ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് സുപ്രധാനമായ ഒരു വാർത്ത ശ്രവിച്ചാണ് ഇന്ത്യക്കാർ, അല്ലെങ്കിൽ ലോകം തന്നെയും, ദിവസം തുടങ്ങിയത്. അന്നേ ദിവസം നേരം പുലരുന്നതിന് മുൻപ് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പാക് അധീന കാശ്‌മീരിലുള്ള തീവ്രവാദ കാമ്പുകൾ ആക്രമിച്ച വാർത്തയായിരുന്നു അത്. സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു ആ യുദ്ധമുറയുടെ സൈനിക ഭാഷ്യം. മലയാളത്തിൽ മിന്നൽ ആക്രമണം എന്ന് പറയാം. പ്രത്യേക പരിശീലനം സിദ്ധിച്ച സൈനിക വിഭാഗം- ഇവിടെ ഇന്ത്യൻ ആർമിയുടെ പാരാട്രൂപ്പേഴ്‌സ് എന്ന വിഭാഗം-യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രിയുടെ മറവിൽ മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്ന് ഏതാനും മണിക്കൂറുകൾകൊണ്ട് ദൗത്യം പൂർത്തിയാക്കി നേരം പുലരുന്നതിന് മുൻപ് തിരിച്ചു വരുന്നതിനെയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് പറയുന്നത്.
ഒസാമ ബിൻ ലാദനെ പിടിക്കാനായി മുന്പ് പാക്കിസ്ഥാനിൽ തന്നെ യുഎസ് നേവി സീൽസ് 2011ൽ നടത്തിയ ആക്രമണം ആണ് സർജിക്കൽ സ്‌ട്രൈക്കിന്റെ മറ്റൊരുദാഹരണം.
എല്ലാ വ്യത്യാസങ്ങളും മറന്ന് രാജ്യം ഒന്നായി ആ വാർത്തയെ ഹർഷാരവങ്ങളോടെ ഏറ്റെടുത്തു. ഒരു യുദ്ധം ജയിച്ചാലെന്ന പോലെ രാജ്യം മുഴുവൻ ദേശാഭിമാനത്തിൽ പുളകം കൊണ്ട ദിവസങ്ങൾ ആയിരുന്നു അത്. പക്ഷെ പെട്ടെന്ന് ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളുടെ ഭാവം മാറി. ഈ ഓപ്പറേഷനിൽ സൈന്യത്തിന്റെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് അവർ പെട്ടെന്ന് ചുവട് മാറി. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ കാര്യങ്ങൾ നീക്കുന്നതിൽ തുടക്കം മുതൽ തന്നെ അസാമാന്യ കൈയ്യടക്കം കാണിച്ച സർക്കാരിന് പിന്നീടെങ്ങനെയാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനം.
ഒരു ചെറിയ ഫ്ളാഷ്ബാക്ക്:
കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 9ന്, ഇന്ത്യൻ ആർമി മ്യാന്മാർ അതിർത്തികടന്ന് അവിടെ തമ്പടിച്ചിരുന്ന നാൽപതോളം തീവ്രവാദികളെ വധിച്ച് തിരിച്ചു വരുന്നു. മറ്റൊരു രാജ്യത്തിന്റെ അതിർത്തികടന്നു നമ്മുടെ സൈന്യം നടത്തിയ ആദ്യത്തെ ഹൈ-പ്രൊഫൈൽ മിന്നൽ ആക്രമണം അഥവാ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു അത്. രണ്ട് ദിവസം മുൻപ് മണിപ്പൂരിൽ 18 സൈനികരെ കൊന്ന് മ്യാന്മാറിൽ കടന്ന നാഗാ തീവ്രവാദികളെയാണ് അന്ന് ഇന്ത്യൻ സൈന്യം പുറകെ പോയി വക വരുത്തിയത്. പിറ്റേന്ന് പാകിസ്ഥാന്റെ ഒരു പ്രസ്താവന വന്നു, ‘മ്യാന്മാർ അല്ല പാകിസ്ഥാൻ’ എന്ന്. വരാനുള്ളത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ, ഇന്ത്യക്ക് മറ്റ് 6 അയൽരാജ്യങ്ങൾ ഉണ്ടായിട്ടും അവർക്കൊന്നും തോന്നാത്ത ഭയം പാകിസ്ഥാന് അന്ന് തോന്നി.
