പത്മാവതി – വൃണപ്പെടുന്ന സാംസ്‌കാരിക സ്വത്വം

—– ബാലസുബ്രഹ്മണ്യം  —

സിനിമ..!!! കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്ന്. ക്രിയാത്മകമായ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. ക്യാമറയും മോഷൻ ക്യാമറയും കണ്ടെത്തിയതിന് ശേഷം, 1890 കളിൽ ഫ്രഞ്ച്കാരനായിരുന്ന ലൂയിസ് ലെ പ്രിൻസ് 2.11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചലിക്കുന്ന ചിത്രങ്ങൾ വികസിപ്പിച്ചെങ്കിലും സിനിമ, സിനിമയായി രൂപം കൊള്ളുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1927 മുതൽ ശബ്ദത്തോട് കൂടിയ ചലച്ചിത്രങ്ങൾ വന്ന് തുടങ്ങി. എന്തായാലും സിനിമ ഉണ്ടായ അന്ന് മുതൽ ഈ നിമിഷം വരെ അത് മനുഷ്യനെ രസിപ്പിക്കുന്നു, ഉത്തേജിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ഒരു ആശയം ഏറ്റവും മികച്ച രീതിയിൽ സമൂഹത്തിലെത്തിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം എന്ന നിലയിൽ സിനിമയിലൂടെ ഒരു പ്രത്യേക സന്ദേശം നൽകുക എന്ന രീതിയിൽ സിനിമ ചെറുതും വലുതുമായ രീതിയിൽ മനുഷ്യനും അവന്റെ സമൂഹവുമായി നിരന്തരം സംവേദിച്ചുകൊണ്ടിരിക്കുന്നു.

മാറ്റങ്ങൾക്ക് വേണ്ടിയുള്ള ആഹ്വാനം, പ്രതികരണം, പ്രതിഷേധം എന്നിവക്ക് വേണ്ടിയുള്ള മാധ്യമമായി സിനിമ അത് ജനിച്ച നാൾ മുതലേ ഉപയോഗിക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ സിനിമക്കെതിരായ പ്രതിഷേധങ്ങൾ, നിരോധനം, മറ്റ് എതിർ സ്വരങ്ങൾ തുടങ്ങിയവ അതാത് സിനിമയെ ചുറ്റിപ്പറ്റി നിൽക്കുന്ന സമൂഹത്തിൽ നിന്നും, ഭരണകൂടങ്ങളിൽ നിന്നും പണ്ട് മുതലേ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സോ കാൾഡ് വിശ്വാസങ്ങൾക്കും, സംസ്കാരങ്ങൾക്കും, ചരിത്ര സംഭവങ്ങൾക്കും, സങ്കല്പങ്ങൾക്കും മുറിവേല്പിക്കുന്ന ചലച്ചിത്ര സൃഷ്ടികൾ എന്നൊക്കെ ഉദയം കൊണ്ടിട്ടുണ്ടോ അന്നൊക്കെ അതാത് സമൂഹങ്ങൾ അത്തരം സിനിമക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അത് പോലെ തന്നെ സർക്കാരിന്റെ ആശയങ്ങൾക്കും, നടപടികൾക്കും എതിർ സ്വരം മുഴക്കുന്ന സിനിമകൾക്കെതിരെ ഭരണകൂടവും അധികാരത്തിന്റെ ലാത്തി വീശിയിട്ടുണ്ട്. ചുരുക്കത്തിൽ വിശ്വാസ സങ്കൽപ്പങ്ങൾ മോശമായി ചിത്രീകരിക്കപ്പെടുന്ന വേളയിൽ ചുരുങ്ങി പക്ഷം ജനങ്ങളെങ്കിലും അതിൽ വിശ്വസിക്കുമെന്നും അത് വഴി തങ്ങളുടെ വിശ്വാസ സങ്കൽപ്പങ്ങൾക്ക് ക്ഷതം സംഭവിച്ചേക്കാം എന്നുമുള്ള ഭയമാണ് സമൂഹത്തെ ഇത്തരം സൃഷ്ടികൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇത് തന്നെയാണ് ഭരണകൂടങ്ങൾക്കും സംഭവിക്കുന്നത്. ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുമോ എന്ന ഭയം!

