ഒരു ചങ്ങലയുടെ ബലം എത്രയാണെന്ന് അറിയാമോ?
അതിലെ കണ്ണികളുടെ ബലത്തിന്റെ ആകെത്തുകയാണോ??
അല്ല.അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലമാണ് ശരിക്കും, ഒരു ചങ്ങലയുടെ ആകെ ബലം.
ആ കണ്ണി പൊട്ടിക്കാൻ എത്ര ബലം പ്രയോഗിക്കേണ്ടതുണ്ടോ, അത്ര ബലം പ്രയോഗിച്ചാൽ ആ ചങ്ങല തന്നെ പൊട്ടി രണ്ടാവും. ഇല്ലേ?
അനവധി ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമായി നിലനിൽക്കുന്ന ഏതൊരു പദ്ധതിയ്ക്കും ഈ നിയമം ബാധകമാണ്. അതിനാൽ തന്നെ ആ പദ്ധതിയുടെ സംരക്ഷകരും ശത്രുക്കളും നിരന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് അതിലെ ഏറ്റവും ദുർബലമായ കണ്ണി ഏതെന്ന് യഥാസമയം തിരിച്ചറിയാനാണ് സംരക്ഷകർ, അതിനെ ബലപ്പെടുത്താൻ. ശത്രുക്കൾ, അതിൽ ബലപ്രയോഗം നടത്താൻ.
ശബരിമലയ്ക്ക് നേരെയുണ്ടാവുന്ന നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ കാരണങ്ങളെ പറ്റി ചിന്തിക്കാൻ ശ്രമിക്കുകയായിരുന്നു.1950 ൽ ക്ഷേത്രത്തിന് തീയിട്ടു, 1983 ൽ നിലയ്ക്കലിൽ കുരിശ് നാട്ടി, 2010 മുതൽ മുല്ലപ്പെരിയാർ നാടകം തുടങ്ങി, 1991ലും 2006 ലും ഇതാ ഈ 2016 ലും ലിംഗ-വിവേചനം ആരോപിച്ച് കോടതി വഴി ആചാരാനുഷ്ട്ടാനങ്ങളിൽ ഇടങ്കോലിടാൻ ശ്രമിക്കുന്നു.!
എന്ത് കൊണ്ടാണ് ചിലർക്ക് ശബരിമലയോട് പ്രത്യേകമായൊരു വിരോധം? !!
അവസരത്തിനനുസരിച്ചു എല്ലാ ക്ഷേത്രങ്ങളെയും തരം പോലെ ആക്രമിക്കുക പതിവാണെങ്കിലും, ശബരിമല മാത്രമെന്താ ഒരു ‘അജണ്ട’ തന്നെയാവുന്നത്?
കാരണമവിടെ, തന്നിലെ ദുർബലമായ കണ്ണിയേതെന്ന് തിരിച്ചറിഞ്ഞൊരു ധർമ്മം, സ്വയം ചികിത്സിക്കുന്നുണ്ട്. അവിടെ തന്നെയാണ്, അതേ ദൗർബല്ല്യത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെ ബലപ്രയോഗങ്ങൾ നടക്കുക. അനേകായിരം വ്യത്യസ്ത ദർശനങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും ഉൾകൊള്ളുന്നതായ ഹിന്ദു ധർമ്മം എന്ന മഹാസമന്വയ പദ്ധതിയിലെ ഏറ്റവും ശക്തമായ കണ്ണിയേത് എന്ന് പറയുക ബുദ്ധിമുട്ടാവും. എന്നാലിന്നതിലെ എറ്റവും ദുർബ്ബലമായ കണ്ണി ‘ജാതീയത’ ആണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ചാതുർവർണ്ണ്യ സിദ്ധാന്തത്തിന് മേൽ ഉച്ച-നീചത്വ കൽപനയുടെ തുരുമ്പ് കേറി ക്ഷയിച്ചപ്പോളാണത് ജാതി ആയത് തന്നെ. ഹിന്ദുവിനെ തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ഏറ്റവും നല്ല വഴിയായി വിരുദ്ധ ശക്തികൾ അതിനെ എല്ലാകാലത്തും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുദ്ധ-ജൈന മതങ്ങൾക്ക് ആളെ കൂട്ടാൻ വലിയൊരളവിൽ സഹായമായത് അന്ന് നിലനിന്നിരുന്ന ജാതി വിവേചനമാണ്. ക്രിസ്ത്യൻ മിഷണറികളുടെ ധാരാളം മതപരിവർത്തന ഫാക്ടറികൾ ഇപ്പോളും ഇതേ ജാതിയുടെ ഇന്ധനത്തിൽ പ്രവർത്തിക്കുന്നുണ്ട്. മതത്തിനുള്ളിൽ തന്നെ അസംഘ്യം മത വിരോധികളെ സൃഷ്ട്ടിച്ചത് ഈ ജാതി ഭൂതമല്ലാതെ മറ്റാരുമല്ല. അതിനാലാണ് ജാതീയത തൂത്തെറിയപ്പെടുക എന്നത് ഹിന്ദുവിന്റെയും, ജാതീയത നിലനിൽക്കുക എന്നത് ഹിന്ദു വിരുദ്ധരുടേയും പരമ പ്രധാനമായ താൽപര്യമാവുന്നത്. ഈ വിരുദ്ധ താല്പര്യങ്ങൽ തമ്മിലുള്ള സംഘർഷം തന്നെയാണ് ശബരിമലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതും.
