വിശ്വരാജ് വിശ്വ എഴുതുന്നു
ചാബ്ബർ തുറമുഖം – നേട്ടങ്ങളുടെ മദ്ധ്യേഷ്യ – യൂറോപ്പ് , നോർത്ത് സൗത്ത് കോറിഡോർ
അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325 )മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ ആധികാരികവും സമഗ്രവും ആയ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവും കൂടാതെ തക്ഷശില സർവ്വകലാശാലയിലെ അധ്യാപകനും ആയിരുന്നു അത്രേ . സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടെ തന്നെ ലോകം വണങ്ങിയ യുദ്ധ തന്ത്രങ്ങളുടെ ആശാൻ ആയിരുന്നു ചാണക്യൻ. എന്തിനു ലോകം കീഴടക്കി ജൈത്രയാത്ര നടത്തി ഭാരതത്തിന്റെ പടിഞ്ഞാറു വശത്ത് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ മഹാ സൈന്യത്തിന് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തോട് സന്ധി ചെയ്യേണ്ടി വന്നത് ചാണക്യന്റെ അതി സൂക്ഷ്മ യുദ്ധതന്ത്രത്തിന്റെ ചെറിയ ഒരു ഉദാഹരണം ആണ്. സാമ , ദാമ , ഭേദ ദണ്ഡം ഒക്കെ എങ്ങനെ അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഉപയോഗിക്കണം എന്നതും ചാണക്യനീതി യുടെ പ്രതിപാദ്യ വിഷയം ആണ്.
ഇവിടെ ചാണക്യനെ പരാമർശിക്കാൻ കാരണം മറ്റൊന്നും അല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഷിയാ രാജ്യമായ ഇറാൻ സന്ദർശനവും അതിനോട് അനുബന്ധിച്ച് ലോകം മുഴുവനും നടന്ന “ചാബ്ബർ” തുറമുഖ നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകളും ആണ്. ഇന്ത്യ, ഇറാൻ എന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യവും ആയി അവരുടെ ഒരു തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും , ഇറാൻ – അഫ്ഗാൻ റെയിൽ ഗതാഗതത്തിൽ സഹകരിക്കാനും ഒക്കെ കരാർ ഒപ്പിടുന്നത് സഹാനുഭൂതി കൊണ്ടല്ല, മോഡിയുടെ ഗുജറാത്തി കച്ചവട ബുദ്ധിയുടെ മറ്റൊരു വശം മാത്രമാണ് എന്ന് ലോകത്തിനു അറിയാം. ഇന്ത്യക്ക് ഈ കരാർ കൊണ്ട് ഉണ്ടാകാൻ പോകുന്ന വ്യാപാര – സാമ്പത്തിക ഗുണങ്ങൾ ഒക്കെ റോയിട്ടെർസും BBC യും വരെ ഇഴ കീറി പരിശോധിക്കുന്നതും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ. ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ചാബ്ബർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കും എന്നും വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോഡിയുടെ വരദാനം. എന്നാൽ എനിക്ക് ചർച്ച ചെയ്യാൻ ആഗ്രഹം ഈ സാമ്പത്തിക നേട്ടം മാത്രമല്ല. ഇതിന്റെ മറവിൽ നടന്നൊരു വലിയ ഒരു മിലിട്ടറി നീക്കം , അതും കൂടി ഈ ചരിത്ര നേട്ടത്തിന്റെ ചുവടു പിടിച്ചു ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിൽ ആക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ. കച്ചവട ബുദ്ധി മോഡിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്. . കൂടുതൽ വിശദമാക്കാൻ അതിനു എല്ലാ മാധ്യമങ്ങളിലും വന്ന പോലെ ഉള്ള ഇന്ത്യ – ഇറാൻ – അഫ്ഗാൻ മാപ്പ് അല്ല അതിന്റെ കുറച്ചു കൂടി വലിയ ഒരു ഭൂപടം ആണ് വേണ്ടി വരിക. (ചിത്രം ശ്രദ്ധിക്കുക ).
