കോടിക്കണക്കിനു സിറിയൻ അഭയാർഥികളെ മരിക്കാൻ വിട്ടു കൊണ്ട് അതിർത്തി കൊട്ടിയടച്ചു GCC അറബ് രാജ്യങ്ങളുടെ മനുഷ്യത്വമില്ലായ്മ ..!!!
വിശ്വരാജ്
അയലാൻ കുർദി എന്ന ഈ പിഞ്ചു ബാലൻ ലോകമെമ്പാടും ഉള്ള കണ്ണുകളെ കഴിഞ്ഞ ദിവസങ്ങളിൽ കരയിപ്പിച്ചു കളഞ്ഞു. കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു കുസൃതിക്കുരുന്നായി തോന്നുന്ന ആ കാഴ്ച പക്ഷെ അവൻ മരിച്ചു കിടക്കുന്നതായിരുന്നു . ഉപ്പു വെള്ളം കുടിച്ചു മരിച്ച അവന്റെ ആ പിഞ്ചു ശരീരം ഓളങ്ങൾ മെല്ലെ മെല്ലെ തഴുകി തുർക്കിയിലെ ബോധ്രം കടൽ തീരത്ത് കൊണ്ട് വന്നു കിടത്തി.. ആ കിടപ്പ് കണ്ടു ലോകം കണ്ണ് തുറക്കട്ടെ എന്ന് കരുതിയാവണം. അവന്റെ അമ്മയെയും ജേഷ്ഠനെയും മരണം നേരത്തെ തന്നെ കൊണ്ട് പോയി എങ്കിലും അയലാൻ മാത്രം ആ കടൽ തീരത്ത് ഒറ്റക്ക് വന്നു ചേർന്നു . എന്ത് കൊണ്ടാണ് ആണ് സിറിയൻ പട്ടണമായ കൊബാനിയിലെ അബ്ദുള്ള കുർദിയുടെ പുത്രൻ അയലാൻ കുർദി അങ്ങ് ദൂരെ ദൂരെ യൂറോപ്പിലെ തുർക്കിയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കൊസിലേക്ക് കള്ളക്കടത്ത് കാരുടെ ബോട്ടിൽ കടല് താണ്ടി പലായനം ചെയ്യേണ്ടി വന്നത് ??? എന്ത് കൊണ്ട് സിറിയയിലെ മുസ്ലിം ജനത തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യ , UAE , കുവൈത്ത്, ഖത്തർ , ഒമാൻ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാതെ കടലു താണ്ടി യൂറോപ്യൻ രാജ്യങ്ങളായ തുർക്കി , ഓസ്ട്രിയ, ജെർമ്മനി , ഫ്രാൻസ് , ഇംഗ്ലണ്ട് , എന്തിന് കാനഡ , ലാറ്റിൻ അമേരിക്കൻ രാജ്യങ്ങിലേക്ക് പോലും പോവേണ്ടി വരുന്നത് ?? എന്ത് കൊണ്ട് ഒരു കോടിയോളം പ്രവാസികൾ ഉള്ള സൗദി ജീവനും കൊണ്ട് പലായനം ചെയ്യുന്ന സിറിയൻ ഇസ്ലാമിക സമൂഹത്തിനു നേരെ വാതിൽ കൊട്ടിയടക്കുന്നത് ???
