നികേഷും വീണയും മാധ്യമലോകവും ഇങ്കുലാബ് വിളിക്കുമ്പോൾ !!!

 

12049366_1693258264295569_5152417868573046370_n– ബിനോയ് അശോകൻ ചലക്കുടി –

ബിജെപിക്ക് ബാലികേറാമലയും ഇടതിന് അവസാന കോട്ടയുമായ കേരളവും, വീണമാരും നികേഷ്മാരും!
——————————————————————————————————————————
ഇന്ത്യൻ രാഷ്ട്രീയത്തിൽ കേരളത്തിന്റെ ഒരു പ്രത്യേകത എന്നത് അത് ഒരു പാർടിക്ക് എന്ത് വിലകൊടുത്തും കാത്തു രക്ഷിക്കേണ്ട അവസാനത്തെ കോട്ടയും, മറ്റൊരു പാർടിക്ക് തങ്ങളുടെ അശ്വമേധത്തിൽ കീഴടക്കാൻ ബാക്കിയുള്ള ഒരേയൊരു ശക്തി ദുർഗ്ഗവും ആണ് എന്നതാണ്.

അങ്ങനെയാണ് 2016ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ജീവന്മരണ പോരാട്ടവും ഭാരതീയ ജനത പാർടിക്ക് അഭിമാന പോരാട്ടവും ആകുന്നത്.

ഇന്ത്യൻ പർലമെന്റിലെക്ക് വെറും 2 എം.പിമാരെ മാത്രം അയക്കുന്ന വളരെ ചെറിയ ഒരു സംസ്ഥാനമായ ത്രിപുരയൊഴിച്ച് ഇന്ത്യൻ ഇടതുപക്ഷത്തിന് അധികാരത്തിൽ എത്താൻ സാധ്യത ബാക്കിയുള്ള ഒരേ ഒരു സംസ്ഥാനം ആണ് കേരളം എന്ന് പറയുമ്പോഴാണ് ഇടത്പക്ഷം എത്തിപ്പെട്ടിരിക്കുന്ന അതിദയനീയ അവസ്ഥയുടെ ആഴം മനസിലാവുക.

നേരെ മറിച്ച് 20 ഓ അതിലതികമോ എം.പിമാരെ സംഭാനവ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 13 സംസ്ഥാനങ്ങളിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ കഴിയാത്ത ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്!

പ്രാദേശിക കക്ഷികൾ കുത്തകയാക്കി വച്ചിരിക്കുന്ന തമിഴ്നാട്ടിലും വെസ്റ്റു ബംഗാളിലും തെലുങ്കാനയിലും വരെ ബിജെപിക്ക് പർലമെന്റരി പ്രാതിനിധ്യം ഉള്ളപ്പോൾ ദേശിയ പാർടികൾ മാറ്റുരക്കുന്ന കേരളത്തിൽ ഇനിയും ഒരു നിയമസഭ അംഗത്തെ പോലും വിജയിപ്പിക്കാൻ ബിജെപിക്ക് കഴിയാത്തത് ഒരു പ്രതിഭാസം തന്നെയാണ്.

പൊതുവിൽ പറയുന്ന പോലെ ശക്തമായ ഇടതു സാന്നിധ്യമോ അല്ലെങ്കിൽ രണ്ടു പ്രമുഖ ന്യുനപക്ഷങ്ങൾ ചേർന്നാൽ 50%ന് അടുത്തെത്തുന്ന ഡെമോഗ്രഫിയുടെ പ്രത്യേകതയോ ആവാൻ തരമില്ല അതിന്റെ പിന്നിൽ. കാരണം ഈ പ്രത്യേകതകൾ ഉള്ള ഒരു പക്ഷെ അതിനേക്കാൾ പ്രതികൂല സാഹചര്യങ്ങൾ ഉള്ള ഒരുപാട് സംസ്ഥാനങ്ങളിൽ ബിജെപി ഇതിനോടകം വെന്നിക്കൊടി പാറിച്ച് കഴിഞ്ഞു. ഒരു കാലത്ത് ഇടതുചിന്തയുടെ ഈറ്റില്ലങ്ങൾ ആയിരുന്ന ആന്ധ്രയും, ബീഹാറും, ബംഗാളും, മതന്യുനപക്ഷങ്ങൾക്ക് മേൽകൈയുള്ള ഗോവയും അസ്സമും ഒക്കെ ഉദാഹരണങ്ങൾ ആണ്.