ചാബ്ബർ തുറമുഖം ധാരണാപത്രം (MOU – Memorandum of Understanding ) ::
മോഡി സർക്കാർ അധികാരം ഏറ്റ ഉടനെ തന്നെ ചാബ്ബർ തുറമുഖം വഴിയുള്ള ഇറാന്റെ സഹകരണം ഉറപ്പു വരുത്താൻ വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. വാജ്പയീ സർക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു നീക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച വന്നെങ്കിലും പല വിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. പക്ഷെ ചർച്ചകൾ നീണ്ടു പോയി പോയി അവസാനം ഏതാണ്ട് ഒരു വർഷം മുൻപ് മാത്രം ആണ് ഇന്ത്യയും ആയി ധാരണ പത്രം ഒപ്പ് വക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതായത് 2015 മെയ് മാസം. ഇന്ത്യ ഇറാനുമായി തുറമുഖ നിർമ്മാണത്തിൽ മുതൽ മുടക്കാൻ ധാരണാ പത്രം ഒപ്പ് വക്കാൻ പോകുന്നു എന്ന് അറിഞ്ഞ ഉടനെ തന്നെ പാകിസ്ഥാനും ചൈനയും അപകടം മണത്തു. പാകിസ്ഥാനെ ബൈപാസ് ചെയ്തു ഇന്ത്യ അഫ്ഗാൻ വഴി മദ്ധ്യേഷ്യ യിലേക്കും റഷ്യയിലേക്കും എത്തിയാൽ പാകിസ്ഥാനെ ഏതാണ്ട് പൂർണ്ണമായും ഇന്ത്യ വളഞ്ഞു കഴിഞ്ഞു എന്നാണ് അതിന്റെ അർത്ഥം . ഉടനെ അമേരിക്കയുടെ തിട്ടൂരം വന്നു, കരാർ ഉടനെ റദ്ദാക്കണം, ഇറാൻ “വിലക്കപ്പെട്ട” രാജ്യം ആണത്രെ. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഏതു രാജ്യവും ആയി ഞങ്ങൾ കരാറിൽ ഏർപ്പെടും എന്ന് ഇന്ത്യ സർക്കാർ അമേരിക്കയുടെ വാറോലക്ക് മറുപടിയും കൊടുത്തു. പാകിസ്താനിൽ ചൈന നിർമ്മിക്കുന്ന ഗ്വദ്ധാർ തുറമുഖം ഇന്ത്യക്ക് മേൽ പടിഞ്ഞാറു ഭാഗത്ത് ഒരു കണ്ണ് വക്കാൻ വേണ്ടി ആണെങ്കിൽ അതിന്റെ ഒരു പടി കൂടെ മുന്നോട്ട് കടന്നു, പാക് – ചൈന തുറമുഖത്തിന്റെ 72 km അകലെ ഇന്ത്യ തുറമുഖം പണിയുന്നത് ചൈനക്കും അടിയാവും എന്ന് ചൈനീസ് പ്രസിഡണ്ട് Xi Jinping നും മനസ്സിലായി. എന്നാൽ അവരുടെ ഏക പ്രതീക്ഷ അന്താരാഷ്ട്ര കരാറുകളിൽ വിനിമയം ഡോളറിൽ ആണല്ലോ, അല്ലെങ്കിൽ യൂറോ, ഇത് രണ്ടിലും കച്ചവടം ചെയ്യാൻ ഇറാന് വിലക്കുണ്ട്. അപ്പോൾ ഇന്ത്യ ഇറാനുമായി ഉണ്ടാക്കുന്ന ധാരണ പത്രം മെയ് 2015 വിട്ട് അധികം പോവില്ല എന്ന് തന്നെ ആയിരുന്നു. എന്നാൽ ഇന്ത്യ അതിനെ കവച്ചു വച്ച് രൂപയിൽ കച്ചവടം ചെയ്യാനും, ഇറാന് ആവശ്യമുള്ള വസ്തുക്കൾ എണ്ണക്ക് തുല്യമായ വിനിമയ നിരക്കിൽ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു. അതോടെ ഡോളർ വിനിമയം എന്ന പ്രതിസന്ധി ഇന്ത്യ അനായാസം കടന്നു പന്ത് ഇന്ത്യയുടെ കോർട്ടിൽ പിടിച്ചിട്ടു. ഇനി അടുത്ത പടി ..
പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും ::
ഭൂപടം ശ്രദ്ധിച്ചാൽ മനസ്സിലാവും, ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ തുടങ്ങിയവ ആണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കു വക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും, വ്യോമ സേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി ഈ രാജ്യങ്ങളും ആയി വലിയ ഒരു ലോക ശക്തി ആയി കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോക ശക്തികളുടെ ഭീഷണികളെ അവഗണിച്ചു കൊണ്ട്. അതിനായി അടുത്ത അശ്വമേധം . മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണ പത്രം ഒപ്പ് വച്ച ശേഷം മോഡിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോഡിയുടെ വിമാന യാത്ര” എന്തിന് ഈ ചെറു രാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ?
5 രാജ്യങ്ങളിലേക്കുള്ള സന്ദർശനം
ജൂലൈ 7 – മോഡി ഉസ്ബക്കിസ്ഥനിൽ – നല്ല തുടക്കം
ഉസ്ബക്കിസ്ഥനിൽ വിമാനം ഇറങ്ങിയ മോഡി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോഡിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു. ആദ്യ സ്റ്റോപ്പിൽ മോഡി വിജയം നേടി.
11 ജൂലൈ 2015 – മോഡി തുർക്ക്മെനിസ്താനിൽ
തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ സൈനിക നീക്ക സഹകരണ ഉടമ്പടി ഉണ്ടെങ്കിലും മറ്റു രണ്ടു കരാറുകൾ ആണ് അധികം ശ്രദ്ധയിൽ പെട്ടത്. തുർക്ക്മെനിസ്ഥാൻ ലോകത്തെ നാലാമത്തെ വലിയ ഗ്യാസ് ഉത്പാദകർ ആണ്. ഇന്ത്യയും അഫ്ഗാനും പാകിസ്ഥാനും
തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോഡി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ്ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കി ഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡും ആയി സഹകരിച്ചു പദ്ധതി വേഗത്തിൽ ആക്കണം എന്ന് മോഡി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു. അതിനു വേണ്ടി ONGC വിദേശ് തുർക്ക്മെനിസ്താനിൽ ഉടനെ ഓഫീസ് തുറക്കും . അഷ്ഗബാത് കരാർ പ്രകാരം കസാഖ് – തുർക്ക് – ഇറാൻ രാജ്യങ്ങൾ തമ്മിൽ റെയിൽ ഗതാഗതം ഉണ്ടാക്കുന്നതിനു ഇന്ത്യയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇറാൻ മുതൽ റഷ്യയും യൂറോപ്പിലേക്കും തുറക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കാം എന്നും തീരുമാനം ആയി. പെട്രോകെമിക്കൽസ് & ഫെർറ്റിലൈസർസ് രംഗത്തും ഇന്ത്യക്ക് വേണ്ട സഹായം ചെയ്യാം എന്ന് തുർക്ക് പ്രസിഡണ്ട് ഉറപ്പ് നല്കി. മിലിട്ടറി രംഗത്തുള്ള പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.. മോഡിയുടെ യാത്ര തുർക്കിലും വിജയം. അടുത്തത് താജിക്കിസ്തനിൽ ..
ജൂലൈ 12 , 2015 – മോഡി താജിക്കിസ്ഥാനിൽ ::
