സന്ദീപ്. ജി. വാര്യര്‍, ബിജെപി വീവേഴ്സ് സെല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം
തൃത്താല മണ്ഡലത്തിലെ എം എല്‍ എ ആയ ശ്രീ വി ടി ബലറാം മോദിയോടും ആര്‍ എസ് എസ്സിനോടും ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ശ്രീ സന്ദീപ് വാരിയര്‍.
കാലങ്ങളോളം കോണ്‍ഗ്രസ് പ്രചരിപ്പിച്ച നുണ കഥകൾ ഇന്നും അനുസ്യൂതം തുടരുകയാണ്. രാഷ്ട്രീയ സ്വയം സേവക സംഘം ( RSS ) എന്നാ സംഘടന സവർണ്ണരുടെയാണ് , ജാതി വ്യവസ്തയ്ക്കെതിരെ പോരാടുന്നവരുടെ ശത്രുക്കൾ ആണെന്നൊക്കെയുള്ള സ്ഥിരം ആരോപണങ്ങൾ വീണ്ടും VT ബലറാം എംഎല്‍എയും ഉന്നയിക്കുകയുണ്ടായി.ജാതി വ്യവസ്തയ്ക്കെതിരെ RSS എന്ത് ചെയ്തു എന്നായിരുന്നു ബലറാം MLA യുടെ ചോദ്യം ? . ‘ക്ലീഷേ’ ചോദ്യമായതിനാലും പലകുറി മറുപടി നല്‍കിയതിനാലും പ്രതികരണം അര്‍ഹിക്കുന്നില്ലെങ്കിലും കേരളത്തിലെ ഒരു ജനപ്രതിനിധി ഉന്നയിച്ച സംശയത്തിനു മറുപടി നല്‍കേണ്ട ബാധ്യത ഞങ്ങള്‍ ‘സ്വയംസേവകർക്കു’ ഉണ്ട്. രാഷ്ട്രീയസ്വയംസേവക സംഘം ‘സമരം’ ചെയ്തോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. സംഘം ഒരു ‘സമരസംഘടന’ അല്ല. സംഘം വിഭാവനം ചെയ്തിരിക്കുന്നത് ഉപരിപ്ലവമായ സമരകോലാഹലങ്ങള്‍ക്ക് വേണ്ടിയല്ല. വ്യക്തിനിര്‍മ്മാണമാണ് സംഘം ലക്ഷ്യമിടുന്നത്. രാഷ്ട്രഭക്തരായ നല്ല വ്യക്തികള്‍ അടങ്ങുന്ന സമൂഹത്തിന്റെ നിര്‍മ്മാണം. അതില്‍ ലക്ഷ്യമിടുന്ന വ്യക്തിനിര്‍മ്മാണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്. ഒരു യഥാര്‍ത്ഥ സ്വയംസേവകനു ഒരിക്കലും ജാതിവെറിയുടെ വക്താവാകാന്‍ സാധിക്കില്ല. ജാതി ഭാരതീയ സാഹചര്യത്തില്‍ ഒരു യാഥാര്‍ത്ഥ്യവും ജാതി വെറി കാലാന്തരത്തില്‍ വന്നു ചേര്‍ന്ന അനാചാരവുമാണെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ. ജാതി എന്നത് കേവലം ഹൈന്ദവരില്‍ മാത്രമല്ല, ഭാരതത്തില്‍ ജനിച്ചതും പുറമേ നിന്നു വന്നതുമായ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് എന്നുള്ള സത്യവും അങ്ങേക്ക് അറിയുമായിരിക്കും. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാരതത്തിലെ മുസ്ലീങ്ങളിലെ ജാതി വിഭാഗങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന അസ്പൃശ്യതയെക്കുറിച്ചും പറയുന്നുണ്ടല്ലോ. ബലറാം സാര്‍, വിഷയത്തിലേക്കു മടങ്ങി വന്നാല്‍, സംഘം ജാതീയതക്കെതിരായ, ജാതി വെറിക്കെതിരായ വിഷയത്തില്‍ എന്തു ചെയ്തു എന്ന അങ്ങയുടെ സംശയത്തിനു മറുപടി പറയാം. ജാതിവെറി പൂണ്ട് നിന്നിരുന്ന ഹൈന്ദവസമാജത്തെ നിങ്ങളെല്ലാവരും സോദരരാണ് എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ചു എന്നതു തന്നെ ആണ് സംഘം ജാതിവെറിക്കെതിരായി ചെയ്ത ഏറ്റവും വലിയ മുന്നേറ്റം. സംഘശാഖയിലോ സംഘപരിപാടികളിലോ, ജാതി ഒരു ഘടകമേ അല്ല. അതിനു ഏറ്റവും വലിയ ‘സര്‍ട്ടിഫിക്കറ്റ്’ ഗാന്ധിജിയും ബാബാ സാഹേബ് അംബേദ്കറുമൊക്കെ സംഘത്തെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തന്നെ. ജാതി വെറിക്കെതിരായ നിലപാടുമായാണ് 1969ല്‍ ഉഡുപ്പിയില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടായ്മ നടത്തി ‘ന ഹിന്ദു പതിതോ ഭവേത്, ഹൈന്ദവാ സൊദാരാ സര്‍വ്വേത്’ എന്ന സന്ദേശം രാഷ്ട്രത്തിനു നല്‍കിയത്. അസ്പൃശ്യത ഹൈന്ദവധര്‍മ്മമല്ല എന്ന ശക്തമായ സന്ദേശം ഭാരതത്തിലെ മുഴുവന്‍ സംന്യാസിവര്യന്മാരെയും അണിനിരത്തി നല്‍കാന്‍ കഴിഞ്ഞു എന്നത് വിപ്ലവകരമായ മാറ്റമായിരുന്നു.