സിറിയ കഴിഞ്ഞ നാല് വർഷമായി യുദ്ധക്കളമാണ് .. ചോരയും ശവശരീരങ്ങളും വെടിയൊച്ചയും ബോംബും കൊണ്ട് സിറിയയുടെ അന്തരീക്ഷം നിറഞ്ഞിരിക്കുന്നു.. എവിടെയും മരണത്തിന്റെ ഗന്ധമാണ് അവിടെ.. മുന്നിൽ കാണുന്ന ആൾ എപ്പോഴാണ് തോക്ക് എടുത്തു നിറയൊഴിക്കുക എന്ന് പറയാൻ കഴിയാത്ത അവസ്ഥ.. ഇസ്ലാമിക് സ്റ്റേറ്റ് (ISIS ) എന്ന ജിഹാദി തീവ്രവാദി സംഘടന ദൈവരാജ്യം സ്ഥാപിക്കാൻ ജിഹാദിനായി കൂട്ടക്കുരുതി നടത്തുന്ന കാഴ്ച ആണ് സിറിയയിൽ കാണുന്നത് . ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികൾ പിഞ്ചു കുഞ്ഞുങ്ങളെ തീയിലിട്ടു ചുട്ടു കൊല്ലുന്നു , നിരപരാധികളെ മുട്ട് കുത്തി നിർത്തി വെടി വച്ച് കൊല്ലുന്നു , കഴുത്ത് ഛെദിച്ചു കൊല്ലുന്നു , പെണ്‍കുട്ടികളെ ചന്തയിൽ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു . ഇതിനിടയിൽ ആണ് മുന്നിൽ കാണുന്ന നിരപരാധികളെ മുഴുവൻ നേരമ്പോക്കിന് എന്ന പോലെ കൊന്നു തള്ളുന്നത് … UN കണക്കുകൾ പ്രകാരം ഇതിനോടകം സിറിയയിൽ 3 ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. ജനസംഖ്യയുടെ പകുതിയോളം പേർ പലായനം ചെയ്തു കഴിഞ്ഞു.. 7.6 മില്ല്യൻ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ചു ഓടിപ്പോയി, 4 മില്ല്യൻ ജനങ്ങൾ എങ്കിലും മറ്റു രാജ്യങ്ങളിൽ അഭയം തേടി.. ഇജിപ്ത്, ലെബനോണ്‍, തുർക്കി , ഓസ്ട്രിയ, ജെർമ്മനി , ഫ്രാൻസ് , ഇംഗ്ലണ്ട് , ഗ്രീസ് , ജോർദാൻ എന്നീ രാജ്യങ്ങൾ ഒക്കെയും ആ സിറിയൻ ജനതക്ക് അഭയം നൽകിയപ്പോൾ സമ്പന്ന എണ്ണപ്പണ കുത്തക രാജ്യങ്ങൾ ആയ സൗദിയും UAE യും ഒക്കെ ഒരു സിറിയൻ അഭയാർഥിയുടെ കണ്ണീരു പോലും കണ്ടില്ല.. ഇസ്ലാം വിരോധികൾ എന്ന് അറിയപ്പെടുന്ന ഫ്രാൻസ് പോലും ആയിരക്കണക്കിന് അഭയാർഥികളെ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ വിശുദ്ധ രാജ്യം വിശ്വാസികളെ പൂർണ്ണമായും കയ്യൊഴിഞ്ഞു .. ??? എന്ത് കൊണ്ട് ???
മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനപ്രകാരം സൗദി രാജ്യത്ത് 1,10,00,000 പ്രവാസികൾ എങ്കിലും ഉണ്ട്.. UAE യിൽ 78,00,000 പേരും , ഒമാനിൽ 18,92,000 പേരും, ബഹറിനിൽ 6 66,000 പേരും , ഖത്തറിൽ 14,56,000 പേരും കുവൈത്തിൽ 2433,000 അന്യ ദേശക്കാർ ഉണ്ട് എന്ന് കണക്കുകൾ പറയുന്നു.. എന്തിനു പറയുന്നു, സൗദി എന്ന രാജ്യത്തു വീട്ടു വേലക്കായി വിസ ഇഷ്യൂ ചെയ്തിരിക്കുന്നത് 15 ലക്ഷം പേർക്കാണ് , ബഹറിനിൽ 33000 പേർക്കും .. എന്നിട്ട് പോലും സ്വന്തം കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ ഓടി വരുന്ന ഒരു സിറിയൻ കുടുംബത്തിനു പോലും അഭയം നൽകാൻ ഈ സമ്പന്ന അറബ് രാഷ്ട്രങ്ങൾ തയ്യാറാവാത്തത് ലോകരാജ്യങ്ങൾക്കിടയിലും UN പ്രതിനിധികൾക്കിടയിലും പ്രതിഷേധം ഉയരുവനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്… പല പ്രമുഖരും ഈ ക്രൂര പ്രവൃത്തിയെ വിമർശിച്ചു തുടങ്ങിയിരിക്കുന്നു .. അത് കൊണ്ടാവണം ഈ അതിസമ്പന്ന രാജ്യങ്ങൾ UN ഫണ്ടിലേക്ക് പണം ഒഴുക്കി ഈ ദുഷ്പേര് മായ്ക്കാൻ ശ്രമിക്കുന്നത് .. എത്ര പണം വേണമെങ്കിലും ഒഴുക്കാൻ ഉള്ളവർക്ക് അതിനു മുട്ടുണ്ടാവില്ലല്ലോ … പക്ഷെ ജീവൻ രക്ഷിക്കാൻ പണത്തിനു കഴിയില്ല എന്നത് മനസ്സിലാക്കുന്നില്ല ഇവർ ..