ഇന്ത്യക്ക് പുറമേ ഉള്ള ഇന്ത്യൻ വ്യോമസേനയുടെ ആദ്യ താവളം ആണ് താജിക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് വളരെ ചേർന്നു കിടക്കുന്ന ഫർഖൊർ എയർബേസ്. വഖാൻ കോറിഡോർ എന്ന അഫ്ഗാനിസ്ഥാന്റെ നേരിയ ഒരു അതിർത്തി കരഭൂമി കടന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്റെ ഏതു നഗരത്തിൽ എത്താനും മിനിട്ടുകൾ മാത്രം മതി. ഇന്ത്യയുടെ ഈ സൈനിക താവളവും മറ്റു റെയിൽ റോഡ് സംവിധാനങ്ങളും താജിക്കിസ്ഥാനിൽ ഉള്ളത് ഏറ്റവും അലോസരപ്പെടുത്തുന്നത് പാകിസ്ഥാനെ മാത്രമല്ല ചൈനയെ കൂടി ആണ്. ചൈന ഇത് നേരിട്ട് പല തവണ താജിക് സർക്കാരിനെ അറിയിച്ചിട്ടും ഉണ്ട്. ഫർഖൊർ എയർബേസ് കൂടാതെ അയനി എയർബേസ് എന്ന ഒരു തന്ത്ര പ്രധാനമായ പഴയ റഷ്യൻ സൈനിക താവളത്തിന്റെ കാര്യത്തിൽ കൂടി തീരുമാനമെടുക്കാൻ മോഡി താജിക്ക് പ്രസിഡണ്ട് ഇമാമലി റഹ്മാനെ നിർബ്ബന്ധിച്ചു കാണും എന്ന് വിശ്വസിക്കാം. പുതിയ സൈനിക താവളത്തിന്റെ കാര്യത്തിൽ ഉള്ള തീരുമാനം ഒന്നും പറഞ്ഞില്ല എങ്കിലും ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് താജിക് സർക്കാർ കൂടി സമ്മതിച്ചതോടെ പാകിസ്ഥാനെ ഇന്ത്യ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നും പൂർണ്ണമായും വളഞ്ഞു കഴിഞ്ഞു. ഇനി നോർത്ത് – സൗത്ത് കോറിഡോർ കൂടി നിലവിൽ വരുന്നതോടെ റെയിൽ റോഡ് മാർഗ്ഗം ഇന്ത്യ മുഴുവൻ മദ്ധ്യേഷ്യയും യൂറോപ്പും ആയി ബന്ധം സ്ഥാപിക്കും എന്ന് മാത്രമല്ല പാകിസ്ഥാന്റെ ചുറ്റും ആയി ഇന്ത്യക്ക് അപ്പോൾ വ്യോമ – റെയിൽ – റോഡ് മാർഗ്ഗത്തിലൂടെയും നീക്കങ്ങൾ നടത്താൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്..
2015 ജൂലൈ 12 – മോഡി കിർഗിസ്ഥാൻ
മോഡി കിർഗിസ്ഥാൻ മണ്ണിൽ വിമാനം ഇറങ്ങുന്നു. കിർഗിസ്ഥാൻ പ്രസിഡണ്ട് Almazbek Atambayev.
അല്മസ്ബെക് അതംബയേവിന്റെ വക ഊഷ്മള സ്വീകരണം ഏറ്റുവാങ്ങുന്നു . വിശദമായ ചർച്ചകൾക്ക് ശേഷം ഇന്ത്യയും കിർഗിസ്താനും വിവിധ വ്യാപാര – സൈനിക ഉടമ്പടികളിൽ ഒപ്പ് വക്കുന്നു. മിലിട്ടറി ഇൻഫോർമേഷൻ ടെക്നോളജി രംഗത്ത് ഇന്ത്യയുടെ സഹകരണത്തോട് കൂടി ഉള്ള
സർവ്വേലൻസ് സംവിധാനവും പരിശീലനവും ഇന്ത്യ കിർഗിസ്ഥാന് ഉറപ്പു കൊടുത്തു എന്ന് കേന്ദ്രങ്ങൾ . അതായത് കഷ്മീരിനെല്ലാം അങ്ങ് വടക്ക് ഭാഗത്ത് അതിർത്തികളിൽ ചൈനയുടെ പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ കണ്ണുകൾ തുറന്നിരിക്കും. ഇന്ത്യൻ സൈന്യവും കിർഗ് സൈന്യവും തുടർന്നു പോരുന്ന സംയുക്ത സൈനിക അഭ്യാസവും നല്ല രീതിയിൽ തന്നെ ഇന്ത്യൻ “സ്പെഷ്യൽ ആർമ്മ്ഡ് ഫോർസസ്” തുടർന്നും മുന്നോട്ട് കൊണ്ട് പോവും.
ജൂലൈ 8 2015 – മോഡി കസാഖ്സ്ഥനിലേക്ക്
മോഡി കസാഖ്സ്ഥാൻ പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയെവുമായി പ്രധാനപ്പെട്ട പല കരാറുകളും ഒപ്പ് വച്ചു. അതിൽ തന്ത്രപ്രധാനമായവ :: ഡിഫൻസ് രംഗത്ത് സഹകരിക്കാൻ ഉള്ള ഉടമ്പടി, സൈനിക പരിശീലനം, കൂടാതെ അവശ്യ സമയത്ത് Special Forces sharing , തീവ്രവാദത്തെ ചെറുക്കുന്നതിന് ടെക്നോളജി രംഗത്ത് ഉള്ള സഹായം എല്ലാം ഇന്ത്യ വാഗ്ദാനം ചെയ്തു. യുറേനിയം സമ്പുഷ്ടമായ കസാഖ്സ്ഥാനിൽ നിന്ന് ഇന്ത്യയുടെ NPCIL നു വേണ്ടി യുറേനിയവും വ്യാവസായിക ഇടനാഴിക്ക് വേണ്ടി ഇന്ത്യക്ക് വേണ്ട സഹായവും കസാഖ് വാഗ്ദാനം ചെയ്തു.