അങ്ങനെയുള്ളപ്പോൾ കേരളത്തിൽ മാത്രം കാണുന്ന ഈ പ്രതിഭാസത്തിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ എത്തുന്നത് ഇടത് മനസുള്ള ഒരു ജനതയെ വാർത്തെടുക്കുന്ന ഒരു പ്രക്രിയ അനസ്യുതം തുടരാൻ സഹായിക്കുന്ന വിധത്തിൽ ഇടത്പക്ഷത്തിന് വേണ്ടി ഒളിപ്പോര് നടത്തുന്ന ഒരു കൂട്ടം മാധ്യമപ്രവർത്തകർ ഒരു വലിയ വിഭാഗം മാധ്യമങ്ങളിൽ കാലങ്ങളായി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്കാണ്.

അതിലേക്കുള്ള ഒരു ചൂണ്ടു പലക ആണ് വീണ ജോർജ്, നികേഷ് കുമാർ എന്നീ മാധ്യമ പ്രവർത്തകർക്ക് ഈ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന്റെ പ്രാഥമിക സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാനായി എന്നത്.

സ്വന്തമായി ഒന്നും ഉല്പാധിപ്പിക്കാത്ത ഏകദേശം പൂർണമായ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ, NRI പണത്തിന്റെ കുത്തൊഴുക്കിൽ അധിഷ്ടിതമായ ഒരു സമ്പത്ത് വ്യവസ്ഥയുടെ ബലത്തിൽ പല ജീവിത സൂചികകളിലും വികസിത രാജ്യങ്ങൾക്ക് കിടപിടിക്കുന്ന കേരളീയരുടെ ഒരു പ്രത്യേകത ആണ് ‘പ്രഭാത കൃത്യം കൃത്യമായി നടക്കണമെങ്കിൽ മലയാളിക്ക് കയ്യിൽ പത്രം വേണം’ എന്ന് പ്രസിദ്ധമാവത്തക്കവിധം വാർത്തകൾ അരച്ച് കലക്കി കുടിക്കുന്ന സ്വഭാവം. പത്രമാധ്യമങ്ങളുടെ സ്ഥാനം ചാനലുകൾ ഏറ്റെടുത്തതോടെ ആ സ്വഭാവം ഒന്ന് കൂടി സാർവത്രികമായി.

അപ്പോൾ അക്ഷരാർത്ഥത്തിൽ വാർത്ത ‘ശ്വസിച്ച്’ ജീവിക്കുന്ന മലയാളുടെ പൊതു ബോധം രൂപപ്പെടുതുന്നതിൽ വാർത്താ മാധ്യമങ്ങളുടെ പങ്ക് എത്രത്തോളം വരും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ മാധ്യമ രംഗം കാലങ്ങളായി അടക്കി വാഴുന്നത് ഇടത്പക്ഷ ചിന്താഗതിക്കാരും കമ്മുനിസ്റ്റ് പാർട്ടി അനുകൂലികളും ആണ് എന്നിടത്താണ് ഇടത്പക്ഷമനസുള്ള മലയാളി എങ്ങിനെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഉള്ളത്. ആ ഉത്തരത്തിൽ ആണ് മുൻപ് സൂചിപ്പിച്ച ബിജെപി നേരിടുന്ന അയിത്തത്തിന്റെയും ഇടതുപക്ഷത്തിന്റെ ആശ്ചര്യകരമായ സ്വീകാര്യതയുടെയും ബീജം കിടക്കുന്നത്.