സിറിയ എന്ന രാജ്യം പക്ഷെ 1975 മുതൽ ലെബനീസ് അഭയാർഥികൾക്കും , 2003 മുതൽ ഇറാഖികൾക്കും , 1990 കളിൽ കുവൈത്ത് യുദ്ധം നടന്നപ്പോൾ കുവൈത്ത് ജനതക്കും വേണ്ടി അവരുടെ അതിർത്തികൾ തുറന്നു കൊടുത്തവർ ആണ് എന്നത് മേൽപറഞ്ഞ സമ്പന്ന ഇസ്ലാമിക രാഷ്ട്രങ്ങൾ മറക്കുന്നു .. സുന്നി – ഷിയാ എന്ന ഇസ്ലാമിലെ ജാതി തർക്കം ഒരു ലോകമഹായുദ്ധത്തിലേക്ക് തന്നെ നീങ്ങുന്ന സാഹചര്യത്തിൽ ഓടി വരുന്ന അഭയാർഥികളിൽ ISIS ന്റെയും ലഷ്കർ തുടങ്ങിയ തീവ്രവാദി സംഘടനകളിലെ അംഗങ്ങൾ ഉണ്ടാവും എന്നത് ഉറപ്പാണ്.. ഈ അഭയാർഥികളെ സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളും മറ്റുള്ളവരും എല്ലാം ഈ അപകടത്തെ പറ്റി വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെയാണ് മനുഷ്യത്വം എന്ന ഒറ്റ വികാരത്തിന്റെ പേരിൽ സിറിയൻ ജനതക്ക് അഭയം കൊടുക്കുന്നത്.. ഷരിയ നിയമം നടപ്പിലാക്കണം എന്ന് പറഞ്ഞു കൊണ്ട് അടുത്തിടെ ഇംഗ്ലണ്ടിൽ വൻ കലാപം ഉണ്ടാക്കാൻ ശ്രമിച്ചവർ ഈ തരത്തിൽ കുടിയേറിയവർ ആണ് . യൂറോപ്പിലേക്കുള്ള ഈ അഭയാർഥി പ്രവാഹത്തിനിടയിൽ ISIS , ലഷ്കർ , അൽ കൊയ്ദ അംഗങ്ങൾ നുഴഞ്ഞു കയറുകയും, ഈ പറഞ്ഞ അമുസ്ലിം യൂറോപ്യൻ രാജ്യങ്ങളിലേക്ക് അത് വഴി ജിഹാദികളെ കയറ്റി വിടുകയും ചെയ്യാം എന്ന മറ്റൊരു ലക്ഷ്യവും ഈ തീവ്രവാദി സംഘടനകൾ അതിനിടയിൽ നടപ്പാക്കുന്നുണ്ട് … ഈ സ്ലീപ്പർ സെല്ലുകൾ പിന്നീടു ആവശ്യ സമയത്ത് അതാത് രാജ്യങ്ങളിൽ മനുഷ്യ ബോംബുകളും തീവ്രവാദ സംഘടനകളുടെ റിസോർസ് പോയന്റുകളും ആയി മാറുന്ന കാഴ്ച നാം കാണുന്നുമുണ്ട് .. മികച്ച സെക്ക്യുരിട്ടി സംവിധാനങ്ങളെ മറി കടന്നു കൊണ്ട് ഈ രാജ്യ അതിർത്തിക്കുള്ളിൽ കടക്കാൻ കഴിയില്ല എന്നിരിക്കെ, ഈ അഭയാർഥി ഒഴുക്കിൽ അലിഞ്ഞു ചേരുക എന്നതിനേക്കാൾ മികച്ച ഏതു വഴിയാണ് തെരഞ്ഞെടുക്കാൻ ഉള്ളത് .. ???.. ഈ അപകടം മുൻകൂട്ടി കണ്ടു കൊണ്ടാണോ സമ്പന്ന അറബ് എണ്ണ രാഷ്ട്രങ്ങൾ അഭയാർഥികളെ സ്വീകരിക്കാൻ മടിക്കുന്നത് … ???