ജൂലൈ 8, 2015 മോഡി റഷ്യയിൽ ::
ഇന്ത്യയുമായി എക്കാലവും അടുത്ത സൗഹൃദം നിലനിർത്തി പോന്നിരുന്ന രാജ്യമാണ് റഷ്യ. അത് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ആയ ഇന്ത്യയുടെ ആയുധപ്പുരയിൽ 70% മുകളിൽ റഷ്യൻ ആയുധങ്ങൾ ആണ്. ലോക ആയുധവിപണിയുടെ സിംഹ ഭാഗവും സാധാരണ ഏഷ്യയിൽ തന്നെ ആണ് വിൽപന നടക്കുന്നത്. ഇന്ത്യ അതിൽ ഒന്നാമതും. അത് മാത്രമല്ല പല ആപത്ത് ഘട്ടങ്ങളിലും റഷ്യ ഇന്ത്യയുടെ തുണക്കു എത്തുകയും ചെയ്തിട്ടുണ്ട്. 1971 ൽ ബംഗ്ലാദേശ് – പാകിസ്ഥാൻ അതിർത്തികളിൽ ഇന്ത്യ ഒരേ സമയം ശത്രുക്കളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ആ അവസരം മുതലാക്കാൻ കണക്കു കൂട്ടി അമേരിക്ക അവരുടെ ഏറ്റവും വലിയ പടക്കപ്പൽ വ്യൂഹം ആയ “സെവെൻത്ത് ഫ്ലീറ്റി”നോട് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. അതെ സമയം തന്നെ റോയൽ ബ്രിട്ടീഷ് നേവി ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്ക ചൈനയോട് ഇന്ത്യയുടെ വടക്ക് ഭാഗത്ത് നിന്ന് സൈനിക നീക്കം നടത്താൻ ആവശ്യപ്പെടുന്ന സന്ദേശം ഇന്ത്യൻ സൈന്യം ഇന്റർസെപറ്റ് ചെയ്യുകയും ചെയ്തു. എല്ലാ ഭാഗത്ത് നിന്ന് ഇന്ത്യക്ക് ഭീഷണി ഉയരുകയായിരുന്നു. ആ സമയം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി റഷ്യയും ആയുള്ള സൈനിക ഉടമ്പടി ഇനിഷ്യെറ്റ് ചെയ്തു. മൂന്നാമതൊരു ശത്രു ആക്രമിക്കുമ്പോൾ പരസ്പരം സഹായിക്കും എന്ന ആ ധാരണ പ്രകാരം റഷ്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യയുടെയും ശത്രു രാജ്യങ്ങളുടെ നേവിയുടെയും നടുവിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയും ബ്രിട്ടനും പിൻവാങ്ങി , ചൈന സൈനിക നീക്കം നടത്തിയില്ല. ഇന്ത്യ 1971 ലെ യുദ്ധത്തിൽ വിജയശ്രീലാളിതരവുകയും ചെയ്തു.
