ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘റയീസ്‘ ന്റെ ട്രെയിലർ കഴിഞ്ഞ വര്ഷം അവസാനത്തോടെ തന്നെ പുറത്തിറങ്ങിയിരുന്നു. ഒറ്റ നോട്ടത്തിൽ മറ്റ് മസാല/ആക്ഷൻ ചിത്രങ്ങൾക്ക് സമാനമാണെന്ന് തോന്നാമെങ്കിലും റയീസിന് എടുത്ത് പറയാൻ ഒരു പ്രത്യേകതയുണ്ട്. റയീസ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നൊരു സിനിമയാണ്.
വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതും പുസ്തകങ്ങൾ രചിക്കുന്നതുമെല്ലാം മുൻപും നടന്നിട്ടുള്ള സംഭവങ്ങളാണെങ്കിൽക്കൂടി, ബോളിവൂഡിൽ ഇത്രയും സ്റ്റാർ വാല്യൂ ഉള്ള ഷാരൂഖിനെ പോലൊരാൾ ടൈറ്റിൽ റോൾ ചെയ്യാനും മാത്രം എന്ത് മഹത്വമാണ് ആ വ്യക്തിക്കുള്ളത് എന്നറിയാൻ ഒരു കൗതുകം തോന്നി. അങ്ങനെ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞ കുറച്ചു കാര്യങ്ങൾ ഇവിടെപ്പറയാം.
റയീസ് എൺപതുകളിലും തൊണ്ണൂറുകളിലും ഗുജറാത്തിലെ പേടിസ്വപ്നമായിരുന്ന ‘അബ്ദുള് ലത്തീഫ്’ എന്ന അധോലോക നായകൻറെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ്.
1951 ൽ ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള കാലൂപ്പൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുള് ലത്തീഫിന്റെ ജനനം. ഒരു ദരിദ്ര കുടുംബത്തിലെ ഏഴു മക്കളിലൊരാളായി ജനിച്ച ലത്തീഫിന് വീട്ടിലെ പ്രാരാബ്ധം കാരണം സ്ക്കൂള് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിച്ചില്ല.
ലത്തീഫിന്റെ അച്ഛന് പുകയില കച്ചവടമായിരുന്നു. അച്ഛനെ സഹായിക്കാനായി അയാളും കടയിൽ ജോലി ചെയ്യുമായിരുന്നെങ്കിലും, കൂടുതൽ പണം ആവശ്യപ്പെട്ടു കൊണ്ട് ലത്തീഫ് തന്റെ അച്ഛനുമായി കലഹിക്കുന്നത് ഒരു പതിവായിരുന്നു. അങ്ങനെയൊരു കലഹത്തിനൊടുവിൽ ലത്തീഫ് വീടുവിട്ടിറങ്ങുകയും സ്വന്തം വഴി ഒറ്റക്ക് തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്നയാളുടെ പ്രായം ഇരുപതു വയസായിരുന്നു.
തന്റെ ചേരിയിൽ ചൂതാട്ട കേന്ദ്രം നടത്തുന്ന ‘അള്ളാ രഖാ’ എന്ന വിളിപ്പേരുള്ളയാളിനെ ലത്തീഫ് ഈ സമയത്ത് പരിചയപ്പെട്ടു. അയാൾക്ക് ചെറിയ രീതിയിലുള്ള കള്ളക്കടത്തുണ്ടായിരുന്നു. അള്ളാ രേഖാ ലത്തീഫിനെ തന്റെ സഹായിയായി കൂടെ കൂട്ടി. അവിടെ നിന്നാണ് ലത്തീഫ് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാലപാഠങ്ങൾ പഠിക്കുന്നത്. അള്ളാ രഖായോടൊപ്പം പക്ഷ ലത്തീഫ് അധിക കാലം നിന്നില്ല. അയാളെ ചതിച്ച് എതിർ ചേരിയിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ ചേർന്നെങ്കിലും ഒരു മോഷണക്കുറ്റത്തിന്റെ പേരിൽ അവരുമായും വേർപിരിയേണ്ടി വന്നു. അതോടെ ഈ രണ്ടു സ്ഥലങ്ങളിൽ നിന്നും ലഭിച്ച പ്രവർത്തി പരിചയവും പരിമിതമായ അറിവും വെച്ച് കൊണ്ട് തന്നെ ചെറിയ രീതിയിലുള്ള വ്യാജ മദ്യക്കച്ചവടവും കള്ളക്കടത്തും തുടങ്ങാൻ ലത്തീഫ് തീരുമാനിച്ചു.