നരേന്ദ്ര മോദിയുടെ ആതമകഥയായ ജ്യോതി പുഞ്ച് എന്ന പുസ്തകത്തില്‍ ഗുജറാത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും വലിയ പദവിയായ ‘പ്രാന്ത പ്രചാരക് ‘ സ്ഥാനം വഹിച്ചിരുന്ന ബാബു ഭായി ഓസയെ കുറിച്ചു വിവരിക്കുന്നുണ്ട്. തൊട്ടുകൂടായമ പ്രബലമായി നിലനിന്നിരുന്ന 1950 – 1955 കാലഘട്ടത്തില്‍ ആണ് എന്‍ജിനിയറിങ് ബിരുദം നേടി അതിനു ശേഷം അമേരിക്കയിലെ പ്രമുഘ സര്‍വകലാശാലയായ ‘ഇലിനായ്സ്’ സര്‍വകലാശാലയില്‍ നിന്നു മാസ്റ്റേര്‍സ് ബിരുദം കരസ്ഥമാക്കിയത്. ബാബുഭായി മണ്‍പാത്രങ്ങള്‍ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന ദളിത കുടുംബത്തില്‍ പിറന്ന ഒരാള്‍ക്ക് അക്കാലത്ത് കിട്ടാവുന്ന സ്വപ്ന സദൃശമായ ഭൌതിക ലോകം വേണ്ടെന്ന് വെച്ചു ആര്‍എസ്‌എസ് എന്ന പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനാണ് തീരുമാനിച്ചത്. അദ്ദേഹത്തിന് ആര്‍എസ്‌എസ് നേതൃത്വത്തിലേക്ക് കടന്നു വരുവാന്‍ ഒരിയ്ക്കലും ജാതി തടസ്സമായിരുന്നില്ല. അമേരിക്കയിലെ ബഹരികാശ യാത്രികയായ സുനിത വില്യമ്സിന്റെ പിതാവ് താന്‍ ആര്‍എസ്‌എസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഇടയായത് ബാബു ഭായിയുമായി ഉണ്ടായിരുന്നു സംബര്‍ക്കം മൂലമായിരുന്നു എന്നു അനുസ്മരിച്ചിട്ടുണ്ട്. മഹനീയ വ്യക്തിത്വങ്ങളെ എന്തു കൊണ്ട് വിചാരധാര സ്വജീവിതം ത്യജിച്ചു ത്യാഗ മാര്‍ഗത്തിലൂടെ രാഷ്ട്രമോക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഉദ്ബോധിപ്പിക്കുന്നു എന്നത് വളരെ ആഴത്തില്‍ ഗവേഷണം ചെയ്യപ്പെടേണ്ടതാണ്. ഭാരതത്തിലെ ആദിവാസി വിഭാഗങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ എത്തിപ്പെടുക എന്നത് വളരെ ദുര്‍ഘടമാണ്. കാടിന്റെ ഉള്‍ഭാഗങ്ങളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ ദൌത്യം മൂലമാണ് പലപ്പോഴും വനവാസി വിഭാഗത്തിന് അടിസ്ഥാന വിദ്യാഭ്യാസ സൌകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതു, ഇനി അഥവാ അത്തരം ഒരു സംവിധാനം കെട്ടിപ്പടുത്താല്‍ തന്നെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പോയി കുട്ടികള്‍ക്ക് വിദ്യ അഭ്യസിപ്പിക്കുവാന്‍ മാത്രം ആദര്‍ശ ശുദ്ധിയുള്ള അദ്ധ്യാപകരെ കണ്ടെത്തുക എന്നതും ശ്രമകരമാണ്. ഇവിടെയാണ് നിസ്വാര്‍ഥ സേവനത്തിന്റെ പാത വെട്ടിത്തുറന്നു ”ഏകല്‍ വിദ്യാലയ ” എന്ന പ്രസ്ഥാനത്തിനു സംഘം രൂപം കൊടുത്തത്. അതിന്റെ ഫലമായി ഇന്ന് ഭാരതം മുഴുവന്‍ 53,959 വനവാസി ഗ്രാമങ്ങളില്‍ 15,30,765 വിദ്യാര്‍ഥികള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നു. സേവന മേഖലയില്‍ ഏറ്റവും ബൃഹത്തായതും ഏറ്റവും ദുര്‍ഘടം പിടിച്ചതുമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ എന്തുകൊണ്ടാണ് ആര്‍എസ്‌എസ് മുന്നോട്ട് വെക്കുന്ന വിചാരധാര ജനങ്ങളെ ആകര്‍ഷിക്കുന്നതെന്നും ബഹുമാനപ്പെട്ട വിടി ബലറാം എംഎല്‍എ ചിന്തിക്കണം.
