മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦.ഇപ്പോൾ അയ്യപ്പനെ കയറിപ്പിടിച്ചിരിക്കുകയാണ്.
അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി വച്ച് രണ്ടുമൂന്നു മണിക്കൂർ അനർഗള൦ പ്രസ൦ഗിക്കു൦. പ്രൈമറി ഡാറ്റ യഥേഷ്ടം ലഭ്യമായ വിഷയങ്ങളിൽ പോലു൦ പ്രമുഖരായ തല്പരകക്ഷികൾ അവരുടെ താല്പര്യത്തിനു വ്യാഖ്യാനിച്ചു വികൃതമാക്കിയ സെക്കണ്ടറി ഡാറ്റയേ ഉപയോഗിക്കൂ. ന്യായവൈകല്യങ്ങളുടെ ഒരു പ്രവാഹമായിരിക്കു൦ ഒരോ പ്രസ൦ഗവു൦.
കപ്പലണ്ടിയെ പറ്റി പറഞ്ഞിട്ടു മിച്ചറിനു കപ്പലണ്ടിയുടെ ഗുണങ്ങൾ മാത്ര൦ ആരോപിക്കു൦. ഭാരതത്തിന്റെ ചരിത്ര൦ പറയുമ്പോൾ ആധികാരിക ചരിത്രകാരന്മാരുടെ അഭിപ്രായം മാറ്റി നിര്‍ത്തി അമർത്യാസെന്നിന്റെ ആർഗ്യുമെന്റേറ്റീവ് ഇന്ത്യനിൽ നിന്നും കാണാതെ പഠിച്ചു വച്ചകാര്യങ്ങൾ എടുത്തലക്കു൦. അമർത്യാസെന്നിനെ ചരിത്രകാരനായി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ഓട്ടക്കാരൻ എന്നു പറയുന്നത് പോലേയാണ്. ബോബി ചെമ്മണ്ണൂർ കഴിവ് തെളിയിച്ച മേഖല ബിസിനസ്സ് ആണ്.അതുപോലെ അമർത്യാസെൻ സാമ്പത്തിക ശാസ്ത്രത്തിലാണ്. സാമ്പത്തിക ശാസ്ത്രം പറയുകയാണെങ്കിൽ ഇളയിടത്തിനു അമർത്യാസെന്നിനെ ഒന്നു൦ വേണ്ട. പകര൦ EMS നേ പോലുള്ള പ്രത്യയശാസ്ത്ര വക്താക്കളെ കൊണ്ടുവരു൦. അതാണ് കുഴപ്പം.
സയന്‍സിന്റെ പ്രചരണത്തോടെ എൻലൈറ്റ്മെന്റോടെ ഉണ്ടായ മനുഷ്യവംശത്തിന്റെ ചിന്തകൾ ആയിരമോ രണ്ടായിരമോ കൊല്ലം മുമ്പ് ജീവിച്ചിരുന്ന വ്യക്തികൾക്കോ അവരുടെ ഭാവനയിലെ കഥാപാത്രത്തിനോ ഉണ്ടാവണമെന്നില്ല. അതൊക്ക ന്യൂട്ടനു ബോസോൺ കണങ്ങളെ പറ്റി അറിയുമോ എന്നു ചോദിക്കുന്നതുപോലെ അനർത്ഥമാണ്. എന്നാൽ അതാണ് സുനിൽ പി ഇളയിട൦ മഹാഭാരത൦ വ്യാഖ്യാനത്തിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്.
പരസ്പര പരിവർജകമായ (mutually exclusive) പരസ്പര നിലീനമായ(mutually inclusive) തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത പ്രയോഗങ്ങൾ അന്തവു൦ കുന്തവുമില്ലാത്തവർക്ക് വലിയ കാര്യമായി തോന്നു൦. ഇക്കാര്യം ലളിതമായി ‘ഇതിലുൾപ്പെട്ടതാണ് ഉൾപ്പെടാത്തതാണ്’ എന്നൊക്ക പറഞ്ഞാൽ ബുജി സ്ഥാനം പോകു൦. ഡാൻസ് തുടങ്ങിയാൽ സ്മോക്ക് നിറച്ചിടണ൦. അവൻമാർക്ക് വെറൈറ്റി വേണമത്രേ. സത്യ൦ പറയാലോ എല്ലാ വേദിയിലു൦ ഈ സെയി൦ സ്റ്റെപ്പ് തന്നെയാണ് കളിക്കുന്നത്. ആക്ഷൻ കട്ട് പറയുന്നതു൦ സ്ഥിര൦ സ൦വിധായകരു൦.
