“മറവികളോട് പൊരുതുന്ന കൂത്തുപറമ്പോർമ്മകൾ

10906226_1693123697642359_1011558524200515413_n

 

“കൂത്തുപറമ്പിലെ ധീരന്മാരേ..
സഖാക്കളേ മധു ഷിബുലാലേ..
ബാബു റോഷൻ രാജീവേ..
അമര രക്തസാക്ഷികളേ..
നിങ്ങളുറങ്ങും ബലിപീഠങ്ങൾ,
ഞങ്ങൾക്കെന്നും ആവേശം.
ഇല്ലാ ഞങ്ങൾ മറക്കില്ലാ,
ജീവനുള്ള നാൾ വരേ..
ഇല്ലാ നിങ്ങൾ മരിക്കില്ലാ,
ചരിത്രമുള്ള നാൾ വരേ..”

12924380_10153593801702984_4958503080667314796_n (1)ഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ഈ മുദ്രാവാക്യങ്ങളോ ഇതിന്റെ വകഭേദങ്ങളോ കേൾക്കാതെ പുലർന്ന നവംബർ 25കൾ ഓർത്തെടുക്കാൻ മലയാളിക്ക് ബുദ്ധിമുട്ടാവും.

1994 നവംബർ 25.
അന്നാണ് എം.വി രാഘവനെ തടയാനെത്തിയ 5 യുവ സഖാക്കൾ പോലീസിന്റെ വെടിയേറ്റു മരിച്ചത്. അന്നാണ് സഖാവ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത്‌. അന്നാണ് കേരളത്തിന്റെ സമര ചരിത്രത്തിലെ ‘കൂത്തുപറമ്പ് ദിനം’ എന്നയദ്ധ്യായം ചോര കൊണ്ടെഴുതപ്പെട്ടത്.

ഒരു കാലത്ത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന വാക്കായിരുന്ന എം.വി.ആർ എന്ന സഖാവ് രാഘവൻ, സംസ്ഥാന നേതൃത്വത്തിന് അനഭിമതനാകുന്നത് 1968ലെ കുപ്രസിദ്ധമായ ജില്ലാ കമ്മിറ്റി പിടിച്ചെടുക്കലോടെയാണ്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുഴുവൻ പാനലിനെയും ക്രോസ് വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തിയ രാഘവൻ പക്ഷം, പാർട്ടിയിൽ അന്ന് വരെ അചിന്ത്യമായിരുന്ന പുതിയൊരു കീഴ്വഴക്കത്തിന് തന്നെ തുടക്കമിട്ടു. രാഘവന്റെ നോമിനികൾ റിബലുകളായി മത്സരിച്ചു ജയിച്ച ജില്ലാ കമ്മിറ്റി, രാഘവനെ തന്നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്ന് തന്റെ ആജ്ഞാനുവർത്തികളെ മാത്രം സെക്രട്ടറിയുടെ കസേരയിലുരുത്തിയ രാഘവൻ, 1970 മുതലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് എം.എൽ.എ ആയി. പ്രസ്ഥാനത്തിന്റെ ആശയപരമായ നിലപാട് ആലങ്കാരിക ഭാഷയിൽ വിവരിച്ചും വ്യാഖാനിച്ചും ബദ്ധപ്പെട്ടിരുന്ന സംഘടനയിലെ മറ്റു നേതാക്കൾക്കിടയിൽ, തികഞ്ഞ കണ്ണൂർ ശൈലിയിൽ പരുക്കൻ പ്രയോഗങ്ങളും പരിഹാസവും പ്രായോഗികതയും നിറഞ്ഞ പ്രസംഗങ്ങളിലൂടെ ജനങ്ങളോട് നിഷ്പ്രയാസം സംവദിച്ചിരുന്ന രാഘവൻ വളരെ പെട്ടെന്ന് വ്യത്യസ്തനായി. ഇ.എം.എസ് പാർട്ടിയിലെ താത്വികാചാര്യൻ മാത്രമായി ചുരുങ്ങിയപ്പോൾ, സഖാവ് എം.വി.ആർ ജനകീയ നേതാവായി.. തല്ലിന് തല്ല്, വെട്ടിന് വെട്ട് എന്ന പ്രവർത്തനശൈലി നേടി കൊടുത്ത “ആൽഫാ മെയിൽ” പരിവേഷത്തോടെ അയാൾ കേഡർമാരുടെ ആവേശമായി.