ഇവയെക്കൂടാതെ തന്നെ സദാചാര, വർഗ്ഗീയ, വംശീയപരവുമായ കാരണങ്ങൾ കൊണ്ടും സിനിമകൾ നിരോധിക്കപ്പെടാറുണ്ട്. ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സമൂഹത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമെന്ന് കരുതപെടുന്ന സിനിമകൾക്കെല്ലാം ഈ വിധി തന്നെയാണ് അന്നും ഇന്നും എന്നും കാത്തിരിക്കുന്നത്. 1915ൽ ഇറങ്ങിയ “The birth of a Nation” എന്ന സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുകൾപെറ്റ അമേരിക്കയിൽ നിരോധിക്കപ്പെടുകയുണ്ടായി. വംശീയപരമായ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാരണം മൂലമാണ് 100 വർഷങ്ങൾക്ക് മുന്നേ ഈ ചിത്രത്തിന് പൂട്ട് വീണത്. സിനിമാ നിരോധങ്ങളുടെ ചരിത്രത്തിലെ ആദ്യ സിനിമ ഇതാണെന്ന് തോന്നുന്നു. അന്ന് തൊട്ട് ഇന്നോളം നൂറ്‌ കണക്കിന് സിനിമകൾ ഇതേ പോലെ പലവിധ കാരണങ്ങളാൽ വിലക്കപ്പെട്ടു. Scarface, The Scarlett street, The great dicatator, Pretty baby, Coming home, Ben-Hur, The last temptation of Christ, Canibal Holocaust, Noah, A Serbian film, Rambo, Back to future, The departed, Deadpool , The fruit of paradise, The Da Vinci code, The confessions of a Nazy Spy…തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത വിശ്വ വിഖ്യാതമായ പല സിനിമകളും ലോകത്തിന്റെ പല ഭാഗങ്ങളിലും മുകളിൽ പറഞ്ഞ കാരണങ്ങളലാൽ ഭാഗികമായും പൂർണ്ണമായും വിലക്കുകൾ നേരിട്ട സിനിമകളാണ്. ഈയടുത്ത് ഇറങ്ങിയ “Wonder Women” ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമ ചില അറബ് രാജ്യങ്ങളിൽ പ്രദർശിപ്പിച്ചില്ല. ചിത്രത്തിൽ ലീഡ് റോൾ ചെയ്ത ഗാൽ ഗഡോറ്റ് ഇസ്രായേൽ ആർമിയിൽ സേവനമനുഷ്ഠിസിച്ചിരുന്നു എന്ന കാരണം പറഞ്ഞു ലെബനൻ, ട്യുണീഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾ പ്രദർശനാനുമതി നൽകിയില്ല!!!.

ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങുന്ന ഇൻഡ്യയിലും സ്ഥിതി വ്യത്യസ്തമല്ല.1921 ൽ ബ്രിറ്റീഷ് ഭരണ കാലത്തിറങ്ങിയ “ഭക്ത വിദുർ” എന്ന ചിത്രം കറാച്ചിയിലും, മദ്രാസ് പ്രവിശ്യയിലും നിരോധിക്കപ്പെട്ടിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്കും, റൗലത്ത് ആക്ടിനും തൊട്ട് പിറകെ ഇറങ്ങിയ ഈ ചിത്രത്തിലെ വിദുർ എന്ന കഥാപാത്രം മഹാത്മാ ഗാന്ധിയുമായി സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നിരോധിക്കപ്പെട്ടതത്രേ. ഗാന്ധി വധത്തിന് ഗോഡ്‌സെയെ പ്രേരിപ്പിച്ച മാനസികപരമായ പ്രചോദനങ്ങൾ ചിത്രീകരിച്ച “ഗോകുൽ ശങ്കർ” എന്ന ചിത്രമാണ് ആദ്യമായി സ്വതന്ത്ര ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കപ്പെട്ട സിനിമ. 1977 ൽ ഇറങ്ങിയ ” കിസ്സാ കുർസി കാ” എന്ന സിനിമയുടെ മാസ്റ്റർ പ്രിന്റ് സെൻസർ ബോർഡ് ഓഫീസിൽ നിന്നുമെടുത്ത് സഞ്ജയ് ഗാന്ധിയുടെ ആരാധകർ പൂർണ്ണമായും കത്തിച്ചു കളയുകയുണ്ടായി. അടിയന്തരാവസ്ഥ കാലത്തെക്കുറിച്ചും കോൺഗ്രസ് സർക്കാരിനെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ച ആ സിനിമ പിന്നീട് പുതിയ കഥാ പാത്രങ്ങളുമായി പുനർനിർമ്മിച്ചു. രാജീവ് ഗാന്ധി കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ ” കുറ്റപത്രികൈ”, ലൈംഗിക അതിപ്രസരമുണ്ടെന്നു ആരോപിക്കപ്പെട്ട “കാമ സൂത്ര”, ലിസ്ബൈൻ റിലേഷൻഷിപ് സ്റ്റോറി പറയുന്ന “ഫയർ”, സിഖ് കലാപത്തിന്റെ പിന്നാമ്പുറ കഥകളുമായി വന്ന “ഹവായെൻ”, “ആമു” എന്നീ സിനിമകൾ, വാരണാസിയും, ഗംഗയും പശ്ചാത്തലത്തിൽ വരുന്ന “വാട്ടർ”, ഗാന്ധി വിമർശനവുമായി വന്ന “പാപ്പിലി ബുദ്ധ” ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം മഹത്വവത്കരിക്കുന്ന ” കൗം ദേ ഹീരെ”, എന്നിവ രാജ്യ വ്യാപകമായി വിലക്ക് നേരിട്ട സിനിമകൾ ചിലത് മാത്രം. മുല്ലപ്പെരിയാർ പശ്ചാത്തലത്തിൽ വരുന്ന”ഡാം 999″ എന്ന സിനിമ തമിഴ് നാട്ടിലും, സിസ്റ്റർ അഭ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകൾ പറയാൻ ശ്രമിച്ച ” പിതാവിനും പുത്രനും” എന്ന സിനിമ കേരളത്തിലും സമീപ കാലത്ത് വിലക്ക് നേരിട്ട സിനിമകളാണ്.

