിയിരിക്കണം. അങ്ങനെയെങ്കിൽ , തന്റെ മാതൃരാജ്യത്തെയും അതിന്റെ സംസ്കൃതിയെയും വ്യഭിചരിച്ച കാശ് കൊണ്ട് ഉപജീവന മാർഗം കണ്ടെത്തിയ കച്ചവടക്കണ്ണു മാത്രമുള്ള ഒരു കുറുക്കനാവണം ഹുസൈൻ. സ്വന്തം രാജ്യത്തെ ഉപേക്ഷിച്ചു കച്ചവട സാധ്യതകൾ കൂടുതലുള്ളിടങ്ങൾ തേടിപ്പോയതും ഇതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
അങ്ങനെയെങ്കിൽ എങ്ങനെയും എപ്പോഴും ഏതു വിധത്തിലും കൊട്ടിപ്പാടാവുന്ന ഒരു ചെണ്ടയാണ് ഹൈന്ദവ സമൂഹമെന്ന ബോധം ഹുസൈന് ഉണ്ടായിരുന്നിരിക്കാം. മറ്റു മതങ്ങളെ ഒന്ന് സ്പർശിക്കാത്തതും നമ്മെ ഈ നിഗമനത്തിലേക്കു എത്തിക്കുന്നു.
ഇനി അങ്ങനെ അല്ല ഇതെല്ലാം ഹുസൈനിലെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ വീര്പ്പു മുട്ടൽ കൊണ്ട് മാത്രമാണ് എങ്കിൽ ഇതേ ആവിഷ്കാര സ്വാതന്ത്രം ഹുസൈൻ എന്ത് കൊണ്ട് മറ്റു മതങ്ങളിൽ നടപ്പാക്കിയില്ല എന്നതിന് ആവിഷ്കാര സ്വാതന്ത്ര വാദികൾ ഉത്തരം പറഞ്ഞെ തീരൂ. അതൊരു ശരാശരി ഹൈന്ദവന്റെ അവകാശമാണ്. അതിനും സൌകര്യമില്ലെങ്കിൽ സ്വന്തം മനോവൈകല്യങ്ങൾക്ക് ആവിഷ്കാര സ്വാതന്ത്രമെന്നു പേരിട്ടു അതിന്റെ മറവിൽ ഒളിച്ചിരുന്ന ഒരു മനോരോഗിയും മത ഭ്രാന്തനുമായിരുന്നു ഹുസൈൻ എന്നംഗീകരിച്ചേ മതിയാകൂ.
ഇനിയും ഇതെല്ലാം ആവിഷ്കാര സ്വാതന്ത്രമെന്നു വാദിക്കണം എന്നുള്ളവർക്ക് ആവാം . പക്ഷെ ഈ നാട്ടിലെ അങ്ങേയറ്റം സഹിഷ്ണുക്കളായ ഒരു ജനതയുടെ മത വികാരങ്ങളെ മാനിക്കുക എന്നത് നിങ്ങളുടെ സാമാന്യമായ പൌരധർമ്മം മാത്രമാണ് എന്നോർമ്മിപ്പിക്കുവാനുള്ള സ്വാതന്ത്രമെങ്കിലും നിങ്ങൾ ആ ജനതയ്ക്ക് കൊടുക്കണം . അവരതെങ്കിലും ഒന്ന് ചെയ്തോട്ടെ.
തുടർന്ന് 2005 ഇൽ സ്വമേധയാ ഇന്ത്യ വിട്ടു പോയ ഹുസൈനെ , ( ഹുസൈൻ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. http://timesofindia.indiatimes.com/india/I-have-not-fled-India-said-MF-Husain-in-his-last-interview/articleshow/8791202.cms ) 2006 ഇൽ ചില പഴയ പൈന്റിങ്ങുകൾ വിവാദമായതോടെ ഹൈന്ദവർ നാട് കടത്തി എന്ന രീതിയിൽ വാർത്തകൾ ഉണ്ടാക്കി മാധ്യമ വ്യഭിചാരം പൊടി പൊടിച്ചു . നഗ്നത വരച്ചത് കൊണ്ട് മാത്രം ഒരു കലാകാരനെ ഇത്രയധികം ഉപദ്രവിക്കുന്നത് ഹൈന്ദവ ഫാസിസമായി വ്യാഖ്യാനിച്ച് പുരോഗമനവാദികൾ വട്ടമേശ സമ്മേളനം നടത്തി. തലയിൽ കയറി ചവിട്ടിയാലും ഒരക്ഷരം പോലും മറുത്തു പറയാത്തവനെ യഥാർത്ഥ ഹിന്ദുവായി കമ്മുണിസ്റ്റു ബുദ്ധിജീവികൾ പ്രഖ്യാപിച്ചു. മാധ്യമ തീവ്രവാദികൾ ഭാരതമൊട്ടാകെ അഴിഞ്ഞാടി. ചിത്രങ്ങളിലെ നഗ്നതയെ മാത്രം പെരുപ്പിച്ചു കാണിച്ചു ഹൈന്ദവരെ അസഹിഷ്ണുക്കളെന്നു മുദ്രകുത്തി.