എന്നത്തേയും പോലെ തന്നെ കൈ നിറയെ കരാറുകളും ആയി തന്നെ ആണ് മോഡി ജൂലൈയിലും പിന്നീടു ഡിസംബറിലും റഷ്യയിൽ നിന്ന് മടങ്ങിയത്. സൈനിക – ആണവ – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ റഷ്യയുടെ സഹകരണം ഇന്ത്യ ഉറപ്പു വരുത്തി. അത് കൂടാതെ എല്ലാ വർഷവും 10 മില്ല്യൻ ടൺ എണ്ണ ഇന്ത്യക്ക് നൽകും എന്ന ഉറപ്പും റഷ്യ നൽകി . റഷ്യയുമായി കര ഗതാഗതം ഇന്ത്യ ഉറപ്പു വരുത്തി. പാകിസ്ഥാനെ ഒഴിവാക്കി മറ്റെല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളും ആയി സാമ്പത്തിക – സൈനിക ഉടമ്പടികൾ ഒപ്പ് വച്ചാണ് മോഡി ഇന്ത്യയിൽ തിരികെ എത്തിയത്. എണ്ണയും ആയുധങ്ങളും സൈന്യവും എല്ലാം ഇനി മുതൽ പാകിസ്ഥാനെ ബൈപാസ് ചെയ്തു കൊണ്ട് ഇന്ത്യ ലക്‌ഷ്യം കാണും, ചാബ്ബർ തുറമുഖം ലോകോത്തര തുറമുഖങ്ങളിൽ ഒന്നാവുന്ന കാലം ഇനി വിദൂരമല്ല.
കാശ്മീരിന് മറുപടി ആയി ബാലോചിസ്ഥാൻ :: ചൈനയുടെ ഗ്വാദർ തുറമുഖത്തിന് മറുപടി ആയി ഇന്ത്യയുടെ ചാബ്ബർ
അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വലിയൊരു പ്രദേശം , അതാണ് ബാലോചിസ്ഥാൻ. പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇരയാവുന്ന ഒരു ജനത ആണ് അവിടെ ജീവിക്കുന്നത്. പാകിസ്താൻ സ്വാതന്ത്ര്യത്തിനു ശേഷം സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചടക്കിയ പ്രദേശം ആണ് ബലോച് പ്രവിശ്യ. ലോകത്തിനു മുന്നിൽ ബലോചിലെ ക്രൂരത പാകിസ്ഥാൻ എന്നും മൂടി വക്കുകയായിരുന്നു.. കൂട്ടക്കൊലയും തീവെപ്പും ജനങ്ങളെ പിടിച്ചു കൊണ്ട് [പോയി കൊന്നു മൃതശരീരം വികൃതമാക്കി തിരിച്ചേൽപ്പിക്കുക , സ്ത്രീകളെ പരസ്യമായി പാകിസ്ഥാൻ ആർമ്മി മാനഭംഗപെടുത്തുക ഇത്യാദി ക്രൂര വിനോദങ്ങളുടെ ഇരയാണ് ബലോചിലെ ജനത. അവിടെ നിന്നും വിമത സ്വരങ്ങൾ ഉയർന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ. എന്നാൽ അതിനെയെല്ലാം ശക്തമായി അടിച്ചമർത്തി പാക് സൈന്യം മറുപടിയും കൊടുത്തു കൊണ്ടിരുന്നു. എന്നാൽ ഈയിടെ മോഡിയുടെ വലം കയ്യും, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവും ആയ അജിത് ഡോവൽ ഒരു സർവ്വകലാശാലയിലെ പ്രഭാഷണ മദ്ധ്യേ പരാമർശിച്ച ഒരു വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. പാകിസ്ഥാൻ തീവ്രവാദം തുടർന്നാൽ ഇന്ത്യ അതെ രീതിയിൽ പ്രതികരിക്കും, പാകിസ്ഥാന് ബാലോചിസ്താൻ നഷ്ടപ്പെടും എന്നതായിരിക്കും അനന്തരഫലം എന്ന് ഡോവൽ പ്രസ്താവന നടത്തി. മോഡിയുടെ യുദ്ധതന്ത്രജ്ഞനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇന്റെല്ലിജൻസ് ചീഫ് ആയ ഡോവലിന്റെ പ്രസ്താവന ബലോചിലെ വിമതർക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ട് എന്ന പാകിസ്ഥാൻ വാദത്തിനു ശക്തി നൽകുന്നതായിരുന്നു. അടുത്തിടെ പാകിസ്താനിൽ നടന്ന പല ആക്രമങ്ങൾക്കും പിന്നിൽ ഇന്ത്യ ആണ് എന്ന് ലോക ഇന്റ്റ്റെല്ലിജൻസ് വൃത്തങ്ങൾ പിറുപിറുക്കുന്നതും അത് കൊണ്ടാവണം. പാകിസ്ഥാന്റെ 44% ആണ് ബലോച് പ്രവിശ്യ എങ്കിലും പാകിസ്ഥാന്റെ 5% ജനസംഖ്യ മാത്രം ആണ് ആ പ്രദേശത് താമസിക്കുന്നത്. നല്ലൊരു ശതമാനം ബാലോചികളെ പാക് സൈന്യം തന്നെ കൊന്നു തള്ളി.