സ്വന്തം മുറ്റത്ത് കാലങ്ങളായി നൂറ് കണക്കിന് കൊലപാതകങ്ങൾ കമ്മുനിസ്റ്റ്പാർടി നടത്തിയിട്ട് ഞെട്ടാത്ത മലയാളിമനസാക്ഷിക്ക് ആദ്യമായി ഒന്ന് ഞെട്ടാൻ സമൂഹമാധ്യമങ്ങൾ വാർത്തകളുടെ കടിഞ്ഞാൺ ഏറ്റെടുത്തതിന് ശേഷം നടന്ന ഒരു ടിപി വധം വേണ്ടി വന്നു എങ്കിൽ, ആ മലയാളിയെ പക്ഷെ ഗുജറാത്ത് കലാപവും അനുബന്ധ കള്ളക്കഥകളും ഓർമയിൽ നിന്ന് ഒരിക്കലും മായാത്ത രീതിയിൽ നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കാൻ ഒരു മാധ്യമ മെക്കാനിസം ഇവിടെ പ്രവർത്തിക്കുന്നച്ചുകൊണ്ടിരിന്നു എന്നത് വെറും യാധൃശ്ചികതയല്ല. ബിജെപ്പിക്കെതിരെയുള്ള അയിത്തത്തിന്റെ ശ്രോതസ്സും മറ്റൊന്നല്ല. .

കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ സജീവമായതു മുതൽക്കാണ് നിഷ്പക്ഷമായി വാർത്തകൾ അവതരിപ്പിക്കാനും, ചർച്ചകൾ നയിക്കാനും നിയോഗിക്കപ്പെട്ട അവരെല്ലാം എത്ര മാത്രം കമ്മുനിസ്റ്റ് പക്ഷപാതികൾ ആണെന്നും, അവർ നയിക്കുന്ന ചർച്ചകൾ ഏത് ദിശയിൽ, ആർക്കു വേണ്ടിയൊക്കെയായിരുന്നു എന്നൊക്കെ മലയാളികൾ ഇത്ര വ്യക്തമായി മനസിലാക്കിതുടങ്ങിയത്.

മലയാളത്തിലെ ഒന്നാം നമ്പർ വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യുസിലെ അന്തരിച്ച ടി.എൻ ഗോപകുമാർ മുതൽ ഇന്ന് അതിനെ നയിക്കുന്ന കമ്മുനിസ്റ്റ് ആചാര്യൻ പി.ഗോവിന്ദപ്പിള്ളയുടെ മകൻ കൂടിയായ എം.ജി രാധാകൃഷണൻ മുതൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്കർ മുതൽ ചാനൽ ചർച്ചകളുടെ അമരക്കാരായ മനോരമ ന്യുസിലെ പ്രമോദ് രാമൻ, മാതൃഭൂമി ന്യുസിലെ ഹർഷൻ, മീഡിയ വണ്ണിലെ സനീഷ്, ഏഷ്യാനെറ്റ് ന്യുസിലെ ലല്ലു എന്നിങ്ങനെ നീണ്ട് നിവർന്നു കിടക്കുകയാണ് തങ്ങളുടെ കമ്മുനിസ്റ്റ് പക്ഷപാതിത്വം തുറന്ന് പറഞ്ഞവരിലെ പ്രമുഖരുടെ മാത്രം പട്ടിക. ഇങ്ങനെയാണെങ്കിൽ പ്രമുഖരല്ലാത്തവരുടെയും ഇനിയും തുറന്നു പറഞ്ഞിട്ടില്ലാതവരുടെയും ലിസ്റ്റ് എത്ര വലുതായിരിക്കുമെന്ന് ആലോചിച്ച് അന്തംവിട്ട് നിൽക്കുകയായിരിക്കണം ‘രാഷ്ട്രീയ പ്രബുദ്ധതക്ക് പേര്കേട്ട’ മലയാളി. ഇന്ത്യവിഷനിലെ പ്രമുഖയായിരുന്ന വീണ ജോർജും റിപ്പോർട്ടർ ടിവിയുടെ ജീവാത്മാവായ നികെഷ്കുമാറും ചെങ്കൊടിക്ക് കീഴിൽ സ്ഥാനാർഥികളായി ഇപ്പ്രാവശ്യം അവതരിക്കുന്നത് കമ്മുനിസ്റ്റ് പാർടിയുടെ ഈ മാധ്യമ ഗറില്ല വിഭാഗത്തിനെ പ്രതിനിധീകരിച്ചാണ്.

