MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ദരിദ്രരുടെ എണ്ണം പെരുകുകയാണ് ചെയ്തത്. അത്തരത്തില്‍ തൊഴിലില്ലായ്മയുടെ രൂക്ഷത അനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നല്‍കുകയാണ് ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ ലക്ഷ്യം . ഇതൊരു പുതിയ പദ്ധതിയായ് കോണ്‍ഗ്രസ്സ് കൊട്ടിഘോഷിക്കുന്നു, യഥാര്‍ത്ഥത്തില്‍ 1960 മുതല്‍ സമാനമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയിരുന്നു. ജവഹര്‍ റോസ്ഗാര്‍ യോജന , Employment Assurance scheme , Food for Work Program, Jawahar Smridhi Yojana , Sampoornna Grameen Rozgar Yojana എന്നിവയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയുടെ ആദ്യകാല രൂപങ്ങള്‍. ഇപ്പോള്‍ ആകെ ഉള്ള വെത്യസ്തത ,പഞ്ചായത്തിരാജ് വഴി പദ്ധതി നടപ്പിലാക്കിയത് മാത്രമാണ്. ഈ പദ്ധതിക്കു കീഴില്‍ ചുരുങ്ങിയത് ഏഴു മണിക്കൂര്‍ ഓരോ തൊഴിലാളിയും പണിയെടുക്കേണ്ടതുണ്ട്. മാത്രമല്ല ഏത് തൊഴില്‍ ചെയ്യണം എന്നതിന് വ്യക്തമായ മാര്‍ഗരേഖയും ഉണ്ട്. ഓരോ തൊഴിലിടവും കൃത്യമായി ഓഡിറ്റ് ചെയ്തു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തൊഴില്‍ നിലവാരം ഉറപ്പുവരുത്തേണ്ടതാണ്. തൊഴില്‍ ഉറപ്പ് വഴി ” Durable Assets(ദീര്‍ഘകാല ഉപയോഗമുള്ളവ ) ” സൃഷ്ടിക്കണം എന്നും , അവ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ ഉപയോഗിക്കപ്പെടണം എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തി യാത്രാ സൌകര്യങ്ങള്‍ ഒരുക്കുക , മഴക്കുഴികള്‍ തയ്യാറാക്കുക , കുടിവെള്ള സംരക്ഷണത്തിനും , വരള്‍ച്ചാ ദുരിതാശ്വാസത്തിനും ഉതകുന്ന പ്രൊജെക്ടുകള്‍ ചെയ്യുക, കൃഷിയോഗ്യമല്ലാത്ത തരിശ് ഭൂമികള്‍ വീണ്ടെടുത്തു അവയെ കൃഷിയോഗ്യമാക്കുക എന്നിവയൊക്കെ പദ്ധതി വിഭാവനം ചെയ്യുന്നു. ഭൂവിസ്തൃതിയും വരണ്ട ഭൂമികള്‍ ഒരുപാടുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലതില്‍ നല്ല വിജയം ഉണ്ടായിട്ടുമുണ്ട്.
കേരളവും തൊഴില്‍ സാഹചര്യങ്ങളും തൊഴിലുറപ്പും
ഇത്തരത്തില്‍ ഒരു ബൃഹദ് പദ്ധതി നടപ്പിലാക്കുമ്പോള്‍ ബീഹാര്‍, രാജസ്ഥാന്‍, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ് മുതലായ ചൂട് കൂടിയ സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടു വിഭാവനം ചെയ്ത പദ്ധതി കേരളത്തിന്റെ സാഹചര്യങ്ങളില്‍ എങ്ങനെ യോജിക്കും എന്നു ചിന്തിക്കേണ്ടതുണ്ട്.
മൈക്കാട് പണി, മെസ്തിരി പണി , പാടത്ത് കൊയ്ത്തിന് ഇവയ്ക്കൊന്നും കേരളത്തില്‍ ആളെ കിട്ടാനില്ല. വ്യാപകമായി അന്ന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുകയാണ് കേരളത്തിലെ തൊഴില്‍ മേഖല. ബഹുഭൂരിപക്ഷം കൃഷിഭൂമികളും തൊഴിലാളി ക്ഷാമവും കൂലി കൂടുതലും കൊണ്ട് തരിശ് കിടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.
കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗത കുമാരി പറഞ്ഞത് പോലെ അതിസമ്പന്നതയാണ് കേരളം ഇന്ന് നേരിടുന്ന വലിയ പ്രശ്നം. ഇവിടെ ആര്‍ക്കാണു 2 രൂപക്കു അരി വേണ്ടത് ? എന്തിനാണ് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തൊഴില്‍ ഉറപ്പ് പദ്ധതി അടിമുടി അഴിമതി അല്ലാതെന്താണ്? ആര്‍ക്കാണു തൊഴില്‍ ഉറപ്പാക്കേണ്ടത് ? തൊഴില്‍ ഉറപ്പുള്ള ഒരു സംസ്ഥാനമല്ലേ കേരളം , തൊഴിലെടുക്കാന്‍ ഉറപ്പില്ലാത്ത,അലസന്മാരായ തൊഴിലാളികള്‍ അല്ലേ കേരളത്തിന്റെ ശാപം ? വടക്കേ ഇന്ത്യയിലെ ഭൂവുടമകളുടെ കീഴില്‍ അടിമ പണി ചെയ്യുന്ന പട്ടിണി പാവങ്ങള്‍ എവിടെ കിടക്കുന്നു ,അലസന്മാരായ മലയാളി തൊഴിലാളികള്‍ എവിടെ കിടക്കുന്നു . എല്ലാവരുടെ കൈയിലും മൊബൈല്‍ ഫോണ്‍ , എല്ലാ കുടുംബത്തിലും ബൈക്ക്, ഒരു പഞ്ചായത്തില്‍ 99 ശതമാനം പുരുഷന്മാരും ദിവസേന രൂപ 50രൂപക്ക് മുകളില്‍ മദ്യം വാങ്ങുന്നവര്‍. ലഹരി ഉപയോഗത്തില്‍കേരളത്തിലെ തൊഴിലാളികള്‍ മുന്‍പന്തിയില്‍ എന്നിങ്ങനെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
“Durable Assets ” സൃഷ്ടിച്ചു രാജ്യ പുരോഗതി ത്വരിതഗതിയിലാക്കേണ്ട പദ്ധതി കേരളത്തില്‍ അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ് . എന്താണ് ഇവിടത്തെ തൊഴില്‍ ഉറപ്പ് , വഴിയരുകിലെ പുല്ലു വെട്ടല്‍, പത്രത്തില്‍ പടം വരുവാന്‍ പാടത്ത് വിത്ത് എറിയല്‍ , സ്വകാര്യം വ്യക്തികളുടെ പറമ്പുകള്‍ പുല്ലു വെട്ടി വൃത്തിയാക്കല്‍. ഇത്തരത്തില്‍ ദീര്‍ഘ വീക്ഷണമില്ലാത്ത കാട്ടികൂട്ടലുകള്‍ കൊണ്ട് തൊഴില്‍ ദിനങ്ങള്‍ പാഴാവുക മാത്രമല്ല കൊടുക്കുന്ന കൂലിക്കു അനുസൃതമായി രാജ്യ പുരോഗതിക്കാവശ്യമായ ഒരു ദീര്‍ഘകാല Durable Asset പോലും സൃഷ്ടിക്കുവാന്‍ കഴിയുന്നില്ല. കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റ് ജനറല്‍ റിപോര്‍ട്ട് അനുസരിച്ചു ഏകദേശം അയ്യായിരം കോടി രൂപയുടെ അഴിമതി ഇതിനകം നടന്നു കഴിഞ്ഞു, ഒരു കൊല്ലത്തില്‍ പൂര്‍ത്തിയാക്കേണ്ട തരത്തില്‍ പ്ലാന്‍ ചെയ്ത പദ്ധതികള്‍ അഞ്ചു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. “Irregularities were…noticed in the works undertaken under MNREGA. Instances of works abandoned midway or not completed for a significant period were noticed. Works of Rs 2,252.43 crore, which were undertaken under the scheme were not permissible. It was seen that 7.69 lakh works amounting to Rs 4,070.76 crore were incomplete even after one to 5 years. It was also noted that expenditure on works amounting Rs 6,547.35 crore did not result in creation of durable assets. Cases of diversion of funds for other uses were also seen in large number of States”, the report said.5 ദിവസം പണിയെടുത്തവര്‍ക്ക് പോലും മുപ്പതു ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ തൊഴില്‍ വിവരം രേഖപ്പെടുത്തേണ്ട കാര്‍ഡുകളില്‍ എഴുതിചേര്‍ത്തു വ്യാപകമായ തോതില്‍ പഞ്ചായത്ത് ജില്ലാ തലത്തില്‍ പണം കൈപ്പറ്റിയിട്ടുണ്ട്. “The study has found that in many cases, workers performed one day’s job but their attendance was put for 33 days. The workers got money for one day while wages for 32 days were “misappropriated by the people associated with the functioning of NREGS”. വ്യാജ പേരുകളില്‍ തൊഴിലാളികളെ തിരുകി കയറ്റി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോടിക്കണക്കിനു രൂപയുടെ അഴിമതി ഇതിനകം നടത്തിക്കഴിഞ്ഞു. ലക്ഷ്യ ബോധമില്ലാത്ത വികല വീക്ഷണങ്ങള്‍ക്ക് പേരുകേട്ട ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടു ജനങ്ങളെ കരുവാക്കി നടത്തുന്ന പകല്‍കൊള്ളയായ് തൊഴിലുറപ്പ് മാറിക്കഴിഞ്ഞു.
ഇതിലും രാഷ്ട്രീയ സാധ്യതകള്‍ കണ്ടെത്തിയ ഇടതു പക്ഷക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ആകൂല്യങ്ങള്‍ങ്ങള്‍ നല്കണം എന്നു ആവശ്യപ്പെട്ടു സമരവും തുടങ്ങിക്കഴിഞ്ഞു. ഇടിവെട്ടേറ്റ ഇന്ത്യാ മഹാരാജ്യത്തിന് പാമ്പു കടിയേറ്റ പോലെയായി ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി, അതിനിടയില്‍ ആലപ്പുഴ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ തൊഴിലുറപ്പാണ് ലോകത്തിലെ ഏറ്റവും മികച്ച പദ്ധതി എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസംഗം കേട്ടു നിന്ന മലയാള സിനിമ നടന്‍ അനൂപ് ചന്ദ്രന്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയതിന് അദ്ദേഹത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എടുത്തു പെരുമാറി എന്നൊരു വാര്‍ത്തയും കണ്ടു.