ബലോച് വിമത നീക്കവും അവിടെ ഉള്ള ഇന്ത്യയുടെ ഇടപെടലും ചെറുക്കാൻ കൂടി ആണ് പാകിസ്ഥാൻ ബലോച് പ്രവിശ്യയിൽ വരുന്ന ഗ്വാദ്ദർ ചൈനയ്ക്കു തുറമുഖം പണിയാൻ വിട്ടു കൊടുത്തത്. ഇന്ത്യ നോർത്ത് – സൗത്ത് – മദ്ധ്യേഷ്യ – യൂറോപ്പ് ഇടനാഴി കൊണ്ട് എന്തൊക്കെ സാമ്പത്തിക – സൈനിക നീക്കങ്ങൾ ആണോ ഉദേശിച്ചത് അത് തന്നെയാണ് ഗ്വാദ്ദർ തുറമുഖത് മുതൽ മുടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. കൂടാതെ ബലോചിലെ ഇന്ത്യയുടെ സൈനിക – ഇന്റെല്ലിജെൻസ് നടപടികൾ തടയുക എന്നതാണ് പാകിസ്ഥാൻ അത് കൊണ്ട് പ്രധാനമായും ഉദേശിച്ചത്. അപ്പോൾ അതിനെ മറികടന്നു ബലോചിലെ ഗ്വാദർ തുറമുഖത്ത് നിന്നും കേവലം 72 കിലോമീറ്റർ അകലെ ഇന്ത്യ ചാബ്ബർ തുറമുഖത്ത് നങ്കൂരം ഇട്ടത്. ഇനി ഇന്ത്യക്ക് ബാലോചിന്റെ വിശാലമായ അഫ്ഗാൻ അതിർത്തിയിൽ എന്ത് തന്നെ ചെയ്താലും പാകിസ്താനോ ചൈനക്കോ അതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് മാത്രമല്ല ഇന്ത്യക്ക് ഇനി നേരിട്ട് സൈനിക നീക്കം പോലും സാധ്യമാവുന്ന തരത്തിൽ ആണ് അവിടെ കാര്യങ്ങൾ നീങ്ങുന്നത്. ബലോച് പാകിസ്താന് നഷ്ട്ടപ്പെട്ടെക്കാം എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പരസ്യ പ്രസ്താവനയുടെ വെളിച്ചത്തിൽ വേണം ഇത് വായിച്ചെടുക്കാൻ. പാകിസ്താന്റെ 44% വരുന്ന ബലോച് പ്രവിശ്യ പോയാൽ പാക് അധിനിവേശ കാശ്മീർ പോലെ ഒരു ചെറു ഭൂവിഭാഗം അല്ല തർക്ക പ്രദേശം ആയി മാറുക മറിച്ച് പാകിസ്ഥാനെ നെടുകെ മുറിച്ച പോലെയാവും അതിന്റെ ഫലം. ചാബ്ബർ എന്തായാലും അയൽപക്കത്തെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തി എന്നത് പ്രത്യേകം പറയേണ്ടല്ലോ .
