പറയാനുള്ളത് കമ്മ്യൂണിസ്റ് ആശയങ്ങളിൽ വിശ്വസിക്കാത്ത ഹിന്ദു സ്ത്രീകളോടാണ്. നമ്മുടെ അവസ്ഥ , പ്രത്യേകിച്ച് പ്രബുദ്ധ കേരളത്തിൽ പോകപ്പോക ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദുസ്ത്രീയുടെ മാനത്തിന് പുല്ലു വില ആണെന്ന് അപമാനിക്കപ്പെട്ട ആ സ്ത്രീയുടെ ടൈംലൈൻ ലെ “ഹഹഹ” കൾ തെളിവ് നൽകുന്നു . പോരാതെ ഹൈന്ദവ മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മാനത്തിന് കൂടുതൽ വിലയുണ്ടെന്നുള്ള ഒരു പാഠം കൂടി ഈ ദിവസങ്ങളിൽ പഠിച്ചു. അശ്ലീലച്ചുവയോടെ , പരസ്യമായി ഒരു സ്ത്രീയെ കൂടെ ജീവിക്കാൻ ക്ഷണിച്ചവൻ നാളെ പരസ്യമായി റോഡിൽ വെച്ച് ഒരു സ്ത്രീയുടെ വസ്ത്രമുരിഞ്ഞെടുക്കാനും മടിക്കില്ല. ആരും നമ്മുടെ രക്ഷയ്ക്കുണ്ടാകില്ല . ഒരു രാഷ്ട്രീയവും തുണയ്ക്കില്ല. സ്വരക്ഷ കണ്ടെത്തേണ്ടി വരും. രജപുത്ര സ്ത്രീകൾ ജൗഹർ അനുഷ്ടിച്ചതെന്തിന് എന്ന് ഇനിയും നമുക്ക് മനസ്സിലാകാനിരിക്കുന്നതേയുള്ളൂ .
ആദ്യമായി ഇസ്ലാമികാധിനിവേശങ്ങൾ നടന്ന സമയം. ഏതു നികൃഷ്ടമാർഗവും ജയിക്കാനുപയോഗിക്കാൻ മടിയില്ലാത്തത് കൊണ്ടാവാം ജയിച്ചത് അധിനിവേശക്കാരായിരുന്നു. അന്തപ്പുരങ്ങളിലേക്ക് കൂട്ടമായി അവർ ഇരച്ചു കയറി, ഒരൊറ്റ സ്ത്രീകളെപ്പോലും ഒഴിവാക്കാതെ അടിമകളാക്കി. തമ്മിൽത്തല്ലുകളൊഴിഞ്ഞ് നേരമില്ലെങ്കിലും , പരസ്പരം പടവെട്ടിക്കൊണ്ടിരുന്നുവെങ്കിലും സ്ത്രീകളുടെ അന്തപ്പുരം അന്വേഷിച്ച് ഒരു രജപുത്രനും ചെന്നതായി ഭാരതത്തിന്റെ ചരിത്രത്തിൽ കാണില്ല. യുദ്ധത്തിൽ രാജാക്കന്മാരെ വധിച്ചുവെങ്കിലും അവരാരും സ്ത്രീകളുടെ നേരെ പരാക്രമം കാണിച്ചവരായിരുന്നില്ല. അത് കൊണ്ട് തന്നെ രജപുത്രസ്ത്രീകൾ ആദ്യം അമ്പരന്നു പോയിരിക്കണം. സ്ത്രീകളോട് ഇത്രയും ക്രൂരതകാണിക്കുന്നവർ ഈ ഭൂമിയിലുണ്ടെന്നു പോലും അവർക്കറിവുണ്ടായിരിക്കില്ല. അങ്ങനെ ഗത്യന്തരമില്ലാതെയാകുമല്ലോ അവർ കൂട്ടത്തോടെ ജൗഹർ അനുഷ്ടിക്കാനാരംഭിച്ചത്. ശത്രുവിന്റെ കൈയ്യിൽ പെടുന്നതിലും ആയിരം മടങ്ങ് ഭേദം മരണം തന്നെ. അതിനെക്കുറിച്ചാണ് ഇന്നലെ പറഞ്ഞതും.
