– രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക് – എം ടി കൃതികളിലെ സ്ത്രീകൾ —
— കൃഷ്ണപ്രിയ —
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ചുറ്റിപ്പറ്റി ഒരുപാട് ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞതാണ് … . മൂലകൃതിയുമായൊരുതരത്തിലും നീതി പുലർത്താത്ത സന്ദർഭങ്ങളും ആശയങ്ങളുമാണ് രണ്ടാമൂഴത്തിലുടനീളമെന്നു മനസ്സിലാക്കുവാൻ മഹാഭാരതവും രണ്ടാമൂഴവും വേവ്വേറെ വായിക്കുക്കുന്നതിനോടൊപ്പം സാഹിത്യ കുലപതിയുടെ ആരാധനാ വലയത്തിൽ നിന്നും പുറത്തു കടക്കുകയും കൂടി വേണം. രണ്ടാമൂഴത്തിന്റെ ഒരു സ്ത്രീപക്ഷ വായന ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു വ്യക്തിയുടെ മനസ്സിലെ ഭ്രമകല്പനകളും സങ്കല്പങ്ങളുമാണവരുടെ സാഹിത്യ സൃഷ്ടിയായി പുറത്തേക്കു വരുന്നത്. .. ആ നിലയ്ക്ക് സാഹിത്യ കുലപതിയുടെ സ്ത്രീപക്ഷ ധാരണകൾ ഒരു വടക്കൻ വീരഗാഥയിലെ ” നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങള് ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും\’ എന്ന സാമാന്യവൽക്കരണത്തിലൂടെ വ്യക്തമാക്കിയതാണ്. അതദ്ദേഹത്തിന്റെ ധാരണയാണെന്നോ അനുഭവമാണെന്നോ സങ്കല്പമായിരുന്നുവെന്നോ ആവിഷ്കാര സ്വാതന്ത്രമാണെന്നോ ന്യായീകരണങ്ങളേറെ കാണുമായിരിക്കും.. എന്നാൽ അതിനോടൊപ്പം തന്നെ ശ്രീ. എംടി വാസുദേവൻ നായരടക്കമുള്ള ആൺവർഗം മറ്റാരും കാണാത്തതു കാണുന്നത് കൊണ്ടാണ് ഒരു വടക്കൻ വീരഗാഥയും രണ്ടാമൂഴവും മൂലകൃതികളിൽ നിന്നും ഇത്രയേറെ ഭേദപ്പെട്ടിരിക്കുന്നത് എന്ന് കൂടി നമുക്ക് കൂട്ടത്തിലോർക്കാം.
“ആദ്യം വീഴുന്ന മൃഗം, ആദ്യം വീഴുന്ന ശത്രു , ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇവയെല്ലാം ആണിന് എന്നും ഓർമ്മിക്കാനുള്ളതാണ് ” വെറും പതിനൊന്നു വയസ്സുമാത്രമുള്ള ദുര്യോധനനും ഭീമനും തമ്മിലുള്ള ഈ സംഭാഷണത്തിലാരംഭിക്കുന്നു രണ്ടാമൂഴത്തിലെ സ്ത്രീ വിരുദ്ധത. പെണ്ണിനെ വെറുമൊരു ഉപഭോഗ വസ്തുവാക്കി തരം താഴ്ത്തിയ മനസ്സിൽ നിന്നെ ഇത്തരത്തിലൊരു വാചകമുണ്ടാകൂ.. പില്ക്കാലാനുഭവങ്ങളിലെ സ്ത്രീശരീരങ്ങൾക്കു ഓർമ്മിക്കത്തക്ക മുഖങ്ങൾ വേണമെന്നില്ലെന്നോ അതോ, ചുറ്റും എണ്ണമറ്റ സ്ത്രീ ശരീരങ്ങളുള്ളതിനാൽ അവയോരോന്നും ഓർക്കാൻ കഴിയില്ലെന്നോ എന്തായിരിക്കാം വെറും പതിനൊന്നുകാരനായ ദുര്യോധനനിലൂടെ അദ്ദേഹം പറഞ്ഞു വെക്കാൻ ശ്രമിച്ചിട്ടുണ്ടാകുക?