അധസ്ഥിതരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബാബാസാഹിബ് ഡോക്ടര്‍ അംബേദ്‌കര്‍ ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ഇവിടെ ചേര്‍ക്കട്ടെ. “തൊട്ടടുത്തിരിക്കുന്ന സ്വയം സേവകന്റെ ജാതിയെന്താണെന്നറിയാനുള്ള താല്പര്യം ഒട്ടുമില്ലാതെ പൂര്‍ണ സമത്വത്തോടും സാഹോദര്യഭാവത്തോടും കഴിയുന്ന ഇവരെ കണ്ടു എനിക്ക് ആശ്ചര്യം തോന്നുന്നു.” 1934- പൂന സംഘശിക്ഷാവര്‍ഗ്ഗ്.
വി.ടി ബലറാം ചില വിഭാഗങ്ങളെ സുഖിപ്പിച്ചു നിര്‍ത്തി വോട്ടാക്കി മാറ്റാന്‍ നടത്തുന്ന കോപ്രായങ്ങള്‍ നടത്തുമ്പോള്‍ അംബേദ്‌ക്കറും ഹിന്ദുത്വയുടെ ആചാര്യനായിരുന്ന സവര്‍ക്കറും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചും പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സവര്‍ക്കര്‍ തന്റെ രത്നഗിരി ജില്ലയില്‍ നടത്തിയ ജാതി നിര്‍മാര്‍ജ്ജന കര്‍മ പദ്ധതികളെ അനുമോദിച്ചു കൊണ്ട് ബാബാസാഹിബ് നടത്തിയ കത്തിടപാടുകള്‍ ഇന്ന് പൊതുജനമധ്യത്തില്‍ ലഭ്യമാണ്.
സർവർക്കർ രത്നഗിരിയിലെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സമയത്ത്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദളിത ഉന്നമന പ്രവർത്തനങ്ങളും, മഹർ സമ്മേളനവും നടത്തിയപ്പോൾ, മറ്റു ചില പൂര്‍വ്വനിശ്ചിത പരിപാടികള്‍ ഉള്ളതിനാല്‍ അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഡോ. അംബേദ്ക്കർ ഇങ്ങനെ എഴുതി:
I however wish to take this opportunity of conveying to you my appreciation of the work you are doing in the field of social reform. If the Untouchables are to be part of the Hindu society, then it is not enough to remove untouchability; for that matter you should destroy ‘Chaturvarna’. I am glad that you are one of the very few leaders who have realised this.[9]
( സാമൂഹ്യ പരിഷ്കരണ രംഗത്ത് താങ്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അസ്പൃശ്യര്‍ ഈ സമൂഹത്തിന്റെ ഭാഗമാവണമെങ്കില്‍, അസ്പൃശ്യത ഇല്ലാതാക്കിയാല്‍ മാത്രം പോര, ചാതുര്‍വര്‍ണ്ണ്യം തന്നെ നശിപ്പിക്കണം. ഇത് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളാണ് താങ്കള്‍ എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. (1)
1933 ൽ, ഡോ. അംബേദ്ക്കര്‍ പ്രസിദ്ധീകരിക്കുന്ന ജനത മാസിക, വീര സർവർക്കറുടെ നേതൃത്വത്തിൽ നടക്കുന്ന ദളിത ഉന്നമന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ടും, സര്‍വര്‍ക്കറുടെ പ്രവര്ത്തനങ്ങളെ ഗൗതമ
ബുദ്ധനോളം വരെ ഉപമിച്ചു കൊണ്ടും ഒരു പ്രത്യേക പതിപ്പു തന്നെ പുറത്തിറക്കി [2]. പിൽക്കാലത്ത്, മഹാത്മാഗാന്ധി വധത്തിൽ ആരോപിതനായി സർവർക്കറെ അറസ്റ്റ് ചെയ്തപ്പോഴും, അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്നിൽ നിന്നത് ഡോ. അംബേദ്ക്കർ ആയിരുന്നു.