ഇനി ഒരു കഥപറയാം.. കഥയല്ല.. ചരിത്രമാണ്..കേട്ട് പരിചയമില്ലാത്ത ഒരു ചരിത്രം.. രാജാ ദാഹിറിനെക്കുറിച്ചും അദ്ദേഹത്തിന്റെ പെണ്മക്കളെകുറിച്ചുമുള്ള ചരിത്രം . സ്വാഭിമാനമുള്ള ചരിത്രാന്വേഷകർക്ക് മാത്രം വെളിപ്പെടുന്ന രാജാ ദാഹിരെന്ന പേര്, കമ്മ്യൂണിസ്റ്, കൊളോണിയൽ ചരിത്രത്തിലെവിടെയും കേൾക്കാൻ വഴിയില്ല . കാർബലയിൽ നടന്ന യുദ്ധത്തിൽ പ്രവാചകന്റെ മരുമകനെ സംരക്ഷിക്കുവാനായി പോയ അദ്ദേഹം സിന്ധ് പ്രവിശ്യയിലെ രാജാവായിരുന്നു. ആദ്യമായി ഭാരതത്തിലുണ്ടായ ഇസ്ലാമികാധിനിവേശമുണ്ടായത് സിന്ധ് പ്രവിശ്യയിലൂടെയായിരുന്നു . ( യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റും ഇൻറർനെറ്റിൽ ലഭ്യമാണ്. വിസ്താരഭയം മൂലം അതൊന്നും ചേർക്കുന്നില്ല ) കൊല്ലങ്ങളോളം നീണ്ടു നിന്ന തുടർച്ചയായ പോരാട്ടങ്ങൾക്ക് ശേഷവും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ലെന്ന് കണ്ട് മുഹമ്മദ് ബിൻ കാസിമിന്റെ നേതൃത്വത്തിൽ കൂടുതൽ സന്നാഹങ്ങളെർപ്പെടുത്തിയതോടെ ഒരു തവണ അദ്ദേഹം പരാജയപ്പെട്ടു പോയി. ഒന്നിലേറെ തവണ അദ്ദേഹം മാപ്പു കൊടുത്തയച്ചവർ തിരിച്ച് അദ്ദേഹത്തിന് മാപ്പു കൊടുത്തില്ല . കൂടാതെ കർബല യുദ്ധത്തിന് ശേഷം അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്ന ചിലർ അഭയാർഥികളായി അദ്ദേഹത്തിന്റെ കൂടെ വന്നിരുന്നു. സന്നിഗ്ദ്ധഘട്ടത്തിൽ അവർ പക്ഷം മാറി കാസിമിന്റെ കൂടെ കൂടുകയും, രാജാ ദാഹിറിന്റെ മകനായ ജയ്സിങിനെ വധിക്കുകയും ചെയ്തു . സംസ്കാരങ്ങൾ തമ്മിലുള്ള അന്തരമെത്ര വലുതായിരുന്നെന്നോർക്കുക.. അധിനിവേശ ശക്തികൾ ഈ മണ്ണിൽ നിലയുറപ്പിച്ചത് ഈ വിധത്തിലുള്ള മാർഗങ്ങളിലൂടെയാണെന്നുമൊർക്കുക .
ഒട്ടും ദയയില്ലാത്ത വിധം വെട്ടിയെടുത്ത രാജാദാഹിറിന്റെ തലയുടെ കൂടെ ഖലീഫയ്ക്ക് അയച്ച കുറിപ്പിൽ സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ സമ്പത്തിനോടൊപ്പം അവിടെയുള്ള സുന്ദരികളായ സ്ത്രീകളും ഇനി നമ്മുടെ അന്തപ്പുരങ്ങളിൽ ഉറങ്ങുമെന്നായിരുന്നു . സ്ത്രീകളെ അമ്മയായ് കണ്ട സംസ്കാരവും സ്ത്രീകളെ തടവിലാക്കി പീഡിപ്പിച്ച് ഉപഭോഗവസ്തുക്കളാക്കുന്ന സംസ്കാരവും തമ്മിലുള്ള അന്തരമെത്ര വലുതാണെന്നോർക്കുക..
ദാഹിർ രാജാവിന്റെ രണ്ടു പെണ്മക്കളെ — പരിമള ദേവിയെയും സൂര്യദേവിയെയും — മുഹമ്മദ് ബിൻ കാസിം , തന്റെ ഖലീഫയ്ക്ക് കാഴ്ച വെക്കാനായി തടവിലാക്കി . തടവിലിരുന്നുകൊണ്ട് ആ രാജകുമാരിമാർ ചിന്തിച്ചത് അച്ഛനെക്കൊന്നതിനുള്ള പ്രതികാരമെങ്ങിനെ നടപ്പാക്കുമെന്ന് മാത്രമായിരുന്നു. തങ്ങളുടെ നാശം ഉറപ്പാണെന്ന് അറിഞ്ഞ അവർ കാസിമിനെ ജീവിക്കാനനുവദിക്കില്ലെന്നു പ്രതിജ്ഞ ചെയ്തു. ഖലീഫയുടെ മുന്പിലെത്തിയ അവർ അയാളുടെ വിശ്വാസ്യത സമ്പാദിച്ച ശേഷം , കാസിം തങ്ങളെ ലൈംഗികമായുപയോഗിച്ചുവെന്ന് കള്ളം പറഞ്ഞു. സേവകനുപയോഗിച്ച സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തന്റെ മുന്നിൽ ഹാജരാക്കിയത് ഖലീഫയ്ക്ക് ഇഷ്ടമായില്ല .. കാസിമിനെ കൊന്നു കളയാൻ അയാൾ ഉത്തരവിട്ടു. അങ്ങനെ ഒരു വിചാരണപോലുമില്ലാതെ കാസിം കൊല്ലപ്പെട്ടു.