രാഘവന്റെ വളർച്ചയിൽ ഇ.എം.എസിനുള്ള അസ്വസ്ഥത അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു. കോഴിക്കോട് നടന്നൊരു പാർട്ടി സമ്മേളനത്തിൽ ഇ.എം.എസ് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ രാഘവൻ വേദിയിലേക്ക് കടന്നു വന്നതും, പ്രസംഗം ശ്രവിച്ചു കൊണ്ടിരുന്നവരൊക്കെ ചാടിയെഴുന്നേറ് “എം.വി.ആർ സിന്ദാബാദ്” എന്ന് മുദ്രാവാക്യം മുഴക്കിയതും, രാഘവൻ വേദിയിലെത്തി അവരെ കൈവീശി ശാന്തരാക്കി തന്റെ ഇരിപ്പിടത്തിലിരിക്കും വരെ ഇ.എം.എസിന് പ്രസംഗം നിർത്തിവെച്ച് കാത്തുനിൽക്കേണ്ടി വന്നതുമായ കഥ പ്രശസ്തമാണല്ലോ.. അന്ന് വേദിയിലിരുന്ന എം.കെ. കേളു എന്ന കേളുവേട്ടൻ രാഘവനോടു പറഞ്ഞത്രേ, “നമ്പൂരി നിന്നെ നോട്ടമിട്ടിട്ടുണ്ട്, സൂക്ഷിക്കണം” എന്ന്. നമ്പൂരിയുടെ വൈര്യനിര്യാതന ബുദ്ധിയെ ചെറുതാക്കി കണ്ട രാഘവൻ അതിനൊരു ചിരിയാണ് മറുപടി കൊടുത്തത്. പക്ഷേ വളരെ പെട്ടെന്ന് തന്നെ രാഘവന് അതിൽ പശ്ചാത്തപിക്കേണ്ടി വന്നു.

കേന്ദ്ര കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നിർദേശിച്ചപ്പോൾ ഇ.എം.എസ് മനപൂർവ്വം രാഘവന്റെ പേര് അതിൽ നിന്നൊഴിവാക്കി. തന്നെക്കാൾ ജൂനിയർമാരായ എസ്‌.രാമചന്ദ്രൻ പിള്ളയും, എം.എം. ലോറൻസും, കെ.എൻ. രവീന്ദ്രനാഥും ഒക്കെയാണ് നിർദേശിക്കപ്പെട്ട പ്രതിനിധികൾ എന്ന് കൂടി അറിഞ്ഞതോടെ രാഘവന്റെ നിയന്ത്രണം പോയി. 1980ൽ ആന്റണിയുടേയും കെ.എം.മാണിയുടെയും പിന്തുണയോടെ ഭരണത്തിലേറിയ നായനാർ മന്ത്രിസഭയിൽ തന്നെ ഒഴിവാക്കിയതിൽ രാഘവൻ നേരത്തെ തന്നെ അസ്വസ്ഥനായിരുന്നു.. മുറിവിൽ ഉപ്പു പുരട്ടാനെന്നോണം, രാഘവന്റെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചു കൊണ്ട്, ഇംഗ്ലിഷ് സംസാരിക്കാനറിയുന്നവരെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് നിർദേശിച്ചത് എന്ന് ഇ.എം.എസ് ന്യായം പറഞ്ഞു. മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെട്ട മറ്റു സീനിയർ നേതാക്കളായ പുത്തലത്ത് നാരായണനെയും പി.വി. കുഞ്ഞിക്കണ്ണനേയും കൂട്ടുപിടിച്ചു രാഘവൻ തുറന്ന പോരിനിറങ്ങി.