ബാബാസഹിബിനെ കൊണ്ഗ്രെസ്സീല് നിന്നും പുകച്ചു പുറത്തു ചാടിച്ചത് ആരാണ് എന്ന് മൂടി വെക്കാന്‍ ശ്രമിച്ചെങ്കിലും ഇന്റര്‍നെറ്റ് വഴി ഇന്ന് ഇത് എല്ലാര്‍ക്കും അറിയാം. നെഹ്രുവിന്റെ മ്ലേച്ചമായ പെരുമാറ്റത്തില്‍ മനം നൊന്താണ് ബാബാസഹിബിനു മന്ത്രിപദവും പിന്നീട് കൊണ്ഗ്രെസ്സില്‍ നിന്നും പുറത്തു പോവേണ്ടി വന്നത് എന്ന് ബാലറാം ഇടക്കിടക്ക് ഓര്‍ക്കുന്നത് നന്ന്.
‘ബ്രാഹ്മണ്യം ജന്മസിദ്ധമല്ല കര്‍മ്മസിദ്ധമാണ്’ എന്ന് ഉദ്ഘോഷിച്ച പാലിയം വിളംബരം നടത്തിയത് ആര്‍.എസ്.എസ് പ്രചാരകനായിരുന്ന പൂജ്യ മാധവ്‌ജിയുടെ നേതൃത്വത്തിലായിരുന്നു എന്നത് അങ്ങേക്കറിയാമോ? ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന അനാചാരമായിരുന്ന ബ്രാഹ്മണര്‍ക്കുള്ള പ്രത്യേക സദ്യ നിര്‍ത്തലാക്കിയത് മാധവ്‌ജി നടത്തിയ ഇടപെടലുകളെ തുടര്‍ന്നായിരുന്നു. മാത്രമല്ല, ജാതിവ്യത്യാസമില്ലാതെ ഏവരെയും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നതിനു മുന്‍ കൈ എടുത്തതും മാധവ്‌ജി ആയിരുന്നു. ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്ന സിദ്ധാന്തത്തിനു അടിവരയിടുന്ന വ്യക്തിത്വമാണ് അന്തരിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടേത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ രാകേഷ് തന്ത്രിക്ക് അങ്ങുള്‍പ്പെടുന്ന കേരളത്തിലെ ‘മതേതര’ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയപ്പോള്‍ രാകേഷിന്റെ നിയമപോരാട്ടത്തിനു താങ്ങായും തണലായും കൂടെ നിന്നത് രാഷ്ട്രീയസ്വയംസേവക സംഘമായിരുന്നു എന്നത് രാകേഷ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വയനാട്ടിലെ വനവാസി കുട്ടികളെ വേദാദ്ധ്യയനം നടത്തി ബ്രാഹ്മണ്യം നല്‍കി പൂജാദികര്‍മ്മങ്ങള്‍ക്ക് പ്രാപ്തമാക്കിയതിനു പിന്നിലും ആര്‍.എസ്.എസ് എന്ന പ്രസ്ഥാനമായിരുന്നു ബലറാം സാര്‍. ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന അന്ധവിശ്വാസങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്ന മൂഡവിശ്വാസമൊന്നും ഞങ്ങള്‍ക്കില്ല. പക്ഷേ, മാതൃകാപരമായ പ്രവര്‍ത്തികളിലൂടെ തുല്യത കൈവരിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച ബോധ്യമുണ്ട്. അത്തരം മാതൃകാപരമായ പ്രവര്‍ത്തികളിലൊന്നായിരുന്നു പൂജനീയ സര്‍സംഘചാലകായിരുന്ന സുദര്‍ശന്‍ജി നടത്തിയത്. ജാതിവെറിയുടെ കേന്ദ്രമായ ബീഹാറിലെ ഗയയിലെ സുപ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തില്‍ ‘ദളിത്’ വിഭാഗത്തില്‍പ്പെട്ട ഒരു പൂജാരിയെ നിയമിക്കാന്‍ കാര്‍മ്മികത്വം