ഇപ്പോൾ “പദ്മാവതി” യുടെ ഊഴമാണ്. ഈ സിനിമയുടെ പേരിൽ വടക്കേ ഇന്ത്യ ശരിക്കും പുകയുന്നുണ്ട്. കഥയെന്താ ആട്ടമെന്താ എന്നറിയാതെ പലരും പല പക്ഷം ചേരുന്നു. സൂഫി കവിയായിരുന്ന മാലിക് മൊഹമ്മദ് ജയാസി 1540ൽ അവാധി ഭാഷയിൽ എഴുതിയ ഇതിഹാസ സമാനമായ സൂഫി കവിതയാണ് “പത്മാവത്”. രാജസ്ഥാനിലെ ചിറ്റോറിലെ രാജ്ഞിയായിരുന്ന(?) റാണി പദ്മിനിയോട് അന്നത്തെ ഡൽഹി സുൽത്താൻ ആയിരുന്ന അലാവുദ്ധീൻ ഖൽജിക്കുണ്ടായിരുന്ന അഭിനിവേശത്തിന്റെ കഥ പറയുന്ന കവിതയാണ് “പത്മാവത്”. ഈ കവിതയിൽ നിന്നും 1960ൽ ഇറങ്ങിയ “ചിറ്റോർ റാണി പദ്മിനി” എന്ന തമിഴ് സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സഞ്ജയ് ലീല ബൻസാലിയുടെ “പദ്മാവതി” എന്ന സിനിമയുടെ വരവ്.

ഡൽഹി കണ്ട ഏറ്റവും കരുത്തനായ രാജാവായി ചരിത്രം വിലയിരുത്തുന്ന അലവുദ്ധീൻ ഖൽജിക്കുള്ളപോലെ ചരിത്ര വസ്തുതകളുടെ ധാരളമായ പിന്തുണയോ, ചരിത്ര പരമായ കൂടുതൽ തെളിവുകളോ റാണി പദ്മിനിക്ക് അവകാശപ്പെടാനില്ല. അത് കൊണ്ട് തന്നെ ഖൽജിക്ക് സ്ഥാനമുള്ളപ്പോൾ എതിർഭാഗത്തുള്ള റാണി പദ്മിനിയെ പല ചരിത്രകാരന്മാരും ഒരു സാങ്കല്പിക കഥാപാത്രമായാണ് കാണുന്നത്. അല്ലെങ്കിൽ അങ്ങനെ ഒരു വ്യക്തി ജീവിച്ചിരുന്നുണ്ടെകിൽ കൂടിയും അവരെ ചുറ്റി പറ്റിയുള്ള പല കഥകൾക്കും ചരിത്രപരമായ തെളിവുകൾ ഇല്ല. പക്ഷേ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായി ബാഹുബലിയിലെ രാജമാതാ ശിവകാമിയെ പോലെ ലാഘവത്തോടെ കണ്ട് തള്ളാനോ, നിസ്സാരവത്കരിക്കാനോ കഴിയില്ല റാണി പദ്മാവതിയെ. കാരണം അവർ വടക്കേ ഇന്ത്യയിലെ രാജ്പുത് സമുദായത്തിലും, മറ്റ് ഹിന്ദു സമുദായങ്ങളിലും അവർ നൂറ്റാണ്ടുകളായി ചെലുത്തിയിട്ടുള്ള ഇമ്പാക്റ്റ് ചില്ലറയല്ല.