രണ്ടാമൂഴത്തിൽ പ്രധാനമായും നാല് സ്ത്രീകഥാപാത്രങ്ങളാണുള്ളത്. ഗാന്ധാരി, കുന്തി, ഹിഡുംബി, ദ്രൗപദി.
തന്റെ മുഖമാകെ കറുത്ത തുണി കൊണ്ട് മൂടിയ ഗാന്ധാരി ശാന്തശീലയും യുദ്ധമാഗ്രഹിക്കാത്തവളുമായിരുന്നു. എങ്കിലും മുഖമാകെ കറുത്ത തുണികൊണ്ടു മൂടിയ ഒരു സ്ത്രീ രൂപമായിരുന്നില്ല വ്യാസന്റെ ഗാന്ധാരി. അവർ മുഖമല്ല , തന്റെ കണ്ണാണ് മൂടിയത്. വഴിപിഴച്ചു പോകുന്ന തന്റെ മക്കളെക്കാണാൻ കണ്ണില്ലാതെ പോയ ആ അച്ഛനമ്മമാരുടെ ചിത്രീകരണത്തെ കുറിച്ചുകൂടിയോർക്കുമ്പോഴേ വ്യാസന്റെ അതിമനോഹരമായ ആ ആധ്യാത്മിക രൂപകാലങ്കാര (metaphor ) ഭംഗി പൂർണ്ണമായും നമുക്ക് ബോധ്യമാകുകയുള്ളൂ..
അടുത്ത കഥാപാത്രം ഹിഡുംബിയാണ്.. കളിച്ചും ചിരിച്ചും ഭീമസേനനെ കാമിച്ച രാക്ഷസസ്ത്രീ . പുത്രനുണ്ടാകുന്നത് വരെ രമിക്കുമെന്നു തുടക്കത്തിലേ ചെയ്ത കരാറിന്റെ സമ്മത പ്രകാരമാണ് വ്യാസന്റെ ഭീമൻ ഹിഡുംബിയുമായിടപഴകുന്നത്. അവളെക്കൊല്ലാൻ തുനിഞ്ഞ ഭീമനെ യുധിഷ്ഠിരനാണ് തടുത്തകറ്റുന്നതും. എല്ലാറ്റിനുമുപരിയായ് പുത്രജനനത്തോടെ പിരിയാൻ സമയമായെന്നുണർത്തിക്കുന്നതും ഹിഡുംബിയാണ്.. എന്നാൽ രണ്ടാമൂഴത്തിൽ ഈ സന്ദർഭത്തെ അനുവാചകരിൽ ഹിഡുംബിയോട് സഹതാപ തരംഗമുണർത്തും വഴിയവതരിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം? ഒരു പ്രത്യേക വഴി മാത്രമാണ് നല്ലതെന്നു ചിന്തിക്കുന്ന , ബ്ളാക്ക് ആൻഡ് വൈറ്റ് ദ്വന്ദങ്ങളിലൊതുങ്ങി നിൽക്കുന്ന പാശ്ചാത്യ നോവലെഴുത്തുകാരുടെ പാത്രസൃഷ്ടികൾ മനസ്സിലുണ്ടാക്കിയ സ്വാധീനം കൊണ്ടാകുമോ? എന്ത് തന്നെയായാലും വ്യാസന്റെ ഹിഡുംബിക്ക് ഭീമനൊരു അവിഭാജ്യഘടകമായിരുന്നില്ല. അങ്ങനെയാക്കിയെടുത്തതിലൂടെ യുധിഷ്ഠിരൻ മുതൽ കുന്തി വരെയുള്ളവരിൽ വ്യാസൻ കാണാത്ത, പറയാത്ത, ജാതീയത ആരോപിക്കാനുള്ള ഒരവസരം കൂടിയാണ് എംടി നേടിയെടുക്കുന്നത്. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കണം അദ്ദേഹത്തിന്റെ ഉദ്ദേശവും.