Forum for India–Pacific Islands Cooperation – ഇന്ത്യൻ മഹാസമുദ്രത്തിലെ 14 ദ്വീപ് രാജ്യതലവന്മാരുടെ സംഗമം
മോഡി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോഡിയെ കണ്ണും പൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഒരു ആവറേജ് രാഷ്ട്രീയക്കാരന് കണക്കു കൂട്ടി എടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോഡിയുടെ ഫിജി സന്ദർശനം. ടൂറിസം കൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ് രാജ്യം. മോഡിയുടെ ഫിജി സന്ദർശനം യദാർത്ഥത്തിൽ ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗം ആയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിൽ ഉള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞു തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താൻ ഉള്ള നീക്കം നടത്തി കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടക്കൽ തന്നെയാണ് അജിത് ഡോവൽ കത്തി വച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി (14 Member Countries – Cook Islands, Fiji, Kiribati, Marshall Islands, Micronesia, Nauru, Niue,Samoa, Solomon Islands, Palau, Papua New Guinea, Tonga, Tuvalu and Vanuatu ) . ആദ്യ ചർച്ചകൾ അന്ന് ഫിജിയിൽ വച്ചും പിന്നീടു ജയ്‌പൂരിലേക്ക് ഓഗസ്റ്റിൽ അവരെ എല്ലാം വിളിച്ചു വരുത്തി ഇന്ത്യൻ മഹാ സമുദ്രത്തിലെ മഹാശക്തിയും അധിപനും ഇന്ത്യ തന്നെ ആണ് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഉണ്ടായത്. ശ്രീലങ്കയിൽ ചൈനക്ക് ആയി സൈനിക സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് ഇന്ത്യക്ക് നേരെ പിന്നണിയിൽ നിന്ന് കൊണ്ട് പോർമുഖം മെനയാൻ പ്രസിഡണ്ട് ആയിരുന്ന പ്രൊ ചൈനയും ആയിരുന്ന മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് പ്രൊ – ഇന്ത്യ ആയ സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ നീക്കം ഡോവലിന്റെ വരവറിയിക്കുന്നതായിരുന്നു.
പ്രധാനമന്ത്രി മോഡിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും വിമാനം ഇറങ്ങുന്ന സ്ഥലത്തിനും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലനാട് മാമച്ചന്റെ പത്രത്തിൽ കാണുന്ന ലക്ഷ്യങ്ങൾ അല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരു പാട് പടികൾ കടന്നു വേണം ചിന്തിക്കാൻ. കേന്ദ്രം ഭരിക്കുന്നത് ഖജനാവിൽ പണം വരുമ്പോൾ കൈ ഇട്ടു വരാൻ കൈ തെറുത്തു കയറ്റി കാത്തിരിക്കുന്ന ഒരു കൂട്ടം ആർത്തിക്കോമരങ്ങൾ അല്ല ഒരു പറ്റം ദേശീയവാദികൾ ആണ് ദേശസ്നേഹികൾ ആണ്.
ജയ് ഹിന്ദ്.
Viswaraj Viswa
—————————————————————————————————————————————————————-
Ref ::
http://www.reuters.com/article/india-iran-port-idUSL4N0XV16J20150505
http://www.wsj.com/articles/u-s-moves-to-give-iran-limited-access-to-dollars-1459468597
https://www.rt.com/news/329205-iran-sanctions-relief-deal/
http://www.bbc.com/news/business-35317159
http://indiatoday.intoday.in/story/narendra-modi-visit-kyrgyztan-boost-defence-cooperation/1/450886.html
http://indiatoday.intoday.in/story/pm-narendra-modi-tajikistan-indian-air-force-ayni-airbase-sushma-swaraj-pakistan-china/1/450790.html
http://www.thehindu.com/news/national/india-kazakhstan-sign-five-key-agreements/article7398943.ece
http://indianexpress.com/article/india/india-others/indiaturkmenistan-ink-7-pacts-pm-modi-for-early-operation-of-tapi/
http://www.thehindu.com/news/national/prime-minister-narendra-modis-visit-to-uzbekistan/article7392482.ece
http://www.oneindia.com/feature/chabahar-versus-gwadar-geopolitics-of-ports-2106871.html
http://www.oneindia.com/feature/india-needs-iran-today-to-counter-china-pakistan-encirclement-strategy-2106817.html
http://www.rediff.com/news/column/how-india-must-counter-chinese-moves-in-balochistan/20160312.htm
http://swarajyamag.com/world/modis-iran-trip-complete-list-of-12-pacts-signed-between-india-and-iran
http://www.businessinsider.in/The-Worlds-Three-Largest-Arms-Importers-All-Border-One-Another/articleshow/36903087.cms
http://www.businessinsider.com/why-the-us-arms-competition-with-russia-will-come-down-to-india-2015-6?IR=T
http://www.dnaindia.com/india/standpoint-pm-modi-s-visit-to-russia-are-india-s-defence-eggs-still-in-the-russian-basket-2158144
http://www.dailymail.co.uk/indiahome/indianews/article-3536469/CLOSED-CIRCLE-India-stand-Balochistan-cause-deserving-support.html
http://www.huffingtonpost.com/malik-siraj-akbar/tensions-mount-between-in_b_9552090.html