സിംഹള രാജ്യത്തിലെ (ഇന്നത്തെ ശ്രീലങ്ക) അതി മനോഹരിയായ രാജകുമാരിയായിരുന്നു റാണി പദ്മിനി അഥവാ പത്മാവതി. ചിറ്റോർ രാജാവായിരുന്ന രത്ന സിംഗ് പദ്മിനിയെകുറിച്ച്‌ അറിയുകയും, സാഹസികമായി സിംഹള കീഴടക്കുകയും അങ്ങനെ പദ്മിനിയെ വിവാഹം കഴിച്ചു ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തു. പദ്മിനിയിടെ അതീവ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ഖൽജി ചിറ്റോർ ആക്രമിക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. കൂടെയുള്ള ചെറു സൈന്യത്തെ വെച്ച് റാണി പദ്മിനി രാജ്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശക്തനായ ഖൽജിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ അവരുടെ സൈന്യത്തിനായില്ല ഖൽജി ചിറ്റോർ കോട്ട കീഴടക്കുന്നതിനു മുന്നേ തന്നെ ആത്മാഭിമാനിയായ റാണി പദ്മിനിയും കൂട്ടരും തീകുണ്ഡത്തിൽ ചാടി ആത്മാഹുതി(ജാഹ്വർ)ചെയ്തു. ഇതാണ് റാണി പദ്മിനി എന്ന രാജ്പുത് രാജ്ഞിയുടെ കഥ ചുരുക്കത്തിൽ.

റാണിയുടെ ജീവത്യാഗത്തിന് ശേഷം അവരുടെ വീരമരണം രാജ്പുത് സമുദായത്തിന്റെ മുസ്ളീം, മുഗൾ രാജാക്കന്മാർക്കെതിരായ ചെറുത്ത് നിൽപ്പിന്റെ പ്രതീകമായി. 1303 ലെ ഖൽജിയുടെ ചിറ്റോർ ആക്രമണം ഒരു ചരിത്ര സംഭവമാണെങ്കിലും റാണി പദ്മിനിക്ക് ചരിത്രത്തിന്റെ തെളിവുകൾ തുലോം കുറവാണ്. ഒരു പക്ഷേ ആ കാലഘട്ടത്തിൽ രാജാവിന്റെ അത്ര രാജ്ഞിക്ക് പ്രാധാന്യമില്ലാത്തത് കൊണ്ടാകാം ചരിത്രപരമായ കൂടുത തെളിവുകൾ അവരുടെ പേരിൽ ഇല്ലാത്തത്. പക്ഷേ പതിനാറാം നൂറ്റാണ്ടിലെ മുഹമ്മദ് ഖാസിം ഹിന്ദു ഷാ, ഹാജി ഉദ് ദാബിർ എന്നീ ചരിത്രകാരന്മാർ റാണി പദ്മിനി ജീവിച്ചിരുന്നതായി പറയുന്നു. പിന്നീട് വന്ന ബ്രിട്ടീഷ് ചരിത്രകാരൻ ജെയിംസ് ടോഡ് റാണി പദ്മിനിയെ ചരിത്രവനിതയായി രേഖപ്പെടുത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സ്വദേശി പ്രസ്ഥാനം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയത്ത് റാണി പദ്മിനി ദേശീയതയുടെ പ്രതീകമായി ഉയർന്നു വന്നു. ഇന്ത്യൻ ദേശിയതയുടെ പര്യായമായി റാണി പദ്മിനിയെ ഉയർത്തികാണിച്ച്‌ ഒരുപാട് നാടകങ്ങളും നോവലുകളും അക്കാലത്ത് സൃഷ്ടിക്കപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റർ നിവേദിത റാണി പദ്മിനിയെക്കുറിച്ചും അവരുടെ ചരിത്ര പ്രാധാന്യത്തെകുറിച്ചും അവരുടെ കൃതികളിൽ പരാമർശിക്കുന്നുണ്ട്. രവീന്ദ്ര നാഥ ടാഗോറിന്റെ പിതാവ് അരബിന്ദ നാഥ ടാഗോറിന്റെ “രാജ് കഹാനി” എന്ന കൃതിയിലൂടെ ചരിത്ര വനിതയായി റാണി പദ്മിനി കൂടുതൽ പ്രശസ്തിയാർജിച്ചു. പിന്നീട് ജവാഹർലാൽ നെഹ്റുവിന്റെ “ഇന്ത്യയെ കണ്ടെത്തൽ” എന്ന കൃതിയിലും ഖൽജി റാണി പദ്മിനിയെ കണ്ണാടിയിലൂടെയാണ് ആദ്യമായി കാണുന്നത് എന്ന് വിവരിക്കുന്നു.