ഈ വർഷം ജനുവരി രണ്ടിന് പാക്കിസ്ഥാൻ തീവ്രവാദികൾ പഞ്ചാബിലെ പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ആക്രമിക്കുന്നു. സകല രാഷ്ട്രീയ മര്യാദകളും മറന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനായി ആ അവസരം വിനിയോഗിച്ചു. 56 ഇഞ്ചിന്റെ പൊങ്ങച്ചം എവിടെപ്പോയി അന്നായിരുന്നു അവരുടെ പ്രധാന പരിഹാസം. പുറത്തു നിന്നുള്ള ആക്രമണം നേരിടുമ്പോൾ പരസ്പരമുള്ള രാഷ്ട്രീയ വൈര്യം മറന്ന് ഒന്നിച്ചു നിൽക്കണമെന്ന അടിസ്ഥാനതത്വം അന്ന് പലരും മറന്നു.
ഈ മാസം സപ്തംബര്‍ 18ന് കാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നു. രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുന്നു. സർക്കാരിനുമേൽ സമ്മർദ്ദമേറുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം:
പാകിസ്ഥാൻ ഇന്ത്യയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ പരാജയ പാരമ്പരകളിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു 1999ലെ കാർഗിൽ യുദ്ധത്തിലെ പരാജയം. 1947, 1965, 1971 എന്നീ വർഷങ്ങളിലായി നടന്ന യുദ്ധങ്ങളിലെ ഏറ്റവും പുതിയതായിരുന്നു കാർഗിലിലേത്. ഇതിൽ മൂന്നും കാശ്മീർ പിടിച്ചെടുക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ ആയിരുന്നുവെങ്കിൽ 1971ലേത് ബംഗ്ലാദേശിനെ പാകിസ്ഥാനിൽ നിന്ന് അടർത്തി മാറ്റുന്നതിലാണ് കലാശിച്ചത്. പരാജയപ്പെട്ട ഈ നാല് യുദ്ധങ്ങൾക്ക് ശേഷം സ്വന്തം സൈന്യത്തെ ഉപയോഗിച്ചുള്ള നേരിട്ടുള്ള ആക്രമണത്തിന് പകരം തീവ്രവാദികളെ പരിശീലിപ്പിച്ച് ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്തുക എന്ന തന്ത്രം ആണ് പാകിസ്ഥാൻ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കാര്യമായി തിരിച്ചടിക്കാൻ ഇന്ത്യക്കിതുവരെ സാധിച്ചിരുന്നില്ല. അതിൽ ഇന്ത്യക്കാർക്ക് പ്രതേകിച്ച് ഇന്ത്യൻ സൈന്യത്തിന് കാര്യമായ അതൃപ്തിയാണുണ്ടായിരുന്നത്. ഈ അടുത്ത കാലത്തായി തീവ്രവാദി ആക്രമങ്ങൾ വിവിധ ഇന്ത്യൻ സേനകൾക്കെതിരെയായിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
സർവ്വ സന്നാഹ-സജ്ജമായിരുന്നിട്ടും രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം ഒന്ന് കൊണ്ട് മാത്രം നിരാശയും അമർഷവും കടിച്ചമർത്തി നാളുകൾ തള്ളി നീക്കേണ്ടി വന്നു ഇന്ത്യൻ സൈന്യത്തിന്. 2008ലെ മുംബൈ ആക്രമണം മുതൽ, 2013 ജനുവരിയിൽ ഇന്ത്യൻ സൈനികന്റെ തലയറുത്ത് കൊണ്ട് പോയ സംഭവം മുതൽ, ഇക്കൊല്ലം തുടക്കത്തിൽ ഉണ്ടായ പത്താൻകൊട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം മുതൽ ഇക്കഴിഞ്ഞ ഉറി സൈനിക ക്യാമ്പ് ആക്രമണം വരെ എത്തി നിൽക്കുന്നു ഇന്ത്യൻ ആർമിയുടെ ആ ഇച്ഛാഭംഗം. വർഷങ്ങളായി കുമിഞ്ഞു കൂടിയ അവരുടെ ആ നിരാശ തീർക്കാൻ, കാലങ്ങളായി മുറിവേറ്റു കൊണ്ടിരിക്കുന്ന അവരുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാൻ ഒരു അവസരം കൊടുക്കാൻ പുതിയ സർക്കാർ തീരുമാനിച്ചതാണ് ഇപ്പോഴുണ്ടായ സർജിക്കൽ സ്ട്രൈക്ക് അഥവാ ഇന്ത്യൻ സൈന്യം നടത്തിയ അഭിമാനാർഹമായ അതിർത്തി കടന്നുള്ള മിന്നലാക്രമണം.