ലത്തീഫ് എന്ന അധോലോക നായകൻറെ പിന്നീടങ്ങോട്ടുള്ള വളർച്ച അതിവേഗത്തിലായിരുന്നു. കള്ളു കച്ചവടത്തിൽ നിന്നും മറ്റു കുറ്റ കൃത്യങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും, തീവ്രവാദ പ്രവർത്തനങ്ങളിലേയ്ക്കും വരെ ലത്തീഫ് ചുരുങ്ങിയ സമയം കൊണ്ട് കടന്നിരുന്നു.
രാഷ്ട്രീയത്തിലും പോലീസ് ഡിപ്പാർട്മെൻറ്റിലും മറ്റും അന്നധികാരത്തിലുണ്ടായിരുന്ന പലരെയും വിലക്കെടുക്കാൻ ലത്തീഫിന് കഴിഞ്ഞു. അവരിലുണ്ടായിരുന്ന സ്വാധീനം അയാൾക്ക് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണയാവുകയും ചെയ്തു. അങ്ങനെ പണത്തിനായി ആളുകളെ ലത്തീഫും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടു പോവുകയും കവർച്ച നടത്തുകയും കൊല്ലുകയും ചെയ്യുന്നത് ഒരു പതിവാക്കി.
ഇതിനിടക്കാണ് ലത്തീഫിന്റെ രാഷ്ട്രീയത്തിലുള്ള താല്പര്യം ഉടലെടുക്കുന്നത്. എന്നാൽ ഒരു രാഷ്ട്രീയ ജീവിതത്തിന് തന്റെ ഇപ്പോഴുള്ള ‘ഇമേജ്’ ഒരു തടസ്സമാകുമെന്ന് മനസ്സിലാക്കിയ ലത്തീഫ് തദ്ദേശീയരായ മുസ്ലീമുകളെ കയ്യിലെടുക്കാനായി വർഷങ്ങൾ കൊണ്ട് ഒരു ‘റോബിൻ ഹുഡ്’ ഇമേജ് സൃഷ്ടിച്ചെടുത്തു.
മറ്റു അധോലോക ക്രിമിനൽ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ലത്തീഫിന്റെ ഗ്യാങിലെ അംഗങ്ങൾ മുസ്ലീമുകൾ മാത്രമായിരുന്നു എന്ന് പറയപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി മതത്തിനെ മറയാക്കിയും പ്രദേശവാസികൾക്ക് പണം നൽകിയും മറ്റും അയാൾ ആ പ്രദേശത്ത് ഭൂരിപക്ഷമുണ്ടായിരുന്ന മതസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചു. ആ ശ്രമം ലത്തീഫ് പ്രതീക്ഷിച്ചതു പോലെ തന്നെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെയ്പ്പിന് സഹായമാവുകയും ചെയ്തു. 87’ലെ തദ്ദേശ തെരഞ്ഞടുപ്പിൽ അഹമ്മദാബാദിലെ അഞ്ചു മുനിസിപ്പൽ വാർഡുകളിൽ ജയിക്കാൻ ലത്തീഫിന് സാധിച്ചു. (ഈ സമയത്ത് അയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു എന്നത് വേറെ കാര്യം). ലത്തീഫ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പു ഫലം അസാധുവാക്കപ്പെട്ടു. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയ ജീവിതം സാധ്യമായില്ലെങ്കിൽ കൂടി മുസ്ലീമുകൾക്കിടയിൽ തനിക്കുള്ള പിന്തുണയും സ്വാധീനവും തെളിയിക്കാൻ അയാൾക്ക് ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു.