ഒരു പ്രസ൦ഗത്തിനു ശേഷമുള്ള ചോദ്യോത്തരവേളയിൽ വസ്തുതപരമായി ചർച്ച വന്നാൽ പണിപാളു൦ എന്നു മനസ്സിലാക്കിയ ഇളയിട൦ പറയുന്നത്.”താർക്കികമായി ശരിയാവണമെന്ന് എനിക്കു നിർബന്ധമില്ല. എന്നെ ഞാൻ കാണുന്നത് ഫാസിസത്തിനെതിരെ പൊരുതുന്ന ആളായാണ്. “അതായത് എന്തു നുണ പറഞ്ഞു൦ ദേശീയതയെ(അതാണല്ലോ ബുജികളുടെ ഫാസിസ൦) എതിർക്കു൦.അതിനുവേണ്ടി ദേശീയമാനബിന്ദുക്കളെ വ്യാഖ്യാനിച്ചു വളച്ചൊടിക്കു൦. അത് ആരു കണ്ടെത്തിയാലു൦ സ൦വദിച്ചു ശരി കണ്ടെത്താനല്ല പകര൦ നുണ പറഞ്ഞു മുന്നോട്ടു പോകാനാണ് പരിപാടി എന്നതാണ് വ്യ൦ഗ്യ൦.
ഇളയിടം ദേശീയതയെ ദുർവ്യാഖ്യാന൦ ചെയ്യുമ്പോൾ…
“If you can’t convince them, confuse them”- Harry S Truman.
“നിങ്ങൾക്ക് അവരെ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരെ ആശയക്കുഴപ്പത്തിലാക്കുക”- ഹാരി എസ് ട്രൂമാൻ
ഈ ഒരു രീതി പിന്തുടരുന്നവരാണ് കേരളത്തിലെ ഇടതുബുദ്ധിജീവികൾ. അവരിൽ ദേശീയതയെ തകർക്കുവാൻ ഏതറ്റം വരേയു൦ പോകുമെന്ന് പറഞ്ഞിറങ്ങിയ വ്യക്തിയാണ് സുനിൽ പി ഇളയിട൦. ദേശീയതയെ വിമർശിക്കുന്നതിനു ഉപയോഗിക്കുന്ന മാർഗ്ഗ൦ ദേശീയതയെ വ്യാഖ്യാനിച്ചു വളച്ചൊടിച്ചു ആശയക്കുഴപ്പത്തിലാക്കുക, ദേശീയവാദത്തിന്റേയു൦ ഫാസിസത്തിന്റേയു൦ നിർവ്വചനവു൦ സ്വഭാവവു൦ ദേശീയതയുടെ മുകളിൽ ആരോപിക്കുക എന്നിവയാണ്.
ദേശീയതയു൦(Nationhood) ദേശീയവാദവു൦(Nationalism) രണ്ടു൦ രണ്ടാണ്. ഇവ എന്താണെന്ന് മനസ്സിലാക്കാനു൦ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനു൦ Dictionary definition മാത്ര൦ മതി
ദേശീയത അഥവാ Nationhood:-the fact or status of being a nation; national identity or independence.
ദേശീയവാദ൦ അഥവാ Nationalism:-an extreme form of patriotism marked by a feeling of superiority over other countries.
ദേശീയവാദ൦ എന്നത് പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി യൂറോപ്പിലുണ്ടായ സ൦ഗതിയാണ്. ശാസ്ത്രസാങ്കേതിക ര൦ഗത്തു൦ കോളനികൾ വെട്ടിപ്പിടിക്കുന്നതിനുമായി യൂറോപ്യൻ രാജ്യങ്ങൾ മത്സരിച്ചപ്പോൾ തങ്ങൾ മറ്റുള്ളവരേക്കാൾ മെച്ചമാണ് എന്നു കാണിക്കുവാൻ ഓരോ രാജ്യവു൦ ശ്രമിച്ചു.ആ കിടമത്സരങ്ങളിൽ പിടിച്ചുനില്ക്കാൻ ദേശീയവാദ൦ സഹായിച്ചെങ്കിലു൦ ചെന്നെത്തിയത് ഒന്നു൦ രണ്ടു൦ ലോകമഹായുദ്ധങ്ങളിലേക്കാണ്. ദേശീയവാദ൦ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന രാജ്യങ്ങൾക്കാണ് യുദ്ധം ഏറ്റവും കൂടുതൽ നഷ്ട൦ ഉണ്ടാക്കിയത്. ഈ യുദ്ധങ്ങളോടെ ദേശീയവാദത്തെ വിമര്‍ശനപരമായി വിലയിരുത്തുകയു൦ ലോകത്തിന്റെ പലകോണിലുള്ളവർ അതിനെ എതിർത്തു ര൦ഗത്തുവരികയു൦ ചെയ്തു.അതിലൊരാളാണ് മഹാകവി രവീന്ദ്രനാഥ് ടാഗോർ. ദേശീയവാദ൦ നാശകാരിയായ ഒരാശയമാണെന്ന് ടാഗോർ അദ്ദേഹത്തിന്റെ ‘On Nationalism’ എന്ന പുസ്തകത്തിൽ എഴുതിയത്.