12417886_10153593789622984_8682097938771479843_nഅങ്ങനെയാണ് ബദൽ രേഖ വരുന്നത്. സാമുദായിക സംഘടനകളുമായി തിരഞ്ഞെടുപ്പ് ധാരണകളോ സഖ്യമോ വേണ്ട എന്ന പാർട്ടി ലൈനിനെ വെല്ലുവിളിച്ച് രാഘവനും കൂട്ടരും ബദൽ രേഖ തയ്യാറാക്കി. 1980 മുതൽ 1981 വരെ മാത്രം ദൈർഘ്യമുണ്ടായിരുന്ന നായനാർ മന്ത്രിസഭയൊഴിച്ചാൽ, 1969ന് ശേഷം പാർട്ടിക്ക് ഇത് വരെ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല എന്ന് ചൂണ്ടികാട്ടി മുസ്ലിം ലീഗുമായി സഖ്യം വേണം എന്ന് വാദിക്കുന്നതായിരുന്നു സമാന്തര രേഖയുടെ ഉള്ളടക്കം. (ഇ.കെ നായനാരും ദക്ഷിണാമൂർത്തിയും രാഘവനോടൊപ്പം ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിലും, അവസാന നിമിഷം അതിൽ ഒപ്പിടാൻ വിസമ്മതിച്ചു. രാഘവന്റെ ആത്മകഥയിലെ ഒരദ്ധ്യായത്തിന്റെ പേര് “നായനാരുടെ വഞ്ചന” എന്നാണ്‌).
ബദൽ രേഖ പാസ്സാക്കിയെടുക്കാൻ സാധിച്ചാൽ 1968ൽ ജില്ലാ കമ്മിറ്റി പിടിച്ചെടുത്തത്‌ പോലെ രാഘവന് സംസ്ഥാന സമിതിയും പിടിച്ചെടുക്കാമായിരുന്നു. ഇതിനായി ഇ.എം.എസും ജ്യോതി ബസുവും തമ്മിലുണ്ടായിരുന്ന ശത്രുത മുതലെടുത്ത രാഘവൻ, തന്റെ പക്ഷത്തിന് ബംഗാൾ ഘടകത്തിന്റെ പിന്തുണ ഉറപ്പു വരുത്തി. 1984ൽ കോഴിക്കോട് നടന്ന പാർട്ടിയുടെ അഖിലേന്ത്യാ കോണ്‍ഫറസിൽ, ഡി.വൈ.എഫ്.ഐ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന എം.എ. ബേബിയെ, രാഘവൻ പക്ഷവും ബംഗാൾ ഘടകവും കൈകോർത്ത് തോൽപ്പിച്ചു. റിബൽ സ്ഥാനാർഥി എം. വിജയകുമാർ ആണ് ഡി.വൈ.എഫ്.ഐ പ്രസിഡന്റ്‌ ആയത്. കണ്ണൂർ-ബംഗാൾ ധാരണ അതോടെ രഹസ്യമല്ലാതായി.

ചുവരെഴുത്തുകൾ തനിക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞ ഇ.എം.എസ്, തന്റെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറി വി.എസ്‌. അച്ചുതാനന്ദനെ കൊണ്ട് റിബലുകൾക്കെതിരെ അച്ചടക്കത്തിന്റെ ചാട്ടവാർ വീശിച്ചു. രാഘവൻ മലബാർ പ്രാദേശിക കാർഡ്‌ കളിക്കുകയാണെന്ന് ആരോപിച്ച്, തെക്കൻ നേതാക്കളെ മുഴുവൻ തന്റെ പക്ഷത്ത് അണിനിരത്തി. ബദൽ രേഖയിൽ ഒപ്പിട്ടവരെ മുഴുവൻ “ഒപ്പിയാൻ”മാരെന്ന് വിളിച്ച് ഒറ്റപ്പെടുത്തി.