ഇത്രയും കാലം പത്ര വാർത്തകളുടെ പുറകിലും ചാനൽ ചർച്ചകളിലും പാർട്ടിക്ക് വേണ്ടി ഒളി യുദ്ധം നടത്തി ‘പ്രബുദ്ധ’ മലയാളിയെ അതിസമർത്ഥമായി വിഡ്ഢികളാക്കിയതിനുള്ള പ്രതിഫലം ആയിരുന്നു ആ സ്ഥാനാർഥിത്വം എന്ന് മലയാളി ഞെട്ടലോടെ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഏത് പാർടി ഭരിച്ചാലും ലെഫ്റ്റ് ലിബറലുകളാൽ നയിക്കപ്പെടുന്ന ഒരു എക്കോ സിസ്റ്റം ഇവിടെ എങ്ങിനെ സൃഷ്ടിക്കപ്പെട്ടു, എങ്ങിനെ പരിപാലിക്കപ്പെടുന്നു എന്നുള്ളത് ചിന്തനീയമാണ്. മാധ്യമ രംഗത്ത് മാത്രമല്ല ഈ പ്രതിഭാസം ഉള്ളത് പൊതു ജീവിതവുമായി സംവദിക്കുന്ന എല്ലാ മേഖലകളിലും സ്ഥിതി ഇതു തന്നെ. അത് ഇനി സിനിമ ആയാലും, നാടകം ആയാലും, യുണിവേർറ്റികൾ ആയാലും.

ചില സഖാക്കൾ പറയുന്ന പോലെ ചിന്തിക്കുന്നവരും വിദ്യാഭ്യാസമുള്ളവരും ആയ ആളുകൾ സ്വാഭാവികമായി ഇടത് പക്ഷമായി മാറുന്നതല്ല. അങ്ങനെയാണെങ്കിൽ ഈ ഭൂലോകത്ത് തന്നെ ത്രിപുരയും കേരളവും ഒഴിച്ച് മറ്റൊരിടത്തും ചിന്തിക്കുന്നവരും വിദ്യാഭ്യാസമുള്ളവരും ഇല്ലെന്ന് വരും.

അങ്ങനെയല്ല. മറിച്ച് ബോധപൂർവ്വം സൃഷ്ടിച്ച് നിലനിർത്തിപ്പോരുന്നതാണ് ഈ വ്യവസ്ഥിതി എന്ന് മനസിലാക്കാൻ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ജെ.എൻ.യുപോലുള്ള സ്ഥാപങ്ങൾ എങ്ങിനെയാണ് ഊടിലും പാവിലും ലെഫ്റ്റ് ലിബറൽ ആയി നില കൊള്ളുന്നത് എന്ന് നോക്കിയാൽ മതി.

എം.ബി.എ പോലുള്ള ബിസിനെസ്സ് ബിരുദങ്ങളും, ബിടെകും ബികോമും പോലുള്ള വിവിധ ശാസ്ത്ര ബിരുദങ്ങളും ഉള്ളവർക്ക് പോലും തൊഴിൽ കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ പത്ത് മുപ്പത്തഞ്ച് വയസ് വരെ സർക്കാർ ഗ്രാന്റും വാങ്ങി ‘ഇന്ത്യയുടെ നാശം വരെയും സമരം ചെയ്യും’ എന്നും മറ്റുമുള്ള കാടൻ മുദ്രാവാക്യങ്ങളും വിളിച്ച് സമരവും ചെയ്ത് നടക്കുന്ന കനയ്യമാരും ഉമർമാരും അനിർബൻമാരും നാളെ എന്ത് തൊഴിൽ ചെയ്ത് ജീവിക്കും എന്ന് നമ്മൾ ചിന്തിക്കണം. ഇതേ സ്ഥാപനങ്ങളിൽ അധ്യാപകരായി, പ്രൊഫസ്സർമാരായി തിരിച്ച് കയറുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള ഏറ്റവും സുഖമമായ മാർഗം. അങ്ങനെ അവർ പുതിയ വിദ്യാർഥികളെ ഇന്ത്യ വിരുദ്ധതയും ഇടതു ചിന്താഗതിയും പഠിപ്പിക്കുന്ന, അത്തരം പ്രവർത്തികൾക്ക് വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രൊഫസ്സർ ആയ ഗീലാനിയുടേയും നന്ദിത മേനോന്റെയും പുതിയ പതിപ്പുകൾ ആയി മാറുന്നു. അവർ പുതിയ കനയ്യമാരെയും ഉമർമാരെയും സൃഷ്ടിക്കുന്നു. അവർ വീണ്ടും ഗീലാനിമാരായി മാറുന്നു. അങ്ങനെ ഇന്ത്യ വിരുദ്ധത നിലനിർത്തുന്ന ലെഫ്റ്റ് ലിബരലുകളെ ഉൽപാദിപ്പിക്കുന്ന ഒരു ചാക്രിക വ്യവസ്ഥ നിലനിർത്തപ്പെടുന്നു.