തുടർന്നുള്ളത് കുന്തിയാണ്.. ഭീമസേനനോടുള്ള സ്നേഹമെങ്ങാനും പുറത്തു കാണിച്ചാൽ അത് കഥാഗതിയെ തന്നെ മാറ്റി മറിച്ചാലോ എന്ന ഭയത്തോടെയാണ് എംടി തന്റെ കുന്തിയെ സൃഷ്ടിച്ചിരിക്കുന്നത് എന്നനുവാചകന് തോന്നിപ്പോകും . എന്തെങ്കിലുമൊരു വഴിയുണ്ടായിരുന്നെങ്കിൽ ഭീമൻ തന്റെ മകനല്ലെന്നു കുന്തിയെക്കൊണ്ട് അദ്ദേഹം പറയിപ്പിച്ചേനെ. തന്റെ നായകൻ മാദ്രിയുടെ പുത്രയായിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നു അദ്ദേഹം ഒരിക്കലെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമെന്നുറപ്പ്. തന്റെ മക്കളെപ്പോലെതന്നെ മാദ്രിയുടെ മക്കളെയും സ്നേഹിച്ചിരുന്ന വ്യാസന്റെ കുന്തിയെന്ന അമ്മ, ഭീമനെ അത്രകണ്ട് സ്നേഹിക്കുന്നില്ലെന്നു തരം കിട്ടുന്ന എല്ലാ സന്ദർഭങ്ങളിലും തെളിയിക്കാൻ എംടി ശ്രമിക്കുന്നുണ്ട്. തനിക്കൊരിക്കലും കുന്തിയുടെ പുത്രന്മാരെ നിഷ്പക്ഷയായ് സ്നേഹിക്കുവാൻ കഴിയില്ലായെന്നും കുന്തിക്കതിനു കഴിയുമെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് മാദ്രി ദേഹത്യാഗം ചെയ്യുന്നത്. എന്റെ മകൻ ബകനെ വധിക്കുമെന്നുറപ്പിച്ചു പറയുന്ന വ്യാസന്റെ കുന്തിയുടെ ആത്മവിശ്വാസത്തിൽ പൊതിഞ്ഞ പുത്ര സ്നേഹം തന്റെ കുന്തിക്കില്ലാതിരിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമം തീർത്തും ബോധപൂർവം തന്നെയാണ് .. വ്യാസന്റെ കുന്തി അസാമാന്യ വ്യക്തിത്വ പ്രഭാവം വെച്ച് പുലർത്തിയിരുന്ന സ്ത്രീയാണ്. തന്റെ ഭർത്താവ് പാണ്ഡു നിർബന്ധിച്ചിട്ടു കൂടി നിയോഗത്തിന്റെ (പുത്രലബ്ധിക്കു വേണ്ടി അന്യ പുരുഷന്മാരെ സ്വീകരിക്കുന്ന ചടങ്ങു) നിയമവശങ്ങളെ കർക്കശമായി തന്നെ പാലിച്ച, ഇനിയാരെയും വിളിക്കാനെനിക്ക് വയ്യ എന്ന് ഉറപ്പിച്ചു പറഞ്ഞ , അവരെയാണ് സൂതൻ മുതൽ കാട്ടാളനെ വരെ പ്രാപിച്ചവളെന്നു വിധിയെഴുതി വേശ്യയാക്കി മാറ്റുന്നത്. കുന്തിയെ ഇന്നാളുകൾ മോശമായാക്ഷേപിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാരൻ എംടി തന്നെയാണ്.
ദ്രൗപദിയാണ് അടുത്ത കഥാപാത്രം. സ്വയംവരത്തിനു ഞാനില്ലെന്നു പുറമേക്ക് പറഞ്ഞു കൊണ്ട് ദ്രൗപദിയുടെ സൗന്ദര്യത്തെ ദൂരെ നിന്നും നോക്കി നിന്നാഗ്രഹിക്കുന്ന ഭീരുവായ ഒരു ഭീമനെയൊരിക്കലും വ്യാസന്റെ തൂലിക സൃഷ്ടിക്കുകയില്ല. എംടിയുടെ ഭീമൻ ആദ്യകാഴ്ചയിൽ തന്നെ ദ്രൗപദിയെ കാമക്കണ്ണുകളോടെ നോക്കിയതിനു ശേഷം അവയെ മറച്ചു വെച്ച് അഭിനയിക്കാൻ ശീലിച്ചവനായിരുന്നു. വ്യാസന്റെ ഭീമനാകട്ടെ പാണിഗ്രഹണമുറച്ച ശേഷം മാത്രം ദ്രൗപദിയിൽ മനസ്സുവെച്ചവനും. ഇവ രണ്ടും തമ്മിലൊരുപാട് വ്യത്യാസമുണ്ട്. അർജ്ജുനന്റെ അസാന്നിധ്യത്തിൽ തന്നെക്കുറിച്ചവൾ കൂടുതലായി ചിന്തിക്കുമെന്ന വന്യമായ സങ്കൽപ്പവും എംടിയുടെ ഭീമന് ദ്രൗപദിയെക്കുറിച്ചുണ്ടാകുന്നുണ്ട്.