1985ലെ കൊച്ചി സമ്മേളനത്തിൽ ബദൽ രേഖ തിരസ്കരിക്കപ്പെട്ടു.രാഘവനെ പാർട്ടി സസ്പെന്റ് ചെയ്തു. ഇ.എം.എസിന് മുന്നിൽ തോറ്റുകൊടുക്കാൻ ഒരുക്കമല്ലാതിരുന്ന രാഘവൻ കൂടുതൽ നിഷേധിയായി. അനുരഞ്ജന ചർച്ചക്ക് പാർട്ടി ഓഫീസിൽ വിളിച്ച പിണറായി വിജയനോട്, കൊടുത്ത ചായ ഗ്ലാസ്‌ തട്ടി നീക്കി, “നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും?” എന്ന് ചോദിച്ചു. ഒടുവിൽ, 1986ൽ വിസ്വസ്തരുടെയും അഭ്യുദയകാംക്ഷികളുടെയും നിർബന്ധത്തിന് വഴങ്ങി ഇ.എം.എസിനെ കാണാൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചെന്നപ്പോൾ, “എനിക്കൊന്നും സംസാരിക്കാനില്ല” എന്ന മറുപടി കേട്ട് അപമാനിതനായി പടിയിറങ്ങി. സി.എം.പി എന്നൊരു പുതിയ പാർട്ടി സ്ഥാപിച്ചു.
1987ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്‌ കോട്ടയായ അഴീക്കോട് നിന്ന് തന്നെ മത്സരിച്ചു.1389 വോട്ടിന് സിപിഎം സ്ഥാനാർഥി ഇ.പി. ജയരാജനെ അട്ടിമറിച്ച്, രാഘവൻ “നനഞ്ഞ പടക്ക”മാവും എന്ന് പരിഹസിച്ച ഇ.എം.എസിന് മുഖമടച്ച് മറുപടി കൊടുത്തു.

അതോടെ12933028_10153593795992984_2822347977077743051_n രാഘവൻ വർഗ്ഗ വഞ്ചകനായി പ്രഖ്യാപിക്കപ്പെട്ടു. 1991ലെ കരുണാകരൻ മന്ത്രിസഭയിൽ അയാൾ സഹകരണ വകുപ്പ് മന്ത്രി കൂടി ആയതോടെ സഖാക്കളുടെ കലി ഇരട്ടിച്ചു. രാഘവനെ കണ്ണൂരിൽ കാലു കുത്തിക്കില്ലെന്ന് ഒരു കാലത്ത് രാഘവൻ തന്നെ പടുത്തുയർത്തിയ ഡി.വൈ.എഫ്.ഐ ശപഥം ചെയ്തു.1993 ജനുവരിയിൽ കണ്ണൂർ സന്ദർശിച്ച രാഘവന് നേരെ ബോംബ്‌ ഏറുണ്ടായി. അതേ വർഷം തന്നെയാണ് രാഘവൻ പ്രസിഡന്റ്‌ ആയിരുന്ന സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സിപിഎമ്മുകാർ തീയിട്ട് പാമ്പുകളെയും ചീങ്കണ്ണികളേയുമൊക്കെ ചുട്ടുകൊന്നത്. കമ്മ്യൂണിസ്റ്റ്‌ അക്രമി സംഘങ്ങളെ അനവധി തവണ മുന്നിൽ നിന്ന് നയിച്ച രാഘവൻ പക്ഷേ, സ്വന്തം പിന്മുറക്കാരുടെ ഭീഷണിക്ക് മുൻപിൽ കുലുങ്ങാൻ തയ്യാറായിരുന്നില്ല. സുരക്ഷ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി അയാൾ, കൂത്തുപറമ്പിലെ ഒരു സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ സ്വയം ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചു. പ്രശ്നസാധ്യത പ്രമാണിച്ചു പരിപാടി ഉപേക്ഷിക്കാൻ നിർദേശിച്ച പോലീസിനോട്, പ്രശ്നമുണ്ടായാൽ ഉപയോഗിക്കാനല്ലേ നിങ്ങൾക്ക് തോക്കും അതിൽ ഉണ്ടയും തന്നിരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചു. 1994 നവംബർ 25 വൈകുന്നേരം, വൻ പോലീസ് അകമ്പടിയോടെ, രാഘവൻ കൂത്തുപറമ്പിലെത്തി.

പരിയാരം സഹകരണ മെഡിക്കൽ കോളേജ് സ്വാശ്രയ മേഖലയിൽ ആരംഭിച്ച പശ്ചാതലത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വാശ്രയവൽക്കരണത്തിനെതിരെ എന്ന പേരിലാണ് ഡി.വൈ.എഫ്.ഐ രാഘവനെ തടയാനെത്തിയത്. അവരുടെ ഉദ്ദേശം തന്നെ വധിക്കുക തന്നെയാണെന്ന കാര്യത്തിൽ രാഘവന് പക്ഷെ സംശയമുണ്ടായിരുന്നില്ല. തോക്കും ഉണ്ടയും എന്തിനാണ് തങ്ങൾക്ക് തന്നിരിക്കുന്നത് എന്ന കാര്യത്തിൽ പോലീസിനും. ആദ്യം ടൌൺ ഹാൾ പരിസരത്തും, പിന്നീട് പോലീസ് സ്റ്റേഷനടുത്തുമായി വെടിവെപ്പുണ്ടായി. മധു, ഷിബുലാൽ, റോഷൻ, ബാബു, രാജീവൻ എന്നീ 5 സഖാക്കൾ മരിച്ചു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. കൂത്തുപറമ്പ് ചോരക്കളമായി.