അമേരിക്കയുടെ സൃഷ്ടി ആണ് ISIS എന്ന് പരക്കെയുള്ള പറച്ചിൽ മുഖവിലക്കെടുക്കാം എങ്കിൽ സൗദിയുടെ ഈ നടപടി അങ്ങേയറ്റം അപലപനീയവും ദുഷ്ടലാക്കും കൂടി ഉള്ളതാണ് എന്ന് പറയേണ്ടി വരും.. സൗദി എന്ന രാജ്യത്തിൻറെ എണ്ണ സമ്പത്തും അതിന്റെ ഭരണനിയന്ത്രണം വരെ അമേരിക്ക ആണ് എന്നത് രഹസ്യമല്ലാത്ത പരസ്യം ആണ്… അമേരിക്കയുടെ സമ്മതം ഇല്ലാതെ സൗദി ഒരടി പോലും മുന്നോട്ട് വക്കില്ല എന്നതും വസ്തുതയാണ് .. ഇസ്ലാമിന് തന്നെ കളങ്കം ആയി മാറിക്കൊണ്ടിരിക്കുന്ന ISIS നെ സൗദി അപലപിക്കുന്നും ഇല്ല, ശക്തമായ സൗദി സൈന്യം ISIS എന്ന തൃണതിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നും ഇല്ല , എന്നാൽ ISIS സൗദിയെ ആക്രമിക്കാനും ശ്രമിക്കുന്നില്ല.. ഒരു നിഴൽ കരാറിൽ അങ്ങനെ പോകുന്നു അവർ .. .. ഈ അറബ് രാജ്യങ്ങളുടെ സൈനിക സഹകരണം കൊണ്ട് ഇല്ലാതാക്കവുന്നത്തെ ഉള്ളൂ യദാർത്ഥത്തിൽ ഈ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ജിഹാദി വിഷ വൃക്ഷം … എപ്പോഴൊക്കെ സൗദി എന്ന രാജ്യത്തിന് അപകടം ഉണ്ടാവും എന്ന ഘട്ടം വരുമ്പോൾ ഒക്കെ അവിടെ അമേരിക്ക ഉണ്ടാവും.. ലോകത്തിലെ എണ്ണ എന്ന കറുത്ത സ്വർണ്ണത്തിന്റെ നിയന്ത്രണം എന്നും തങ്ങളുടെ കയ്യിൽ തന്നെ എന്ന് അമേരിക്ക ഉറപ്പിക്കുന്നു.. അമേരിക്കയുടെ എണ്ണ സമ്പത്ത് ഇത് വരെ 10% പോലും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഈ ഭീഷണിയുടെ മറ്റൊരു വേർഷൻ … ലോക എണ്ണ വിപണിയിൽ അമേരിക്ക വിചാരിച്ചാൽ സൗദിയുടെ ആധിപത്യം എന്നന്നേക്കും ആയി അവസാനിപ്പിച് കൊടുക്കാൻ കഴിയും എന്ന് സൗദി അറേബ്യക്ക് അമേരിക്ക നല്ലവണ്ണം ബോധ്യപ്പെടുത്തി കൊടുത്തിട്ടും ഉണ്ട്.. ശരിക്കും പറഞ്ഞാൽ ലോകത്തിലെ ഏറ്റവും കപടതയുള്ള രാജ്യമാണ് സൗദി .. അവരുടെ നിഴൽ പറ്റി ആയിരിക്കാം മറ്റു 5 അറബ് രാജ്യങ്ങളും അതിർത്തികൾ കൊട്ടിയടച്ചത് . അഭയാർഥികളെ സ്വീകരിക്കാനും അവർക്ക് ജീവിത സാഹചര്യങ്ങൾ ഒരുക്കാനും ഉള്ള ഐക്യരാഷ്ട്ര സഭയുടെ United Nations Refugee Convention Agreement – 1951 ഈ അറബ് രാജ്യങ്ങൾ ഒപ്പ് വക്കാതത് കൊണ്ടാണ് അഭയാർഥികളെ സ്വീകരിക്കാൻ സാധിക്കാത്തത് എന്നത് പൊള്ളയായ വാദമാണ് .. ജനാധിപത്യ രാജ്യങ്ങൾ ആയ യൂറോപ്യൻ രാജ്യങ്ങൾ അവരവരുടെ ഇമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതി ആണ് മനുഷ്യത്വത്തിന്റെ പേരിൽ അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായത് . അപ്പോൾ രാജഭരണം നിലനിൽക്കുന്ന, ഇസ്ലാമിക ശരിയത്ത് നിയമം ആയി ഉള്ള ഈ അറബ് രാജ്യങ്ങൾ ഇസ്ലാമിക അഭയാർഥി സമൂഹത്തിന്റെ രക്ഷക്ക് വേണ്ടി നിയമം ഭേദഗതി ചെയ്യുന്നില്ല എന്നത് തികഞ്ഞ കാപട്യമാണ് എന്ന് തന്നെ പറയേണ്ടി വരും …