കോൺഗ്രസ്സ് ആയിരുന്നു ലത്തീഫുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തിയിരുന്ന പാർട്ടി. അക്കാലത്ത് ഗുജറാത്ത് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ആയിരുന്ന ‘ഹസ്സൻ ലാല’ ലത്തീഫിന്റെ ബാല്യകാല സുഹൃത്തായിരുന്നു. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ലത്തീഫ് പാർട്ടിയിലുള്ള തന്റെ സ്വാധീനം ഉപയോഗിക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ കോണ്ഗ്രസ് പാർട്ടി ലത്തീഫിനെയും ആയുധമാക്കിക്കൊണ്ടിരുന്നു.
എണ്പതുകളുടെ പകുതിയോടെ ഗുജറാത്തിൽ സംവരണത്തിനെതിരായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. അഹമ്മദാബാദ് അടക്കമുള്ള ഗുജറാത്തിലെ ചില സ്ഥലങ്ങളിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ അന്നത്തെ കോൺഗ്രസ്സ് സർക്കാർ ലത്തീഫിനെയും കൂട്ടാളികളെയും രഹസ്യമായി നിയോഗിച്ചെങ്കിലും ലത്തീഫിന്റെ മതവെറി മൂലം സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ വർഗീയലഹളകളായി മാറി. സാമുദായിക സംഘർഷങ്ങളിലെയും ലഹളകളിലെയും ലത്തീഫിന്റെയും സംഘത്തിന്റെയും സ്ഥിര സാന്നിധ്യം അഹമ്മദാബാദിലെയും മറ്റും ഇതര മതസ്ഥരുടെ മനസ്സിൽ വലിയ തോതിലുള്ള ഭീതി പടർത്തിയിരുന്നു.
സ്വന്തം മതത്തിനു മാത്രം ഉയർച്ചയുണ്ടാവണമെന്ന ചിന്താഗതിക്കാരനായിരുന്നെങ്കിലും ലത്തീഫ് ഒരു കടുത്ത മതവിശ്വാസി ആയിരുന്നില്ല. വിശ്വാസത്തിനേക്കാളും വർഗീയതയായിരുന്നു അയാളുടെ മനസ്സിൽ. പക്ഷെ പിൽക്കാലത്ത് വിശ്വാസപരമായ കാര്യങ്ങളിൽ ലത്തീഫിന് മാറ്റം വന്നിരുന്നു. അതിനുള്ള കാരണം ദാവൂദ് ഇബ്രാഹിമിന്റെ ഇടപെടൽ ആയിരുന്നു എന്ന് പറയപ്പടുന്നു.
ലത്തീഫിന്റെ അതിവേഗ വളർച്ച സാക്ഷാൽ ദാവൂദ് ഇബ്രാഹിമിന് വരെ ആശങ്കയുണ്ടാക്കിയിരുന്നു. ഇരുവരുടെയും സംഘാഗങ്ങൾ തമ്മിൽ എൺപതുകളുടെ തുടക്കത്തിൽ ഒരു ഗ്യാങ് വാറും നടന്നിരുന്നു. ലത്തീഫ് ചില്ലറക്കാരനല്ല എന്ന് മനസ്സിലാക്കിയ ദാവൂദ് അയാളുമായി ഒരു ധാരണയിൽ എത്താന് തീരുമാനിച്ചു. അങ്ങനെ 1989 നവംബറിൽ ദുബായിൽ വെച്ച് ഒരു മതപുരോഹിതന്റെ മധ്യസ്ഥതയിൽ ലത്തീഫും ദാവൂദും തമ്മിൽ സന്ധി സംഭാഷണം നടന്നു. ഇനിമേൽ തമ്മിൽ കലഹിക്കില്ലെന്നും ഒരുമിച്ച് പ്രവർത്തിച്ചു കൊള്ളാമെന്നും ഇരുവരും മതഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യുകയും ചെയ്തു. അത്രയും കാലം രാജ്യത്തിന്റെയുള്ളിൽ മാത്രമുണ്ടായിരുന്ന ലത്തീഫിന്റെ സാന്നിധ്യം ദാവൂദ് അതിർത്തിക്ക് പുറത്തേക്കും വ്യാപിപ്പിച്ചു.