മാധ്യമരംഗത്തും ഇതേ സിസ്റ്റം തന്നെയാണ് പ്രവർക്കുന്നത്. 90കളിൽ ഇന്ത്യൻ ടെലിവിഷൻ രംഗം സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തപ്പോൾ ഏറ്റവും ആദ്യം ആ അവസരം മുതലാക്കി ഒന്നാം സ്ഥാനത്തേക്ക് വളർന്ന NDTV എങ്ങിനെയാണ് ലെഫ്റ്റ് ലിബറൽ സ്വഭാവം നിലനിർത്തുന്നതെന്നത് മറ്റൊരുദാഹരണമായെടുക്കാം. NDTVയെ അതിന്റെ തുടക്കത്തിൽ നയിച്ചിരുന്നത് ഇന്ത്യയിലെ പേര്കേട്ട ലെഫ്റ്റ് ലിബറൽ മാധ്യമ പ്രവർത്തകരിൽ പ്രമുഖനായ രാജ്ദീപ് സർദെസായി ആയിരുന്നു. അന്ന് അദ്ദേഹത്തിന് കീഴിൽ ജൂനിയർമാരായി പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ബർക്ക ദത്തും അർണാബ് ഗോസ്വാമിയും. ലെഫ്റ്റ് ലിബറൽ മൂല്യങ്ങളിൽ രാജ്ദീപിനെ കടത്തി വെട്ടുന്ന ബർക്ക ദത്തയാണ് ഇന്ന് NDTVയുടെ തലപ്പത്ത് എന്നും ആ ജെനുസിൽ പെടാതിരുന്നത് കൊണ്ട് മാത്രം അർണാബിനു പുറത്ത് പോകേണ്ടിയും വന്നു എന്നും പറയുമ്പോഴാണ് മേൽപറഞ്ഞ ആ സിസ്റ്റം എങ്ങിനെ പ്രവർത്തന നിരതമാകുന്നു എന്ന് മനസിലാകുന്നത്. അങ്ങന JNU പോലെ NDTVയും പുതിയ ബാർക്ക ദത്തുമാരെ സൃഷ്ടിച്ചു കൊണ്ടും അർണാബ് ഗോസ്വാമിമാരെ പുറന്തള്ളിക്കൊണ്ടും ആ ചാക്രിക പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്നു.

അർണാബ് അദ്ധേഹത്തിന്റെ ആ ഒറ്റയാൾ പോരാട്ടം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷെ മലയാള മാധ്യമ രംഗത്ത് ബർക്കമാരും രാജ്ദീപുമാരും മാത്രമേയുള്ളൂ എന്നും, മഷിയിട്ടു നോക്കിയാൽ പോലും ഒരു അർണാബ് ഗോസ്വാമിയെ കണ്ടു കിട്ടില്ല എന്നതുമാണ് ഇവിടത്തെ ഇടതു മാധ്യമ ഒളിപ്പോരാളികളുടെ നുഴഞ്ഞു കയറ്റത്തിന്റെ ആഴം വെളിപ്പെടുത്തുന്ന വസ്തുത.