തീജ്വാലക്കു സമാനമായ വ്യക്തിത്വമുള്ള ദ്രൗപദിയെ വെറും യുദ്ധക്കൊതിയുള്ളവളും സപത്നീ വൈരമുള്ളവളും അസൂയാലുവുമാക്കി തീർത്തു കൊണ്ടാണ് എംടി തുടക്കത്തിലേ സമീപിക്കുന്നത്. എന്തോ മുൻ വൈരാഗ്യമുള്ളതു പോലെ ദ്രൗപദി യുദ്ധത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവളാണെന്നു എംടി മനപ്പൂർവം തന്നെ വരുത്തി തീർക്കുന്നുണ്ട്. ഭർത്താവുമൊത്തുള്ള ശയ്യാ സമയങ്ങളിൽ പോലും യുദ്ധകഥകൾ കേട്ട് കിടപ്പറയിൽ ഉത്തേജിതയാകുന്ന അങ്ങേയറ്റം മോശമായ ഒരു സ്ത്രീത്വമായാണ് എംടി തന്റെ ദ്രൗപദിയെ അവതരിപ്പിച്ചിരിക്കുന്നത്.. എന്നാൽ സഭയിൽ വെച്ച് വേശ്യയെന്നാപമാനിക്കപ്പെട്ട അവർ തീക്ഷണമായ നിരവധി അപമാനാനുഭവങ്ങളിലൂടെയുള്ള കടന്നുപോക്കിനു ശേഷം മാത്രമാണ് യുദ്ധത്തെക്കുറിച്ചു യഥാർത്ഥത്തിൽ ചിന്തിച്ച് തുടങ്ങുന്നത് .അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പകവീട്ടലിനായിരുന്നു ആ യുദ്ധം.. അല്ലാതെ അവരൊരിക്കലും യുദ്ധത്തെ മാത്രം ധ്യാനിച്ച് കഴിഞ്ഞ, യുദ്ധക്കഥകൾ കേൾക്കുമ്പോൾ ഉത്തേജിതയാകുന്ന ഒരു സ്ത്രീ ആയിരുന്നില്ല
രണ്ടാമൂഴത്തിൽ അപ്രധാനയായ മറ്റൊരു സ്ത്രീ വ്യക്തിത്വം കൂടിയുണ്ട്. ഭീമസേനന് തന്റെ ശയ്യാസമയങ്ങളിൽ മാത്രമാവശ്യമുള്ള പത്നി ബലന്ധര. .. ഇതിൽ കവിഞ്ഞൊരു ധർമ്മവും അവർക്കായി നായകനായ ഭീമസേനൻ പോലും കൽപ്പിച്ചു കൊടുക്കുന്നില്ല. കൂടാതെ തികച്ചും ഇതിഹാസ കൽപ്പനയ്ക്ക് വിരുദ്ധമെന്ന് പറയാവുന്നൊരു സന്ദർഭം എംടിയുടെ സങ്കല്പം സൃഷ്ടിച്ചിട്ടുണ്ട്. ഇതിഹാസത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഒരു സന്ദർഭമാണത് .. പരാശരൻ സത്യവതിയെ ബലാൽസംഗം ചെയ്തു പ്രാപിച്ചുവെന്നതാണത്. കൃഷ്ണദ്വൈപായനൻ, സാക്ഷാൽ വ്യാസൻ ബലാത്സംഗത്തിലുണ്ടായ പുത്രനാണെന്നാണ് എംടി പറഞ്ഞു വെക്കുന്നത് . എന്നാൽ “ തോണിത്തട്ടിൽ വീണേടത്തു കിടന്നെതിർക്കുന്ന മുക്കുവപ്പെണ്ണ” ല്ല വ്യാസന്റെ സത്യവതി.. പൂർണ്ണ സമ്മതത്തോടെ പരാശരനുമായി ബന്ധപ്പെട്ടു, ഒരു പുത്രന് ജന്മം നല്കിയവളാണ്. ബലാത്സംഗത്തിലൂടെ പുത്രനെയുണ്ടാക്കി കടന്നു കളഞ്ഞ അച്ഛനായിരുന്നില്ല പരാശരൻ . കൃഷ്ണദ്വൈപായനൻ അദ്ദേഹത്തിന് സർവഥാ സ്വീകാര്യനായിരുന്നു അതുകൊണ്ടായിരിക്കാം വേദവ്യാസൻ തപോനിഷ്ഠനായി തന്റെയച്ഛന്റെ കൂടെ പോയതും. മൽസ്യഗന്ധി പെറ്റു വളർത്തിയ ആ മഹാമനീഷിയുടെ, മുക്കുവകുലജാതന്റെ പിന്തലമുറക്കാരുടെ, ചരിത്രമാണ് മഹാഭാരതം. എത്രയാലോചിച്ചിട്ടും പരാശരൻ ബലാൽസംഗത്തിലൂടെ സത്യവതിയെ പ്രാപിച്ചുവെന്നു പറഞ്ഞു വെച്ചതിന്റെ അർഥം മനസ്സിലാക്കാൻ സാധിക്കുന്നതേയില്ല . അങ്ങനെയൊരു സാധ്യതയുടെ യാതൊരാവശ്യവുമില്ലാതിരുന്നിട്ടും ആ സന്ദർഭമവിടെ കുത്തിക്കയറ്റിയത് എന്തിനായിരിക്കും? പിതൃത്വമാവകാശപ്പെടാനില്ലാത്തവനായിരുന്നു വേദവ്യാസനെന്നു പറയുവാനാണോ? അതോ മഹർഷിമാർ നാടൊട്ടുക്കും കന്യകമാരെ ബലാൽസംഗം ചെയ്തിരുന്നുവെന്ന് വരുത്തിതീർക്കുകയായിരുന്നോ? അറിയില്ല.
ഇവയെല്ലാം കൂട്ടി വായിക്കുമ്പോൾ നിർഭാഗ്യമെന്നു പറയട്ടെ എത്രതന്നെ ഭാഷാപരമായ സവിശേഷതകളിൽ മൂടി വെച്ചാലും ഒരു പുരുഷന്റെ കാമപൂരണ സഹായിയായ് മാത്രം നിലനിന്നു പോരുന്നവരാണ് രണ്ടാമൂഴത്തിലെ സ്ത്രീകളെന്നും അവർക്ക് കിടപ്പറകളിൽ മാത്രമാണ് പൂർണ്ണതയുണ്ടാകുന്നതെന്നും സംശയിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ താൻ ജിതേന്ദ്രിയനല്ലന്നൊരു കുറ്റസമ്മതം നോവലിന്റെയവസാനം ഭീമസേനൻ നടത്തുന്നുണ്ടെന്നത് ഒരാശ്വാസം തന്നെയാണ്..
എപ്പോഴാണ് പാഞ്ചാലിയുമൊത്തുള്ള തന്റെ ഊഴം സമാഗതമാകുക എന്ന ചിന്തയിലാണ് എംടിയുടെ ഭീമന്റെ ദിനരാത്രങ്ങൾ ഉദിച്ചുയരുന്നതും കൊഴിഞ്ഞു വീഴുന്നതും . ഒരാവശ്യവുമില്ലെങ്കിൽ കൂടി, അമ്മയുടെ വാക്കുപാലിക്കുകയെന്നെ ഉദ്ദേശത്തോടെ , സ്വയം മൂന്നാം ഊഴക്കാരനായി ഒതുങ്ങി നിന്ന അർജ്ജുനനില്ലാത്ത എന്ത് ഊഴ മഹിമയാണ് ഭീമനവകാശപ്പെടാനുള്ളത് ?