ഇത്രയും പറഞ്ഞത് ഹുസൈൻ എന്ന വ്യക്തിയെ താറടിക്കുവാനല്ല . ആവിഷ്കാര സ്വാതന്ത്രത്തിന്റെ മറവിൽ ഹുസൈൻ നടത്തിയ ചിത്ര രചനകൾ ഒരു സാദാ ഹൈന്ദവന്റെ വികാരങ്ങളെ മുറിപ്പെടുത്തുന്നവയയിരുന്നു എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്. എന്തായാലും അദ്ദേഹം ഇന്ന് ജീവിചിരിക്കുന്നില്ല. അത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് ഇനിയും പറയുന്നതിൽ അർത്ഥമില്ല. ലൈംഗികകതയ്ക്ക് അപ്പുറത്തായി ഭാരതീയ സ്ത്രീത്വത്തിന്റെയും പൈതൃകത്തിന്റെയും വിവിധ ഭാവങ്ങൾ കാണുവാനുള്ള കണ്ണുകൾ അദ്ദേഹത്തിനില്ലായിരുന്നു എന്ന് നമുക്ക് സമാധാനിക്കാം. ഹുസൈൻ എന്ന വ്യക്തിയുടെ മരണ ശേഷം ഈ വിഷയത്തിന്റെ പ്രസക്തി എന്ത് എന്നൊരു ചോദ്യം ഉയർന്നേക്കാം. ഉണ്ട്. പ്രസക്തിയുണ്ട്. ഇത് വിഷയമാക്കിയതിനു പിന്നിലെ ഉദ്ദേശങ്ങൾ രണ്ടാണ്.
ഒന്ന് ഒരു ശരാശരി മനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കുന്ന മാധ്യമങ്ങളെ നേരായ വഴിയിൽ മനസ്സിലാക്കെണ്ടതിന്റെ ആവശ്യകത. ഈ വിഷയത്തിൽ മാധ്യമങ്ങൾ പലതും മൂടി വെക്കുകയും പലതും പെരുപ്പിച്ചു കാണിക്കുകയും ചെയ്തു. മാധ്യമങ്ങൾ ഇട്ടു തരുന്ന വാർത്താ തുണ്ടുകൾക്ക് പിന്നിലെ സത്യാവസ്ഥ ഏതൊരു പൗരനും മനസ്സിലാക്കേണ്ടതുണ്ട്. നിക്ഷിപ്ത താൽപര്യങ്ങളിൽ മൂടിയാണിവ പുറത്തിറങ്ങുന്നത്. നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ വാർത്താ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുക എന്നത് കാലത്തിന്റെ ആവശ്യകതയാണ്. നമ്മുടെ ചിന്തകളുടെ കടിഞ്ഞാൺ എന്നും നമ്മുടെ കൈയ്യിൽ തന്നെ ഭദ്രമായിരിക്കണം. വാർത്താ മാധ്യമങ്ങളെ അപ്പാടെ വിഴുങ്ങുന്ന ശീലം നാമിനിയെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട്.
രണ്ടാമതായും മുഖ്യമായും ഈ വിഷയത്തിന്റെ പ്രസക്തി ഭാരതീയ സ്ത്രീത്വത്തെ ഈ വിധം അപമാനിച്ച ഹുസൈനെ ആദരിച്ചു രവി വര്മ്മ പുരസ്കാരം നല്കാൻ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ എം. എ. ബേബി ‘അച്ചായൻ’ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ശ്രമം നടത്തി എന്നതാണ് . ഹുസൈന്റെ ചിത്രങ്ങളെ ആദരിക്കുന്നതിലൂടെ കമ്മുണിസ്റ്റു സഭയും ( അതെ സഭ തന്നെ) ഹുസൈനിന്റെ അതെ ദൃഷ്ടിയിലൂടെ തന്നെയാണ് ഭാരതീയ സ്ത്രീത്വത്തെ നോക്കിക്കാണുന്നത് എന്ന വിഷയത്തിൽ തർക്കമുണ്ടാകുകയില്ല.