ഐക്യരാഷ്ട്രസഭയിൽ സുഷമാ സ്വരാജിന്റെ പ്രസംഗം കഴിയാൻ കാത്തു നിന്നതു മുതൽ, രാഷ്ട്രീയക്കാരെ ഒഴിവാക്കി DGMOയെ കൊണ്ട് പത്രസമ്മേളനം നടത്തി ഇക്കാര്യം രാജ്യത്തെ അറിയിച്ചതടക്കം, 22 ഓളം വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ വിളിച്ച് വിവരം ധരിപ്പിച്ചതും, രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും സർവകക്ഷി സമ്മേളനം വിളിച്ച് അവരെ കാര്യങ്ങൾ ധരിപ്പിച്ചതും, പാകിസ്ഥാൻ DGMOയെ വിളിച്ച് കാര്യങ്ങൾ അങ്ങോട്ട് നേരിട്ട് പറഞ്ഞതുമടക്കം എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് അതീവ പക്വതയോടെയാണ് സർക്കാർ ഇത് കൈകാര്യം ചെയ്തത്. അമേരിക്കയും, റഷ്യയും, ജർമനിയും, യൂറോപ്യൻ യൂണിയനും, ശ്രീലങ്കയും, ബംഗ്ളദേശും ഇന്ത്യക്ക് അനുകൂലമായി നിലപാടെടുക്കുക കൂടി ചെയ്തതോടെ അത് ഇന്ത്യയുടെ തിളക്കമാർന്ന ഒരു നയതന്ത്ര വിജയമായി മാറി. ഇന്ത്യയുടെ സമ്മർദ്ദതന്ത്രത്തിന്റെ ഫലമായി സാർക്ക് ഉച്ചകോടി മാറ്റി വെക്കേണ്ടി വന്നതടക്കമുള്ള, ആക്രമണത്തിന് മുന്നേയുള്ള പാകിസ്താന്റെ നയതന്ത്ര രംഗത്തെ ഒറ്റപ്പെടൽ തുടർന്നു.
പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തും രക്ഷകരുമായ ചൈനയുടെ ഭാഗത്ത് നിന്ന് പോലും പാകിസ്ഥാനെ അനുകൂലിച്ച് ഒരു പ്രസ്താവന വന്നില്ല എന്നത് അവർ എത്തിപ്പെട്ട ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാക്കുന്നു.
പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പ്രധാനമന്ത്രിയെയും സൈന്യത്തെയും അഭിനന്ദിച്ചു. രാജ്യം ഒറ്റക്കെട്ടായി. രാജ്യത്തെ തെരുവുകളിലും സോഷ്യൽ മീഡിയയിൽ ആഘോഷം പൊടിപൊടിച്ചു. വാജ്‌പേയി സർക്കാരിന്റെ കാലത്തു നേടിയ കാർഗിൽ വിജയത്തിന് ശേഷം അത്തരം ഒരു അവസരം വീണ്ടും വരുന്നത് മറ്റൊരു ബിജെപി സർക്കാരിന്റെ കാലത്തായതുകൊണ്ട്തന്നെ പാർട്ടിപ്രവർത്തകർ തെരുവുകളിൽ ഇത് ആഘോഷിച്ചു. മറ്റൊരു യുദ്ധം വിജയിച്ചാലെന്ന പോലെ അവർ അത് കൊണ്ടാടി. ഇന്ത്യയിൽ ആദ്യമായി അധികാരത്തിൽ വന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ ആണവായുധം പരീക്ഷിച്ച ആ രണോൽസുകത എന്നും ബിജെപിക്കൊപ്പമുള്ളതാണ്.