ഒരു അയലാൻ കുർദിയെ മാത്രമേ ലോകം കാണുന്നുള്ളൂ , ഇത് വരെ ആ കടല് കടക്കുന്നതിനിടെ മുങ്ങി മരിച്ച ലക്ഷക്കണക്കിന് അയലൻ കുർദിമാരെ ലോകം കണ്ടിട്ടില്ല.. അവരെ എല്ലാം രക്ഷിക്കാമായിരുന്നു എന്ന് മാത്രമേ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ .. ഇസ്ലാമിക വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് ജീവിക്കുന്ന ഒരു ജനതയ്ക്ക് നേരെ വിശുദ്ധ രാജ്യവും എണ്ണ സമ്പന്ന ഇസ്ലാമിക അറബ് രാജ്യങ്ങളും വാതിൽ കൊട്ടിയടച്ചു പാവങ്ങളെ , നിരപരാധികളെ മരണത്തിനു എറിഞ്ഞു കൊടുക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണോ ??? ലോകജനത ഉണരട്ടെ .. ഇനി അയല്ലാൻ കുർദി പോലുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ ശവശരീരങ്ങൾ ഒരു കടൽ തീരത്തും അടിയാൻ ഇട വരാതിരിക്കട്ടെ … ഇസ്ലാമിക് സ്റ്റേറ്റ് (ISIS) എന്ന ക്രൂരന്മാരായ ജിഹാദികൾക്കെതിരെ ലോകജനത ഒറ്റക്കെട്ടായി ആഞ്ഞടിക്കേണ്ട സമയമായി … ISIS എന്ന വിഷപാമ്പിനെ കൂടുതൽ വിഷം വമിക്കുന്നതിനു മുന്നേ തല്ലി കൊന്നു കളയാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണം .. അമേരിക്കൻ സൃഷ്ടി ആയാലും ജൂതന്മാരുടെ സൃഷ്ടി ആയാലും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ജിഹാദികൾ ലോകസമാധാനത്തിനു എതിരാണ് .. ആ ആശയം താമസ്കരിക്കപ്പെടണം …
സമർപ്പണം :: ഓടി വന്നവരേയും വിരുന്നു വന്നവരേയും യാചിച്ചു വന്നവരേയും മതവും സംസ്കാരവും നോക്കാതെ അമ്മയെപ്പോലെ ഇരുകയ്യും നീട്ടി സ്വീകരിച്ചു ഓമനിച്ചു ഊട്ടി വളർത്തി എല്ലാ അവകാശവും സ്വാതന്ത്ര്യവും കൊടുത്തു വളർത്തി വലുതാക്കിയ എന്റെ രാജ്യമാണ് ഭാരതം .. ക്രിസ്ത്യാനിയെയും , ജൂതനെയും, ഇസ്ലാമിനെയും, ബുദ്ധനെയും ജൈനനെയും, പാഴ്സിയെയും , സിംഹളനെയും എല്ലാവരെയും ആ ഭാരതം എന്ന അമ്മ ചേർത്ത് പിടിച്ചു വളർത്തി . ഭാരതത്തിൽ കുടിയേറിയ അഭയാർഥികളിൽ പ്രത്യേകിച്ച് പാർസികൾ ഭാരതത്തിന്റെ വളർച്ചക്ക് അതുല്യ സംഭാവനകൾ നൽകിയവരാണ്.. ടാറ്റ പോലുള്ള പാർസി കുടുംബങ്ങൾ ഇന്ന് ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ പങ്കാളികൾ ആണ്.. കൂടാതെ ഇന്ത്യയിലേക്ക് കുടിയേറിയ ജൂത സമൂഹത്തെ കൊണ്ട് നാളിത് വരെ ഇന്ത്യ എന്ന രാജ്യത്തിന് ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടായിട്ടില്ല എന്നതും വസ്തുത