വഹിച്ചത് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകായിരുന്നു എന്നത് ഞങ്ങള്‍ക്ക് അഭിമാനം തരുന്ന കാര്യമാണ്. വടക്കു കിഴക്കേ ഭാരതത്തിലെ ഷെഡ്യൂള്‍ഡ് ട്രൈബുകള്‍ (വനവാസികള്‍)ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി ജീവിതം ത്യജിക്കുന്നവരില്‍ മലയാളികളുള്‍പ്പെടെയുള്ള നൂറുകണക്കിനു സംഘപ്രചാരകരുണ്ട്. അത്തരത്തില്‍ ഒരാളെ അങ്ങേക്ക് പരിചയപ്പെടുത്താം. സ്വജീവിതം രാഷ്ട്രസേവനത്തിനു നല്‍കി നാല് പതിറ്റാണ്ടായി ഇംഫാല്‍ കേന്ദ്രീകരിച്ച് വനവാസികള്‍ക്കിടയില്‍ സേവാപ്രവര്‍ത്തനങ്ങളില്‍ മുഖരിതനായ ആര്‍.എസ്.എസ് മണിപ്പൂര്‍ പ്രാന്തപ്രചാരകും ഒറ്റപ്പാലം സംഘജില്ലയിലെ ചെത്തല്ലൂര്‍ ശാഖാ സ്വയംസേവകനുമായ മാനനീയ അശോകന്‍ ജി. ആദിവാസി (വനവാസി) വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ഔന്നത്യത്തിനു വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനു ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയെ അങ്ങയുടെ യു.പി.എ ഗവര്‍ണ്മെന്റും ആദരിച്ചിട്ടുണ്ട് സാര്‍. ഞങ്ങളെ കേരളത്തിലെ പി.ഡി.പി, എന്‍.ഡി.എഫ് തുടങ്ങിയ ദേശദ്രോഹികളുമായി സമം ചേര്‍ക്കുന്ന അങ്ങ് സ്വന്തം നിലവാരമാണ് കളയുന്നത്. ഇനി അങ്ങയോട് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം അറുപതു വര്‍ഷം ഭരിച്ചത് അങ്ങയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്. അതില്‍ 55 വര്‍ഷവും അങ്ങയുടെ യജമാന കുടുംബം. സാര്‍, ഈ രാജ്യത്തെ അധസ്ഥിതനു വേണ്ടി അങ്ങയുടെ പാര്‍ട്ടി എന്തു ചെയ്തു? ഭരണത്തിലിരുന്ന ഈ വര്‍ഷങ്ങള്‍ കൊണ്ട് അവരെ സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ടുവരാമായിരുന്നില്ലേ? എന്തു കൊണ്ടു സാധിച്ചില്ല? എന്തുകൊണ്ട് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ വേരുറപ്പിക്കുന്നു. ആരാണ് അതിന് ഉത്തരവാദി? കോണ്‍ഗ്രസ്സ് വക്താവായ അങ്ങ് ആദ്യം ഈ നാട്ടിലെ ദളിത് ആദിവാസി പിന്നോക്കക്കാരോട് കോണ്‍ഗ്രസ്സ് കാണിച്ച അനീതികള്‍ക്ക് മാപ്പു ചോദിക്കൂ. എന്നിട്ട് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പിന്നോക്ക ജാതിക്കാരന്‍ ഉയര്‍ന്നു വരുന്ന മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തെ സര്‍വ്വാത്മനാ പിന്തുണക്കൂ. നരേന്ദ്രമോഡിയെ പിന്തുണക്കൂ.
1. (Dr.Bhimrao Ramji Ambedkar’s letter quoted by Dhananjay Keer, Veer Savarkar, Popular Prakashan, 1950:1966, p.190)
2.Janata special number, April 1933, p.2 (quoted in Dhananjay Keer, 1950:1966 p.195)