കണ്ണൂരിൽ കലാപം പടർന്നു പിടിച്ചു. രാഘവനെ പോലീസുകാർ സുരക്ഷിതമായി ഗസ്റ്റ് ഹൗസിലേക്ക് മാറ്റുമ്പോഴേക്കും, അഴീക്കോട്ടെ അയാളുടെ തറവാട് വീട് സഖാക്കൾ കത്തിച്ചു ചാരമാക്കി. കൂത്തുപറമ്പിൽ വീണ ചോരയ്ക്ക് പകരം ചോദിക്കാൻ, ചാവേറുകൾ കേരളമാകെ പരക്കം പാഞ്ഞു. നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനമായി ആചരിക്കപ്പെട്ടു.
അനുസ്മരണ യോഗങ്ങളിലെല്ലാം “രാഘവന് മാപ്പില്ല” എന്നാവർത്തിക്കപ്പെട്ടു.
പശ്ചാത്താപതിന്റെ കണിക പോലുമില്ലാതെ, രാഘവൻ അവരെ പരിഹസിച്ചു ചിരിച്ചു.
കാലം മായ്ക്കാത്ത കനലുകൾ ഇല്ലെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നിരിക്കാം.
മരണം വരെ രാഘവൻ കൂത്തുപറമ്പ് സംഭവത്തിന് മാപ്പ് പറഞ്ഞില്ല. രാഘവൻ മരിച്ചപ്പോൾ “പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഒരേടാണ് എം.വി.ആർ” എന്ന് പിണറായി വിജയൻ അനുശോചിച്ചു. സഖാവ് പുഷ്പൻ പ്രതികരിച്ചില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കല്ലറകൾ പ്രതികരിച്ചതെന്തെന്ന് ആരുമറിഞ്ഞില്ല.

12919760_10153593813737984_5489341857952175066_nരാഘവന്റെ മകനാണ് ഇക്കുറി അഴീക്കോട് മണ്ഡലത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി. സഖാവ് സക്കീറിന്റെ ഘാതകരായ മത-മൗലിക വാദികളോട് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ധാരണയുണ്ടാക്കിയിരുന്നു. സഖാവ് കുഞ്ഞാലി വധക്കേസിലെ ഒന്നാം പ്രതിയെ 1980ലെ നായനാർ മന്ത്രിസഭയിൽ എം.എൽ.എ പോലുമല്ലാതെ മന്ത്രിയാക്കിയിരുന്നു. രക്തസാക്ഷികളോടുള്ള പ്രസ്ഥാനത്തിന്റെ മനോഭാവം ഇനിയും മനസിലാകാത്തവർക്ക് ഒരവസരം കൂടി കൈവന്നിരിക്കുകയാണ്.

“ധീരാ വീര രാഘവ പുത്രാ..
ധീരതയോടെ നയിച്ചോളു”
എന്ന പുതിയ മുദ്രാവാക്യവുമായി നീങ്ങുന്ന ചെങ്കൊടിയേന്തിയ പുരുഷാരത്തെ,
ചരിത്രബോധത്തിന്റെ ഓർമ്മ ചെടിപ്പില്ലാതെ ശ്രവിക്കാൻ,
കണ്ണൂരിലെ പഴയ കമ്മ്യൂണിസ്റ്റുകാരുടെ കാതുകൾക്ക് കരുത്തുണ്ടാവട്ടെ എന്നാശംസിക്കാം.
കൂത്ത്‌പറമ്പിൽ പാർട്ടിക്ക് വേണ്ടി മരിച്ചു വീണ ആ സഖാക്കളുടെ ശവക്കല്ലറകളിൽ ആ മുദ്രാവാക്യം വിളി എത്താതിരിക്കട്ടെ.. !!!