വിശ്വസ്ത സേവകനെ താൻ വിചാരണ കൂടാതെ കൊന്നുവെന്ന് അറിഞ്ഞ് പശ്ചാത്തപിക്കുന്ന ഖലീഫയെക്കൂടി കണ്ടാലേ തങ്ങളുടെ പ്രതികാരം പൂർണ്ണമാകൂവെന്ന് ആ പെൺകുട്ടികൾക്ക് തോന്നിയിരിക്കണം. ഇഷ്ടമില്ലാത്തവർക്കൊപ്പം പങ്കിടേണ്ടി വന്ന ശരീരവുമായി തുടർന്ന് ജീവിക്കാൻ അവർക്ക് ഇഷ്ടവുമല്ലായിരുന്നിരിക്കാം . തങ്ങളുടെ മരണം ഉറപ്പിച്ചു കൊണ്ട് കാസിമിനെക്കുറിച്ച് കള്ളം പറഞ്ഞതായിരുന്നുവെന്ന് രാജകുമാരിമാർ ഖലീഫയോട് വെളിപ്പെടുത്തി .
സത്യമറിഞ്ഞ ഖലീഫ അവരെ വെറുതെയങ്ങ് കൊന്നു കളയുകയായിരുന്നില്ല . അതിക്രൂരമായി, ഇഞ്ചിഞ്ചായാണ് കൊന്നത് . പെൺകുട്ടികളുടെ ശരീരങ്ങളെ തുണ്ടുതുണ്ടാക്കി നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും . കുതിരയുമായി ബന്ധിപ്പിച്ച് നഗരത്തിലാകെ വലിച്ചിഴച്ചു കൊന്നുവെന്നും പാഠഭേദമുണ്ട് .
ഇതുപോലെ മൂടിവച്ച ധീരതയുടെ ചരിത്രചിത്രങ്ങൾ ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും കാണാം.. നാടോടിപ്പാട്ടുകളായി , തദ്ദേശീയരായ ഒരു ജനതയുടെ ആവേശമായി മാറിയ അവയിലാണ് ഭാരത ചരിത്രത്തിന്റെ തുടിപ്പുകളിരിക്കുന്നത്. സ്വാഭിമാനമുയർത്തുന്ന ആ കഥകളൊരിക്കലും ചരിത്രപാഠങ്ങളായി ഒരു ഭാരതീയ വിദ്യാർത്ഥിയും പഠിക്കില്ല. അടിമത്വം പേറുന്ന മനസ്ഥിതിയുമായി, കുമ്പിട്ട ശിരസ്സുമായി റാൻ മൂളാൻ പാകത്തിലുള്ള ചരിത്രപാഠങ്ങളെ അവരിലേക്കെത്തിച്ചേരുകയുള്ളൂ. കൊളോണിയൽഭരണവും അടിമത്തവും വൈശ്യാധിപത്യവും നശിപ്പിച്ചത് ഈ ജനതയുടെ ക്ഷാത്രവീര്യമാണ്.
ഇതുപോലെയുള്ള മൂടിവച്ച ചരിത്രപാഠങ്ങളെപ്പറ്റി പറയാൻ ഇനിയുമേറെയുണ്ട്. പറഞ്ഞുവന്ന വിഷയം അതായിരുന്നില്ല. ഹിന്ദുത്വത്തിലുറച്ചു വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും ഏതു നിമിഷവും അപമാനിക്കപ്പെടാവുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിലും രൂപപ്പെട്ടു വരുന്നു എന്നാണ് പറഞ്ഞത്. രാഷ്ട്രീയക്കാർ അനാവശ്യമായ മതപ്രീണനം ഇതേപോലെ തുടർന്നാൽ, കശ്മീരിലെ സ്ത്രീകളെപ്പോലെ സർവ്വതുമെടുത്ത് കെട്ടിക്കൊണ്ടുള്ള ഒരു പലായനം അധികം വൈകാതെ തന്നെ കേരളത്തിലെ ഹിന്ദു സ്ത്രീകൾക്കുമുണ്ടായേക്കാം . പക്ഷെ, അങ്ങനൊരു ദുസ്ഥിതിയുണ്ടായാൽ (ഉണ്ടാകാതിരിക്കട്ടെ) , നമുക്ക് സൂര്യദേവിയെയും പരിമളദേവിയെയുമോർക്കാം .. ആ പാത പിന്തുടരാം.. ആ ധീരവനിതകളുടെ മനഃസ്ഥൈര്യം വളർത്തിയെടുക്കുവാൻ തക്കതായ ഭഗവദ്കൃപ ഓരോ ഹിന്ദു സ്ത്രീകൾക്കുമുണ്ടാകട്ടെ .
തസ്മാദ് ജാഗ്രത ജാഗ്രത..