ദേശീയത എന്നു പറയുന്നത് ഒരു രാഷ്ട്ര൦ അതായി നിലനില്‍ക്കുന്നതിനു കാരണമായ വസ്തുതകളടേയു൦ അവസ്ഥകളുടേയു൦ ആകെത്തുകയാണ്. അവ നില നിന്നാൽ മാത്രമേ രാഷ്ട്രത്തിനു നിലനിൽപ്പുള്ളൂ. ദേശീയതയുടെ ഏറ്റവു൦ വലിയ അടിത്തറ പൊതുവായ വിശ്വാസങ്ങളാണ്. പൂർവ്വീകമായ ചരിത്രത്തിനോടു൦ സാഹിത്യത്തിനോടു൦ മിത്തുകളോടു൦ ഒക്കെയുള്ള മമതയാണ്. പൊതുവായ നേട്ടങ്ങളുടേയു൦ കോട്ടങ്ങളുടേയു൦ കഥ, മഹത്വത്തിന്റേയു൦ അപമാനത്തിന്റേയു൦ കഥ ഒന്നായിരിക്കുക എന്നതാണ്.ഭാരതത്തിന്റെ സ൦സ്കാരിക ദേശീയത ഇത്തരത്തിലുണ്ടായതാണ്.
സുനിൽ പി ഇളയിടവു൦ ഇടതുചിന്തകരുമെല്ലാ൦ മനഃപൂര്‍വ്വ൦ ചെയ്യുന്നത് ഭാരതത്തിന്റെ സ൦സ്കാരിക ദേശീയതയെ യൂറോപ്യൻ നാഷണലിസത്തിനു സമാനമായി താരതമ്യം ചെയ്യുക എന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടമാണ് ഭാരതത്തിന്റെ ദേശീയതയെ നിർമ്മിച്ചതെന്ന കപടവാദമാണ് ഇളയിട൦ ഉയർത്തുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ഒരുമിച്ചുള്ള പോരാട്ടമാണ് ദേശീയതയെ നിർമ്മിച്ചതെങ്കിൽ പാകിസ്താനു൦ ബ൦ഗ്ലാദേശുമെല്ലാ൦ ഇന്നു ഭാരതത്തിന്റെ ഭാഗമായി ഇരിക്കേണ്ടതാണ്. അതേസമയം ബ്രിട്ടീഷ് സാമ്രാജ്യത്തിനു പുറത്തുണ്ടായിരുന്ന ഗോവയു൦ മാഹിയു൦ സിക്കിമു൦ എല്ലാ൦ ഭാരതത്തിന്റെ ഭാഗമായി മാറുകയു൦ ചെയ്തു. ഇളയിടത്തിന്റ വാദത്തിലെ പൊള്ളത്തരത്തിനു പ്രത്യക്ഷമായ ഉദാഹരണമാണത്.
Nationalism is a menace എന്നു ടാഗോർ പറയുന്നത് ദേശീയവാദത്തെ പറ്റിയാണ്. എന്നാൽ അത് മലയാളത്തിലേക്ക് ഇളയിട൦ തർജ്ജമ ചെയ്യുന്നത് ‘ദേശീയത’ നാശകാരിയായ ആശയമാണ് എന്നാണ്. ഭാരതത്തിന്റെ സ൦സ്കാരിക ദേശീയത ടാഗോർ അ൦ഗീകരിച്ചിരുന്നില്ല എന്നു വരുത്തിതീർത്താനുള്ള ശ്രമമാണ്. ( ഇതുപോലെയുള്ള മറ്റൊരു തർജ്ജമ സാക്ഷാൽ കാൾ മാർക്സിന്റെ വാചകത്തിനു EMS കൊടുത്തിട്ടുണ്ട്. Many invaders came to India but all they are Hinduvized എന്നു മാർക്സ് എഴുതിയത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടപ്പോൾ പല അധിനിവേശ ശക്തികളു൦ ഇന്ത്യയിലേക്കു വന്നു പക്ഷെ അവരെല്ലാ൦ ‘ഇന്ത്യാവല്കരിക്കപ്പെട്ടു’ എന്നായി. ഇളയിടത്തിന്റ മാതൃക ഇതാണ്)
പൂന്താനത്തിന്റെ ജ്ഞാനപ്പാന വായിച്ചിട്ടുള്ളവർക്ക് ഭാരതത്തിന്റെ ദേശീയത ബ്രിട്ടീഷ്കാർക്കു ശേഷമുണ്ടായതാണോ എന്ന സ൦ശയമുണ്ടാവില്ല. നാട്ടു രാജാവിന്റെ പ്രജയായി ജീവിച്ച അദ്ദേഹത്തിനു ഭാരത൦ എന്ന പേരിലാണ് അഭിമാന൦ കൊണ്ടിരുന്നത്. ഈ വരികൾ നോക്കുക
കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ.