1949 ലെ ‘Bombay Prohibition Act’ നിലനിൽക്കുന്നത് കൊണ്ട് ഗുജറാത്ത് അന്നും ഒരു ‘ഡ്രൈ സ്റ്റേറ്റ്’ ആയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും മദ്യത്തിന്റെ വലിയ തോതിലുള്ള ഇറക്കുമതിയും കച്ചവടവും ലത്തീഫ് നടത്തിയിരുന്നു. എന്നാൽ ദാവൂദിന്റെ ഉപദേശമനുസരിച്ച് ലത്തീഫ് മദ്യവിൽപ്പന ഉപേക്ഷിച്ചു. പകരം ദാവൂദിനൊപ്പം ചേർന്ന് അന്താരാഷ്ട്ര തീവ്രവാദ പ്രവർത്തനങ്ങളും ആയുധക്കടത്തും ആരംഭിച്ചു.
1992 ആഗസ്തിൽ അഹമ്മദാബാദിലെ അധോലോക സംഘടനങ്ങളിൽ ആദ്യമായി AK47 തോക്കുകൾ ഉപയോഗിക്കപ്പെട്ടു. രാധികാ ജിംഖാനയിൽ നടന്ന അന്നത്തെ സംഘടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. ഹൻസ് രാജ് ത്രിവേദി എന്നയാളെ വകവരുത്താനുള്ള ഉദ്ദേശവുമായി അവിടെയെത്തിയ ലത്തീഫിന്റെ ആളുകൾക്ക് പക്ഷെ ഹൻസ് രാജിനെ തിരിച്ചറിയാൻ സാധിച്ചില്ല. അയാളുടെ മരണം ഉറപ്പുവരുത്താനായി അവർ ലത്തീഫിന്റെ നിർദ്ദേശ പ്രകാരം അവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും കൊന്നുകളഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു മാത്രം അന്നുവരെ പ്രാപ്യമായിരുന്ന ആധുനികായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആ നരഹത്യയിൽ അഹമ്മദാബാദ് നഗരം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു. പിന്നീടങ്ങോട്ട് ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കൂടിയ അളവിൽ കുറ്റകൃത്യങ്ങളും ഇസ്ലാമിക ഭീകരതയും ലത്തീഫ് ഗുജറാത്തിൽ വളർത്തിയെടുത്തു.
അക്കാലത്തെ കോൺഗ്രസ്സ് പാർട്ടിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള ന്യൂനപക്ഷ പ്രീണനങ്ങളുടെ ഫലം കൂടിയാണ് ലത്തീഫിന്റെ വളർച്ചക്ക് പിന്നിൽ എന്ന് തിരിച്ചറിഞ്ഞ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ലത്തീഫും കോണ്ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ജനശ്രദ്ധയിൽ കൊണ്ടുവന്നു. അധികാരത്തിലെത്തിച്ചാൽ ലത്തീഫിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നത് ബി ജെ പി യുടെ അന്നത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അങ്ങിനെ അതും അപ്പോഴുള്ള ഭരണത്തിലുണ്ടായിരുന്ന അതൃപ്തിയും അവിശ്വാസ്യതയും ജനങ്ങൾ കോൺഗ്രസ്സിനെ കയ്യൊഴിഞ്ഞുകൊണ്ട് രേഖപ്പെടുത്തി.
അങ്ങനെ 1995 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കുകയും കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. അധികാരത്തിലേറിയ വർഷം തന്നെ ബി ജെ പി തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി. രണ്ടു മാസം ലത്തീഫിന്റെ നീക്കങ്ങളെ നിരന്തരമായി പിന്തുടർന്ന ‘Gujarat Anti-Terrorism Squad’ ഫോൺ ടാപ്പിംഗ് വഴി അയാൾ ഡെൽഹിയിലുണ്ടെന്ന് മനസ്സിലാക്കുകയും, അവിടെ ചെന്ന് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായി രണ്ട് കൊല്ലത്തിനു ശേഷം സബർമതി ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന ലത്തീഫ്,1997 ൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതൊക്കെയായിരുന്നു ‘റയീസ്’ നിർമ്മിക്കാൻ പ്രചോദനമേകിയ അബ്ദുൽ ലത്തീഫ് എന്ന അധോലോക നായകന്.