ശബരിമലയിൽ യഥാർഥത്തിൽ ജാതിയുടെ ഒരുതരം അപനിർമ്മിതി സംഭവിക്കുന്നുണ്ട്. അതാണ് ചിലരെ വല്ലാതങ്ങ് പ്രകോപിപ്പിക്കുന്നത്. മറ്റു ക്ഷേത്രങ്ങളോടെല്ലാം ഭക്തർക്ക് വിശ്വാസം ആണുള്ളതെങ്കിൽ, ശബരിമലയോടത് മാത്രമല്ല. അമ്പലവും പ്രാർഥനയുമൊന്നും അത്ര പതിവില്ലാത്തവർ പോലും മണ്ഡല കാലമാവുമ്പോൾ പെട്ടെന്ന് ഭക്തിയുടെ ഭൂതമാവേശിച്ച പോലെ ശബരിമല കയറ്റത്തിന്റെ ആവേശത്തിലേക്ക് ചാടിയിറങ്ങുന്നത് കണ്ടിട്ടില്ലേ? അത് വരെ ഉറങ്ങി കിടന്നിരുന്ന നാട് തന്നെ, അഘണ്ഡ നാമവും, അയ്യപ്പൻ വിളക്കും, ഭജനയും, ഭിക്ഷയും, ശരണം വിളികളുമൊക്കെയായി ഒരു ആഘോഷനഗരിയായി മാറുന്നത് കണ്ടിട്ടില്ലേ??
കാരണം ശബരിമല, വെറും വിശ്വാസം മാത്രമല്ല. അതൊരു ആവേശമാണ്, വികാരമാണ്, എന്ത് കൊണ്ടും ഒരത്ഭുതമാണ്. അതിനെല്ലാം അടിസ്ഥാനമാവുന്നത് ശബരിമലയോട് അനുബന്ധിച്ചുള്ള 41 ദിവസത്തെ കഠിന വൃതം എന്ന സങ്കൽപ്പവുമാണ്. ആ വൃതമില്ലെങ്കിൽ ശബരിമലയ്ക്ക് ഈ ആവേശമില്ല. ഈപ്പറഞ്ഞതൊന്നുമില്ല എങ്കില്‍ അത് മറ്റനേകായിരം ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാവും. ഇല്ലേ?
അപ്പോൾ എന്താണ് സത്യത്തിൽ ഈ വൃതത്തിൽ സംഭവിക്കുന്നത്??