വ്യത്യസ്ത രീതികൾ ആയിരുന്നു ഹുസൈനും രവി വർമ്മയും പിന്തുടര്ന്നിരുന്നത് എന്ന് നാം മുകളിൽ പറഞ്ഞു . മോഡേൺ ആർട്ട് എന്ന ചിത്രകാരന് മാത്രം മനസ്സിലാകുന്ന കടുത്ത ചായക്കൂട്ടുകളിലൂടെയുള്ള യാത്രയായിരുന്നു ഹുസൈന്റെതെങ്കിൽ . രവി വർമ്മ തികച്ചും റിയലിസ്ട്ടിക് പാതയാണ് സ്വീകരിച്ചത്. എങ്കിലും കലാസൃഷ്ടി എന്ന പൊതു മാനദണ്ഡം വെച്ചും ചിത്രകലക്ക് സര്ക്കാര് നല്കുന്ന ഏക പുരസ്കാരം എന്ന നിലയ്ക്കും ഈ അവാർഡ് ദാനത്തെ സാധൂകരിച്ചാലും ഇവയിലെ വിവാദ പ്രതിപാദ്യത്തെ കണ്ടില്ലെന്നു നടിക്കാൻ ഒരു ജനാധിപത്യ വ്യവസ്ഥിതിക്കും സാധ്യമല്ല. എന്നാൽ നാല് നേരവും മതേതരത്വം പുലമ്പുന്ന, അപമാനിക്കപ്പെട്ട അതെ ഭൂരിപക്ഷത്തിന്റെ സഹായത്തിൽ അധികാരത്തിലേറിയ കമ്മുണിസ്റ്റു സർക്കാർ അത് ചെയ്തു. കേരളത്തിലെ കമ്മുണിസ്റ്റു ബുദ്ധിജീവികൾ ഒന്നാകെ ഈ നിലപാടിനെ അംഗീകരിച്ചു. സെബാസ്റ്യൻ പൌൾ തുടങ്ങിയ ബുദ്ധിജീവികൾ ഈ വിഷയത്തിൽ സീകരിച്ച ഹുസൈൻ അനുകൂല നിലപാടുകളും ഇതേ സെബാസ്റ്യൻ പൌൾ സമാനമായ മറ്റു സന്ദർഭങ്ങളിൽ പുലർത്തിയ മതനുകൂലമായ മൃദു സമീപനവും ഓർക്കുക.
ജനാധിപത്യ വ്യവസ്ഥിതിയും മതേതരത്വവും ഒരു വിഭാഗത്തിന്റെ മാത്രം അധികഭാരമാകുന്ന മായക്കാഴ്ചയായിരുന്നു അത് . മത വികാരങ്ങൾ മുൻപും വ്രണപ്പെട്ടിട്ടുണ്ട്. ഹൈന്ദവെതരമായ അത്തരം സംഭവങ്ങളിൽ കമ്മ്യൂണിസം കൈക്കൊണ്ട നിലപാട് എന്തായിരുന്നു എന്ന് ചിന്തിക്കുക.
( ഹുസൈൻ വ്രണപ്പെടുത്തിയതിൽ കൂടുതലായി കലാസപര്യയുടെ മറവിൽ മറ്റൊരു ഒരു വിഭാഗത്തിന്റെയും മത വികാരം ഭാരതത്തിൽ അപമാനിക്കപ്പെട്ടിട്ടില്ല എന്ന് കൂടി ഓർമ്മ വെച്ച് കൊണ്ട് ചിന്തിക്കണം ) അപ്പോൾ ഹിന്ദു എന്ന മത വിഭാഗത്തിന് കമ്മ്യൂണിസം നല്കുന്ന സ്ഥാനം എവിടെയാണ് എന്നറിയാൻ സാധിക്കും.. ഭാരതീയ സ്ത്രീത്വത്തെയും സംസ്കൃതിയെയും ഈ വിധം അപമാനിച്ച ഹുസൈന്റെ ചിത്രങ്ങള്ക്ക് അവാർഡ് കൊടുക്കാൻ തക്ക മഹത്വം സിപിഎം എന്ന രാഷ്ട്രീയ കക്ഷി കണ്ടിരുന്നുവെങ്കിൽ ഹുസൈനിന്റെ കാഴ്ചപ്പാടുകൾ തന്നെയാണ് അവരും വെച്ച് പുലർത്തുന്നത് എന്ന തന്നെയാണ് അർഥം . ഈ തീരുമാനം കൊണ്ട് സിപിഎം അപമാനിച്ചത് ഭാരതീയ സ്ത്രീത്വത്തെയാണ് . ഭാരതീയ സ്ത്രീത്വത്തിനും സംസ്കൃതിക്കും തീരാകളങ്കമായ ആ ചിത്രങ്ങൾ ഇന്നും ജീവിക്കുന്നത് ഇടതുപക്ഷ മനസ്സുകളിൽ മാത്രമാണ്.
കോടതി സർവ സ്വത്തും കണ്ടു കെട്ടാൻ തീരുമാനിച്ചയാൾ സിപിഎം നു അംഗീകരിക്കപ്പെടെണ്ടവൻ ആയിരുന്നു. ഭാരതത്തെ അംഗീകരിക്കുന്നതു സംബന്ധിച്ച എന്തും കമ്മുണിസ്റ്റു സഭക്ക് വര്ജ്ജ്യമാണ്. സ്ത്രീ എന്നത് അവരുടെ ദൃഷ്ടിയിൽ വെറുമൊരു കംമോടിടി, ഉഭഭോഗ വസ്തു മാത്രമാണ് എന്ന് പല നേതാക്കന്മാരുടെയും പ്രസ്താവനകളിലൂടെയും അണികളുടെ പ്രവർത്തിയിലൂടെയും തെളിഞ്ഞതാണ്.. . ഭാരത പൈതൃകത്തിലെ ശക്തിയുടെ പ്രതീകങ്ങളായ സ്ത്രീകള് അവരിൽ അസ്വസ്ഥതയുളവാക്കുന്നതു തികച്ചും സ്വാഭാവികമാണ് . ഭാരതത്തിന്റെ അഭിമാനമായ സ്ത്രീ ശക്തിയെയും മാതൃ ഭാവങ്ങളെയും നിരന്തരം പുച്ഛിക്കുന്നത് ഇവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ തന്നെ ഭാഗമാണ്. (ഭാരത മാതാവ് , ഗോ മാതാവ് തുടങ്ങിയവയോടുള്ള നേതൃത്വത്തിന്റെ പുച്ഛ പ്രസ്താവനകളെ ഓർക്കുക ) അത് കൊണ്ടാണ് ഇവരുടെ നിലപാടുകളുമായി ചേർന്ന് നില്ക്കുന്ന രീതിയിൽ ചായക്കൂട്ടുകളൊരുക്കിയ ഹുസൈന് അവാർഡു കൊടുത്തു ആദരിക്കാൻ ഒരുങ്ങിയതും . എന്നാൽ ഭാരതീയ സ്ത്രീത്വത്തെ തൃണവല്ഗണിക്കുന്ന ഇവർക്ക് ഇതേ സ്ത്രീത്വത്തിന്റെ വോട്ട് ആവശ്യമാണ്. ഇവിടെയാണ് ഈ പാര്ട്ടിയുടെ ഇരട്ട താപ്പ് ഓരോരുത്തരും തിരിച്ചറിയേണ്ടത്.അടിസ്ഥാന വര്ഗത്തിന്റെ ആരാധ്യ ബിംബങ്ങളെ അപമാനിച്ചവരുടെ കൈകളിൽ കാപ്പണിയിക്കുവാൻ നിൽക്കുന്നവരാണ് കംമുനിസ്ടുകാർ എന്നതൊരു സത്യമാണ്. വൈദേശിക പ്രത്യയ ശാസ്ത്രാധിഷ്ടിതമായ ബുദ്ധിക്ക് ഭാരതത്തിന്റെ സ്ത്രീത്വത്തിന്റെ മഹത്വം എന്നും അന്യമായിരിക്കും.. കാരണം അതവരുടെ പ്രത്യയ ശാസ്ത്ര നിലപാടുമായി യോജിച്ചു പോകാത്തതാണ്. ഇത്ര കണ്ടു വിവാദങ്ങൾ കത്തി നില്ക്കുന്ന സമയത്തും സിപിഎം ഹുസൈനെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചത് എന്തിനാകും? ചിന്തിക്കുക. ഹൈന്ദവനു കമ്മ്യൂണിസം നല്കുന്ന സ്ഥാനത്തെ തിരിച്ചറിയുക.
മരിച്ചു പോയ ഒരു വ്യക്തിയെകുറിച്ചും അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചും ഇത്രയധികം വിശദമായി പറഞ്ഞത് ആ ചിത്രങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നറിഞ്ഞിട്ടും അവ അംഗീകരിച്ചു കയ്യടിച്ചു സ്വീകരിച്ചവർ ഒന്നുമറിയാത്തപോലെ ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുന്നു എന്ന് പറയാൻ വേണ്ടി മാത്രമാണ്. അത് കൊണ്ട്…. എന്നും ഓർമ്മകൾ ഉണ്ടായിരിക്കണം…