ഇനി ‘റയീസ്’ എന്ന സിനിമയിലേക്ക് വരാം.
വർഗ്ഗീയവാദിയായ ഒരു സാമൂഹ്യവിരുദ്ധനെ, കള്ളക്കടത്തുകാരനെ ആ സിനിമ എങ്ങനെ ചിത്രീകരിക്കും?
കേന്ദ്ര കഥാപാത്രമായ അയാളെ ഹീറോയിസത്തിന്റെ മേമ്പൊടി ചേർത്ത് വെള്ള പൂശിയെടുക്കുമോ?
അതോ എല്ലാ വശങ്ങളും ചിത്രീകരിച്ചു ചരിത്രത്തിനോട് നീതി പുലർത്തുമോ? എന്നത് സിനിമ റിലീസ് ആയ ശേഷം മാത്രമേ പറയാൻ സാധിക്കൂ എങ്കിലും, ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത് പ്രധാനമായും നായകൻറെ ഹീറോയിസവും പ്രണയവുമാണ്.
അങ്ങിനെയാണേല് ഷാറൂഖ് ഖാന്റെ പുതിയ ഗെറ്റപ്പും ഡയലോഗുകളും,സണ്ണി ലിയോണിന്റെ ഐറ്റെം ഡാൻസും മറ്റും മേമ്പൊടിയായി ചേർത്ത്, ക്രൈം ത്രില്ലെർ കാറ്റഗറിയിൽ റിലീസിനൊരുങ്ങുന്ന ചിത്രം പ്രത്യക്ഷത്തിൽ മറ്റ് മസാല ചിത്രങ്ങളുമായി സമാനമാണെങ്കിലും, വാസ്തവത്തിൽ ദേശത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്തിട്ടില്ലാത്ത ഒരാൾക്ക് ഹീറോ പരിവേഷം നൽകി അയാളുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കേണ്ട ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല. ജീവിതം സിനിമയാക്കാൻ പോന്ന മഹത്വം ഉള്ളവരായി മറ്റാരും ഇന്ത്യയിൽ ഇല്ലാത്തതു കൊണ്ടല്ല. രാഷ്ട്രപിതാവിന്റെ കഥ തന്നെ സിനിമയാക്കാൻ ഇന്ത്യക്ക് പുറത്തുള്ളവർക്ക് തോന്നിയിട്ടു പോലും ഇവിടാർക്കും തോന്നിയിട്ടില്ല. അതൊരിക്കലും ഒരു കച്ചവട സിനിമയാക്കാനും പറ്റില്ല.
എന്നാൽ ഗ്യാങ്സ്റ്റർ/ഡോൺ പരിവേഷമുള്ള നായകന്മാരുടെ കഥ പറയുന്ന സിനിമയാകുമ്പോൾ ആ പ്രശ്നം ഉണ്ടാവുന്നില്ലല്ലോ. ചരിത്രത്തിനോട് നീതി പുലർത്തണമെന്ന നിർബന്ധവുമില്ല. ഹീറോയിസത്തിന്റെ മേമ്പൊടി ചേർത്ത്, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും, തീപാറുന്ന ഡയലോഗുകളും, ഇല്ലാത്തൊരു പ്രണയവും ഇടക്ക് സണ്ണി ലിയോണിന്റെ ഒരു ഐറ്റെം ഡാൻസും കൂടി ചേർത്താൽ ഒരു ബോളിവുഡ് ത്രില്ലെർ സിനിമ കാണാൻ പോകുന്നയാൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് പ്രേക്ഷകന്റെ പൾസ് അറിയാവുന്ന നിർമ്മാതാക്കളെ ആരും പഠിപ്പിക്കണ്ട ആവശ്യമില്ലല്ലോ. എന്നാൽ തീയറ്ററിൽ നിന്ന് ഒരു വൈറ്റ് വാഷ് ചെയ്ത ഒരു കൊടും ക്രിമിനലിനെ നെഞ്ചിലേറ്റിക്കൊണ്ടാണ് പ്രേക്ഷകൻ പുറത്ത് വരുന്നത് എന്നതാണ് ചിന്തിക്കേണ്ട പ്രശ്നം.