ലളിതമായി പറഞ്ഞാൽ, ജാതിയുടെ അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുകയാണവിടെ. സവർണ്ണ ഹൈന്ദവതയുടെ പ്രൗഡിയും പകിട്ടും തങ്ങൾക്ക് നിഷേധിച്ച ജാതി വ്യവസ്ഥയെ അവർണ്ണരെന്ന് മുദ്രകുത്തപ്പെട്ടവർ വെല്ലുവിളിക്കുകയാണവിടെ. എല്ലാവരും സ്വയം ബ്രാഹ്മണരായി പ്രഖ്യാപിക്കുകയാണവിടെ. പൂണൂലിന് പകരം മണിമാല, ദിവ്യത്ത്വം ഉത്ഘോഷിക്കുന്ന വിശേഷ വസ്ത്രം, തിരുമേനി വിളിയെ കടത്തി വെട്ടുന്ന സ്വാമീ എന്ന അഭിസംബോധന, ശുദ്ധിയുടേയും ബ്രഹ്മചര്യത്തിന്റെയും കഠിന നിഷ്ട്ടകൾ, സ്വയം ഈശ്വരൻ തന്നെയാവുന്ന തത്ത്വമസി വേദാന്തം. ശബരിമലയിൽ സംഭവിക്കുന്നത് ജാതി വ്യവസ്ഥയുടെ അപനിർമ്മിതി തന്നെയാണ്. ശബരിമലയുടെ ആവേശം, ജാതീയത ഇല്ലാത്ത ഹിന്ദുമതത്തിന്റെ ആവേശമാണ്. ജാതി വേർതിരിവ് ഇല്ലാതായാൽ, ഹിന്ദുമതം എത്രമേൽ അപ്രതിരോധ്യമായി തീരും എന്ന് വിളിച്ചു പറയുന്നുണ്ടത്. നമ്മൾ കേൾക്കുന്നില്ലെങ്കിലും, വിരുദ്ധ ശക്തികളത് സ്പഷ്ട്ടമായി തന്നെ കേൾക്കുന്നുമുണ്ട്. അതിനാലാണ് ശബരിമല അവരെ ഇത്രമേൽ ആലോസരപ്പെടുത്തുന്നത്.
ബ്രാഹ്മണൻ ബ്രാഹ്മണനായും, ദളിതൻ ദളിതനായും തന്നെ നിലനിൽക്കേണ്ടത് അവരുടെ ആവശ്യമാണ്. ആ വേർതിരിവിലാണല്ലോ അവരുടെ സാധ്യതകൾ അവശേഷിക്കുന്നത്. മൃഗ സംരക്ഷണമെന്നും മറ്റും പറഞ്ഞ് അവർ നമ്മുടെ കോഴിക്കുരുതിയെ വരെ തടസ്സപ്പെടുത്തുന്നത് ഇതേ കാരണത്താലാണെന്ന് തന്നെ മനസ്സിലാക്കണം. എന്തെന്നാൽ അവിടെയും നടക്കുന്നത് ഇതേ ജാതിയുടെ അപനിർമ്മിതിയാണ്.
സാത്വികാരാധനയുടെ ദന്തഗോപുരങ്ങളിൽ നിന്ന് സവർണ്ണ ഹിന്ദു, മധ്യമ/കൗളാചാരങ്ങളുടെ അവർണ്ണ വഴികളിലേക്ക് ഇറങ്ങി വരുകയാണവിടെ. ബ്രാഹ്മണന്റെ ദൈവത്തിനു പഴവും പായസവും, പുലയന്റെ ദൈവത്തിന് കോഴിയും കള്ളും എന്ന നിയമങ്ങളാണ് കൊടുങ്ങല്ലൂരും തിരുവളയനാടുമൊക്കെ കീറി കാറ്റിൽ പറത്തപ്പെടുന്നത്. ജാതിയുടെ വരമ്പ് മുറിയുകയാണവിടെ.
അതിനാലാണത് നിർത്തലാവേണ്ടത് ചിലരുടെ ആവശ്യമാവുന്നത്. വൃത നിഷ്ട്ടകളും, സവിശേഷാചരണങ്ങളും, അനന്യമായ വിശ്വാസങ്ങളും, അതിന്റെയൊക്കെ ഉൽപന്നമായ ഭക്ത്യാവേശങ്ങളുമില്ലാതെ, എല്ലാവർക്കും പോകാവുന്ന, എല്ലാ ക്ഷേത്രങ്ങളെയും പോലെ ഒന്ന് മാത്രമായ, യുക്തിയുടെ ചങ്ങല കൊണ്ട് ഭക്തി തളയ്ക്കപ്പെട്ട ശബരിമല എപ്രകാരമാണോ അവരുടെ ആവശ്യമാവുന്നത്, അത് പോലെ തന്നെ.
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്. തീർച്ചയായും ഉണ്ട്.. ചിലർ അത് കാണുന്നുമുണ്ട് .. !!!