പക്ഷെ സാധാരണക്കാരായ പ്രവർത്തകരുടെ ആഘോഷങ്ങൾ നടക്കുമ്പോഴും പ്രതിരോധമന്ത്രി മനോഹർ പാരികറിന്റെ സൈന്യത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു ട്വീറ്റ് ഒഴിവാക്കിയാൽ ബിജെപി സർക്കാരിലെ പ്രമുഖർ ആരും തന്നെ അനാവശ്യ കമന്റുകൾക്കോ വീരവാദങ്ങൾക്കോ മുതിർന്നില്ല. പ്രാധാനമന്ത്രി മോഡി പോലും ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഇതിനെക്കുറിച്ചു ഒരക്ഷരം പോലും പറഞ്ഞില്ല. ഇതിനേക്കാൾ വലിയ എന്തോ ഒന്ന് ഇനിയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഊഹങ്ങൾ പരക്കാൻ പോലും പ്രധാനമന്ത്രിയുടെ മൗനം കാരണമായി. ഇങ്ങനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന്റേതായ യാതൊരു അന്തരീക്ഷവും ഇല്ലാതിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാഗത്തു നിന്ന് വിചിത്രമായ ഒരു ആവശ്യം ഉയരുന്നത്. ആർമി നടത്തിയ ഓപ്പറേഷന്റെ തെളിവുകൾ പരസ്യപ്പെടുത്തണമെന്നായിരുന്നു അത്. വീഡിയോ കണ്ടാലേ അദ്ദേഹം വിശ്വസിക്കൂ എന്ന്. മുഖം രക്ഷിക്കാനായി അതുവരെ പാകിസ്ഥാൻ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം അങ്ങനെ ഇന്ത്യക്കകത്തും ഉയർന്നു. പിന്നെ ജെഡിയുവും കോൺഗ്രസ്സും ഇടതുപക്ഷവും അതേറ്റു പിടിച്ചു.
പഞ്ചാബിലും യുപിയിലും തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് രാജ്യം മുഴുവൻ പ്രധാനമന്ത്രി മോദിയുടെ ധീരമായ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതും, അദ്ദേഹത്തിന് പുറകിൽ അണിനിരക്കുന്നതും കണ്ടതിലുള്ള ഭയമായിരിക്കണം മുൻ നിലപാടിൽ നിന്ന് മാറാൻ ഒരുപക്ഷെ കെജ്രിവാളിന് പ്രേരകമായത്. പിന്നെ കണ്ടത് സർക്കാരിനെയും സൈന്യത്തെയും ചോദ്യം ചെയ്യാനുള്ള, സകല സീമകളും ലംഘിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ ലജ്ജാകരമായ മത്സരമാണ്. ആദ്യം മോദിയെ അഭിനന്ദിച്ചവരെല്ലാം പതിയെ ചുവടുമാറ്റാൻ തുടങ്ങി. പ്രധാനമന്ത്രിക്കല്ല സർവ്വ സൈന്യാധിപനായ രാഷ്ട്രപതിക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്ന് തുടങ്ങി, പാകിസ്ഥാൻ ആവശ്യപ്പെടുന്ന പോലെ അവർക്ക് വീഡിയോ കൊടുത്തില്ലെങ്കിൽ വിശ്വസിക്കില്ല എന്നും അവസാനം കോൺഗ്രസിന്റെ വക്താവ് സഞ്ജയ് നിരുപം ഒരു പടികൂടി കടന്ന് സർജിക്കൽ സ്ട്രൈക്ക് വ്യാജം ആണെന്ന് പറയുന്നിടംവരെയെത്തി കാര്യങ്ങൾ.
രാജ്യത്തെ മാധ്യമങ്ങളിൽ നിന്നും, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നിന്നും കെജ്‌രിവാളും കൂട്ടരും കനത്ത ആക്രണമാണ് നേരിട്ടതെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. പാർട്ടി നേതാക്കൾക്ക് മോഡി കൊടുത്ത ശക്തമായ മുന്നറിയിപ്പായിരിക്കണം അതിന് കാരണം.