ഒരിക്കലും കേന്ദ്രത്തിൽ ഭരണം കിട്ടാത്ത ഇടതുപക്ഷത്തിന് ഇത്തരത്തിൽ ഇന്ത്യയിലെ ബൌദ്ധിക മേഖലകളിൽ എങ്ങിനെ ആധിപത്യം സ്ഥാപിക്കാൻ കഴി ഞ്ഞു എന്നത് ന്യായമായും ഉയരാൻ സാധ്യതയുള്ള ഒരു ചോദ്യമാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഏകദേശം രണ്ട് പതിറ്റാണ്ടോളം ഭരിച്ച നെഹ്രു ഇടതുപക്ഷത്തുള്ള സോഷ്യലിസ്റ്റുകളേക്കാൾ വലിയ സോഷ്യലിസ്റ്റായിരുന്നു എന്നതാണ് അതിന്റെ ഉത്തരം. അങ്ങനെയാണ് നവജാത ശിശുവായിരുന്ന ഭാരതത്തിന്റെ സ്വഭാവ രൂപീകരണ സമയത്ത് തന്നെ സോഷ്യലിസ്റ്റ്-കമ്മുനിസ്റ്റ് ആശയങ്ങളുടെ വിത്ത് വിത കമ്മുനിസ്റ്റുകൾക്ക് അധികാരം ഇല്ലാതെ തന്നെ ഇന്ത്യയിൽ സംഭവിച്ചത്. ഒരു തീവ്ര ഇടതു പക്ഷ രാവണൻ കോട്ടയായ ഒരു യുണിവേര്സിറ്റിക്ക് ജവഹർ ലാൽ നെഹ്റു യുണിവേര്സിറ്റി(ജെ.എൻ.യു) എന്ന് എങ്ങനെ പേര് വരും എന്ന് മാത്രം ചിന്തിച്ചാൽ മതി ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ.

ജെ.എൻ.യു മാത്രമല്ല ഡൽഹി യുണിവേര്സിറ്റി(ഡി.യു), ജാമിയ മില്ലിയ യുണിവേര്സിറ്റി, ഹൈദരാബാദ് യുണിവേര്സിറ്റി, ജാദവ്പൂർ യുണിവേര്സിറ്റി അങ്ങനെ ഇന്ത്യയിലെ പല പ്രമുഖ സർവ കലാശാലകളും ഇടതു രാവണൻ കോട്ടകൾ തന്നെയാണ്. ഇടതു പക്ഷം ഒരിക്കലും അധികാരത്തിൽ എത്തിയിട്ടില്ലാത്ത ഇന്ത്യയിലെ ആകെ സ്ഥിതി ഇതാണെങ്കിൽ ഓരോ 5 കൊല്ലം ഇടവിട്ട് അവർ അധികാരത്തിൽ വരുന്ന കേരളത്തിൽ മാധ്യമങ്ങൾ അടക്കമുള്ള വിവിധ മേകലകളിൽ എത്ര സുഖമമായിട്ടും കാര്യക്ഷമമായിട്ടും ആയിരിക്കണം ഇടതു താൽപര്യങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥിതി അവർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നയുള്ളൂ.

കമ്മുനിസ്റ്റ് പാർടി ഉദയം കൊള്ളുന്നതിനു മുൻപ് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ കൊണ്ടുവന്ന നേട്ടങ്ങൾ തങ്ങളുടെ അക്കൌണ്ടിൽ ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്ന, അവർ പൊതു വിജ്ഞാനത്തിന് പാർടി ക്ലാസുകളേയും ദേശാഭിമാനിയേയും മാത്രം ആശ്രയിച്ചിരുന്ന കാലം കഴിഞ്ഞു എന്നും, ഇന്നത്തെ യുവാക്കൾ സത്യം അറിയാൻ ഇന്റർനെറ്റിനെയും ഇൻഫോർമേഷൻ ടെക്നോളജിയെയും ഉപയോഗിക്കുന്നവരും ആണെന്ന് പാർടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ആ മാറ്റത്തിന്റെ സൂചനകൾ ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നഗരപ്രദേശങ്ങളിൽ ബിജെപിക്ക് ലഭിച്ച അഭൂതപൂർവമായ മുന്നേറ്റം.

ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ വാർത്തകളുടെ സത്യം അറിയാൻ ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് തുടങ്ങിയ ഈ കാലത്ത് ഇനി ഇത്തരം ഒളിപ്പോരാളികളുടെ സേവനം പ്രയൊജനം ഇല്ലാതാവുന്നത് തിരച്ചറിഞ്ഞത് കൊണ്ടായിരിക്കണം അവരെ മറയിൽ നിന്ന് വെളിയിൽ കൊണ്ട് വരാനും ഇത്രയും കാലത്തെ സേവനത്തിനുള്ള പ്രതിഫലം നൽകാനും പാർടി തീരുമാനിച്ചത്!