ആണ്.. ലോകം മുഴുവൻ ജൂത സമൂഹത്തെ അവരുടെ നാട്ടിൽ നിന്ന് പട്ടികളെ പോലെ ആട്ടിയിറക്കി വിട്ടപ്പോഴും ഭാരതം അവർക്കും ത ചായ്ക്കാൻ ഇടം കൊടുത്തു, ബഹുമാനവും സഹായവും കൊടുത്തു.. അതിന്റെ നന്ദി ഇസ്രയേൽ എന്ന രാജ്യം ഭാരതത്തിനോട് കാണിക്കുന്നുണ്ട് ….. . എന്നാൽ ആാ അമ്മയുടെ ശിരസ്സ് പിളർത്തി കൊണ്ട് മതത്തിന്റെ പേരിൽ ഭാരതത്തെ വെട്ടി മുറിച്ചു കളഞ്ഞു .. ആ അറ്റ് പോയ പാകിസ്താൻ ഇന്നും ഈ മണ്ണിൽ വിദ്വേഷത്തിന്റെയും പകയുടെയും വിത്ത് മാത്രം പാകി മുളപ്പിക്കുന്നു .. പക്ഷെ സർവ്വം സഹയായ എന്റെ ഭാരതം ഇനിയും എല്ലാവരെയും സ്വീകരിക്കാൻ ഇന്നും തയാറാണ്.. പക്ഷെ ഒന്ന് മാത്രം — പിന്നിൽ ഒളിപ്പിച്ച ആയുധവുമായി , ചതിക്കാനായി ഈ മണ്ണിൽ ഇനിയും കടന്നു വന്നാൽ മറക്കണ്ട , ആ അമ്മയുടെ മക്കൾ ഇന്ന് വളർന്നു വലുതായി കഴിഞ്ഞു …
Ref :::
http://circanews.com/news/syria-refugee-crisishttp://www.theguardian.com/global-development/2015/jul/09/syria-refugees-4-million-people-flee-crisis-deepenshttp://www.bbc.com/news/world-middle-east-34132308http://www.dailymail.co.uk/news/article-3222405/How-six-wealthiest-Gulf-Nations-refused-single-Syrian-refugee.htmlhttp://www.ibtimes.co.uk/syria-crisis-wealthy-gulf-states-deny-famed-arab-hospitality-refugees-1518310http://www.lowyinterpreter.org/post/2015/09/02/Syrian-refugees-and-the-Gulf-states-lack-of-charity.aspxhttps://refugeeresettlementwatch.wordpress.com/2015/09/02/why-should-useurope-take-syrian-refugees-while-gulf-arab-states-take-zero/http://carnegieendowment.org/syriaincrisis/?fa=57499http://www.independent.co.uk/news/world/europe/aylan-kurdi-little-boy-whose-tragic-death-changed-britains-response-to-the-refugee-crisis-laid-to-rest-in-kobani-10486655.htmlhttp://www.hindustantimes.com/world-news/they-died-in-my-arms-one-by-one-aylan-kurdi-s-father/article1-1387272.aspxhttp://www.mercycorps.org/articles/turkey-iraq-jordan-lebanon-syria/quick-facts-what-you-need-know-about-syria-crisishttp://www.frontpagemag.com/fpm/260025/why-did-oil-rich-arab-countries-abandon-muslim-nonie-darwishhttp://www.shopclues.com/micromax-canvas-juice-2-aq5001-silver-8gb-rom-2gb-ram-1.html