ഇങ്ങനെ കെട്ട്പിണഞ്ഞ ചരട് പോലെ ചരിത്രവും ഭാവനാത്മകതയും കൂടിച്ചേർന്ന് ഒന്നായി കിടക്കുകയാണ് റാണി പദ്മിനി എന്ന വ്യക്തിയിൽ. ഇന്ന് രാജ്പുത് സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും, സ്ത്രീത്വത്തിന്റെയും പ്രതീകമായി അവർ റാണി പദ്മിനിയെ കാണുന്നു. ഖൽജിക്ക് ശേഷം പല മുസ്ളീം രാജാക്കന്മാരും പിന്നീട് രാജസ്ഥാനെയും, രാജ്പുത് സമുദായത്തെയും ആക്രമിച്ചിട്ടുണ്ട്. കീഴ്പ്പെടുന്ന സന്ദർഭങ്ങളിലെല്ലാം സ്ത്രീകൾ റാണി പദ്മിനിയെ പിന്തുടർന്ന് ജാഹ്വർ അനുഷ്ഠിച്ച്‌ മരണം വരിച്ചിരുന്നത്രെ. പിന്നീട് ശിവാജിയുടെ വരവ് വരെ രാജ്പുത് രാജ കുടുംബത്തിലെ പല സ്ത്രീകളും ഇത് തുടർന്നിരുന്നത്രെ. ഈ കാരണങ്ങൾ കൊണ്ടായിരിക്കാം റാണി പദ്മിനി രാജ്പുത് സമുദായത്തിന്റെയും വടക്കേ ഇന്ത്യയിലെ മറ്റ് ഹിന്ദു സമുദായങ്ങളുടെയും പ്രതീകമായി മാറുന്നത്.

എന്തോക്കെയായാലും പത്മാവതി എന്ന സിനിമ ഇറങ്ങുന്നു എന്നറിഞ്ഞ മുതലാണ് ഞാൻ ഈയൊരു കഥാപാത്രത്തെക്കുറിച്ച് കൂടുതലായി അറിയുന്നത്. പലരും അങ്ങനെയായിരിക്കാം. ഒരു സിനിമാപ്രേമി എന്ന നിലയിൽ ഇത് വരെ വന്ന ഒരു വിവാദ സിനിമയും എന്റെ വിശ്വാസ, സങ്കൽപ്പങ്ങളെ വൃണപ്പെടുത്തിയിട്ടില്ല. വിശ്വാസങ്ങളും, അഭിപ്രായങ്ങളും ഒരു സിനിമയിലൂടെ വൃണപ്പെടാൻ മാത്രം ചെറുതാവരുത്. അത് കൊണ്ട് തന്നെ സിനിമയിലൂടെയുള്ള എങ്ങനെയുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഞാൻ എതിരല്ല. പക്ഷേ എന്നെപോലെ ഒരു സമൂഹം മൊത്തത്തിൽ ചിന്തിക്കണം എന്ന് പറയാനും കഴിയില്ല. സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന എന്തെങ്കിലും ഉണ്ടെകിൽ “പദ്മാവതി” അത്തരം പ്രദേശങ്ങളിൽ പ്രദർശിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ നമ്മൾ എല്ലാവരും ഒരു കോമൺ പ്ലാറ്റ്ഫോമിൽ എത്തണം. അവിടെ എല്ലാം അവരവരുടെ ഇഷ്ടത്തിന് ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം, അതിലൂടെ ഗോഡ്സെയും, ഇന്ദിരാ ഗാന്ധിയും, അജ്മൽ കസബും, ദാവൂദ് ഇബ്രാഹിമും മഹത്വവത്കരിക്കപ്പെടട്ടെ. ഗാന്ധിയും, യേശുവും, മുഹമ്മദും, രാമനുമെല്ലാം അശ്ലീലകരമായി ആവിഷകരിക്കപ്പെടട്ടെ. ഇതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യമെന്ന മഹത്തായ സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിഞ്ഞു എല്ലാതരം ജനങ്ങളും ഒരുപോലെ സബാഷ് എന്ന്‌ പറഞ്ഞു കയ്യടിക്കട്ടെ..!!! ആ ഒരു പക്വത സമൂഹം കൈവരിക്കത്തിടത്തോളം കാലം “പദ്മാവതി” കൾ വിലക്കുകൾ നേരിട്ട് കൊണ്ടിരിക്കും.