എംടിയുടെ ഭീമസേനന് ധർമ്മിഷ്ഠനാകണമെങ്കിൽ അവിടെ ധർമ്മത്തിന്റെ പ്രതിരൂപമെന്ന പേരിൽ ലോകമറിയുന്ന യുധിഷ്ടിരന്റെയോ, അർജ്ജുനനന്റെയോ , കൃഷ്ണന്റെയോ , കൃഷ്ണയുടെയോ പേരിലൊരു ധർമ്മച്യുതി ഉണ്ടായേ തീരൂ.. അവരുടെ അധാർമികതയെന്ന പേരിൽ , വ്യാസൻ പറഞ്ഞതിൽ നിന്നും വിപരീതമായി പലതും പറഞ്ഞൊപ്പിച്ചാണ് എംടിയുടെ ഭീമൻ ധര്മിഷ്ഠനാകുന്നത്. ഒന്നുകൂടി വിശദമാക്കിയാൽ വ്യാസ മഹാഭാരതത്തിൽ ധർമ്മത്തിന്റെ പ്രതിരൂപമായാണ് യുധിഷ്ഠിരനെ അവതരിപ്പിക്കുന്നത് . ആ വ്യക്തിത്വത്തിന്റെ മാറ്റ് കുറച്ചെടുക്കുവാൻ വേണ്ടി മനപ്പൂർവം സന്ദർഭങ്ങളെ കീഴ്മേൽ മറിച്ചു കൊണ്ടാണ് എംടിയുടെ ഭീമസേനൻ ധർമ്മിഷ്ഠനാകുന്നത് . പക്ഷെ വ്യാസന്റെ ഭീമന് ശ്രേഷ്ടനാകാൻ അവിടെ കുന്തിക്കോ ദ്രൗപദിക്കോ മോശക്കാരാകേണ്ടി വരികയോ ഹിഡുംബിക്കു സഹതാപ തരംഗമുണർത്തേണ്ടി വരികയോ ചെയ്യുന്നില്ല. എന്നാൽ എംടിയുടെ ഭീമന് കേമനാകുവാൻ കൃഷ്ണനും, യുധിഷ്ഠിരനും ദ്രൗപദിയും മോശക്കാരായെ തീരൂ .
ചൈതന്യ വിഗ്രഹങ്ങളായി ഭാരതീയന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളെ ചൈതന്യരഹിതമാക്കുകയെന്നുദ്ദേശത്തോടെ, അതി ഗംഭീരമായ ഭാഷാ ഭംഗിയുടെ സഹായത്തോടെ, കപോലകല്പിതങ്ങളായ അപകർഷതാ ബോധത്തിന്റെ മേമ്പൊടി ചേർത്ത് വിളമ്പിയ ഒരു മസാലക്കൂട്ടെന്നതിൽ കവിഞ്ഞെന്താണ് രണ്ടാമൂഴം?
കൃഷ്ണദ്വൈപായനനെന്ന മഹാമനീഷിയുടെ പുരുഷാർത്ഥ സാധകമായ മഹാഭാരതത്തിന്റെ വികലമാക്കിയൊരു അപകർഷതക്കാഴ്ച മാത്രമാണ് രണ്ടാമൂഴം. ഇവിടെ വ്യാസനുമായൊരു താരതമ്യത്തിന് മുതിരുകയല്ല. ഈ ലോകം തന്നെ ആ മഹാജ്ഞാനിയുടെ ഉച്ചിഷ്ടമായ നിലയ്ക്ക് അത്തരമൊരു താരതമ്യത്തിന് അർഹരായവരാരുമില്ല.. എങ്കിലും മൂലകൃതിയിൽ നിന്നും അമ്പേ വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര സാഹിത്യ സൃഷ്ടിക്ക് അതെ പേര് നൽകുന്നതിനുള്ള ആശങ്ക പങ്കുവെച്ചുവെന്നു മാത്രം. ഒരെഴുത്തുകാരന്റെ കൃതിയെങ്ങനെ എഴുതണമെന്നുള്ള സ്വാതന്ത്രം അയാളിൽ മാത്രം നിക്ഷിപ്തമാണ്. എന്നാൽ ആ കൃതിയെ വെച്ച് മൂലകൃതിയെ അളന്നു തൂക്കി അഭിപ്രായപ്രകടനങ്ങൾ വരുമ്പോൾ സാഹിത്യകുലപതിയുടെ രണ്ടാമൂഴക്കാഴ്ചകളെ അതിനർഹതയില്ലെങ്കിൽ കൂടി നിശിതമായി തന്നെ വിമർശിക്കേണ്ടി വരും..