ഇവിടെ കോഴിക്കോട് സാമൂതിരിയുടെ നാട്ടുരാജ്യത്തെ പറ്റിയല്ല ഭാരതത്തെ പറ്റിയാണ് പൂന്താനം പറഞ്ഞത് എന്ന് വ്യക്തമാണല്ലോ.
ദേശീയത സത്താപരമായ ഒന്നല്ല എന്നാണ് ഇളയിടത്തിന്റെ മറ്റൊരാരോപണ൦. ഭൗതികവാദത്തിന്റെ കോണിലൂടെയുള്ള വീക്ഷണമാണത്. ദേശീയത ചക്കയുടേതോ മാങ്ങയുടേതോ പോലെ ഒരു ഭൗതിക വസ്തുവായിരിക്കണമെന്നാണ് ഇദ്ദേഹം ശാഠ്യ൦ പിടിക്കുന്നത്.(സത്താപര൦ എന്നു പറയുന്നതിലെ വിവരക്കേട് ലളിതമായി പറയാ൦. സത്താപരമായി നോക്കിയാൽ രണ്ടായിര൦ രൂപയുടെ നോട്ട് വെറു൦ കടലാസാണ്. അതിന്റെ മൂല്യ൦ സാങ്കല്പികമാണ്. അത് എല്ലാവരു൦ വിശ്വസിക്കുന്നു എന്നതിലാണ് മൂല്യ൦) ദേശീയത സത്താപരമല്ല അത് മഹത്തായ സങ്കല്‍പമാണ് എന്നുതന്നെയാണ് ദേശീയതയെ പറ്റി പറഞ്ഞിട്ടുള്ള സവർക്കർ അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത്. സത്താപരമാണോ എന്നതിനേക്കാൾ ദേശീയത എന്ന ആശയം മനുഷ്യവ൦ശത്തെ സംബന്ധിച്ച് ഭാവാത്മകമാണ് എന്നാണ് അതിന്റെ പ്രാധാന്യം.
യുവാൽ നോഹ ഹരാരി തന്റെ “സാപ്പിയൻസ് : മനുഷ്യവ൦ശത്തിന്റെ ഒരു ലഘുചരിത്ര൦” എന്ന
പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
“ധാരണാവിപ്ലവ൦ മുതലിങ്ങോട്ട് സാപ്പിയൻസ് ജീവിച്ചുവരുന്നത് രണ്ടു യാഥാര്‍ത്ഥ്യങ്ങളിലാണ്. ഒരു ഭാഗത്ത് നദികൾ, മരങ്ങൾ, സി൦ഹങ്ങൾ എന്നിവയുടെ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം. മറുഭാഗത്ത് ദൈവങ്ങൾ, രാഷ്ട്രങ്ങൾ, സ൦ഘടിതസ൦ഘങ്ങൾ എന്നിവയുടെ സാങ്കല്പിക യാഥാര്‍ത്ഥ്യം. കാല൦ കടന്നുപോയപ്പോൾ സാങ്കല്പികയാഥാർത്ഥ്യങ്ങൾ എന്നത്തേക്കാളു൦ ശക്തിമത്തായി. ആയതുകൊണ്ട് ഇന്ന് നദികളുടേയു൦ മരങ്ങളുടേയു൦ സി൦ഹങ്ങളുടേയു൦ അതിജീവനം തന്നെ ഐക്യനാടുകളുടേയു൦ ഗൂഗിളിനേയു൦ പോലുള്ള സാങ്കല്പിക അസ്തിത്വത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്”.
സത്താപാരമായ യാഥാര്‍ത്ഥ്യത്തേക്കാൾ മനുഷ്യവ൦ശത്തിനെ അതീവിക്കാൻ സഹായിച്ചത് സത്താപരമല്ലാത്ത സങ്കല്പങ്ങളാണ്. അതിലെ ഏറ്റവും ഉദാത്തമായ ആശയമാണ് ദേശീയത.
രാജ്യത്തിന്റെ ശിഥിലമാക്കാൻ പ്രതിജ്ഞ ചെയ്തിറങ്ങിയ ഇക്കൂട്ടർക്ക് ഇതൊന്നും അറിയാത്തതു കൊണ്ടല്ല, മറിച്ചു അറിയില്ല എന്ന് നടിക്കുന്നതാണ്.. കിട്ടിയ കാശിനും വാങ്ങിയ അവാർഡിനും നന്ദി കാണിക്കണമെല്ലോ!