ഇന്ത്യൻ സൈന്യത്തിനോട് തെളിവ് ചോദിച്ച കെജ്രിവാൾ അതിനിടയിൽ പാക്കിസ്ഥാനിൽ ഒരു ഹീറോ ആയി മാറിയിരുന്നു. പാകിസ്ഥാനിലെ സോഷ്യൽ മീഡിയയിൽ പാക്കിസ്ഥാൻ കെജ്രിവാളിനൊപ്പം എന്ന ഹാഷ് ടാഗ് ദിവസങ്ങളോളം ട്രെൻഡ് ചെയ്തു.
അതോടെ കെജ്രിവാളിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ അടുത്തുവരുന്ന തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകളുമായി നിൽക്കുന്ന സമയത്ത് വന്നുപെട്ട ‘പാകിസ്താൻ ഇമേജിന്റെ’ അപകടത്തിൽ നിന്ന് തലയൂരാൻ വഴിതേടുന്ന കേജ്‌രിവാളിന് മുന്നിലേക്കാണ് സൈന്യത്തിന്റെ വീരമൃത്യവിനെ കച്ചവടം എന്ന് പറഞ്ഞുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി വരുന്നത്. പിന്നെ മാധ്യമ ശ്രദ്ധ മുഴുവൻ രാഹുലിലേക്കായി. ബുദ്ധിമാനായ കെജ്രിവാൾ കിട്ടിയ അവസരം മുതലാക്കി രാഹുൽ പറഞ്ഞത് തെറ്റായിപ്പോയി എന്നും ഇത് പ്രധാനമന്ത്രിക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും പറഞ്ഞു ഒരു പ്രസ്താവന ഇറക്കി കാര്യങ്ങൾ അവസാനിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഈ ‘സെല്ഫ് ഗോളിൽ’ സ്തബ്ധരായ കോൺഗ്രസ് അടക്കം എല്ലാവരുടെയും തെളിവ് ചോദിക്കൽ നാടകവും അതോടെ അവസാനിച്ചു.
അങ്ങനെ ആണവായുധത്തിന്റെ പേരിൽ കുറെ നാളുകളായി പേടിപ്പിച്ചു കൊണ്ടിരുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനായതും, സൈന്യത്തിന്റെ ആത്മവീര്യം വീണ്ടെടുക്കാനായതും, ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ ജനങ്ങളുടെ നുരഞ്ഞു പൊന്തിയ പ്രതികാരവാഞ്ജയെ തൃപ്തിപ്പെടുത്താനായതും, നയതന്ത്ര തലത്തിലെ വലിയ വിജയം നേടാനായതും എല്ലാം ഈ മിന്നലാക്രമണത്തിലൂടെ മോഡി സർക്കാർ നേടിയെടുത്ത നേട്ടങ്ങൾ ആയിരുന്നു. ഇതൊന്നും കൂടാതെ തികച്ചും അപ്രതീക്ഷിതമായി മോഡി സർക്കാരിന് ലഭിച്ച ബോണസായി മാറി പ്രതിപക്ഷകക്ഷികൾ സ്വയം കുഴിച്ച കുഴിയിൽ അവർ തന്നെ വീണത്.
പിഴച്ചത് സർക്കാറിനായിരുന്നില്ല! പിഴച്ചത് പ്രതിപക്ഷത്തിന് തന്നെയായിരുന്നു- സ്വയംകൃതാനർത്ഥം!
Tail Piece: അതിനിടയിൽ തങ്ങളുടെ കാലത്തും ഒരുപാടു സർജിക്കൽ സ്ട്രൈക്കുകൾ നടന്നിരുന്നു എന്ന് പറഞ്ഞ് എ.കെ ആന്റണിയും ചിദമ്പരവും രംഗത്ത് വന്നു. മുൻ-ഡിജിഎംഒ അത് നിഷേധിച്ചതോടെ പ്രതിപക്ഷത്തിന് നാണക്കേടിന്റെ മറ്റൊരധ്യായം കൂടിയായി.
– ബിനോയ് അശോകൻ ചാലക്കുടി
Poster credits : Ratheesh Nandhanam..