എന്റെ നമ്പർ എപ്പോൾ വരും എന്ന് സദാസമയവും ചിന്തിച്ചിരിക്കുന്ന ഒരു വ്യക്തിത്വത്തെ നായകനാക്കിയ കൃതിക്ക് രണ്ടാമൂഴമെന്ന പേര് മാത്രമേ ചേരൂ .. പുരുഷാർത്ഥ സാധകമായ മഹാഭാരതവുമായതിനൊരു ബന്ധവുമില്ല. ഉണ്ടാകാൻ പാടില്ല. മഹാഭാരതമെന്ന പേരിന്റെ വിപണനമൂല്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ടു തന്നെ മഹാഭാരതമെന്ന ഭാരതേതിഹാസത്തെ ഒരു നോവലിലെ കാമപൂർത്തീകരണ മാർഗാന്വേഷണത്തിലും അപകർഷതാ ബോധങ്ങളിലും മാത്രമൊതുക്കുന്നത് ആ മഹാമനീഷിയോടു ചെയ്യുന്ന കടുത്ത ദ്രോഹമാണ്. മഹാഭാരതം ഒരു ജനതയുടെ ഇതിഹാസമാണ്. ദീപ്തമായ ചരിത്രത്തിന്റെ ,വ്യക്തിത്വം തുളുമ്പുന്ന കഥാപാത്രങ്ങളുടെ , നന്മതിന്മ ദ്വന്ദങ്ങളിൽ കുടുങ്ങാതെ അവയ്ക്കുമപ്പുറത്തേക്കു വളരാൻ സാധിച്ച ഒരു ഋഷിമനസ്സിന്റെ ഉൾക്കാഴ്ചയാണ് .. ആ മഹാഭാരതത്തെ തന്റെ ഊഴക്കാഴ്ച്ചക്കായ് കാത്തിരിക്കുന്നവന്റെ കഥയില്ലായ്മയിലേക്കൊതുക്കുവാനുള്ള ശ്രമം അത്യന്തം ജുഗുപ്സാവഹമാണെന്ന് പറയാതെ വയ്യ. ആ പ്രവർത്തിയുടെ ഘോരതയേറിയണമെങ്കിൽ ഓരോ ഭാരതീയനും ആ മഹാഗുരുവിന്റെ മഹദ് ഇതിഹാസം വായിച്ചിരിക്കണം…
പിൻകുറിപ്പു: ഇതെഴുതാൻ തുടങ്ങിയപ്പോൾ ഒന്നാലോചിക്കാതിരുന്നില്ല. സാഹിത്യ കുലപതിയാണ് ഭാഷാ ഭംഗിയുടെ മറുകര കണ്ടയാൾ….. ആ വ്യക്തിത്വത്തെ വിമർശിക്കുവാനെന്തു യോഗ്യതയാണീയുള്ളവൾക്കുള്ളത്? എന്നാൽ അതോടൊപ്പം തന്നെ മനസ്സിൽ മറ്റൊരു ചിന്ത കൂടി കയറി വന്നു. വ്യാസ മൗനങ്ങളെന്നൊരു മുൻകൂർജാമ്യത്തിന്റെ ആനുകൂല്യത്തിൽ ശ്രീ എംടി വാസുദേവൻ നായർക്കിത്രയും പറയാമെങ്കിൽ, ജഗത്ത് തന്നെ ഉച്ഛിഷ്ടമാക്കിയ ആ ഋഷിവര്യന്റെ മൗനങ്ങളെ തികച്ചും ലൗകീകമായ രീതിയിൽ അദ്ദേഹത്തിന് വളച്ചൊടിക്കാമെങ്കിൽ ഇത്തരത്തിലൊരു വിമർശനമെഴുതുന്നതിലശേഷം ചിന്താഭാരത്തിന്റെ ആവശ്യമില്ലെന്നതായിരുന്നു അത് .. പിന്നെയൊന്നുമോർത്തില്ല.
വ്യാസോച്ഛിഷ്ടം ജഗദ് സർവം !!!