‘റയീസ്’ ചിത്രീകരണം മുതൽക്കേ തന്നെ വിവാദങ്ങളും എതിർപ്പുകളും സൃഷ്ടിച്ചൊരു സിനിമയാണ്. പാകിസ്ഥാനി നടി മിഹിറാ ഖാൻ നായികയായതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യമൊക്കെ എതിർപ്പുകൾ. വിവിധ രാഷ്ട്രീയ/മത വിഭാഗങ്ങളിലുമുള്ള ആളുകളും റയീസിന്റെ വിതരണത്തിനെ എതിർത്തിരുന്നു. ചിത്രീകരണത്തിന് മുൻപുതന്നെ അബ്ദുൽ ലത്തീഫിന്റെ മകനായ ‘മുഷ്താഖ് ഷെയ്ഖ്’ മായി നിർമാതാക്കൾ സിനിമയെപ്പറ്റി ചർച്ച ചെയ്തിരുന്നു. എന്നാൽ തന്റെ പിതാവിന്റെ പേരിലുള്ള 97 കേസുകളിൽ കള്ളക്കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളുണ്ടെങ്കിലും, സിനിമയിൽ കാണിച്ചിരിക്കുന്നത് പോലെ കള്ളക്കടത്തിനായി സ്ത്രീകളെ ഉപയോഗിക്കുകയോ വേശ്യാലയം നടത്തുകയോ ചെയ്തിട്ടില്ലെന്നാരോപിച്ച് മുഷ്താഖ് സിനിമയുടെ നിര്മാതാക്കൾക്കെതിരായി കേസ് രജിസ്റ്റർ ചെയ്യുകയും 101 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇതുകൊണ്ടൊന്നും നിർമ്മാതാക്കൾ കുലുങ്ങിയില്ല. എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നാലും സിനിമ റിലീസ് ചെയ്യുക തന്നെ ചെയ്യും എന്നാണ് നിർമ്മാതാക്കളായ ഫർഹാൻ അക്തറും, റിതേഷ് സിധ്വാനിയും, ഗൗരി ഖാനും പറയുന്നത്. അങ്ങിനെ ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനവുമായി.
നടക്കട്ടെ, അല്ലാതിപ്പോ എന്ത് പറയാൻ?
മതങ്ങളെ അവഹേളിക്കുന്നതിൽ തുടങ്ങി ഇപ്പോൾ കൊടും ക്രിമിനലുകളെ മഹത്വവൽക്കരിക്കുന്നതു വരെ വളർന്നിരിക്കുന്നു ‘ആവിഷ്ക്കാര സ്വാതന്ത്രം’. ആവിഷ്ക്കാര സ്വാതന്ത്രത്തിനെ ചോദ്യം ചെയ്യാൻ പിന്നെ ആർക്കും അവകാശമില്ലല്ലോ.
നാളെയൊരു കാലത്ത് അഫ്സൽ ഗുരുവിന്റെയും, അജ്മൽ കസബിന്റെയും, ഗോവിന്ദച്ചാമിയുടെയും വരെ ജീവിതങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ വന്നേക്കാം.അവരിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട് വരും തലമുറക്ക് ഒരുപാട് കാര്യങ്ങൾ അറിയാനും ചെയ്യാനുമുണ്ടല്ലോ.
അപ്പോൾ അതിനെതിരെയും ഒന്നും പറയരുത്.
ഒക്കെ ഓരോരുത്തരുടെ ആവിഷ്ക്കാര സ്വാതന്ത്രമാണ്.
ആവിഷ്ക്കാര സ്വാതന്ത്രത്തിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലല്ലോ!!!
————————————–നിത്യ ശിവരാജന്————————————–
Poster Credits : Ratheesh Nandhanam